2011, നവംബർ 23, ബുധനാഴ്‌ച

മുല്ലപ്പെരിയാറും ദൈവിക സഹായവും.

'കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.


പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?' 


നിരക്ഷരൻ എന്ന സഹബ്ലോഗറുടെ വരികളാണ് മുകളിൽ, ഏതാനും ദിവസമായി മുല്ലപ്പെരിയാർ ഡാമും അതേക്കുറിച്ചുള്ള ചർചകളും ഫോട്ടോയും വീഡിയോയുമാണ് വാർത്താമാധ്യമങ്ങളിൽ പ്രത്യേകിച്ചും നെറ്റിൽ നിറഞ്ഞ് നിൽക്കുന്നത്. മുല്ലപ്പെരിയാർ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ബ്ലോഗർ സൂചിപ്പിച്ച പോലെ ('പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും... കാതോര്‍ക്കൂ..മറ്റൊരു ദുരന്തത്തിന്റെ കുളമ്പടികള്‍ കേല്‍ക്കുന്നില്ലേ... നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും') ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വർഷക്കാലം വരുമ്പോൾ ചർചയും വേനൽകാലത്ത് വിഴപ്പലക്കലുമാണ്.

സംഭവം എന്താണെന്ന് ഞാൻ വിവരിക്കുന്നില്ല. അത് എല്ലാവർക്കും ഇപ്പോൾ സുപരിചിതമായി. ഇനിയും അറിയാത്തവരുണ്ടെങ്കിൽ നിരക്ഷരന്റെ ബ്ലോഗും ചിത്രങ്ങൾക്കായി പാച്ചുവിന്റെ ബ്ലോഗും കാണുക.


കാര്യം ഭീകരമാണ്  നാല് ജില്ലകളിൽ നേരിട്ടും ഇതര ജില്ലകളെ പരോക്ഷമായും ബാധിക്കാവുന്ന കൊടുംവിപത്താണ് കേരളം കാത്തിരിക്കുന്നത്. ഇടക്ക് അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയട്ടേ. മുല്ലപ്പെരിയാർ ഡാം തമിഴ്നാട്ടിലെവിടെയോ ഉള്ള ഒരു ഡാമായിരിക്കുമെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഇന്നലെ ഗൂഗിൾ എർത്തിൽ നോക്കിയപ്പോഴാണ് ഡാം പൂർണമായും അതിലെ ജലക്കെട്ട് സഹിതം കേരളത്തിൽ നാല് ജില്ലക്കാരുടെ തലക്ക് മുകളിലാണ് എന്ന് മനസ്സിലായത്. ഡാം തകർന്നാൽ അതിന്റെ പൂർണമായ കെടുതികൾ അനുഭവിക്കേണ്ടത് കേരളമാണ്. ഒരു പക്ഷെ ലോകം ഇത് വരെ കണാത്തത്രയും ഒരു വലിയ ദുരന്തമായിരിക്കും അത്. നാല് ജില്ലകളെ നിശേഷം നഷിപ്പിക്കും. 1896 നിർമാണം പൂർത്തിയാക്കിയ ഡാമിന്റെ നിർമാതാക്കൾ നൽകിയ കാലാവധി കഴിഞ്ഞിട്ട് 63 കൊല്ലമായി. അഥവാ ഇനി അത് നിലനിൽക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും അത് പുതുക്കിപ്പണിയാൻ ശ്രമിക്കാത്ത ഭരണകർത്താക്കളിൽ മാത്രമായിരിക്കും എന്ന് പറയാൻ വേണ്ടിയും വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തിൽ ഈ ബ്ലോഗിന്റെ വായനക്കാരെകൂടി അറിയിക്കുന്നതിന് വേണ്ടിയുമാണ് ഈ പോസ്റ്റ്.

അതോടൊപ്പം നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കാതെ ഇത്തരം വിഷയത്തിൽ ദൈവത്തിൽ പ്രതീക്ഷയർപ്പിക്കുന്നത് വിശ്വാസികൾക്ക് പോലും ഭൂഷണമല്ല എന്ന് പറയാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു. യമനിലെ മആരിബ് അണക്കെട്ട് പൊട്ടി പ്രദേശങ്ങൾ നാമാവശേഷമായതിനെക്കുരിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ചരിത്രത്തിൽ അത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ അശ്രദ്ധക്കും അവരുടെ ദുഷ്ചെയ്തികൾക്കും പരിഹാരം അവര് തന്നെയാണ് തേടേണ്ടത്. അതൊക്കെ ദൈവം നോക്കിക്കൊള്ളും എന്നത് ശരിയായ വിശ്വാസമല്ല. ആധുനിക മനുഷ്യന്റെ മുഖമുദ്ര അവന്റെ സ്വാർഥതയാണ്. തനിക്ക് പ്രയോജനം ലഭിക്കുന്നുവെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടാലും അവന് പ്രശ്നമല്ല. തമിഴ്നാട് എതിര് നിൽക്കുന്നുവെന്ന് പറയുമ്പോൾ അവിടെയുള്ള സ്വാർഥരായ ഒരു കൂട്ടം ആളുകളാണ് അതിന് തടസ്സം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

എത്രയും പെട്ടെന്ന് ഭരണകൂടങ്ങൾ ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അവർ രാഷ്ട്രീയ താൽപര്യങ്ങളാൽ അതിന് വിമുഖകാണിക്കുന്നുവെങ്കിൽ കോടതി തന്നെയും ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ സംഭവിക്കുന്ന ദുരന്തം അപരിഹാര്യമായിരിക്കും. ഒരു ഭൂമികുലുക്കത്തിൽ ഏത് അണക്കെട്ടും തകർന്നേക്കാം. അത് നമ്മുടെ നിയന്ത്രണത്തിനതീതമാണ് എന്ന് പറഞ്ഞ് വിധിയിൽ സമാധാനിക്കാം. എന്നാൽ കാലപ്പഴക്കത്താൽ തകരുമെന്ന് ഉറപ്പുള്ള ഒരു അണക്കെട്ട് നിലനിർത്തി ദൈവത്തെ പരീക്ഷിക്കുന്നത് ജീവൻ അവസാനിപ്പിക്കാൻ ഉറപ്പിച്ചുകൊണ്ടാവണം.

മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ്
ദൈവത്തിന്റെ നടപടിക്രമം. കേരള ജനതയുടെ നിർഭാഗ്യത്തിന് അതെങ്ങാനും സംഭവിച്ചാൽ (നാം നിഃസംഗരായാൽ അത് സംഭവിക്കുമെന്നത് കട്ടായം. സമയത്തിന്റെ മാത്രം പ്രശ്നമേയുള്ളൂ.) നമ്മുക്കുറപ്പിക്കാം നാം അർഹിക്കുന്ന ശിക്ഷമാത്രമേ ദൈവം നൽകിയിട്ടുള്ളൂവെന്ന്. 

'സബഉകാര്‍ക്കോ, അവരുടെ വാസസ്ഥലത്തുതന്നെ ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു - ഇടത്തും വലത്തുമായി രണ്ടു തോപ്പുകള്‍. നിങ്ങളുടെ റബ്ബിന്റെ വിഭവങ്ങള്‍ ആഹരിക്കുവിന്‍. അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍. വിശിഷ്ടമായ നാട്; വളരെ വിട്ടുവീഴ്ച ചെയ്യുന്ന നാഥനും. പക്ഷേ അവര്‍ പുറംതിരിഞ്ഞുകളഞ്ഞു. ഒടുവില്‍ നാം അവരുടെ നേരെ ചിറമുറിഞ്ഞ ജലപ്രവാഹത്തെ അയച്ചു. അവരുടെ പഴയ തോട്ടങ്ങള്‍ക്കു പകരം, കയ്പുറ്റ കനികളും കാറ്റാടി മരങ്ങളും ഏതാനും ഇലന്ത വൃക്ഷങ്ങളുമുള്ള മറ്റു രണ്ടു തോട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ഇതായിരുന്നു അവരുടെ കൃതഘ്നതക്ക് നാം നല്‍കിയ പ്രതിഫലം. നന്ദികെട്ട മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും നാം ഇവ്വിധം പ്രതിഫലം നല്‍കുന്നില്ല.' (ഖുർആൻ 34:15-17)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review