2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ഇസ്ലാമിൽനിന്ന് മാറിയവനെ വധിക്കണോ ?


'ഇസ്ലാം ഒരു എലിക്കെണി പോലെയാണ് അതിലേക്ക് പ്രവേശിക്കാം എന്നാൽ അതിൽനിന്ന് പുറത്ത് പോകാനാവില്ല.’ ഇസ്ലാം വിമർശകർ കാലങ്ങളായി ഉന്നയിക്കുന്ന ഒരു ആരോപണമാണിത്. ഇസ്ലാം ഉപേക്ഷിച്ച് മറ്റുമതങ്ങൾ സ്വീകരിക്കുന്നവരെ വധിക്കണം എന്നാണ് ഇസ്ലാമിക നിയമം എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു എന്ന നിലക്കാണ് ഇസ്ലാം വിമര്‍ശകര്‍ സ്ഥിരമായി ഈ ആരോപണം ഉയര്‍ത്താറുള്ളത്. കേരളത്തിൽ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ ധാരാളം ആളുകൾ ഹിന്ദുത്വവര്‍ഗീയവാദികളുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. തിരൂരിലെ യാസിര്‍ മുതൽ അവസാനം കൊടിഞ്ഞിയിലെ ഫൈസൽ വരെ. ഇത്തരം കൊലപാതകങ്ങളുണ്ടാകുമ്പോഴാണ് യുക്തിവാദികളടക്കമുള്ളവര്‍ അതിനെ ന്യായീകരിക്കുന്ന രൂപത്തിൽ ഈ ചര്‍ച വീണ്ടും പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാറുള്ളത്. ഇസ്ലാമിൽനിന്ന് പോകുന്നവരെ വധിക്കാമെങ്കിൽ മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാം. അതിനെ ആക്ഷേപിക്കാൻ ധാര്‍മികാവകാശമില്ല എന്ന് മുസ്ലികളെ ഉണര്‍ത്തുകയാണ് ഇത്തരം ചര്‍ച കൊണ്ട് ഇസ്ലാം വിമര്‍ശകര്‍ ഉദ്ദേശിക്കുന്നത്. വാദത്തിന് വേണ്ടി അങ്ങനെത്തന്നെയാണ് കാര്യം എന്ന് വെച്ചാലും തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാനാവില്ലല്ലോ?.


ഇത് തീര്‍ത്തും അബദ്ധജഡിലമായ ഒരു ആരോപണമാണിത് എന്നതാണ് വസ്തുത. ഒന്ന് ഇസ്ലാം ഉപേക്ഷിക്കുന്നവരെ ഹിന്ദുത്വതീവ്രവാദികൾ ചെയ്യുന്ന പോലെ സ്വന്തം നിലക്ക് കൈകാര്യം ചെയ്യണമെന്ന് ലോകത്ത് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല. മുര്‍ത്തദ്ദിനെ വധിക്കണമെന്നത് ഇസ്ലാമിക രാഷ്ട്രത്തോടുള്ള കൽപനയായിട്ടാണ് പൗരാണിക ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും വ്യാഖ്യാനഗ്രന്ഥങ്ങളിൽനിന്നും പരമാവധി മനസ്സിലാക്കാനാവുക. അതോടൊപ്പം തന്നെ ഇന്ന് നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളെന്നറിയപ്പെടുന്ന ഏതെങ്കിലും ഒരു രാജ്യം ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ടുമാത്രം ശിക്ഷവിധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. ഇസ്ലാം ഉപേക്ഷിച്ച ഒരാളെ വധിക്കാനോ ദേഹോപദ്രവം ഏൽപിക്കാനോ ഒരാൾക്കും അനുവാദമില്ല എന്ന കാര്യം ആദ്യമേ പറയട്ടേ. ഇവിടെ ചര്‍ച ചെയ്യാൻ ഉദ്ദേശിക്കുന്നത്, പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുപോലെ ഒരാൾ ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ട് മാത്രം ഇസ്ലാമികനീതിന്യായ വ്യവസ്ഥയനുസരിച്ച് ഒരാൾ ഭരണകൂടത്താൽ വധിക്കപ്പെടുമോ എന്ന ഒരു വിഷയമാണ്.


ഇസ്ലാമിലെ സുപ്രധമായ 4 കർമശാസ്ത്ര സരണികളിലും കേവല മുർത്തദ്ദിന് (മത പരിത്യാഗിക്ക്) വധശിക്ഷ വിധിക്കുന്നുണ്ട് എന്നാണ് പൊതുവെ ധരിക്കപ്പെടുന്നത്. മുര്‍ത്തദ്ദിനെ വധിക്കുന്നത് ഇജ്മാഅ് (പണ്ഡിതൻമാരുടെ ഏകോപിച്ച അഭിപ്രായം) ഉള്ള വിഷയമാണ് എന്നും കണക്കാക്കപ്പെടുന്നു. ഇതൊക്കെ വെച്ച് നമ്മുടെ നാട്ടിൽ പല സംഘടനകളുടെയും മതപണ്ഡിതൻമാര്‍ ഇസ്ലാം മതം ഉപേക്ഷിച്ചവരെ കൊന്നുകളയുക എന്നതാണ് ഇസ്ലാമിക വിധി എന്ന് വിശദീകരിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു. ഇക്കൂട്ടരാകട്ടെ ഇസ്ലാമിനെ അതിന്റെ രാഷ്ട്രീയമടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായി പിന്തുടരന്നവരെ മതരാഷ്ട്രവാദികൾ എന്ന് ആക്ഷേപിക്കുന്നവരും. മതം വേറെ രാഷ്ട്രീയം വേറെ എന്ന ലൈനിൽ ചിന്തിക്കുന്നവരും ആണ്. ഇസ്ലാമിൽ നിന്ന് അതിന്റെ സുപ്രധാനമായ രാഷ്ട്രീയ വശം കയ്യൊഴിഞ്ഞാൽ സംഭവിക്കുന്ന ദുരവസ്ഥയാണിത്. അവര്‍ക്ക് ഇസ്ലാമിന്റെ ഇത്തരം നിയമങ്ങളെ യഥാവിധി വ്യാഖ്യാനിക്കാനോ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനോ ആവില്ല. അതുകൊണ്ട് ഇസ്ലാമിലെ യുദ്ധങ്ങളൊക്കെയും ഇസ്ലാം സ്വീകരിക്കാത്തതുകൊണ്ടാണ് ഉണ്ടായി തീര്‍ന്നത് എന്ന് ധരിക്കുന്ന ധാരാളം സാധുക്കളുണ്ട്.


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു കാലഘട്ടത്തിൽ എഴുതിയ കര്‍മശാസ്ത്രം എക്കാലത്തേക്കുമുള്ള ഭരണനിയമം ഉൾകൊള്ളുന്നില്ല. മാത്രമല്ല, നിയമനിര്‍മാണത്തിൽ ചോദ്യം ചെയ്യാതെ പിന്തുടരപ്പെടേണ്ടുന്ന അടിസ്ഥാന പ്രമാണവുമല്ല. ഇത്തരം ക്രിമിനൽ നിയമങ്ങൾ കാലഘട്ടകളെയും പ്രദേശങ്ങളെയും പരിഗണിച്ച് ഇസ്ലാമിന്റെ പൊതുവായ അടിസ്ഥാന നിയമങ്ങളെയും അടിസ്ഥാന പ്രമാണമായ ഖുര്‍ആനും സുന്നത്തും പരിഗണിച്ചുക്രോഡീകരിക്കുമ്പോൾ മാത്രമേ അവ ഭരണകൂടത്തിന്റെ നിയമമായി മാറുകകയുള്ളൂ. നിലവിൽ അംഗീകരിക്കപ്പെട്ട കര്‍മശാസ്ത്രഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടത് ഇസ്ലാമിക ഭരണത്തിൻ കീഴിൽ ആയിരം വർഷമെങ്കിലും മുമ്പാണ്. പിന്നീട് അവ ഒരു മാറ്റവും കൂടാതെയാണ് നിലനിൽക്കുന്നത്. ആ ഗ്രന്ഥങ്ങൾ ഭരണനിയമങ്ങളായി അങ്ങനെ തന്നെ പിന്തുടരുന്ന സാഹചര്യം ഇല്ല. ഓരോ കർമശാസ്ത്ര നിയമവും രൂപപ്പെടേണ്ടത് നിലവിലെ സാഹചര്യവും കൂടി കണക്കിലെടുത്താണ്. അതിന്റെ അടിത്തറയാകട്ടെ കണിശമായും ഖുര്‍ആനും സുന്നത്തുമായിരിക്കണം എന്നുമാത്രം. അതത് കാലത്തെ ഇസ്ലാമിക പണ്ഡിതര്‍ നേതൃത്വം നൽകിയാണ് ഇത്തരം ഒരു പ്രക്രിയ നടക്കേണ്ടത്. ഇത് കൂടുതൽ ആവശ്യമായി വരിക ആത്മീയമോ ആരാധനപരമോ അല്ലാത്ത പൌരാവകാശപ്രധാനമായ വിഷയങ്ങളിലാണ് അത്തരമൊരു വിഷയമാണ് ഇസ്ലാം ഉപേക്ഷിച്ചവരുമായി ബന്ധപ്പെട്ട നിയമങ്ങൾ. ഫിഖ്ഹ് (കര്‍മശാസ്ത്ര) ഗ്രന്ഥങ്ങളിലോ ഏതെങ്കിലും വ്യാഖ്യാനഗ്രന്ഥങ്ങളിലോ അങ്ങനെ രേഖപ്പെടുത്തിവെച്ചു എന്നതുകൊണ്ട് നിലവിലെ ഇസ്ലാമിക ഭരണകൂടം അവ അങ്ങനെത്തന്നെ പിന്തുടരാൻ ബാധ്യസ്ഥരല്ല എന്നത് ഇസ്ലാമികമായി തന്നെ അവിതര്‍ക്കിതമായ ഒരു നിലപാടാണ്.


മുർത്തദ്ദിനെ വധശിക്ഷക്ക് വിധേയമാക്കുക എന്നാൽ മുസ്ലിമായ ഒരാൾ ഇതര മതവിശ്വാസം സ്വീകരിച്ചാൽ അദ്ദേഹത്തെ പിടികൂടി വധിക്കുക എന്നാണ് സാധാരണയായി അർഥമാക്കുന്നത്. ഇസ്ലാമിൽ അങ്ങനെയാണ് നിയമമെങ്കിൽ സംഘ്പരിവാര്‍ സംഘടനകൾ നടത്തുന്ന ഘര്‍വാപ്പസി കേന്ദ്രങ്ങളെ നിങ്ങൾ എങ്ങനെ എതിര്‍ക്കും എന്നും ഇസ്ലാം വിമര്‍ശനം ജോലിയാക്കി മാറ്റിയവര്‍ നിരന്തരം ചോദിക്കുന്നു. വളരെയേറെ മനുഷ്യത്വവിരുദ്ധമാണ് ഇവരുടെ സമീപനം. ഘര്‍വാപസി കേന്ദ്രങ്ങളെ ഇവര്‍ എതിര്‍ക്കുന്നതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇസ്ലാമി ഭരണകൂടം മാത്രം നടപ്പാക്കാൻ ഇടയുള്ള (അത് തന്നെ ശരിയല്ല എന്ന് തുടര്‍ചര്‍ച്ചയിൽ ബോധ്യപ്പെടും) മുര്‍ത്തദ്ദിനെ വധശിക്ഷക്ക് വിധേയമാക്കണം എന്ന നിയമത്തെ ചൂണ്ടിക്കാട്ടി, വിമര്‍ശകര്‍ ഫാസിസ്റ്റുകൾ നടത്തുന്ന കൊലകൾക്കും അക്രമങ്ങൾക്കും പിന്തുണ നൽകുക കൂടി ചെയ്യുന്നു.


ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഏതൊരു മതം ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇയ്യിടെ യു.പി. പോലുള്ള ഏതാനും സംസ്ഥാനങ്ങളാണ് നിര്‍ബന്ധിതമായ മതംമാറ്റം എന്നിങ്ങനെ പേര് വിളിച്ച് മതപ്രബോധനത്തെയും മതം മാറ്റത്തെയും വിലക്കാനുതകുന്ന തരത്തിൽ നിയമനിര്‍മാണം നടത്തിയത്. അവര്‍ക്ക് പോലും മതംമാറ്റം പൂര്‍ണമായും നിരോധിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ മതംമാറുന്നവരെ അക്രമിക്കുന്നതും വധിക്കുന്നതും ഇന്ത്യൻ സാഹചര്യത്തിൽ ക്രിമിനൽകുറ്റമാണ്. അത് ആര് ചെയ്താലും. ഏതെങ്കിലും ഇസ്ലാമിക ഭരണകൂടം അപ്രകാരം ചെയ്യുന്നുണ്ടെങ്കിൽ പോലും അതേ തെറ്റ് ഇവിടെ വ്യക്തികൾക്കും സംഘങ്ങൾക്കും ആവാം എന്ന് പറയുന്നത് എന്ത് മാത്രം മനുഷ്യത്വവിരുദ്ധമാണ്.


ഇഷ്ടമുള്ള മതം ഒരാൾക്ക് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിനെ വിലക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടങ്ങൾക്കല്ലാതെ അത്തരം ഒരു നിയമം കൊണ്ടുവരാനാവില്ല. അപ്രകാരം തന്നെയാണ് നിര്‍ബന്ധിത മതംമാറ്റത്തെ അനുവദിക്കുന്നതും, അതും മനുഷ്യത്വവിരുദ്ധമാണ്. ഒരാൾക്ക് ഇഷ്ടമില്ലാത്ത മതം ആചരിക്കേണ്ടിവരുന്നത് ആയാളെ സംബന്ധിച്ചിടത്തോളം മരണതുല്യമായിരിക്കും. അത് അനുവദിക്കുന്ന പക്ഷം മതം മാറ്റനിരോധം പോലെ തന്നെ മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടിവരും. അതുകൊണ്ട് ഇന്ത്യൻ ഭരണകൂടം ഇവ രണ്ടിനും നിയമം മൂലം സംരക്ഷണം നൽകിയിരിക്കുന്നു. അഥവാ മതം മാറാൻ അനുവദിക്കുന്നതോടൊപ്പം, നിര്‍ബന്ധം ചെലുത്തി മതം മാറ്റുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു. ഈ മനുഷ്യാവകാശത്തെ തടയുന്ന ഒരു പ്രമാണവും വിശുദ്ധഖുര്‍ആനിലും തിരുവചനങ്ങളിലും കണ്ടെത്താൻ കഴിയില്ല. അഥവാ മതംമാറ്റത്തെക്കുറ്റകൃത്യമായി വിശദീകരിക്കാവുന്ന വല്ലതും കാണുന്നുണ്ടെങ്കിൽ അതിന് മറ്റുകാരണങ്ങളും വിശദീകരണങ്ങളും ആവശ്യമാണ്. ഈ അടിസ്ഥാനത്തിലാണ് ഈ ലേഖനത്തിൽ അത്തരം ഖുര്‍ആനിക വചനങ്ങളും പ്രവാചക വചനങ്ങളും ചില സംഭവങ്ങളും വിശകലനവിധേയമാക്കുന്നത്.


ഇസ്ലാമിൽ ബലാൽകാരമില്ല എന്നത് വിശുദ്ധഖുര്‍ആന്റെ പ്രഖ്യാപിതനിലപാടാണ്. മതംസ്വീകരിക്കാൻ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധം ചെലുത്താൻ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. പ്രവാചകൻ മുഹമ്മദ് നബിയോട് അല്ലാഹു ഖുര്‍ആനിലുടേ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ഈ സന്ദേശം എത്തിച്ചുകൊടുക്കാന്‍ വേണ്ടിയാണ്. ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധം ചെലുത്തുന്നതിനെതിരെ ധാരാളം സ്ഥലത്ത് നബിയെ ഉണര്‍ത്തുകയും ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നത് പോകട്ടെ ഏതെങ്കിലും തരത്തിലുള്ള ഭൗതികസൗകര്യങ്ങളെക്കുറിച്ചുപോലും വാഗ്ദാനം ചെയ്യുന്നത് പോലും ഈ വിഷയത്തിൽ സ്വീകാര്യമായ നടപടിയായി മുസ്ലിംകൾ കണക്കാക്കുന്നില്ല. ഇത്തരം ആരോപണങ്ങളൊന്നും മുസ്ലിംകളുടെ പ്രബോധനപ്രവര്‍ത്തനങ്ങളിൽ കാണാൻ കഴിയാത്തതുകൊണ്ട്. ഇസ്ലാം വിമര്‍ശകര്‍ ഇപ്പോൾ പറയാറുള്ളത്, നിങ്ങൾ സ്വര്‍ഗ്ഗം കാണിച്ച് മറ്റുള്ളവരെ പ്രലോഭിപ്പിക്കുകയും നരകം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്. എന്തുമാത്രം ബാലിശമാണ് ഈ വാദം. ഇസ്ലാമിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന പരലോകത്തിലും വിശ്വാസമുണ്ടാവുക. അല്ലാത്തവര്‍ക്ക് ഇത് കെട്ടുകഥമാത്രമായിരിക്കും. അതിനാൽ അത്തരം കാര്യങ്ങൾ പറയുന്നത് എങ്ങനെയാണ് പ്രലോഭനവും ഭീഷണിയും ആവുക.

ഇസ്ലാം മതം ഉപേക്ഷിച്ചവര്‍ക്കുള്ളത് ഇസ്ലാമിൽ വധശിക്ഷതന്നെയാണ്, എന്നാൽ ആധുനിക കാലഘട്ടത്തിൽ ഇസ്ലാമിക പ്രചാരണം നടത്തുന്ന ചിലർ മതത്തെ കാലികമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ എതിർക്കുന്നതാണ് എന്നൊരു വാദം ഇക്കാലത്ത് ഇസ്ലാമിക വിമര്‍ശകര്‍ പറയാറുണ്ട്. അത് ശരിയല്ല, ഖുര്‍ആനിൽ ഉണ്ടെന്ന് പറയുന്നതും ഹദീസുകളിൽ വന്നതുമായ പരാമര്‍ശങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയും അത് തുറന്നുപറയുകയുമാണ് ഇസ്ലാമിക പ്രബോധകര്‍ ഇതുസംബന്ധമായി ചെയ്യുന്നത്. കര്‍മശാസ്ത്രഗ്രന്ഥങ്ങളിലുള്ളത് പ്രമാണം പോലെ പറയുന്ന വലിയൊരു വിഭാഗം മുസ്ലിംകളിലുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാൽ അവര്‍ നേരത്തെ സൂചിപ്പിച്ചപോലെ ഇസ്ലാമിക ഭരണപരമായ നിയമങ്ങളെയോ ഇസ്ലാമിന്റെ സാമൂഹികമായ നിയമവശങ്ങളെയോ ഗൗരവത്തിൽ കാണുന്നവരോ അതേക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തുന്നവരോ അല്ല. ഏതെങ്കിലും പൗരാണിക ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ സന്ദര്‍ഭമോ സാഹചര്യമോ നോക്കാതെ അടിച്ചുവിടുകമാത്രമാണ് ഈ വിഷയത്തിൽ അവര്‍ ചെയ്യുന്നത്. പ്രമാണങ്ങളെ അക്ഷരങ്ങളിൽ വായിക്കുന്നവരും ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. തങ്ങൾ പറയുന്നത് ഇസ്ലാമിന്റെ ഏതെങ്കിലും അംഗീകൃത അദ്ധ്യാപനങ്ങളോട് വിയോജിക്കുന്നുവെന്നത് അവര്‍ പരിഗണിക്കാറില്ല. എന്നാൽ ഇസ്ലാമിനെ അതിന്റെ സമഗ്രതയോടെ മനസ്സിലാക്കുന്നവര്‍ക്ക് ഇക്കാര്യത്തിൽ ഒരിക്കലും ആശയക്കുഴപ്പം ഉണ്ടാവാറില്ല എന്നതാണ് വസ്തുത.

മതം മാറിയവനെ വധിക്കണോ അത്തരം ഒരു നിയമം ഇസ്ലാമിക രാഷ്ട്രനിയമത്തിലുണ്ടോ എന്നതാണ് ഈ ചര്‍ചയുടെ കാതൽ. ഇസ്ലാം ഉപേക്ഷിച്ചവനെ ഒരു വ്യക്തിക്കോ സംഘത്തിനോ വധിക്കാൻ അവകാശമില്ല എന്ന് ഇതിന് മുമ്പ് പറഞ്ഞുകഴിഞ്ഞു. ഇനി അത്തരമൊരു ശിക്ഷ ഇസ്ലാമിക അടിത്തറയിൽ നിന്നുകൊണ്ട് ഒരു ഇസ്ലാമിക ഭരണകൂടത്തിന് നിര്‍മിക്കാനാവുമോ എന്ന കാര്യമാണ് ചര്‍ച ചെയ്യാനുള്ളത്.


ക്രിമിനൽ കുറ്റങ്ങൾക്ക് ജിനായാത്ത് എന്നാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ പറയുക. അവയുടെ ശിക്ഷകൾക്ക് ഹുദൂദ് എന്നും പറയും എന്നാൽ ഇത്തരം ഒരു ക്രിമിനൽകുറ്റമോ അതിന് ശിക്ഷയായി വധമോ കർമശാസ്ത്രഗ്രന്ഥങ്ങളിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

മറ്റുഹദീസുകളെ നാം വിശകലനം ചെയ്യുന്നത് പോലെ തന്നെ ഈ ഹദീസുകളെയും വിശുദ്ധഖുർആന്റെയും മറ്റുപ്രവാചക ചര്യയുടെയും സത്ത ഉൾകൊണ്ടുകൊണ്ട് വിശകലനം ചെയ്യാം. കേവലം മതം ഉപേക്ഷിച്ചുവെന്ന ഒരു കാര്യത്തിന്റെ പേരിൽ ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കാമോ എന്ന് പരിശോധിച്ചാൽ ഇസ്ലാമിനെതിരെ ഉയര്‍ത്തപ്പെടുന്ന ഈ ആരോപണം മറ്റു ആരോപണങ്ങളെ പോലെ അടിസ്ഥാനരഹിതമാണ് എന്ന് കണ്ടെത്താൻ കഴിയും. മുർത്തദ്ദിന് വധശിക്ഷ എന്ന പരാമര്‍ശത്തിൽ ഏതവസ്ഥയിലും ഇസ്ലാം ഉപേക്ഷിച്ച് മറ്റൊരു ആശയം സ്വീകരിക്കുന്നവരെയൊക്കെ വധശിക്ഷക്ക് വിധേയരാക്കണം എന്ന നിയമം നമുക്ക് ലഭിക്കില്ല എന്ന് ഈ വിശകലനത്തിൽനിന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.

മതം ഉപേക്ഷിച്ചവനെ സംബന്ധിച്ച് മൂന്ന് നിലപാടുകളാണ് സാധ്യമാവുക:

1. ഏതവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെടണം.

2. ഒരവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെട്ടുകൂടാ.

3. മതപരിത്യാഗി വധശിക്ഷക്ക് വിധേയമാകുന്ന സന്ദർഭവും, മതംമാറ്റം ഭൗതിക ശിക്ഷ നൽകപ്പെടേണ്ടുന്ന കുറ്റകൃത്യംപോലുമായി പരിഗണിക്കാത്ത സന്ദര്‍ഭവും ഉണ്ട്.
ഇതിൽ ഒന്നാമത്തെ സാധ്യത പരിഗണിച്ചാൽ, മതം മാറിയവരൊക്കെ ഇസ്ലാമിക ചരിത്രത്തിൽ വധിക്കപ്പെടുകയും അതിനെ സംശയലേശമന്യേ സാധൂകരിക്കുന്ന പ്രമാണങ്ങൾ കാണപ്പെടുകയും വേണം. മാത്രമല്ല മതപരിത്യാഗം വധശിക്ഷലഭിക്കുന്ന കുറ്റമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. ശിക്ഷകളെക്കുറിച്ച് പറയുന്നിടത്ത് മതപരിത്യാഗിയെ എടുത്തുപറഞ്ഞിരിക്കും. എന്നാൽ ഇതൊന്നും കാണപ്പെടുന്നില്ല. പ്രവാചകന്റെ കാലത്ത് ധാരാളമാളുകൾ തന്ത്രമെന്ന നിലക്ക് തന്നെ ഇത്തരം കാര്യം ചെയ്തിരുന്നതായി ഖുര്‍ആനിൽ കാണാം. എന്നാൽ അവരെയൊക്കെ പിടികൂടി വധിച്ചതായി കാണുന്നില്ല. വിശുദ്ധഖുര്‍ആനിൽ ഈ നിയമം ഖണ്ഡിതമായി വ്യക്തമാക്കുന്ന സൂക്തങ്ങളില്ല. അങ്ങനെ ധ്വനിപ്പിക്കുന്ന ചില സൂക്തങ്ങളെ ഇവിടെ പിന്നീട് വിശകലനം ചെയ്യുന്നുണ്ട്. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങളിൽ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്നിടത്ത് മതപരിത്യാഗം എന്ന ഒരു കുറ്റം രേഖപ്പെടുത്തിയിട്ടില്ല. ശിക്ഷയെ പരാമര്‍ശിക്കുന്നിടത്ത് വധശിക്ഷ മതപരിത്യാഗിക്ക് നൽകണമെന്ന് പറഞ്ഞിട്ടുമില്ല.


രണ്ടാമത്തെ സാധ്യത പരിഗണിച്ചാൽ, വധശിക്ഷനൽകപ്പെട്ടതായി പറയുന്ന ചില ഹദീസുകളും സംഭവങ്ങളും യഥാര്‍ഥ്യമല്ലെന്ന് പറഞ്ഞു തള്ളിക്കളയേണ്ടിവരും. എന്നാൽ അങ്ങനെ തള്ളാവുന്നതും തള്ളിക്കളയാനാവാത്തതും ഈ വിഷയത്തിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മതപരിത്യാഗിക്ക് ചിലര്‍ വധശിക്ഷ എന്ന മതവിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ കേവലം ഇസ്ലാം മതം ഉപേക്ഷിച്ചുവെന്നതല്ല അവരെ വധശിക്ഷക്കര്‍ഹരാക്കുന്നത് എന്നിടത്താണ് നാം ഈ അന്വേഷണത്തിൽ അവസാനം എത്തിച്ചേരുക. ഇസ്ലാം മതം ഉപേക്ഷിക്കുക എന്നത് ഇസ്ലാമിൽ ഒരു പാപകൃത്യമാണെങ്കിലും അത് ഇഹലോകത്ത് വെച്ച് ഹദ്ദ് (ശിക്ഷാനടപടി) ബാധകമാക്കുന്ന ഒരു കുറ്റകൃത്യമല്ല, മറിച്ച് പരലോകത്ത് ശിക്ഷാര്‍ഹമാക്കുന്ന പാപം മാത്രമാണ് എന്ന നിഗമനത്തിലാണ് നാം എത്തുക.


അങ്ങനെ പരിഗണിക്കുമ്പോൾ മൂന്നാമത്തെ സാധ്യതയാണ് നിലനിൽക്കുന്നത്. അഥവാ ഇസ്ലാം മതം ഉപേക്ഷിച്ചുവെന്നതുകൊണ്ട് മാത്രം ഒരാളും വധിക്കപ്പെടുകയില്ല. അതേ സമയം ഇസ്ലാമിക രാഷ്ട്രഘടനക്ക് ഹാനിവരുത്തുന്ന തന്ത്രപരമായ ഒരു നീക്കം എന്ന നിലക്ക് ആരെങ്കിലും അങ്ങനെ ചെയ്താൽ അതിനെ അവഗണിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അത്തരം സാധ്യതകളെ ഇല്ലാതാക്കാൻ ഏത് ഭരണകൂടത്തിനും അര്‍ഹതയുണ്ട് എന്ന നിലക്ക് ഇസ്ലാമിക ഭരണകൂടത്തിനും അത്തരക്കാര്‍ക്ക് ശിക്ഷനൽകാം. അതിൽ ആക്ഷേപാര്‍ഹമായി ഒന്നും തന്നയില്ല.


ഈ പറഞ്ഞകാര്യങ്ങളെ കുറേകൂടി വസ്തുനിഷ്ടമായി പരിശോധിക്കാം. ഏതവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെടണം. എന്നത് ഇസ്ലാമിക നിയമമായിരിക്കാൻ സാധ്യമല്ല എന്ന് പറയുന്നതിന്റെ കാരണം അതിലൂടെ വ്യക്തമാകും.


ആദ്യമായി, മതം മാറിയവരെ പ്രവാചകൻ വധിച്ചുവോ എന്ന് പരിശോധിക്കാം.

'
ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ടു ചെയ്യുന്നു:

ജാബിറുബ്‌നു അബ്ദില്ലയിൽനിന്ന്. ”ഒരു ഗ്രാമീണ അറബി പ്രവാചകനുമായി അനുസരണ പ്രതിജ്ഞ ചെയ്തു. അങ്ങനെ മദീനയിൽ കഴിയവെ അദ്ദേഹത്തിന് ശക്തമായ പനി ബാധിച്ചു. അപ്പോൾ അയാൾ പ്രവാചകന്റെ അടുക്കൽ വന്ന് പറഞ്ഞു: അല്ലയോ മുഹമ്മദ്! എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. പ്രവാചകൻ അതിന് വിസമ്മതിച്ചു. അയാൾ രണ്ടാമതും വന്ന് പറഞ്ഞു: എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. പക്ഷേ, പ്രവാചകൻ വിസമ്മതിച്ചു. അയാൾ വീണ്ടും വന്ന് പറഞ്ഞു: എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. അപ്പോഴും പ്രവാചകൻ വിസമ്മതിച്ചു. അപ്പോൾ അയാൾ മദീനയിൽനിന്നും പോയി. അന്നേരം പ്രവാചകൻ പറഞ്ഞു: തീർച്ചയായും മദീന ഒരു ഉല പോലെയാണ്. അതിലെ മ്ലേഛതകളെ അത് പുറം തള്ളുന്നു. അതിലെ നല്ലത് കൂടുതൽ ശുദ്ധമാവുകയും ചെയ്യുന്നു”.

ഇവിടെ ഒരു ചോദ്യം ഉയർന്നുവരുന്നു. أقلني بيعتي എന്ന് പറഞ്ഞപ്പോൾ ആ അഅ്‌റാബി എന്താണ് ഉദ്ദേശിച്ചിരുന്നത്?

ഇബ്‌നു ഹജർ പറയുന്നു: പ്രത്യക്ഷത്തിൽ മനസ്സിലാവുന്നത്, ഇസ്‌ലാമിൽനിന്നുള്ള രാജിയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് എന്നാണ്. ഖാദി ഇയാള് ഈ അഭിപ്രായക്കാരനാണ്. (ഫത്ഹുൽ ബാരി)

ഇസ്‌ലാമിൽനിന്നുള്ള രാജിക്ക് മതപരിത്യാഗം എന്നതല്ലാത്ത മറ്റൊരർഥവുമില്ല. ആ മനുഷ്യൻ ഇസ്‌ലാമിൽനിന്ന് രാജി ആവശ്യപ്പെടുകയും മദീനയിൽനിന്ന് പുറത്തുപോവുകയും ചെയ്തപ്പോൾ അവൻ ഇസ്‌ലാം ഉപേക്ഷിച്ചു എന്നാണ് അതിന്റെ അർഥം.

ഈ നിവേദനം വ്യക്തമാക്കുന്നതിതാണ്: മതപരിത്യാഗം കേവലം വ്യക്തിപരമായിരിക്കുകയും അതിന്റെ ഉദ്ദേശ്യം ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറുക എന്നത് മാത്രമായിരിക്കുകയും, ഇസ്‌ലാമിനും ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെയുള്ള ഗൂഢ താൽപര്യങ്ങളൊന്നും അതിന് പിന്നിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഇസ്‌ലാം അവനെ പിടികൂടുകയോ പ്രയാസപ്പെടുത്തുകയോ ഇല്ല. അവനെ തന്റെ വൈയക്തിക കാര്യങ്ങളിൽ സ്വാഭീഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള അനുമതി നൽകുകയും ചെയ്യും.
ഇവിടെ അഅ്‌റാബി തന്റെ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) പിൻവലിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻ അത് ഇഷ്ടപ്പെട്ടില്ല. മറിച്ച്, അയാളോടുള്ള അനുകമ്പയാലും അവൻ ജീവിത വിജയം നേടണമെന്ന അദമ്യമായ ആഗ്രഹത്താലും പ്രസ്തുത ആവശ്യം നിരസിക്കുകയാണ് പ്രവാചകൻ ചെയ്തത്. എന്നാൽ, അയാൾ തന്റെ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും, കരാർ ലംഘിക്കുകയും, മദീന വിട്ട് പോവുകയും ചെയ്തപ്പോൾ അയാളെ തടയാൻ ശ്രമിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല.' (ഉദ്ധരണം: IAC, Page 216)


ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ടുമാത്രം ഒരാൾ ശിക്ഷാര്‍ഹനാവുകയില്ല എന്ന വാദത്തിന് ഇതിനേക്കാൾ ശക്തിമത്തായ എന്ത് തെളിവാണ് നബിചര്യയിൽനിന്ന് വേണ്ടത് എന്നാലോചിക്കുക. മതപരിത്യാഗം നടത്തിയവരെ വധിച്ചുവെന്ന് പറയുന്ന ഹദീസുകൾ പിന്നീട് വിശദീകരിക്കാം. മതപരിത്യാഗത്തിനപ്പുറം വധശിക്ഷനൽകാവുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് അവര്‍ വധിക്കപ്പെട്ടത് എന്ന് അപ്പോൾ മനസ്സിലാവും.


ഇനി ഖുര്‍ആൻ പിന്തുണക്കുന്നുവോ എന്ന് നോക്കാം:


അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിലും അവന്റെ ദൂതനിലും ദൂതന്ന് അവതരിപ്പിച്ച വേദത്തിലും അദ്ദേഹത്തിനുമുമ്പ് അവതരിപ്പിച്ചുകഴിഞ്ഞ വേദങ്ങളിലും വിശ്വസിക്കുവിന്‍. അല്ലാഹുവിനെയും അവന്റെ മലക്കുകളെയും വേദങ്ങളെയും ദൂതനെയും അന്ത്യനാളിനെയും നിഷേധിക്കുന്നവന്‍, ദുര്‍മാര്‍ഗത്തില്‍ വളരെ ദൂരം അകന്നുപോയിരിക്കുന്നു. എന്നാല്‍, സത്യത്തില്‍ വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെയും വിശ്വസിക്കുകയും വീണ്ടും നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ത്തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പുകൊടുക്കുകയില്ല. നേര്‍വഴി കാണിച്ചുകൊടുക്കുകയുമില്ല! (4:136,137)

ഈ സൂക്തങ്ങൾ പരിശോധിച്ചുനോക്കുക. മതം മാറിയ ഒരൊറ്റക്കാരണം കൊണ്ട് വധിക്കപ്പെടുമെങ്കിൽ എങ്ങനെയാണ് ഈ സൂക്തത്തിൽ പറഞ്ഞപോലെ ഒരാൾക്ക് പ്രവര്‍ത്തിക്കാനാവുക. വിശ്വസിക്കുകയും പിന്നീട് നിശേധിക്കുകയും ചെയ്യുന്നതോടെ വധിക്കപ്പെട്ടാൽ പിന്നീട് വീണ്ടും വിശ്വസിക്കാനും വീണ്ടും നിഷേധിക്കാനും സാധിക്കുമോ. അപ്പോൾ കാര്യം വ്യക്തമാണ് ഖുര്‍ആനിൽ ഇസ്ലാം ഉപേക്ഷിച്ചവര്‍ക്ക് വധശിക്ഷ നൽകണം എന്നാവശ്യപ്പെടുന്നില്ല.


ഇസ്ലാമിന്റെ പൊതുവായ അദ്ധ്യാപനമനുസരിച്ച് ഇത്തരമൊരു നിയമം എന്തുകൊണ്ട് സാധ്യമല്ല എന്ന് നോക്കാം:


ഇങ്ങനെ ഒരു നിയമം ഇസ്ലാമിന്റെ ചില അടിസ്ഥാന തത്വങ്ങളുമായി യോജിക്കില്ല എന്നതാണ് മൂന്നാമത്തെ കാരണം. ഇസ്ലാം സമഗ്രവും സന്തുലിതവും വ്യക്തവുമായ ഒരു ജീവിത വ്യവസ്ഥ എന്ന നിലക്ക് അതിന്റെ ഏതെങ്കിലും അധ്യാപനങ്ങൾ ഇതര മേഖലയിലെ നിയമവുമായി ഇടയുകയോ മൊത്തം അതിന്റെ അടിത്തറയുമായോ തത്ത്വങ്ങളുമായി ഭിന്നമാകുകയോ ചെയ്യില്ല എന്ന് പരക്കെ എല്ലാവരും അംഗീകരിക്കുന്നതാണ്. ഇതനുസരിച്ച് രണ്ട് സ്വപ്രധാന തത്ത്വങ്ങൾക്ക് ഇത് എതിരാവുന്നു.

1. ഇസ്ലാം ചിന്താ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. അഥവാ വിശ്വസിക്കുകയോ നിഷേധിക്കുകയോ ചെയ്യാൻ ഒരു മനുഷ്യന് അവകാശമുണ്ട്.

2. ഒരു മനുഷ്യനെയും ഇസ്ലാം സ്വീകരിക്കാൻ അത് നിർബന്ധിക്കുന്നില്ല.

മതംവിട്ടവര്‍ക്ക് വധശിക്ഷ എന്ന നിയമം നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന ചില പ്രായോഗിക പ്രശ്നങ്ങൾ:


1. ഇഷ്ടമില്ലാത്ത ഒരു വിശ്വാസവുമായി കപടനായി കഴിഞ്ഞുകൂടാൻ ഈ വിധി കാരണമാകുന്നു.

2. 99 ശതമാനവും പാരമ്പര്യ ഇസ്ലാമായതിനാൽ ബോധപൂർവം ഇസ്ലാം കൈകൊണ്ടവരല്ല ഇന്ത്യൻ മുസ്ലിംകൾ. (كَفَرَ بِرَبِّهِ بَعْدَ مَا رَأَى مَحَاسِنَ الْإِسْلَامِ وَبَعْدَ مَا هُدِيَ إلَيْهِ )

ഇസ്ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും അതിനെ നല്ലതായി കാണുകയും ചെയ്ത ശേഷം തന്റെ റബ്ബിനെ നിഷേധിച്ചവൻ. ഇതാണ് മത പരിത്യാഗം കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് ചിലര്‍ എക്സ് മുസ്ലിം എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചു മുന്നോട്ട് വരുന്നുണ്ടെങ്കിലും അവരുടെ സംസാരവും മറ്റുവാദങ്ങളും, അവര്‍ ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കുകയോ അതിന്റെ മാധുര്യം ആസ്വദിക്കുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്.

3. ഇസ്ലാമിന്റെ യഥാർഥ അധ്യാപനങ്ങളും വിശ്വാസങ്ങളുടെ മഹത്വവും സത്യസന്ധതയും ഒരു വലിയ വിഭാഗം ജനതക്ക് അജ്ഞാതമായി നിലനിൽകുന്നു. എന്നിരിക്കെ അവര്‍ തങ്ങളുടെ പാരമ്പര്യ‍ ഇസ്ലാമിൽനിന്ന് പുറത്തുപോകുന്നപക്ഷം ഇസ്ലാമിന്റെ വീക്ഷണമനുസരിച്ച് മുര്‍ത്തദ്ദ് എന്ന് വിളിക്കപ്പെടാൻ പോലും അര്‍ഹതയുള്ളവരല്ല.

4. ഇന്ത്യൻ സാഹചര്യത്തിൽ ഒരാൾ ഇസ്ലാം വിട്ടുപോകുന്നത്, നിലവിലുള്ള മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് ഒരു ഹാനിയും വരുത്തുന്നില്ല. മറിച്ച് മതംവിട്ടവൻ വധിക്കപ്പെടേണ്ടവനാണ് എന്ന് വാദിക്കുന്നത്, ഇസ്ലാം സങ്കുചിതമാണെന്ന് ആക്ഷേപിക്കപ്പെടാനും ഇതേ കാരണം പറഞ്ഞ് ഇസ്ലാമിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്താനും വിമര്‍ശകര്‍ക്കും ഇസ്ലാമിനെ ശത്രുതയോടെ വീക്ഷിക്കുന്നവര്‍ക്ക് ഇസ്ലാമിൽനിന്ന് ജനങ്ങളെ തടയാനും അവസരം നൽകുകയാണ് ചെയ്യുന്നത്.

5. ഇസ്ലാമിലെ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കമ്പോൾ സാഹചര്യം നന്നായി പരിഗണിക്കാറുണ്ട്. ഈ വിഷയം സാഹചര്യവുമായി ബന്ധപ്പെട്ടതും. അതുകൊണ്ടുതന്നെ അതിന്റെ കർമശാസ്ത്രം ഒരു ആരാധനകാര്യം പോലെ സ്ഥായിയായതും അല്ല. ആരാധനകൾക്ക് പോലും സാഹചര്യമനുസരിച്ച് ചെറിയ ഇളവുകളും വ്യത്യാസങ്ങളും കർമശാസ്ത്രമനുസരിച്ച് ലഭ്യമാണ്. ഈ വിഷയമാകട്ടെ സാഹചര്യം പരിഗണിക്കാതെ നടപ്പാക്കിയാൽ അതീവഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് നിമിത്തമാകും.

6. നിർണിതമായ ഒരു ശിക്ഷാവിധി (حد) എന്നതിനേക്കാൾ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി സാന്ദർഭികമായി സ്വീകരിക്കുന്ന അച്ചടക്ക നടപടി (تعزير) മാത്രമാണ് മതപരിത്യാഗിയുടെ വധശിക്ഷ എന്ന പ്രവാചക വചനങ്ങളുടെ പരാമര്‍ശങ്ങളിൽ നമുക്ക് കാണാനാവുക. അതുതന്നെയും വധിക്കപ്പെടുന്നത് ഇസ്ലാം ഉപേക്ഷിച്ചുവെന്ന ഒറ്റ കാരണത്താലല്ല. കാരണങ്ങൾ പിന്നീട് വിശദമാക്കാം.

6. ഒട്ടേറെ സ്ഥലങ്ങളിൽ മതപരിത്യാഗത്തെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ടെങ്കിലും ഒന്നുരണ്ട് സൂക്തങ്ങളിൽ മാത്രമാണ് വ്യാഖ്യാനിച്ചാൽ മാത്രം ലഭിക്കുന്ന ഭൗതിക ശിക്ഷയെക്കുറിച്ചുള്ള പരാമർശമുള്ളത്. ഖുര്‍ആൻ ഇത്തരം വധശിക്ഷ വിധിച്ചിട്ടുള്ളത് ഇതുപോലെ വ്യഗ്യമായ ഭാഷയിലല്ല. ഖണ്ഡിതമായ വചനങ്ങളിലൂടെയാണ്.

7. പൗരാണികരായ പണ്ധിതരിൽ വലിയൊരു പക്ഷം മതപരിത്യാഗിക്ക് വധശിക്ഷതന്നെ എന്ന് പറയുമ്പോൾ തന്നെ അവരിൽപെട്ട ഇബ്റാഹീമുന്നഖഈ, സുഫ്‍യാനുസ്സൗരി എന്നീ പ്രമുഖരായ പണ്ഡിതര്‍ അതിനെ എതിര്‍ക്കുന്നവരുമാണ്. ആധുനികരായ പണ്ധിതൻമാരിൽ ഭൂരിപക്ഷവും മുര്‍ത്തദ്ദിന് വധശിക്ഷ എന്ന വിധി അംഗീകരിക്കുന്നില്ല. പ്രമാണങ്ങളെ വിലയിരുത്തുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. കേവലം മതപരിത്യാഗത്തിന് ഇസ്ലാമിൽ ശിക്ഷയില്ല എന്നുതന്നെയാണ്.

ഒരവസ്ഥയിലും മതപരിത്യാഗി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന നിയമം ഇസ്ലാമിക നിയമമായി പരിഗണിക്കാമോ എന്നതാണ് അടുത്ത പ്രശ്നം:

നിലവിലെ അവസ്ഥയിൽ നമുക്ക് അങ്ങനെ ഒരു നിയമത്തിൽ അപാകത തോന്നുകയില്ല. എന്നാൽ ഇതൊരു ഇസ്ലാമിലെ സ്ഥായിയായ നിയമമായി കൊണ്ടുനടക്കാൻ സാധിക്കുമോ എന്നത് പരിഗണിക്കേണ്ടതുണ്ട്. ഇസ്ലാം എന്നത് കാല-ദേശഭേദങ്ങൾക്കതീതമായി മനുഷ്യനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദർശനമാണ്. അതുകൊണ്ട് തന്നെ അതിന് എല്ലാ സാഹചര്യങ്ങളെയും കണ്ടുകൊണ്ട് മാത്രമേ അതിന് നിയമനിര്‍ദ്ദേശങ്ങൾ നൽകാനാവൂ. മതപരിത്യാഗിക്ക് നൽകപ്പെട്ട ശിക്ഷയിലും അതാണ് പരിഗണിച്ചത് എന്ന് നമുക്ക് കാണാനാവും. എന്തായിരുന്നു ആ സാഹചര്യം.

ഹദീസിന്റെയും അതിലെ വിധിയുടെയും പ്രസക്തി:

പ്രവാചകന്റെ കാലത്ത് ഒരു വിഭാഗം ബോധപൂർവം ഇസ്ലാമിനെ അപകടപ്പെടുത്തുവാൻ മതപരിത്യാഗം തന്ത്രമായി സ്വീകരിച്ചിരുന്നു. അതിനെ തടയിടേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ ആവശ്യമായിരുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്.

1. ഇസ്ലാമിക ആദർശത്തിന്റെ സംരക്ഷണം.

ഇസ്ലാമിന്റെ ശത്രുക്കൾ ഈ കാമ്പയിൻ കൊണ്ട് അവർ ഉദ്ദേശിച്ചിരുന്നത്. ഇസ്ലാം എന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്രനല്ലതൊന്നുമല്ല ഞങ്ങൾ അതിന്റെ ഉള്ളറിഞ്ഞതാണ് എന്ന് അത് സ്വീകരിക്കാനിടയുള്ളവരെ തെറ്റിദ്ധരിപ്പിക്കുക. ഇതിലൂടെ ഇസ്ലാം സ്വീകരിക്കുന്നവരെ ആശങ്കയിലും സംശയത്തിലും അകപ്പെടുത്താൻ സാധിക്കും. മറ്റൊരു ദോഷം. ഇസ്ലാമിലേക്ക് കടന്നുവരുന്നവരെ സംശയത്തോടെ വീക്ഷിക്കാൻ അത് വിശ്വാസികളെ നിർബന്ധിക്കും. അത് അവർക്കിടയിലുള്ള സ്നേഹബന്ധത്തെയും സഹകരണത്തെയും ബാധിക്കും.

ഇത് സൂചിപ്പിക്കുന്ന ഖുര്‍ആൻ വചനം.

'വേദവിശ്വാസികളിലൊരുപറ്റം പറയുന്നു: 'ഈ പ്രവാചകനില്‍ വിശ്വസിച്ചവര്‍ക്ക് അവതരിച്ചിട്ടുള്ളതില്‍ രാവിലെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക; വൈകുന്നേരം അതിനെ തള്ളിപ്പറയുകയും ചെയ്യുക. ഒരുപക്ഷേ, നമ്മുടെ ഈ തന്ത്രം വഴി ഇക്കൂട്ടര്‍ അവരുടെ വിശ്വാസത്തില്‍നിന്നു മടങ്ങിയേക്കാം.' (3:72)


2. സമൂഹത്തിന്റെ സംരക്ഷണം.

നമ്മുക്കറിയാവുന്നത് പോലെ നബിയുടെ കാലഘട്ടം യുദ്ധങ്ങളുടേതായ ഒരു കാലഘട്ടവും കൂടിയായിരുന്നു. പ്രായപുർത്തിയായ മുഴുവൻ മുസ്ലിംകളും അതിലെ പട്ടാളക്കാരായിരുന്നു. ധാരാളം സൈനിക രഹസ്യങ്ങൾ അവർക്ക് സൂക്ഷിക്കാനുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇസ്ലാമിൽ പ്രവേശിച്ചുകൊണ്ട് പരസ്യമായി തന്നെ വിട്ടുപോകാൻ അവസരം നൽകുന്ന പക്ഷം അത് ആത്മഹത്യാപരമായിരിക്കും. അക്കാലത്ത് ഇസ്ലാമിക വ്യവസ്ഥിതി തകരുക എന്നതിനർഥം ദൈവിക നീതിയനുസരിച്ച് പുലരുന്ന ഒരു ഭരണവ്യവസ്ഥയുടെ തകർച്ച എന്നതാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഒരു സമൂഹത്തിന് തന്നെ ദോഷം വരുത്തുന്നതാണ്.

ഇതിൽ നിന്ന് നാം സ്വാഭാവികമായും എത്തിച്ചേരുന്നത് മുർത്തദ്ദുകളുടെ വധശിക്ഷ നിരുപാധികമല്ലെന്നതാണ്. അഥവാ ഇതൊരു തന്ത്രവും ചതിയമാക്കി ഉപയോഗപ്പെടുത്താനുള്ള സാധ്യതയുള്ളതിനാൽ, കേരളത്തിലെ യുക്തിവാദികളുടെ ആഗ്രഹത്തിനൊത്ത് അങ്ങനെയൊരു നിയമമേ ഇല്ലെന്ന് പറയാൻ ഇസ്ലാം എന്ന ആഗോള വ്യവസ്ഥിതിക്ക് സാധ്യമല്ല. എന്നാൽ ഈ സാഹചര്യം ഇല്ലാത്ത ഇന്ത്യയിലെന്നല്ല ഇസ്ലാമിക ലോകത്തും മുർത്തദ്ദായവർക്ക് വധശിക്ഷയല്ല ഒരു ശിക്ഷയും ആവശ്യമില്ല. അപ്രകാരം ശിക്ഷിക്കുന്നതിന് ഇസ്ലാമിക പ്രമാണങ്ങളുടെ പിന്തുണയും ഇല്ല.

ഈ ഒരു അടിസ്ഥാനചിന്തയിൽ നിന്ന് കൊണ്ട് പരിശോധിച്ചാൽ ഇത് സംബന്ധമായ ഹദീസുകളെയും ഖുർആൻ സൂക്തങ്ങളെയും നീതിപൂർവ്വം സമീപിക്കാനും തെറ്റായിവ്യാഖ്യാനിക്കാതെ ദൈവിക ഗ്രന്ഥത്തിന് ഇണങ്ങും വിധം വിശദീകരിക്കാനും സാധിക്കു. ആദ്യമായി ഇത് സംബന്ധമായ ഹദീസുകളെ പരിശോധിക്കാം.


മുർത്തദ്ദിന്റെ ശിക്ഷ ഹദീസുകളിൽ:

അല്ലാഹുവിന്റെ ദൂതൻ അരുളി: മൂന്ന് അവസ്ഥകളിലല്ലാതെ മുസ്ലിമായ ഒരു മനുഷ്യൻ്റെ രക്തം ചിന്തുന്നത് അനുവദനീയമല്ല. വിവാഹിതനായ വ്യഭിചാരി, ആത്മാവിന് പകരം ആത്മാവ് (ഒരാളെ കൊന്നതിന് പകരമായി നടത്തപ്പെടുന്ന പ്രതിക്രിയ), സമൂഹവുമായി ബന്ധം വിച്ഛേധിച്ച് മതപരിത്യാഗിയായവൻ (ബുഖാരി, മുസ്ലിം)

عن ابن مسعود -رضي الله عنه- قال: قال رسول الله -صلى الله عليه وسلم-: لا يحل دم امرئ مسلم إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة .رواه البخاري ومسلم.

ഇതാണ് റയ്യാൻ ഉദ്ധരിച്ച ഹദീസിന്റെ അറബി മൂലം.

والتارك لدينه المفارق للجماعة

കേവലം മതപരിത്യാഗിയാണെങ്കിൽ വത്താരിഖു ലിദീനിഹി എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ അൽമുഫാരിഖു ലിൽ ജമാഅത്ത് എന്ന് ചേർത്ത് പറഞ്ഞിരിക്കുന്നു. വിഘനടവാദി എന്ന് ഇന്ന നാം പറയുന്ന പോലെയോ അതിൽ ശക്തമോ ആയ അർഥം അതിനുണ്ട്. രക്തം പവിത്രമല്ലാതാകുന്ന ഒന്നാമത്തെ ആൾ വെറും വ്യഭിചാരിയല്ലല്ലോ. കേവല വ്യഭിചാരിക്ക് ഖുർആനിൽ നസ്സായി തന്നെ നൂറ് അടിയാണ് ശിക്ഷ. അതുകൊണ്ട് വിവാഹിതനായ വ്യഭിചാരി എന്ന് വ്യക്തമാക്കിയരിക്കുന്നു. എന്ന പോലെ കേവല മുർത്തദ്ദല്ല. അക്കാലത്ത് അൽജമാഅത്തിൽ നിന്ന് പിരിയുക എന്നത് ഇക്കാലത്ത് ഒരു ഇന്ത്യൻ സൈനികൻ പാകിസ്ഥാൻ പട്ടാളത്തിലോ ചൈനീസ് പട്ടാളത്തിലോ ചേരുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥയാണ്. ചാരപ്പണി അതിലുണ്ട്. ഇങ്ങനെയുള്ളവരുടെ രക്തത്തിന്റെ പവിത്രത നീക്കപ്പെട്ടിരിക്കുന്നുവെന്നത് ഏത് കാലത്തെ യുക്തിക്കും അംഗീകരിക്കാവുന്നതാണ്.

ഇത് സംബന്ധമായി വന്ന ഹദീസിന്റെ കഷ്ണമാണ് മറ്റൊന്ന് റയ്യാൻ അത് മുകളിൽ നൽകിയിട്ടുണ്ട്. അറബി മൂലം ഇങ്ങനെയാണ്.

{ مَنْ بَدَّلَ دِينَهُ فَاقْتُلُوهُ }

ഇവിടെ പ്രശ്നം അർഥത്തിലാണ്. ഇക്രിമത്തുബ്നു അബീജഹലിന്റെ റിപ്പോർട്ടായി മുസ്ലി(ഹദീസ് ഗ്രന്ഥം)മല്ലാത്ത സിഹാഉ സിത്തയിലെ ഹദീസു ഗ്രന്ഥങ്ങളെല്ലാം അത് ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ തന്നെ ഇബ്നു മാജ സുപ്രധാനമായ ഈ വാചകമില്ലാതെയാണ് റിപ്പോർട്ട് ചെയ്തത്.

روى البخاري وغيره عَنْ عِكْرِمَةَ قَالَ : { أُتِيَ أَمِيرُ الْمُؤْمِنِينَ عَلِيٌّ رَضِيَ اللَّهُ عَنْهُ بِزَنَادِقَةٍ فَأَحْرَقَهُمْ ، فَبَلَغَ ذَلِكَ ابْنَ عَبَّاسٍ ، فَقَالَ : لَوْ كُنْت أَنَا لَمْ أَحْرِقْهُمْ لِنَهْيِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا تُعَذِّبُوا بِعَذَابِ اللَّهِ ، وَلَقَتَلْتهمْ لِقَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .رَوَاهُ الْجَمَاعَةُ إلَّا مُسْلِمًا ، وَلَيْسَ لِابْنِ مَاجَهْ فِيهِ سِوَى : { مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .

യുക്തിവാദികൾ പതിവായി കൊണ്ടു നടക്കുന്ന ഹദീസാണിത്. 'ഇസ്ലാമിന്റെ ക്രൂരത' കൂടി ഇതിലൂടെ പ്രകടമാകും എന്ന ഒരു ലക്ഷ്യത്തിൽ അത് പറയാതെ വായിക്കുന്നവർ മനസ്സിലാക്കട്ടെ എന്ന നിലക്ക് എല്ലായിടത്തും അവരിത് പകർത്തിവെക്കുന്നു. ഒരു 'യുക്തിവാദി ദൈവം' പതിവായി ഇത് തന്റെ പ്രസംഗത്തിലുദ്ധരിക്കാറുണ്ട്. ഹദീസ് എന്ന സാങ്കേതിക സ്ഥാനം ഇതിനുണ്ടെങ്കിലും, പ്രവാചകനുമായുള്ള ബന്ധം ഈ ഹദീസിൽ തന്നെ വ്യക്തമാക്കിയ പോലെ പ്രവാചകനുമായി നേർക്ക് നേരെ ബന്ധപ്പെട്ടതല്ല. അഥവാ അലി() ഒരാളെ തീകൊണ്ട് ശിക്ഷിച്ചു. മറ്റൊരു സഹാബിയും പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ്() ഇതറിഞ്ഞപ്പോൾ ഞാനായിരുന്നെങ്കിൽ തീകൊണ്ട് ശിക്ഷിക്കുമായിരുന്നില്ല. പ്രവാചക നിർദ്ദേശം അനുസരിച്ച് (ആരെങ്കിലും ദീൻ മാറ്റിയാൽ നിങ്ങളദ്ദേഹത്തെ കൊന്നുകളയുക) മറ്റൊരു വിധത്തിൽ വധിക്കുമായിരുന്നു എന്ന് പറഞ്ഞു. ഒരു വിധിപറയുക എന്ന ലക്ഷ്യത്തോടെയല്ല ഈ വചനങ്ങളുള്ളത് ഒരു സംഭവവിവരണം മാത്രമാണിത്. അതിനാൽ അതിൽ ചുരുക്കിപ്പറഞ്ഞെതെടുത്ത് മതപരിത്യാഗിയുടെ ശിക്ഷാവിധിയുടെ അടിസ്ഥാനമാക്കാൻ നിർവാഹമില്ല. മാത്രമല്ല.

ഹദീസിൽ സാധാരണ പ്രയോഗം (ദീൻ ഉപേക്ഷിച്ചവൻ) വിട്ട് زنديق എന്നതിന്റെ ബഹുവചനമായ زناديق എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അറബി ഭാഷ നിഘണ്ടുവിൽ നൽകപ്പെട്ട അർഥം ഏകദേശം ഇങ്ങനെയാണ്. വഴിപിഴച്ച മ്ലേച്ചസ്വഭാവമുള്ള ദൈവനിഷേധി, നിഷേധം ഒളിപ്പിച്ച് വെച്ച് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവത്തെ സ്വഹാബികളുടെ ഏകാഭിപ്രായമുള്ള ഇജ്മാഇന്റെ സ്ഥാനത്ത് നിര്‍ത്തിയാലും, ഇതുവെച്ച് മതപരിത്യാഗി മാത്രമായ വ്യക്തിക്ക് വധശിക്ഷവിധിക്കുന്നതിന് ഇത് പ്രമാണമാവുകയില്ല.

    جمع : زَنادِيقُ ، زَنادِقَةٌ . [ ز ن د ق ]. :- يا لَهُ مِن زِنْديقٍ ضالٍّ :- : الْمُمارِسُ للزَّنْدَقَةِ ، الضَّالُّ الخَبيثُ ، الْمُلْحِدُ ، مَنْ يُظْهِرُ الإِيمانَ وَيُخْفِي الكُفْرَ وَيُضْمِرُهُ .

ഇങ്ങനെയുള്ളവർ ഒരു സമൂഹത്തിൽ എത്രയും ഉണ്ടാകാം. അലി()ന്റെ കാലത്ത് ഇത്തരത്തിലുള്ള ഒരാളുമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാക്കുന്നത് ശരിയാവുമോ. ഇല്ലെങ്കിൽ ഇദ്ദേഹത്തെക്കൊണ്ടുള്ള എന്തോ അക്ഷന്തവ്യമായ തിന്മയുടെ ഫലമായിട്ടാണ് ഇദ്ദേഹം ക്രൂരമായി തന്നെ ശിക്ഷിക്കപ്പെട്ടത് എന്നനുമാനിക്കാവുന്നതാണ്. ഏതർഥത്തിലാണെങ്കിലും ഇസ്ലാമിൽ നിന്നുകൊണ്ട് അത്തരം ഒരുകുറ്റം ചെയ്യാനാവാത്തതുകൊണ്ടാകും ഇദ്ദേഹത്തെ ദീനിൽനിന്ന് മാറിയവൻ എന്ന് പരാമർശിച്ചത് എന്ന് മനസ്സിലാക്കാവുന്നതാണ്.


ഇത്രയും പറഞ്ഞത് ഈ ഹദീസിനെ സ്വീകാര്യമായി പരിഗണിക്കുന്നെങ്കിൽ മാത്രമാണ്. അത്രതന്നെയോ അതിലേറെയോ സാധ്യത ഈ ഹദീസ് സ്വീകാര്യയോഗ്യമല്ലാതിരിക്കാൻ ചില ആധുനിക ഹദീസ് നിരൂപകര്‍ കണ്ടെത്തുന്നുണ്ട്. അവരുടെ യോഗ്യത തപ്പിപ്പോകുന്നതിന് മുമ്പ് അവര്‍ പറയുന്ന ന്യായം നമുക്ക് ശ്രദ്ധിക്കാം.


'
പ്രവാചകൻ നിരോധിച്ച ഒരു കാര്യം അലി() ചെയ്തു എന്ന് പറയുന്നത് അവിശ്വസനീയമാണ്. രണ്ടാമതായി ഇക്‌രിമ വഴിയാണ് ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇബ്‌നു അബ്ബാസിന്റെ വിമുക്ത അടിമയായ ഇക്‌രിമയെ കുറിച്ച് പണ്ഡിതലോകത്ത് നല്ല അഭിപ്രായമല്ല ഉള്ളത്. മുജാഹിദും ഇബ്‌നു സീരീനും ഇമാം മാലിക്കുമെല്ലാം ഇക്‌രിമ കള്ളം പറയുന്നവനാണെന്ന് വിധിയെഴുതിരിക്കുന്നു. (അൽ മുഗ്‌നി ഫിള്ളുഅഫാഅ്)

അതുപോലെ, അബ്ദുല്ലാഹിബ്‌നു ഉമർ() തന്റെ വിമുക്തദാസനായ നാഫിഇനോട് പറഞ്ഞു: അല്ലയോ നാഫിഅ്, ഇബ്‌നു അബ്ബാസിന്റെ പേരിൽ ഇക്‌രിമ കള്ളം പറയുന്നതുപോലെ നീ എന്റെ പേരിൽ കള്ളം പറയരുത്. (അസ്സിഖാത്/ഇബ്‌നു ഹിബ്ബാൻ)

പ്രസിദ്ധ താബിഈയും മദീനയിലെ പണ്ഡിതന്മാരുടെ നേതാവുമായ സഈദുബ്‌നുൽ മുസയ്യിബും ഇക്‌രിമ കള്ളം പറയുന്നവനാണെന്ന പക്ഷക്കാരനാണ്. തന്റെ സുഹൃത്തായ ബുർദിനോട് അദ്ദേഹം പറഞ്ഞു: അല്ലയോ ബുർദ്, ഇബ്‌നു അബ്ബാസിന്റെ പേരിൽ ഇക്‌രിമ കള്ളം പറഞ്ഞതുപോലെ നീ എന്റെ പേരിൽ കള്ളം പറയരുത്. (അത്തഅ്ദീൽ വത്തജ്‌രീഹ്)

യസീദുബ്‌നു അബീസിയാദ് പറയുന്നു: ഞാൻ അലിയ്യുബ്‌നു അബ്ദില്ലാഹിബ്‌നി അബ്ബാസിന്റെ അടുക്കൽ ചെന്നു. കക്കൂസിന്റെ വാതിൽക്കൽ ബന്ധിതനായ അവസ്ഥയിൽ ഇക്‌രിമയും അവിടെ ഉണ്ടായിരുന്നു. അപ്പോൾ, ഞാൻ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇവൻ എന്റെ പിതാവിന്റെ പേരിൽ കള്ളം പറയുന്നവനാണ്.

വിശ്രുത പണ്ഡിതന്മാരുടെ വീക്ഷണത്തിൽ ഇതാണ് ഇക്‌രിമ. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ, ഇമാം ബുഖാരി അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുത്തു എന്നത് അദ്ഭുതകരമാണ്. എന്തുതന്നെയായാലും ഇക്‌രിമ ഇക്‌രിമ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും സമകാലികരുമാണ് മറ്റുള്ളവരേക്കാൾ നന്നായി അദ്ദേഹത്തെ അറിയുന്നവർ. ഇമാം ബുഖാരി അദ്ദേഹത്തിന്റെ റിപ്പോർട്ട് സ്വീകരിച്ചു എന്നത് അദ്ദേഹത്തെ മുൻപന്തിയിൽ എത്തിക്കുകയില്ല.

ഇതേ ആശയം പങ്കുവെക്കുന്ന വേറെയും റിപ്പോർട്ടുകളുണ്ട്. അവയൊന്നും ഇതിനേക്കാൾ മികച്ചവയല്ല. ചുരുക്കത്തിൽ, ആർ തന്റെ ദീനിനെ മാറ്റിയോ അവനെ നിങ്ങൾ വധിക്കുവിൻ എന്ന് പ്രവാചകൻ പറഞ്ഞതായി വന്നിട്ടുള്ള നിവേദനങ്ങളൊന്നും തന്നെ പ്രബലമോ വേണ്ടത്ര സൂക്ഷ്മമോ അല്ല. എല്ലാം അങ്ങേയറ്റം ദുർബലങ്ങളാണ്. അവയൊന്നും, ഇസ്‌ലാം ഉപേക്ഷിച്ച് ഒരാൾ പുറത്തുപോയാൽ, അയാൾക്ക് വധശിക്ഷ വിധിക്കാനുള്ള തെളിവോ പ്രമാണമോ ആവാൻ ഒരു നിലക്കും യോഗ്യമല്ല.’

(ഉദ്ധരണം: ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറൻസ് (IAC) , പ്രബന്ധ സമാഹാരം , പേജ് : 214)

ഇനി മതപരിത്യാഗത്തെക്കുറിക്കുന്ന സൂക്തങ്ങൾ പരിശോധിക്കാം:


"وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآَخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ"

നിങ്ങളിലാരെങ്കിലും സ്വമതത്തിൽനിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താൽ, അവരുടെ കർമങ്ങൾ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തിൽ നിത്യവാസികളുമത്രെ.” (അൽബഖറ: 217)

كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمُ الْبَيِّنَاتُۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٨٦﴾ أُولَٰئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ ﴿٨٧﴾ خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنظَرُونَ ﴿٨٨﴾ إِلَّا الَّذِينَ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٨٩﴾ إِنَّ الَّذِينَ كَفَرُوا بَعْدَ إِيمَانِهِمْ ثُمَّ ازْدَادُوا كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُولَٰئِكَ هُمُ الضَّالُّونَ ﴿٩٠﴾ إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ ﴿٩١

സത്യവിശ്വാസം കൈക്കൊള്ളാനനുഗ്രഹം സിദ്ധിച്ചിട്ടും നിഷേധികളായിത്തീര്‍ന്ന ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നതെങ്ങനെ; ഈ ദൈവദൂതന്‍ സത്യവാനെന്ന് അവര്‍ സ്വയം സാക്ഷ്യം വഹിച്ചിട്ടുള്ളതും അവര്‍ക്കായി തെളിഞ്ഞ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായിരിക്കെ? അധര്‍മികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കാറില്ല. അധര്‍മത്തിനുള്ള ശരിയായ പ്രതിഫലമെന്തെന്നാല്‍, അവരില്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും സകല ജനത്തിന്റെയും ശാപം ഭവിക്കുകയത്രെ. ഈ ശപ്താവസ്ഥയില്‍ അവര്‍ ചിരകാലം വസിക്കും. അവരുടെ ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അവര്‍ക്ക് അവധി നല്‍കപ്പെടുന്നതുമല്ല. അതിനുശേഷം പശ്ചാത്തപിക്കുകയും കര്‍മമാര്‍ഗം സംസ്‌കരിക്കുകയും ചെയ്തവരൊഴിച്ച്. അവര്‍ രക്ഷപ്പെടുന്നതാകുന്നു. അല്ലാഹു ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ. എന്നാല്‍, വിശ്വസിച്ചശേഷം നിഷേധിക്കുകയും എന്നിട്ട് ആ നിഷേധത്തില്‍ത്തന്നെ മുന്നേറുകയും ചെയ്തവരോ, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ തനിച്ച ദുര്‍മാര്‍ഗികള്‍തന്നെയാകുന്നു. സത്യനിഷേധികളാവുകയും നിഷേധികളായിത്തന്നെ മരിച്ചുപോവുകയും ചെയ്തവരുണ്ടല്ലോ, അവരിലാരെങ്കിലും തന്നെ നരകയാതനയില്‍നിന്നു മോചിപ്പിക്കേണ്ടതിന്, ഭൂമി നിറയെ കനകം പ്രായശ്ചിത്തമായി നല്‍കിയാലും സ്വീകരിക്കപ്പെടുന്നതല്ല. അത്തരക്കാര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത് നോവുന്ന ശിക്ഷയത്രെ. അവര്‍ക്കു സഹായകനായി ആരെയും ലഭിക്കുന്നതല്ല.

مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﴿١٠٦﴾ ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿١٠٧﴾ أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْۖ وَأُولَٰئِكَ هُمُ الْغَافِلُونَ ﴿١٠٨﴾ لَا جَرَمَ أَنَّهُمْ فِي الْآخِرَةِ هُمُ الْخَاسِرُونَ ﴿١٠٩

ഒരാള്‍ വിശ്വാസം കൈക്കൊണ്ടശേഷം നിഷേധിച്ചാല്‍, (അയാളുടെ) ഹൃദയത്തില്‍ വിശ്വാസം ദൃഢമായിരിക്കെ (അതിന്) നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല). എന്നാല്‍, മനസ്സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ ക്രോധത്തിനിരയാകുന്നു. അങ്ങനെയുള്ളവര്‍ക്കൊക്കെയും ബീഭത്സമായ ശിക്ഷയുണ്ട്. അത് പരലോകത്തിലുപരി ഐഹിക ജീവിതത്തെ മോഹിച്ചതുകൊണ്ടത്രെ! തന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചവര്‍ക്ക് രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കാതിരിക്കുക അല്ലാഹുവിന്റെ നിയമമാകുന്നു. അല്ലാഹു മനസ്സുകളെയും കാതുകളെയും കണ്ണുകളെയും അടച്ചു മുദ്രവെച്ചിട്ടുള്ളവരാണിവര്‍. അവിദ്യയിലാണ്ടുപോയവരും ഇവര്‍തന്നെ. നിസ്സംശയം, ഇവര്‍തന്നെയാണ് പരലോകത്തില്‍ നഷ്ടമനുഭവിക്കുന്നവരും. (16:106-109)

ഇത്രയുമാണ് വിശ്വാസത്തിന് ശേഷം നിഷേധം കൈകൊണ്ടവരെ (ശരിക്കും മതപരിത്യാഗി-മുർത്തദ്ദ്-കളെ സംബന്ധിച്ച് എന്ന് പറയാവുന്ന ഖുർആനിൽ പരാമർശിക്കുന്ന സൂക്തങ്ങൾ. ഈ സൂക്തങ്ങളൊന്നും തന്നെ മതപരിത്യാഗിക്ക് വധശിക്ഷ നൽകണമെന്നതിന്റെ സൂചനപോലും നൽകുന്നില്ല. പാരത്രികമായ ശിക്ഷയാണിതിലൊക്കെ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെ ആദ്യ സൂക്തം വ്യാഖ്യാനിച്ച് അതിൽ മതപരിത്യാഗി വധിക്കപ്പെടണം എന്ന സൂചനയുണ്ടെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. അതേക്കുറിച്ച് പരിശോധിക്കാം...


[(2:217-218) ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൌരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൌരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്നഃ. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍ ഓര്‍ത്തുകൊള്ളുക!) നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ മറിച്ച്, വിശ്വസിക്കുകയും, ദൈവികസരണിയില്‍ വീടും കുടുംബവും വെടിയുകയും സമരത്തിലേര്‍പ്പെടുകയും ചെയ്തിട്ടുള്ളവരോ, അവരാകുന്നു ദൈവകാരുണ്യം പ്രതീക്ഷിക്കാനര്‍ഹതയുള്ളവര്‍. അല്ലാഹു അവരുടെ പാകപ്പിഴവുകള്‍ മാപ്പാക്കുന്നവനും കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നവനുമത്രേ.']

ഇതാണ് ആ സൂക്തത്തിന്റെയും അതിലെ തൊട്ടുമുമ്പിലെയും ആയത്തിന്റെ നേർക്ക് നേരെയുള്ള അർഥം. ഇതിൽ ഭൗതിക ശിക്ഷ നമ്മുക്ക് കാണാൻ കഴിയില്ല. എന്നാൽ فَيَمُتْ وَهُوَ كَافِرٌ എന്നതിലെ ف എന്ന അക്ഷരം ഒരു കാര്യം ഉടനെ സംഭവിക്കുന്നതിനെക്കുറിക്കുന്നുവെന്നും. അതിനാൽ സ്വമതത്തിൽ നിന്ന് പിൻമാറുന്നവർ ഉടനെ മരിക്കണമെങ്കിൽ കൊല്ലേണ്ടതുണ്ടല്ലോ എന്നുമാണ് വാദം. എന്നാൽ ഫ എല്ലായിടത്തും അതേ അർഥത്തിൽ വരണമെന്ന് നിർബന്ധമില്ലെന്ന് ഇതിനെ എതിർത്തും വാദമുണ്ട്.

അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളില്‍ ചിലര്‍ നിഷേധികളാകുന്നു; ചിലര്‍ വിശ്വാസികളും. (64:2)

هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ

ഇവിടെ ف എന്നുപയോഗിച്ചെങ്കിലും സൃഷ്ടിച്ച ഉടനെ കാഫിറാകുന്ന പ്രശ്നമില്ലല്ലോ എന്നതാണ് മറു ന്യായം. ഈ വിഷയത്തിൽ ഇത് ഏറെ പ്രസക്തമാണ് താനും.

അൽപമെങ്കിലും മതപരിത്യാഗിക്ക് വധശിക്ഷ വിധിക്കാനുണ്ടെന്ന് തോന്നുന്ന ഒരു സൂക്തത്തിന്റെ അവസ്ഥ ഇതാണ്. ബാക്കി സൂക്തങ്ങളും ഇതേ പ്രകാരം തന്നെ വിസ്താര ഭയം കാരണം വിശദീകരിക്കുന്നില്ല.

അങ്ങനെ മതപരിത്യാഗിക്ക് ശിക്ഷവിധിക്കുന്നവെന്ന് പറയുന്ന ഏക സൂക്തവും അത് തെളിയിക്കുന്നില്ലെന്ന് വ്യക്തമായി.

അല്ലെങ്കിലും കേവല മതപരിത്യാഗിയെ വധിക്കണമെന്നാണ് വിധിയെങ്കിൽ.

{ لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ}

ഈ സൂക്തത്തിന് പിന്നെ എന്ത് മേന്മയാണ് അവശേഷിക്കുന്നത്. ഇസ്ലാം മനുഷ്യജീവന് വളരെയേറെ പവിത്രതയാണ് കൽപിക്കുന്നത്. വിശ്വാസകാര്യം ഇഹലോകത്ത് ശിക്ഷിക്കപ്പെടാവുന്ന ഒരു പാപമോ കുറ്റകൃത്യമോ ആയി ഇസ്ലാം കാണുന്നില്ല. ഇസ്ലാമിക വീക്ഷണത്തിൽ ഇഹലോകത്തിന് ശേഷം മനുഷ്യന്റെ നന്മതിന്മകൾക്ക് ശിക്ഷയും പ്രതിഫലവും നൽകപ്പെടുന്ന ഒരു പാരത്രിക ജീവിതം കൂടിയുണ്ട്. ഇവിടെയുള്ള ശിക്ഷ പരലോകത്തെ ശിക്ഷക്ക് പകരമല്ല. ഇഹലോക ജീവിതത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഭൗതിക ശിക്ഷയുടെ ലക്ഷ്യം. അതുകൊണ്ടാണ് വ്യഭിചാരത്തിന് പോലും നാല് സാക്ഷികളെ ഹാജറാക്കണമെന്ന പ്രത്യക്ഷത്തിൽ അപ്രായോഗികമെന്ന് തോന്നാവുന്ന ശിക്ഷ വിധിച്ചിട്ടുള്ളത്. കൊലയാളിയെ കൊല്ലുന്നതിന്റെയും പിന്നിലെ യുക്തി ഖുര്‍ആൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ നിയമം അലംഭാവം കാണിക്കുന്നതിന്റെ ദുരന്തം നമ്മുടെ നാട്ടിൽ നാം അനുഭവിക്കുന്നതാണ്. അതുകൊണ്ട് ഖുര്‍ആൻ സൂക്തങ്ങൾ വ്യാഖ്യാനിച്ചൊപ്പിച്ചല്ല വധശിക്ഷപോലുള്ള കാര്യം ഖുര്‍ആനിൽ നിന്ന് കണ്ടത്തേണ്ടത്. മറിച്ച് ഖുര്‍ആൻ അത്തരം ശിക്ഷവിധിക്കുമ്പോൾ ഖണ്ഡിതമായ വചനങ്ങളിലൂടെ കൽപനാ സ്വരത്തിലാണ് അത് നടത്തിയിട്ടുള്ളത്. മുര്‍ത്തദ്ദിനെ വധിക്കുന്നതുമായി ബന്ധപ്പെട്ടാകുമ്പോൾ ഖുര്‍ആൻ ആ ശൈലി മാറ്റിവെക്കാൻ പ്രത്യേക കാരണമൊന്നുമില്ലല്ലോ.

അതുകൊണ്ട് ഏതെങ്കിലും ഒരാൾ പാരമ്പര്യമായി ലഭിച്ച ഒരു മതത്തിൽനിന്ന് യഥാര്‍ഥ മതത്തിലുള്ള അജ്ഞതകാരണം പുറത്തുപോയി മതനിഷേധിയാവുകയോ ഇതര മതം സ്വീകരിക്കുകയോ ചെയ്താൽ അവര്‍ ഒരിക്കലും ഇസ്ലാമിക ഭരണമാണെങ്കിൽ പോലും വധശിക്ഷാര്‍ഹനാകുന്നില്ല. ഇനി ഒരു വ്യക്തി ഇസ്ലാം സ്വീകരിക്കുകയും പിന്നീട് പീഢനങ്ങളും ശിക്ഷയും ഭയപ്പെട്ടിട്ടോ അതല്ലെങ്കിൽ ഇസ്ലാം ശരിയല്ലെന്ന് തന്നെ ബോധ്യപ്പെട്ടിട്ടോ ഇസ്ലാം വെടിഞ്ഞാലും ഇസ്ലാമിക ഭരണവ്യവസ്ഥയാണെങ്കിൽ പോലും വധശിക്ഷയർഹിക്കുന്നില്ല എന്നാണ് മുകളിലെ ചർചകളിൽ നിന്ന് നമുക്ക് വ്യക്തമാകുന്നത്.

ഇത്രയും കാര്യം വിശദീകരിച്ചുകഴിയുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യത്തിനുകൂടി മറുപടി പറയേണ്ടതുണ്ട്.


സമാന വിഷയമുള്ള ലിങ്കുകൾ..

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review