2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഏഴാമത്തെ തെളിവ്.

 വിശുദ്ധഖുര്‍ആന്‍ സാധിച്ച വിപ്ലവം

വിശുദ്ധ ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നതിനുള്ള അനിഷേധ്യമായ മറ്റൊരു തെളിവ് അത് സാധിച്ച വിപ്ലവമാണ്. പ്രവാചകന്മാരെ തിരിച്ചറിയുന്നതിന് ഈസാനബി പഠിപ്പിച്ച അടയാളം 'അവരുടെ ഫലങ്ങള്‍മുഖേന നിങ്ങള്‍ക്കവരെ തിരിച്ചറിയാം' എന്നതായിരുന്നു. ആ നിലക്ക് നോക്കിയാല്‍. വിശുദ്ധ ഖുര്‍ആന്‍ മുഖേന നടപ്പില്‍വന്ന വിപ്ലവത്തെക്കാള്‍ മഹത്തും ബൃഹത്തും പ്രയോജനപ്രദവുമായ ഒരു വിപ്ലവത്തിന്റെ ഉദാഹരണം ലോകചരിത്രത്തില്‍ കാണുകയില്ല.

പന്ത്രണ്ടുലക്ഷം ചതുരശ്രമൈല്‍ വിസ്തൃതിയുള്ള വിശാലമായ പ്രദേശങ്ങളില്‍ അങ്ങുമിങ്ങും ചിന്നിചിതറിക്കിടന്നിരുന്ന, യുദ്ധക്കൊതിയന്‍മാരും, കലഹപ്രിയരും, അജ്ഞരും, അസംഘടിതരുമായ അറബികളെ ലോകത്തുവെച്ചേറ്റവും വലിയ മനുഷ്യസ്‌നേഹികളും സംഘടിതരും സൗമ്യശീലരും നന്മേഛുക്കളുമായ ഒരു ജനതയാക്കി മാറ്റാന്‍ ആ ഗ്രന്ഥത്തിന് സാധിച്ചു. ആ ഗ്രന്ഥത്തിന്റെ ശിക്ഷണങ്ങളാല്‍ മനുഷ്യമഹത്വത്തിന്റെ മൂര്‍ത്തീമദ്ഭാവങ്ങളായ വ്യക്തികള്‍ ജന്മമെടുത്തു. നന്മയുടെയും നീതിയുടെയും പര്യായമായ ഒരു സമൂഹം മാത്രമല്ല, സുസംഘിടതവും വിശുദ്ധഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു രാഷ്ട്രം തന്നെ സ്ഥാപിതമായി.

തിന്മയുടെ വള്ളിയില്‍ നന്മയുടെയും, അസത്യത്തിന്റെ കൊമ്പില്‍ സത്യത്തിന്റെയും സുന്ദര കുസുമങ്ങള്‍ ഇന്നേവരെ വിടര്‍ന്നിട്ടുണ്ടോ?. ഇല്ല എന്നിരിക്കെ അടിസ്ഥാനം തന്നെ വ്യാജവും വഞ്ചനയുമായ ഒരു ഗ്രന്ഥത്തില്‍നിന്നും അതിന്റെ പ്രബോധനത്തില്‍നിന്നും സദാചാരത്തിന്റെയും സത്യനിഷ്ഠയുടെയും അതിമനോഹരമായ പൂന്തോപ്പുകള്‍ ലോകത്ത് ദൃശ്യമാകാന്‍ എങ്ങനെ സാധിക്കും.

ഇത് ആരിലൂടെ സാധിച്ചു എന്നറിയുമ്പോഴെ വിശുദ്ധഖുര്‍ആന്റെ ദൈവികത നമ്മുക്ക് കൂടുതല്‍ ബോധ്യമാകൂ. ലോകത്ത് മഹത്തായ പല വിപ്ലവങ്ങളും നടന്നിട്ടുണ്ട്. പക്ഷെ ആ മാറ്റങ്ങള്‍ പലതും അടിസ്ഥാനപരമോ സ്ഥിരസ്വഭാവത്തിലുള്ളതോ ആയിരുന്നില്ല. പലതും മാറ്റങ്ങളുടെ പിന്തുടര്‍ചയായിരുന്നു. ഇത്രയും പൗരാണികമായ ഒരു കാലത്ത് ഇത്രയും അടിസ്ഥാനപരമായ ഒരു വഴിത്തിരിവ് ചരിത്രത്തില്‍ അതിന് മുമ്പ് സംഭവിച്ചിരുന്നില്ല. ആരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്ന് നോക്കുക.

അത്യധികം അധഃസ്ഥിതമായിരുന്ന അറേബ്യന്‍ പ്രദേശത്ത്  ജനിച്ച ഒരു വ്യക്തി. കുട്ടിക്കാലം മുഴുന്‍ അനാഥനായും കൗമാരം ആട്ടിടയനായും കഴിച്ചുകൂട്ടി.  അദ്ദേഹം നിരക്ഷരനായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാറ്റുപോലും അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നില്ല. കാലവിജ്ഞാനങ്ങളുടെ നാമംപോലും അദ്ദേഹത്തിനജ്ഞാതമായിരുന്നു. ശാന്തനിശ്ശബ്ദ ജീവിതം നയിക്കുന്ന സല്‍സ്വഭാവിയും സമാധാനപ്രിയനും മാന്യനുമാനും സദ് വൃത്തനുമായ വ്യക്തിയെന്ന നിലയില്‍ ആളുകള്‍ക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നെങ്കിലും സുദീര്‍ഘമായ നാല്‍പതു കൊല്ലത്തിനിടക്ക് ഒരിക്കലെങ്കിലും വിജ്ഞാനപരവും തത്വജ്ഞാനപരവുമായ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചതായി ആരും കേട്ടിട്ടില്ല. അവിചാരിതമായി ഒരിക്കല്‍ ഖുറൈശികള്‍ക്കിടയില്‍ മധ്യസ്ഥം വഹിച്ചുവെങ്കിലും അതിന് ശേഷം നാല്‍പത് വയസുവരെ നേതൃപരമായ ഒരു പങ്കും അദ്ദേഹം വഹിച്ചതായി അറിയില്ല. അധ്യാത്മികം, ധാര്‍മിക തത്ത്വശാസ്ത്രം ജീവിതത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍, നിയമകാര്യങ്ങള്‍, രാഷ്ട്രീയ വിഷയങ്ങള്‍ എന്നിവയെപ്പറ്റി ഒരു ദിവസമെങ്കിലും അദ്ദേഹം ചര്‍ച ചെയ്യുന്നത് ഒരൊറ്റമനുഷ്യനും കണ്ടിട്ടില്ല. ദൈവാസ്തിക്യം, ഏകാരാധ്യ സിദ്ധാന്തം, ദിവ്യസന്ദേശം, പ്രവാചകത്വം, പരലോകം, രക്ഷാശിക്ഷകള്‍, നരകം, സ്വര്‍ഗം ദിവ്യഗ്രന്ഥങ്ങള്‍, പൂര്‍വിക പ്രവാചകന്‍മാര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഒറ്റവാക്കുപോലും അദ്ദേഹം പറഞ്ഞതായി ആരും കേള്‍ക്കുയുണ്ടായില്ല.

എന്നാല്‍ സാധാരണവും കേവലം നിഷ്പ്രഭവുമായ നാല്‍പത് വര്‍ഷത്തെ ജീവിതത്തിന് ശേഷം പെട്ടെന്നൊരു ദിവസം മുതല്‍ അദ്ദേഹം നിസ്തുലമായ പരിവര്‍ത്തന സാധ്യമായ വചനങ്ങള്‍ ഉരുവിടാന്‍ തുടങ്ങുന്നു. അവിടുന്നങ്ങോട്ട് മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരു സമൂഹം കാണെക്കാണെ അടിമുടി പരിവര്‍ത്തിതമായി, നാം നേരത്തെ സൂചിപ്പിചതുപോലുള്ള സമൂഹം മാറ്റത്തിനായി അദ്ദേഹത്തന്റെ വചനങ്ങള്‍ക്ക് കാതോര്‍ത്തു. മദ്യപാനത്തില്‍ ആറാടിയ സമൂഹം ഏതാനും വചനങ്ങളാല്‍ പൂര്‍ണമായി അതില്‍നിന്ന് മുക്തരായി; ഒരു തുള്ളി രുചിച്ചുനോക്കാത്തവരായി. ഒരു ചിട്ടയുമില്ലാതെ തോന്നിയത് പോലെ ജീവിച്ച ഒരു സമൂഹമൊന്നടങ്കം  കൃത്യസമയത്ത്  ദിവസം അഞ്ച് നേരം ഉഛനീചത്വങ്ങളില്‍നിന്ന് മുക്തരായി തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഏകാനായ ദൈവത്തിന്റെ മുന്നില്‍നമിച്ചു.  വര്‍ഷത്തില്‍ ഒരു മാസം പകല്‍ അന്നപാനീയങ്ങളില്‍നിന്നും ലൈംഗിക ഭോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ കെല്‍പുള്ളവരാക്കി. ഭോഗങ്ങള്‍ക്ക് പിന്നാലെ ഓടുന്ന മനുഷ്യപ്രകൃതിയെ നിയന്ത്രിച്ചു. മറ്റുള്ളവരെ കൊള്ളയടിക്കാന്‍ വഴിയില്‍ പതുങ്ങിയിരുന്നവരെ അപരന്റെ പ്രയാസമകറ്റാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് വരെ ചെലവഴിക്കുന്നവരാക്കി മാറ്റി. ഈ മാറ്റങ്ങളൊന്നും താല്‍കാലികമായിരുന്നില്ല. ഇന്നും കണിഷതയോടെ കോടികണക്കിനാളുകള്‍ പിന്തുടരുന്നു.

ഇവയ്‌കൊക്കെ കാരണം വിശുദ്ധഖുര്‍ആനെന്ന അത്ഭുത പ്രതിഭാസമായിരുന്നു. ഈ ശിക്ഷണങ്ങള്‍ മുഹമ്മദെന്ന ഒരു സാധാരണ അറബിയില്‍നിന്നുണ്ടായതല്ല. അത് സാധ്യമാണെന്ന് നമ്മുടെ ബുദ്ധി അംഗീകരിച്ചു തരികയുമില്ല. ആയിരുന്നെങ്കില്‍ ചരിത്രത്തില്‍ അതിന് ശേഷം മഹാബുദ്ധിമാന്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍  സ്വയം അവകാശപ്പെട്ടപോലെ അദ്ദേഹം ദൈവിക പ്രവാചകനും അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥം ദൈവികഗ്രന്ഥവുമാണെന്ന് നിഷ്പക്ഷമായ ഏതൊരു ബുദ്ധിയും വിധികല്‍പ്പിക്കാന്‍ നിര്‍ബന്ധിതമാണ്.

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ആറാമത്തെ തെളിവ്.

നിസ്തുലമായ ശിക്ഷണം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള ആറാമത്തെ തെളിവ് നിസ്തുലമായ അതിന്റെ ശിക്ഷണമാകുന്നു. വിശുദ്ധഖുര്‍ആന്റെ ശിക്ഷണങ്ങള്‍ പരിശോധിച്ച് നോക്കുന്ന പക്ഷം, ഒരു വശത്ത് അതില്‍ അങ്ങേയറ്റത്തെ സന്തുലനവും സ്വാഭാവികമായ യുക്തിവിചാരവും ദൃശ്യമാകുന്നു. മറുവശത്താകട്ടെ, അതു മനുഷ്യരാഷിക്കുള്ള ഏറ്റവും സമഗ്രമായ ഒരു നിര്‍ദ്ദേശപത്രവുമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആവശ്യമായ അധ്യാത്മിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചും ദീനിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ അതിലുണ്ട്. മാനുഷിക ധര്‍മത്തെയും മര്യാദകളെയും സംബന്ധിച്ചുള്ള വിവരണങ്ങളും അതില്‍ കാണാം. സാക്ഷാല്‍ ആരാധ്യനര്‍പിക്കേണ്ട ആരാധനമുറകളും അല്ലാഹുവിന്റെ അവകാശങ്ങളെ സംബന്ധിച്ച വിശദപാഠങ്ങളും അതിലുണ്ട്.

വ്യക്തിസംസ്‌കരണത്തിന്റെ പരിപാടികളും സമാജനിര്‍മാണത്തിനുള്ള സിദ്ധാന്തങ്ങളും അതില്‍ കാണാം. ഗാര്‍ഹികവും സാംസര്‍ഗികവും നാഗരികവും രാഷ്ട്രീയവുമായ നിയമങ്ങളും മാത്രമല്ല ഒരു ഭരണവ്യവസ്ഥ നിലവില്‍വന്നാല്‍ ഉണ്ടാകാനിടയുള്ള യുദ്ധം സന്ധി എന്നിവയെക്കുറിച്ചും വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു.

സാമൂഹിക നിയമങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ അതുലോകത്തുള്ള മറ്റെല്ലാ വ്യവസ്ഥകളില്‍നിന്നും തീരെ വ്യത്യസ്ഥമാണെന്ന് കാണാം. എല്ലാ വിഭാഗങ്ങള്‍ക്കും എക്കാലത്തേക്കും ഏതുനാട്ടിലേക്കും അതു ഒരുപോലെ അനുയോജ്യമാണ്. ഈ വസ്തുത നൂറ്റാണ്ടുകളായി തെളിഞ്ഞു കഴിഞ്ഞതാണ്. ഭാവിയിലും ഇത് സത്യമായി പ്രകാശിച്ചുകൊണ്ടിരിക്കും. കൂടാതെ ശിക്ഷണങ്ങള്‍ യുക്തിനിഷ്ഠവും സത്യസമ്പൂര്‍ണവുമാണെന്നതിനും അവയുടെ പ്രായോഗിക ഫലങ്ങളുടെ മേന്‍മക്കു സുശക്തമായ തെളിവുകളും വ്യക്തമായ ദൃഷ്ടാന്തങ്ങളുമുണ്ട്. മനുഷ്യജീവിതം അവയുടെ  അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത അവസരങ്ങളിലെല്ലാം ജീവിതത്തിന് സന്തോഷവും സംതൃപ്തിയും ലഭിച്ചിട്ടുണ്ട്. ചിന്തിച്ചു നോക്കൂക. നിസ്തുലമായ ഈ ശിക്ഷണങ്ങളെല്ലാം മുഹമ്മദ് എന്ന മനുഷ്യന്റെ ബുദ്ധിയില്‍നിന്ന് മാത്രം ഉടലെടുക്കുക സാധ്യമാണോ. ലോകചരിത്രത്തില്‍ തത്തുല്യമായ വല്ല സംഭവങ്ങളുമുണ്ടോ. ജീവിതത്തിലൊരിക്കലും കളവു പറഞ്ഞുവെന്ന് ശത്രുക്കള്‍ക്ക് പോലും അഭിപ്രായമില്ലാത്ത വിശ്വസ്തന്‍ എന്ന് വിളിക്കപ്പെട്ട മുഹമ്മദ് ഇത് എനിക്ക് ദൈവിക വെളിപാടായി ലഭിച്ചതാണെന്ന് പറഞ്ഞാല്‍ അതില്‍ അവിശ്വസിച്ച്, അല്ല ഇത് താങ്കള്‍ എഴുതിയുണ്ടാക്കിയതാണെന്ന് പറയുന്നതാണോ യുക്തി. നമ്മുടെ നേര്‍ബുദ്ധി നമ്മോട് ആവശ്യപ്പെടുന്നതെന്താണ്. നമ്മുക്കറിയാം മുഹമ്മദ് എന്ന വ്യക്തി 23 വര്‍ഷത്തിനിടയില്‍ അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍, പലായനം, യുദ്ധങ്ങള്‍ അതിനിടക്ക് ഇത്രയും സന്തുലിതമായ ഒരു ഗ്രന്ഥം നിര്‍മിച്ച് ഒരു ഉപഭൂഖണ്ഡത്തെയാകമാനം പരിവര്‍ത്തിപ്പിച്ചു. അതില്‍ നിന്ന് ആധുനിക കാലഘട്ടത്തില്‍ ജീവിച്ച മഹാത്മാഗാന്ധിജിയെപ്പോലെയുള്ള ഒരു നേതാവിന് പോലും വിസ്മയം സമ്മാനിച്ച ഒരു ഉമര്‍ എന്ന ഭരണാധികാരിയെ സൃഷ്ടിച്ച മഹത്തായ ഒരു ഗ്രന്ഥവും അനിതസാധാരണമായ ഒരു നേതാവും.  പ്രസ്തുത വ്യക്തിയെ ചില പൂര്‍വഗ്രന്ഥങ്ങളില്‍ നിന്ന് പകര്‍ത്തിയെഴുതിയ കള്ളനായും, പ്രസ്തുത ഗ്രന്ഥം ഒരു വ്യാജ പകര്‍പ്പുമായും കാണാന്‍ നിങ്ങളുടെ ബുദ്ധി സമ്മതിക്കുമോ. അതൊടൊപ്പം ഒന്നറിയുക. അദ്ദേഹം ജീവിതത്തിലൊരിക്കലും ഒരു വരിപോലും എഴുതിയിട്ടില്ല. കണിശമായി കൃത്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്രരേഖകളിലൊന്നും അങ്ങനെ ഒരു പരാമര്‍ശവുമില്ല. മാത്രമല്ല തനിക്ക് ദൈവത്തില്‍നിന്ന് അവതീര്‍ണമായതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയ ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുകയും ചെയ്തു:

'(പ്രവാചകാ) നീ ഇതിനു മുമ്പ് ഒരു ഗ്രന്ഥവും വായിച്ചിരുന്നില്ല. സ്വകരംകൊണ്ട് എഴുതിയിരുന്നുമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു. വാസ്തവത്തില്‍ ജ്ഞാനം ലഭിച്ചവരുടെ ഹൃദയങ്ങളില്‍ ഇത് തെളിഞ്ഞ ദിവ്യസൂക്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ, നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്നില്ല. `ഇയാള്‍ക്ക് തന്റെ റബ്ബില്‍നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടാത്തതെന്ത്` എന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. പറയുക: `ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കലാകുന്നു. ഞാനോ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രം.` അവര്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദം നിനക്ക് നാം അവതരിപ്പിച്ചു എന്നത് (ദൃഷ്ടാന്തമായി) അവര്‍ക്ക് മതിയാകുന്നില്ലയോ? നിശ്ചയം, വിശ്വസിക്കുന്ന ജനത്തിന് അതില്‍ അനുഗ്രഹവും ഉദ്ബോധനവുമുണ്ട്. പ്രവാചകന്‍ പറയുക: `എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. വാന-ഭുവനങ്ങളിലുള്ളതൊക്കെയും അവനറിയുന്നു. മിഥ്യയില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്യുന്നവര്‍ നഷ്ടത്തിലകപ്പെട്ടവര്‍ തന്നെയാകുന്നു.` (29:48-52).

ഖുര്‍ആന്‍ ദൈവികതയില്‍ സംശയിക്കുന്ന മാന്യസുഹൃത്തേ, ഈ തെളിഞ്ഞ യാഥാര്‍ഥ്യത്തെ നിഷേധിച്ച് നിങ്ങള്‍ ജല്‍പിക്കുന്ന വിതണ്ഡവാദങ്ങളെ ഞങ്ങള്‍ പിന്തുടരണം എന്നാണോ താങ്കള്‍ പറയുന്നത്.

ഇതും താങ്കളെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ലെങ്കില്‍ അടുത്ത തെളിവിലേക്ക് നീങ്ങാം. ഖുര്‍ആന്റെ ദൈവികതക്കുള്ള ഏഴാമത്തെ തെളിവ്. ഖുര്‍ആന്‍ സാധിച്ച വിപ്ലവം.  
 

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് അഞ്ചാമത്തെ തെളിവ്.

സുമനസ്സുകളുടെ ജീവിതസാക്ഷ്യം

ഖുര്‍ആന്റെ ദൈവികതക്ക് അഞ്ചാമത്തെ തെളിവ്, അതിനെ  കാല-ദേശ-ഭാഷാ-വര്‍ണ്ണ വൈജാത്യങ്ങക്കതീതമായി  ജീവിതത്തിന്റെ ചിന്താധാരയാക്കി പരിവര്‍ത്തിപ്പിച്ച സമൂഹത്തിലെ ഉന്നതരും സാധാരണക്കാരുമായ സുമനസ്സുകളുടെ സാക്ഷ്യമാണ്. ചരിത്രത്തില്‍ ഇത്രയും ജനങ്ങളുടെ ജീവിതത്തെ നിയന്ത്രിച്ച മറ്റേത് ഗ്രന്ഥമാണ് ലോകത്തുള്ളത്?. ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നത് ജനഹൃദയങ്ങളെ സ്വാധീനിച്ച് അതിന്റെ സന്‍മാര്‍ഗം സ്വീകരിക്കാന്‍ മനുഷ്യനെ സന്നദ്ധമാക്കുക എന്നതാണ്. ഖുര്‍ആന്‍ ചില അത്ഭുതങ്ങള്‍ കാണിക്കണമെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ഞങ്ങള്‍ വിശ്വസിക്കാം എന്നും പറഞ്ഞ ചിലര്‍ ഈ ഖുര്‍ആന്‍ അവതരിച്ച കാലത്തുണ്ടായിരുന്നു. അവര്‍ ഇപ്പോഴുമുണ്ട്. ഞാനീ പറയുന്നത് അതുകൊണ്ടുതന്നെ     ഒരു തെളിവായി സ്വീകരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തത്തില്‍നിന്ന് അത്തരക്കാരുടെ ആവശ്യവും അവര്‍ക്ക് ഖുര്‍ആന്‍ നല്‍കിയ മറുപടിയും വ്യക്തമാണ്:

"പര്‍വതങ്ങളെ ചലിപ്പിക്കുകയോ ഭൂമിയെ പിളര്‍ത്തുകയോ മരിച്ചവരെ ശ്മശാനങ്ങളില്‍ നിന്നെഴുന്നേല്‍പിച്ചു സംസാരിപ്പിക്കുകയോ ചെയ്യാന്‍ ശക്തിയുളള ഒരു ഖുര്‍ആനാണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ എന്താണുണ്ടാവുക? (ഇത്തരം ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുക പ്രയാസകരമൊന്നുമല്ല) എന്നാല്‍ അധികാരമത്രയും അല്ലാഹുവിന്റെ ഹസ്തത്തില്‍ മാത്രമാകുന്നു. (ഇതുവരെ നിഷേധികളുടെ ആവശ്യത്തിനു മറുപടിയായി എന്തെങ്കിലും ദിവ്യാത്ഭുതം പ്രത്യക്ഷമാകുമെന്ന് ആശിച്ചുകൊണ്ടിരുന്ന) വിശ്വാസികള്‍ അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ സകല മനുഷ്യരെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു (എന്നു മനസ്സിലാക്കി) ആ വിചാരം വെടിഞ്ഞിട്ടില്ലേ?..." (13:31)

ദൃഷ്ടാന്തങ്ങള്‍ കാണിക്കാതിരിക്കാനുള്ള അടിസ്ഥാന കാരണം, അവ കാണിക്കാന്‍ അല്ലാഹുവിന് കെല്‍പില്ലാത്തതല്ല; പ്രത്യുത, ആ മാര്‍ഗം സ്വീകരിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്നതാണ്. എന്തുകൊണ്ടെന്നാല്‍ ജനങ്ങള്‍ക്ക് സന്‍മാര്‍ഗം കാണിച്ചുകൊടുക്കുക എന്നതാണ് ഇവിടെ മൌലിക ലക്ഷ്യം; ഏതെങ്കിലും ഒരു പ്രവാചകനില്‍ വിശ്വസിക്കുക എന്നതല്ല. മാര്‍ഗദര്‍ശനമാവട്ടെ, ജനങ്ങളുടെ ചിന്തയിലും വീക്ഷണത്തിലും മാറ്റം വരാതെ സാധ്യവുമല്ല.

(ഈ സുക്തത്തിന്റെ പുര്‍ണരൂപം വ്യാഖ്യാന സഹിതം വായിക്കാന്‍ ഇവിടെ പോകുക.)

ഖുര്‍ആനിന്റെ  ചോദ്യം പ്രസക്തമാണ്. അങ്ങനെ അവരാവശ്യപ്പെട്ടത് പോലെ ചില കണ്‍കെട്ട് വിദ്യകള്‍ കാണിച്ചിരുന്നെങ്കില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുമായിരുന്നില്ല. മറിച്ച് മുഴുവന്‍ മനുഷ്യരെയും എന്തെങ്കിലും ചെയ്ത് സന്‍മാര്‍ഗത്തിലാക്കുക ദൈവത്തിന്റെ ഉദ്ദേശ്യവുമല്ല. അപ്രകാരം ചെയ്തിരുന്നെങ്കില്‍ ഖുര്‍ആന് ഇന്ന് കാണുന്നത് പോലുള്ള സ്വീകാര്യത ലഭിക്കുമായിരുന്നില്ല. കാരണം വിശ്വസിക്കാന്‍ തീരുമാനിക്കാത്ത ചിലരുടെ വാദങ്ങള്‍ മാത്രമായിരുന്നു അവ. അതുകൊണ്ട് ഖുര്‍ആന്‍ അതിന്റെ അമാനുഷിക പുലര്‍ത്തുന്നത് അതിന്റെ ശൈലിയിലും സാഹിത്യത്തിലുമാണ്. അത് ഇന്നും ജനഹൃദയങ്ങളെ കീഴടക്കുന്നു. ഉദാഹരണത്തിന് പൗരാണികവും ആധുനികവുമായ രണ്ട് സംഭവത്തെ ചൂണ്ടിക്കാണിക്കാനെ ഇവിടെ ശ്രമിക്കുന്നൂള്ളൂ. പതിനായിരക്കണക്കിന് സംഭവങ്ങള്‍ കാണാന്‍ കഴിയും.

ആദ്യമായി ഖുര്‍ആന്‍ കീഴ്‌പെടുത്തിയ സംഭവം പിന്നീട് രണ്ടാം ഖലീഫയായി മാറിയ ഉമറിന്റെ സാക്ഷ്യമാണ്. ഹദീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം തന്നെ ഇവിടെ നല്‍കുന്നു. "ഉമര്‍(റ) ഒരു ദിവസം നബി(സ)യെ വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടതായിരുന്നു. വഴിക്കുവെച്ച് ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: `ആദ്യം താങ്കളുടെ വീട്ടിലെ കാര്യം നോക്കുക. താങ്കളുടെ സഹോദരിയും അവളുടെ ഭര്‍ത്താവും ഈ പുതിയ മതത്തില്‍ ചേര്‍ന്നിരിക്കുന്നു.` ഇതുകേട്ട ഉമര്‍ നേരെ സഹോദരിയുടെ വീട്ടിലേക്ക് നടന്നു. അവിടെ ഹസ്രത്ത് ഖബ്ബാബുബ്നു അറത്ത്(റ), ഉമറിന്റെ സഹോദരി ഫാത്വിമക്കും അവരുടെ ഭര്‍ത്താവിനും ഒരു ഏട് വായിച്ചുകേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉമറിനെ കണ്ട ഉടനെ ഫാത്വിമ പ്രസ്തുത ഏട് ഒളിപ്പിച്ചു. പക്ഷേ, അവരുടെ പാരായണം ഉമര്‍ കേട്ടിരുന്നു. അദ്ദേഹവും അവരുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് സഹോദരീ ഭര്‍ത്താവിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ മര്‍ദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഫാത്വിമക്കും അടികിട്ടി. അവരുടെ തലക്ക് മുറിവേറ്റു. ഒടുവില്‍ ഫാത്വിമയും ഭര്‍ത്താവും പറഞ്ഞു: `അതെ, ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. നിനക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുകൊള്ളുക.` അടികൊണ്ട് സഹോദരിയുടെ രക്തം ഒലിക്കുന്നത് കണ്ട ഉമറില്‍  കുറ്റബോധമുണ്ടായി. അദ്ദേഹം അവരോടു പറഞ്ഞു: `ശരി, നിങ്ങള്‍ വായിച്ചുകൊണ്ടിരുന്ന ആ ഏട് എന്നെയും കാണിക്കുക.` താന്‍ അത് കീറിക്കളയുകയില്ലെന്ന് അദ്ദേഹത്തെക്കൊണ്ടവര്‍ സത്യം ചെയ്യിച്ചു. പിന്നെ കുളിച്ചു ദേഹശുദ്ധിവരുത്തിവരാനാവശ്യപ്പെട്ടു. ഉമര്‍(റ)  കുളികഴിഞ്ഞുവന്ന് പ്രസ്തുത ഏടുകളെടുത്ത് വായിച്ചു തുടങ്ങി. സൂറ ത്വാഹായായിരുന്നു ആ ഏടില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതുവായിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) പറഞ്ഞുപോയി, `ഹാ! എത്ര സുന്ദരമായ വചനങ്ങള്‍.` ഇതു കേട്ടപ്പോള്‍, അവിടെ മറഞ്ഞിരിക്കുകയായിരുന്ന ഖബ്ബാബുബ്നു അറത്ത്(റ)  വെളിയില്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവാണ! പ്രവാചകന്റെ ദൌത്യം പ്രചരിപ്പിക്കുന്നതില്‍ താങ്കളെക്കൊണ്ട് മഹത്തായ സേവനങ്ങള്‍ അല്ലാഹു ചെയ്യിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അബുല്‍ഹകമുബ്നു ഹിശാമോ (അബൂജഹല്‍) ഉമറുബ്നുല്‍ ഖത്താബോ ഇവരിലാരെങ്കിലും ഒരാളെ ഇസ്ലാമിന്റെ സംരക്ഷകനാക്കിത്തരേണമേ  എന്ന് നബി(സ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് ഇന്നലെ കൂടി ഞാന്‍ കേട്ടതാണ്. അല്ലയോ ഉമര്‍! അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരിക, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരിക.` ഈ വാക്കുകള്‍ ഉമറിന്റെ ഹൃദയത്തില്‍ ആഞ്ഞുതറച്ചു. അദ്ദേഹം അപ്പോള്‍തന്നെ ഖബ്ബാബു(റ)മൊത്ത് തിരുനബി (സ)യുടെ മുമ്പില്‍ ചെന്ന് ഇസ്ലാം ആശ്ളേഷിച്ചു."

ഇവിടെ ഖുര്‍ആനാണ് പ്രവാചകനെ വധിക്കാന്‍ പുറപ്പെട്ടുവന്ന ഉമര്‍ എന്ന കരുത്തുറ്റ ധീരനെ സ്വാധീനിച്ചത് എന്ന് വ്യക്തം.

നമ്മുക്ക് ഇനി വര്‍ത്തമാന കാലത്തിലേക്ക് വരാം. ലോകമാസകലം പ്രചരിക്കപ്പെട്ട താലിബാനികളുടെ ക്രൂരതകള്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് യിവോണ്‍ റിഡ്‌ലി എന്ന് ധീരയായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക വേഷം മാറി അഫ്ഘാനിസ്ഥാനിലെത്തിയത്. അവര്‍ താലിബാന്‍ പട്ടാളക്കാരുടെ പിടിയില്‍ പെട്ടു. മോചിപ്പിക്കുന്നതിന് പകരമായി ആവശ്യപ്പെട്ടത് തങ്ങള്‍ നല്‍കുന്ന വിശുദ്ധഖുര്‍ആനിന്റെ പരിഭാഷ പാരായണം ചെയ്യണം എന്നാണ്. അവര്‍ നല്‍കിയ ഖുര്‍ആനുമായി തിരിച്ച അവര്‍ രണ്ട് വര്‍ഷത്തിന് ശേഷം അതേ ഗ്രന്ഥത്തിന്റെ അനുയായി മാറി. ഇന്നവര്‍ അതിന്റെ പ്രചാരകയാണ്. സംഭവബഹുലമായ ആ ജീവിതം ഇതാ ഇവിടെ.

ഒരുപാട് സംഭവങ്ങള്‍ പറഞ്ഞ് ഈ പോസ്റ്റ് നീട്ടണം എന്നാഗ്രഹിക്കുന്നില്ല.  ഖുര്‍ആനിലൂടെതന്നെ ഇസ്‌ലാമിക ആദര്‍ശം ഉള്‍കൊണ്ട് അതിന്റെ അനുയായിയായി മാറിയവരുടെ കൂടുതല്‍ സംഭങ്ങള്‍ പുതുതായി വന്നുകൊണ്ടിരിക്കും.

വിശുദ്ധഖുര്‍ആന്‍ മുഹമ്മദ് നബിക്ക് ദൈവം അവതരിപ്പിച്ച വേദഗ്രന്ഥമാണെന്ന് മുമ്പൊരിക്കല്‍ പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചു. അതിന് ആരെങ്കിലും സാക്ഷികളുണ്ടോ എന്ന്. അതെ ഉണ്ട് അവതരിച്ചുകൊണ്ടിരുന്ന 23 വര്‍ഷം മക്കയില്‍ ജീവിച്ച ജനത ആ അത്ഭുത സംഭവത്തിന് സാക്ഷിയായി. അവര്‍ തങ്ങളുടെ ജീവിതം അതിന് വേണ്ടി സമര്‍പിച്ചുകൊണ്ട് തങ്ങള്‍ അനുഭവിച്ചറിഞ്ഞ കാര്യത്തെ സത്യപ്പെടുത്തി.

കൂടാതെ ഒരു കാര്യം നാം പ്രത്യേകം ഓര്‍ക്കണം. ഭാഷാ ഭംഗിയുടെയും സാഹിത്യത്തിന്റെയും പ്രഭാവപ്രകടനത്തിനുള്ള സാക്ഷാല്‍ രംഗം. കവിതാ-സാഹിത്യ കൃതികളാണ്. ലോകചരിത്രത്തില്‍ സാഹിത്യ പ്രഭാവത്തിന്റെ വ്യക്തിമുദ്രപതിപ്പിച്ചവരെല്ലാം അത് കരസ്ഥമാക്കിയത് സാഹിത്യ പ്രതിപാദനങ്ങള്‍ കവിതകള്‍ മുതലായ മാര്‍ഗങ്ങളില്‍കൂടിയാണ്. ധര്‍മം, മതം, തുടങ്ങിയ വരണ്ട വിഷയങ്ങളെക്കുറിച്ച് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തുകൊണ്ട് ഭാഷാസാഹിത്യത്തില്‍ നിസ്തുല മാതൃക സൃഷ്ട്രിച്ച ഒരാളുടെയെങ്കിലും ഉദാഹരണമെടുത്ത് കാണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനും പുറമെ സാഹിത്യലേഖനങ്ങളും കവിതകളുമായിരുന്നാല്‍ തന്നെ അവയിലെ ഏറ്റവും ഉയര്‍ന്ന് കൃതികളില്‍പോലും സാഹിത്യപരമായ ഉന്നതനിലവാരം ആദ്യാവസാനം നിലനില്‍ക്കാറില്ല എന്നതാണ് വാസ്തവം. ഖുര്‍ആന്‍ ഇതില്‍നിന്നെല്ലാം അപവാദമാണ്. എന്നാല്‍ ഇതുകൊണ്ടുവന്ന വ്യക്തി നാല്‍പത് വയസുവരെ ഇതേ രൂപത്തില്‍ ഒരു വാചകം പോലും പറഞ്ഞിട്ടില്ല. സാഹിത്യഭംഗിയുടെ അഴകാര്‍ന്ന ഉടയാട ആമൂലാഗ്രം അലങ്കരിക്കപ്പെട്ട വിശുദ്ധഖുര്‍ആന്‍ കൊണ്ടുവന്ന പ്രവാചകന്‍ എഴുത്തോ വായനോ അറിയാത്ത നിരക്ഷരനായിരുന്നു. അതുകൊണ്ടുതന്നെ ഇത് മനുഷ്യവചനമാണെന്ന് സമ്മതിക്കാന്‍ മനുഷ്യബുദ്ധി പ്രയാസപ്പെടും തീര്‍ച.
 

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് നാലാമത്തെ തെളിവ്.

 അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം
വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ്.

മനുഷ്യന്‍ സംസാരിക്കുന്ന വാക്കുകള്‍ ചേര്‍ന്നുകൊണ്ടുള്ള വാക്യങ്ങള്‍ തന്നെയാണ് ഖുര്‍ആനിലുള്ളത്. അറബി ഭാഷയേയും ഭാഷാ സാഹിത്യത്തേയും സംബന്ധിച്ച നിയമങ്ങള്‍ തന്നെയാണ് സ്വാഭാവികമായും അതിലും പ്രവര്‍ത്തികുന്നതെന്ന കാര്യത്തിലും സംശയമില്ല. പക്ഷെ അതോടൊപ്പം തന്നെ അതിന്റെ വാചക ഘടനയും വിവരണരീതിയും അറബി സാഹിത്യ ഭണ്ഡാരത്തിലൊന്നും പരിശോധിച്ചാല്‍ കാണാന്‍ കഴിയാത്തവിധം വ്യത്യസ്ഥമാണ്. അന്യാദൃശവും വിസ്മയാവഹമുമായ ഒരു നിസ്തുലത അതിനുണ്ട്. ആശ്ചര്യകരമായ ഈ അവസ്ഥയുടെ ശരിയായ രൂപമെന്താണെന്ന് ഏകദേശം അനുമാനിക്കാന്‍ വേണ്ടി പ്രഗല്ഭ സാഹിത്യകാരന്‍മാരുടെ ചില സാക്ഷ്യം കേള്‍ക്കുക. അവ ഖുര്‍ആനിലും ഇസ്്‌ലാമിലും വിശ്വാസമുള്ളവരല്ല. മറിച്ച് ഇസ്്‌ലാമിന്റെ കഠിന വിരോധികളുടെ സാക്ഷ്യങ്ങളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മലയാളികളായ ചില യുക്തിവാദികള്‍ ഖുര്‍ആന്റെ സാഹിത്യശൈലിയെ പരിഹസിക്കാറുണ്ട്. പരിഭാഷവായിച്ച് ഖുര്‍ആനെ വിലയിരുത്തിയവരല്ല ഈ കാര്യത്തില്‍ ആധികാരികമായി പറയാന്‍ യോഗ്യര്‍. ഏതൊരു മഹാനായ കലാകാരനും അദ്ദേഹം ഏത് മേഖലയിലുള്ള ആളാകട്ടെ. താന്‍ മികച്ച് നില്‍ക്കുന്ന മേഖലയില്‍ അമ്പരപ്പിക്കുന്ന ഒരു സൃഷ്ടികണ്ടാല്‍ അതിനെ അവഗണിക്കുകയോ ചെറുതാക്കികാണിക്കുകയോ ചെയ്യാറില്ല, അതിലെ ഉള്ളടക്കത്തോട് അയാള്‍ക്ക് എത്രമാത്രം വിയോജിപ്പുണ്ടെങ്കിലും ശരി. ഈ ബുദ്ധിപരമായ വസ്തുതയെ മുഖവിലക്കെടുത്താണ്. ഇസ്‌ലാം  സ്വീകരിക്കാത്ത സാഹിത്യസാമ്രാട്ടുകളായി ചരിത്രത്തില്‍ അറിയപ്പെടുന്ന ഏതാനും പേരുടെ സാക്ഷ്യം ഇവിടെ നല്‍കുന്നത്.

അവരില്‍ ഒരാളാണ് പ്രസിദ്ധ ഖുറൈശി നേതാവായ വലീദുബ്‌നു മുഗീറത്ത് അദ്ദേഹം പ്രവാചകന്‍ തിരുമേനിയുടെ അടുത്തുവന്നു. നബി തന്റെ സാധാരണ സമ്പ്രദായമനുസരിച്ച് അദ്ദേഹത്തിനു വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകേള്‍പ്പിച്ചു. ദിവ്യവചനങ്ങളുടെ വശ്യശക്തി നിമിത്തം അദ്ദേഹം മൗനിയായി. ഒന്നും ഉരിയാടാതെ വീട്ടിലേക്ക് തിരിച്ചു. ഈ വാര്‍ത്ത ആബൂജഹ് ല്‍ അറിഞ്ഞപ്പോള്‍ പരിഭ്രമത്തോടുകൂടി വലീദിന്റെ അടുക്കല്‍ ഓടിയെത്തി. (കഠിനമായ പ്രവാചക വിരോധമുണ്ടായിരുന്ന അബൂജഹ് ലിന് ആരെങ്കിലും പ്രവാചകനില്‍ ആകൃഷ്ടനായി എന്നറിയുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ല.) ഇങ്ങനെ പറഞ്ഞു: "ബഹുമാനപ്പെട്ട പിതൃസഹോദരാ മുഹമ്മദിനെക്കുറിച്ച് താങ്കളുടെ നിലപാട് ഒന്ന് വ്യക്തമാക്കണം. അവന്റെ വാദം സത്യമാണെന്ന് താങ്കള്‍ക്ക് വിശ്വാസമില്ലെന്ന് ജനങ്ങള്‍ക്ക് സമാധാനിക്കാന്‍ ഉപകരിക്കുന്ന ഒരു പ്രസ്താവന താങ്കളിപ്പോള്‍ ചെയ്യണം."

അതിന് വലീദിന്റെ മറുപടി : "ഞാനെന്താണ് പറയേണ്ടത്!. കവിതയാകട്ടെ, കാവ്യമാകട്ടെ ജിന്നുകളുടെ പദ്യമാകട്ടെ, അറബി ഭാഷയിലുള്ള ഏതോരു സാഹിത്യവും നിങ്ങളെക്കാള്‍ കൂടുതലായി എനിക്കറിയാം. എന്നാല്‍ ഞാന്‍ ദൈവത്തിന്റെ പേരില്‍ സത്യം ചെയ്തു പറയുന്നു. ഈ മനുഷ്യന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേക തരം ഭംഗിയുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങള്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ മുരടാകട്ടെ വളരെയധികം പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നു. തീര്‍ചയായും അത് സര്‍വവചനങ്ങളെക്കാളും ഉന്നതമാണ്. അതിനെ താഴ്തിക്കാണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന എല്ലാറ്റിനേയും അതു തകര്‍ത്തുകളയുമെന്നതില്‍ യാതൊരു സംശയവുമില്ല." (ബൈഹഖി, ഹാകിം എന്നിവര്‍ ഉദ്ദരിച്ചത്)

ഖുറൈശികളിലെ മറ്റൊരു നേതാവ് ഉത്ബത്ത്ബ്‌നു റബീഅ പറഞ്ഞതിങ്ങനെ: "ദൈവമാണ് സത്യം അവന്‍(മുഹമ്മദ് നബി) സമര്‍പിക്കുന്ന ആ വചനം വശീകരണ വിദ്യയല്ല, കവിതയല്ല, (ഖുര്‍ആന്‍ കവിതയല്ല) ജ്യോത്സ്യന്‍മാരുടെ സംസാരവുമല്ല." ശത്രുക്കള്‍ ആരോപിച്ചിരുന്ന ചില ആരോപണങ്ങള്‍ ഖണ്ഡിക്കുകയാണ് ഉത്ബ.


ഖുര്‍ആന്‍ സാഹിത്യം പ്രയോഗിച്ചത് കേവലം ആസ്വാദനത്തിന് വേണ്ടിയായിരുന്നില്ല. ഖുര്‍ആന്‍ നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് തറച്ചുകയറി അവിടെ പ്രതികരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ആ സാഹിത്യ നിര്‍ത്ധരി ജനമനസുകളിലേക്ക് നിമിഷനേരം കൊണ്ട് ഒഴുകിയിറങ്ങുന്നു. ഹൃദയങ്ങളെ തരളിതമാക്കി കണ്ണുകളെ ഈറനണിയിക്കുന്നു. ആ രംഗം നേരിട്ട് കാണുക.അതേ, ലോകത്തിലെ എറ്റവും കുടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. പേര് തന്നെ (ഖുര്‍ആന്‍ ) 'കൂടുതല്‍ വായിക്കപ്പെടുന്നത്' എന്ന പേര് നല്‍കപ്പെട്ട  ഗ്രന്ഥം. അതിന്റെ പാരായണത്തിന് മാത്രമായി ആധുനിക ലോകത്ത് നൂറുകണക്കിന് എഫ്.എം സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും. എത്ര കേട്ടാലും മതിവരാത്ത പ്രാസഭംഗി. ഒരോ അധ്യായത്തിനും വ്യത്യസ്ത ടോണുകള്‍. ഇവയൊന്നും പരിഭാഷയില്‍ കൊണ്ടുവരാനാകില്ല. അതിനാല്‍ പരിഭാഷവായിച്ച് അഭിപ്രായം പറയുന്നവര്‍ ഇവിടെ പരിഹാസ്യരാകുന്നതില്‍ അത്ഭുതമില്ല.  

1400 വര്‍ഷത്തിനിടയില്‍ മനുഷ്യനനുകരിക്കാന്‍ സാധിക്കാത്ത ഈ സാഹിത്യം ഖുര്‍ആന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവാണ്.

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് മൂന്നാമത്തെ തെളിവ്.

ഇസ്രാഈലീ പണ്ഡിതന്‍മാരുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന്റെ മൂന്നാമത്തെ തെളിവ് പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ജൂതന്‍മാരും ക്രിസ്ത്യാനികളുമായിരുന്ന ഇസ്രഈലി പണ്ഡിതന്‍മാരുടെ സാക്ഷ്യമാണ്. ഒരു പ്രവാചകന്റെയും ദൈവികഗ്രന്ഥത്തിന്റെയും ആഗമനം ജൂതക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. പ്രവാചകന് ദിവ്യബോധനം ലഭിച്ച ഉടനെ കാര്യമറിയാനായി പത്‌നി ഖദീജ അഭിപ്രായമാരാഞ്ഞ വറഖത്ത് ബ്‌നു നൗഫല്‍ എന്ന് ക്രിസ്തീയ പണ്ഡിതനും ഖദീജയുടെ ബന്ധുവുമായ വയോവൃദ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയപ്പോഴാണ് ഖദീജയുടെയും പ്രവാചകന്റെയും ആശങ്കനീങ്ങിയത്. മക്കയില്‍ ജൂതക്രൈസ്തവരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ഉണ്ടായിരുന്നത് മദീനയിലായിരുന്നു. മൂന്ന് പ്രബല ജൂതഗോത്രങ്ങളുടെ ആ്‌വാസ സ്ഥലമായിരുന്നു മദീന. അവരോട് കൂടെ സഹവസിച്ചിരുന്ന ഔസ് ഖസ്‌റജ് എന്ന രണ്ട് പ്രബല അറബി ഗോത്രങ്ങളുമായി പലപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. ഈ സന്ദര്‍ഭത്തില്‍ ജൂതന്‍മാര്‍ പറയുമായിരുന്നു. ഞങ്ങളില്‍ ഒരു പ്രവാചകന്‍ വരാനുണ്ട് അദ്ദേഹം വന്നാല്‍ നിങ്ങളെ ഞങ്ങള്‍ തോല്‍പിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ സ്വഭാവവും രൂപവും അവര്‍ക്ക് ജൂതന്‍മാരില്‍നിന്ന് അറിയാമായിരുന്നു.

മദീനയില്‍നിന്ന് ഹജ്ജിന് വന്ന അറബി ഗോത്രങ്ങള്‍ മക്കക്കാരുടെ നിയന്ത്രണം അവഗണിച്ച് പ്രവാചകനുമായി സന്ധിച്ചു. ജൂതന്‍മാര്‍ ചിത്രീകരിച്ചുകൊടുത്ത മുഴുവന്‍ ലക്ഷണങ്ങളും പ്രവാചകനില്‍ യോജിച്ചതായി അവര്‍ കണ്ടു. ഇതോടെ ജൂതന്‍മാര്‍ സ്വീകരിക്കുന്നതിന് മുമ്പായി തങ്ങള്‍ക്ക് അദ്ദേഹത്തെ പിന്തുടരേണ്ടതുണ്ട് എന്ന് മനസ്സിലാക്കി മുസ്‌ലിംകളായിട്ടാണ് അവര്‍ മദീനയിലേക്ക് മടങ്ങിയത്. അവരുടെ വാഗ്ദാനമനുസരിച്ചാണ് പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്തത്. മദീനയിലെത്തിയ പ്രവാചകനെ ജൂതന്‍മാര്‍ വരവേറ്റു. പക്ഷെ അവരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞതിനാല്‍ അവരദ്ദേഹത്തെ പെട്ടെന്ന് പിന്‍പറ്റാന്‍ സന്നദ്ധമായില്ല. സത്യത്തില്‍ സ്വന്തം മക്കളെ അറിയുന്ന പ്രകാരം അവര്‍ക്ക് പ്രവാചകന്‍ കൊണ്ടുവന്ന സത്യത്തെ
 തിരിച്ചറിയാന്‍ കഴിയുമായിരുന്നു.('നാം വേദം നല്‍കിയിട്ടുള്ള ജനങ്ങള്‍ ഈ സത്യം അവരുടെ മക്കളെ അറിയുംപ്രകാരം സംശയലേശമന്യേ അറിയുന്നുണ്ട്.' 6:20) പക്ഷെ അഹങ്കാരവും അസൂയയും അവരില്‍ പലരെയും പിന്തിരിച്ചപ്പോള്‍ അവരിലെ സാദാത്തുക്കളായ പണ്ഡിതന്‍മാരും നേതാക്കളും  നേതാക്കളും ഈ സത്യത്തില്‍നിന്ന് മാറിനിന്നില്ല. ആ നല്ല മനുഷ്യര്‍ ഈ ഖുര്‍ആനിന്റെ അനുയായികളായി മാറി. കാരണമായി ഖുര്‍ആന്‍തന്നെ പറഞ്ഞുതരുന്നു.

'നാം ഗ്രന്ഥം (തൗറാത്ത്) നല്‍കിയവര്‍ക്കറിയാം, തീര്‍ചയായും ഇത് (ഖുര്‍ആന്‍ ) നിന്റെ നാഥന്റെ പക്കല്‍നിന്ന് സത്യസമ്മേതം അവതരിപ്പിക്കപ്പെട്ടതാണെന്ന്' (6:114). ഈ വചനത്തിന്റെ പുലര്‍ച നാം ചരിത്രത്തില്‍ കാണുന്നു. ഇന്നും അത് ആവര്‍ത്തികപ്പെട്ടുകൊണ്ടിരിക്കുന്നു.

അത്തരം സത്യസ്‌നേഹികളുടെ വളരെ നീണ്ട ഒരു പട്ടിക ചരിത്രം നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അബ്‌സീനിയ (ഏത്യോപ്യ)യിലെ ഭരണാധിപനായ നജ്ജാശി, അദ്ദേഹത്തിന്റെ സഹോദരിപുത്രനായ ദൂമഖ്മര്‍, ഫലസ്തീനിലെ റോമന്‍ ഗവര്‍ണറും ബിഷപ്പുമായ ഇബ്‌നു നാത്തൂര്‍,
നജ്‌റാനിലെ ക്രിസ്തീയ ഭരണമേധാവിയുടെ സഹോദരന്‍ കുര്‍സുബ്‌നു അല്‍ഖമ, ബനൂത്വയ്യ് ഗോത്രനേതാവായ അദിയ്യുബ്‌നു ഹാത്തിം, സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍മാരായ കഅബുല്‍ അഹ്ബാര്‍, വഹബ്‌നു മുനബ്ബഹ്, അബ്ദുല്ലാഹിബ്‌നു സലാം തുടങ്ങിയ പണ്ഡിതനേതാക്കളും അവരോടൊപ്പവും അല്ലാതെയും ധാരാളം വേദക്കാരും ഈ വിശുദ്ധഖുര്‍ആനിന്റെ അനുയായികളായി മാറി.

ജൂതരും ക്രിസ്ത്യാനികളുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചു എന്നത് ഖുര്‍ആനിന്റെ സത്യസന്ധതക്ക് തെളിവായി ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നു :

'ഇസ്രാഈലീ പണ്ഡിതന്‍മാര്‍ ഇത് (ഖുര്‍ആന്‍ ) തിരിച്ചറിയുന്നുവെന്ന പരമാര്‍ത്ഥം ഇവര്‍ക്കൊരു ദൃഷ്ടാന്തമായിട്ടില്ലേ' (26:197)

അങ്ങനെ അവരിലുണ്ടായിരുന്ന യഥാര്‍ഥ പണ്ഡിതന്‍മാരും ദൈവഭയമുള്ളവരും സത്യത്തോടുള്ള സ്‌നേഹം സാമുദായിക പക്ഷപാതിത്വത്തിന് അടിയറ വെക്കാത്തവരും ഒട്ടും സംശയിച്ചു നില്‍ക്കാതെ ഖുര്‍ആനെ ആശ്ലേഷിക്കുകയുണ്ടായി. ഖുര്‍ആന്റെ സന്ദേശങ്ങള്‍ അവരുടെ മുന്നില്‍ സമര്‍പ്പിതമായപ്പോള്‍ തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന അമൂല്യസമ്പത്ത് കയ്യില്‍കിട്ടിയ അനുഭൂതിയാണ് അവര്‍ക്കനുഭവപ്പെട്ടത്. ചരിത്രപരമായ പരമാര്‍ഥം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങനെ.

'അങ്ങനെ നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ (ഖുര്‍ആനില്‍ ) വിശ്വസിക്കുന്നു.' (29:47)

അബ്ദുല്ലാഹിബ്‌നുസലാമിനെ പോലുള്ള ക്രിസ്തീയ പണ്ഡിതരുടെ അനുഭവം ഖുര്‍ആനില്‍ ഇങ്ങനെ വിവരിക്കുന്നു.

'ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നതു നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: `നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!` അവര്‍ പറയുന്നു: `ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!`' (5:83,84)

എങ്ങനെയാണ് ഇസ്‌റാഈലി പണ്ഡിതന്‍മാര്‍ക്ക് പ്രവാചകനെയും ഖുര്‍ആനെയും ദൈവികഗ്രന്ഥമായി മനസ്സിലാക്കിയത്. എന്ന് ചിന്തിക്കുമ്പോള്‍ അവരുടെ വേദങ്ങളില്‍ ഇവ രണ്ടിനെയും കുറിച്ച വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ നാം എത്തിച്ചേരും. ഖുര്‍ആനിന്റെ സൂക്തങ്ങള്‍ അത് കേവലം നിഗമനമല്ല സത്യം തന്നെ എന്ന് അതിന്റെ അനുയായികള്‍ക്ക് അറിയിപ്പും നല്‍കുന്നു.
'തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.'(7:157)

എന്തുകൊണ്ട് ഖുര്‍ആനെക്കുറിച്ച് മാത്രം മറ്റുവേദങ്ങളില്‍ പരാമര്‍ശമുണ്ടാകുന്നു എന്ന് സാധാരണ ചോദിക്കപ്പെടാറുണ്ട്. മറുപടി ഖുര്‍ആന്‍ മനുഷ്യര്‍ക്കാകമാനമുള്ള ദൈവികദര്‍ശനത്തിന്റെ അവസാന പതിപ്പാണ്. മുന്‍കാലത്ത് നല്‍കപ്പെട്ടതെല്ലാം പ്രത്യേക കാലത്തേക്കും ദേശത്തേക്കും മാത്രമായിരുന്നു. സാര്‍വലൗകികവും സാര്‍വകാലികവുമായ ഒരു ദിവ്യസന്ദേശത്തിന്റെ വാഹകനെക്കുറിച്ച മുന്നറിയിപ്പ് അതുകൊണ്ട് പുര്‍വവേദങ്ങളില്‍ അപ്രതീക്ഷിതമല്ല. എല്ലാറ്റിന്റെയും ദാതാവ് ദൈവമായിരിക്കെ അതില്‍ ഒരു മാനക്കേട് തോന്നേണ്ട കാര്യമില്ല. ഖുര്‍ആന്‍ എന്തെങ്കിലും ഒരു പുതിയ വിശ്വാസം കൊണ്ടുവന്നിട്ടില്ല. മനുഷ്യ സമൂഹത്തിന് നല്‍കപ്പെട്ട സന്ദേശങ്ങളുടെ തുടര്‍ചതന്നെയായിരുന്നു ഇതെന്ന് പറയുന്നതില്‍ ആ ഗ്രന്ഥം ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞു:
 
'പൂര്‍വജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട്. ഖുര്‍ആനില്‍ ഈ പറഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കെട്ടിച്ചമച്ച വൃത്താന്തങ്ങളല്ല. പ്രത്യുത അതിനുമുമ്പ് അവതീര്‍ണമായിട്ടുള്ള വേദപ്രമാണങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും സകല സംഗതികളുടെയും വിശദീകരണവും സത്യവിശ്വാസം കൈക്കൊണ്ട ജനത്തിനുളള സന്മാര്‍ഗവും ദൈവകാരുണ്യവുമാകുന്നു. (12:111)

ഈ സത്യം പൂര്‍വികരായ വേദപണ്ഡിതന്‍മാരില്‍ പലരും മനസ്സിലാക്കി എന്നാണ് നാം പറഞ്ഞുവന്നത്. ജൂതരും ക്രൈസ്തവരുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചതുതന്നെ, തൗറാത്തിലും ഇഞ്ചീലിലുമുണ്ടായിരുന്ന പ്രവചനങ്ങളുടെ പുലര്‍ചയാണ് ഖുര്‍ആനെന്നതിന് മതിയായ തെളിവാണ്. കാരണം അവര്‍ വേദവും ന്യായപ്രമാണവുമുള്ളവരായിരുന്നു. ഖുറൈശികളെ പോലെ ഗ്രന്ഥരഹിതരായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഗ്രന്ഥമില്ലാത്ത നിര്‍ഭാഗ്യം ദൂരീകരിക്കാന്‍ ഖുര്‍ആന്‍ ദൈവികമാണെന്ന് അവര്‍ കണ്ടമാനം സമ്മതിച്ചുപൊയതാണ് എന്ന് പറയാമായിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ലാതെ തൗറാത്തിനും ഇഞ്ചീലിനും പകരം ഖുര്‍ആനെ അനുധാവനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചുവെങ്കില്‍ അവരുടെ ഈ അസാമാന്യമായ നെഞ്ചുറപ്പ് ആവശ്യമായ കര്‍മത്തിന് മനഃശാസ്ത്രപരമായും ബുദ്ധിപരമായും അതിന് നമ്മുക്ക് ലഭിക്കുന്ന തൃപ്തികരമായ ന്യയം ഇതാണ്. തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ച പ്രവചനങ്ങള്‍ അവര്‍ കണ്ടു. മറുവശത്ത് ഖുര്‍ആനെയും പ്രവാചകനെയും കുറിച്ച് അവര്‍ ചിന്തിച്ചു. അതോടെ അവരുടെ ഹൃദയങ്ങള്‍ വിളിച്ചു പറഞ്ഞു. തങ്ങക്ക് മുമ്പേ അറിവുനല്‍കപ്പെട്ടിരുന്നതിതാ പുലര്‍ന്നു കഴിഞ്ഞുവെന്ന്. അനന്തരം തങ്ങളുടെ സത്യസ്‌നേഹം അതുസ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിച്ചു.

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് രണ്ടാമത്തെ തെളിവ്

ദൃക്‌സാക്ഷ്യം: രണ്ടാമത്തെ തെളിവ്

വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള രണ്ടാമത്തെ തെളിവ്. ദൃക്‌സാക്ഷിയുടെ തെളിവാണ്. ആ ദൃക്‌സാക്ഷി മുഹമ്മദ് നബിയാണ്. അദ്ദേഹം അത് സമര്‍പിച്ചിട്ടുള്ളത് തന്റേതായിട്ടല്ല. ദൈവത്തിങ്കല്‍ ലഭിച്ച സന്ദേശമായിട്ടാണ്. താന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍നിന്ന് എനിക്ക് അവതരിച്ചുകിട്ടിയതാണെന്നും അല്ലാഹുവിന്റെ പരിശുദ്ധ മലക്കായ ജിബ് രീലിനെ അവന്‍ എന്റെ അടുക്കലേക്കയക്കുകയും ആ മലക്ക് ഈ വചനങ്ങള്‍ എന്നെ കേള്‍പ്പിക്കുകയും ചെയ്യുകയാണ് പതിവെന്നും ഏത്രയോ പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത വാക്കും സാക്ഷ്യവും സത്യമാണെന്നുതന്നെ വിശ്വസിക്കണമെന്നുണ്ടോ എന്ന ചോദ്യം ന്യായമാണ്.

ഇതിനുള്ള മറുപടി, എല്ലാവിധ സംശയങ്ങള്‍ക്കും അതീതമായ സത്യസന്ധതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് ഒരു ചരിത്ര സത്യമാണ്. സ്വന്തക്കാരുടെ ദൃഷ്ടിയില്‍ മാത്രമല്ല അന്യരുടെ ദൃഷ്ടിയിലും അദ്ദേഹത്തിന്റെ സത്യസന്ധത സംശയാതീതമായിരുന്നു. അദ്ദേഹത്തെ എതിര്‍ക്കാന്‍ വേണ്ടി അറബികള്‍ അവരുടെ കഴിവില്‍ പെട്ടതെല്ലാം പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമാണെന്ന പരമാര്‍ഥം അവര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് ലോകത്തിനറിയാവുന്നതാണ്.

പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് സാധാരണക്കാരും പ്രധാനികളുമായ മക്കാനിവാസികളെല്ലാം അദ്ദേഹത്തിന് അല്‍ അമീന്‍ (വിശ്വസ്തന്‍ ) എന്ന നാമം തന്നെ നല്‍കിയിരുന്നു. പ്രവാചകത്വ ലബ്ദിക്ക് ശേഷം ആ വിഷയത്തില്‍ മാത്രം അവര്‍ അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചില്ല. അദ്ദേഹം അവരുടെ വിശ്വസ്തനായും അവരുടെ അമാനത്തുകള്‍ സൂക്ഷിക്കുന്നവനായും അവരദ്ദേഹത്തെ കണ്ടു. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ അലിയെ തന്നെ തന്റെ വൈരികള്‍ ഏല്‍പിച്ച മുതലുകള്‍ മടക്കികൊടുക്കാന്‍ ചുമതലപ്പെടുത്തി. പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന അബൂസുഫ് യാന്‍ , അബൂജഹ് ല്‍ എന്നിവര്‍ പോലും പ്രവാചകനില്‍ അസത്യം ആരോപിച്ചില്ല. ചില സംഭവങ്ങള്‍ കാണുക.

സീസര്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറില്‍ വെച്ച് അബൂസുഫ് യാനോട് ചോദിച്ചു. "പ്രവാചകത്വം വാദിക്കുന്നതിന് മുമ്പ് ഈ വ്യക്തി കളവു പറഞ്ഞതായി നിങ്ങള്‍ വല്ലപ്പോഴും ആരോപിച്ചിട്ടുണ്ടോ. ?" ശത്രുവികാരം മനസ്സിലുണ്ടായിട്ടും അതെ എന്ന് പറയാന്‍ യാതൊരു പഴുതും അദ്ദേഹം കണ്ടില്ല. സീസര്‍ വീണ്ടും ചോദിച്ചു. "ഈ വ്യക്തി വാഗ്ദത്തം ലംഘിക്കാറുണ്ടോ?" അതിന് അബൂസുഫ് യാന്റെ മറുപടി ഇങ്ങനെയായിരുന്നു. "ഇല്ല ഇതുവരേക്കും അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. ഇപ്പോള്‍ അദ്ദേഹവും ഞങ്ങളും ഒരു (ഹുദൈബിയ) സന്ധിയില്‍ ഏര്‍പ്പെട്ടിരിക്കയാണ് അതില്‍ അദ്ദേഹത്തിന്റെ നിലയെന്തായിരിക്കുമെന്ന് നിശ്ചയമില്ല." (ബുഖാരി). ഇസ്‌ലാമിന്റെ ശത്രുക്കളുടെ നേതാവായ അബൂജഹ് ല്‍ പോലും ഒരിക്കല്‍ നബിയോട് സംസാരിക്കുന്നതിനിടയില്‍ പറയുകയുണ്ടായി "താങ്കളെ കളവാക്കുന്നില്ല. പക്ഷെ താങ്കള്‍കൊണ്ടുവന്നത് (ഖുര്‍ആന്‍ )  കള്ളമാണെന്നെത്രേ ഞങ്ങള്‍ കരുതുന്നത്."

ബദ് ര്‍ യുദ്ധാവസരത്തില്‍ അബുജഹ് ലിന്റെ ഒരു സുഹൃത്തായ അഖ്‌നസുബ്‌നു ശുറൈഖ് അബൂജഹ് ലിനോടന്വേഷിച്ചു. "നിങ്ങള്‍ നേര് പറയണം മുഹമ്മദ് സത്യവാനോ അസത്യവാനോ നിങ്ങളുടെ വിശ്വാസമെന്താണ്." അബൂജഹ് ല്‍ മറുപടി പറഞ്ഞു. "ദൈവാമാണ, മുഹമ്മദ് സത്യവാനായ ഒരു മനുഷ്യനാണ്. ആയുഷ്‌കാലത്തൊരിക്കലും അദ്ദേഹം കളവ് പറഞ്ഞിട്ടില്ല." (ഇബ്‌നു ജരീര്‍).

ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നതിനു നബി നല്‍കിയ സാക്ഷ്യം സത്യമാണെന്ന് നാം വിശ്വസിക്കേണ്ടതുണ്ടോ. ഇല്ലേ എന്ന് ഇനി നിങ്ങള്‍ക്ക് തീര്‍ചപ്പെടുത്താം. സത്യസന്ധതയും വിശ്വസ്തതയും ഒരു നിമിഷംപോലും നിത്യജീവിതത്തില്‍ കൈവിടാതെ പാലിച്ച് ജീവിച്ച ഒരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവ് പറയുകയോ. ഈ കളവ് ഒന്നോ രണ്ടോ പ്രാവശ്യമല്ല. ഇരുപത്തിമൂന്ന് വര്‍ഷം തുടര്‍ചയായി. തന്റെ ബദ്ധവൈരിയെ സംബന്ധിച്ചുപോലും ഒരിക്കലും കളവ് പറായത്ത ഒരു വ്യക്തി തന്റെ നാഥന്റെ പേരില്‍ ജനങ്ങള്‍ക്കുപാകാരം മാത്രം നല്‍ക്കുന്ന സന്ദേശം നല്‍കുന്നതിന് കളവ് പറയുകയോ. കളവ് പറയല്‍ മഹാപാതകമെന്ന് പഠിപ്പിച്ച് ആളുകളെ അതിനനുസരിച്ച് പരിവര്‍ത്തിപ്പിച്ച ഒരു മഹാന്‍ നിസങ്കോചം കളവ് പറഞ്ഞ് പീഡനങ്ങള്‍ ഏറ്റുവാങ്ങുകയോ. അദ്ദേഹം ദൈവത്തിന്റെ പേരില്‍ ഒരിക്കലും സത്യം പറയാതിരിക്കുകയോ. എന്തൊരാശ്ചര്യം മനഃശാസ്ത്ര പാഠങ്ങളോ അനുഭവസാക്ഷ്യമോ ബുദ്ധിയുടെ വിശകലനമോ വല്ലതും ആശ്ചര്യകരമായ ഇത്തരം അസാധാരണ വാദത്തിന് പിന്തുണ നല്‍കുമോ. സാധാരണഗതിയില്‍ ഇത്തരം വ്യക്തിപറയുന്നതൊക്കെ നാം മുഖവിലക്കെടുക്കുകയാണ് പതിവ്. എന്നാല്‍ അതില്‍ അവസാനിപ്പിച്ച് ചര്‍ച മതിയാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. ഖുര്‍ആന്‍ ദൈവികമാണെന്നതിന് മറ്റുള്ള തെളിവുകള്‍ നമ്മുക്ക് പരിശോധിക്കാം.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഒന്നാമത്തെ തെളിവ്‌.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയത് റമദാന്‍ മാസത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ മനുഷ്യകുലത്തിന് സന്‍മാര്‍ഗം കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കുത്തകയല്ല. മനുഷ്യരില്‍ ആര്‍ക്ക് അതിന്റെ ദിവ്യത്വം അംഗീകരിക്കാന്‍ സാധിച്ചുവോ അവരുടെ സ്വന്തമാണത്. ഖുര്‍ആന്റെ അമാനുഷികത മനസ്സിലാക്കാനാവശ്യമായ തെളിവുകള്‍ അതോടൊപ്പം തന്നെയുണ്ട്. എന്നാല്‍ മുന്‍വിധി അതിന് തടസ്സമായി നില്‍ക്കുന്നു. അതോടൊപ്പം മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഈ വിശുദ്ധ ഖുര്‍ആന്റെ അവരതരണം നടന്നുകൊണ്ടിരിക്കെ തന്നെ അതിന്റെ ദിവ്യത്വം അംഗീകരിക്കാത്ത ഒരു വിഭാഗത്തേയും നമ്മുക്ക് കാണാന്‍ കഴിയും. ആ കാലഘട്ടത്തിലെ ബുദ്ധിമാന്‍മാരോ പണ്ഡിതന്‍മാരോ ആയതുകൊണ്ടല്ല അവര്‍ അതില്‍ നിഷേധിച്ചത്. മറിച്ച് വിശ്വസിച്ചവരോടുള്ള അന്ധമായ ശത്രുതയാണ് അവരെ ഖുര്‍ആന്റെ സന്ദേശം ഉള്‍കൊള്ളുന്നതിന് തടസ്സമായി നിന്നത്. ഇന്നും വിശുദ്ധ ഖുര്‍ആന്റെ ദിവ്യത്വത്തെ നിഷേധിക്കുന്നവരുടെ വാക്കുകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. ഖുര്‍ആന്റെ അനുയായികള്‍ പറയുന്ന വാദത്തെ ബുദ്ധിപൂര്‍വം ഖണ്ഡിക്കുകയല്ല അവര്‍ ചെയ്യുന്നത്. മറിച്ച് നിന്ദ്യമായ രുപത്തില്‍ പരിഹാസം ചൊരിഞ്ഞ് കേമത്വം ബുദ്ധിയും നടിക്കുകയാണ്. അത്തരക്കാരെ സംബന്ധിച്ച് ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങളും പ്രത്യേകം പ്രതികരണമൊന്നും സൃഷ്ടിക്കുകയില്ല. അവരുടെ കോപവും വിദ്വേഷവും പതിന്‍മടങ്ങ് വര്‍ദ്ധിക്കാനെ അതുപകരിക്കൂ എന്നത് മുന്‍വിധിയല്ല ഒരു ചരിത്ര പാഠമാണ്.

വിശുദ്ധ ഖുര്‍ആന്‍ ദൈവഗ്രന്ഥമാണെന്നതിനുള്ള പതിനൊന്ന് തെളിവുകളാണ് ഖണ്ഡശ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതെന്ത് തെളിവുകള്‍ എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ച വിഭാഗം പറയുക തന്നെ ചെയ്യും. അവരെ സംബന്ധിച്ചിടത്തോളം തെളിവുകള്‍ എന്തായിരുന്നു എന്ന് അവരുടെ പൂര്‍വികരുടെ വാദങ്ങളിലൂടെ ഖുര്‍ആനില്‍ തന്നെ ഉദ്ധരിച്ചിരിക്കുന്നു.
നാം ഈ ഖുര്‍ആനില്‍ വിവിധ ഉപമകളിലൂടെ ജനങ്ങളെ കാര്യം ധരിപ്പിച്ചു. പക്ഷേ, അധികജനവും നിഷേധത്തില്‍തന്നെ ഉറച്ചുനിന്നു. അവര്‍ പറഞ്ഞു: `നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്നു ഒരു ഉറവൊഴുക്കുന്നതുവരെ ഞങ്ങള്‍ നിന്റെ സന്ദേശം വിശ്വസിക്കുന്നതല്ല. അല്ലെങ്കില്‍, നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ; അതില്‍ നീ നദികള്‍ ഒഴുക്കുകയും വേണം. അതല്ലെങ്കില്‍, നീ വാദിക്കും പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളായി വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കില്‍, നിനക്ക് ഒരു സ്വര്‍ണമാളികയുണ്ടാവട്ടെ. അല്ലെങ്കില്‍, നീ മാനത്തേക്കു കയറിപ്പോവുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിക്കൊണ്ടു വരുന്നതുവരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുകയില്ല`-പ്രവാചകന്‍ അവരോടു പറയുക: `എന്റെ നാഥന്‍ പരമ പരിശുദ്ധന്‍. ഞാനോ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ? (17: 89-93)
ഖുര്‍ആന്റെ അമാനുഷികതക്ക് തെളിവായി വിശ്വസിക്കാന്‍ ഉദ്ദേശിക്കാത്തവര്‍ ആവശ്യപ്പെട്ട ആവശ്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് അവതരിച്ച ഖുര്‍ആന്‍ സൂക്തത്തിന് മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനം കാണുക:
ഈ സംക്ഷിപ്ത മറുപടിയുടെ സൌന്ദര്യം അവര്‍ണനീയമാണ്. പ്രതിയോഗികളുടെ ആവശ്യം ഇതായിരുന്നു: നീ പ്രവാചകനാണെങ്കില്‍ ഇപ്പോള്‍തന്നെ ഭൂമിയിലേക്ക് ഒന്നു വിരല്‍ ചൂണ്ടൂ, ഉടനെ അവിടെ ഒരു നീരുറവ പൊട്ടിയൊഴുകട്ടെ; അല്ലെങ്കില്‍ പെട്ടെന്ന് മനോഹരമായ ഒരുതോട്ടം ഇങ്ങുണ്ടാവട്ടെ; എന്നിട്ട് അതിലൂടെ നദികള്‍ ഒഴുകട്ടെ. നീ ആകാശത്തേക്ക് വിരല്‍ ചൂണ്ടൂ, നിന്നെ കളവാക്കുന്നവരുടെ മേല്‍ ആകാശം കഷ്ണം കഷ്ണമായി പൊട്ടിവീഴട്ടെ. നീ ഒന്നു ഊതിയിട്ട് കണ്ണടച്ച് തുറക്കുമ്പോഴേക്കും സ്വര്‍ണത്തിന്റെ ഒരു മന്ദിരം ഇവിടെ ഉണ്ടാവട്ടെ. നീ ഒരു ശബ്ദമുണ്ടാക്കൂ, ദൈവവും അവന്റെ മലക്കുകളും ഞങ്ങളുടെ കണ്‍ മുമ്പില്‍ ഇറങ്ങി വരികയും മുഹമ്മദിനെ നാം പ്രവാചകനായി നിശ്ചയിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ കണ്‍മുമ്പില്‍നിന്ന് നീ ആകാശത്തിലേക്ക് കയറിപ്പോവുകയും ഞങ്ങളുടെ പേരില്‍ ദൈവത്തെക്കൊണ്ട് ~ഒരു കത്തെഴുതിച്ച് കൊണ്ടു വരികയും ചെയ്യൂ. ഞങ്ങളത് കൈകൊണ്ട് സ്പര്‍ശിക്കുകയും നോക്കി വായിക്കുകയും ചെയ്യട്ടെ--ദീര്‍ഘമായ ഈ ആവശ്യങ്ങള്‍ക്ക് ഇങ്ങനെ ഒരു മറുപടി മാത്രം നല്‍കി ഒഴിവാക്കിയിരിക്കയാണ്: അവരോട് പറയൂ: പരിശുദ്ധനാണ് എന്റെ നാഥന്‍. ഞാനാകട്ടെ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ?`` അതായത്, വിഡ്ഢികളേ, ഞാന്‍ ദൈവമാണെന്ന് വാദിച്ചിട്ടുണ്ടോ; നിങ്ങള്‍ ഈ ആവശ്യങ്ങളൊക്കെ എന്റെ മുമ്പില്‍ വെക്കാന്‍? ഞാന്‍ ഒരു സര്‍വശക്തനാണെന്ന് എപ്പോഴാണ് നിങ്ങളോട് പറഞ്ഞത്? ആകാശഭൂമികളില്‍ എന്റെ ആധിപത്യമാണ് നടക്കുന്നതെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതെപ്പോള്‍? ആദ്യ ദിവസം മുതലേ എന്റെ വാദം ഇത്രമാത്രമായിരുന്നു: ഞാന്‍ ദൈവത്തില്‍നിന്ന് സന്ദേശങ്ങള്‍ കൊണ്ടുവരുന്ന ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങള്‍ക്ക് പരിശോധിക്കണമെങ്കില്‍ എന്റെ സന്ദേശം പരിശോധിച്ചു നോക്കുക, വിശ്വസിക്കുകയാണെങ്കില്‍ ഈ സന്ദേശത്തിന്റെ സത്യാവസ്ഥയും ബുദ്ധിപരതയും കണ്ടിട്ട് വിശ്വസിക്കുക. നിഷേധിക്കുകയാണെങ്കില്‍ ഈ സന്ദേശത്തിന്റെ ന്യൂനതകള്‍ എടുത്ത് കാണിക്കൂ. എന്റെ സത്യസന്ധതയില്‍ വിശ്വാസം വരേണ്ടതുണ്ടെങ്കില്‍, ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലേക്കും എന്റെ സ്വഭാവത്തിലേക്കും എന്റെപ്രവര്‍ത്തനങ്ങളിലേക്കും നോക്കുക. ഇതെല്ലാം അവഗണിച്ച് നിങ്ങള്‍ എന്നോട് ഭൂമി പിളര്‍ക്കാനും ആകാശത്തിലേക്ക് കയറാനും ആവശ്യപ്പെടുകയാണോ, ഇത്തരം പ്രവര്‍ത്തനങ്ങളും പ്രവാചകത്വവും തമ്മിലെന്തു ബന്ധം?. 

ആ അവിശ്വാസികളുടെ വെല്ലുവിളി എറ്റെടുത്ത് ഇത്തരം ചില ലൊട്ടുലൊടുക്ക് പ്രവര്‍ത്തനങ്ങളിലൂടെയാണ് ദൈവം ഖുര്‍ആന്റെ ദൈവിക ബോധ്യപ്പെടുത്താന്‍ തയ്യാറാവുകയും ചരിത്രത്തില്‍ അത് സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ ഇന്നതെല്ലാം കേവലം കെട്ടുകഥകള്‍ എന്ന നിലക്ക് തള്ളപെടുമായിരുന്നില്ലേ. അതിനാല്‍ ഞാനിവിടെ പറയാന്‍ പോകുന്നത് അത്തരം ചില തെളിവുകളെകുറിച്ചല്ല. അത്തരം അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ തുടര്‍ന്ന് വായിച്ചാല്‍ നിരാശയായിരിക്കും ഫലം. ഇതിവിടെ പറയാന്‍ പ്രത്യേക കാരണം നേരത്തെ പ്രവചാകത്വത്തെ സൂചിപ്പിച്ചപ്പോള്‍ പ്രവാചകന്‍ കാണിച്ച അത്ഭുതങ്ങള്‍ പറയാനായിരുന്നു ചിലരുടെ മുഖ്യ ആവശ്യം. ഖുര്‍ആന്‍ നല്‍കിയ ചോദ്യം അവരോട് ആവര്‍ത്തിക്കാനെ തല്‍ക്കാലം കഴിയൂ. അതുകൊണ്ട് എക്കാലത്തെയും മനുഷ്യന് ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന തെളിവുകളെക്കുറിച്ച് ചര്‍ച ചെയ്യാം.

ഒന്നാമത്തെ തെളിവ്.

ഖുര്‍ആന്‍ ദൈവികമാണെന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രം ഉന്നയിച്ച വാദമല്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. (26:192-203)
ഖുര്‍ആന്‍ ദൈവികമാണെന്ന അതിന്റെ വാദംകൊണ്ട് അത് ദൈവികമാണെന്നതിന് തെളിവാകുമോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെയാണ് എന്റെയും മറുപടി. എന്നാല്‍ 'പ്രാഥമികവും അനിവാര്യവുമായ തെളിവ്' എന്ന നിലപാടതിനുണ്ട്. പ്രസ്തുത വാദത്തിന്റെ അഭാവത്തില്‍ വാദസ്ഥാപനവും വാദത്തിന് തെളിവ് കൊണ്ടുവരലും ഒന്നും സാധ്യമാവുകയില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന വാദത്തെ വ്യവസ്ഥാപിതവും ശ്രദ്ധാര്‍ഹവുമാക്കുന്നത് പ്രസ്തുത പ്രസ്ഥാവന തന്നെയാണ്. ആ വാദം ചര്‍ചായോഗ്യമായി തീരുന്നുതും ആ അടിസ്ഥാനത്തിലാണ്.

ഖുര്‍ആന്‍ ദൈവികമാണെന്നതിനെ സംബന്ധിച്ച ചര്‍ചക്ക് അടിസ്ഥാനം ഖുര്‍ആന്‍ സ്വന്തമായി വ്യക്തമായ ഭാഷയില്‍, അങ്ങനെ വാദിക്കുന്നുണ്ടോ ഇല്ലേ എന്നായിരിക്കം. ഉണ്ടെങ്കില്‍ പ്രസ്തുത ചര്‍ച പരിഗണനീയവും പരിശോധനാര്‍ഹവും പഠനാര്‍ഹവുമാണെന്ന് മനസ്സിലാക്കാം. ഇല്ലെങ്കില്‍ നാം അതിന് മിനക്കെടേണ്ടുതുമില്ല. ഇതാണ് പ്രഥമികവും അനിവാര്യവുമായ ഒന്നാമത്തെ തെളിവ് സ്വയം അവകാശവാദം തന്നെയാണ് എന്ന് പറയാന്‍ കാരണം.

ഒന്നുകൂടി വിശദമാക്കാം. ഒരു ഗ്രന്ഥം ദൈവികമാണ് എന്ന് വാദിക്കേണ്ടത് ഒന്നാമതായി ആ ഗ്രന്ഥമോ അതുകൊണ്ടു വന്ന പ്രവാചകനോ ആയിരിക്കണം. അനുയായികളാകരുത്. അനുയായി എന്ന് വെച്ചാല്‍ ആ വാദം അംഗീകരിക്കുന്നവന്‍ മാത്രമാണ്. അതിന് സാക്ഷ്യം വഹിക്കുന്നവനാണ്. മറിച്ച് വാദം അവന്റെ ഉത്തരവാദിത്തമല്ല. വ്യവസ്ഥാപിതമായ ഒരു വാദം മുമ്പില്‍ വന്നുകഴിഞ്ഞാല്‍ മാത്രമേ സാക്ഷ്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രസക്തിതന്നെ നിലവില്‍ വരികയുള്ളൂ. അതില്ലെങ്കില്‍ പിന്നെ സാക്ഷ്യത്തിന് എന്തര്‍ഥം. ദിവ്യഗ്രന്ഥമാണെന്ന് സ്വയം വാദമില്ലാതെ അതിന് വേണ്ടി തെളിവുകള്‍ ഉന്നയിക്കപ്പെടാം. ജനങ്ങളുടെ വിശ്വാസപരമായ അതിരുകവിച്ചില്‍ കാരണമായി ചരിത്രത്തില്‍ അപ്രകാരം സംഭവിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ വേദങ്ങളാവുകയും മനുഷ്യര്‍ ദൈവമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വയം ഈ അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവില്ല.

ഒരിക്കള്‍ കൂടി പറയട്ടേ. ഈ അവകാശവാദം സ്വയമൊരു തെളിവല്ല. പക്ഷെ നമ്മുടെ ചര്‍ച ഇത് അനിവാര്യമാക്കി മാറ്റുന്നു. ആ നിലക്ക് പ്രാഥമികമായ ഒന്നാമത്തെ തെളിവ് ഈ സ്വയം അവകാശവാദം തന്നെ.

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

ഖുര്‍ആന്‍ ദൈവികവെളിപാടോ അതല്ല വെളിച്ചപ്പാടോ ?

'ദൈവം മാനവലോകത്തിന് ചെയ്ത ഏറ്റവും വലിയ അനുഗ്രഹവും മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യവുമാണ് വിശുദ്ധഖുര്‍ആന്‍. ഖുര്‍ആന്‍ മനുഷ്യനജ്ഞാതമാവുന്ന പക്ഷം മനുഷ്യവിജയം എന്ന പദം തന്നെ നിരര്‍ഥകമായത്തീരും.'

ഖുര്‍ആനെ സംബന്ധിച്ച് മുകളില്‍ നല്‍കിയ ഈ അവകാശവാദം ഇതുവരെ ബോധ്യപ്പെടാത്തവര്‍ ഇപ്പോള്‍ സമ്മതിച്ചു തരണം എന്നില്ല. എന്നാല്‍ തുടര്‍ന്ന് അത് ബോധ്യപ്പെടുത്താനാവശ്യമായ ചില കാര്യങ്ങളാണ് തുടര്‍ പോസ്റ്റുകളില്‍ ഞാന്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിശുദ്ധഖുര്‍ആന്‍ ദൈവികമോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി എങ്ങനെ നല്‍കാം എന്ന ചിന്തയില്‍നിന്ന് എന്റെ പഠനത്തില്‍ എനിക്ക് ഏറ്റവും യുക്തിപരമായി തോന്നിയ ചില ചിന്തകള്‍ ഞാനിവിടെ പുനപ്രകാശനം ചെയ്യുന്നു. ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരെ  അല്ലെങ്കില്‍ വികലമായ ദൈവസങ്കല്‍പങ്ങള്‍ പുലര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം ഈ പഠനം അപ്രസക്തമാണ് എന്ന് ഞാന്‍ പറയില്ല. കാരണം ദൈവത്തെ മനസ്സിലാക്കാനുള്ള തെളിവിന്റെ ഭാഗമെന്ന നിലക്കാണ് ദിവ്യവെളിപാടുകളെക്കുറിച്ചുള്ള ഈ ലേഖനങ്ങള്‍ ഞാന്‍ തുടരുന്നത്. വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അതിലൂടെ പരിചയപ്പെടുത്തപ്പെടുന്ന ദൈവത്തില്‍ വിശ്വസിക്കാനാവൂ. അല്ലെങ്കില്‍ ദൈവമുണ്ടെന്ന കേവല വിശ്വാസം മാത്രമേ ലഭിക്കൂ. ആ ദൈവത്തിന്റെ അസ്തിത്വം സ്ഥിരപ്പെടുത്തുന്ന രണ്ടു തെളിവുകളെ കുറിച്ച് നാം പ്രതിപാദിച്ചു കഴിഞ്ഞു. 

ഇത് മുമ്പ് നല്‍കിയ ഏതാനും ലേഖനങ്ങളുടെ തുടര്‍ചയാണ്. ബ്രൈറ്റിന്റെ ഒരു പോസ്റ്റിനെ അധികരിച്ച് അദ്ദേഹം നല്‍കിയ പരാമര്‍ശം നിങ്ങളോര്‍ക്കുന്നുണ്ടാകും. ഇവിടെ ദൈവിക നിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കാത്തതിന്റെ പേരില്‍ ദൈവം പരലോകത്ത് ശിക്ഷ വിധിക്കുന്ന പക്ഷം ദൈവത്തോട് അദ്ദേഹം പറയും ('God! Not enough evidence ?') ദൈവമേ തെളിവ് മതിയായില്ല !!! എന്ന്. എന്നാല്‍ ഈ പരാതി ദൈവം സ്വീകരിക്കുമോ ദൈവം വല്ല തെളിവും നല്‍കിയിട്ടുണ്ടോ എന്ന ചര്‍ചയിലായിരുന്നു നാം. ഞാന്‍ പറഞ്ഞതൊക്കെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു എന്ന് ഞാന്‍ കരുതുന്നില്ല. അത് സാധ്യവുമല്ല. എങ്കിലും അതില്‍നിന്ന് ആരും ഒന്നും മനസ്സിലാക്കിയില്ല എന്ന് പറയാനും സാധ്യമല്ല. ഞാന്‍ ആരെയാണോ ഉന്നം വെച്ചത് അവര്‍ക്കതില്‍നിന്ന് ചിലതെല്ലാം മനസ്സിലായിട്ടുണ്ട്. പരിഹസിച്ചവരുടെ കമന്റുകള്‍ ശ്രദ്ധിച്ചപ്പോഴും ചിലതൊക്കെ അവര്‍ക്ക് പുതുതായി മനസ്സിലായി എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 

ഇതുവരെ ആലേഖനങ്ങള്‍ വായിക്കാത്തവര്‍ക്കായി അവയുടെ ലിങ്ക് ഇവിടെ നല്‍കുകയാണ്.

'God! Not enough evidence ?'

(ഈ പോസ്റ്റും അതിനെ തുടര്‍ന്നുള്ള ആറ് പോസ്റ്റുകള്‍ അവയോടൊപ്പമുള്ള ചര്‍ചകള്‍ സഹിതം [വിശുദ്ധഖുര്‍ആന്റെ അനുയായി അല്ലാത്ത] വായിക്കുന്നവര്‍ക്കേ  ഇനി പറയുന്ന കാര്യങ്ങള്‍ യഥാവിധം മനസ്സിലാക്കാന്‍ കഴിയൂ.)

പ്രസിദ്ധ യുക്തിവാദി ബ്ലോഗര്‍ സി.കെ.ബാബു തന്റെ ഒരു പോസ്റ്റിനൊടുവില്‍ 'മേമ്പൊടി' എന്ന നിലക്ക് നല്‍കിയ ചില വാചകങ്ങള്‍ വായിക്കുക:

{{{ മതതത്വചിന്താശിരോമണികൾ ദൈവത്തെപ്പറ്റി “ദൈവം മനുഷ്യന്റെ ചിന്താശേഷിക്കു് അതീതനാണു്”, “മനുഷ്യബുദ്ധിക്കു് അപ്രാപ്യനാണു്” മുതലായി വായിൽ തോന്നുന്നതു് മുഴുവൻ വിളിച്ചുപറയാറുണ്ടു്. ദൈവത്തെ ‘മനുഷ്യന്റെ ചിന്താശേഷിക്കു് അതീതൻ’ എന്നു് വിശേഷിപ്പിക്കുന്ന മതചിന്തകനാവുകൾ ആടിയടങ്ങുന്നതിനു് മുൻപുതന്നെ അതേ നാവുകൊണ്ടു്, അതേ ദൈവത്തെപ്പറ്റി ‘ചിന്തിക്കുന്നു’ എന്നും മറ്റും അവകാശപ്പെടുന്നുമുണ്ടു്. ബുദ്ധികൊണ്ടോ യുക്തികൊണ്ടോ ദൈവത്തെ അറിയാനാവില്ലത്രേ! പക്ഷേ എനിക്കു്, ഈ എനിക്കു് എന്റെ സർവ്വശക്തനായ ഏകദൈവത്തേയും മറ്റു് സകല വിഡ്ഢ്യാൻ ദൈവങ്ങളേയും നല്ലപോലെ അറിയുകയും ചെയ്യും! അതുകൊണ്ടു് തീർന്നില്ല! എന്റെ ദൈവത്തിനു് എന്നെപ്പറ്റിയും നല്ല അഭിപ്രായമാണു്. സ്വന്തം ദൈവത്തിന്റെ സന്നിധിയിൽ എത്തിപ്പെട്ടു് നിത്യമായി സുഖിക്കാനായി നിരപരാധികളെ ഏതോ ഒരു ദൈവജാതിയിലോ വർഗ്ഗത്തിലോ പെട്ട മറ്റേതോ ദൈവന്റെ പുരിയിലേക്കയക്കുന്ന കുമ്പളങ്ങാത്തലകളും, അവരുടെ ചെയ്തികളെ വേദവാക്യവ്യാഖ്യാനങ്ങൾ കൊണ്ടു് ന്യായീകരിക്കാനുള്ള ബാദ്ധ്യത ഏറ്റെടുത്തിരിക്കുന്ന ആഗ്രഹപണ്ഡിതന്മാരുമൊക്കെ വേറേയും! }}}

ഇതിലെ പരിഹാസവും അദ്ദേഹത്തിന് മതവിശ്വാസികളോടുള്ള കടുത്ത ശത്രുതയും മതധാര്‍മിക മൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും നാം അവഗണിച്ചാല്‍ ബാക്കി വരുന്ന ഭാഗങ്ങളില്‍ ഞാനിതുവരെ പറഞ്ഞത് അദ്ദേഹം വായിച്ചിരിക്കുന്നു അല്ലെങ്കില്‍ സമാനമായ ചര്‍ച അദ്ദേഹം കണ്ടിരിക്കുന്നു എന്ന് ബോധ്യമാകും. എന്റെ പേര്‍ പരമാമര്‍ശിക്കാത്തതിനാല്‍ എന്റെ പോസ്റ്റിലെ ലേഖനത്തെക്കുറിച്ചാണ് അദ്ദേഹം പരഞ്ഞത് എന്ന് കരുതിയാല്‍ അത് കേവലം ഊഹം മാത്രമേ ആകൂ. മാത്രമല്ല അദ്ദേഹം പതിച്ചുനല്‍കിയ പരിഹാസം സ്വയം തലയിലേറ്റാന്‍ ഞാന്‍ തയ്യാറുമല്ല.

 യുക്തിവാദികളെ വല്ലാതെ പ്രകോപിപ്പിക്കുന്നത് ഇതാണ്, പലര്‍ക്കും ദൈവം ഉണ്ടോ ഇല്ലേ എന്നുപോലും തീരുമാനമാകാത്ത അവസ്ഥയില്‍, ദൈവത്തിന്റെ നിയമവും നിര്‍ദ്ദേശവും എന്ന നിലക്ക് വചനങ്ങള്‍ പറയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും മാത്രമല്ല; ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും സ്വഭാവം വിശദീകരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ 'ദൈവത്തെ കയ്യിലിട്ട് അമ്മാനമാടുന്നു' (പ്രയോഗത്തിന് ബാബുവിനോട് തന്നെ കടപ്പാട്). ഇതെങ്ങനെ സാധിക്കുന്നു?. തര്‍ക്കമില്ല, ഏതോ ഒരു ഗ്രന്ഥം വേദമാണെന്ന് ആരോ പറയുന്നത് കേട്ടു. അതില്‍ അന്ധമായി വിശ്വസിച്ച് എന്തൊക്കെയോ പറയുന്നു ഇതാണ് ധാരണ. അങ്ങനെ അല്ല, നല്ലവണ്ണം പഠിച്ചും ചിന്തിച്ചും തന്നെയാണ് മുകളില്‍ നല്‍കിയ രൂപത്തില്‍ പരിഹസിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ ഒന്നും അവരുടെ വാക്കിലൂടെ പുറത്ത് വരുന്നില്ല.യുക്തിവാദികളെ വല്ലാതെ പ്രകോപിപ്പിക്കുന്നത് ഇതാണ്  പലര്‍ക്കും ദൈവം ഉണ്ടോ ഇല്ലേ എന്നുപോലും തീരുമാനമാകാത്ത അവസ്ഥയില്‍ ദൈവത്തിന്റെ നിയമവും നിര്‍ദ്ദേശവും എന്ന നിലക്ക് വചനങ്ങള്‍ പറയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും മാത്രമല്ല ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും സ്വഭാവം വിശദീകരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ദൈവത്തെ കയ്യിലിട്ട് അമ്മാനമാടുന്നു (പ്രയോഗത്തിന് ബാബുവിനോട് തന്നെ കടപ്പാട്). ഇതെങ്ങനെ സാധിക്കുന്നു. തര്‍ക്കമില്ല ഏതോ ഒരു ഗ്രന്ഥം വേദമാണെന്ന് ആരോ പറയുന്നത് കേട്ടു. അതില്‍ അന്ധമായി വിശ്വസിച്ച് എന്തൊക്കെയോ പറയുന്നു ഇതാണ് ധാരണ. അങ്ങനെ അല്ല നല്ലവണ്ണം പഠിച്ചിട്ടും ചിന്തിച്ചും തന്നെയാണ് മുകളില്‍ നല്‍കിയ രൂപത്തില്‍ പരിഹസിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ ഒന്നും അവരുടെ വാക്കിലൂടെ പുറത്ത് വരുന്നില്ല.

എന്താണ് ഖുര്‍ആന്റെ വാദം:


ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവിലത്തെ വേദവും ഏറ്റവും അവസാനത്തെ മാര്‍ഗനിര്‍ദ്ദേശപത്രികയുമാണത്.

ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിക്കുന്നത് കൊണ്ടുമാത്രം ദൈവികമായിക്കൊള്ളണം എന്നില്ല. ശരിയായ കാര്യങ്ങളിലെന്ന പോലെ തെറ്റായ കാര്യങ്ങളും വാദിക്കാറുണ്ട്. മതങ്ങളുടെ ചരിത്രത്തില്‍ അതിനുദാഹരണങ്ങള്‍ ഒട്ടും കുറവല്ല. ചിലര്‍ കള്ളപ്രവാചകത്വം വാദിച്ചിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ദൈവവചനങ്ങളായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതനേതാക്കളെ ദൈവമായിത്തന്നെ ജനങ്ങള്‍  അംഗീകരിച്ചിട്ടുണ്ട്.  ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ തീര്‍ചയായും ചോദ്യമുന്നയിക്കപ്പെടാം. ഖുര്‍ആന്‍ ദൈവികവചനമാണെന്നതിന് തെളിവെന്ത്?.

അടുത്ത ഏതാനും പോസ്റ്റുകളില്‍ ഖുര്‍ആന്‍ ദൈവികവചനമാണെന്നതിനുള്ള തെളിവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുകയാണ്.  ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തെ അനുസ്മരിച്ചുകൊണ്ട് അതിന് തുടക്കം കുറിച്ച റമളാന്‍മാസം നോമ്പനുഷ്ഠിച്ചുകൊണ്ട് ലോകമുസ്‌ലിംകള്‍ അതിനെ സത്യപ്പെടുത്തുന്ന ഈ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്കും ഈ ഗ്രന്ഥത്തെ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്കും ഈ ചര്‍ച പ്രയോജനപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review