2010, ജൂൺ 23, ബുധനാഴ്‌ച

ഈ വിശ്വാസികള്‍ക്ക് ബുദ്ധിയില്ലേ?.

കഴിഞ്ഞ പോസ്റ്റില്‍ നാം ചര്‍ച ചെയ്തത്. ദൈവാസ്തിത്വത്തിന്റെ ബുദ്ധിപരമായ സാധ്യതകളെക്കുറിച്ചാണ്. അസ്തിത്വം/ഉണ്മ എന്നതിന് മൂന്ന് സാധ്യതകളാണ് നാം സൂചിപ്പിച്ചത്. ഇതില്‍ അനിവാര്യമായ ഒരു ഉണ്മയെ മനുഷ്യബുദ്ധി തേടുന്നുവെന്നും. അതായിരിക്കണം സംഭവ്യമായ ഉണ്മയുടെ കാരണമെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതിന് എന്ത് പേര് നല്‍കുന്നു എന്നത് പ്രസക്തമല്ല. തികഞ്ഞ നിരിശ്വരവാദികള്‍ പോലും ഒരു കാരണത്തെ തേടുകയും പറയുകയും ചെയ്യാറുണ്ട്. ദൈവം എന്ന് പറയാന്‍ അവര്‍ തയ്യാറാകില്ല എന്ന് മാത്രമേയുള്ളൂ. മറ്റുപേരുകള്‍ അവര്‍ക്കും പഥ്യമാണ്. ചിലര്‍ ദൈവത്തെത്തന്നെ അംഗീകരിച്ചുതരും പക്ഷെ അവരുടെ വിശേഷങ്ങളോടുകൂടിയുള്ളതായിരിക്കണം എന്നുമാത്രം. ഇതൊക്കെ മനുഷ്യബുദ്ധിക്ക് അസാധ്യമോ യുക്തിഹീനമോ അല്ല ദൈവാസ്തിത്വം എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ദൈവത്തെ കണ്ടെത്താന്‍ ബുദ്ധികൊണ്ട് സാധിക്കുമെങ്കില്‍ എന്തിനാണ് പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ എങ്ങനെയാണ് മനുഷ്യന്റെ ബുദ്ധിപ്രവര്‍ത്തിക്കുന്നത് എന്ന നാം ചിന്തിക്കുകയാണങ്കില്‍ ബുദ്ധിയുടെ പരിമിതി നമ്മുക്ക് ബോധ്യപ്പെടും. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തീരുമാനം കല്‍പിക്കുകയാണ് ബുദ്ധിചെയ്യുന്നത്. മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്. പ്രായത്തിന്റെയും കാലത്തിന്റെയും വളര്‍ചക്കൊത്ത് ബുദ്ധി അപക്വതയില്‍നിന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനില്‍ ചെറുപ്പം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതത്തില്‍ അനുഭവപ്പെടുന്ന ഈ പരിണാമം വിചിത്രമാണ്. ഒരു ഘട്ടത്തില്‍ സ്വീകാര്യമായി തോന്നുന്ന നടപടികള്‍ മറ്റൊരു ഘട്ടത്തില്‍ വര്‍ജ്യമായിമാറുന്നു. ഈ വീക്ഷണ വൈരുധ്യം ഒരേ വ്യക്തിയുടെ ബുദ്ധിപരമായ പരിവര്‍ത്തനത്തിന്റെ താല്‍പര്യമാകുന്നു. തലമുറകളുടെ വികാസഘതിയിലും ദൃഷ്യമാണീ അവസ്ഥ. മനുഷ്യന്റെ മുന്‍അറിവുകളും മുന്‍ധാരണകളും ബുദ്ധിയുടെ തീരുമാനത്തെ നന്നായി ബാധിക്കുന്നു എന്നത് നമ്മുക്ക് അനുഭവമാണ്. ബുദ്ധിപൂര്‍ണമായും സ്വയം മാര്‍ഗദര്‍ശകമല്ലെന്നും മറ്റൊന്നിന്റെ മാര്‍ഗദര്‍ശനത്തിന്നത് വിധേയമാണന്നും ഇത് തെളിയിക്കുന്നു.

"മനുഷ്യഹൃദയം പ്രകൃത്യാതന്നെ ഏതെങ്കിലുമൊരുവസ്തുവില്‍ വിശ്വസിക്കുവാനും ഏതെങ്കിലും ഒരു വസ്തുവിനെ പ്രേമപാത്രമായി സ്വീകരിക്കാനും നിര്‍ബന്ധിക്കുന്നു. വിശ്വസിക്കാനും പ്രേമിക്കാനും യോഗ്യതയുള്ള ഒരു വസ്തുവിനെ അതിന് കിട്ടിയില്ലെങ്കില്‍ നിരുപയോഗവും ചീത്തയുമായൊരു മാര്‍ഗത്തിലേക്കത് വഴുതി പോകും" എന്ന് മനുഷ്യമനസ്സിനെക്കുറിച്ച് പഠിച്ച ചിന്താകന്‍മാര്‍ പറഞ്ഞുവെച്ചത് നമ്മുടെ അനുഭവങ്ങളെ ശരിവെക്കുന്നു. നമ്മുക്ക് വിശ്വസിക്കാനും പ്രേമിക്കാനും  യഥാര്‍ഥ യോഗ്യതയുള്ള വസ്തുവിനെയും വസ്തുതയെയും കണ്ടെത്തുക എന്നത് പരമപ്രധാനമാണ്. അതിന് ബുദ്ധിയെ മാത്രം അവലംബിച്ചാല്‍ മതിയാവില്ല. അവിടെയാണ് ദിവ്യമായ വെളിപാടുകള്‍ നമ്മെ സഹായിക്കുന്നത്. എന്നാല്‍ ഇവിടെയും മനുഷ്യബുദ്ധിയെ ശരിയായ തീരുമാനത്തിലെത്തിക്കണമെങ്കില്‍ ശരിയായ പഠനം നാം നടത്തേണ്ടിവരും. അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.

യുക്തിവാദികള്‍ക്ക് പലപ്പോഴും പറ്റുന്ന അബദ്ധമുണ്ട്. മനുഷ്യബുദ്ധിയുടെ ഈ പരിമിതി അവര്‍ അവഗണിക്കുകയും ഗവേഷണത്തിനും പ്രകൃതിപഠനത്തിനും സഹായിക്കുന്ന ബുദ്ധിയെ യുക്തിയായി മനസ്സിലാക്കുകയും ചെയ്യുന്നു. പദാര്‍ഥനിഷ്ഠമായ സ്ഥൂല സംഭവങ്ങളെയും അവയുടെ പരസ്പരബന്ധങ്ങളെയും സംബന്ധിച്ച് മനസ്സിലാക്കി ബുദ്ധിക്ക് നേര്‍വഴികാണിക്കാനെ യുക്തി സഹായിക്കുകയുള്ളൂ. അതിലെന്താണ് കുറവ് എന്ന് ചോദിക്കാം. ശാസ്ത്രനിരീക്ഷണങ്ങളോട് പൊരുത്തപ്പെടാത്ത ശാസ്ത്രമാനദണ്ഡങ്ങള്‍ക്ക് വിലയിരുത്താനാകാത്ത നിരവധി മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യജീവിതം സംവിധാനിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ മുകളില്‍ നല്‍കിയ യുക്തിയെമാത്രം അവലംബിക്കുന്നതിലെ യുക്തിയില്ലായ്മ നമ്മുക്ക് ബോധ്യപ്പെടും. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. കത്തിക്കൊണ്ടിരിക്കുന്ന വീടിനകത്ത് പെട്ടുപോയ ഒരു സ്ത്രീയെ രക്ഷപ്പെടുത്തണം. രണ്ടുമൂന്ന് യുവാക്കള്‍ അതിന് സന്നദ്ധമാകുന്നു. തങ്ങളുടെ ജീവന്‍ തൃണവല്‍ഗണിച്ചേ അവര്‍ക്കത് ചെയ്യാവൂ എന്ന അവസ്ഥയില്‍ മനുഷ്യബുദ്ധിയും യുക്തിയും ആ പ്രവര്‍ത്തനത്തിലെ യുക്തിശൂന്യതയാണ് മനുഷ്യനോട് കല്‍പിക്കുക. പിന്നീട് അവരെ പ്രചോദിപ്പിക്കുന്ന വികാരം ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ കഴിയാത്ത ഒരു മൂല്യവുമായി ബന്ധപ്പെട്ടതാണ്. യുക്തിവാദികള്‍ക്കടക്കം ഇതില്‍നിന്നും മാറിചിന്തിക്കാനാവില്ല. എങ്കിലും മൂല്യങ്ങളുടെയും സദാചാരത്തിന്റെയും അസ്തിത്വത്തെ അവര്‍ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത് അവരുടെ തത്വശാസ്ത്രവുമായി ഈ മൂല്യങ്ങളെ എവിടെവെച്ച് യോജിപ്പിക്കണം എന്നറിയാത്തതുകൊണ്ടാണ്. ബുദ്ധിയെയും യുക്തിയെയും മാത്രം ജീവിതത്തിന്റെ മാര്‍ഗദര്‍ശകമായി കാണാനുള്ള പ്രവണത അവര്‍ കാണിക്കുന്നതും അതുകൊണ്ടാണ. ദ്രോഹബുദ്ധി തെറ്റാണെന്നും സ്‌നേഹം നല്ലതാണെന്നും സമൂഹം വിധിയെഴുതുന്നു. പക്ഷെ അവയുടെ തെറ്റും ശരിയും സമര്‍ഥിക്കാന്‍ പറ്റിയ ശാസ്ത്രീയ യുക്തിയില്ല എന്നതാണ് നേര്. റസ്സലിനെപ്പോലുള്ള ചിന്തകന്‍മാര്‍ ഈ വസ്തുത അംഗീകരിച്ചിട്ടുണ്ട്. ശാസ്ത്രത്തിന് മൂല്യബോധമില്ലെന്ന് വരുന്നത് അപകടകരമാണെന്നും അതിനാല്‍ ആധുനിക ശാസ്ത്രജ്ഞന്റെ ഒരു കടമ ശാസ്ത്രത്തെ മൂല്യങ്ങളോട് അടുപ്പിച്ചുനിര്‍ത്തുകയാണെന്നും പ്രൊഫ. ബ്രൊണോവ്‌സ്‌കിയെ പോലുള്ളവര്‍ വാദിക്കുന്നതും ഇക്കാരണത്താലാണ്.

ബുദ്ധിയെ സംബന്ധിച്ച് അടുത്തകാലം വരെ വെച്ചുപുലര്‍ത്തപ്പെട്ടിരുന്ന ധാരണകള്‍ അപൂര്‍ണമാണെന്ന് കണ്ടെത്തിയത് അബോധമനസ്സിന്റെ ഉള്ളറകളില്‍ പ്രവര്‍ത്തിക്കുന്ന ബോധശക്തിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതോടെയാണ്. മസ്തിഷ്‌കത്തിന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പല യുക്തികളും ഹൃദയത്തിനുള്ളതായി പാസ്‌കല്‍ പറയുന്നു. യഥാര്‍ഥ ജ്ഞാനത്തില്‍ യുക്തിയെപ്പോലെ മാനസികമായ കഴിവുകള്‍ക്കുള്ള പങ്കും കൂടുതല്‍ വ്യക്തമായി വരികയാണ്. ഹൃദയം രക്തം പമ്പുചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനപ്പുറം മനസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെകൂടി പ്രഭവ കേന്ദ്രമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ കണ്ടെത്തലുകള്‍ നടത്തപ്പെട്ടത് ഇയ്യിടെയാണ്. ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയവരില്‍ കാണപ്പെട്ട പെരുമാറ്റവും മാനസിക വ്യാപാരങ്ങളും അതിന് പ്രയോജനപ്പെടുത്തകയുണ്ടായി. കണ്ണുകളെയല്ല അന്ധതബാധിക്കുന്നത് മറിച്ച് നെഞ്ചകത്തുള്ള ഹൃദയത്തെയാണ് എന്ന ഖുര്‍ആന്‍ സൂക്തത്തിന് ആലങ്കാരികാര്‍ഥത്തിലുപരിയായ വാചികാര്‍ഥം തന്നെയാണോ ഉള്ളത് എന്ന് അതൊടൊപ്പം ചിന്തിച്ചുപോകുന്നു.

നമ്മുടെ അറിവിലും വിശ്വാസത്തിലും മസ്തിഷ്‌കങ്ങള്‍ക്കുപരിയായ ചില കാര്യങ്ങള്‍കൂടി ആവശ്യമായി വരുന്നു. അത് യുക്തഹീനത്വമല്ല. മഹത്മാ ഗാന്ധിജിയുടെതായി ഉദ്ധരിക്കപ്പെടുന്ന ഈ വാക്കുകള്‍ വിശ്വാസത്തെ പരാമര്‍ശിക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകേണ്ടതാണ്. "നിങ്ങളുടെ യുക്തിക്കും ബുദ്ധിക്കും എത്തുവാനോ എത്തിക്കുവാനോ സാധിക്കാത്ത വിഷയങ്ങളും സ്ഥാനങ്ങളുമുണ്ട്. അവിടെ നിങ്ങളുടെ ഏകാവലംബവും വഴികാട്ടിയും നിങ്ങളുടെ പ്രശാന്തവും സുദൃഢവുമായ വിശ്വാസം മാത്രമാകുന്നു. വിശ്വാസം യുക്തി-ബുദ്ധികളെ നിഷേധിക്കുകയല്ല, അവയ്കും അപ്പുറത്തേക്ക് കടക്കുകയാണ്. വിശ്വാസത്തെ പഞ്ചേന്ദ്രിയങ്ങള്‍ക്കും മീതെയുള്ള ഒരു ആറാമത്തെ ഇന്ദ്രിയമായി കരുതാം അതിന് ഇന്ദ്രിയാതീതമായതിനെ സ്പര്‍ശിക്കാനും ദര്‍ശിക്കാനും കഴിയും"

ചുരുക്കത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ലഭ്യമാകുന്ന നിഗമനങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തില്‍ മറ്റൊന്നിനും സ്വാധീനമുണ്ടാകരുതെന്ന വാശി ഒറ്റപ്പെട്ട യുക്തിവാദികള്‍ക്ക് മാത്രമേ വെച്ച് പുലര്‍ത്താന്‍ കഴിയൂ. അത് മഹാബുദ്ധിയും ശാസ്ത്രീയതയുമായി സ്വയം വിലയിരുത്തുകയും അവരല്ലാത്ത മതവിശ്വാസികളെ മുഴുവന്‍ ബുദ്ധിയില്ലാത്തവരും യുക്തിയെ മരവിപ്പിച്ച് നിര്‍ത്തിയവരും അന്ധവിശ്വാസികളുമായി കണക്കാക്കി മനുഷ്യരിലെ മഹാഭൂരിപക്ഷത്തെ പരിഹസിക്കുന്ന ആധുനിക യുക്തിവാദനാട്യക്കാര്‍ ഒരു തരം മിഥ്യാധാരണയിലാണ്. എ.ഇ മാന്ററുടെ ഈ വരികള്‍ ശ്രദ്ധേയമാണ്: "ഇന്ദ്രിയങ്ങള്‍ മുഖേന നമുക്ക് മനസ്സിലാകുന്ന യഥാര്‍ഥ്യങ്ങള്‍ (Perceived Facts) ആണ്. പക്ഷെ, നമുക്ക് മനസ്സിലാക്കാന്‍ കവിയുന്ന യഥാര്‍ഥ്യങ്ങള്‍ പ്രത്യക്ഷമായ പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ മാത്രമല്ല, അവയ്ക് പുറമെ മറ്റനേകം യാഥാര്‍ഥ്യങ്ങളുണ്ട്. നേര്‍ക്ക് നേരെ അവയെക്കുറിച്ച് അറിവ് നമുക്ക് ലഭ്യമല്ലെങ്കിലും അവയെപ്പറ്റിമനസ്സിലാക്കുക സാധ്യമാണ്. യുക്തിയുക്തമായ നിഗമനമാണതിന്റെ മാര്‍ഗം. ഇങ്ങനെ അറിയുന്ന യാഥാര്‍ഥ്യങ്ങളെ അനുമാനാധിഷ്ഠിത യാഥാര്‍ഥ്യങ്ങള്‍ (Inferred Facts) എന്ന് വിളിക്കാം."

അതോടൊപ്പം ശാസ്ത്രവാദികള്‍ മറക്കാന്‍ പാടില്ലാത്ത വരികളാണ് ജെ. ഡബ്ലിയു. എന്‍ സുല്ലിവന്റെ ഈ വാക്കുകള്‍: "എല്ലാ ശാസ്ത്രീയാഭിപ്രായങ്ങളും തെറ്റാവാന്‍ സാധ്യത ഏറെയുണ്ട്. ഇന്നു നാം അംഗീകരിക്കുന്ന ചിന്താഗതികള്‍ യഥാര്‍ഥ്യമാവുന്നത് നിലവിലുള്ള നമ്മുടെ അനുഭവത്തിന്റെ പരിധി പരിഗണിച്ചു മാത്രമാണ്. സത്യം (Truth) ഇപ്പോഴും ശാസ്ത്രലോകത്ത് വൈജ്ഞാനികവും പ്രായോഗികവുമായ.ഒരു പ്രശ്‌നം (Pragmatic Affair) ആകുന്നു." ഇവ യഥാവിധി വിലയിരുത്തിയാല്‍ ഇന്ന് ബൂലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന സയന്റിഫിക് ഫിലോസഫി വളരെ ദുര്‍ബലമാണെന്ന് കാണാം.

ഈ ദൗര്‍ബല്യത്തിന്റെ ഒരു ഭാഗമാണ് യുക്തിവാദികള്‍ എന്നറിയപ്പെടുന്ന ബൂലോക പുലികളെയും പിടികൂടിയിരിക്കുന്നത്. അവരുടെ ദൗര്‍ബല്യത്തെ അവര്‍ ശക്തിയായി കാണുന്നു. അതേ ശക്തി വിശ്വാസികള്‍ക്ക് ലഭിക്കാത്തതില്‍ അവര്‍ കുണ്ഠിതപ്പെടുകയും ചെയ്യുന്നു. ചിലര്‍ വളരെ ആത്മാര്‍ഥമായി തന്നെ എനിക്കും മറ്റ് ഇതരവിശ്വാസികള്‍ക്കും കാര്യങ്ങള്‍ അറിയാമെന്നും എന്നാല്‍ മതത്തോടും മതഗ്രന്ഥത്തോടുമുള്ള പ്രതിപത്തിയാല്‍ (തീവ്രത എന്നാണ് പലപ്പോഴും അവര്‍ ഉപയോഗിക്കുന്നത്.) കാര്യങ്ങളെ മറച്ചുവെക്കുകയാണെന്നും വാദിക്കുന്നു. അവരോട് വിനയപൂര്‍വം പറയാനുള്ളത് കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നിങ്ങളെ വിമര്‍ശിക്കുന്നത്. പക്ഷെ നിങ്ങളെക്കാള്‍ കൂടുതലായി ചിലകാര്യങ്ങള്‍ക്കൂടി ഞങ്ങള്‍ വിശ്വാസികള്‍ മനസ്സിലാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

സയന്റിഫിക് ഫിലോസഫി എന്നറിയപ്പെടുന്ന കേവല യുക്തിവാദത്തിന്. മനുഷ്യനെ വഴികാട്ടാന്‍ കഴിയില്ല. ഒരു സമൂഹത്തിന് മാര്‍ഗദര്‍ശനമേകാനും. മതമുക്തമായ തോന്നിയപോലെ ജീവിക്കുന്ന അധര്‍മികളുടെ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ഈ യുക്തിവാദികള്‍ക്ക് കഴിഞ്ഞാലും അവര്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ഏല്‍ക്കുകയില്ല. മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഒരു സമൂഹത്തില്‍ അവരുടെ ശ്രമം പറ്റെ പരാജയപ്പെടുന്നത് ഒരു വസ്തുതയാണ്. മഹാബുദ്ധിമാന്‍മാരും ശാസ്ത്രത്തിന്റെ ആളുകളുമെന്ന് പറയുന്നവര്‍ മതവിശ്വാസികളുടെ മുമ്പില്‍ നിരന്തരം തോല്‍വി സമ്മതിക്കേണ്ടി വരുന്നത്. അവരുടെ കൈവശമുള്ളതില്‍ മനുഷ്യന് ശാന്തിയടയാന്‍ കഴിയാത്ത വിധം അപൂര്‍ണമാണ് എന്ന തിരിച്ചറിവ് ഭൂരിപക്ഷം മനുഷ്യരും പുലര്‍ത്തുന്നത് കൊണ്ടാണ്.

അതുകൊണ്ട് നാം നേരത്തെ സൂചിപ്പിച്ച ഗവേഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന പദാര്‍ഥത്തിനപ്പുറം മനുഷ്യചിന്തയെ കൊണ്ടുപോകാന്‍ സന്നദ്ധമാകുന്നവര്‍ മാത്രമേ മനുഷ്യരെ പൊതുവായി ബാധിക്കുന്ന വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വേദിയില്‍ പരിഗണനാര്‍ഹമാകുന്നുള്ളൂ. അത്തരം ചില സാധ്യതകളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ ചര്‍ച ചെയ്യാം.

2010, ജൂൺ 20, ഞായറാഴ്‌ച

ദൈവാസ്തിത്വവും ബുദ്ധിയും

പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടുന്നതോ പദാര്‍ഥലോകത്തിന്റെ കാര്യകാരണ നിയമങ്ങളിലൂടെ കണ്ടെത്താവുന്നതോ അല്ല ദൈവത്തിന്റെ അസ്തിത്വമെന്ന് ആദ്യം അറിയുക. ദൈവത്തിന്റെ അസ്തിത്വം യുക്തിക്ക് വിരുദ്ധമല്ല. ദൈവം ഭൗതികയുക്തിക്ക് അപ്രാപ്യനാണെന്ന് മാത്രമേ പറയാനാവൂ. ദൈവത്തെ അനുഭവവേദ്യമാക്കാന്‍ പര്യാപ്തമായ ഇന്ദ്രിയങ്ങള്‍ നമ്മുക്കില്ല. ഭൗതിക ലോകത്തിന്‍രെ കാര്യകാരണനിയമങ്ങളുടെ സൃഷ്ടാവ് ആ കാര്യകാരണവ്യവസ്ഥക്കും അതീതനായിരിക്കും. അതുകൊണ്ട് ദൈവത്തെ പരീക്ഷണശാലയില്‍ ഗവേഷണം നടത്തി കണ്ടുപിടിക്കാനാവില്ല. ഈ വ്‌സ്തുതകള്‍ അംഗീകരിച്ചുകൊണ്ടേ ദൈവത്തെക്കുറിച്ച് ചിന്തിക്കാനാവൂ.

ഭൗതിക പ്രപഞ്ചത്തെ സ്ഷ്ടിച്ച ദൈവം ഭൗതികനാകാവതല്ല. ഭൗതിക പ്രതിഭാസങ്ങളെ അറിയാനുള്ള ഉപാധികൊണ്ട് അതിഭൗതിക പ്രതിഭാസങ്ങളറിയാനാവില്ല. അപ്രകാരം അറിയാന്‍ ശ്രമിക്കുന്നു എന്നതാണ് കേവലയുക്തിവാദികള്‍ ദൈവത്തെ നിഷേധിക്കുന്നതിനുള്ള പ്രഥമ കാരണം. ദൈവം ഇന്ദ്രിയ ഗോചരനല്ല എന്നത് മാത്രമാണ് കേവലയുക്തിവാദികള്‍ക്ക് ദൈവത്തെ നിഷേധിക്കാനുള്ള ഏക ന്യായം. ദൈവം ഇന്ദ്രിയ ഗോചരനാണ് എന്ന് വാദിക്കുന്ന ദൈവസങ്കല്‍പത്തിന് മാത്രമേ ഇത് ഖണ്ഡനമാകുകയുള്ളൂ. ദൈവം ഇന്ദ്രിയ ഗോചരനല്ല എന്ന ഒരു ദൈവവീക്ഷണത്തോടും ആ വാദം വിലപോവില്ല. ദൈവത്തിന്റെ അഭാവത്തെ വെളിപ്പെടുത്താന്‍ അതിനാല്‍ അത്തരം തെളിവുകളെ അവലംബിക്കുന്നത് അസംബന്ധമാണ്. ദൈവത്തിന്റെ അസ്തിത്വസാധ്യതയെ ഒരനിവാര്യതയായി ഉയര്‍ന്നുന്ന ബുദ്ധിപരമായ തെളിവുകള്‍ ദൈവശാസ്ത്രകാരന്‍മാര്‍ പണ്ടേ പറയാറുള്ളതാണ്. അവയെ നമ്മുക്കൊന്നു പരിശോധിക്കാം.

ഉണ്മകള്‍ മൂന്നിനമാകുന്നു.

1. ഉണ്ടാവല്‍ അസംഭവ്യമായ ഉണ്മ.

2. ഉണ്ടാവലും ഇല്ലാതിരിക്കലും സംഭവ്യമായ ഉണ്മ.

3. ഉണ്ടായിരിക്കല്‍ അനിവാര്യമായ ഉണ്മ.

മൂന്നാമതൊരു ഉണ്മയില്ല. ആദ്യത്തേത് തീര്‍ത്തും അസംഭവ്യമാകുന്നു. അത് ഉളവാകുക ഒരിക്കലും സാധ്യമല്ല. രണ്ടാമത്തേത് ഉണ്ടാവുകയും ഇല്ലാതിരിക്കുകയും ചെയ്യാം. ആദ്യം ഇല്ലാതിരിക്കുകയും പിന്നെ ഉണ്ടാവുകയും അതിന് ശേഷം നഷിച്ചുപൊകുകയും ചെയ്യുന്ന എല്ലാ ഉണ്മയും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരം ഉണ്മകള്‍ സ്വയം ഭൂവാകുകയ സാധ്യമല്ല. ഇവ ഉണ്ടാകണമെങ്കില്‍ ഒരു നിമിത്തം വേണം. സംഭവ്യമായ ഈ ഉണ്‍മക്ക് മറ്റൊരു സംഭവ്യമായ ഉണ്‍മ ആദ്യന്തികനിമിത്തമാകാന്‍ കഴിയില്ല. അസംഭവ്യമായ ഉണ്മയും സംഭവ്യമായ ഉണ്മക്ക് കാരണമാകില്ല.  ഉണ്ടായിരിക്കല്‍ അനിവാര്യമായ ഉണ്മക്ക് മാത്രമേ അതല്ലാത്ത ഉണ്മക്ക് ആദികാരണമാകാന്‍ കഴിയൂ. അഥവാ സംഭവ്യമായ ഉണ്മ (ഈ പ്രപഞ്ചത്തില്‍ കാണുന്ന സകല വസ്തുക്കളും) അവക്കു നിമിത്തമായി വര്‍ത്തികുന്ന അനിവാര്യമായ ഒരു ഉണ്മയെ സ്ഥിരപ്പെടുത്തുന്നു. ആ അനിവാര്യമായ ഉണ്മ സദാ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. അതിനാല്‍ അത് അനാദിയും അനന്തവുമാകുന്നു. ഇങ്ങനെയുള്ള ഉണ്മക്ക് ഉത്ഭവകാരണം ആവശ്യമില്ല. ഭൗതിക പ്രപഞ്ചത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നുവെങ്കില്‍ അതിനു നിമിത്തമായ ഒരഭൗതിക അസ്തിത്വത്തെയും അംഗീകരിക്കേണ്ടി വരും. (തുടരും)

2010, ജൂൺ 17, വ്യാഴാഴ്‌ച

'God! Not enough evidence ?'

നിങ്ങള്‍ ദൈവത്തെ നിഷേധിക്കുകയും, മരണശേഷം ഇസ്‌ലാം (അല്ലെങ്കില്‍ സമാന ദൈവസങ്കപ്പവും പരലോകവിശ്വാസവുമുള്ള മറ്റുമതങ്ങള്‍) പറയുന്ന പ്രകാരം ദൈവനിഷേധത്തിന്റെ പേരിലും ആ ദൈവിക കല്‍പനകള്‍ അംഗീകരിക്കാത്തതിന്റെ പേരിലും നിങ്ങള്‍ നരകത്തിലിടപ്പെടുകയാണെങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. ദൈവമേ തെളിവ് പോരായിരുന്നു നിന്നില്‍ വിശ്വസിക്കാന്‍ എന്ന് നിങ്ങള്‍ ആര്‍ത്ത് വിലപിക്കുമോ, അത് ന്യായമാണ് എന്നവിധം ദൈവത്തോട് തര്‍ക്കിച്ചുനോക്കുമോ.

രസകരമായ ആ പരാമര്‍ശമുള്ളത് ബ്രൈറ്റിന്റെ ബ്ലോഗിലാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഇനി ദൈവമുണ്ടെങ്കില്‍,എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '. 

ഇത് ദൈവത്തോട് പറഞ്ഞാല്‍ ദൈവം സ്വീകരിക്കുമോ. ഇല്ലേ. ഇല്ലന്നാണ് എന്റെ പക്ഷം. താങ്കള്‍ക്കെങ്ങനെ അത് മനസ്സിലായി എന്ന് ചോദിക്കാം. എനികുള്ള മറുപടി രണ്ട് വിധത്തിലാണ്. ഒരു മനുഷ്യന് ദൈവത്തെ ഉള്‍കൊള്ളാനും വിശ്വസിക്കാനുമുള്ള ബുദ്ധിപരവും യുക്തിപരവുമായ തെളിവുകള്‍ ലഭ്യമാണ് എന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം. ദൈവം വെളിപാടിലൂടെ അറിയിച്ച അഭൗതികജ്ഞാനമാണ്.

"Not enough evidence, God! Not enough evidence" എന്ന ന്യായമായ അവകാശവാദം ഉന്നയിക്കുന്ന മനുഷ്യമനസ്സിനെ ദൈവം കാര്യമായിപരിഗണിച്ചിട്ടുണ്ടെന്നാണ് ദൈവം തന്നെ വേദത്തിലൂടെ പറയുന്നത്. (വിശുദ്ധഖുര്‍ആനെ ഇവിടെ ഉദ്ധരിക്കുന്നത് അതില്‍ വിശ്വസിക്കാത്തവര്‍ക്കാണ്. വിശ്വസിക്കാനല്ല. ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് അവരെ അറിയിക്കാന്‍ വേണ്ടി മാത്രം.)  നോക്കുക.

ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)

(മാനവസമുദായത്തിന്റെ മേല്‍ ന്യായം പൂര്‍ത്തീകരിക്കുകയെന്ന ഉദ്ദേശ്യമാണ് എല്ലാ പ്രവാചക നിയോഗത്തിലുമുണ്ടായിരുന്നത്. തനിക്ക് അറിവ് ലഭിച്ചില്ല; യാഥാര്‍ഥ സ്ഥിതി ബോധ്യപ്പെടാനുള്ള യാതൊരേര്‍പ്പാടും ദൈവം ചെയ്തില്ല എന്ന ഒഴികഴിവ് ദൈവസന്നിധിയില്‍ നാളെ അന്ത്യവിചാരണാ സമയത്ത്, വഴിപിഴച്ച ഒരു ധിക്കാരിക്കും ബോധിപ്പിക്കാന്‍ സന്ദര്‍ഭമുണ്ടാവരുത്. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചയക്കുകയും വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. പ്രവാചകന്മാര്‍ അനേകം ജനങ്ങള്‍ക്ക് വസ്തുസ്ഥിതിയെപ്പറ്റി അറിവുനല്‍കി. വേദങ്ങള്‍ ബാക്കിവെച്ച് അവര്‍ ഇഹലോകം വെടിഞ്ഞു. മനുഷ്യര്‍ക്ക് വഴികാട്ടാനായി ഏതെങ്കിലുമൊരു വേദം എക്കാലത്തും ലോകത്തവശേഷിച്ചിരുന്നു. എന്നിട്ടും വല്ലവനും ദുര്‍മാര്‍ഗം അവലംബിക്കുന്നുവെങ്കില്‍ അതിന്റെ കുറ്റം ദൈവത്തിന്റെയോ ദൈവദൂതന്മാരുടെയോ മേല്‍ ചുമത്തപ്പെടാവതല്ല. പ്രത്യുത, ദൈവസന്ദേശം ലഭിച്ചിട്ടും സ്വീകരിക്കാത്ത വ്യക്തിയുടെ പേരിലോ സത്യപഥത്തില്‍നിന്നും സമസൃഷ്ടികള്‍ വഴിതെറ്റിക്കണ്ടിട്ട് അവരെ ഗുണദോഷിക്കാത്ത അറിവാളന്മാരുടെ പേരിലോ ആയിരിക്കും കുറ്റം ചുമത്തപ്പെടുക.) കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പക്ഷെ ബ്രൈറ്റിനെപോല  ചിലര്‍ ന്യായവാദവും ഒഴിവ് കഴിവും ബോധിപ്പിച്ചുകൊണ്ടിരിക്കും. അവരോട് ദൈവത്തിന് പറയാനുള്ളത് ഇതാണ്:

(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

ഇനി ഇസ്‌ലാം പരിചപ്പെടുത്തുന്ന ദൈവത്തിന് ഇങ്ങനെ പറയാനുള്ള ന്യായം/തെളിവ് ഞാ മനസ്സിലാക്കിയത് പറയാം.

1. സൃഷ്ടിയില്‍ സ്രഷ്ടാവിന്റെ കര്‍തൃത്വം നിലനില്‍ക്കുക അനിവാര്യമാണ്. ഉല്‍പന്നത്തിന്റെ ഉല്‍പാദകന്‍ തന്റെ കര്‍തൃത്വം തിരിച്ചറിയപ്പെടാനുള്ള ഒരു അടയാളമിടാറുണ്ടല്ലോ. ഇവിടെ നല്‍കുന്ന ഒരു കമന്റിന് പോലും അതിന്റെ കര്‍ത്താവിനെ വെളിപ്പെടുത്താതിരിക്കുമ്പോഴുള്ള മാനസിക പ്രയാസം പലരും പങ്കുവെക്കാറുണ്ടല്ലോ. മനുഷ്യനില്‍ അതിന്റെ നിര്‍മാതാവ് വെച്ച അടയാളമാണ് അവനിലുള്ള മനുഷ്യന്റെ വിശ്വാസം. അത് വെളിയില്‍നിന്ന് വന്നതല്ല. മാഹഗ്രന്ഥങ്ങള്‍ വായിച്ചോ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തിയോ ആരും കണ്ടുപിടിച്ചതല്ല. ദൈവവിശ്വാസം എന്നും നമ്മോടൊപ്പമുണ്ട്. ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരദൃശ്യ ശക്തി പ്രവര്‍ത്തികുന്നുവെന്നും ആ ശക്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രപഞ്ചം ചരിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള ഒരടിസ്ഥാനബോധം മനുഷ്യന്റെ അടിത്തട്ടില്‍ മൗലിക പ്രകൃതിയില്‍ നിലീനമായിട്ടുണ്ട്. പല ദൈവനിഷേധികള്‍ക്കും പൂര്‍ണമായ ദൈവനിഷേധം സാധ്യമാകാതെ വരുന്നതും. അവര്‍ അവര്‍ക്ക് വിശ്വസിക്കാവുന്ന ദൈവത്തിന്റെ  മുന്നോട്ട് വെക്കുന്നതും അതുകൊണ്ടാണ്.

ദൈവം മനുഷ്യമനസ്സില്‍ നിക്ഷേപിച്ച ഈ ബോധം (അതും ഒരു ഏകദൈവത്തിലുള്ള ബോധമാണ്.) നരകത്തിലെറിയപ്പെടുമ്പോള്‍ തെളിവ് ലഭിച്ചില്ല എന്ന ഒഴിവ് കഴിവ് സ്വീകരിക്കപ്പെടാതെ പോകുന്നതിന് ദൈവത്തിന്റെ പക്കലുള്ള വ്യക്തമായ ന്യായമാണ്. (ഇവിടെ വായിക്കുക)

 2. ദൈവത്തെക്കുറിച്ചുള്ള അറിവ് തെറ്റിപോകുകയും, തെറ്റായ ദൈവസങ്കല്‍പം രൂപപ്പെടുകയും ചെയ്ത ചരിത്രത്തിന്റെ ദശാസന്ധികളില്‍ ദൈവം പ്രവാചകന്‍മാരെ നിയോഗിച്ച് വ്യക്തമായ അറിവ് നല്‍കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്തു. വക്രതയുടെ മാര്‍ഗം അങ്ങനെ നേരാക്കുകയും യുക്തിരഹിതമായ ദൈവസങ്കല്‍പങ്ങള്‍ക്ക് പകരം മനുഷ്യയുക്തിക്ക് പൂര്‍ണമായും ഇണങ്ങുന്ന ദൈവവീക്ഷണങ്ങള്‍ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെടുകയും ചെയ്തു. ഈ സത്യദര്‍ശനം ദൈവം തന്റെ സൃഷ്ടികളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും ചെയ്തു.

മാര്‍ഗങ്ങളില്‍ വക്രമായതും ഉണ്ടായിരിക്കെ, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുക അല്ലാഹുവിന്റെ ചുമതലയാകുന്നു. (16:9)

ബ്രൈറ്റിനെയും ശുശീലിനെയും പോലുള്ളവരുടെ ഒഴിവ് കഴിവ് സ്വീകരിക്കപ്പെടാതിരിക്കാനുള്ള രണ്ടാമത്തെ ന്യായമാണിത്. ഇതിലൂടെ തെറ്റായ ദൈവസങ്കള്‍പങ്ങള്‍ വെച്ച് ദൈവസങ്കല്‍പം യുക്തിക്ക് നിരക്കുന്നതല്ല എന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള ന്യായം നഷ്ടപ്പെടുന്നു.

3. വേദഗ്രന്ഥത്തിന്റെ സാന്നദ്ധ്യമാണ് ദൈവത്തിനുള്ള മൂന്നാമത്തെ ന്യായം. പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളില്‍നിന്ന് മനുഷ്യര്‍ക്ക് വ്യക്തമായ ദൈവവീക്ഷണം ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. തോറയും ബൈബിളും മറ്റുവേദങ്ങളും ആ ധര്‍മം നിര്‍വഹിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്റെ വരവോടെ മനുഷ്യന് വെക്തമായ ദൈവംവീക്ഷണം ലഭിക്കുന്നതിനാവശ്യമായ എറ്റവും ലളിതവും അനായാസവുമായ മാര്‍ഗം തുറന്ന് കിടക്കുന്നു.

യാതൊരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാകാതിരിക്കട്ടെ: `ഞാന്‍, അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി, ഞാന്‍ അതിനെ പുച്ഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ.` അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍: `കഷ്ടം! അല്ലാഹു എനിക്ക് സന്മാര്‍ഗദര്‍ശനമരുളിയിരുന്നുവെങ്കില്‍ ഞാനും ഭക്തന്മാരുടെ കൂട്ടത്തിലായേനെ!` അല്ലെങ്കില്‍ ശിക്ഷയെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറയാന്‍: `എനിക്ക് ഒരവസരവും കൂടി ലഭിച്ചെങ്കില്‍! അങ്ങനെ ഞാനും സല്‍ക്കര്‍മികളില്‍ ഉള്‍പ്പെട്ടെങ്കില്‍!` (അപ്പോള്‍ അവര്‍ക്ക് ഇങ്ങനെ ഉത്തരം ലഭിക്കും:) `എന്റെ സൂക്തങ്ങള്‍ നിന്റെയടുക്കല്‍ വന്നെത്തിയിട്ടുണ്ടായിരുന്നില്ലേ? എന്നിട്ട് നീയതിനെ തള്ളിപ്പറയുകയും ഗര്‍വോടെ, സത്യനിഷേധികളില്‍ ചേരുകയും ചെയ്തതല്ലേ?` (39:58-59)

ഇതാണ് ഇന്നുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു നിലക്കും ദൈവത്തില്‍നിന്ന് രക്ഷപ്പെടാനാവാത്തവിധം വരിഞ്ഞുകെട്ടുന്ന ദൈവത്തിന്റെ പക്കലുള്ള മറ്റൊരു ന്യായം.

ദൈവത്തിന്റെ ശക്തമായ ഈ മൂന്ന് ന്യായത്തിന്റെയും തെളിവിന്റെയും മുന്നില്‍ 'God! Not enough evidence' എന്ന റസ്സലിന്റെയും ബ്രൈറ്റിന്റെയും വാദം ദൈവിക കോടതിയില്‍ പെട്ടെന്ന് തള്ളിപ്പോകുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും. കട്ടായം.

2010, ജൂൺ 9, ബുധനാഴ്‌ച

യുക്തിവാദികളുടെ ലൈംഗികസദാചാരം.

കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ ഇസ്‌ലാമും യുക്തിവാദവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങളാണ് നാം ചര്‍ചചെയ്തത്. മതത്തിന്റെ ധാര്‍മിക സദാചാരത്തെക്കുറിച്ച് വിശദമായിത്തനെ നാം മന്സ്സിലാക്കി. അവസാന പോസ്റ്റില്‍ , കല്‍പിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഒരു ദൈവം യുക്തിവാദികള്‍ക്കുംമുണ്ടെന്നാണ് ഞാന്‍ പറഞ്ഞുവെച്ചത്. എന്നാല്‍ യുക്തിവാദികള്‍ക്കെല്ലാം ഒരേ മതമല്ല. അതുകൊണ്ടുതന്നെ ഒരാളെ സംബന്ധിച്ചിടത്തോളം ശരിയായത് മറ്റൊരാള്‍ അംഗീകരിക്കണമെന്നുമില്ല. കേരള യുക്തിവാദി സംഘം തന്നെ രൂക്ഷമായ ഭിന്നിപ്പുകള്‍ നിലനില്‍ക്കുന്നു. ഓരോരുത്തര്‍ക്കും തോന്നിയത് പറയുന്നു. കുറച്ചാളുകള്‍ അതംഗീകരിക്കുന്നു. എങ്ങനെ നോക്കിയാലും തങ്ങള്‍ക്ക് അപ്പപ്പോള്‍ തോന്നുന്ന ധാര്‍മികതയിലാണ് പൊതുവെ യുക്തിവാദികള്‍ വിശ്വസിക്കുന്നത്. പലകാരണങ്ങളാല്‍ ഹൈന്ദവ ക്രൈസ്തവ മതവിഭാഗങ്ങില്‍ ജനിച്ചവരും മുസ്ലിം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചതിനാല്‍ പലപ്പോഴും തെറ്റായ സ്വാധീനത്താല്‍ ദൈവനിഷേധ പരമായ വിശ്വാസം സ്വീകരിച്ചവരും. യുക്തിവാദികളുമായി ബന്ധപ്പെടുത്തി വല്ലതും പറയുമ്പോള്‍ മുഴുവന്‍ കാര്യങ്ങളും കേള്‍ക്കാതെ രോഷം കൊള്ളാറുണ്ട്.

'യുക്തിരേഖ' എന്ന യുക്തിവാദികളുടെ മാഗസിന്‍ നല്‍കുന്ന ഒരു സംസ്‌കാരമുണ്ട്. മതത്തിന്റെ ധാര്‍മികമൂല്യങ്ങളില്‍നിന്ന് മുക്തമായി ആ സംസ്‌കാരത്തിലൂടെ കേരള ജനത ചലിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നോര്‍ത്തുനോക്കുന്നത് കൗതുകകരമായിരിക്കും. എന്നാല്‍ സമൂഹം അവരുടെ കാഴ്ചപ്പാടനുസരിച്ച് മാറാന്‍ പോകുന്നില്ല എന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും നല്ല ബോധ്യമുള്ളത് കൊണ്ട്  കാര്യമായി ആരും അത് വിഷയമാക്കാറില്ല. എന്നാല്‍ അതേ യുക്തിവാദികള്‍ പ്രവചാകന്റെ നിയമപ്രകാരമുള്ള ബഹുഭാര്യത്വത്തെയും ഇസ്‌ലാം അതിന്റെ അനുയായികള്‍ക്ക് നിബന്ധനകളോടെ നല്‍കിയ ബഹുഭാര്യത്വമെന്ന ഇളവും പരിഷ്‌കൃത ജനതയോടുള്ള വെല്ലുവിളിയായി വലിയവായില്‍ വിളിച്ചുകൂവുമ്പോള്‍ ചിലരെങ്കിലും താല്‍കാലികമായി വളരെ ഉന്നതമായ മനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ വാദിക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍ കുടുങ്ങാറുണ്ട്. അതേ തുടര്‍ന്ന് ചിലര്‍ തുടര്‍ന്ന് അത്തരം ചര്‍ചകളില്‍ പങ്കെടുക്കുകയും വാദിക്കുകയും ചെയ്യുന്നു. അവര്‍ ഭയപ്പെടുന്നത്, ബഹുഭാര്യത്വം അനുവദിക്കുന്നതിലൂടെ സപത്‌നിക്ക് നേരിടേണ്ടിവരുന്ന മാനസിക പ്രയാസമാണങ്കില്‍. ആ ചര്‍ചക്ക് തുടക്കമിടുന്നവര്‍ ഉദ്ദേശിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗികതക്ക് ഇസ്‌ലാം ഏര്‍പ്പെടുത്തുന്ന വിലക്കുകളെ തകര്‍ക്കുക എന്നത് മാത്രമാണ്.

സ്ഥിരമായി യുക്തിരേഖ വായിക്കുന്ന കൂട്ടത്തിലല്ല ഞാന്‍ ,  കാണുമ്പോള്‍ മറിച്ചുനോക്കാറുണ്ട് എന്ന് മാത്രം. മറിച്ചുനോക്കുമ്പോള്‍ വാങ്ങിവായിക്കണം എന്ന് തോന്നാറില്ലാത്തതിനാല്‍ വാങ്ങാറില്ല. ഇയ്യിടെ ആലിക്കോയ എന്ന സുഹൃത്ത് അയച്ചുതന്ന മെയിലില്‍ നേരത്തെ ഞാന്‍ പറഞ്ഞുവെച്ച പല കാര്യളുടെയും ഉദാഹരണങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ അവ എന്റെ വായനക്കാരുമായി പങ്കുവെക്കണം എന്ന് തോന്നി. ഇതുകൊണ്ട് കാര്യമായി ഞാന്‍ ഉദ്ദേശിക്കുന്നത്. യുക്തിവാദമെന്നാല്‍ യുക്തിപൂര്‍വം കാര്യങ്ങളെ മുഴുവന്‍ വിലയിരുത്തുന്നതിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ചവരെയാണ്. കേരളയുക്തിവാദി സംഘം അവതരിപ്പിക്കുന്ന യുക്തിവാദം ഒരു മതം തന്നെയാണ്. അതിന് ചില വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അത് ചില സംസ്‌കാരം നമ്മെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവനിഷേധവും മതങ്ങളിലുള്ള ചില ആചാരാനുഷ്ഠാനങ്ങളിലെ തരികിടകളിലെ ചില തുറന്ന് കാണിക്കലും മാറ്റിനിര്‍ത്തിയാല്‍ മറ്റുമതങ്ങളില്‍നിന്ന് കാര്യമായ വ്യത്യാസമില്ല. ദൈവത്തെ ആക്ഷേപിച്ചാല്‍ അവരുടെ വികാരം വ്രണപ്പെടില്ല എങ്കിലും ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ച താനെന്ന ദൈവത്തെ പരിഹസിക്കുന്നു എന്ന് തോന്നിയാല്‍ മതി. അവരുടെ വികാരം വ്രണപ്പെടുക മാത്രമല്ല. അക്രമാസക്തരായി ചാടിപുറപ്പെടുക തന്നെ ചെയ്യും. മതങ്ങളാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം എന്ന് പറയുന്നവര്‍ തന്നെ മതമില്ലാത്തവര്‍ നടത്തുന്ന കിരാതമായ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. സഞ്ചാരി എന്ന ബോഗര്‍ തന്റെ ബ്ലോഗിലേക്കുള്ള ഒരു ലിങ്ക് നല്‍കുകയുണ്ടായി. വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ പ്രസ്തുത കമന്റ് ബോക്‌സില്‍നിന്ന് ഞാനത് നീക്കം ചെയ്തുവെങ്കിലും. ആ വ്യക്തിയുടെ അത് പറയാനുള്ള അവകാശത്തെ മാനിക്കുക മാത്രമല്ല. ആ വിഷയം ഇന്ത്യനേരിടുന്ന ഒരു പ്രശ്നമയിപോലും വേണ്ടവിധം പരിഗണിക്കാത്ത പുലി ബ്ലോഗരമാരുടെ നിസ്സങ്കതയി അത്ഭുതവും തോന്നുന്നു. മാവോയിസ്റ്റുകളുടെ ആക്രമണത്തെ യുക്തിവാദി ദൈവനിഷേധികളുടെ പ്രവര്‍ത്തനമായിട്ടാണതില്‍ വിലയിരുത്തിയിട്ടുള്ളത്. സാങ്കേതികമായി യുക്തിവാദികള്‍ക്കതിനോട് വിയോജിക്കാമെങ്കിലും. മതമില്ലാത്തവരും ഭീകരതയില്‍ മതവിശ്വാസികളെന്ന് പറയുന്നവരെക്കാള്‍ നൂറിരട്ടി മുന്നിലാണ് എന്ന ചരിത്രവസ്തുതക്ക് അടിവരയിടുന്നതാണ് അത്. എവിടെ സ്‌ഫോടനം നടന്നും മുസ്‌ലിംകള്‍ അപലപിക്കണം എന്ന് വാശിപിടിക്കുന്നവരും അതിനെതിരെ കാര്യമായി പ്രതികരിച്ചുകണ്ടില്ല. ആരുടെയും ദേശസ്‌നേഹം ഇളകിയില്ല. അത്രയും സൈനികര്‍ കൂട്ടത്തോടെ മരണപ്പെട്ട വല്ല സംഭവവും സ്വതന്ത്രാനന്തര ഭാരതത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തുടര്‍ച്ചയായുണ്ടായ ആക്രമണം കാര്യമായ ചര്‍ചയില്ലാതെ ബ്ലോഗിലെങ്കിലും കെട്ടടങ്ങുന്നത് ആരുടെ താല്‍പര്യമാണ്.

വിഷയത്തിലേക്ക് തിരിച്ചുവരാം. യുക്തിരേഖ 99 സെപ്റ്റംബര്‍ ലക്കത്തിലെ (ഒന്ന്  രണ്ട്) പരാമര്‍ശമാണ് പോസ്റ്റിനാധാരം. ഇസ്‌ലാമിന്റെ ധാര്‍മികതയും സദാചാരവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച നടന്ന സ്ഥിതിക്ക് ഇനി യുക്തിവാദം മുന്നോട്ട് വെക്കുന്ന ധാര്‍മിക സദാചാരത്തിന്റെ മാതൃകകൂടി പരിശോധിച്ചില്ലെങ്കില്‍ എന്റെ ബ്ലോഗിന്റെ ടൈറ്റിലിനോടുള്ള നീതിയാകില്ല.

യുക്തിവാദികളുടെ ലൈംഗിക സദാചാരം:

ഇസ്‌ലാം മനുഷ്യനെ വ്യക്തമായി നിര്‍വചിക്കുകയും അവന്റെ ചുമതലകളും അവന്റെ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്തുകയും ചെയ്യുന്നു. അവന്റെ അവകാശങ്ങളും ബാധ്യതകളും പഠിപ്പിക്കുകയും, ധാര്‍മിക സദാചാരത്തിന് വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നാം കഴിഞ്ഞ പോസ്റ്റിലൂടെ മനസ്സിലാക്കി. എന്നാല്‍ ഇന്നോളം യുക്തിവാദം മനുഷ്യന് അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയതായി കാണുന്നില്ല. തങ്ങളുടെ ജഡികേഛകള്‍ക്കനുസരിച്ച് കാര്യങ്ങളെ വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു പ്രവണത മാത്രമാണ് ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. കൂടെ അധാര്‍മകതയിലേക്ക് നയിക്കുന്ന ഇത്തരം ചില വിലയിരുത്തലുകളും. നിലവിലെ ധാര്‍മികതയെ എങ്ങനെയെങ്കിലും തകര്‍ക്കാനുള്ള ഉല്‍ബോധനങ്ങളും കഴിഞ്ഞാല്‍ ഒരു ദര്‍ശനമെന്ന നിലയിലോ ജീവിതരീതി എന്ന നിലയിലോ യുക്തിവാദത്തിന് ഒരു പ്രസക്തിയുമില്ല.

വിവാഹ പുര്‍വസംഭോഗവും ഗര്‍ഭഛിദ്രവും അനുവദനീയമാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. അതിനെതിരെ ശക്തമായി മതധര്‍മങ്ങളുടെ വിലക്കുകള്‍ ഉള്ളത് കാരണമാകാം നേരിട്ട് പറയാതെ ഒരന്വേഷണ രൂപത്തിലാണ് പ്രസ്തുത കാര്യങ്ങളെ ന്യായീകരിച്ചു തുടങ്ങുന്നത്. ആ ന്യായീകരണം മനുഷ്യനെ ഒരു മൃഗതലത്തില്‍ കാണുന്നവര്‍ക്ക് മാത്രമേ ആകര്‍ഷകമാകൂ എന്നത് വേറെ കാര്യം. സ്ത്രീക്ക് അവളുടെ ശരീരത്തിലുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് അവള്‍ വിവാഹിതയല്ലെങ്കിലും കന്യകയായും സന്താനമില്ലാതെയും തുടരണമെന്ന വാദം എന്നാണ് യുക്തിവാദിയുടെ നിരീക്ഷണം. ഒരോരുത്തര്‍ക്കും സ്വന്തം ശരീരത്തിന്‍മേല്‍ പരമാധികാരമുണ്ടെന്ന കാഴ്ചപ്പാടിലെ പിഴവാണ് ഇവിടെ യഥാര്‍ഥ വില്ലന്‍. അതേ പ്രകാരം ഗര്‍ഭഛിദ്രത്തിനും ന്യയീകരണം അതുതന്നെയാണ്. പ്രസവം വരെ ഗര്‍ഭസ്ഥശിശു ഗര്‍ഭിണിയുടെ ശരീരത്തിന്റെ ഭാഗം മാത്രമാണ് അതുകൊണ്ട് ഗര്‍ഭഛിദ്രം ഗുരുതരമായ ശിശുഹത്യയല്ല. തന്റെ ഉദരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും താന്‍ ഗര്‍ഭം ചുമക്കുന്നതുമായ ഗര്‍ഭം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും ഒരു സ്ത്രീക്ക് മാത്രമാണുള്ളത്. ഇത്രയും പറഞ്ഞിട്ട് ഒരു പ്രതിരോധമാണ്. അതിങ്ങനെ: 'ഏതൊരു സ്ത്രീക്കുമുള്ള ഈ മൗലികാവകാശം നിഷേധിക്കാന്‍ യാഥാസ്ഥിതിക സമൂഹം എപ്പോഴും ചാടിവീഴാറുണ്ട്.' മതവിശ്വാസികള്‍ തങ്ങളുടെ മതത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ള ബ്ലോഗില്‍ അഭിപ്രായം പറയുന്നത് ചാടിവീഴലായിട്ടാണല്ലോ ഇവിടെ വലിയ യുക്തിവാദി ബ്ലോഗര്‍മാര്‍ വരെ ലജ്ജയുമില്ലാതെ ജല്‍പിക്കുന്നത് ഓര്‍ത്തുപോകുന്നു.

യുക്തിരേഖ തുടരുന്നു: 'വിവാഹപുര്‍വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ ഒരിക്കലും പാപമല്ല. അത് വ്യക്തികളുടെ ഒരു സ്വകാര്യ പ്രശ്‌നം മാത്രമാണ. സ്വകാര്യവും സുരക്ഷിതവുമായ ലൈംഗിക ബന്ധങ്ങില്‍ യാതൊരു കുറ്റബോധവും തോന്നേണ്ടതില്ല. യാഥാസ്ഥിതിക സദാചാര നിയമങ്ങളുടെ ഇരുമ്പുലക്കയുമെടുത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളെ സാമൂഹ്യ പ്രശ്‌നത്തിന്റെ തലത്തിലേക്ക് വളര്‍ത്തുന്ന മനോഭാവം ആരോഗ്യകരമല്ല. ആധുനിക സമൂഹത്തിന് നിരക്കുന്നതുമല്ല.'

എങ്ങനെയുണ്ട് യുക്തിവാദം?. വിവാഹപൂര്‍വ ലൈംഗികത പാപമല്ലെങ്കില്‍ പിന്നെ സ്വാകാര്യമാകണം എന്ന് പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല. ചില സമൂഹങ്ങളെങ്കിലും പരസ്യമായ ലൈംഗികതയുടെ തലത്തിലെത്തി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പണ്ട് ലൂത്തിന്റെ സമൂഹം ചെയ്തത് പോലെ. അപ്പോള്‍ പിന്നെ ഈ സ്വകാര്യത യഥാസ്ഥിതികതയുടെ ഇരുമ്പുലക്കയെ പേടിച്ചിട്ടാണോ എന്ന് ചോദിക്കാന്‍ തോന്നുന്നു. 'എന്തു ചെയ്യാം? ലൈംഗികകുറ്റ കൃത്യങ്ങള്‍ക്കൊരു പങ്കാളിവേണം' എന്നൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്  അത്രയെങ്കിലും സാമൂഹികത അതിലുണ്ട് എന്നെങ്കിലും ഇവര്‍ അംഗീകരിക്കേണ്ടെ. ലൈംഗികത തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യമാണ് എന്ന കാഴ്ചപ്പാട് ഏത് യുക്തിക്കാണ് അംഗീകരിക്കാനാകുക. കുടുംബം തകര്‍ക്കുന്ന, വളര്‍ന്ന് വരുന്ന തലമുറകളെ വഴിയാധാരമാക്കുന്ന, മാതാപിതാ ബന്ധങ്ങളെ തകര്‍ക്കുന്ന, വൃദസദനങ്ങള്‍ പെരുകുകയും. നിലാരംബരായ ആളുകള്‍ ആത്മഹത്യയിലഭയം തേടേണ്ടിവരികയും ചെയ്യുന്ന, സംരക്ഷണം നഷ്ടപ്പെട്ട കുട്ടികള്‍ സാമൂഹ്യദ്രോഹികളായിമാറുന്ന, കുത്തഴിഞ്ഞ ലൈംഗികതയെ സാമൂഹ്യതലത്തിലേക്ക് ഉയര്‍ത്തുന്നത് ഗുരുതരമായ തെറ്റാണത്രെ.

വിവാഹപുര്‍വ ലൈംഗികതയെ മാത്രമല്ല യുക്തിവാദികള്‍ ന്യായീകരിക്കുന്നത്. അവിവാഹിതരായ അമ്മമാരെയും പരിഗണിക്കണം പോലും. അവരുടെ ഗര്‍ഭധാരണത്തെ അന്തസ്സുകെട്ട പ്രവര്‍ത്തിയായികാണുന്ന യാഥാസ്ഥിതിക സമൂഹ്യബോധവും മാറണമെത്ര. അപ്പോള്‍ മുകളില്‍ പറഞ്ഞ സുരക്ഷിതമായ എന്ന് പറഞ്ഞ നിബന്ധനയും ആവശ്യമില്ല എന്നര്‍ത്ഥം. ഇതിനാണ് പരിണാമം എന്ന് പറയുന്നത്. കാരണം ഇതെല്ലാം മനുഷ്യന്റെ മൗലികാവകാശമാണ് യുക്തിവാദി വീക്ഷണത്തില്‍. 'അതുകൊണ്ട് ഒരു സ്ത്രീക്ക് അവിവാഹിതയായി ജീവിക്കാനും അതേ സമയം തനിക്ക് ഇഷ്ടമുള്ള ഒരു പുരുഷനില്‍നിന്നും നേരിട്ടോ കൃത്രിമമാര്‍ഗത്താലോ ഗര്‍ഭം ധരിച്ച് തനിക്കൊപ്പം വളര്‍ത്താനുള്ള അവകാശമുണ്ട്.' (ആ സ്ത്രീക്ക് ആ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് കാരണം തനിച്ച് ജീവിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍മേല്‍ ആര്‍ക്കാണ് കൈവെക്കാന്‍ അവകാശമുള്ളത് എന്ന് മറ്റൊരു യുക്തിവാദിക്ക് ചോദിക്കാമല്ലോ?). 'ഒരു പുരുഷനെ ഭര്‍ത്താവായി സ്വീകരിച്ച് അയാള്‍ക്ക് കീഴ്‌പെട്ട് അയാളുടെ ആജീവനാന്ത അടിമയായി ജീവിതം തുലക്കാന്‍ ഇഷ്ടപ്പെടാത്ത് സ്ത്രീകള്‍ക്ക് അവിവാഹിതയായ അമ്മയാകാന്‍ സ്വയം തീരുമാനം എടുക്കാവുന്നതാണ്.' (ബ്രാക്കറ്റിനകത്തുള്ളത് എന്റെ നിരീക്ഷണം)

'പഴയ സോവിയറ്റ് യുണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് അമ്മമാര്‍ ഉണ്ടായിരുന്നു. പാശ്ചാത്യനാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹികമായ അംഗീകാരം നേടിയിട്ടുണ്ട്'. അതുകൊണ്ട് എത്രയും പെട്ടെന്ന് നമ്മുക്കും അവിടെയെത്തണമെന്ന് ചുരുക്കം. ലേഖനത്തിന്റെ അവസാനത്തില്‍ ഇങ്ങനെ പറയുന്നു: വിവാഹപൂര്‍വമായിട്ടുള്ളതും വിവാഹബാഹ്യമായിട്ടുള്ളതുമൊക്കയായി ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുലംഘിച്ചുതുടങ്ങിയാല്‍ ഗുരുതരമായ സമൂഹ്യപ്രശ്‌നമായി തീരുമെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍ ഈ സ്വകാര്യതയുടെ അതിര് ലംഘിക്കാതെ നോക്കണം. അതങ്ങനെ എന്ന് പറയാത്തതിനാല്‍ നമ്മുക്കൂഹിക്കുകയേ നിവൃത്തിയുള്ളൂ. എന്നാലും നമ്മുടെ (ഇതെഴുതുന്നയാളുടെയും വായിക്കുന്നവരുടെയും കാര്യങ്ങള്‍ ഒത്തുപോകുന്നത് വരെ സ്വകാര്യത നഷ്ടപ്പെടില്ല എന്നായിരിക്കും ഉദ്ദേശിച്ചത്) അതെന്തായാലും നാം മുന്നോട്ട് പോകണം എന്നാണ് ലേഖകന്‍ സൂചിപ്പിക്കുന്നത്. ഇതിനുള്ള ഏക തടസ്സം യുക്തിവാദി കാണുന്നത്. അദ്ദേഹം തന്നെ പറയട്ടേ.

'മതയാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ തേര്‍വാഴ്ചനടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളൂ.' യുക്തിവാദി സൃഷ്ടിക്കാനുദ്ദേശിക്കുന്ന ആധുനികസമൂഹത്തിന്റെ പ്രത്യേകതകള്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാണല്ലോ. ഈ പോരാട്ടത്തിലാണ് ബൂലോകത്തും ചില യുക്തിവാദികള്‍ രാവുംപകലും അധ്വോനിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളാകട്ടെ ഇത്തരമൊരു ആധുനിക സമൂഹം നിലവില്‍ വരുമ്പോഴുള്ള പ്രത്യാഘാതമോര്‍ത്തും. തങ്ങളുടെ മൃഗീയവാസനകളെ പരമാവധി സംതൃപ്തമാക്കാനുള്ള പരമാവധി മാര്‍ഗതടസ്സം നീക്കുന്നതിനാണ് യുക്തിവാദികള്‍ തങ്ങളുടെ ഉറക്കൊഴിക്കുന്നതെങ്കില്‍, മനുഷ്യസമൂഹത്തെ അധാര്‍മികതയുടെ അര്‍ബുദം ഗ്രസിക്കരുതെന്ന് കരുതി ഞങ്ങളും ഉറക്കമൊഴിക്കുന്നു. അരാണ് മനുഷ്യപക്ഷത്തെന്നും ആരാണ് സ്വദേഹത്തിന്റെ സങ്കുചിത പൈശാചികതയുടെ പക്ഷത്തെന്നും തിരിച്ചറിയാന്‍ യുക്തിയുള്ളവര്‍ക്ക് യാതൊരു പ്രയാസവും മില്ല.
(ഇന്നേക്ക് ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെ അഭിപ്രായവും നിര്‍ദ്ദേശവും നല്‍കി സഹകരിച്ച എല്ലാവര്‍ക്കും നന്ദി. ഈ പോസ്റ്റ് എന്റെ വാര്‍ഷിക ഉപഹാരമായി സമര്‍പ്പിക്കുന്നു.)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review