2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ക്വീന്‍ പാഡില്ല ഹജ്ജ് നിര്‍വഹിച്ചപ്പോള്‍

ഈ ലോകത്ത് ആര്‍ക്കും അവരിഷ്ടപ്പെടുന്ന വിശ്വാസവും ദര്‍ശനവും സ്വമേധയാ സ്വീകരിക്കാനുള്ള അവകാശം ദൈവം നല്‍കിയിരിക്കുന്നു. നിര്‍ബന്ധപൂര്‍വം അതിനെ ചോദ്യം ചെയ്യുന്നതോ അതിനുള്ള അവകാശം നിരാകരിക്കുന്നതോ മനുഷ്യന് നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്.  നിര്‍ബന്ധപൂര്‍വം ഏതെങ്കിലും ഒരു ആശയം സ്വീകരിക്കാനാവശ്യപ്പെടുന്നതും. ആരെങ്കിലും സ്വമേധയാ സ്വീകരിക്കുന്നെങ്കില്‍ അതിന് തടസ്സം നില്‍ക്കലും മാനുഷികമായി ആക്ഷേപാര്‍ഹമായ കാര്യമാണ്.  കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ വിശദീകരിച്ച പ്രകാരം മനുഷ്യനോട് ദൈവം പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനുമുള്ള പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. മനസ്സ് മുന്‍ധാരണകളാല്‍ കടുത്തുപോയിട്ടില്ലാത്ത നിര്‍മല മനസ്കരാണ് ദൈവിക സന്ദേശത്തിലേക്ക് കടന്നു വരുന്നത്. ഫിലിപ്പിനോ  ചലചിത്രതാരമായ ക്വീന്‍ പാഡില്ലയുടെ ഹജ്ജിന് ശേഷമുള്ള ഒരു അഭിമുഖം കണ്ടപ്പോള്‍ താഴെ സൂക്തം ഓര്‍ത്തുപോയി. പരിശുദ്ധ ഹജ്ജിന്റെ ഈ സന്ദര്‍ഭത്തില്‍ അവര്‍ ഹജ്ജിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും പറയുന്ന ഈ അഭിമുഖം എല്ലാവരും കാണേണ്ടതാണ് എന്ന് തോന്നിയത് കൊണ്ട് ഇവിടെ ഷെയര്‍ ചെയ്യുന്നു.
(39:21-22) നിങ്ങള്‍ കാണുന്നില്ലയോ? അല്ലാഹു ആകാശത്തുനിന്ന് ജലം വര്‍ഷിച്ചു. എന്നിട്ടതിനെ നീര്‍ച്ചാലുകളായും നദികളായും ഉറവകളായും ഭൂമിയില്‍ സഞ്ചരിപ്പിച്ചു. പിന്നെ ആ ജലം മുഖേന അവന്‍ വിവിധ വര്‍ഗങ്ങളിലുള്ള പല പല വയലുകളുണ്ടാക്കുന്നു. പിന്നെ ആ വയലുകള്‍ വിളഞ്ഞുണങ്ങുന്നു. അപ്പോള്‍ അതു മഞ്ഞളിച്ചതായി നിനക്കു കാണാം. ഒടുവില്‍അല്ലാഹു അതിനെ കേവലം ചപ്പുചവറാക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ പാഠമുണ്ട്. ഒരുവന്റെ മനസ്സ് അല്ലാഹു ഇസ്ലാമിനുവേണ്ടി തുറന്നുകൊടുത്തതിനാല്‍ അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചത്തില്‍ ചരിക്കുന്നു; അങ്ങനെയുള്ളവനും (ഈ വചനങ്ങളില്‍നിന്ന് യാതൊരു പാഠവും ഉള്‍ക്കൊള്ളാത്തവനും ഒരുപോലെയാണോ?) അല്ലാഹുവിന്റെ ഉദ്ബോധനങ്ങള്‍ക്കു നേരെ അധികമധികം ഹൃദയം കടുത്തുപോയവര്‍ക്ക് മഹാനാശമുണ്ട്. അവര്‍ തെളിഞ്ഞ ദുര്‍മാര്‍ഗത്തിലകപ്പെട്ടവരാകുന്നു.2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

അവിശ്വാസികളെ തീയില്‍ ഇട്ടുകരിക്കുന്നതെന്തിന് ?.

ഇ.എ. ജബ്ബാര്‍ നല്‍കിയ ചോദ്യങ്ങളില്‍ 19 മുതല്‍ 26 വരെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പോസ്റ്റ്.

(19) വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്?

വിശ്വസിക്കാനുള്ള ഏര്‍പ്പാടുകളാണ് ദൈവം ചെയ്തുവെച്ചിട്ടുള്ളത്. സൃഷ്ടിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിനല്‍ക്കുയും, പ്രവാചകരെ അയച്ച് സത്യവും അസത്യവും വിവേചിച്ച് കാണിച്ചുതരികയും, രക്ഷാശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ശേഷവും ധിക്കാരപൂര്‍വം ദൈവത്തിന്റെയും സമസൃഷ്ടികളുടെയും അവകാശങ്ങളെ ഹനിക്കുമാര്‍ ജീവിതം തെരഞ്ഞെടുത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ് അനീതി.

(20) ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന്‍ എന്നെങ്ങനെ വിളിക്കും?

ക്രൂരതയുടെയോ അതിക്രമത്തിന്റെയോ അനീതിയുടെയോ ഒരംശം പോലും ദൈവം ചെയ്തിട്ടില്ല. മാത്രമല്ല വേണ്ടത്ര സാവകാശവും സൌകര്യവും നല്‍കി അല്ലാഹു മനുഷ്യനെ അയച്ച് വിടുകയും ചെയ്തിരിക്കുന്നു. പക്ഷെ ഇതൊക്കെ ദൈവനിഷേധികളെ വഞ്ചനയില്‍ അകപ്പെടുത്തി. സാവകാശം നല്‍കിയത്  എന്തിനാണ് എന്ന് മനസ്സിലാക്കാതെ ദൈവം ഇല്ല എന്നതിന്റെ തെളിവായി അവര്‍ കണ്ടു. അവിശ്വാസികളെ ശിക്ഷിക്കുകയും വിശ്വാസികള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നത് കൊണ്ടുകൂടിയാണ് ദൈവത്തിന് പൂര്‍ണമായ നീതി അവകാശപ്പെടാനാകുന്നത് എന്നതത്രെ വാസ്തവം.
(21) ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?


ദൈവം ഇതുവരെയും നീതി വര്‍ത്തിക്കുയും വാക്ക് പാലിക്കുകയും ചെയ്തതിനാല്‍ ഇനിയും വിശ്വാസികള്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ദൈവം വാക്ക് പാലിച്ചതിന് ഒരു ഉദാഹരണം. അന്ത്യദിനം വരെ മാനവസമൂഹത്തിന് മാര്‍ഗദര്‍ശകമായ ദിവ്യഗ്രന്ഥം ഖുര്‍ആന്‍ ദൈവം സംരക്ഷിക്കും എന്ന വാഗ്ദാനം ഇത് വരെയും പാലിക്കപ്പെട്ടിരിക്കുന്നു. അത് തന്നെ മതി, മറ്റാരെക്കാളെറെയും ദൈവത്തില്‍ വിസ്വസിക്കാന്‍ .

(22) അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?.

ഒരിക്കലുമില്ല. ആ പൂതികൊണ്ട് നടന്ന് തഞ്ചത്തില്‍ സ്വര്‍ഗത്തില്‍ എത്തിപ്പെടും എന്ന് ഒരു നിഷേധി പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകും.

(23) ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്?.

ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല എന്ന് സ്വയം തീര്‍ചപ്പെടുത്തിയതാണ്. അല്ലാതെ വസ്തുതയല്ല. മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് തന്നെ ദൈവത്തെ കണ്ടെത്താം. പക്ഷെ അത് മുന്‍ധാരണകളില്ലാത്ത വക്രതയില്ലാത്ത തെളിഞ്ഞതായിരിക്കണം എന്ന് മാത്രം.

(24) ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?

അങ്ങനെ ഒരു അവകാശവാദം വിസ്വാസികളാരും ഉന്നയിച്ചതായി കണ്ടിട്ടില്ല. ഇസ്ലാം ഏതായാലും പറയുന്നില്ല. അതുകൊണ്ട് തന്നെ ചോദ്യം അപ്രസക്തമാണ്.

(25) യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?


യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ കണ്ടെത്താവുന്നതേ ഉള്ളൂ ദൈവത്തെ പക്ഷെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതേ വിശ്വസിക്കൂ. അല്ലെങ്കില്‍ അത്തരക്കാര്‍ പറയുന്നതേ വിസ്വസിക്കു എന്ന തെറ്റായ ധാരണ ആദ്യം മാറ്റണം. അതുകൊണ്ട് ദൈവത്തെ അറിയാന്‍ ശ്രമിക്കാത്തവനും അത് കണ്ടെത്താന്‍ കഴിയാത്തവനും കുറ്റവാളി (ഭൌതിക ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ എന്ന അര്‍ഥത്തിലല്ല)  തന്നെയാണ്.

(26) വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ , അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?'

വിശ്വസിക്കാത്തതിന് എന്നതിനേക്കാള്‍ അത്തരം ഒരു കണ്ടെത്തലിന് ബോധപൂര്‍വം ശ്രമിക്കാത്തതിനും കണ്ടെത്താന്‍ സാധ്യതയുണ്ടായിട്ടും അഹിതകരമായ ഒരു ജീവിതം തെരഞ്ഞെടുത്തതിനുമാണ് ശിക്ഷ. വിശ്വാസവും അവിശ്വാസവുമല്ല ശിക്ഷയുടെയും പ്രതിഫലത്തിന്റെയും യഥാര്‍ഥ മാനദണ്ഡം അതോടൊപ്പം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുമാണ്. വിശ്വാസം പ്രധാനമാകുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിശ്വാസമനുസരിച്ചായിരിക്കും എന്നത് കൊണ്ടാണ്.

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ദിവ്യബോധനം ഇരുട്ടിന്റെ മറവിലോ ?

യുക്തിവാദിയുടെ 14 മുതല്‍ 18 വരെ ചോദ്യങ്ങളെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ചോദ്യങ്ങളില്‍ ആവര്‍ത്തനം വരുന്നുവെന്നതിനാല്‍ നേരത്തെ നല്‍കിയ പോസ്റ്റുകള്‍ കൂടി വായിക്കുന്നത് നന്നായിരിക്കും.
ചോദ്യം.


(14) മനുഷ്യര്‍ , തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?

(15) മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട് ?.

ഉത്തരം.

ഈ രണ്ട് ചോദ്യങ്ങളില്‍ ഒരു വൈരുദ്ധ്യം കാണുന്നുണ്ട്. ആദ്യ ചോദ്യത്തില്‍ മനുഷ്യന്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യം ദൈവത്തിന് ഉണ്ട് എന്ന് സൂചിപ്പിക്കുമ്പോള്‍ അടുത്ത ചോദ്യത്തില്‍ മനുഷ്യന് ബുദ്ധിനല്‍കാതെ ദൈവം ബോധവല്‍ക്കരിക്കുന്നു എന്നതാണ് പ്രശ്നമായി കാണുന്നത്.

എന്താണ് ചോദ്യകര്‍ത്താവിന്റെ യഥാര്‍ഥ ആരോപണം. മനുഷ്യനെ അല്ലാഹു മനസ്സിലാക്കിക്കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല എന്നതാണോ അതല്ല ആവശ്യമായ ബുദ്ധിയോടെ സൃഷ്ടിച്ചില്ല എന്നതോ?.

സത്യത്തില്‍ മനുഷ്യന് ബുദ്ധിയില്ല എന്ന് ഒരു യുക്തിവാദി അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ദൈവം നല്‍കിയതോ അല്ലയോ എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാകാനിടയുള്ളൂ. അതേ പ്രകാരം സത്യം മനസ്സിലാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല എന്ന കാര്യത്തില്‍ പരാതിയുണ്ടാകാനും തരമില്ല. കാരണം അപ്രകാരം ദൈവം ചെയ്തിട്ടുണ്ട് എന്നാണല്ലോ പ്രവാചകത്വവാദികള്‍ വിശദീകരിക്കുന്നത്. പ്രവാചകത്വത്തെ നിഷേധിച്ച്, ദൈവം എന്തുകൊണ്ട് മനുഷ്യന് മനസ്സിലാകരുത് എന്ന ശാഠ്യം പുലര്‍ത്തുന്നുവെന്ന് വാദിക്കുക എത്രമാത്രം അസംബന്ധമാണ്.

സത്യത്തില്‍ മനുഷ്യന് സത്യസന്ദേശം മനസ്സിലാക്കാന്‍ കഴിയുന്ന ബുദ്ധിയോടുകൂടി തന്നെയാണ് സൃഷ്ടിക്കപെട്ടിരിക്കുന്നത്. ആര്‍ക്കെങ്കില്‍ അതില്‍ കുറവ് സംഭവിച്ചത് നിമിത്തം ദൈവിക സന്ദേശത്തെ കണ്ടെത്താന്‍ കഴിയാത്ത പക്ഷം അവരെ പിടികൂടി ശിക്ഷിക്കുകയുമില്ല, എന്ന് പ്രവാചകനിലൂടെ തന്നെ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.

പ്രവാചകനിലൂടെ മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനവും നല്‍കിയിരിക്കുന്നു. അംഗീകരിക്കാനും നിഷേധിക്കാനും കഴിവ് നല്‍കപ്പെട്ടതിനാല്‍ ചിലര്‍ അംഗീകരിക്കാതിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യം.

ചുരുക്കത്തില്‍ ഈ രണ്ട് ചോദ്യവും ഇസ്ലാമിനെ സംബന്ധിച്ച് പ്രസക്തമല്ല എന്ന് ഇത്രയും പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.


ചോദ്യം.

(16) സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്? (17) അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?.

ഉത്തരം

മനുഷ്യര്‍ക്ക് സന്ദേശവാഹകനായി മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ വര്‍ത്തിക്കുന്നത് ജിബ് രീല്‍ എന്ന മലക്കാണ് എന്നാണ് ഇസ്ലാമിക വിശ്വാസം. മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്ന തരം സൃഷ്ടപ്പല്ല മലക്കിന്റേത്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍ മനുഷ്യരൂപത്തിലും സന്ദേശവാഹകന്‍ വന്നിട്ടുണ്ട്. ആ സമയം മനുഷ്യര്‍ക്ക് അദ്ദേഹത്തെ കാണാനും കഴിഞ്ഞിട്ടുണ്ട്. സ്ഥൂലരൂപമുള്ള പദാര്‍ത്ഥത്താല്‍ സൃഷ്ടിക്കപ്പെട്ടതിനെ മാത്രമേ മനുഷ്യര്‍ക്ക് കാണാന്‍ കഴിയൂ ഇത് മനുഷ്യന്റെ ഒരു പരിമിതിയാണ്.

പാതിരാത്രി മാത്രമേ ജിബ്-രീല്‍ പ്രത്യക്ഷപ്പെടാറുള്ളൂവെന്ന തെറ്റിദ്ധാരണയില്‍നിന്നാകും ഈ ചോദ്യം. സത്യത്തില്‍ അങ്ങനെ ഒരു പാതിരാത്രിയുടെ കണക്കൊന്നുമില്ല. എപ്പോള്‍ ദിവ്യസന്ദേശത്താലുള്ള മറുപടിയും നിര്‍ദ്ദേശങ്ങളും ആവശ്യമാകുന്നുവോ അപ്പോഴൊക്കെ അവതരിക്കുകയായിരുന്നു പതിവ്. അതില്‍ മലക്ക് യഥാര്‍ഥ രൂപത്തിലും (അത് രണ്ട് പ്രവശ്യമേ ഉണ്ടായിട്ടുള്ളൂ) മനുഷ്യരൂപത്തിലും (വിശ്വാസകാര്യങ്ങളും കര്‍മങ്ങലും പഠിപ്പിക്കാന്‍ ഇപ്രകാരമാണ് വന്നത്) അശരീരിയായും ദിവ്യബോധനം ലഭിച്ചിട്ടുണ്ട്.


(18) ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?.

ലോകത്ത് എല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ തന്നെയാണ് ദൈവത്തിന്റെ സന്ദേശങ്ങള്‍ നല്‍കപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലും ഈ സന്ദേശം പ്രചരിച്ചത്.  ലോകത്ത് എല്ലാവര്‍ക്കും മനസ്സിലാക്കുന്ന ഒരു ഭാഷ അക്കാലത്ത് ഉണ്ടായിരുന്നെങ്കില്‍ ആ ഭാഷയില്‍ തന്നെ ഖുര്‍ആന്‍ അവതരിക്കുമായിരുന്നുവെന്ന് നമുക്ക് പ്രതീക്ഷിക്കാമായിരുന്നു. പക്ഷെ അങ്ങനെ ഒന്ന് ഇന്ന് വരെ നിലവില്‍ വന്നിട്ടില്ലല്ലോ ?.

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

ഏത് മതം എങ്ങനെ തെരഞ്ഞെടുക്കണം ?.

യുക്തിവാദിയുടെ 11 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ക്കാണ് ഇതില്‍ മറുപടി പറയുന്നത്.

ചോദ്യം

(11) ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, കാരുണ്യം, പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത് ? (12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കുനിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്ക് തീരെ യോജിക്കാത്തതും.

ഉത്തരം

സത്യത്തില്‍ ഒരു യുക്തിവാദി ഇങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. ചോദ്യം തന്നെ യുക്തിശൂന്യമായി പോയി. കാരണം ഇവിടെ യുക്തിക്ക് നിരക്കാത്തത് എന്ന് പറയുമ്പോള്‍ ആരുടെ യുക്തി എന്ന ഒരു ചോദ്യമുണ്ട്. ഒരാള്‍ക്ക് വേണമെങ്കില്‍ ഒരു കാര്യം എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്ന് പറയാം. അത് പലകാരണങ്ങള്‍ കൊണ്ടാകാം. ആ കാര്യത്തെക്കുറിച്ച് ആവശ്യമായ അറിവ് ലഭിക്കാത്തത് കൊണ്ടോ ലഭിച്ച അറിവ് തെറ്റായത് കൊണ്ടോ ഒക്കെ ആവാം. പ്രത്യേകിച്ച് അതേ കാര്യം ഒരു പാടുപേരുടെ യുക്തിക്ക് നിരക്കുന്നതാണ് എന്ന് അവര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ മൊത്തത്തില്‍ യുക്തിക്ക് നിരക്കാത്തത് എന്ന് പറയുന്നതില്‍ ഒരര്‍ഥവുമില്ല. ഇവിടെ മതങ്ങള്‍ എന്താണ് ദൈവത്തെക്കുറിച്ച് പറയുന്നത്... ചിലര്‍ ദൈവം ഏകനും സര്‍വശക്തനുമാണെന്നും സ്രഷ്ടാവും കാരുണ്യവാനും പൂര്‍ണനുമാണ് എന്നും പറയുന്നു. മറ്റു ചിലര്‍ ദൈവം അനേകരുണ്ടെന്ന് പറയുന്നു, വേറെ ചിലര്‍ ദൈവം മൂന്ന് ആളത്വമുള്ളതാണ് എന്ന് പറയുന്നു. ഇവ ഒരേ സമയം ശരിയാവില്ല എന്നത്  ഏത് മനുഷ്യന്റെ യുക്തിയും പൊതുവായി അംഗീകരിക്കുന്നതാണ്. ഇനി ആര്‍ക്കെങ്കിലും അങ്ങനെയല്ല അത് എന്റെ യുക്തിക്ക് സ്വീകാര്യമാണ് എന്ന് പറയുന്നെങ്കില്‍ അദ്ദേഹത്തിന്റെ വഴിക്ക് വിടുക. ഈ മൂന്ന് ദൈവസങ്കല്‍പങ്ങളില്‍ കൂടുതല്‍ കണിശതയുള്ളത് എങ്ങനെ തെരഞ്ഞെടുക്കും എന്ന ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോഴാണ് യുക്തിയെ തീരുമാനത്തിന് വേണ്ടി അവലംബിക്കേണ്ടത്. അറിവിന്റെയും അന്വേഷണത്തിന്റെയും പിന്‍ബലമില്ലാതെ യുക്തിക്ക് തീരുമാനിക്കാനാവില്ല. അതിനാല്‍ ആദ്യം നടക്കേണ്ടത് പഠനമാണ്. മതങ്ങളെ ഒരു താരതമ്യപഠനത്തിന് വിധേയമാക്കി സ്വന്തം യുക്തി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഒരു ഉത്തരം ലഭിക്കും അത് തന്നെയാണ് പ്രസ്തുത വ്യക്തി സ്വീകരിക്കേണ്ടത്. യുക്തിവാദിയാണ് എന്ന് അവകാശവാദം ഉന്നയിക്കുന്നവ്യക്തി തന്റെ മുന്നില്‍ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇതുപോലെ അന്തം വിടുകയില്ല.

ചോദ്യം

(13) മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന്  ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?.

ഉത്തരം.

ഇവിടെയും യുക്തിപ്രയോഗിക്കുന്നില്ല എന്നതാണ് ചോദ്യത്തിന് നിദാനം. ഇവിടെ ചോദ്യം ഇസ്ലാമിനെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന് ഉറപ്പാണ്. എങ്കില്‍ എന്താണ് ഇസ്ലാമില്‍ ഇത് സംബന്ധമായി പറഞ്ഞിട്ടുള്ളത് അത് ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം. പല തവണ ആവര്‍ത്തിച്ച പോലെ. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവന്റെ ഇഛാശക്തി ഉപോയഗിച്ച് അവനിഷ്ടപ്പെട്ട ഒരുകാര്യം പ്രവര്‍ത്തിക്കാനുള്ള സൌകര്യത്തോടെയാണ്. എന്തിന് അങ്ങനെ ചെയ്തുവെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ദൈവം ആഗ്രഹിക്കുന്ന/നിര്‍ണയിച്ച് നല്‍കുന്നത് പ്രവര്‍ത്തിക്കുന്ന ഒരു തരം സൃഷ്ടി ഭൂലോകത്ത് ഉണ്ട്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അവരാണ് മലക്കുകള്‍ . അതേ പ്രകാരം ചിന്തയോ യുക്തിയോ പ്രയോഗിക്കാതെ ജന്മവാസനയനുസരിച്ച് ജീവിക്കുന്ന ഇതര ജീവികളെ പോലെ എന്തുകൊണ്ട് മനുഷ്യനെ ആക്കിയില്ല എന്ന ചോദ്യത്തിനും ഉത്തരം കണ്ടത്തേണ്ട ആവശ്യമില്ല.

എല്ലാവിധ വിശ്വാസങ്ങളെയും ഒരു നിമിഷം മറക്കുക. നാം ഇവിടെ അനുഭവിക്കുന്നതെന്താണ്. ഇവിടെ മനുഷ്യന് നന്മചെയ്യാനും തിന്മചെയ്യാനും കഴിയും. ഇഷ്ടമുള്ള തത്വശാസ്ത്രമോ ദര്‍ശനമോ സ്വീകരിക്കാന്‍ കഴിയും, ദൈവമുണ്ടെന്ന് അംഗീകരിക്കാനും ദൈവത്തെ നിഷേധിക്കാനും കഴിയും, ഒരാളെ സഹായിക്കാനും ഉപദ്രവിക്കാനും കഴിയും. ചിലകാര്യങ്ങള്‍ നന്മയും ധര്‍മവുമാണ് എന്ന് എല്ലാവരും പൊതുവെ അംഗീകരിക്കുന്നു. ഉദാഹരണം. സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.  മറ്റുചില കാര്യങ്ങല്‍ തിന്മയും അധര്‍മവുമാണ് എന്നതും മനുഷ്യന്‍ മൊത്തത്തില്‍ അംഗീകരിക്കുന്നതാണ്. ഉദാഹരണം. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ. (കൂടുതല്‍ വായനക്ക്)

ഇത്  മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ഇസ്ലാമിക വീക്ഷണമനുസരിച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ വര്‍ഗീകരിച്ച് അവയിലെ നന്മതിന്മകള്‍ വ്യവഛേദിച്ച് മനസ്സിലാക്കിക്കൊടുക്കുക എന്ന ദൌത്യവുമായാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. അതിനാല്‍ ഒരു മനുഷ്യന് ഏതാണ് യഥാര്‍ഥ പ്രവാചകനെന്നും ഏതാണ് യഥാര്‍ഥ പ്രവാചകമതമെന്നും തിരിച്ചറിയാന്‍ അവന്റെ സൃഷ്ടിപ്പില്‍ തന്നെയുള്ള യുക്തിബോധത്തെ ആശ്രയിച്ചാല്‍ മതി. ഒരു പ്രവാചകമതം അധര്‍മവും തിന്മയും കല്‍പിക്കുകയില്ല.

മനുഷ്യാരംഭം മുതല്‍ മനുഷ്യന് സന്മാര്‍ഗം നല്‍കാന്‍ പ്രവാചകന്‍മാര്‍ ആഗതരായിരുന്നു. എന്തുകൊണ്ട് ദൈവം പ്രവാചകന് മാത്രം ദിവ്യസന്ദേശം നല്‍കി, എന്തുകൊണ്ട് ഓരോരുത്തര്‍ക്കും നല്‍കിയില്ല എന്ന ചോദ്യത്തിന് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അപ്രകാരം ചെയ്തിരുന്നെങ്കിലും മനുഷ്യന്‍ ചോദിക്കും. ഇതിനൊക്കെ ഒരു പ്രവാചകനെ അയച്ചാല്‍ പോരായിരുന്നോ എന്ന്. ഒരു പ്രവാചകനെ അയക്കുകയും അദ്ദേഹത്തിലൂട ദൈവിക മാര്‍ഗദര്‍ശനം നല്‍കുന്നതുമാണ് മനുഷ്യസൃഷ്ടിപ്പിന്റെ യഥാര്‍ഥ താല്‍പര്യം.

ദൈവം മനുഷ്യനില്‍നിന്ന് ഒളിഞ്ഞിരിക്കുകയല്ല. പദാര്‍ത്ഥത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് പദാര്‍ഥമല്ലാത്ത സൃഷ്ടാവിനെ കാണാന്‍ കഴിയുന്നില്ല എന്ന് മാത്രമേ ഉള്ളൂ. പല ഊര്‍ജങ്ങളും നമ്മുടെ ദൃഷ്ടിയില്‍ പെടുന്നില്ലല്ലോ, നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജന്‍ പോലും  കാണാന്‍ നമുക്കാവുന്നില്ല. പക്ഷെ അവ പദാര്‍ഥമായതിനാല്‍ അവയുടെ സാന്നിദ്ധ്യം അടുത്തകാലത്ത് നാം കണ്ടെത്തി എന്ന് മാത്രം. എന്തുകൊണ്ട് ഓക്സിജന്‍ നമ്മില്‍നിന്ന് ഒളിച്ചിരിക്കുന്നുവെന്ന് നാം ചോദിക്കാറില്ല.

ഇനി ദൈവം മനുഷ്യന് കാണെ തന്നെ ഒരു ഗ്രന്ഥം ഇറക്കിക്കൊടുത്താലും മനുഷ്യന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. ആശയക്കുഴപ്പം ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇല്ല. ഖുര്‍ആന്‍ പറയുന്നത് കാണുക.
['പ്രവാചകാ, നാം നിനക്കു കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരികയും, ജനം സ്വകരങ്ങള്‍കൊണ്ട് അതു തൊട്ടുനോക്കുകയും ചെയ്താല്‍പോലും `ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രമാണ്` എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ പറഞ്ഞുകൊണ്ടിരിക്കുക. അവര്‍ ചോദിക്കുന്നു: `ഈ പ്രവാചകന് ഒരു മലക്ക് ഇറക്കപ്പെടാത്തതെന്ത്?!` മലക്കിനെ നാം ഇറക്കിയിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞേനേ. പിന്നീട് അവര്‍ക്ക് ഒരവസരവും ലഭിക്കുമായിരുന്നില്ല. നാം മലക്കിനെ ഇറക്കുകയാണെങ്കില്‍ അതും മനുഷ്യരൂപത്തില്‍ തന്നെയാണിറക്കുക. അങ്ങനെ ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള സന്ദേഹത്തില്‍തന്നെ അപ്പോഴും അവരെ നാം അകപ്പെടുത്തുമായിരുന്നു'.(6:7-9) (കൂടുതല്‍ വായനക്ക്)]

ദൈവം ഒരു കാലഘട്ടത്തിലെ മനുഷ്യരോടും അനീതികാണിക്കുന്നില്ല. അവരില്‍നിന്ന് ദൈവിക സന്ദേശങ്ങള്‍ മറഞ്ഞുതുടങ്ങുമ്പോള്‍ പുതിയ പ്രവാചകന്‍മാരെ അയച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി. നേരത്തെ വന്ന പ്രവാചകന്‍മാര്‍ കല്‍പിച്ചതും കാണിച്ചുതന്നതുമായ കാര്യങ്ങള്‍ തന്നെയാണ് മുഹമ്മദ് നബിയും പ്രബോധനം ചെയ്തത്. നേരത്തെ വന്ന് പ്രവാചകന്‍മാര്‍ എതിര്‍ക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തപോലെ മുഹമ്മദ് നബിയും പരിഹസിക്കപ്പെടുന്നുവെന്ന് മാത്രം.

സത്യം കണ്ടെത്തേണ്ടവര്‍ എക്കാലത്തും സത്യം കണ്ടെത്തി, അവിശ്വസിക്കേണ്ടവര്‍ തള്ളിക്കളയുകയും ചെയ്തു. വിശ്വസിച്ചവര്‍ ഇഹപരവിജയം നേടി. പ്രവാചകന്‍മാരെ നിഷേധിച്ചുതള്ളിയവര്‍ ഇഹത്തില്‍ ചരിത്രത്തിലെ ചവറ്റുകുട്ടയിലായി, പരലോകത്ത് നിന്ദ്യമായ ശിക്ഷ അവരെ കാത്തിരിക്കുന്നു.


ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഒരു മുസ്ലിമിനോട് യുക്തിവാദി ചോദിച്ച, ചോദ്യം 12 ന് പ്രത്യേകം ഉത്തരം പറയേണ്ടതില്ല. ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത് ഇതര വിഷയങ്ങളെ പോലെ യുക്തിക്ക് വെറുതെ തീരുമാനിക്കാന്‍ കഴിയില്ല. അത്തരം ഒരു ഘട്ടം വരുമ്പോള്‍ ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് ദൈവം പറഞ്ഞുതന്നിട്ടുണ്ടോ എന്നാണ് ഒരു മുസ്ലിം ചിന്തിക്കുന്നത്. ഏത് ദൈവത്തെ ആരാധിക്കണം എന്നകാര്യത്തില്‍ ഒരു യുക്തിവാദി അന്തംവിട്ടുപോകുന്നത് മതങ്ങളുടെ ദൈവവീക്ഷണത്തെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടും അറിവില്ലാത്തതുകൊണ്ടുമാണ്.

(12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കുനിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്ക് തീരെ യോജിക്കാത്തതും.

ഒരു യുക്തിവാദി മതങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഇസ്ലാമിനെ സംബന്ധിച്ച് എത്രമാത്രം അബദ്ധധാരണയിലാണ് എന്ന് നോക്കൂക. മക്കയില്‍ ഒരു മുസ്ലിം വിഗ്രഹാരാധന നടത്തുന്നില്ല. യേശുവിനെ ആരാധിക്കുന്നുവെന്നതും വിഗ്രഹത്തെ ആരാധിക്കുന്നുവെന്നതും അതാത് മതവിശ്വാസികള്‍ തന്നെ അംഗീകരിക്കുന്നതാണ്. എന്നാല്‍ ഭാഹ്യമായ ഒരു ചുമ്പനം കണ്ട് മുസ്ലിംകള്‍ കറുത്ത കല്ലിനെ ആരാധിക്കുന്നുവെന്ന് പറയുന്ന യുക്തിവാദി സത്യത്തിന് നേരെ പുറം തിരിഞ്ഞുനില്‍ക്കുകയാണ് എന്ന വസ്തുത ശ്രദ്ധിക്കാതെ പോകരുത്. ഇത് വിലപോവില്ലെന്ന് കണ്ട ജബ്ബാര്‍ മറ്റൊരു നമ്പര്‍ ഇറക്കാറുണ്ട്.


ഒരു മുസ്ലിം ദൈവേതരോടുള്ള ആരാധനയെ കാണുന്നത് എങ്ങനെ എന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാക്കുന്നു. സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുക എന്നതാണ് പ്രകൃതിപരം. അതിന് പുറത്ത് എന്തിനെ ആരാധിച്ചാലും അത് സ്രഷ്ടാവായ ദൈവത്തെ കല്‍പിക്കുന്നവര്‍ക്ക് യുക്തിക്ക് നിരക്കാത്തതായിരിക്കും. ഇയ്യിടെയായി ഫെയ്സ ബുക്കിലെ ക്രൈസ്തവര്‍ യേശുതന്നെയാണ് പഴയനിയമത്തിലെ യഹോവയായ ദൈവം എന്ന് പറയുന്നത് സ്രഷ്ടാവ് തന്നെയാണ് ആരാധനയര്‍ഹിക്കുന്നത് എന്ന മനുഷ്യമനസ്സിന്റെ തീരുമാനത്തിന് എതിര് നില്‍ക്കാന്‍ കഴിയാത്തതിനാലാണ്. ബിംബത്തെ ആരാധിക്കുന്നവരും തങ്ങള്‍ ദൈവത്തെയാണ് ലക്ഷ്യംവെക്കുന്നത്, ബിംബം എന്നാല്‍ യാഥാര്‍ഥ്യമല്ല പ്രതീകം മാത്രമാണ് , ആ പേര് സൂചിപ്പിക്കുന്നത പോലെ തന്നെ എന്ന് പറയുന്നതും ഇതേ മനസ്സിന്റെ തീരുമാനപ്രകാരമാണ്.

ചുരുക്കത്തില്‍ ഇതൊക്കെ വലിയ ചോദ്യമായി അനുഭവപ്പെടുന്നത്, ഒരു അടിസ്ഥാനവുമില്ലാത്ത ദൈവനിഷേധിയായ യുക്തിവാദിക്ക് മാത്രമാണ്.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം?

യുക്തിവാദിയുടെ ചോദ്യങ്ങള്‍ക്കുള്ള മറപടി തുടരുന്നു. ഇത് വായിക്കുന്നതിന് മുമ്പ് നേരത്തെ നല്‍കിയ പോസ്റ്റുകൂടി കാണുക.

ചോദ്യം:

(5)ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?

ഉത്തരം:

സൃഷ്ടികളുടെ ആരാധന ഉദ്ദേശിച്ചല്ല സ്രഷ്ടാവ് സൃഷ്ടി നടത്തിയിട്ടുള്ളത് എന്ന് ഇതിനകം വ്യക്തമാക്കിയതിനാല്‍ ഈ ചോദ്യം അതിന് ശേഷം നിലനില്‍ക്കുന്നില്ല. മനുഷ്യന്റെ ആരാധനകള്‍ ദൈവത്തിന് മാത്രമായിരിക്കണം എന്ന് ആവശ്യപ്പെടാനുള്ള കാരണവും പറഞ്ഞുകഴിഞ്ഞു. ദൈവം മനുഷ്യനെ ശിക്ഷിക്കുന്നതിന്റെ ന്യായം വേറെ തന്നെ ചോദ്യമായി വരേണ്ടതാണ്. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്‍ അവന് നല്‍കപ്പെട്ട കല്‍പനകളെ വിവേചന ബുദ്ധിയോടെ പിന്‍പറ്റട്ടെ എന്നാണ് സ്രഷ്ടാവ് തീരുമാനിച്ചിട്ടുള്ളത്. അതിന് ആവശ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. മാത്രമല്ല എന്താണ് പിന്തുടരേണ്ടത് എന്നും ആരെ അനുസരിക്കണമെന്നും എങ്ങനെ അനുസരിക്കണമെന്നും പ്രവാചകന്‍മാരിലൂടെ മനുഷ്യനെ അറിയിച്ചു. അതിന് ശേഷം ദൈവിക കല്‍പനകള്‍ അനുസരിക്കാതരിക്കുന്ന പക്ഷെ ശിക്ഷ നേരിടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കി. ഈ വാഗ്ദാനത്തിന്റെ സത്യസന്ധമായ പൂര്‍ത്തീകരണമാണ് ദൈവിക വിധിവിലക്കുകള്‍ ലംഘിച്ചവര്‍ ശിക്ഷിക്കപ്പെടുന്നത്.

ചോദ്യം :
(6) ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി? (7) അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും? (8) ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം? (9) ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക? (10) യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?

ഉത്തരം :
6. ആര് പറയുന്നതാണ് ശരി എന്ന് കണ്ടെത്താനാണ് മനുഷ്യന്റെ യുക്തി പ്രയോഗിക്കേണ്ടത്. ഇത് ശരിയായ വിധം വിനിയോഗിച്ചാല്‍ യുക്തിക്ക് കൂടുതല്‍ ഇണങ്ങുന്നതേതാണോ അത് പിന്തുടരുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. ഏത് അടിസ്ഥാനപ്പെടുത്തിയാണ് ദൈവത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നത് എന്നും അവയുടെ ആധികാരികതയെന്ത് എന്നും പരിശോധിക്കണം. നല്‍കപ്പെടുന്ന ദൈവവീക്ഷണങ്ങളില്‍ കൂടുതല്‍ യുക്തിഭദ്രമായത് ഏതാണ് എന്ന് പരിശോധിക്കണം.

7. ആര് പറയുന്നതാണ്  ശരി എന്ന് തീരുമാനിക്കാന്‍ മനുഷ്യന്റെ ചിന്തയെയും ബുദ്ധിയെയും യുക്തിയെയും തന്നെയാണ് മാനദണ്ഡമാക്കേണ്ടത്. വെറുതെ ചിന്തിച്ചത് കൊണ്ട് കാര്യമില്ല ഏതില്‍നിന്നാണോ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത് അവയെ സൂക്ഷമായ പഠനത്തിന് വിധേയമാക്കുക.

8. താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ യുക്തിയില്‍ ശരിയെന്ന് കണ്ടെത്തിയ ദൈവത്തെയാണ് ആരാധിക്കേണ്ടത്.

9. ശരിയായ മതം ഏതെന്ന് തീരുമാനിക്കാനും യുക്തിയെ തന്നെയാണ് അവലംബിക്കേണ്ടത്. അതിനും ആവശ്യമായ പഠനം നടത്തേണ്ടതുണ്ട് എന്ന് പറയേണ്ടതില്ലല്ലോ?.

10. യുക്തി ഉപയോഗിക്കുന്ന മനുഷ്യന് ഇത് പ്രയാസകരമായി അനുഭവപ്പെടുകയില്ല. മനുഷ്യന് പഠിക്കാനും ചിന്തിക്കാനും കഴിയും. മതങ്ങളെയും അവയുടെ അടിസ്ഥാനങ്ങളെയും പഠനവിധേയമാക്കണം, അവയുടെ ദൈവ വീക്ഷണങ്ങളെ താരതമ്യം ചെയ്യണം. സത്യം വ്യക്തമാവുക തന്നെ ചെയ്യും.

ഇവയൊക്കെ ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളാണ്. പക്ഷെ ഒന്നിച്ച് മറുപടി പറയുന്ന പക്ഷം ചോദ്യം സ്പര്‍ശിച്ചില്ല എന്ന ആക്ഷേപം ഒഴിവാക്കാനാണ് വേറെ തന്നെ മറുപടി അവര്‍ത്തിച്ചത്.

യുക്തിയോ ബുദ്ധിയോ ഉപയോഗിക്കാതെ പാരായണം ചെയ്യപ്പെട്ടത് അങ്ങനെ തന്നെ അംഗീകരിക്കണം എന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നില്ല. ആയിരുന്നുവെങ്കില്‍ ഏതാനും കല്‍പനകള്‍ മാത്രം അവതരിപ്പിച്ചാല്‍ മതിയായിരുന്നു.  പ്രവാചകത്വത്തിന് ശേഷം മക്കയില്‍ നബി ജീവിച്ച 13 വര്‍ഷം അവതരിച്ച ഖുര്‍ആനില്‍ ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ ബോധ്യപ്പെടുന്നവിധം ഒട്ടേറെ തെളിവുകളാണ് നല്‍കപ്പെട്ടത്. നിയമമോ നിര്‍ദ്ദേശമോ ഒന്നും കാര്യമായി കാണപ്പെടുകയില്ല. ഖുര്‍ആന്റെ മൂന്നില്‍ രണ്ട് ഭാഗവും മനുഷ്യബുദ്ധിയോട് സംവദിച്ച് കാര്യങ്ങളെ മനസ്സാ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ?

ഇ.എ. ജബ്ബാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ഈ ത്രെഡ് മുതല്‍ ആരംഭിക്കുകയാണ്. സൌകര്യത്തിന് വേണ്ടി സമാനമായ ചോദ്യങ്ങളെ ഒന്നിച്ചെടുത്താണ് മറുപടി പറയുന്നത്.

ചോദ്യം

['പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.

(1)ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? (2)മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ? (3)മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?. (4)സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?.']

മറുപടി

ഇ.എ. ജബ്ബാര്‍ ആദ്യമായി പറയുന്നത് ശരിയാണ്. ഖുര്‍ആന്‍ നിരന്തരം മനുഷ്യനോട് ബുദ്ധിയും യുക്തിചിന്തയും ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുകയും അത് ഉപയോഗപ്പെടുത്താത്തവരെ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ കണ്ടെത്തുന്നതിലും ജീവിതത്തിന്റെ യാഥാര്‍ഥ്യം അറിയുന്നതിലും തന്നെയാണ് ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തതതക്കായി ഇവിടെ നല്‍കട്ടേ.

തങ്ങളുടെ അറിവിന്റെ പരിധിക്ക് പുറത്തുള്ളവയെ നിഷേധിക്കുന്നതിരെ ഖുര്‍ആന്‍ ശക്തമായി താകീത് ചെയ്യുന്നു. യുക്തിവാദികള്‍ക്ക് ഒരു ഉദാഹരണം പറഞ്ഞാല്‍ പെട്ടെന്ന് ഇത് മനസ്സിലാകും. പരിണാവവാദത്തെക്കുറിച്ച് പഠിക്കാന്‍ സന്നദ്ധമാകാതെ അത് മുന്‍ധാരണയോടെ തള്ളിക്കളയുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുക. എന്ന പോലെ തന്നെയാണ് അറിയാന്‍ ശ്രമിക്കാതെ കാര്യങ്ങളെ തള്ളിക്കളയുന്നത്. ഇവരെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു. ['കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക'.(10:39)]

ചുറ്റുപാടുകളെക്കുറിച്ചും സ്വന്തം ശരീരത്തെക്കുറിച്ചും ചിന്തിക്കാന്‍ അത് ആവശ്യപ്പെടുന്നു. ചിന്തിക്കുന്ന ഹൃദയത്തെയും കണ്ണിനെയും കാതിനെയും ഉപയോഗപ്പെടുത്തണമെന്നും അത് ആവശ്യപ്പെടുന്നു.  ['ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.' (22:46)]

നാല്‍കാലികളുടെ പ്രത്യേകത അവ മനുഷ്യരെ പോലെ യുക്തിപൂര്‍വം ചിന്തിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്. എന്നാല്‍ അവയ്ക് ചിന്തിച്ച് യുക്തി പുര്‍വം പ്രവര്‍ത്തിക്കേണ്ടതില്ല അതിനാല്‍ അവയെ സൃഷ്ടിക്കപ്പെട്ടതും ഇത്തരം കഴിവ് നല്‍കപ്പെടാതെയാണ്. എന്നാല്‍ മനുഷ്യന്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടവനാണ്. ചിന്തിക്കാത്ത പക്ഷം അവന്‍ നാല്‍കാലിയേക്കാള്‍ മോശക്കാരനായി തീരും ഈ സത്യമാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. [ (7:-176-179) 'നീ ഈ കഥകള്‍ അവരെ കേള്‍പ്പിച്ചുകൊണ്ടിരിക്കുക-അവര്‍ കുറച്ച് ആലോചിച്ചെങ്കിലോ. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്ന ജനത്തിനുള്ള ഉദാഹരണം വളരെ ദുഷിച്ചതുതന്നെ. അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാകുന്നു. അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നവന്‍ മാത്രമാകുന്നു സന്മാര്‍ഗം പ്രാപിക്കുന്നവന്‍. അല്ലാഹു അവന്റെ മാര്‍ഗദര്‍ശനം വിലക്കിയവര്‍ പരാജിതരും ലക്ഷ്യമില്ലാത്തവരും തന്നെയാകുന്നു. ഇതു സത്യമാകുന്നു, നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്.140 അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു. ']

ജബ്ബാര്‍ പറയുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ട ഒരാള്‍ ദൈവത്തെക്കുറിച്ച് യുക്തിപരമായി ധാരാളം ചോദ്യങ്ങള്‍ ഉന്നയിക്കും. ശരിയാണ് ചോദിക്കാവുന്നതും ആണ്. അതിന് നല്‍കപ്പെടുന്ന മറുപടികളെ യുക്തിപൂര്‍വം വിശകലനം ചെയ്യാവുന്നതുമാണ്. ഇവിടെയും ശ്രദ്ധേയമായ ഒരു മാറ്റം സ്വാഗതം ചെയ്യുന്നു. ദൈവത്തെ തന്നെ നിഷേധിക്കുന്നവര്‍ ദൈത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുക യുക്തിശൂന്യമായ ഒരു പരിപാടിയായിരുന്നു ഇതുവരെയും ചിലര്‍ ബോധപൂര്‍വമോ അല്ലാതെയോ ചെയ്തുകൊണ്ടിരുന്നത്. ഇവിടെ ദൈവത്തിന്റെ സാന്നദ്ധ്യം അംഗീകരിച്ച ശേഷം ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ദൈവം എന്തിന് ഈ പ്രപഞ്ചം പടച്ചുവെന്ന ചോദ്യത്തിന് ഉത്തരം ദൈവം പറഞ്ഞ് തന്നിട്ടില്ല. പക്ഷെ ഇത് സംബന്ധമായി ഒരു കാര്യം ഉണര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ ദൈവത്തിന് ഒരു ലക്ഷ്യം ഉണ്ട്. അതെന്തുമാകട്ടേ അത് മനുഷ്യനെ ബാധിക്കുന്നില്ല എന്നതാണ് പറഞ്ഞുതരാതിരിക്കാനുള്ള ന്യായം എന്ന് തോന്നുന്നു. ഉണര്‍ത്തിയകാര്യം ഈ പ്രപഞ്ചത്തെ ഒരു കളിയായി സൃഷ്ടിച്ചതല്ല എന്നതാണ്. അത് അറിഞ്ഞിരിക്കേണ്ടത് മനുഷ്യന് ആവശ്യവുമാണ്. ഖുര്‍ആന്‍ പറഞ്ഞു. [ 'ഈ ആകാശ-ഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും നാം വിനോദമായി സൃഷ്ടിച്ചിട്ടുള്ളതല്ല. തികഞ്ഞ യാഥാര്‍ഥ്യത്തോടുകൂടിയാകുന്നു സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ, ഇവരിലധികമാളുകളും അറിയുന്നില്ല.'(44:38,39)].

എന്നാല്‍ മനുഷ്യരെ സൃഷ്ടിച്ചത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരം നല്‍കപ്പെട്ടേ മതിയാകൂ. കാരണം എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നറിയാതെ സ്രഷ്ടാവിന്റെ തൃപ്തിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഒരു ജോലിക്കാരനെ ജോലിക്ക് വിളിച്ചാല്‍ ജോലി എന്താണെന്ന് വ്യക്തമാക്കി കൊടുക്കണം. മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ച് ദൈവം പറഞ്ഞത്  ഇങ്ങനെയാണ്...  ['ഞാന്‍ ജിന്നുവംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല-അവര്‍ എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ. ഞാന്‍ അവരില്‍നിന്ന് യാതൊരു വിഭവവും കാംക്ഷിക്കുന്നില്ല. അവര്‍ എന്നെ ഊട്ടണമെന്നാഗ്രഹിക്കുന്നുമില്ല. അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.'(51:56-58)]

ഇവിടെ പൊതുവെ ജനങ്ങള്‍ എന്താണ് ഇബാദത്ത് എന്ന് മനസ്സിലാക്കുതില്‍ ചില പിഴവ് വരുത്തിയിരിക്കുന്നു. അതേ പിഴവോടെ കാര്യം മനസ്സിലാക്കിയത് കൊണ്ടാണ് പ്രധാനമായും ഈ ചോദ്യം ഇവിടെ ഉത്ഭവിച്ചത്. ഇബാദത്ത് എന്നാല്‍ കേവലം മനുഷ്യന്‍ നടത്തിവരുന്ന സാമ്പദായികാര്‍ഥത്തിലുള്ള ആരാധനയല്ല. ആരാധന സൃഷ്ടിപ്പിന്റെ ഒരു ലക്ഷ്യവുമല്ല. കാരണം ആരാധനകള്‍ ദൈവത്തിന് വല്ല ശക്തിയും വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നില്ല. ദൈവം മനുഷ്യനില്‍നിന്ന് ആഹാരമോ വിഭവമോ ആഗ്രഹിക്കുന്നില്ല. അപ്പോള്‍ പിന്നെ എന്താണ് ഇബാദത്ത്.

പണ്ഡിതന്‍മാര്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. എനിക്ക് യുക്തമായി തോന്നിയ ഒരു വ്യാഖ്യാനം ഇവിടെ നല്‍കുന്നു. ['തന്റെ ജീവിതത്തില്‍ സ്വാതന്ത്യ്രത്തിനതീതമായ മണ്ഡലങ്ങളില്‍ സ്വശരീരത്തിലെ ഓരോ രോമവും വരെ സ്വയം ദൈവത്തിനടിമപ്പെട്ടുകൊണ്ടിരിക്കുന്നതുപോലെ, സ്വാതന്ത്യ്രത്തിന്റെ പരിധിക്കകത്തുള്ള കാര്യങ്ങളിലും സന്മനസ്സോടെ ദൈവത്തെ അനുസരിക്കുകയും അവന്ന് അടിമപ്പെടുകയും ചെയ്യേണ്ടതാണ്. ഇബാദത്ത് എന്ന പദം സൂക്തത്തില്‍, നോമ്പ്, നമസ്കാരം തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ എന്ന അര്‍ഥത്തില്‍ മാത്രം ഉപയോഗിച്ചിട്ടുള്ളതല്ല. അതുകൊണ്ട് ജിന്നും മനുഷ്യനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നമസ്കരിക്കാനും നോമ്പനുഷ്ഠിക്കാനും തസ്ബീഹും തഹ്ലീലും ചൊല്ലാനുമാകുന്നു എന്നതാണ് ഈ സൂക്തത്തിനര്‍ഥമെന്ന് ആരും വിചാരിക്കേണ്ടതില്ല. ആ അര്‍ഥവും ഇതിന്റെ ആശയത്തിലുള്‍പ്പെടുന്നുവെങ്കിലും അത് ഇതിന്റെ പൂര്‍ണമായ ആശയമാകുന്നില്ല. പൂര്‍ണരൂപത്തിലുള്ള ആശയം ഇതാണ്. അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലും ആരാധനയോ അനുസരണമോ നേര്‍ച്ച വഴിപാടുകളോ ചെയ്യുന്നതിനുവേണ്ടി മനുഷ്യരും ജിന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ദൈവമല്ലാത്ത മറ്റാരുടെയും മുന്നില്‍ തലകുനിക്കുകയോ മറ്റാരുടെയെങ്കിലും ആജ്ഞാനുവര്‍ത്തിയാവുകയോ മറ്റാരോടെങ്കിലും ഭയഭക്തി പുലര്‍ത്തുകയോ ഏതെങ്കിലും കൃത്രിമ മതങ്ങളെ പിന്‍പറ്റുകയോ ആരെയെങ്കിലും തന്റെ വിധാതാവായി കരുതുകയോ ദൈവേതരമായ ഏതെങ്കിലും അസ്തിത്വത്തിനു മുമ്പില്‍ കൈനീട്ടി പ്രാര്‍ഥിക്കുകയോ ചെയ്യുക അവന്റെ ധര്‍മമല്ല'. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )‍]

സ്വഭാവികമായും അടുത്ത ചോദ്യം എന്തിന് മനുഷ്യന്‍ ഇപ്രകാരം ദൈവത്തിന് ഇബാദത്ത് മാത്രം ചെയ്യണം എന്നതാണ്. അതിന്റെ യുക്തിപൂര്‍വകമായ മറുപടിയായി എനിക്ക് തോന്നിയിട്ടുള്ളത്. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് അംഗീകരിച്ചുകഴിഞ്ഞാല്‍ ആ ദൈവത്തിന്റെ കല്‍പനകള്‍ ജീവിതത്തില്‍ പാലിക്കുക എന്നത് അവന്റെ മേല്‍ അനിവാര്യമായി വരുന്നതാണ്. ഇതര സൃഷ്ടികളെ അവന്‍ കല്‍പനാധികാരമുള്ള അസ്തിത്വമായി,  ആരാധിക്കപ്പെടേണ്ടുന്നവയായി അംഗീകരിക്കാതിരിക്കുക എന്നത് അവന്റെ തന്നെ അന്തസിന്റെയും അഭിമാനത്തിന്റെയും ഭാഗമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ..  എന്നെ പോലെയുള്ള ഒരു സൃഷ്ടിയുടെ കല്‍പനകള്‍ നിരുപാധികം അനുസരിക്കേണ്ട ബാധ്യത എനിക്കില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ യഥാര്‍ഥ സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വിധേയമായി മാത്രമേ പാടുള്ളൂ.

ആരാധന, ഇബാദത്തിന്റെ ഒരു ഭാഗമാണ്. അനുസരണം അവന് മാത്രമായ പോലെ തന്നെ ആരാധനയും അവന് മാത്രമായിരിക്കണം എന്ന് ദൈവം അനുശാസിക്കുന്നു. ഇത് മനുഷ്യനെ അവനെപ്പോലുള്ള സൃഷ്ടികളുടെ അടിമത്തത്തില്‍നിന്ന് സ്വതന്ത്രമാക്കാനാണ്. ആദരണീയനായ മനുഷ്യന്‍ ദൈവത്തിന്റെ തന്നെ പോലെ ഒരു സൃഷ്ടിക്ക് മുമ്പിന്‍ കുമ്പിടേണ്ടവനല്ല. സ്വയമേ ദുര്‍ബലരായ ഏതെങ്കിലും ആള്‍ദൈവങ്ങളുടെ മുന്നിലോ നിര്‍ജീവ വസ്തുക്കളുടെ മുന്നിലോ തലകുനിക്കരുത്. അവരോട് വിളിച്ച് പ്രാര്‍ഥിച്ചിട്ട് കാര്യമില്ല ഇത്തരം കാരണത്താലാണ് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് ദൈവം ആവശ്യപ്പെടുന്നത്.

മനുഷ്യന്റെ ആരാധനയും, അനുസരണവും, അടിമത്തവും ദൈവത്തിന് യഥാര്‍ഥത്തില്‍ ആവശ്യമില്ലെങ്കിലും ദൈവത്തിനല്ലെങ്കില്‍ അവന്‍ അത് മറ്റുപലര്‍ക്കും ചെയ്യും. ദൈവത്തെ മനുഷ്യന്‍ ആരാധിക്കുന്നതും അനുസരിക്കുന്നതും അടിമപ്പെടുന്നതും സ്വാഭാവികമാണ്. അവയുടെ പ്രയോജനം അവന് തന്നെയാണ്. കാരണം ദൈവം മനുഷ്യനോട് കല്‍പിക്കുന്നത് നന്മമാത്രമാണ്. അവന് വിലക്കുന്നത് അവന് ഉപദ്രവകരമായ കാര്യങ്ങളും. ആരാധനാകര്‍മങ്ങള്‍ ദൈവത്തെ അനുസരിച്ച് കൊള്ളാമെന്ന പ്രതിജ്ഞയുടെ ബാഹ്യപ്രകടനമാണ്, അനുസരണവും അടിമത്തവും ആണ് അവന്‍ മനുഷ്യനില്‍ നിന്ന് അന്തിമമായി ആവശ്യപ്പെടുന്നത്. ഈ ന്യായമായ ആവശ്യം ഒരു വിലപേശലല്ല. മറ്റേതെങ്കിലും ഒരു ദൈവമുണ്ടങ്കിലല്ലേ വിലപേശല്‍ വരുന്നുള്ളൂ. അതുകൊണ്ട് മനുഷ്യന്‍ തനിക്ക് മാത്രം ഇബാദത്ത് ചെയ്യണം എന്നത് ദൈവത്തിന്റെ പൂര്‍ണതയെയല്ലാതെ അപൂര്‍ണതയെ കാണിക്കുന്നില്ല.

മറിച്ച് താനല്ലാത്തവര്‍ക്ക് മനുഷ്യന്‍ ഇബാദത്ത് ചെയ്യണം എന്ന് ദൈവം ആവശ്യപ്പെടുന്നത് തീരെ യുക്തിയല്ല, തികഞ്ഞ അന്തക്കേടും, ദൈവത്തിന്റെ അപൂര്‍ണതയെയും  കാണിക്കുന്നു.

ഇ.എ. ജബ്ബാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി.

ബ്ലോഗറും യുക്തിവാദിയുമായ ഇ.എ. ജബ്ബാര്‍ ദൈവത്തെയും മതത്തെയും സംബന്ധിച്ച് യുക്തിയില്‍ തെളിയുന്ന ഏതാനും അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഫെയ്സ്ബുക്ക് ചര്‍ചയില്‍ ഉന്നയിച്ചിരിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏതൊരു മതവിശ്വാസിയും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും തന്നെയാണ്. ഈ ചോദ്യങ്ങള്‍  പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 26 ചോദ്യങ്ങളാണ് ഇതില്‍ ഞാന്‍ പ്രധാനമായും കാണുന്നത്. പല ചോദ്യങ്ങളും അദ്ദേഹത്തിന്റെ മുന്‍ധാരണയില്‍നിന്ന് ഉണ്ടാക്കുന്നതാണ്. പലതും സ്വയം കണ്ടെത്തിയ തെറ്റൊശരിയോ ആയ ഉത്തരത്തില്‍നിന്നുള്ളതാണ്. പല ചോദ്യങ്ങളും ആവര്‍ത്തനങ്ങളാണ്. ഉത്തരം നല്‍കാനുള്ള സൌകര്യത്തിനായി ചോദ്യങ്ങള്‍ക്ക് നമ്പര്‍ നല്‍കുകയും  ഖണ്ഡികയാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

അദ്ദേഹത്തിന്റെ ചോദ്യങ്ങളിലേക്ക്...

Ea Jabbar said...
['പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.

(1)ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? (2)മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ? (3)മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?. (4)സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?

(5)ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?

(6) ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി? (7) അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും? (8)ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം? (9) ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക? (10) യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?

(11) ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, കാരുണ്യം, പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത് ? (12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കു നിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്കു തീരെ യോജിക്കാത്തതും.

(13) മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന് ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?.

(14) മനുഷ്യര്‍ , തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?

(15) മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട്?

(16) സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്? (17) അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?.

(18) ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?.

(19) വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്? (20) ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന്‍ എന്നെങ്ങനെ വിളിക്കും? (21) ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?

(22) അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?.

(23) ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്?.

(24) ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?

(25) യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?

(26) വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ ,അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?']
 11 hours ago
  • You, Abdu Raheem, നാസർ മഴവില്ല്, Adarsh Nilambur and 39 others like this.

    --------------------

    ഇത്രയുമാണ് ഇ.എ. ജബ്ബാറിന്റെ ചോദ്യങ്ങള്‍ തുടര്‍ പോസ്റ്റില്‍ ഇതിനുള്ള എന്റെ യുക്തിയില്‍ തോന്നിയ മറുപടികള്‍ പ്രതീക്ഷിക്കുക..

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

മുഹമ്മദ് നബി ലോക നേതാവ്

മുഹമ്മദ് നബി ലോകത്തെവിടെയും ചര്‍ചാവിഷയമാണ്, അദ്ദേഹത്തിന്റെ സ്വകാര്യജീവിതം പോലും നിരൂപണവിധേയമാണ്, അദ്ദേഹത്തിന്റെ പൊതുജിവിതം വിമര്‍ശനവിധേയവും. ഇതൊന്നും ആരും തടഞ്ഞിട്ടില്ല, തടയാവുന്നതുമല്ല. അതെ സമയം തന്നെ അദ്ദേഹം ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഏത് പ്രവാചകന്‍മാര്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മോശയോ യേശുവോ അതില്‍നിന്ന് ഒഴിവല്ല. ഒരു കൂട്ടം മനുഷ്യര്‍ ഒരാളോട് ശത്രുത കാണിക്കുകയും ദ്രോഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നത് അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റുകുറക്കുന്നില്ല.

മാത്രമല്ല, ലോകത്തെവിടെയും അദ്ദേഹത്തെ ജീവനേക്കാള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനതയുമുണ്ട്. ലോകത്ത് അദ്ദേഹത്തെപ്പോലെ പിന്തുടരപ്പെടുന്ന ഒരു നേതാവില്ല. മറ്റേതൊരു നേതാവിനെ എടുത്ത് നോക്കിയാല്‍ അദ്ദേഹം ഒരു വിഭാഗത്തിന്റെയോ ഒരു പ്രദേശത്തിന്റെയോ ഒരു രാജ്യത്തിന്റെയോ നേതാവാണ്. ചുരുക്കത്തില്‍ മുഹമ്മദ് നബി പ്രത്യക്ഷത്തില്‍ തന്നെ ഒരു ലോകനേതാവായി അനുഭവപ്പെട്ടുന്നു. ഇത് കേവലം ഒരു തോന്നലാണോ , അതല്ല അതിന് അര്‍ഹനാക്കുന്ന എന്തെങ്കിലും ഗുണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്തൊക്കെയായിരിക്കണം ഒരു ലോകനേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍

1. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക സമുദായത്തിനോ ദേശത്തിനോ വംശത്തിനോ വര്‍ഗത്തിനോ വേണ്ടി മാത്രമായിരിക്കരുത്. അമേരിക്കയുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി നിലനിന്ന് ഒരു വ്യക്തിത്വം ആ രാജ്യത്തിന് മഹാനാണ്, ആ നിലക്ക് ലോകം അദ്ദേഹത്തെ കാണുകയും ചെയ്യും. പക്ഷെ അദ്ദേഹം എനിക്ക് നേതാവല്ല. ഗാന്ധിജി ഇന്ത്യക്കാരുടെ നേതാവാണ് പക്ഷെ ഒരു ചൈനക്കാരന് അദ്ദേഹം നേതാവല്ല.

2. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകജനതക്കാകമാനം മാര്‍ഗദര്‍ശകമായിരിക്കണമെന്നാണ്. മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം പരിഹാരമായിരിക്കുകയും വേണം. നേതാവ് എന്നതിന്റെ വിവക്ഷതന്നെ മാര്‍ഗദര്‍ശകന്‍ എന്നാണ്. നന്മയിലേക്കും ധര്‍മത്തിലേക്കും വഴികാണിക്കാനാണ് നേതാവിനെ ആവശ്യമായി വരുന്നത്. മനുഷ്യന്‍ അവന്റെ ജഢികേഛകള്‍ക്കനുസരിച്ച് ജീവിച്ചാല്‍ തന്നെ തിന്മയിലേക്ക് സ്വാഭാവികമായി ചെന്നെത്തും. അതില്‍നിന്നും ശരിയായ ദിശകാണിക്കാന്‍ അവന് ഒരു സഹായി ആവശ്യമുണ്ട്. അതാണ് നേതാവ്.

3. അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ഒരു നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാവരുത്, മറിച്ച് എല്ലാ കാലത്തിനും എല്ലാ സാഹചര്യത്തിനും ഗുണകരമായിരിരിക്കണം. അത് എക്കാലത്തും ശരിയും സുബദ്ധവുമായിരിക്കണം. എന്നേക്കും സ്വീകാര്യമായിരിക്കണം. ഒരു കാലത്ത് പ്രയോജനപ്രദവും മറ്റൊരു കാലത്തേക്ക് പ്രയോജനരഹിതവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന വ്യക്തി ലോകനേതാവായിരിക്കാന്‍ യോഗ്യനല്ല.

4. തത്വങ്ങളും സിദ്ധാന്തങ്ങളും മാത്രം നല്‍കി തന്റെ ദൗത്യം പൂര്‍ത്തീകരിച്ച ഒരായിരിക്കരുത്, മറിച്ച് സ്വജീവിതത്തിലൂടെ താന്‍ നല്‍കിയ തത്വങ്ങളരുടെ പ്രയോഗികത തെളിയിച്ച ഒരാളായിരിക്കണം അദ്ദേഹം. തത്വങ്ങള്‍ മാത്രം നല്‍കിയ വ്യക്തിയെ തത്വചിന്തകന്‍ എന്ന് വിളിക്കാമെങ്കിലും നേതാവ് എന്ന വിളിക്ക് യോഗ്യനല്ല. താന്‍ നല്‍കിയ സന്ദേശങ്ങളെ സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും അപ്രകാരമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുകയും ചെയ്ത വ്യക്തിയാണ് മേല്‍പറഞ്ഞ ഗുണങ്ങളോടൊപ്പം ലോകനേതാവാകുന്നത്.

ലോകനേതാവിനുണ്ടാകേണ്ട ഗുണങ്ങള്‍ ഏതെന്ന് ചിന്തിക്കുമ്പോള്‍ മനുഷ്യബുദ്ധി എത്തിച്ചേരുന്ന നിഗമനങ്ങളാണ് മുകളില്‍ അക്കമിട്ട് നല്‍കിയ നാല് കാര്യങ്ങള്‍ . ഇനി ഇപ്രകാരം ഈ ഉപാധികള്‍ മുഹമ്മദ് നബിയില്‍ മേളിച്ചിട്ടുണ്ടോ എന്ന് പരിശോദിച്ചുനോക്കൂക.


അതില്‍ ഒന്നാമത്തെ ഗുണം നബിയില്‍ പൂര്‍ണമായി സമ്മേളിച്ചതായി കാണാം. അദ്ദേഹം ഒരു അറബിദേശീയവാദിയോ ഒരു ഗോത്രവംശീയവാദിയോ അല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാര്‍വലൗകിക കാഴ്ചപ്പാടോടെയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്പ്പാടില്‍ എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു. ഒരു വര്‍ഗത്തോടോ സമുദായത്തോടോ ദേശത്തോടോ ആയിരുന്നില്ല അ്‌ദ്ദേഹത്തിന്റെ താല്‍പര്യം മറിച്ച് മുഴുവന്‍ ജനതയോടുമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ എത്യോപ്യക്കാരും പേര്‍ഷ്യക്കാരും റോമക്കാരും ഈജിപ്തുകാരും ഇസ്രായീല്യരുമെല്ലാം അറബികളെ പോലെ തന്നെ അദ്ദേഹത്തിന്റെ സഖാക്കളും അനുയായികളുമായി തീര്‍ന്നു. ഇപ്പോഴാകട്ടേ അ്‌ദ്ദേഹത്തിന്റെ അനുയായികളില്ലാത്ത ഏതെങ്കിലും രാജ്യം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്.

ലോകനേതാവിനുണ്ടാകേണ്ട രണ്ടാമത്തെയും മൂന്നാമത്തെയും ഉപാധിയനുസരിച്ചും മുഹമ്മദ് നബി ലോകനേതാവിന് വേണ്ട ഗുണങ്ങള്‍ ഉള്‍കൊണ്ട വ്യക്തിയാണെന്ന്് നിശ്ശംസയം പറയാം. നബിയുടെ സന്ദേശം ഒരു ദേശത്തിലെ കുറച്ചാളുകളുടെയോ ഒരു വര്‍ഗത്തിന്റെ പ്രാദേശികവും താല്‍കാലികവുമായ പരിഹാരത്തിന് വേണ്ടിയോ ആയിരുന്നില്ല. മനുഷ്യരാശിയുടെ മൗലികവും സാര്‍വത്രികവുമായ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയത്. അതിലൂടെ അവന് ഉണ്ടാകുന്ന താല്‍കാലിക പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്ന സമഗ്രമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

നാലാമത്തെ ഗുണം അദ്ദേഹം നല്‍കിയ സന്ദേശത്തിന്റെ പ്രയോഗക്ഷമതയാണല്ലോ. മുഹമ്മദ് നബി ഒരു സിദ്ധാന്ത്ം സമര്‍പ്പിക്കുക മാത്രമല്ല ചെയ്തത് ആ സിദ്ധാന്തമനുസരിച്ച് ചൈതന്യപൂര്‍ണവും ഊര്‍ജസ്വലവുമായ ഒരു സമൂഹത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. വെറും 23 വര്‍ഷത്തിനുള്ളില്‍ പടിപടിയായി ഒരു മഹത്തായ സമൂഹത്തെ വാര്‍ത്തെടുക്കുന്ന പരിപാടിയാണ്. ആത്മപൂജയില്‍നിന്ന് അവരെ മോചിപ്പിച്ചു. താന്‍ മുന്നോട്ട് വെച്ച സിന്താത്തിനനുസരിച്ച് ചലിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അനുയായി വൃത്തത്തെ സൃഷ്ടിച്ചു. നല്‍കിയ സിദ്ധാന്തങ്ങളത്രയും സ്വയം ജീവിതത്തില്‍ പകര്‍ത്തി അവയുടെ പ്രയോഗക്ഷമത തെളിയിച്ചതിന്റെ ഫലമായിട്ടാണ് അ്‌ദ്ദേഹത്തിന് ഇത് സാധിച്ചത്. അങ്ങനെ തന്റെ സന്ദേശം പൂര്‍ണമായി പിന്‍പറ്റുന്ന ഒരു സമൂഹം എത്രമാത്രം ശുദ്ധവും സ്വഛവും ഉത്തമവുമായിരിക്കുമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തൂ.

ഇനി പറയൂ. മുഹമ്മദ് നബി ലോകനേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ് എന്ന് നിങ്ങളുടെ ബുദ്ധിസമ്മതിക്കുന്നില്ലേ. എന്തുകൊണ്ടാണ് പ്രവാചകനുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ലോകത്താകമാനം ഇത്രയധികം കോളിളക്കവും സ്വാധീനവും സൃഷ്ടിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേ. അദ്ദേഹം ലോകനേതാവാണ്. നിങ്ങളുടെയും നേതാവ്.Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review