2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

ദൈവമെന്താണെന്ന് പറയൂ.. അതൊരു സങ്കൽപമല്ലേ ?Vb Rajan said.. ദൈവം എന്താണെന്ന് ആരും വിശദീകരിക്കുന്നില്ലല്ലോ? ദൈവം മാനുഷ്യന്റെ സങ്കല്പം മാത്രമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അല്ലങ്കിൽ പിന്നെ എന്തെന്ന് പറയു.
****************************************************************


ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടാകണം എന്ന് മനുഷ്യപ്രകൃതി അവനോട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യർ പൊതുവെ ഒരു ദൈവത്തിൽ വിശ്വസിക്കുന്നത്. വളരെ കുറച്ചാളുകൾ വളരെ പണിപ്പെട്ടാണ് തങ്ങളുടെ ദൈവനിഷേധം കൊണ്ടുനടക്കുന്നത്. നിരീശ്വരർ സ്വയം ചില അബദ്ധധാരണകൾ അരക്കിട്ടുറപ്പിച്ച് വിശ്വസിച്ചാണ് ദൈവത്തെ ഹൃദയത്തിൽനിന്ന് പുറത്താക്കുന്നത്. പരിണാമവാദമാണ് അവരുടെ ഒരു പ്രധാന തുരുപ്പ് ശീട്ട്. 

മനുഷ്യൻ ദൈവവിശ്വാസിയാവുക എന്നതിൽ വലിയ കാര്യമില്ല. ഇവയൊന്നും തനിയെ ഉണ്ടായതാവാൻ സാധ്യതയില്ല എന്ന വിചാരമുൾക്കൊള്ളുന്ന തന്റെ യുക്തിയെ തൃപ്തിപ്പെടുത്താനും, തന്റെ പ്രയാസങ്ങൾ നീക്കാനുമുള്ള ഒരു അത്താണി മാത്രമായതിനെ കൊണ്ടുപോകുന്നു പലരും. വലിയ ഒരു വിഭാഗം മനുഷ്യരെ സംബന്ധിച്ച് ദൈവം ഒരു സങ്കൽപം മാത്രമാണ്. ദൈവസങ്കൽപം എന്ന പ്രയോഗം തന്നെ അതാണ് സൂചിപ്പിക്കുന്നത്. 

എന്നാൽ വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം കേവലം ഒരു സങ്കൽപത്തിനപ്പുറത്തേക്ക് ദൈവവിശ്വാസം കടക്കുന്നു. കൃസ്ത്യാനികളും ജൂതരും മുസ്ലികളുമൊക്കെ അങ്ങനെയാണ്. ഇവരോട് നിങ്ങളുടെ ദൈവം വെറുമൊരു സങ്കൽപമല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെ അവർ മറുപടിപറയും. അവരുട മനസ്സിലെ ദൈവരൂപം അവർ സ്വയം ഉണ്ടാക്കിയതല്ല വേദഗ്രന്ഥം അവർക്ക് നൽകിയതാണ്. ആ ചിത്രം തങ്ങളുടെ യുക്തിക്ക് നിരക്കുന്നതാകട്ടെ അല്ലാതിരിക്കട്ടെ അവരതിൽ വിശ്വസിക്കുന്നു. കാരണം വേദം സത്യമാണ് എന്ന് അവർ വിശ്വസിക്കുനു. 

മൂന്നാമത്തെ തലത്തിലാണ് ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം. അത് ഒരു സ്രഷ്ടാവ് മാത്രമല്ല, നിയന്താവും, പരിപാലകനും കൂടിയാണ്. മനുഷ്യർക്ക് ആവശ്യമായ നിയമം നൽകിയവനും, മനുഷ്യന്റെ അന്നദാതാവും സംരക്ഷകനും ആണ്. എല്ലാറ്റിലുമുപരി തങ്ങളെ നിരന്തരം വീക്ഷിച്ചിരിക്കുന്നവനും മരണശേഷം തങ്ങളുടെ ഇവിടുത്തെ പ്രവർത്തനങ്ങളുടെ പേരിൽ പരലോകത്ത് രക്ഷാശിക്ഷകൾ നൽകുന്നവനുമാണ്. 

മുസ്ലിംകളെ സംബന്ധിച്ച് ഇത് കേവലം ഒരു സങ്കൽപമല്ല. കേവലം വിശ്വാസം പോലുമല്ല. ദൃഢബോധ്യമാണ്. ഈ വിശ്വാസം അവർക്ക് നൽകുന്ന മനസ്സമാധാനവും ശക്തിയും ഒന്ന് വേറെത്തന്നെയാണ്. 

പ്രിയ സുഹൃത്ത്  വി.ബി. രാജന് എനിക്ക് നൽകാവുന്ന ചുരുങ്ങിയ മറുപടി ഇതാണ്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review