മനുഷ്യരുടെ സന്‍മാര്‍ഗ ദര്‍ശനത്തിന് ദൈവം നിശ്ചയിച്ച സംവിധാനമാണ് പ്രവാചകത്വം. ആദമിനെ ഭൂമിയിലേക്കയക്കുമ്പോള്‍ ദൈവം വാഗ്ദാനം ചെയ്തതാണത്. ദൈവിക നീതിയുടെ താല്‍പര്യവും അതിലാണ്. മനുഷ്യരെ സൃഷ്ടിക്കുകയും അവന് ജീവിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങള്‍ എല്ലാം സംവിധാനിക്കുകയും ചെയ്ത ദൈവം അവന് ഈ ഭൂമിയില്‍ ജീവിക്കാനാവശ്യമായ നിയമങ്ങള്‍ക്കൂടി നല്‍കി എന്നത് ദൈവിക കാരുണ്യത്തിന്റെ കൂടി പ്രകടനമാണ്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെ ഒരു ലക്ഷത്തിഇരുപത്തിനാലായിരത്തോളം പ്രവാചകന്‍മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ടെന്ന് പ്രവാചകനവചനത്തില്‍ കാണാന്‍ കഴിയും. ഇതില്‍ 25 പ്രവാചകന്‍മാരുടെ പരാമര്‍ശം ഖുര്‍ആനിലുണ്ട്. ചിലരുടെ ചരിത്രം വിശദമായി പറഞ്ഞപ്പോള്‍ ചിലരുടെ പേര്‍ മാത്രം പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്‍മാരുടെയും ദൗത്യം ഒന്നായിരുന്നു. ദൈവികനിയമങ്ങള്‍ക്ക് വഴപ്പെടുക ദൈവേതര ശക്തികളെ വെടിയുക ഇതായിരുന്നു സന്ദേശത്തിന്റെ ചുരുക്കം. ഒരോ കാലത്തേക്കും ദേശത്തേക്കും അനുയോജ്യമായ നിയമനിര്‍ദ്ദേശങ്ങളാണ് നല്‍കപ്പെട്ടത്. എങ്കിലും എല്ലാവരുടെയും ദര്‍ശനം(ദീന്‍)ഒന്നായിരുന്നു അഥവാ ഇസ്‌ലാം. ഇസ്‌ലാം എന്നാല്‍ ദൈവത്തിന് കീഴൊതുങ്ങുന്നതിന്റെ പേരാണ്. ആ അറബി പദം തന്നെ എല്ലായിടത്തും ഉപയോഗിച്ചു എന്നതിനര്‍ഥമില്ല.
ഇസ്‌ലാംദര്‍ശനത്തിലെ അവസാന പ്രവാചകനാണ് മുഹമ്മദ് മുസ്തഫ(സ). വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകവചനത്തിന്റെയും അടിസ്ഥാനത്തില്‍ മുഹമ്മദ് നബിയുടെ സവിശേഷതകളാണ് ഈ പോസ്റ്റിന്റെ വിഷയം. നാല് ഇനങ്ങളില്‍ ഈ സവിശേഷത പ്രകടമാണ്. ഒന്ന്. പ്രവാചകന്റെ ഇഹലോക ജീവിതത്തില്‍ , രണ്ട്. പ്രവാചകന്റെ പരലോക ജീവിതത്തില്‍ ,മുന്ന്. പ്രവാചകന്റെ സമുദായത്തിന്റ ഇഹലോകത്തിലെ സവിശേഷതകള്‍, നാല്. പ്രാവചകന്റെ സമുദായത്തിന് പരലോകത്തെ സവിശേഷതകള്‍.
ഇവിടെ പരാമര്‍ശിക്കുന്നത് ഇതിലെ ഒന്നാമത്തെ ഇനമാണ് അഥവാ പ്രവാചകന്റ ഇഹലോക ജീവിതത്തിലെ സവിശേഷതകള്‍.
1. പ്രവാചകന്‍മാരുമായുള്ള കരാര്‍.
ആദം മുതല്‍ ഈസ വരെയുള്ള പ്രവാചകന്‍മാരില്‍ നിന്നും അല്ലാഹും കരാര്‍ വാങ്ങിയിട്ടുണ്ട്. മുഹമ്മദിനെ നാം പ്രവാചകനായി നിയോഗിച്ചാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തെ സഹായിക്കണമെന്നും. അപ്രകാരം തന്നെ അവരുടെ സമുദായങ്ങളില്‍ നിന്നും ആ കരാര്‍ വാങ്ങിയിരിക്കുന്നു. വിശുദ്ധഖുര്‍ആനിലെ ആലു ഇംറാന്‍ അധ്യായത്തില്‍ 81ാം സൂക്തത്തില്‍ ഇങ്ങനെ കാണാം.
ഓര്‍ക്കുവിന്‍, അല്ലാഹു പ്രവാചകന്മാരില്‍നിന്നു ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് നാളെ ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ തിട്ടമായും അദ്ദേഹത്തെ വിശ്വസിക്കേണ്ടതും സഹായിക്കേണ്ടതുമാകുന്നു. ഇവ്വിധം അരുളിക്കൊണ്ട് അല്ലാഹു ചോദിച്ചു: 'നിങ്ങളിതു സ്വീകരിക്കുകയും തദനുസാരം എന്നോടു ചെയ്ത പ്രതിജ്ഞയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തില്ലേ?' അവര്‍ പറഞ്ഞു: 'അതെ. ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.' അവന്‍ അരുളി: 'ശരി, എങ്കില്‍ നിങ്ങള്‍ സാക്ഷികളാകുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷിയാകുന്നു. ഇനി തങ്ങളുടെ പ്രതിജ്ഞയില്‍നിന്നു പിന്തിരിയുന്നവരാരോ, അവര്‍ പാപികള്‍തന്നെയാകുന്നു. (3:81-82)
പ്രവാചകന്‍ മുഹമ്മദ് നബി ആഗതനാകുമ്പോള്‍ അവരിലാരെങ്കിലും ജീവിച്ചിരിക്കുമെങ്കില്‍ അദ്ദേഹത്തെ പിന്‍പറ്റാനും സഹായിക്കാനും അവര്‍ക്ക് ബാധ്യതയുണ്ടാകുമായിരുന്നു. ഇതിന്റെ വിശദീകരണമെന്നോണം പ്രവാചകന്‍ പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനില്‍ സത്യം മുസാ ജീവിനോടെ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്നെ പിന്തുടരാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
2. സന്ദേശത്തിന്റെ സാര്‍വലൗകികത്വം
മറ്റുപ്രവാചകന്‍മാരുടെ സന്ദേശം ചില പ്രത്യേക കാലത്തേക്കും ദേശത്തിലേക്കും സമുദായത്തിലേക്കുമായിരുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെ സന്ദേശം മുഴുവന്‍ ലോകത്തിനുമുള്ളതാണ്. നൂഹിനെ നാം അദ്ദേഹത്തിന്റെ സമൂദായത്തിലേക്ക് നിയോഗിച്ചു. ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹുദിനെ അയച്ചു. എന്നിങ്ങനെ പറയുമ്പോള്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്നത്. പ്രവാചകരെ താങ്കളെ നാം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മുന്നറിയിപ്പുകാരനും സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല എന്നാണ്. പറയുക പ്രവാചകരേ. അല്ലയോമനുഷ്യസമൂഹമേ നിശ്ചയം ഞാന്‍ നിങ്ങളിലില്ലാവര്‍ക്കുമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. മറ്റുദൂതന്‍മാര്‍ ഒരോ സമുദായത്തിലേക്കാണ് നിയോഗിക്കപ്പെട്ടതെങ്കില്‍ എന്നെ നിയോഗിച്ചിരിക്കുന്നത് പോതുവായിട്ടാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയും വ്യക്തമാക്കിയിരിക്കുന്നു.
3. പ്രവാചകരില്‍ അന്തിമന്‍
മുഹമ്മദ് നബിയുടെ ഏറ്റവും വലിയ ഒരു സവിശേഷത അദ്ദേഹം അന്ത്യപ്രാവാചകനാണ് എന്നതാണ്. ദൈവികസന്ദേശങ്ങള്‍ പ്രവാചകനില്‍ അവസാനിച്ചു. ഇനിയൊരു പ്രവാചകന്‍ അവതരിക്കുകയില്ല. ഖുര്‍ആന്‍ പറയുന്നു.
4. ലോകാനുഗ്രഹിയായ പ്രവാചകന്ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ. (33:40)
മുഴുവന്‍ സൃഷ്ടികള്‍ക്കും അനുഗ്രഹമായിട്ടാണ് പ്രവാചകന്‍ നിയോഗിതനായത്. താങ്കളെ നാം ലോകര്‍ക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അയച്ചിട്ടുള്ളത്. എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍. ഞാന്‍ ശപിക്കുന്നവനായിട്ടല്ല മറിച്ച് അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പ്രവാചകന്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു.
5. ശാശ്വതവുമായ വേദഗ്രന്ഥം നല്‍കപ്പെട്ടവന്‍
സുരക്ഷിതവും അന്ത്യദിനം വരെ നിലനില്‍ക്കുന്നതുമായ ഒരു വേദഗ്രന്ഥം നല്‍കപ്പെട്ടു എന്നതാണ് മുഹമ്മദ് നബിയുടെ മറ്റൊരു സവിശേഷത. മറ്റു പ്രവാചകന്‍മാര്‍ക്ക് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് താല്‍കാലികമായിരുന്നു. എന്നാല്‍ പ്രവാചകന് നല്‍കപ്പെട്ട എറ്റവും വലിയ അമാനുഷിക ദൃഷ്ടാന്തം വിശുദ്ധഖുര്‍ആനാണ്. അത് അന്ത്യദിനം വരെ .യാതൊരു മാറ്റത്തിരുത്തലും കൂടാതെ നിലനില്‍ക്കുകയും ചെയ്യും. മുന്നിലൂടെയോ പിന്നിലുടെയോ അബദ്ധം അതില്‍ കടന്നുകൂടുകയില്ലെന്നും. നാമാണ് അത് അവതരിപ്പിച്ചത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന് ദൈവം വാഗ്ദാനം ചെയ്ത ഗ്രന്ഥം. 1400 വര്‍ഷമായി വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനിന്ന ഗ്രന്ഥം ഇനിയും നിലനില്‍ക്കും എന്ന കാര്യം കട്ടായം. ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ഇത് അവകാശപ്പെടാനാവില്ല.
പ്രവാചകന്‍ മുഹമ്മദ് നബിക്ക് മറ്റുപ്രവാചകന്‍മാരില്‍ നിന്നുള്ള സവിശേഷതകളാണ് ഇവിടെ നല്‍കിയത്. സവിശേഷതകള്‍ ഇതില്‍ ഒതുങ്ങില്ല. മുഖ്യമായവ എടുത്ത് പറഞ്ഞു എന്നുമാത്രം.