ഇറാഖ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇറാഖ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ബഗ്ദാദിയുടെ ഖിലാഫത്ത് സ്വീകാര്യമാകാത്തതെന്തുകൊണ്ട് ?

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എന്താണ് ഇസ്ലാമിലെ ഖിലാഫത്ത് എന്ന് ആദ്യം വിശദീകരിക്കേണ്ടതായി വരും.

ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ ലോകത്തിന് അപരിചിതങ്ങളല്ല. എന്നാല്‍ ജിഹാദ് എന്ന പദം പോലെ അവയുടെ ശരിയായ വിവക്ഷ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇറാഖിലെ വിമതസുന്നഗ്രൂപായ (ISIL/ISIS) ന്റെ സായുധമായ മുന്നേറ്റവും അവരുടെ ചെയ്തികളും പ്രഖ്യാപനങ്ങളും വീണ്ടും ഈ പദങ്ങളെ മതമേഖലയില്‍നിന്ന് മതേതരമേഖലയിലേക്ക് വരെ ഈ ചര്‍ചയെ എത്തിച്ചിരിക്കുന്നു. അതിനനുസരിച്ച് നെറ്റ് ലോകത്തെ പലമതേതരന്മാരും അതിനെ വിശദീകരിച്ച് നല്‍കുന്നു. സ്വാഭാവികമായും ഉപരിപ്ലവമായി കാണുന്നവ വെച്ച് നല്‍കപ്പെടുന്ന അത്തരം വിശദീകരണങ്ങള്‍ കുറേ പേരെ വഴിതെറ്റിക്കാന്‍ പര്യാപ്തമാണ്.

ഖലീഫ എന്ന പദം വിശുദ്ധഖുര്‍ആനില്‍ രണ്ടര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. 1. Successor  (പിന്‍ഗാമി, പിന്‍വരുന്നയാള്‍)  2. Deputy (പ്രതിനിധി, നിയുക്താധികാരി). ഇസ്ലാമിക ചരിത്രത്തില്‍ ഖലീഫ എന്ന് പ്രയോഗിക്കുന്നത് ഇസ്ലാമിക വ്യവസ്ഥയിലെ ഭരണാധികാരിക്കാണ്.  പ്രസ്തുത പദം ഉപയോഗിച്ചതിലൂടെ ഭരണാധികാരിയുടെ യഥാര്‍ഥ അവസ്ഥയെന്തെന്ന് അതു വ്യക്തമായി നിര്‍വചിക്കുന്നു. പ്രവാചകന് ശേഷം ഭരണാധികാരികളെക്കുറിക്കാന്‍ ഖലീഫ എന്നുപയോഗിച്ചപ്പോള്‍ അതിന്റെ അര്‍ഥം ഭരണപരമായി നബിയുടെ പിന്‍ഗാമി എന്ന അര്‍ഥത്തിലാണ്. അതോടൊപ്പം ഖലീഫ, ദൈവത്തിന്റെ പ്രതിനിധി എന്ന നിലക്ക് പ്രാതിനിധ്യവ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചയാളുമാണ് . മനുഷ്യന്റെ സ്ഥാനത്തെക്കുറിക്കാന്‍ ഖുര്‍ആനില്‍ ഖലീഫ എന്നുപയോഗിച്ചിട്ടുണ്ട്. അവിടെ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫത്തുല്ലാഹ്) എന്ന അര്‍ഥമാണ് യോജിക്കുക.

ഖലീഫയെന്നാല്‍ പ്രതിനിധിയോ പിന്‍ഗാമിയോ ?

കേരളത്തില്‍ അല്‍പം മുമ്പ് സംഘടനാ മത്സരത്തിന്റെ ഭാഗമായി ഖലീഫ, ഖിലാഫത്ത് പദം സംഘടനാ സംവാദത്തിന്റെ പിടുത്തത്തില്‍ പെട്ടിരുന്നു. അതിന്റെ ഫലമായി ഇബാദത്ത് എന്ന പദത്തെ ഉപയോഗിച്ചപോലെ  സന്ദര്‍ഭമോ സാഹചര്യമോ പരിഗണിക്കാതെ ചിലര്‍ പിന്‍ഗാമി എന്ന് മാത്രമായി ഉപയോഗിച്ചുവന്നു. ജമാഅത്തെ ഇസ്ലാമി ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ക്ക് മിക്കയിടത്തും പ്രതിനിധി, പ്രാതിനിധ്യം എന്ന അര്‍ഥം നല്‍കിയപ്പോള്‍ മുജാഹിദ് വിഭാഗം സാധ്യമായ എല്ലായിടത്തും പിന്‍ഗാമി എന്നര്‍ഥം നല്‍കി. ഖലീഫക്ക് പ്രതിനിധി എന്ന അര്‍ഥമില്ലെന്ന് അവര്‍ വാദിച്ചു.  അങ്ങനെ ആദിമ  മനുഷ്യനായ ആദം ആരുടെ പിന്‍ഗാമി എന്നറിയാതെ വ്യാഖ്യാനകസര്‍ത്ത് നടത്തിയത് മലയാള തഫ്സീറുകളില്‍കാണാം.  ഇബാദത്തിന് മൂന്ന് അര്‍ഥങ്ങള്‍ ഉണ്ടെങ്കിലും മുജാഹിദ് സംഘടനകള്‍ ആരാധന എന്ന അര്‍ഥം മാത്രം എല്ലായിടത്തും ഫിറ്റാക്കാന്‍ ശ്രമിച്ചപോലെ തന്നെ. സത്യമാകട്ടേ, ഭാഷാപരമായി തന്നെ രണ്ട് അര്‍ഥത്തിലും ഖലീഫയും അതിന്റെ ബഹുവചനരൂപങ്ങളും ഖുര്‍ആനില്‍  ഉപയോഗിച്ചിട്ടുണ്ട്. സാങ്കേതികമായി ആ പദം ഉപയോഗിക്കുന്നത്, പ്രവാചകനെ പിന്തുടര്‍ന്ന് വന്ന നാല് ഖലീഫമാര്‍ക്കും അവരുടെ ഭരണ രീതിക്കുമാണ്. പിന്നീട് ഉമവി ഭരണത്തില്‍ ഉമറുബ്നുല്‍ അബ്ദുല്‍ അസീസ്  ആദ്യനാല് ഖലീഫമാരുടെ രൂപത്തില്‍ ഖിലാഫത്ത് പുനസ്ഥാപിച്ചു. അതിനാല്‍ അദ്ദേഹത്തെയും ഇസ്ലാമിക ലോകം യഥാര്‍ഥ ഖലീഫമാരുടെ കൂടെ എണ്ണി. പിന്നീട് പേരിലും ഘടനയിലുമല്ലാതെ പൂര്‍ണമായ സ്വാഭാവത്തില്‍ ഖലീഫ നിലനിന്നിട്ടില്ല.

ഖിലാഫത്ത്; വഞ്ചിതരാവരുത്

ആധുനിക ജനാധിപത്യത്തിന്റെ എല്ലാ നല്ല മൂല്യങ്ങളെയും ഉള്‍കൊള്ളുന്നതും എന്നാല്‍ അതിന്റെ ദൌര്‍ബല്യങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും ഒഴിവായതുമായ ഒരു ഭരണരീതിയായിരുന്നു ഖിലാഫത്ത്. നാലാം ഖലീഫ അലി (റ) മരണത്തോടെ ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് വഴിമാറി. പിന്നീടുള്ള കാലഘട്ടങ്ങളില്‍ നേരത്തെ സൂചിപ്പിച്ച ഉമര്‍ രണ്ടാമന്റെ രണ്ട് വര്‍ഷം ഒഴികെ തികഞ്ഞ രാജാധിപത്യമാണ് നിലനിന്നതെങ്കിലും ഖലീഫ എന്ന സ്ഥാനവും ഖിലാഫത്തും 1923 ല്‍ തുര്‍ക്കി ഭരണാധികാരിയായ മുസ്തഫാ കമാല്‍പാഷ ഖിലാഫത്ത് പിരിച്ചുവിടുന്നത് വരെ ഉപയോഗിച്ചുവന്നു. അതുവരെ നടന്നത് രാജാധിപത്യമാണെങ്കിലും, ഖിലാഫത്ത് എന്ന് പേരുകൊണ്ടെങ്കിലും മുസ്ലിം സമുദായം അംഗീകരിച്ച് നല്‍കിയത് മുസ്ലിം രാജ്യങ്ങളുടെയും മുസ്ലികളുടെയും ആഗോളനേതൃത്വം എന്ന നിലയിലായിരുന്നു.  പേരിനെങ്കിലും നിലനിന്ന കാര്യമായ സ്വാധീനമില്ലാത്ത ഖിലാഫത്ത് പിരിച്ചുവിടപ്പെട്ടപ്പോള്‍ അത് മുസ്ലിംകള്‍ക്ക് ഒരു നൊമ്പരമായി. അക്കാലത്തെ മുസ്ലിം ചിന്തകരില്‍ പ്രമുഖനായിരുന്ന മൌലാനാ മൌദൂദി അതേ തുടര്‍ന്ന് ഖിലാഫത്തിനെ ഒരു സമ്പുര്‍ണപഠനത്തിന് വിധേയമാക്കി. അതിന്റെ ഫലമായിരുന്നു. ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകം. ഖിലാഫത്ത് പലകാരണങ്ങളാല്‍ മുസ്ലിംകള്‍ക്ക് സുന്ദരമായ സ്വപ്നമാണ്. പ്രത്യേകിച്ചും ഏകാധിപത്യത്തിന്റെ എല്ലാ ദുരന്തവും അനുഭവിക്കുന്ന അറബി മുസ്ലിം ജനതക്ക്. മുസ്ലിംജനസാമാന്യത്തിന്റെ ഇഛകളെയോ അഭിപ്രായങ്ങളെയോ താല്‍പര്യങ്ങളെയോ തരിമ്പും പരിഗണിക്കാതെ പാശ്ചാത്യശക്തികള്‍ക്ക് വിനീതവിധേയരായ ഭരണാധികാരികള്‍ക്കെതിരെയുള്ള ജനങ്ങളുടെ രോഷവും പ്രവാചകന്റെ ചില പ്രവചനങ്ങളും അവരെ പ്രമാണത്തിനുപരിയായി അത്തരം ഖിലാഫത്ത് അവകാശപ്പെടുന്നവരിലേക്ക് എടുത്ത് ചാടാന്‍ അപൂര്‍വം ചിലരെയെങ്കിലും  പ്രേരിപ്പിക്കുന്നുവെന്നാണ് കാര്യങ്ങളെ നിരീക്ഷിക്കുമ്പോള്‍ ബോധ്യമാകുന്നത്.

ബഗ്ദാദിയാണോ പ്രവാചകന്‍ പറഞ്ഞ ഖലീഫ !

മുസ്ലിംകളിലെ ഈ ആഗ്രഹം കണ്ടറിഞ്ഞുള്ള ഒരു മുന്നേറ്റമാണ്  ISIS എന്ന ഇറാഖിലേയും സിറിയയിലെയും സുന്നി വിമത തീവ്രവാദ സംഘടന നടത്തിയത്. ഇസ്ലാമിക രാഷ്ട്രമെന്ന് സ്വയം വിശേഷിപ്പിക്കുകയും ഖിലാഫത്ത് വാദിക്കുകയും അതിന്റെ ചിഹ്നങ്ങളെന്ന് നിലക്ക് അറിയപ്പെടുന്നവ ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള ചെറിയൊരു വിഭാഗത്തിന്റെ അനുഭാവം അവര്‍ നേടിയെടുത്തു. ഭൂമിയില്‍ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ലക്ഷ്യവും ആഗ്രഹവുമാണ്. പ്രവാചകനില്‍ നിന്നും ഹുദൈഫ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഖിലാഫതിന്റെ പുനസ്ഥാപനവുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു : 'അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് നിങ്ങള്‍ക്കിടയില്‍ പ്രവചാകത്വം സംഭവിക്കുന്നത്, അവന്‍ ഉദ്ദേശിക്കുമ്പോള്‍ പ്രവാചകത്വം ഉയര്‍ത്തിക്കളയുകയും ചെയ്യുന്നു. പിന്നീട് അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം പ്രവാചക മാതൃകയില്‍ ഖിലാഫത്ത് നിലവില്‍ വരും, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതും ഉയര്‍ത്തിക്കളയും, പിന്നീട് അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം ഖിലാഫത്ത് രാജാധിപത്യത്തിന് വഴിമാറും, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനെയും ഉയര്‍ത്തിക്കളയും, പിന്നീട് അവന്റ ഉദ്ദേശ്യമനുസരിച്ച് സ്വേഛാധിപതികളായ രാജാക്കന്മാരായിരിക്കും വരിക, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനെയും നീക്കും, ശേഷം പ്രവാചക മാതൃകയിലുള്ള ഖിലാഫത്തായിരിക്കും ഉണ്ടാകുക' ഇത് പറഞ്ഞ് പ്രവാചകന്‍ മൗനിയായി. (ഇമാം അഹ്മദ്)

എന്നാല്‍ ഇതുവരെ ലഭ്യമായ വിവരം വെച്ച് ഇസ്ലാമിക ഖിലാഫത്തിന്റെ എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഘം പിന്തുടരുന്നില്ല എന്ന് മാത്രമല്ല. അതിന് വിരുദ്ധമായി തികഞ്ഞ ഏകാധിപത്യത്തിന്റെയും സങ്കുചിതത്വത്തിന്റെയും സ്വഭാവമാണവര്‍ പ്രദര്‍ശിപ്പിക്കുന്നത്. സൌദി അറേബ്യ പിന്തുടരുന്ന തീവ്രസലഫിസത്തേക്കാള്‍ അല്‍പം കൂടി ഡോസ് കൂടിയ, അത്രപോലും നീതിബോധം പ്രദര്‍ശിപ്പിക്കാത്ത, എന്നാല്‍ പച്ചയായി ക്രൂരത അനുവര്‍ത്തിക്കുകയും അത് വീഡിയോ ആക്കി പ്രദര്‍ശിപ്പിക്കുന്ന അന്തക്കേട് കാണിക്കുകയും ചെയ്ത്. ഇസ്ലാമിക ഖിലാഫത്തിനെയും ഇസ്ലാമിക രാഷ്ട്രീയത്തെയും അവര്‍ കരിവാരിത്തേക്കുക കൂടി ചെയ്യുന്നു. ഈ വസ്തുത തിരിച്ചറിയണമെങ്കില്‍ ആരാണ് ഖലീഫ, എന്താണ് ഖിലാഫത്ത് എന്ന് കുറേകൂടി സൂക്ഷമായി വിശകലനം ചെയ്യേണ്ടതുണ്ട്.

ആരാണ് ഖലീഫ ?.

മനുഷ്യന് ഭൂമിയില്‍ അല്ലാഹുവിന്റെപ്രതിനിധി എന്ന സ്ഥാനമാണുള്ളത്. എല്ലാ മനുഷ്യരും പ്രതിനിധികളാകേണ്ടവരാണെങ്കിലും പ്രാധിനിധ്യം സ്വയം വഹിക്കുന്നവരാണ് ഉത്തരവാദിത്തം നിറവേറ്റുന്നവര്‍. എല്ലാ മനുഷ്യരും ദൈവത്തിന്റെ അടിമകളാണെങ്കിലും സ്വമേധയാ അടിമത്തം അംഗീകരിക്കുന്നവരാണല്ലോ പ്രതിഫലാര്‍ഹരാകുന്ന ദൈവദാസന്‍മാര്‍ എന്ന പോലെയാണ് ഈ പ്രാധിനിധ്യവും. ദൈവത്തിന്റെ പ്രതിനിധിയാകാന്‍ വേണ്ടത് പ്രാതിനിധ്യവ്യവസ്ഥ പൂര്‍ത്തീകരിക്കുക എന്നതാണ്.

പ്രതിനിധ്യവ്യവസ്ഥകള്‍

1. പ്രതിനിധി പരമാധികാരിയോ സാക്ഷാല്‍ ഉടമസ്ഥനോ അല്ല എന്നംഗീകുക.

2. പ്രതിനിധി   പ്രാതിനിധ്യംനല്‍കുന്നആളുടെ   നിര്‍ദ്ദേശം അനുസരിക്കേണ്ടതാണ്.

3. തന്റെ അധികാരങ്ങള്‍ പ്രാതിനിധ്യം നല്‍കുന്നആള്‍ നിശ്ചയിച്ചുകൊടുത്ത പരിധിയിലൊതുങ്ങിയേ നിര്‍വ്വഹിക്കാവൂ.

4. പ്രതിനിധി തന്റെ ഉദ്ദേശ്യമല്ല മറിച്ച് പ്രാതിനിധ്യം നല്‍കുന്ന ആളുടെ ഉദ്ദേശ്യമാണ് പൂര്‍ത്തീകരിക്കേണ്ടത്.

ആര്‍ ആരുടെ പ്രതിനിധിയായാലും പൂര്‍ത്തീകരിക്കേണ്ട അടിസ്ഥാന വ്യവസ്ഥകളാണിത്. ഇവിടെ പ്രതിനിധി മനുഷ്യനും പ്രാതിനിധ്യംനല്‍കുന്നആള്‍ ദൈവവും ആണ്. ആ നിലക്ക് ദൈവിക പ്രാതിനിധ്യത്തിന്റെ (ഖിലാഫത്തിന്റ) ഉദ്ദേശ്യം, ദൈവത്തിന്റെ ഭൂമിയില്‍ ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് അവന്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍നിന്നുകൊണ്ട് അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ്. ഇതിന് സ്വയം തയ്യാറാകുന്നതോടെ ആ വ്യക്തി ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) എന്ന സ്ഥാനത്തിന് അര്‍ഹനാകുന്നു. ഇതാണ് ഭൂമിയില്‍ മനുഷ്യന്‍ ഏറ്റെടുക്കേണ്ട സ്ഥാനം. ഇതില്‍ കൂടുതലുമല്ല കുറവുമല്ല.

ഈ വിവക്ഷയനുസരിച്ച് ഖലീഫ ഏതെങ്കിലും ഒരു വ്യക്തിയോ,  മനുഷ്യനായി ജനിച്ചുവെന്നതിനാല്‍ സ്വയം വന്നുചേരുന്ന സ്ഥാനമോ അല്ല എന്ന് വ്യക്തമാകും. ദൈവത്തിന്റെ പ്രതിനിധിയാകുന്നവര്‍ തങ്ങളുടെ അധികാരത്തിന്റെ ഒരു ഭാഗം (രാജ്യത്തിന്റെ ഭരണനിര്‍വഹണപരമായ ഭാഗം) നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയാണ് ഇസ്ലാമിലെ ഭരണാധികാരിയായ ഖലീഫ.   സ്വയം ഒരു സായുധ സംഘത്തിന് രൂപം നല്‍കുകയും അതിന്റെ ബലത്തില്‍ സ്വയം അധികാരസ്ഥനാവുകയും പിന്നീട് ആ അധികാരത്തിന് വഴിപ്പെടാന്‍ ജനങ്ങളെയും രാജ്യങ്ങളെയും നിര്‍ബന്ധിക്കുന്ന വ്യക്തി ഒരു അര്‍ഥത്തിലും ഖലീഫ എന്ന പദവിക്ക് അര്‍ഹനല്ല. അദ്ദേഹത്തെ അംഗീകരിക്കേണ്ട ഉത്തവാദിത്തം മുസ്ലിം സമൂഹത്തിനോ മറ്റുള്ളവര്‍ക്കോ ഇല്ല. എന്നാല്‍ ചില പ്രവാചകന്‍മാരെ അല്ലാഹു നേരിട്ട് ഖലീഫയായിക്കിയിരുന്നു. ഉദാഹരണം ദാവൂദ് നബി [(നാം അദ്ദേഹത്തോട് പറഞ്ഞു:) 'അല്ലയോ ദാവൂദ്! നിന്നെ നാം ഭൂമിയില്‍ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ നീ ജനങ്ങളെ നീതിപൂര്‍വം ഭരിക്കുക. സ്വേച്ഛകളെ പിന്‍പറ്റരുത്. അത് നിന്നെ ദൈവികമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിച്ചുകളയും. ദൈവിക മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നവര്‍ക്കുള്ളത് കഠിനദണ്ഡനമാകുന്നു; അവര്‍ വിചാരണനാളിനെ വിസ്മരിച്ചുകളഞ്ഞതിനാല്‍.' - ഖുര്‍ആന്‍ 38:26] പ്രവാചകത്വം നിലച്ചതിനാല്‍ ഇനി അപ്രകാരം പ്രതീക്ഷിക്കാവതല്ല.

ഖിലാഫത്തിന്റെ പ്രധാന സവിശേഷതകള്‍

1. മനുഷ്യന്റെ പരമാധികാരമല്ല, പ്രത്യുത മനുഷ്യന്റെ പ്രാധിനിത്യമാണ് ഇതിന്റെ അടിസ്ഥാനം ആ നിലക്ക് ദൈവപ്രോക്തമായ ധര്‍മങ്ങളാണ് നിയമനിര്‍മാണത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുക. അതിനാല്‍തന്നെ ദുര്‍ബല വിഭാഗങ്ങളുടെ മേല്‍ ഭൂരിപക്ഷത്തിന് ആധിപത്യം സ്ഥാപിക്കാനോ അവര്‍ക്ക് ഗുണകരമല്ലാത്ത നിയമങ്ങള്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ നിര്‍മിക്കാനോ സാധ്യമല്ല. ഏതൊരു നിയമവും കണിശമായ ധാര്‍മിക പരിധികള്‍ പാലിച്ചുകൊണ്ടാകണം.

2. ഖിലാഫത്ത് എന്നത് ഥിയോക്രസിയല്ല. മതപുരോഹിതന്മാരുടെ പ്രത്യേക വര്‍ഗത്തെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വാഴിച്ച് രാജ്യനിവാസികളുടെ മേല്‍ അവരുടെ പരമമായ ആധിപത്യം സ്ഥാപിക്കുകയാണ് ഥിയോക്രസിയില്‍ ചെയ്യുന്നത്. എന്നാല്‍ ഖിലാഫത്തില്‍ രാജ്യത്ത് വസിക്കുന്നവരുടെ മുഴുവന്‍ മാനുഷികാവകാശങ്ങളും സംരക്ഷിക്കുന്ന വിധം പൊതുവായ ധാര്‍മികതെയ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണമാണ്.

3. ഭരണകൂടത്തെ നിശ്ചയിക്കുന്നതും മാറ്റുന്നതും ചലിപ്പിക്കുന്നതുമെല്ലാം ബഹുജനാഭിപ്രായപ്രകാരമായിരിക്കണം. ഖിലാഫത്ത് ആ അര്‍ഥത്തില്‍ ആരുടെ മേലും അടിച്ചേല്‍പ്പിക്കേണ്ടതല്ല.  ഈ അര്‍ഥത്തില്‍ ഇത് ഡമോക്രസി (ജനാധിപത്യം)യോട് ചേര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ ബഹുജനം സര്‍വ്വതന്ത്ര സ്വതന്ത്രരല്ല എന്നതാണ് ജനാധിപത്യത്തില്‍നിന്ന് ഇതിനെ വ്യത്യസ്ഥമാക്കുന്നത്. ജനാധിപത്യമനുസരിച്ച് രാഷ്ട്രത്തിന്റെ നിയമം,  അഭ്യന്തര വൈദേശിക നയങ്ങള്‍ എന്നിവയൊക്കെ ഭൂരിപക്ഷത്തിന്റെ അഭീഷ്ടമനുസരിച്ച് മാറാം. എന്നാല്‍ ഖിലാഫത്തില്‍ മേല്‍പറഞ്ഞ ദൈവപ്രോക്തമായ ധാര്‍മികമൂല്യങ്ങളിലൂന്നിയല്ലാതെ ഒരു നിയമവും നിര്‍മിക്കപ്പെടാവതല്ല.

4. ഭദ്രമായ ചില ആദര്‍ശങ്ങളിലൂന്നി നിലകൊള്ളുന്നതിനാല്‍ രാജ്യങ്ങള്‍ പൊതുവെ അനുവര്‍ത്തിക്കുന്ന തോന്നിവാസങ്ങളും അക്രമ-അനീതി-മര്‍ദ്ധനങ്ങളും ആര്‍ക്കെതിരെയും നടപ്പാക്കപ്പെടുകയില്ല.

5. വര്‍ഗ-വര്‍ണ-ഭാഷാ-ദേശ പക്ഷപാതങ്ങള്‍ക്കതീതമായി ചില തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന രാഷ്ട്രമാണിത്. ആളുകള്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കുകയില്ല. പൌരന്മാര്‍ക്കിടയിലെ തുല്യാവകാശം ഇതിന്റെ മാറ്റമില്ലാത്ത നിലപാടായിരിക്കും.

6. ഭരണവര്‍ഗത്തിന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി അന്യായം പ്രവര്‍ത്തിക്കുയോ ധാര്‍മിക മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന നിലപാട് കൈകൊള്ളുകയോ ചെയ്യില്ല. അതിലെ കൈകാര്യകര്‍ത്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ ധാര്‍മിക മൂല്യങ്ങളും മേല്‍ തത്വങ്ങളോട് അവര്‍ക്കുള്ള കൂറുമാണ് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുക. സമ്പത്തും കയ്യൂക്കുമല്ല. വിശ്വസ്ഥത, സത്യസന്ധത, നിര്‍ഭയമായ നീതിദീക്ഷ, വാഗ്ദത്തപാലനം, സമാധാനകാംക്ഷ, അന്താരാഷ്ട്രനീതി, സഹവര്‍ത്തിത്തം എന്നിവയായിരിക്കും ജനപ്രതിനിധിയില്‍ തേടുന്ന ഗുണങ്ങള്‍.

7. കേവലം ക്രമസമാധാനം പാലിക്കുക, അതിര്‍ഥി സംരക്ഷിക്കുക തുടങ്ങിയ ജോലികള്‍ മാത്രം ചെയ്യുന്ന രാജ്യമല്ല. രാജ്യത്തിലെ ജനതയുടെ ക്ഷേമവും അവകാശവും ഉറപ്പുവരുത്തുകയും അവരെ ബാധിക്കാനിടയുള്ള തിന്മകളില്‍നിന്ന് സംരക്ഷണം നല്‍കുകയും  നന്മ വളര്‍ത്തി തിന്മ തുടച്ചുനീക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയായിരിക്കും അത്.

8. അവകാശങ്ങള്‍, പദവികള്‍, അവസരങ്ങള്‍ എന്നിവയില്‍ സമത്വം, നിയമവാഴ്ച, നന്മയില്‍ സഹകരണം, തിന്മയില്‍ നിസ്സഹകരണം, അവകാശത്തെക്കാള്‍ ബാധ്യതയെക്കുറിച്ച വിചാരം, ഏതൊരു പൌരന്റെയും ജീവിതോപാധികള്‍ തടയാതിരിക്കല്‍ എന്നിവ ഖിലാഫത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി അനുവര്‍ത്തിക്കും.

9. ഈ വ്യവസ്ഥ വ്യക്തിക്കും രാഷ്ട്രത്തിനുമിടയില്‍ സന്തുലിതത്വം നിലനിര്‍ത്തുന്നു. പരമവും സമഗ്രവുമായ ആധിപത്യം കയ്യിലൊതുക്കി വ്യക്തികളെ നിസ്സഹായരായ അടിമകളാക്കി മാറ്റാന്‍ രാഷ്ടത്തിന് സാധിക്കുകയില്ല. (ജനാധിപത്യ ഇന്ത്യയില്‍ ഭരണത്തിലേറുന്നവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരണം നടത്തുകയും പാവപ്പെട്ടവരെ അവഗണിക്കുകയും ചെയ്യുന്നത് ഇവിടെ ഓര്‍ക്കുക)

10. ഏതൊരു പൌരന്റെയും അഭിപ്രായ സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും സംരക്ഷിക്കും. ഭരണാധികാരികളെയും ഭരണത്തെയും നയനിലപാടുകളിലെയും വൈകല്യം ചൂണ്ടിക്കാണിക്കാന്‍ ഏതൊരു പൌരനും അവകാശം ഉണ്ടായിരിക്കും. (മിക്ക അറബ് രാജ്യങ്ങളിലും രാജാക്കന്‍മാരോ, സ്വേഛാധിപതികളോ ആണ് ഭരണത്തില്‍ എന്നതിനാല്‍ ഇസ്ലാമിക ഭരണവ്യവസ്ഥ തന്നെ ജനാധിപത്യവിരുദ്ധമാണ് എന്ന് ചിലര്‍ ധരിച്ചിരിക്കുന്നു)

11. സംശയത്തിന്റെ പേരില്‍ ശിക്ഷനല്‍കുകയില്ല. ശിക്ഷനല്‍കുന്നതില്‍ തെറ്റുപറ്റുന്നതിനേക്കാള്‍ നല്ലത് മാപ്പുനല്‍കുന്നതില്‍ തെറ്റുപറ്റുന്നതാണ് എന്നത്രെ ഇത് പിന്തുടരുന്ന തത്വം. നീതി നിര്‍വഹണത്തില്‍ ഇടപെടലുകളോ ശുപാര്‍ശകളോ അംഗീകരിക്കുകയില്ല. കേവല പരാതിയുടെ പേരില്‍ ആരെയും തടവിലിടുകയില്ല. ആരോപണവിധേയനായ ആളെ വിചാരണ ചെയ്യുകയും സാക്ഷികളെ ഹാജറാക്കി വിധി പ്രസ്താവിക്കുക. ദീര്‍ഘമായ വിചാരണത്തടവ് ആരുടെ കാര്യത്തിലും നടപ്പാക്കുകയില്ല. ആരോപണങ്ങളെമാത്രം അടിസ്ഥാനമാക്കി പ്രതികളെ പ്രഹരിക്കുകയില്ല. (UAPA, പോട്ട, ടാഡ പോലുള്ള നിയമങ്ങള്‍ തീര്‍ത്തും മനുഷ്യത്വവിരുദ്ധവും അനീതിപരവുമാണ്, ഒരു ഭരണകൂടത്തിന്റെ യുക്തിസഹമല്ലാത്ത ഭയപ്പാടും, ആത്മവിശ്വാസക്കുറവുമാണ് ഇത്തരം നിയമങ്ങള്‍ക്ക് ആധാരം. അത്തരം നിയമങ്ങള്‍ ഒരു യഥാര്‍ഥ ഇസ്ലാമിക സ്റ്റേറ്റിന് നിര്‍മിക്കാനാവില്ല. പ്രത്യക്ഷത്തില്‍ തന്നെ അനീതിപരവും നിരപരാധികള്‍ ശിക്ഷിക്കപ്പെടാനിടയാക്കുന്നതുമാണ് കാരണം)

12. ആരുടെ കയ്യില്‍നിന്നും ഭൂസ്വത്ത് അന്യായമായി ഭരണകൂടം കൈവശപ്പെടുത്തുകയില്ല. എന്നാല്‍ തരിശായികിടക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും അവ കൃഷിഭൂമിയാണെങ്കില്‍ മൂന്ന് വര്‍ഷം തരിശായി ഇടുന്ന പക്ഷം അത് പിടിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കാനും ഭരണകൂടത്തിന് അവകാശമുണ്ടായിരിക്കും.

ഇസ്ലാമിക ഖിലാഫത്ത് ജനാധിപത്യപരം

അങ്ങനെ നോക്കുമ്പോള്‍ ഖിലാഫത്ത് എന്നാല്‍ ജനാധിപത്യവിരുദ്ധമല്ല. മറിച്ച് ജനാധിപത്യത്തിന്റെ ജനോപകാരപ്രദമായ മുഴുവന്‍ മൂല്യങ്ങളെയും ഉള്‍കൊള്ളുന്നതും, അതിന്റെ സഹജദൌര്‍ബല്യങ്ങളില്ലാത്തതുമായ സ്വപ്നതുല്യമായ ഭരണവ്യവസ്ഥയാണ് എന്ന് കാണാന്‍ പ്രയാസമില്ല. ഭാഷാ-മതന്യൂനപക്ഷങ്ങളുടെ മേല്‍ അന്യായമായ അധികാരം സ്ഥാപിക്കുന്നതോ, അവരെ ഞെരുക്കുന്നതോ ഖിലാഫത്തിന്റെ സ്വാഭാവമായിരിക്കുകയില്ല. ഇക്കാര്യങ്ങളെക്കുറിച്ച തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാണ് ഇസ്ലാമിക ലോകത്തെ സമാദരണീയരായ പണ്ഡിതന്മാര്‍ ബഗ്ദാദിയുടെ ഖിലാഫത്തിനെ അംഗീകരിക്കേണ്ടതില്ല എന്ന് നിലപാട് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഖിലാഫത്ത് എത്രമാത്രം സ്വീകാര്യമാകും എന്നറിയാല്‍ മുകളില്‍ നല്‍കിയ വിശദീകരണം മതിയാവും. അതോടൊപ്പം പ്രസക്തമായ ചില ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെട്ടാല്‍ പോലും പരിഹാരം കാണേണ്ട ചില വിഷയങ്ങളുണ്ട്. അവര്‍ തന്നെ നല്‍കുന്ന വീഡിയോവില്‍ നിന്ന് മനസ്സിലാക്കുന്നതനുസരിച്ച് സൌദിഭരണകര്‍ത്താക്കളേക്കാള്‍ കുറേകൂടി തീവ്രസ്വഭാവത്തില്‍ യുക്തിയോ സാഹചര്യമോ നോക്കാതെ പ്രമാണങ്ങളുടെ അക്ഷരങ്ങളെ മാത്രം പരിഗണിച്ച് നടത്തുന്ന ഒരു സങ്കുചിത ഭരണമാണ് തങ്ങള്‍ക്ക് അധീനപ്പെട്ട പ്രദേശങ്ങളില്‍ അവര്‍ നടത്തുന്നതെന്നാണ്. തെറ്റുകള്‍ക്ക് ഉടനടി കര്‍ക്കശ ശിക്ഷലഭിക്കുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ആളുകള്‍ (സുന്നികള്‍ എന്ന് പറയുന്നതാകും ശരി) നിര്‍ഭയരാവുകയും കുറ്റകൃത്യഗണ്യമായികുറഞ്ഞിട്ടുണ്ടാകും എന്നത് ശരിയാണ്. എന്നാല്‍ അത് മാത്രമല്ലല്ലോ ഖിലാഫത്ത്.  ഏതായാലും സംശയത്തിന്റെ പുകമറനീങ്ങാത്ത ഈ സംഘത്തെ ചാടിക്കേറി ബൈഅത്ത് ചെയ്യാനുദ്ദേശിക്കുന്നവര്‍ കാര്യങ്ങളെ കുറേകൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക.

(ഇസ്ലാം ഓണ്‍ലൈവ് സൈറ്റില്‍ അല്‍ മുസ്ലിമില്‍ വന്ന ലേഖനഭാഗം വായിക്കുക.)

[' ഈ സന്ദര്‍ഭത്തില്‍ ഇറാഖില്‍ ഖിലാഫത്ത് സ്ഥാപിച്ച് വിമത വിഭാഗമായ ഐ.എസ്.ഐ.എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഖലീഫയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്യേണ്ടത് എങ്ങനെയെന്നതുമാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ട ചോദ്യം.

ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപിച്ച സുന്നീ വിമതര്‍ അബൂബക്കല്‍ ബഗ്ദാദി (അബ്ദുല്ല ഇബ്രാഹീം സാംറാഈ)യെ എല്ലാ മുസ്‌ലിംകളുടെയും പുതിയ ഖലീഫയായും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള പോരാട്ട സംഘങ്ങളോട് അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യാനും ഐ.എസ്.ഐ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതരായ പണ്ഡിതന്മാരോടും നേതാക്കന്മാരോടും ആലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അബൂബക്കര്‍ ബഗ്ദാദിയെ ഖലീഫയായി തെരഞ്ഞെടുത്തതെന്ന് വിമത വിഭാഗം വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

1. മുതിര്‍ന്ന പണ്ഡിതന്മാരോട് കൂടിയാലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തെരഞ്ഞെടുത്ത ഖലീഫ എവിടെയാണുള്ളത്? അജ്ഞാതനായ ഖലീഫക്ക് ലോക മുസ്‌ലിംകള്‍ എങ്ങനെ അനുസരണ പ്രതിജ്ഞ ചെയ്യും? ഇസ്‌ലാമിക ഖിലാഫത്തില്‍ അനുസരണ പ്രതിജ്ഞക്ക് വലിയ സ്ഥാനമുള്ളതെന്നിരിക്കെ ഖലീഫക്ക് അനുസരണ പ്രതിജ്ഞ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒരിക്കലെങ്കിലും 'ഖലീഫ' പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?

ഒരിക്കല്‍ പോലും കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു വ്യക്തിക്ക് തന്റെ മകളേയോ സഹോദരിയേയോ വിവാഹം കഴിച്ചു കൊടുക്കാന്‍ ഒരാള്‍ക്ക് സാധ്യമല്ലന്നിരിക്കെ, ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തരവാദിത്വം 'ഏല്‍പ്പിക്കപ്പെട്ട' ഖലീഫയെ ഒരിക്കല്‍ പോലും കാണാതെയും കേള്‍ക്കാതെയും മുസ്‌ലിംകള്‍ അദ്ദേഹത്തിനെങ്ങനെ പ്രതിജ്ഞ ചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്.

2. ഇറാഖിലും സിറിയയിലും പോരാട്ടത്തിലേര്‍പ്പെട്ട നിരവധി സംഘടനകളുണ്ടായിരിക്കെ, ഖിലാഫത്ത് സ്ഥാപിക്കുന്ന വിഷയത്തില്‍ ഇവരെയൊന്നും കൂടെക്കൂട്ടാന്‍ ഐ.എസ്.ഐ.എസ് തയ്യാറാകാത്തതെന്താണ്? ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ക്കിടയിലുള്ള കൂടിയാലോചന അനിവാര്യമാണല്ലോ.

ഇറാഖില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെല്ലാം വര്‍ഷങ്ങളായി സിറിയയിലും പോരാട്ടം നടത്തുന്നവയാണ്. ഇറാഖിലിപ്പോള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താനും ഇവര്‍ക്ക് സാധിച്ചിരിക്കുന്നു. എന്നാല്‍ ഈ പോരാട്ട ഗ്രൂപ്പുകളില്‍ ഒന്നുമാത്രമായ ഐ.എസ്.ഐ.എസ് ഖിലാഫത്ത് സ്ഥാപിക്കുന്ന വിഷയത്തില്‍ മറ്റുള്ളവരെ അവഗണിക്കുകയും, എന്നിട്ട് എല്ലാവരും 'ഖലീഫ'ക്ക് പ്രതിജ്ഞ ചെയ്യണമെന്ന് പറയുന്നതും എങ്ങനെ ശരിയാകും?

3. അബൂബക്കര്‍ ബഗ്ദാദിയെ മുസ്‌ലിംകളുടെ ഖലീഫയാക്കാനുള്ള തീരുമാനം ഏതൊക്കെ പണ്ഡിതന്മാര്‍ ചേര്‍ന്നാണ് കൈകൊണ്ടത്? എന്തുകൊണ്ടാണ് അവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താത്തത്? ഇമാം മാവര്‍ദി തന്റെ 'അഹ്കാമു സ്സുല്‍ത്വാനിയ്യ' എന്ന പുസ്തകത്തില്‍ ഖലീഫയെ തെരഞ്ഞെടുക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ പറയുന്നുണ്ട്. 1. നീതിമാന്മാരായിരിക്കുക. 2. നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെന്താല്ലാം എന്ന അറിവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. 3. ഏറ്റവും മികച്ച നേതാവിനെ തെരഞ്ഞെടുക്കാനുള്ള വിവരവും യുക്തിയും ഉണ്ടായിരിക്കണം. ഈ പറയപ്പെട്ട ഗുണങ്ങളെല്ലാം ഉള്‍ച്ചേര്‍ന്ന പണ്ഡിതന്മാര്‍ തന്നെയാണോ പുതിയ 'ഖലീഫ'യെ തെരഞ്ഞെടുത്തത്?

4. ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ ഈ സംഘര്‍ഷ മുഖരിതമായ സന്ദര്‍ഭം തന്നെ തെരഞ്ഞെടുത്തത് എന്തിന്? ബഗ്ദാദിലും ഡമസ്‌കസിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ലാത്ത, പ്രത്യേകിച്ച് പോരാളികള്‍ ബഗ്ദാദിനു സമീപം എത്തി നില്‍ക്കുന്ന ഈ വേളയില്‍? ഖിലാഫത്ത് പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ പോരാട്ടം വിജയത്തിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനല്ലേ ഐ.എസ്.ഐ.എസ് മുഖ്യപരിഗണന നല്‍കേണ്ടത്?

മറ്റുള്ളവരെ അവഗണിച്ച് ഐ.എസ്.ഐ.എസ് തനിച്ച് ഖലീഫയെ പ്രഖ്യാപിച്ചതും, ഖലീഫക്ക് പ്രതിജ്ഞ ചെയ്യേണ്ടത് എല്ലാ മുസ്‌ലിംകളുടേയും ബാധ്യതയാണെന്ന് പ്രഖ്യാപിച്ചതും, മറ്റെല്ലാ ഭരണകൂടങ്ങളേയും സംഘടനകളെയും അധികാരങ്ങളേയും റദ്ദു ചെയ്തതായുള്ള പ്രഖ്യാപനവും ഐ.എസ്.ഐ.എസിന്റെ ഏകാധിപത്യ സ്വഭാവമാണ് വ്യക്തമാക്കുന്നത്.

ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ എല്ലാ മുസ്‌ലിംകളും ആഗ്രഹിക്കുന്ന വേളയില്‍ ബഗ്ദാദില്‍ നിന്നും ഉണ്ടായിരിക്കുന്ന പുതിയ ഖിലാഫത് പ്രഖ്യാപനം ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളെയാണ് ലോക മുസ്‌ലിംകളുടെ മനസ്സില്‍ ഉയര്‍ത്തി വിട്ടിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക?‍']

ബഗ്ദാദിയെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് സംഘടനകളുടെ സഹചദൌര്‍ബല്യമായ മറ്റുള്ളവരെ അംഗീകരിക്കാനുള്ള സങ്കുചിതത്വം  കാരണമാണ് എന്ന് ചില സുഹൃത്തുക്കള്‍ നിഗമനത്തിലെത്തിയിരിക്കുന്നു. മറ്റുചിലരാകട്ടെ മതസംഘടനകളുടെ ഭീരുത്വമായി അതിനെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു പോസ്റ്റ് അനിവാര്യമെന്ന് തോന്നിയത്. യഥാര്‍ഥ ഖിലാഫത്തും ഇപ്പോള്‍ പ്രഖ്യാപിച്ച ഖിലാഫത്തും തമ്മിലുള്ള അന്തരമാണ് ഇതിനെ അസ്വീകാര്യമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ വിശദീകരണം മതിയാകും. അതിലപ്പുറം വേണ്ടവര്‍ക്ക് കമന്റ് ബോക്സ് ഉപയോഗപ്പെടുത്താം. 

2014 ജൂലൈ 5, ശനിയാഴ്‌ച

നഴ്സുമാര്‍ രക്ഷപ്പെട്ടതിന് നന്ദി ആരോട് നാം ചൊല്ലേണ്ടൂൂ..






നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു? ഇത്രയും വൈകിച്ച സര്‍ക്കരിനോടോ, കൊണ്ട് വരില്ലെന്ന് വാശി പിടിച്ച കേന്ദ്രത്തിനോടോ? കലാപ ഭൂമിയില്‍ സുരക്ഷയോരുക്കി പാവം പെങ്കൊച്ചുങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിച്ച പോരാളികളോടോ? നന്ദി ആരോട് നാം ചൊല്ലേണ്ടൂൂ..........

ഒരു സുഹൃത്ത് പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ കമന്റ് ബോക്സില്‍ നല്‍കിയ വരികളാണിത്. ഇറാഖിലെ സുന്നിവിമതര്‍ കരുതലുള്ള ആങ്ങമാരോ അതല്ല രക്തരക്ഷരായ ഭീകരരോ ഇതാണ് ഇപ്പോള്‍ ഏവരെയും കുക്കുന്ന ചോദ്യം. സ്വതവേ പോരാട്ടം ശിയാക്കളായതുകൊണ്ടും. പ്രവാചകന്‍ സൂചിപ്പിച്ചതെന്ന് കരുതുന്ന കറുത്ത പതാക കൈവശമുള്ളതുകൊണ്ടും അവര്‍ പോരാടുന്നത് അമേരിക്കന്‍ പാവഭരണത്തോടാണ് എന്ന് കരുതുന്നതിനാലും ചിലര്‍ക്കെങ്കിലും നേരത്തെ തന്നെ ഒരു സോഫ്റ്റ് കോര്‍ണര്‍ മനോഭാവം പല മലയാളി മുസ്ലിംകള്‍ക്കും ഉണ്ട്. സത്യത്തില്‍ അവര്‍ ആരാണ് എന്നറിയാനുള്ള ചെറിയ ഒരു അന്വേഷണത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞതാണിവിടെ പങ്കുവെക്കുന്നത്. 


ഒരടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്കൊണ്ട് അവരുടെ കുടുംബത്തില്‍ ഉണ്ടായ ബേജാറൊന്ന് സങ്കല്‍പിച്ചുനോക്കൂ..ഇറാഖില്‍ വിമത സുന്നി തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ട നഴ്സുമാര്‍ ചര്‍ചയാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. പ്രത്യക്ഷത്തില്‍ തീര്‍ത്തും നിഷ്ക്രിയമായ  ഒരു സമീപനമാണ് കേന്ദ്രത്തില്‍നിന്ന് അനുഭവിക്കാന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്തുന്നതായി പോലും ആരും പറഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ കേള്‍ക്കുന്നു. പതിവുശൈലിയില്‍നിന്ന് ഭിന്നമായി പിന്‍വാതിലിലൂടെയാണ് ഇത്തവണ നയതന്ത്രം നടത്തി വിജയിപ്പിച്ചെടുത്തത് എന്ന്. രഹസ്യമായി മോഡി അയച്ച ഒരു സന്ദേശമാണ് നഴ്സുമാരെ സ്വന്തം റിസ്കില്‍ വിമാനത്താവളത്തിലെത്തിച്ച് ഇവിടെ നിന്ന് അയച്ച വിമാനത്തില്‍ കയറ്റി വിടാന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചത് എന്നും കേള്‍ക്കുന്നു. ഇവിടെ നാം അനുഭവിക്കുന്ന പ്രശ്നം അതല്ല. ഇന്നലെ വരെ കൊടും ഭീകരവാദികള്‍, മനുഷ്യനെ ജീവനോടെ തിന്നുന്നവര്‍ എന്നൊക്കെ ചാനലുകളും പത്രങ്ങളും പരിചയപ്പെടുത്തിയ ഈ വിഭാഗം  ഒറ്റദിവസം കൊണ്ട് ഇങ്ങനെ മയപ്പെട്ടതെങ്ങനെ എന്നാണ് നമുക്ക്  മനസ്സിലാകാതെ പോകുന്നത്. മാതൃഭൂമി നഴ്സുമാരെ തീവ്രവാദികള്‍ യുദ്ധമുഖത്ത് മനുഷ്യമറയാക്കാന്‍ പോകുന്നുവെന്ന് ഒന്നാം പേജില്‍ എഴുതിയിട്ട് ഒരാഴ്ചയായില്ല. മറയാക്കുന്നത് പോയിട്ട്, ലക്കും ലഗാനുമില്ലാതെ ആശുപത്രി പോലും പരിഗണിക്കാതെ ബോംബുവര്‍ഷം നടത്തുന്ന ഇറാഖിലെ നിയമാനുസൃത സൈന്യത്തില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ഈ തീവ്രവാദികളത്രെ. 

അപ്പോള്‍ എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു. ISIS എന്ന ഇറാഖിലെ വിമത പോരാളികളെ നാം മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കിയിട്ടില്ല. അവര്‍ ഭീകരരാണെങ്കിലും അങ്ങേ അറ്റം ഭീരുക്കളാണ് എന്നാണ് ഇപ്പോള്‍ നല്‍കപ്പെടുന്ന ഗവണ്‍മെന്റ് ഭാഷ്യം കണ്ടാല്‍ മനസ്സിലാവുക. സത്യത്തില്‍ ആരാണവര്‍ ? നാം ഇത് വരെ കണ്ട രക്തം മരവിപ്പിക്കുന്ന കൊലനടത്തുന്ന വീഡിയോകളിലുള്ള ഭീകരവാദികളും നഴ്സുമാര്‍ കണ്ട് അനുഭവിച്ച് വന്ന് പരിചയപ്പെടുത്തുന്ന വിമതരും വലിയ വ്യത്യാസം ഉണ്ടല്ലോ. ഈ സമസ്യ എങ്ങനെ പരിഹരിക്കാം. ഇതേക്കുറിച്ച് ആലോചിച്ചപ്പോഴാണ് കഴിഞ്ഞ ലക്കം പ്രബോധനം ഒന്നുകൂടി എടുത്ത് വായിക്കാന്‍ തോന്നിയത്. അതില്‍ പ്രസിദ്ധ അറബി കോളമിസ്റ്റ് ഫഹ്മി ഹുവൈദിയുടെ വിലയിരുത്തലും മറ്റുലേഖനങ്ങളെയും ഇതില്‍ അവലംബിച്ചിരിക്കുന്നു.  

2004 ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശകാലത്ത് രൂപം കൊണ്ട ജമാഅത്തുത്തൌഹീദ് വല്‍ജിഹാദ് എന്ന പോരാട്ട സംഘടന കുറച്ചുകാലം അല്‍ഖാഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുു. പിന്നീട് ബിന്‍ലാദന്റെ മരണത്തിന് ശേഷം അയ്മന്‍ സവാഹിരിയെ അംഗീകരിക്കാന്‍ സംഘടനയുടെ പുതിയ സാരഥി അബൂബക്കര്‍ ബഗ്ദാദി തയ്യാറായില്ല. പിന്നീട് സിറിയയില്‍ പരിമിതമായ അല്‍നുസ്റ എന്ന അല്‍ഖാഇദ വിഭാഗവുമായി ഈ സംഘം ഏറ്റുമുട്ടുക വരെയുണ്ടായി.   Islamic State of Iraq and the Levant   എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംഘടയുടെ പേര്‍  Islamic State of Iraq and Syria Islamic State of Iraq and al-Sham  എന്നൊക്കെ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി വരുന്ന ഈ സംഘടന അറബിയില്‍  ദാഇശ് എന്ന ചുരുക്കരൂപത്തിലും al-Dawlah al-Islāmīyah fī al-ʻIrāq wa-al-Shām എന്ന് വായിക്കാവുന്ന വിധം അറബിയിലും അതിന്റെ പേര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള്‍ 35 വര്‍ഷത്തോളം ഇറാഖ് ഭരിച്ച ബഅ്സ് പാര്‍ട്ടിയുടെ അവശിഷ്ടത്തില്‍നിന്ന് രൂപം കൊണ്ട സുന്നി നഖ്ശബന്ദി ത്വരീഖത്ത് വിഭാഗമാണിത്. 2007 ല്‍ പുനസംഘടിപ്പിക്കപ്പെട്ട ഈ വിഭാഗം അധിനിവേശ ശക്തികളോട് ഏറ്റുമുട്ടുക എന്നതാണ് ശൈലിയായി സ്വീകരിച്ചത്. അമേരിക്കന്‍ സേനയുടെ ഇറാഖില്‍നിന്നുള്ള പിന്‍മാറ്റത്തിന് ശേഷം ഇറാഖ് ഭരണകൂടം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ നഖ്ശബന്ദി ത്വരീഖതെന്ന് അമേരിക്കന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ അവലംബിച്ച് 2010 മാര്‍ച്ചില്‍ അതായത് യു.എസ് സേനയുടെ പിന്‍മാറ്റത്തിന് തൊട്ടുമുമ്പ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 



പറഞ്ഞുവന്നത് ഇത് ഇപ്പോള്‍ അവിടെവിടുന്നായി പ്രത്യക്ഷപ്പെട്ട ഇസ്ലാമിസ്റ്റുകളുടെ സംഖ്യമൊന്നുമല്ല. പുറത്താക്കപ്പെട്ട, നേരത്തെ ഭരണം ആസ്വദിക്കുകയും എന്നാല്‍ അമേരിക്കന്‍ സഖ്യസേന വലിയ സന്നാഹവുമായി ഇറാഖിന് മേല്‍ പറന്നിറങ്ങിയപ്പോള്‍ നേരിയ ചെറുത്ത് നില്‍പ്പുപോലും നടത്താതെ പിന്‍വലിഞ്ഞ അതേ സൈന്യത്തിന്റെയും അവരെ പിന്തുണക്കുന്നവരുടെയും പങ്ക് ഇറാഖിലെ ഈ സംഘടനക്ക് പിന്നിലുണ്ട്. സദ്ദാമിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇന്ത്യയോടും ഇന്ത്യക്കാരോടും ഉണ്ടായിരുന്ന താല്‍പര്യത്തിന്റെ നേരിയ പ്രതിഫലനമാണ് നഴ്സുമാരുടെ മോചനത്തിലെ പ്രധാന ഘടകം എന്ന് ഇതില്‍നിന്ന് ന്യായമായും ഊഹിക്കാം. പൊതുവെ ഇറാഖികള്‍ ഇന്ത്യയോട് എക്കാലത്തും സൌമനസ്യം കാണിച്ചവരാണ്. മോഡിയുടെ പിന്‍വാതില്‍ ഭീഷണികൊണ്ടാണ് ഇവര്‍ നഴ്സുമാരോട് കാരുണ്യം കാണിച്ചത് എന്ന് ചിന്തിക്കുന്നതിനേക്കള്‍ ഇതാണ് യുക്തിസഹം. ദാഇശ് പാര്‍ട്ടിക്കാരൊക്കെ ബഅ് സ് പാര്‍ട്ടിക്കാരാണ് എന്നല്ല പറയുന്നത്. ബഅ് സ് ഉന്‍മൂലനത്തിന് ശേഷം ദാഇശ്, അന്‍സാറുസ്സുന്ന അല്‍ ജയ്ശുല്‍ ഇസ്ലാമിയ എന്നീ  സലഫീ സംഘടനകളിലേക്കാണ് അവരില്‍ മിക്കവരും പിന്‍വലിഞ്ഞത്. മുസ്ലികളില്‍നിന്ന് രാഷ്ട്രീയമായി പോരാടുന്നവരൊക്കെ ഇസ്ലാമിസ്റ്റുകള്‍ എന്ന ധാരണ ശരിയല്ല. ISIS ഇസ്ലാമിസ്റ്റുകളല്ല. കുറേകൂടി ഇവര്‍ക്ക് ചായ് വുള്ളത് സലഫി തീവ്രവാദത്തോടാണ്. ഒരുപാട് രൂപപരിണാമങ്ങളും പേരുമാറ്റവും ഇവര്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഈ സംഘടനയുടെ തന്നെ സിറിയന്‍ പതിപ്പാണ് ബശ്ശാറിന്റെ സൈന്യത്തോട് പോരാടികൊണ്ടിരിക്കുന്നതില്‍ നേതൃസ്ഥാനത്തുള്ളത്. അവിടെയും കുറേ പ്രദേശങ്ങള്‍ ഇവരുടെ പിടിയിലാണ്. ഇവര്‍ പുറത്ത് വിട്ട ഒരു വീഡിയോവില്‍ ഉള്ളത്. ബഗ്ദാദ് സിറിയന്‍ ഹൈവേ തങ്ങളുടെ കീഴിലാണ് എന്ന് പ്രഖ്യാപിക്കാനായി അതിലൂടെ കടന്നുപോയ സിറിയയിലെ ഹിംസില്‍നിന്നുള്ള ഡ്രൈവര്‍മാരെ വധിക്കുന്ന രംഗമാണ്. അവരുടെ പോരാട്ടം ആരെ ലക്ഷ്യംവെച്ചാണ് എന്ന് അതില്‍നിന്നൊക്കെ വ്യക്തമാണ്. എന്നാല്‍ നിരപരാധികളായ ആ ഡ്രൈവര്‍മാരെ ശിയാക്കളാണ് എന്നതുകൊണ്ട് മാത്രം വധിക്കുകയും അതിന് ഖുര്‍ആന്‍ സൂക്തം ഉരുവിടുകയും ചെയ്യുന്ന ശൈലി തികഞ്ഞ സലഫിതീവ്രവാദമാണിവരുടെ മൂലധനം എന്ന് വ്യക്തമാക്കുന്നു. 

എന്നാല്‍ നാം കഴിഞ്ഞ ആഴ്ചകളില്‍ നമ്മുടെ ചാനലുകളിലും പത്രങ്ങളിലും കണ്ടതും കേട്ടതുമോ? അവിടെയാണ് പത്രമാധ്യമങ്ങളുടെ കളി.  ദാഇശിന്റെത് വളരെ കര്‍ക്കശമായ ആക്രമണ സ്വഭാവമാണ് എന്ന കാര്യത്തില്‍ സംശയമില്ല.  അവര്‍ നടത്തുന്ന ചില വീഡിയോകള്‍ വളരെ ഉള്‍കിടിലത്തോടെ കണ്ടു. സാധാരണ ഗതിയില്‍ തങ്ങള്‍ നടത്തുന്ന ക്രൂരതകള്‍ ആരും പുറത്ത് വിടാറില്ല. എന്നാല്‍ ഇവിടെ സ്വയം വീഡിയോവിലെടുത്ത് പുറത്ത് വിട്ട വിഡിയോ ചില ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാകാന്‍ നല്ല സാധ്യതകാണുന്നുണ്ട്. അതില്‍ വെടിവെക്കുന്നതിന് മുമ്പ് ആളുകളുടെ മുഖം വ്യക്തമായി കാണിക്കുകയും തങ്ങള്‍ മാലിക്കി ഭരണകൂടത്തിന്റെ പോലീസാണ് എന്ന വിവരം അവരില്‍നിന്ന് തന്നെ കേള്‍പ്പിക്കുകയും ചെയ്ത ശേഷമാണ് വെടിവെച്ച് കൊല്ലുന്നത്. അറബി ഭാഷയറിയാത്തവരെ സംബന്ധിച്ചിടത്തോളം സാധാരണക്കാരായ ആളുകളെ അതും നല്ല നിലയില്‍ മുസ്ലിം വസ്ത്രംധരിച്ച ആളുകളെ വെടിവെച്ചുകൊല്ലുന്ന ക്രൂരത എന്ന് തോന്നാം. ഇത് ക്രൂരതയാണ് എന്ന് തന്നെ ഞാനും പറയുന്നു. പക്ഷെ ഈ ക്രൂരത ഇറാഖില്‍ അവര്‍ അനുഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല എന്ന് അവരുടെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ നമുക്ക് അംഗീകരിക്കേണ്ടിവരും. ഭീകരത ഇല്ലാതാക്കാനുള്ള മാര്‍ഗം. അതിന് കാരണമായ കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കലാണ്. അല്ലെങ്കില്‍ ഒരു ഭീകര സംഘടത്തെ ഉന്‍മൂലനം ചെയ്താലും മറ്റൊന്ന് ഉയര്‍ന്ന് വരും. സായുധ സംഘങ്ങളെ ആയുധം കാണിച്ച് നിലക്ക് നിര്‍ത്താനാവില്ല. കാരണം അവര്‍ ആദ്യം ത്യജിക്കുന്നത് ജീവിക്കാനുള്ള പൂതിയാണ്.   പത്ത് ലക്ഷത്തിലധികം ഇറാഖികളെ അതും നിരപരാധരായ സിവിലിയന്‍മാരെയാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സംഖ്യസേന വധിച്ചത്. അതില്‍ ചിലതിന്റെ വീഡിയോ വിക്കിലീക്സ് പുറത്ത് വിട്ടത് നാം കണ്ടു. അത്തരം ഭീകരതക്ക് ഈ ഭീകരതമുളക്കുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്.  മുമ്പ് ഗുജറാത്തിലും ഇപ്പോള്‍ മുസഫര്‍ നഗറിലും നടന്ന കലാപത്തിന്റെ വീഡിയോ അതിന് നേതൃത്വം നല്‍കിയവര്‍ തന്നെ എടുത്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ എന്ത് മാത്രം ക്രൂരമമാകുമായിരുന്നുവെന്ന് ആലോചിച്ചുനോക്കുക. അതില്‍കവിഞ്ഞൊരു ക്രൂരതയൊന്നും ദാഇശിനുമില്ല എന്നാണ് താരതമ്യം ചെയ്തുപറയാനാവുക. എന്തൊരു കാരണത്തിന്റെ പേരിലാണ് ഇന്ത്യയില്‍ ഇടതടവില്ലാതെ വര്‍ഗീയ കലാപങ്ങളും ക്രൂരമായ നരമേധങ്ങളും നടക്കുന്നത്. ഏത് കാര്യത്തിനാണ് ഇറോം ശര്‍മിള 14 വര്‍ഷമായി നിരാഹാരം കിടക്കുന്നത്. അതൊക്കെ ചിന്തിക്കുമ്പോള്‍ നാം കരുതുന്നത് പോലെ ഒരു പറ്റം സ്ത്രീകളെ കണ്ടാല്‍ അവരെ കൊന്നുതള്ളാന്‍ മാത്രം ക്രൂരത  ഈ രാഷ്ട്രീയ പോരാട്ട സംഘങ്ങളില്‍ കാണാറില്ല. അതിനാല്‍ നഴ്സുമാരെ രക്ഷപ്പെടാന്‍ സൌകര്യം ചെയ്തുകൊടുത്തത് വലിയ ഒരു സംഭവമല്ല. കാരണം ഈ പാവപ്പെട്ട നഴ്സുമാരോട് എന്തെങ്കിലും ഒരു പകകാണിക്കേണ്ട ആവശ്യം അവര്‍ക്ക് ഇല്ല. അവരുടെ വിരോധം തങ്ങളെ ഇത്രനാളും അവഗണിച്ച് മാറ്റിനിര്‍ത്തിയ ആമേരിക്കയുടെ പാവ ഭരണകൂടത്തോടും അതിനെ സഹായിക്കുന്നവരോടുമാണ്. സിറിയയിലും ദാഇശ് സമാന്തരമായി വ്യാപിക്കുന്നുണ്ട്. ഡെയര്‍ സോര്‍, അര്‍റിഖ എന്നിവിടങ്ങള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലാണ്.  ദമസ്കസ് പോലും അവരുടെ ഭീഷണിയില്‍നിന്ന് വിദൂരമല്ല എന്നാണ് ഫഹ്മി ഹുവൈദി നിരീക്ഷിക്കുന്നത്. 

ഇറാഖിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ ദാഇശി എന്ന വിമത പോരാട്ടസംഘടനയുടെ അധീനത്തിലാണ്. കടുത്ത സുന്നി വിവേചനമാണ് മാലികീ ഭരണകൂടത്തിന്റെ ഈ പതനത്തിന് പിന്നില്‍. ആയുധം വെച്ച് കീഴടങ്ങാന്‍ മാലിക്കിയുടെ സേനാനായകരോട് ആവശ്യപ്പെടുകയും അങ്ങനെ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച ചില ഓഫീസര്‍മാരുമായി ഏകോപനമുണ്ടാക്കി രാജ്യത്തിന്റെ ഉള്ളിലേക്ക് വിപുലമായി ഇരച്ചുകയറിയാണിത് അവര്‍ സാധിച്ചത്. ഇതിന് ഇറാഖിന്റെ സൈന്യത്തെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഈ കൊലകള്‍ പരസ്യമായി പ്രക്ഷേപണം ചെയ്തത് എന്ന് ഊഹിച്ചാല്‍ തെറ്റാവുകയില്ല. അത് കുറിക്ക് കൊള്ളുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം അവര്‍ രക്തമുറയുന്ന ക്രൂരതകള്‍ക്ക് മടിക്കാത്തവരാണ് എന്ന സന്ദേശവും ലോകത്തിന് നല്‍കി.  മൂസില്‍ യുദ്ധത്തില്‍ 430 മില്യണ്‍ ഡോളര്‍ കൈപിടിയിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. വന്‍ ആയുധശേഖരങ്ങള്‍ക്കും യുദ്ധക്കോപ്പുകള്‍ക്കും പുറമെയാണിത്. ആയുധധാരികളുടെ നിയന്ത്രണത്തിന് കീഴിലുള്ള മേഖലയില്‍ ദാഇശിന്റെ റോള്‍ അനിഷേധ്യമാണ്. ഇനി മാലിക്കി ഭരണകൂടത്തിന് ചെയ്യാനുള്ളത് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ അയച്ചു ലക്കുംലഗാനുമില്ലാതെ സഖ്യസേന നേരത്തെ നടത്തിയത് പോലെ നാടിനെ അതിലെ ആളുകളോടൊപ്പം ചതച്ചരക്കുക എന്നതാണ്. ഇവരുടെ ശക്തി കണ്ടതുകൊണ്ടുതന്നെയാകും. അമേരിക്കന്‍ ദുതന്‍ ഒരു സഹകരണ ഭരണത്തിന് ശുപാര്‍ശ ചെയ്തുനോക്കിയത്. എന്നാല്‍ അദ്ദേഹം മടങ്ങിയ ഉടനെ മാലിക്കി നൂരി അത് നിരാകരിച്ച് പ്രസ്താവനയിറക്കി. 

ദാഇശിന്റെ മുന്നേറ്റത്തില്‍ ഒരു മുസ്ലിമിന് ഏറെയൊന്നും സന്തോഷിക്കാനില്ല എന്ന് തോന്നുന്നു. ഇത് കേവലം ഒരു രാഷ്ട്രീയ യുദ്ധമാണ്. അല്ലാഹു അക്ബര്‍ കൂടെകൂടെ പറയുന്നതുകൊണ്ടുമാത്രം എല്ലാ മുസ്ലിംകളും അവരെ പിന്തുണക്കും എന്നോ അതോടെ അവര്‍ ഇസ്ലാമിസ്റ്റുകള്‍ എന്ന വിളിക്ക് അര്‍ഹമായി എന്നോ കരുതുന്നത് ശരിയല്ല.  മുസ്ലിംകളിലെ ഇസ്ലാമിക രാഷ്ട്ര സിദ്ധാന്തം അംഗീകരിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും പൊതു മുസ്ലിം സമൂഹത്തിന് മൊത്തത്തിലും ഇവരോട് ഒരു മമത ഉണ്ടാകുമെന്ന് കരുതിയാണ് ചാനലുകള്‍ ഇത്രയധികം ഭീകരവല്‍ക്കരിക്കുന്നത്. ദാഇശ് വിജയിച്ചാല്‍ ശിയാക്കളെ അടിച്ചമര്‍ത്തി പഴയ ഒരു സദ്ദാം മോഡല്‍ കര്‍ക്കശ ഭരണം വരുമെന്നതിലുപരി ഇസ്ലാമിന് ഒന്നും സംഭവിക്കാനില്ല എന്നാണ് പ്രതീക്ഷിക്കാവുന്നത്. പക്ഷെ അധിനിവേശവിരുദ്ധത ഇപ്പോഴവരുടെ രക്തത്തിലുള്ളതിനാല്‍ അത് പാശ്ചാത്യന്‍ നാടുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാകണം എന്നില്ല എന്ന് മാത്രം. എന്നാല്‍ സൌദിപോലെയുള്ള സുന്നി ഭരണങ്ങള്‍ അമേരിക്കന്‍ വിധേയരാജ്യങ്ങളായിരിക്കെ അമേരിക്കക്ക് നൂരി തന്നെ ഇറാഖ് ഭരിക്കണമെന്നില്ല. അതുകൊണ്ടായിരിക്കുമോ അവര്‍ കാത്തിരിക്കുന്നത്. 

ചുരുക്കത്തില്‍ ആശയക്കുഴപ്പത്തിന്റെ കാരണം  വസ്തുനിഷ്ഠമായി വിലയിരുത്താതെ സാമുദായിക-മത-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ നോക്കികാണുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. നഴ്സുമാര്‍ രക്ഷപ്പെട്ടതിന് തല്‍കാലം ദൈവത്തോട് നന്ദിരേഖപ്പെടുത്തുക. മുകളില്‍ പറഞ്ഞ കാരണം കൂടാതെ അവരുടെ ദൈവവിശ്വാസം അതില്‍ കുറച്ചൊക്കെ പങ്കുവഹിച്ചിട്ടുണ്ടാകാം. അതിലപ്പുറം ആരുടെയോ ഭീഷണികൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് പറയുന്നത് വിലകുറഞ്ഞ തമാശയാണ്.

ഇത്തരുണത്തില്‍ ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും മുഫ് തിയുമായ യൂസുഫുല്‍ ഖര്‍ദാവിയുടെ വിലയിരുത്തലുകളും ശ്രദ്ദേയമാണ്. സ്വയം ഖിലാഫത്ത് പ്രഖ്യാപിച്ച ശൈലിയെയാണ് ഇതില്‍ എതിര്‍ക്കുന്നതെങ്കിലും മൊത്തത്തില്‍ അവരുടെ പെരുമാറ്റമെല്ലാം ഇസ്ലാമിക പ്രമാണമനുസരിച്ചാണ് എന്ന ധാരണയെ അത് തിരുത്തുന്നു.

ദോഹ : ഇറാഖി വിമതര്‍ നടത്തിയിരിക്കുന്ന ഖിലാഫത്ത് പ്രഖ്യാപനം ശരീഅത്ത് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി വ്യക്തമാക്കി. ലോകത്തെ എല്ലാ ഇസ്‌ലാമിക സംഘങ്ങളോടും ഇസ്‌ലാമിന്റെ ഉന്നതമായ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളാനും പണ്ഡിതവേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാഖിലെ സുന്നികള്‍ക്ക് വേണ്ടി പ്രതിരോധിക്കുകയും ദുര്‍ബലര്‍ക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്തിരുന്ന 'ഇസ്‌ലാമിക് സ്‌റ്റേറ്റ്' ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത് അതിന് ശരീഅത്ത് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നും പണ്ഡിതവേദി മുന്നറിയിപ്പ് നല്‍കി.

ഖിലാഫത്ത് എല്ലാവരുടെയും സ്വപ്‌നമാണെങ്കിലും അതിന് മുമ്പ് ധാരാളം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഖലീഫ എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധിയാണ്. സമൂഹത്തിലെ എല്ലാവരും നേരിട്ടോ അല്ലെങ്കില്‍ പ്രതിനിധികള്‍ മുഖാന്തിരമോ ബൈഅത്ത് ചെയ്താണ് ഖലീഫയെ തെരെഞ്ഞെടുക്കേണ്ട്. ഇറാഖില്‍ നടന്നിരിക്കുന്നത് കേവല പ്രഖ്യാപനമാണ്. ഇത്തരം ഒരു പ്രഖ്യാപനത്തെ ശരീഅത്ത് അംഗീകരിക്കുന്നില്ല. എന്നും പ്രസ്താവന വിവരിക്കുന്നു. അപ്രകാരം തന്നെ ഖലീഫയെ തെരെഞ്ഞെടുക്കേണ്ടത് കൂടിയാലോചനയിലൂടെ ആയിരിക്കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചക വിയോഗത്തിന് ശേഷം അന്‍സാരികളും മുഹാജിറുകളും സഖീഫ ബനൂ സാഇദയില്‍ ഒരുമിച്ച് കൂടിയാലോചന നടത്തിയാണ് ഒന്നാം ഖലീഫയെ തെരെഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു കക്ഷി നടത്തുന്ന ഖിലാഫത്ത് പ്രഖ്യാപനം ശരീഅത്തിന് വിരുദ്ധമാണെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.

പണ്ഡിതവേദിയുടെ പ്രസ്താവനയുടെ അവസാനത്തില്‍ ചില കാര്യങ്ങള്‍ അക്കമിട്ട് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ മുസ്‌ലിം സമൂഹത്തിന് ഒട്ടും ഗുണം ചെയ്യില്ലെന്നും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മാത്രമായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍ എന്നും അതില്‍ പണ്ഡിതവേദി മുന്നറിയിപ്പു നല്‍കുന്നു. (ഇസ്ലാം ഓണ്‍ലൈവ്)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review