2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

സർവമതസത്യവാദം ഖുർആനിൽ ?

സർവമതസത്യവാദം കേൾക്കാൻ സുഖമുള്ള ഒരു വാക്കാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം മതം എന്നാൽ ഇന്ന് അറിയപ്പെടുന്നത് വിവിധ മതങ്ങളിൽ ജനിച്ചുവളർന്നവരുടെ ആൾക്കൂട്ടത്തെയാണ്. മതത്തിന്റെ ഏക മാനദണ്ഡം ജനനമാണ്. കർമം വരുന്നേയില്ല. ആ നിലക്ക് ഇസ്ലാം മാത്രം സത്യം എന്ന് പറയുന്നത് തീർത്തും അരോചകമായി അനുഭവപ്പെടുക സ്വാഭാവികം. നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും എല്ലാ മതത്തിലും ഉണ്ടായിരിക്കെ ഒരു മതത്തിൽ ജനിച്ചുപോയി എന്നത് കൊണ്ട് മാത്രം അവർക്ക് സ്വർഗവും അല്ലാത്തവർക്കൊക്കെ നരകവുമാണെന്ന് പറയുന്ന ദൈവം ഒരിക്കലും യഥാർഥ ദൈവമാകാനിടയില്ല എന്ന് ഒരു സത്യാന്വേഷി ചിന്തിച്ചാൽ ഞാനതിൽ തെറ്റ് പറയില്ല.


എന്ത് ചെയ്താലും അത് ശരി. ദൈവം ഒന്നെന്ന് പറഞ്ഞാലും, മൂന്നെണ്ണമാണ് എന്ന് പറഞ്ഞാലും മുപ്പത്തിമുക്കോടിയാണ് എന്ന് പറഞാഞാലും ശരിയാണ് എന്ന് പറയുന്നത് മനുഷ്യബുദ്ധിക്ക് ഉൾകൊള്ളാൻ പ്രയാസമുണ്ടാകും. ദൈവമില്ലെങ്കിൽ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിച്ചാലും പ്രശ്നമില്ല. എന്നാൽ ദൈവമുണ്ടെന്ന് വിശ്വസിച്ചാലോ ഇതൊക്കെ ഒരേ സമയം ദൈവത്തെ സംബന്ധിച്ച ശരിയാക്കുതെങ്ങനെ. ഇനി ചില മതങ്ങളിൽ ദൈവാവതാര സങ്കൽപം, ചിലതിൽ പ്രവാചകരിലെ വിശ്വാസം ഇത് രണ്ടും ഒരേ സമയം ശരിയാകുമോ. രണ്ടും ഉണ്ടായിക്കൂടെ എന്ന് ചിന്തിക്കാമായിരുന്നു എന്നാൽ പ്രവാചകരുടെ ആഗമനത്തിൽ വിശ്വസിക്കുന്നവർ മറ്റുള്ളതിനെ നിരാകരിച്ചാലോ. മറ്റൊന്ന് മരണാനന്തര സങ്കൽപമാണ്. ചില മതങ്ങളിൽ അത് ഇഹലോകത്തെ പുനർജന്മമാണ് ചിലതിൽ മരണാനന്തരം മറ്റൊരു ലോകത്തെ ജീവിതം. വേറെ ചിലതിൽ അത്തരം വിശ്വാസമേ ഇല്ല. ഇതെല്ലാം ഒരേ സമയം ശരിയായാൽ മാത്രമേ സർവമത സത്യവാദം എന്ന് ഉരുവിടുന്നതിൽ അർഥമുള്ളൂ.


സർവമതസത്യവാദത്തിന് വേണ്ടി വാദിക്കുന്ന ചിലരെ നേർക്ക് നേരെതന്നെ കണ്ടുമുട്ടാനിടയായിട്ടുണ്ട്. അവരിൽ ചിലർ സായി ഭക്തരാണ്. അവർ സാധാരണ മനുഷ്യരേക്കാൾ മോശക്കാരാണ് എന്നഭിപ്രായമില്ല. എല്ലാ മതങ്ങളെയും ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്. പല മതങ്ങളിലേയും ആചാരങ്ങളെ കലർത്തി അനുഷ്ഠിക്കുന്നവരുമുണ്ട്. ദൈവമുണ്ട് എന്നവർ അംഗീകരിക്കുന്നു. എല്ലാ മതങ്ങളും ദൈവത്തിലേക്ക് എത്തിച്ചേരാൻ മനുഷ്യനെ സഹായിക്കുന്നു. വിവിധ വഴികളിലൂടെയാണ് എന്ന് മാത്രം, ഇതാണ് അവരുടെ തത്വശാസ്ത്രം.


ഇത്തരക്കാരുദ്ദേശിക്കുന്ന നന്മലഭിക്കണമെങ്കിൽ മേലെ സൂചിപ്പിക്കപ്പെട്ട വൈരുദ്ധ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് ആത്മവഞ്ചന നടത്തണോ. അല്ലാതെ സൗഹാർദ്ധവും സഹവർത്തിത്തവും സാധ്യമല്ലേ. സാധ്യമാണ് എന്നതാണ് ഇസ്ലാം പറയുന്നത്. അഥവാ ശരിയായ വിശ്വാസം അവതരിപ്പിക്കുന്നതും കർമം നൽകുന്നതും അല്ലാഹുവാണ്. അവ സ്വീകരിക്കണോ എന്നത് മനുഷ്യന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തിരിക്കുന്നു. വിശ്വാസം ഉൾകൊണ്ട് നന്മ പ്രവർത്തിച്ചാൽ സ്വർഗവും അത് ധിക്കരിച്ചാൽ നരകവും അവന്റെ അധികാരത്തിൽ പെട്ടതാണ്. എത്തിച്ചു കൊടുക്കുക എന്ന ഒരു ബാധ്യതമാത്രമേ ഇസ്ലാം വിശ്വാസികളുടെ മേലെ ഉത്തരവാദിത്തമൊള്ളൂ. വിശ്വസിക്കാത്തതിന്റെ പേരിൽ ഒരു തരത്തിലുള്ള പ്രതികാരനടപടിക്കോ മാനുഷിക ബന്ധം വിടർത്തുന്നതിനോ അവർക്ക് മാനുഷികമായ നന്മ ചെയ്യാതിരിക്കുന്നതിനോ ന്യായമില്ല. തികഞ്ഞ സൗഹാർദ്ദത്തോടെ അവരോടുകൂടെ കഴിയാൻ കൽപിക്കപ്പെട്ടിരിക്കുന്നു.

അതേസമയം ഇസ്ലാമിനെ കൂടതൽ മനസ്സിലാക്കാത്ത സർവമതസത്യവാദികൾ മുസ്ലിംകളോട് പറയാൻ  ചില ഖുർആൻ സൂക്തങ്ങൾ അർഥ സഹിതം തന്നെ മനപ്പാഠമാക്കിയിട്ടുണ്ട്. അവർ ആ സൂക്തങ്ങൾ വെച്ച് മുസ്ലിംകളോട് പറയുന്നു സത്യത്തിൽ ഖുർആനും പറയുന്നത് സർവമത സത്യവാദത്തെക്കുറിച്ചാണ് ഇത് വായിച്ചുനോക്കൂക എന്ന്. ചില മുസ്ലിംനാമധാരികളെങ്കിലും അതിൽ വീണുപോകുന്നുണ്ട്. അവരും നന്മയാണ് ഉദ്ദേശിക്കുന്നത് എന്നാണ് വാദം.

കൂട്ടത്തിൽ ഒരാൾ ചർചക്കിടയിൽ നൽകിയ അഭിപ്രായം ഇങ്ങനെയാണ്.

Azeezdas Sajin  പറഞ്ഞു...
'ഖുരാന് വിശ്യാസി ആയാലും ജുതര്,ക്രിസ്ത്യാനി, ബിംബാരാധനക്കാരായ സാബികള് എന്നിവര് ദൈവതില് വിശ്യാസിക്കുകയും സല് പ്രവര്തികല് ചെയ്യുന്നവര് ഇവര്ക്ക് ഭയപ്പെടേന്ടിവരുകയൊ, ദുക്കിക്കേന്റി വരികയൊ ഇല്ല, ഖു. 5-69, 2-62,

സര്വ മത സത്യ വാദം . ഖു. 3-114-115,
ഓരൊ സമുദായതിന്നും ഓരൊ ആരാധനാ ക്രമം നിശ്ചയിചു കൊടിതിട്ടുന്ട് അവര് അതാണു അനിഷ്റ്റിചു വരുന്നത് ഖു. 22-67

ഇനി മുസ്ലിം മാത്രമാണു ദൈവതിന്റെ അടുത് ശെരിയെന്നു നിങ്ഹല് പറയരുത്,


അതിന് ഞാനിങ്ങനെ മറുപടി നൽകി.

ഈ വിഷയത്തിൽ സ്വന്തമായി പറയാൻ ഒരു മനുഷ്യനും കഴിയില്ല. മുസ്ലിംകളും അപ്രകാരം പറയുന്നില്ല. മനുഷ്യരിലൊരു വിഭാഗത്തിന് ഇങ്ങനെ ചില സൂക്തങ്ങൾ കണ്ടപ്പോൾ, മനുഷ്യനായാൽ മതി അവൻ ചെയ്യുന്നതൊക്കെയും ശരിയാണ്. അതിന്റെ പേരിൽ അവന് ശിക്ഷയേ ഇല്ല (അപ്പോൾ നരകം ആർക്ക്) എല്ലാവർക്കും സ്വർഗം എന്നാണ് ബോധ്യപ്പെടുന്നതെങ്കിൽ അത് സ്വീകരിക്കട്ടേ..

പക്ഷെ അതല്ല ശരി വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങളുടെ വിശദീകരണം മറ്റുസൂക്തങ്ങളിലാണുള്ളത് എന്ന് ഖുർആനെ സമഗ്രമായി മനസ്സിലാക്കി സാകല്യത്തോട് സ്വീകരിക്കുന്നവർക്ക് തങ്ങൾ മനസ്സിലാക്കിയത് പറയാനുള്ള അവസവുമുണ്ട്. അത് പറയരുത് എന്ന് പറയുന്നത് ഫാസിസമാണ്.
ഏതായാലും Azeezdas Sajin ന്റെ കൽപന ഒരു അപേക്ഷയായി പരിഗണിച്ച് ഞാപ്രകാരം ഇവിടെ പറയുന്നില്ല. പക്ഷെ അതിന് പകരം അസീസ് ഒരു കാര്യം ചെയ്യണം വിശുദ്ധ ഖുർആനിൽ ആറ് സ്ഥലത്താണ് അൽഇസ്ലാം എന്ന് പദം വന്നിട്ടുള്ളത് ആ സൂക്തങ്ങളുൾകൊള്ളുന്ന ഭാഗം ഞാനിവിടെ നൽകുന്നു. അതിന് യുക്തമായ ഒരു വിശദീകരണം താങ്കൾ നൽകണം.[(3:18-20) അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യംവഹിച്ചിരിക്കുന്നു. അജയ്യനും അഭിജ്ഞനുമായ അവനല്ലാതെ സത്യത്തില്‍ ഒരു ദൈവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യം വഹിച്ചിരിക്കുന്നു. അല്ലാഹുവിങ്കല്‍ ദീന്‍ ഇസ്ലാം മാത്രമാകുന്നു. വേദം ലഭിച്ചവര്‍ ഈ ദീനില്‍നിന്നും വ്യതിചലിച്ച് ഭിന്നമാര്‍ഗങ്ങള്‍ സ്വീകരിച്ചതിന്റെ കാരണം, തങ്ങള്‍ക്കു ജ്ഞാനം അവതരിച്ചുകിട്ടിയിട്ടും അവര്‍ പരസ്പരം പോരിനൊരുമ്പെട്ടതുമാത്രമാകുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യുവാന്‍ അല്ലാഹുവിന് ഏറെ സമയമൊന്നും വേണ്ടതന്നെ. ഇനി നിന്നോടവര്‍ തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: `ഞാനും എന്റെ അനുയായികളും ദൈവസമക്ഷം സര്‍വം സമര്‍പ്പിച്ചിരിക്കുന്നു.` എന്നിട്ട് വേദക്കാരോടും വേദക്കാരല്ലാത്തവരോടും ചോദിക്കുക: `നിങ്ങളും അവനോട് അനുസരണവും അടിമത്തവും സ്വീകരിച്ചുവോ?`സ്വീകരിച്ചുവെങ്കില്‍ അവര്‍ സന്മാര്‍ഗം പ്രാപിച്ചു. പുറംതിരിഞ്ഞുകളയുന്നുവെങ്കിലോ, അപ്പോള്‍ അവര്‍ക്കു സന്ദേശമെത്തിച്ചുകൊടുപ്പാന്‍ മാത്രമേ നിനക്കു ബാധ്യതയുള്ളൂ. ശേഷം, അല്ലാഹുതന്നെ അവന്റെ അടിമകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനത്രെ.] 


'അല്ലാഹുവിങ്കല്‍ ദീന്‍ ഇസ്ലാം മാത്രമാകുന്നു'.

'അതായത്, അല്ലാഹുവിങ്കല്‍ മനുഷ്യന് ഒരേയൊരു ജീവിതവ്യവസ്ഥിതി മാത്രമാണ് ശരിയും ന്യായവുമായിട്ടുള്ളത്. അതിതാണ്: മനുഷ്യന്‍ അല്ലാഹുവെ ഉടമസ്ഥനും രക്ഷിതാവും ആരാധ്യനുമായി അംഗീകരിക്കുക, അവന്റെ അടിമത്തത്തിലും അനുസരണത്തിലും ആരാധനയിലും സ്വയം അര്‍പ്പിതനാവുക, അവന് അടിമവൃത്തി നിര്‍വഹിക്കാനുള്ള മാര്‍ഗം സ്വയം നിരീക്ഷിച്ച് കണ്ടുപിടിക്കുന്നതിന് പകരം അല്ലാഹു തന്റെ ദൂതന്മാര്‍ മുഖേന അയച്ചിട്ടുള്ള സന്മാര്‍ഗത്തെ യാതൊരുവിധ ഏറ്റക്കുറവും വരുത്താതെ അതേപടി അനുഗമിക്കുകയും ചെയ്യുക. ഇത് മാത്രമാണ് ശരിയും യുക്തവുമായിട്ടുള്ളത്. ഈ ജീവിതവ്യവസ്ഥിതിക്കാണ് ഇസ്ലാം എന്ന് പറയുന്നത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു, തന്റെ സൃഷ്ടികളും പ്രജകളുമായ മനുഷ്യര്‍ക്ക് ഇസ്ലാമാകുന്ന ഈ വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥയും അംഗീകരിച്ചു കൊടുത്തിട്ടില്ല. മനുഷ്യന്‍ വിഡ്ഢിത്തം കാരണമായി, നിരീശ്വരത്വം തൊട്ട് ബിംബാരാധന വരെ ഏത് വിശ്വാസവും ആചാരക്രമങ്ങളും അംഗീകരിക്കുവാന്‍ തനിക്കവകാശമുണ്ടെന്ന് തെറ്റിദ്ധരിച്ചിരിക്കാമെങ്കിലും പ്രപഞ്ചാധിപനായ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ അതെല്ലാം തനി രാജദ്രോഹം മാത്രമാണ്.' (തഫ്ഹീമുൽ ഖുർആൻ) 


[(3:83-85) ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗം (അല്ലാഹുവിന്റെ ദീന്‍) വെടിഞ്ഞ് മറ്റേതെങ്കിലും മാര്‍ഗം കാംക്ഷിക്കുകയാണോ? വാന-ഭുവനങ്ങളിലുള്ളതൊക്കെയും ബോധപൂര്‍വമായും അല്ലാതെയും അവന്റെമാത്രം ആജ്ഞാനുവര്‍ത്തി(മുസ്ലിം)കളായിരിക്കെ; സകലവും അവനിലേക്കു മടങ്ങേണ്ടതുമായിരിക്കെ? പ്രവാചകന്‍ പറയുക: `ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് അവതരിച്ച വേദത്തിലും വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്സന്തതികള്‍ എന്നിവര്‍ക്കവതരിപ്പിക്കപ്പെട്ടിരുന്ന ശാസനകളിലും; മൂസാ, ഈസാ എന്നിവര്‍ക്കും ഇതര പ്രവാചകന്മാര്‍ക്കും അവരുടെ നാഥങ്കല്‍നിന്നു അവതരിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തി (മുസ്ലിം)കളല്ലോ. ഈ അനുസരണം (ഇസ്ലാം) അല്ലാത്ത ഏതൊരു മാര്‍ഗം ആര് കൈക്കൊണ്ടാലും അത് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിലോ, അവന്‍ പരാജിതരില്‍പ്പെട്ടവനായിരിക്കും.` ]

ഓരൊ സമുദായതിന്നും ഓരൊ ആരാധനാ ക്രമം നിശ്ചയിചു കൊടുത്തിട്ടുണ്ട്. അവര് അതാണു അനിഷ്റ്റിചു വരുന്നത് ഖു. 22-67

ഇതാണ് അസീസ് ദാസ് തെറ്റിദ്ധരിച്ച മറ്റൊരു സൂക്തം. ഇതിന്റെ വിശദീകരണവും ഇസ്ലാമിനെക്കുറിച്ച് സാമാന്യധാരണയുള്ളവർക്ക് അജ്ഞാതമല്ല.

[(22:67-70) എല്ലാ സമുദായത്തിനും നാം ഇബാദത്തിന്റെ മാര്‍ഗം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ അതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് കലഹിക്കേണ്ടതില്ല. അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്‍മാര്‍ഗത്തില്‍തന്നെയാകുന്നു. അവര്‍ തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്. നിങ്ങള്‍ ഭിന്നിക്കുന്ന സംഗതികളിലൊക്കെയും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതാകുന്നു. വാന-ഭുവനങ്ങളിലുള്ള സകല കാര്യങ്ങളും അല്ലാഹുവിന്റെ ജ്ഞാനത്തിലുള്ളതെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഒക്കെയും ഒരു ഗ്രന്ഥത്തിലുള്‍ക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന് അതൊട്ടും ക്ളേശകരമല്ല.]

ഈ സൂക്തത്തിൽ നിന്ന് നമ്മുടെ സുഹൃത്ത് മനസ്സിലാക്കിയത് ഇന്ന് വിവിധവിഭാഗങ്ങളിൽ കാണപ്പെടുന്ന ആരാധനാ കർമങ്ങളെല്ലാം അല്ലാഹു നിശ്ചയിച്ചുകൊടുത്തതാണെന്നും അതിനാൽ അവയൊക്കെയും അല്ലാഹു അംഗീകരിച്ച് സ്വീകരിക്കുമെന്നും ഇത് സർവമതസത്യവാദത്തിന് തെളിവാണെന്നുമാണ്.

എന്നാൽ ഇതിന്റെ അർഥം അതുതന്നെയോ. നാം (അല്ലാഹു) നിശ്ചയിച്ചുകൊടുത്ത ആരാധാരൂപങ്ങൾ എന്നത് കൊണ്ടുദ്ദേശിച്ചത് ഒരിക്കലും പൗരോഹിത്യം പിന്നീട് കെട്ടിപ്പടച്ചതാകാൻ ഇടയില്ല. അഥവാ വിവിധ കാലഘട്ടത്തിലെ വിവിധ പ്രവാചകൻമാർക്ക് നൽകിയ ആരാധന കർമങ്ങളെയും ശരീഅത്തിനെയും കുറിച്ചാണ്. (സൂറ അല്‍മാഇദയിലെ ) 5:48സൂക്തത്തിന്റെ ആശയത്തിന്റെ ആവര്‍ത്തനം തന്നെയാണിത്. (لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا) (നാം നിങ്ങളില്‍ എല്ലാവര്‍ക്കും ഓരോ ശരീഅത്തും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്.). മൂസാ നബിയുടെയും ഇസാനബിയുടെ സമുദായത്തിന് നൽകിയ ആരാധനാ രീതികൾ മുഹമ്മദ് നബിയുടെ സമുദായത്തിന് നൽകിയവയിൽനിന്നും വ്യത്യസ്തമായിരുന്നു. ഒരോ പ്രവാചക സമൂഹത്തിന്റെയും ഉത്തരവാദിത്തം അവർക്ക് നൽകപ്പെട്ട ആരാധനാകർമങ്ങളും ശരീഅത്തും അംഗീകരിക്കുക എന്നതാണ്. മുഹമ്മദ് നബി മുഴുവൻ ലോകത്തിനുമായി ആഗതനായ പ്രവാചൻ എന്ന നിലക്ക് ഇനി അദ്ദേഹത്തിലൂടെ നൽകപ്പെട്ട നിയമനിർദ്ദേശങ്ങളും ആരാധനാരീതികളും പിന്തുടരുക. എന്നാണ് ഇവിടെ പറയുന്നത്.

എന്നാൽ ഇങ്ങനെ പറയുന്നത് എല്ലാവരും അങ്ങനെ തന്നെ ചെവികൊണ്ടെന്ന് വരികയില്ല കുതർക്കങ്ങളുന്നയിച്ചുകൊണ്ടിരിക്കും അത്തരക്കാരോട് എന്ത് നിലപാട് കൂടി സ്വീകരിക്കണം എന്ന് ഈ ഖുർആൻ സൂക്തം വ്യക്തമാക്കുന്നു. അഥവാ താങ്കൾ ഇങ്ങനെ കാര്യം മനസ്സിലാക്കുക.

(അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് കലഹിക്കേണ്ടതില്ല. അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്‍മാര്‍ഗത്തില്‍തന്നെയാകുന്നു. അവര്‍ തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്. നിങ്ങള്‍ ഭിന്നിക്കുന്ന സംഗതികളിലൊക്കെയും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതാകുന്നു. വാന-ഭുവനങ്ങളിലുള്ള സകല കാര്യങ്ങളും അല്ലാഹുവിന്റെ ജ്ഞാനത്തിലുള്ളതെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഒക്കെയും ഒരു ഗ്രന്ഥത്തിലുള്‍ക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന് അതൊട്ടും ക്ളേശകരമല്ല.)

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

എന്തുകൊണ്ട് ദൈവവിശ്വാസിയായി ?

Nabeel Hassan പറഞ്ഞു...
"തികച്ചും മുന്‍ധാരണയോട് കുടി യുക്തിവാധതേ കാണുന്ന ചില ആളുകള്‍ എന്ത് കൊണ്ട് വിശ്വാസിയായി എന്ന് ഒന്ന് പറഞ്ഞു തരിക മത വിശ്വാസം പാരമ്പര്യമായി കിട്ടിയ ആളുകള്‍ ആണല്ലോ ഇവിടെ ഉള്ളത്"

-----------------------------------

യുക്തിവാദിയുടെ യഥാർഥ പ്രശ്നം കൃത്യമായ ഒരു ദൈവസങ്കൽപം സാധ്യമാകുന്നില്ല എന്നത് തന്നെയാണെന്ന് നബീൽ ഹസ്സന്റെ പോസ്റ്റും തുടർ ചർചയും വ്യക്തമാക്കുന്നു.

ദൈവവിശ്വാസം അന്ധമാണ് എന്നാണ് നബീലിന്റെ അഭിപ്രായം എന്നാൽ അതേ പോലെ നബീലിന്റെ തലച്ചോർ നബീലിന് ഒരു വിശ്വാസം മാത്രമാണല്ലോ എന്ന അനിൽ കുമാറിന്റെ ചോദ്യം പ്രസക്തമാണ്. അതിനെതിരെ തലച്ചോർ സ്കാൻ ചെയ്ത് കണ്ടെത്താം എന്നതാണ് നബീലിന്റെ ന്യായം. അപ്പോൾ സ്കാനർ വരുന്നതിന് മുമ്പ് ഓരോരുത്തരും തനിക്ക് തലച്ചോറുണ്ടെന്ന് വിശ്വസിച്ചത് അന്ധമായ വിശ്വാസമായിരുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. മറ്റൊരു മനുഷ്യന് തലച്ചോറുണ്ട് എന്ന് കണ്ട് തനിക്കും അതുണ്ടാകാം എന്ന് വിശ്വസിക്കുകയാണ്. അല്ലെങ്കിൽ ഒരു സ്കാൻ റിപ്പോർട്ട് കണ്ട് അത് എടുത്തവരെ വിശ്വസിച്ച് കൊണ്ട് എനിക്കും ഒരു തലച്ചോറുണ്ടെന്ന് യുക്തിവാദി വിശ്വസിക്കുന്നു. എന്തൊക്കെയായാലും വിശ്വാസമില്ലാത്ത ഒരു ജീവിതമില്ല. യുക്തിവാദി ആവശ്യപ്പെടുന്ന തെളിവ് ദൈവത്തിന്റെ ഒരു ഫോട്ടോയോ സ്പരർശനാനുഭവമോ അതുമല്ലെങ്കിൽ പദാർഥത്തത്തെ മാത്രം വിഷയമാക്കി കൊണ്ട് നടക്കാൻ കഴിയുന്ന ശാസ്ത്രപരീക്ഷണ ശാലയിൽ നിന്നുള്ള ഒരു റിപ്പോർട്ടോ ആയിരിക്കും. പരീക്ഷണ ശാലയിലൂടെ ലഭിച്ചാലും അത് ഒരു വിശ്വാസത്തിനപ്പുറം ഒന്നുമല്ല. എന്നാൽ ഈ രൂപത്തിലേത് വിധേന തെളിവ് ലഭിച്ചാലും അത് സ്രഷ്ടാവായ ദൈവമായിരിക്കില്ല. കാരണം പദാർഥാതീതനായ ഒന്നിന് മാത്രമേ പദാർഥത്തെ സൃഷ്ടിക്കാൻ കഴിയൂ. സ്രഷ്ടാവ് പദാർഥത്തിന്റെ പരിമിതിയിൽ നിന്ന് മുക്തനായിരിക്കണം. അപ്പോൾ ഒരു സ്രഷ്ടാവുണ്ട് എന്നതിന്റെ ഒരു തെളിവ് സ്രഷ്ടാവായ ദൈവത്തെ മനുഷ്യഗോചരമായ രൂപത്തിൽ ഹാജറാക്കാൻ കഴിയുന്നില്ല എന്നത് തന്നെ.

ഇത് ദൈവമാണ് എന്ന് എന്തിനെക്കുറിച്ച് പറയുന്നുവോ അത് ദൈവമല്ല എന്ന പൂരാണ വേദങ്ങളുടെ വാചകത്തിന്റെ പൊരുൾ ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

സത്യത്തിൽ നബീൽ ഹസ്സന് മാത്രമല്ല നമ്മുക്കും തലച്ചോറുണ്ടെന്ന് നാം വിസ്വസിക്കുന്നു. അത് സ്കാനിംഗ് റിപ്പോർട്ട് കണ്ടതുകൊണ്ടല്ല. ബുദ്ധിയുടെ പ്രവർത്തനങ്ങൾ നാം അനുഭവിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ നമ്മുടെ ആ വിശ്വാസം അന്ധമാണെന്ന് കരുതാനാവില്ല. കാണുന്നില്ല എന്നത് ശരി. കണ്ടതിൽ വിശ്വസിക്കേണ്ടതുമില്ലല്ലോ. അന്ധവിശ്വാസം തെളിവില്ലാത്ത വിശ്വാസമാണ്. ദൈവമുണ്ടെന്നതിന്റെ തെളിവ് അത്ഭുതകരമായ ഈ പ്രപഞ്ചവും അതിലെ അത്യത്ഭുതകരമായയും വ്യവസ്ഥാപിതമായതുമായ സൃഷ്ടിജാലങ്ങളുമാണ്. മനുഷ്യബുദ്ധി മൊത്തത്തിൽ ഇത് അംഗീകരിക്കുന്നു. മഹാഭൂരിപക്ഷം മനുഷ്യരുടെ ബുദ്ധി അന്ധമായതിനെ പിൻപറ്റുകയില്ല. അതുകൊണ്ട് ദൈവമുണ്ടെന്നതിന് വേറെ തെളിവ് വേണ്ട. എന്നാൽ അതിനെതിരെ ഇല്ല എന്ന് സ്ഥാപിക്കാൻ പുറപ്പെടുന്നവർ അതിന് തെളിവ് ഹാജറാക്കേണ്ടതുണ്ട്. എന്ന് വെച്ചാൽ ഇല്ലാത്ത ഒന്നിനല്ല തെളിവ് ചോദിക്കുന്നത്. മറിച്ച് ഉള്ള പ്രപഞ്ചം അത് എങ്ങനെ ഒരു സ്രഷ്ടാവില്ലാതെ ഉണ്ടായി എന്നതിന് തെളിവ് കൊണ്ട് വരിക. അതിനുള്ള ശ്രമമായിരുന്നു പരിണാമവാദം. അത് ഇപ്പോൾ ഏറ്റവും വലിയ ഒരു അന്ധവിശ്വാസമാണ് എന്ന് പറയുന്നത് ശാസ്ത്രജ്ഞർ തന്നെ. കാരണം ഒരു നൂറ്റാണ്ട് മുമ്പത്തെ പഠനത്തിൽ നിന്നും നാം ഏറെ പുരോഗമിച്ചപ്പോൾ കണ്ടെത്തിയതൊന്നും പരിണാമത്തെ സാധൂകരിക്കുന്നതിനേക്കാൾ അതിനെ നിരാകരിക്കുന്നതായിരുന്നു.

മനുഷ്യൻ പൊതുവെ എക്കാലത്തും ദൈവവിശ്വാസികളായിരുന്നു. പക്ഷെ ദൈവത്തെക്കുറിച്ചുള്ള വീക്ഷണം അവർക്ക് ലഭിച്ച വിവരങ്ങൾക്കനുസരിച്ച് ഭിന്നമായിരുന്നു. അവ ഭിന്നമായതിനാൽ ദൈവമില്ല എന്ന വിശ്വാസം യുക്തിസഹമല്ല. മനുഷ്യയുക്തിക്ക് കൂടുതൽ ഇണങ്ങുന്ന ദൈവ വീക്ഷണമേത് എന്ന് കണ്ടത്താൻ എക്കാലത്തും മനുഷ്യൻ ശ്രമിച്ചിട്ടുണ്ട്. പ്രവാചകൻമാർ എന്ന് വിളിക്കപ്പെടുന്നവർ ഇക്കാര്യത്തിൽ മനുഷ്യരെ സഹായിച്ചിട്ടുണ്ട്.

എന്തിന് ദൈവത്തിൽ വിശ്വസിക്കണം എന്ന് നബീൽ നിരന്തരം ചോദിക്കുന്നു. അതിന് കൃത്യമായ മറുപടി പ്രവാചകൻമാർ നൽകിയിട്ടുണ്ട്. പക്ഷെ അത് തുറന്ന മനസ്സോടെ പരിശോധിക്കാനുള്ള ക്ഷമ ദൈവനിഷേധികളായ യുക്തിവാദികൾക്കുണ്ടോ എന്നതാണ് കാതലായ ചോദ്യം.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review