2009, ഡിസംബർ 31, വ്യാഴാഴ്‌ച

കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?

എന്തുചെയ്യാം എന്ത് ചര്‍ചചെയ്യാന്‍ ആരംഭിച്ചാലും ഖുര്‍ആനിലെ 'കഴുത്തറുപ്പന്‍' സൂക്തങ്ങളാണ് പലര്‍ക്കും തികട്ടിവരുന്നത്. അതുകൊണ്ട് ഇസ്‌ലാമിലെ ദൈവവീക്ഷണമെന്ന പോസ്റ്റില്‍ ഒരുമാന്യന്‍ മൂന്ന് സൂക്തങ്ങള്‍ തന്നിട്ട് ഇങ്ങനെ പറഞ്ഞു.

'മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന്‍ വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം.

ഈ നിഗമനത്തിലെത്താന്‍ പ്രസ്തുത സുഹൃത്തിന് പ്രചോദനം നല്‍കിയ സൂക്തങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടാകാം തുടര്‍ ചര്‍ച എന്നുകരുതി. സൂക്തങ്ങളും അവയോട് എനിക്കുള്ള പ്രതികരണവും വായിക്കുക.

വേദക്കാരില്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരും ആയ ആളുകളോടു യുദ്ധം ചെയ്തുകൊള്ളുക; അവര്‍ സ്വകരങ്ങളാല്‍ ജിസ്യ നല്‍കുകയും വിനീതരായിത്തീരുകയും ചെയ്യുന്നതുവരെ. (9:29)

ഖുര്‍ആന്‍ ആവശ്യപ്പെട്ട പ്രകാരം ന്യായമായ കാരണങ്ങളാല്‍ യുദ്ധം ആരംഭിക്കേണ്ടിവരികയാണെങ്കില്‍ ഏത് വരെ യുദ്ധം തുടരണമെന്നും എപ്പോള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ഒരു സൂക്തമാണിത്. ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചപോലെ മറ്റെല്ലാകാര്യത്തിലുമെന്ന പോലെ യുദ്ധവിഷയത്തിലും ഖുര്‍ആനില്‍ വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുണ്ട്. തുടങ്ങാനുള്ള കാരണം, ആരോട് എങ്ങനെ യുദ്ധം ചെയ്യണം എപ്പോള്‍ അവസാനിപ്പിക്കണം, യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറണം എന്നല്ലാം അത് വിശദമാക്കിയിരിക്കുന്നു. പക്ഷെ നമ്മുടെ യുക്തിവാദി സുഹൃത്തുകളുടെ സാധാരണ പതിവ് ഇവയെ സന്ദര്‍ഭം നോക്കാതെ വ്യാഖ്യാനിക്കുക എന്നതാണ്. യുദ്ധസംബന്ധിയായ സൂക്തങ്ങളെല്ലാം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തുപോലും മുസ്്ലികള്‍ അമുസ്ളിംകളായവരോട് പെരുമാറാന്‍ കല്‍പിക്കുന്നതാണ് എന്ന് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനടിപ്പെട്ട ഈ സുഹൃത്തിനെപ്പോലുള്ളവര്‍ വിരളമല്ല.

സന്ധിക്ക് സന്നദ്ധമാകുന്ന ശത്രുവിനോട് അനുഭാവപൂര്‍വമുള്ള സമീപനം സ്വീകരിക്കണമെന്നും പ്രസ്തുത സന്ധിക്ക് വഴങ്ങണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു. കാരണം ശത്രുവിനെ ഉന്‍മൂലനം ചെയ്യുകയോ അവന്റെ കൈവശമുള്ള എന്തിലെങ്കിലും പങ്ക് പറ്റുകയോ തട്ടിപ്പറിക്കുകയോ അല്ല ഇസ്ലാമിലെ യുദ്ധത്തിന്റെ ലക്ഷ്യം. (സൂക്തം 2:193 ല്‍ അക്കാര്യമാണ് പറയുന്നത്. അതിനെകുറിച്ച ചര്‍ചശേഷം വരുന്നു.) ഇപ്രകാരം കീഴടങ്ങുന്നതിന് പക്ഷേ ഒരു വ്യവസ്ഥ ഖുര്‍ആന്‍ നിശ്ചയ്ിച്ചിരിക്കുന്നു. വിനയത്തോടെ ഗവണ്‍മെന്റിന് ജിസ് യ നല്‍കണം എന്നതാണത്. അതോടൊപ്പം വ്യക്തമായ ഒരു ലിഖിത കരാര്‍ ഇസ്ളാമിക ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അവര്‍ക്ക് ലഭിക്കുകയും ചെയ്യും. മുസ്്ലിംകളോട് സന്ധിചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം കരാറുകള്‍ എഴുതിയിരുന്നു. മുസ്്ലിംപൌരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതായി പ്രവാചകന്‍ നജ്റാനിലെ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ കരാറിലും കാണാന്‍ കഴിയും.

ആ കരാറിന്റെ തുടക്കം ഇപ്രകാരമായിരുന്നു:

'നജ്റാനിലെ ക്രിസ്ത്യാനികള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കുമുള്ള അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദ് നബിയുടെ സംരക്ഷണ പത്രമാണ് ഇത് അവരുടെ മൃഗങ്ങള്‍, അവരുടെ മതം, അവരുടെ ഭൂമി, അവരുടെ ധനം, അവരിലെ നാട്ടിലുള്ളവനും നാട്ടിലില്ലാത്തവനും, അവരുടെ ഒട്ടകങ്ങള്‍, അവരുടെ മതചിഹ്നങ്ങള്‍, എല്ലാറ്റിനുമുള്ള സംരക്ഷണ പത്രം. ഏതവസ്ഥയിലാണോ അവയുള്ളത് അതേ അവസ്ഥയില്‍ അവതുടരുന്നതാണ്. അവരുടെ ഏതെങ്കിലും അവകാശമോ ഏതെങ്കിലും ചിഹ്നമോ മാറ്റുകയില്ല..... '

യുദ്ധം ചെയ്യാനുള്ള കല്‍പന വ്യക്തികളോടല്ല. രാഷ്ട്രത്തോടാണ് എന്നത് യുക്തിവാദികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഇനി ഒരു പ്രവാചകനും അവതരിക്കുകയില്ല. വന്നാലും അതുകൊണ്ട് പ്രയോജനവുമില്ല. കാരണം നിഷേധിക്കാന്‍ തീരുമാനിച്ചവരാണ് അവര്‍. സ്വയം ഹൃദയങ്ങള്‍ക്ക് സീല്‍വെച്ച നിഷേധികള്‍ ഇസ്ളാമിനോടൊപ്പം എക്കാലവുമുണ്ടാകും.


ഓ വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്ത്, നിങ്ങളെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്തുകൊള്ളുവിന്‍. അവര്‍ നിങ്ങളില്‍ ശൂരത കാണട്ടെ. അല്ലാഹു ഭക്തന്‍മാരുടെ കൂടെയാണെന്നറിഞ്ഞിരിക്കുവിന്‍.(9:123)

സത്യവിശ്വാസികളോട് തന്റെ അവിശ്വാസിയായ അയല്‍വാസിയോട് എങ്ങനെ പെരുമാറണം എന്നാവശ്യപ്പെടുന്ന സൂക്തമല്ല ഇത്. ഇതിന് രണ്ട് അര്‍ഥം നല്‍കിയിട്ടുണ്ട്. ഒന്ന് സന്ദര്‍ഭം പരിഗണിക്കാതെയുള്ള പൊതുവായ അര്‍ഥം. അതനുസരിച്ച് ഒരു ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അയല്‍ രാഷ്ട്രം യുദ്ധത്തിന് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത പ്രസ്തുത ഇസ്ലാമിക രാഷ്ട്രത്തിലെ വിശ്വാസികളുടെ ബാധ്യതയാണ് എന്നതാണ്. ഇനി പശ്ചാതലം വെച്ച് ചിന്തിച്ചാല്‍. അതിന് ലഭിക്കുന്ന അര്‍ഥം ഇപ്രകാരമാണ്. സത്യനിഷേധികള്‍ (കുഫാര്‍) എന്നതുകൊണ്ട് ഇവിട ഉദ്ദേശിക്കുന്നത് നിഷേധം വ്യക്തമായി പ്രകടിപ്പിച്ച സത്യവിശ്വാസികളായി അതുവരെ അഭിനയിച്ചു നടന്ന കപടവിശ്വാസികളെയാണ്. ഉഹദ് യുദ്ധത്തിലും അഹ്സാബ് യുദ്ധത്തിലുമൊക്കെ അവര്‍ സ്വീകരിച്ച ഇസ്്ലാമിനോടുള്ള ശത്രുതാപരമായ നിലപാട് മുമ്പ് മറ്റൊരു ബ്ളോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുറമെ മുസ്ലിംകളെന്ന് നടിക്കുന്നവരോട് യുദ്ധം ചെയ്യുന്നതിനെപ്പറ്റി സ്വാഭാവികമായും മുസ്ലിംകള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു. യുദ്ധസന്ദര്‍ഭത്തില്‍ അവര്‍ ആനിലക്ക് ഒട്ടും പരിഗണനയര്‍ഹിക്കുന്നില്ലെന്ന് തുറന്നു പ്രഖ്യാപിക്കുകയാണിവിടെ. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടേ. എന്ന വാചകവും അതിന് വേണ്ടിയാണ്. എന്നാല്‍ ഈ കാര്‍ക്കശ്യം പരിധിവിടരുത് എന്നോര്‍മിപ്പിക്കുന്നു തുടര്‍വാക്ക്യം. അഥവാ അവരോടുള്ള പെരുമാറ്റത്തില്‍ ധാര്‍മികതയുടെയും മനുഷ്യത്വത്തിന്റെയും അതിരുകള്‍ ലംഘിക്കരുതെന്നും, എല്ലാ നടപടികളിലും അല്ലാഹുവിന്റെ നിയനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സൂക്തം ഉദ്ധരിച്ച് ഓരോമുസ്്ലിമിനോടും അവിശ്വാസിയായ തന്റെ അയല്‍വാസിയെ വധിക്കാനാണ് ഖുര്‍ആന്‍ അവശ്യപ്പെടുന്നത് എന്ന് പച്ചകള്ളം തട്ടിവിട്ട ചിലപേജുകള്‍ എടുത്ത് ചേര്‍ത്ത് തന്റെ അനുയായികളെ ബോധവല്‍ക്കരിച്ചിരിക്കുന്നു സ്വാമിദയാനന്ദസരസ്വതി സത്യാര്‍ഥ പ്രകാശം എന്നതന്റെ പുസ്തകത്തിലൂടെ. ഇപ്രകാരം തെറ്റിദ്ധരിച്ചതുകൊണ്ടാണ് മി. രാജന്‍ ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് മറ്റുവിശ്വാസികളോട് സൌഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല പറഞ്ഞ്ത്.

ചരിത്രത്തില്‍ നിന്ന്: ഒരു ജൂതന്‍ തന്റെ വീട് വില്‍പന നടത്തിയപ്പോള്‍ നാട്ടിലുള്ളതിന്റെ ഇരട്ടി വിലപറഞ്ഞു. കാരണമന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞത് എന്റെ അയല്‍വാസി ഒരു മുസ്ലിമാണ് എന്നായിരുന്നു.

ഫിത്നഃ ശേഷിക്കാതിരിക്കുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല. (2:193)

സ്വയം കീഴടങ്ങാന്‍ സന്നദ്ധരാകാതെ യുദ്ധം തുടരുന്ന നിഷേധികളോടുള്ള സമീപനം എന്തായിരിക്കണം, എപ്പോള്‍ നിര്‍ത്തണം, അവസാനത്തെ പടയാളിയും മരിച്ചുതീരുന്നത് വരെയോ അതോ അതിന് മുമ്പ് അവസാനിപ്പിക്കാവുന്ന വല്ല ഘട്ടവുമുണ്ടോ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്ന സൂക്തമാണിത്. ഇസ്ലാം എന്തിനാണ് യുദ്ധം ചെയ്യുന്നതെന്ന ഉത്തരവും ഈ കൊച്ചു സൂക്തത്തിലുണ്ട്. ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് ആയിതീരുകയും ചെയ്യുക എന്നതാണ് ഇസ്്ലാമിന്റെ യുദ്ധലക്ഷ്യം. ഇതില്‍ ദീനെന്നാല്‍ ഇസ്ലാം മതവും ഫിത്നയെന്നാല്‍ മറ്റുമതങ്ങളാണെന്നും ധരിക്കുന്നത് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയതലവുമായും ഇസ്ലാമിക ചരിത്രവുമായും യോജിക്കുകയില്ല. ഈ സൂക്തത്തിന്റെ ആശയം വ്യക്തമാകാന്‍ ഈ രണ്ട് പദങ്ങളുടെ ശരിയായ വിവക്ഷ അറിഞ്ഞിരിക്കണം. കുഴപ്പം, പീഢനം, പരീക്ഷണം എന്നോക്കെ മലയാളത്തില്‍ വാക്കര്‍ഥം പറയാമെങ്കിലും ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ഈ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട വ്യഖ്യാനം ഇങ്ങനെയാണ്:

1. ഫിത്ന എന്ന വാക്ക്, ഇംഗ്ളീഷില്‍ Persecution എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്ന് കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമമര്‍ദനങ്ങള്‍ക്കിരയാക്കുക.

2. സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് ഫിത്ന.

ഇത് മൌദൂദിയുടെ വ്യാഖ്യാനമാണ്. ഈ രണ്ട് വ്യാഖ്യാനങ്ങളോട് യോജിച്ച് വരുന്ന ഇതരവ്യാഖ്യാനങ്ങളുമാകാം ഇതില്‍ രണ്ടും ആശയത്തില്‍ വലിയ വ്യത്യാസമില്ല. ഇസ്ലാമിനെതിരെ രംഗത്തുവന്ന സംഘങ്ങളായാലും രാജ്യങ്ങളായാലും (അറബി പ്രദേശങ്ങളില്‍ അന്യായമായി കടന്നാക്രമിച്ച്‌ മര്‍ദ്ദകഭരണം നടത്തിയ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍) അവര്‍ ഈ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു എന്ന് കാണാം. ഇത്തരം ഏകാധിപത്യസ്വേഛാധിപത്യമര്‍ദ്ദക സംഗങ്ങളുമായി യുദ്ധം അവസാനിപ്പിക്കേണ്ടത് അവരുടെ ഇത്തരം മനോഭാവം നിലനില്‍ക്കുന്ന അവസ്ഥമാറി (ഫിത്നയുടെ സ്ഥാനത്ത്) ഇക്കാര്യത്തില്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുമ്പോഴാണ്. എന്ന് വെച്ചാല്‍ ഒരു നാട്ടിലുള്ളവരെല്ലാം ശക്തി പ്രയോഗിച്ച് ഇസ്ലാം സ്വീകരിപ്പിക്കുക എന്നതല്ല. പ്രവാചകന്റെയോ അനുചരന്‍മാരുടെയോ കാലഘട്ടത്തിലോ അതിനുശേഷമോ നടന്ന ഒരു യുദ്ധത്തിലും അത്തരമൊരു പ്രവര്‍ത്തനം ചൂണ്ടികാട്ടുക സാധ്യമല്ല. ദീന്‍ എന്നതിന് നിയമം/വ്യവസ്ഥ എന്ന വ്യാഖ്യാനമാണ് ഇവിടെ ശരിയാവുക. മൌദൂദി ദീനിന് നല്‍കുന്ന പൂര്‍ണമായ അര്‍ഥം മനസ്സിലാക്കത്തവര്‍ക്ക് അദ്ദേഹം പറയുന്നതിന്റെ ശരിയായ വിവക്ഷ ഉള്‍ക്കൊള്ളാന്‍ പ്രയാസം നേരിടും. 

തുടര്‍ന്നുള്ള ഭാഗത്തിന് അദ്ദേഹത്തിന്റെ വിശദീകരണം നോക്കുക:

'വിരമിക്കുകയെന്നാല്‍ കാഫിറുകള്‍ കുഫ്റില്‍നിന്നും(നിഷേധത്തില്‍ നിന്നും) ശിര്‍ക്കില്‍നിന്നും (ബഹുദൈവത്വത്തില്‍നിന്നും) വിരമിക്കുകയെന്നല്ല, ഫിത്നയില്‍നിന്ന് വിരമിക്കുകയെന്നാണ്. കാഫിര്‍, മുശ്രിക്ക്, നിരീശ്വരവാദി തുടങ്ങി ആര്‍ക്കും ഇഷ്ടമുള്ള ഏതാദര്‍ശവും വെച്ചുപുലര്‍ത്താന്‍ അധികാരമുണ്ട്. ആരെ വേണമെങ്കിലും പൂജിക്കുവാനും ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. ഈ വക ദുര്‍മാര്‍ഗങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുവാനായി നാം ഉപദേശവും ഉദ്ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട് യുദ്ധം ചെയ്കയില്ല.'

"അവര്‍ വിരമിക്കുന്നുവെങ്കിലോ, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം ഹിതകരമല്ല'' എന്നു പറഞ്ഞതില്‍ ഒരു സൂചനയുണ്ട്: അസത്യവ്യവസ്ഥയുടെ സ്ഥാനത്ത് സത്യവ്യവസ്ഥ സ്ഥാപിതമായിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കപ്പെടുന്നതാണ്. പക്ഷേ, സത്യമാര്‍ഗം തടയാനായി തങ്ങളുടെ അധികാര കാലത്ത് അതിര്‍കവിഞ്ഞ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിട്ട വ്യക്തികള്‍ക്ക് തക്ക ശിക്ഷ നല്‍കാവുന്നതാണ്. സത്യവിശ്വാസികള്‍ക്ക് തികച്ചും അതിന്നവകാശമുണ്ട്. എന്നാല്‍, കൂടുതല്‍ അനുയോജ്യമായത് മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗമവലംബിക്കുകയും വിജയത്തിന്നു ശേഷം അക്രമികളോട് പ്രതികാരം കാണിക്കാതിരിക്കുകയും തന്നെയാണ്. പക്ഷേ, ആരുടെ കുറ്റങ്ങളുടെ പട്ടിക വളരെയധികം കറുത്തിരുണ്ടതാണോ അവര്‍ക്കു ശിക്ഷ നല്‍കുന്നതു തികച്ചും അനുവദനീയം തന്നെ. ഈ അനുവാദത്തെ നബി(സ) തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്-തിരുമേനിയേക്കാള്‍ കൂടുതല്‍ മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം അവലംബിക്കുന്നവര്‍ ആരാണ് - ബദ്ര്‍യുദ്ധത്തടവുകാരില്‍ ഉഖ്ബത്തുബ്നു അബീമുഐത്ത്, നസ്റുബ്നു ഹാരിസ് എന്നിവരെ വധിച്ചതും, മക്കാവിജയത്തിനു ശേഷം പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിന്നൊഴിവാക്കിയ പതിനേഴു പേരില്‍ നാലുപേര്‍ക്ക് മരണശിക്ഷ നല്‍കിയതും ഇതേ അനുവാദം ഉപയോഗിച്ചായിരുന്നു.'

ഇതൊക്കെ മതം അടിച്ചേല്‍പിക്കാനുള്ള പ്രവാചകന്റെ ശ്രമമായും ക്രൂരതയായും വിലയിരുന്നത് ഒട്ടും സത്യസന്ധതയല്ലെന്ന് അല്‍പം ചിന്തിച്ചാല്‍ മനസ്സിലാകും. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങള്‍ വെച്ച് 'ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല' എന്നുപറയുന്നത് സഹതാര്‍പമായ അജ്ഞതയും

2009, ഡിസംബർ 28, തിങ്കളാഴ്‌ച

യുദ്ധം ചെയ്യുന്ന ദൈവമോ ?

ഇസ്‌ലാമിന്റെ ദൈവസങ്കല്‍പം എന്നത് സൂക്ഷമായ ഒരു പ്രയോഗമല്ല. ദൈവവീക്ഷണം എന്ന് പറയാം. കാരണം ഇസ്‌ലാമിലെ ദൈവം കേവലം ഒരു സങ്കല്‍പമാകാവതല്ല. വിശുദ്ധഖുര്‍ആന്റെ സൂക്തങ്ങളില്‍ നിന്ന് ഉരുവംക്കൊള്ളുന്ന സുഭദ്രവും സുശക്തവുമായ ദൈവവീക്ഷണമാണ്. ഈ ദൈവത്തില്‍ കേവലവിശ്വാസത്തിനപ്പുറം ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന ആ ദൈവിക നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയൂ. ഇസ്ലാം വിശ്വാസികളെല്ലാം ഒരേവിധത്തില്‍ അംഗീകരിക്കുന്ന അതുല്യമായ ദൈവവീക്ഷണമാണത്.

ഞാനിത് പറയാന്‍ കാരണം മറ്റേത് മതവിശ്വാസമെടുത്ത് പരിശോധിച്ചാലും ആ മതത്തിലെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ഈശ്വര സങ്കല്‍പം പുലര്‍ത്തുന്നതായി കാണാന്‍ കഴിയും. പലപ്പോഴും ഈ വ്യത്യസ്ത ദൈവസങ്കല്‍പങ്ങളില്‍ നിന്നാണ് മതവിഭാഗങ്ങള്‍ തന്നെ ഉരുത്തിരിയുന്നത്. എന്നാല്‍ മുസ്ലിംകളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ദൈവവീക്ഷണം ഒന്നുതന്നെ എന്ന് കാണാന്‍ കഴിയും. ലോകത്തൊരിടത്തും ഒരു വിഭാഗം തങ്ങള്‍ മുസ്‌ലിംകളാണെന്ന് വാദിക്കുകയും അതേ സമയം ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമോ വ്യത്യസ്തമോ ആയ ദൈവസങ്കല്‍പം പുലര്‍ത്തുകയും ചെയ്യുന്നില്ല എന്ന് തീര്‍ത്ത് പറയാന്‍ എനിക്ക് കഴിയില്ല എങ്കിലും. അത്തരമൊരു സംഘത്തെ ഇസ്്‌ലാമിലെ ഒരു വിഭാഗമായി ലോകമുസ്‌ലിംകള്‍ കണക്കാക്കുകയില്ല എന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. കാരണം ഇസ്ലാമിലെ ദൈവവീക്ഷണം ഖുര്‍ആനിന് യോജിച്ചതായിരിക്കണം.

ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ച് നെറ്റില്‍ ധാരാളം ചര്‍ച നടന്നിട്ടുണ്ട് അവിടങ്ങളിലൊക്കെ പൂര്‍ണമായി തന്നെ അതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും ആ വീക്ഷണത്തെ നിരൂപണം ചെയ്തും പരിഹസിച്ചുകൊണ്ടും ധാരാളം ചര്‍ചകള്‍ നടന്നുവരികയും ചെയ്യുന്നു. ചില ഹൈന്ദവ സുഹൃത്തുകളുടെ ബ്ലോഗുകളില്‍ ചില ദൈവസങ്കല്‍പങ്ങള്‍ കാണാനിടയായി. അത്തരമൊരു ദൈവത്തില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതിലും വലിയ കാര്യമില്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. അതിനാല്‍ ആമുഖമായി ചിലകാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് കരുതുന്നു.

ഇസ്്‌ലാമിലെ ദൈവം നിര്‍ഗുണനല്ല. എല്ലാ നല്ലഗുണങ്ങളും അവനുള്ളതാണ്. അഥവാ ഉല്‍കൃഷ്ടനാമങ്ങള്‍ അവനവാകാശപ്പെട്ടതാണ്. യാതൊരു തരത്തിലുള്ള ന്യൂനതയും കുറവും ഇല്ലാത്തവന്‍. ഏകനും സകലചരാചരങ്ങളുടെയും സ്രഷ്ടാവുമായുള്ളവന്‍, സൃഷ്ടിക്കുക മാത്രമല്ല അവയ്‌ക്കെല്ലാം അവയുടേതായ ധര്‍മവും നിയമവും നിശ്ചയിച്ചവന്‍, അവന്‍ തന്നെയാണ് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംരക്ഷിക്കുകയും അവന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയതത്.

അവന്‍ മനുഷ്യന് സ്വയം പരിചയപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ആദം നബി മുതല്‍ ഇബ് റാഹിം (അബ്രഹാം) മൂസ (മോശ) ഈസ (യേശു) തുടങ്ങിയവരിലൂടെ കടന്ന് മുഹമ്മദ് നബിയിലെത്തിചേരുന്ന പ്രവാചക ശൃഖലയിലൂടെ ആ കര്‍മം നിറവേറ്റി. ദൈവത്തെ സ്വന്തം ബുദ്ധിഉപയോഗിച്ച് ചിത്രീകരിച്ചാല്‍ ഓരോരുത്തര്‍ക്കും ഒരോ ദൈവത്തെയാകും ലഭിക്കുക. അതിന് ദൈവം ഇടനല്‍കിയിട്ടില്ല ആരെങ്കിലും ദിവ്യവെളിപാടുകളെ തള്ളിക്കളഞ്ഞ് അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ ദൈവം അനുവദിച്ചുകൊടുത്ത തെരഞ്ഞെടുപ്പുസ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിക്കുകയാണവര്‍ ചെയ്യുന്നത്. വേദഗ്രന്ഥങ്ങളില്‍ കാണുന്ന ദൈവവീക്ഷണങ്ങളിലെ ഈ സാമ്യത പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ദൈവവീക്ഷണങ്ങള്‍ ഒന്നായിരുന്നു എന്നതിന്റെ തെളിവാണ്. മുസ്്‌ലിംകളുടെ ഈ വിശ്വാസം കാരണം നിലവില്‍ വേദങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളിലെ സമാന ഉദ്ധരണികള്‍ പരിശോധനക്ക് വിധേയരാക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പ്രസ്തുത ഗ്രന്ഥത്തിന്റെ ആളുകള്‍ക്ക് വ്യത്യസ്തമായ ദൈവസങ്കല്‍പങ്ങളുള്ളതിനാല്‍ ഉരസലുകള്‍ ബ്ലോഗില്‍ അപൂര്‍വമല്ല. 'ഖുര്‍ആന്‍ പഠിച്ചിട്ടുപോരെ മറ്റുമതഗ്രന്ഥങ്ങളിലെ തെറ്റുതിരുത്തല്‍' എന്ന ആത്മാര്‍ഥമായ ഉപദേശമാണ് ആളുകളുടെ വൈവിധ്യമനുസരിച്ച് കനം കൂട്ടിയും കുറച്ചും എന്റെ സഹോദര സമുദായാംഗങ്ങള്‍ അതിന് മറുപടിയായി നല്‍കാറുള്ളത്.

ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ചുള്ള അല്‍പം പരിഗണനീയമായ ആക്ഷേപം മാനുഷികമായ എല്ലാ വിചാരവികാരങ്ങളും ദൗര്‍ബല്യങ്ങളും ദൈവത്തില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു എന്നതാണ്. കോപം, അഹങ്കാരം, സന്തോഷം അതോടൊപ്പം മാനുഷികമായ പ്രവര്‍ത്തനങ്ങളും പ്രതികാരം ചെയ്യല്‍, നല്‍കല്‍, തടയല്‍, ശിക്ഷിക്കല്‍. ഇതെല്ലാത്തിനും പുറമെയാണ് യുക്തിവാദികളുടെ വകയായുള്ള വെച്ചുകെട്ടലുകള്‍. നിരന്തരമായ ആവര്‍ത്തനത്തിലൂടെ ദൈവമെന്ന് പറഞ്ഞാല്‍ ഇതൊന്നുമായിരിക്കില്ല. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം അവന്റെ കൊടാനുകോടി ഗ്രങ്ങളില്‍ ഒന്നായ ഭൂമിയിലെ മനുഷ്യനാകുന്ന 'കൃമികീടങ്ങളുടെ' കാര്യത്തില്‍ ഇടപെടുന്നു എന്നുപറയുന്നത് തന്നെ ദൈവത്തെ ഒരു തരം കൊച്ചാക്കലാണ്. അതിനാല്‍ ദൈവത്തെ നിഷേധിക്കാനല്ല. അല്‍പംകൂടി ആ ദൈവത്തെ വലുതായി കാണാനാണ് ജബ്ബാര്‍ മാഷ് വ്യക്തിപരമായി തന്നെ എന്നോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ആ ദൈവസങ്കല്‍പം എങ്ങനെയുള്ളതായിരിക്കണം എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല എന്ന് വാദിക്കാം. എന്നാലും ദൈവം എങ്ങനെ ആയിരിക്കരുത് എന്നദ്ദേഹത്തിന് വാശിയുണ്ട്. അവന്‍ സൃഷ്ടിക്കുന്നവനാകരുത്, മനുഷ്യരുടെ കാര്യത്തില്‍ ഇടപെടുന്നവനാകരുത്, പ്രത്യേകം നിയമമോ നിര്‍ദ്ദേശമോ നല്‍കുന്നവനാകരുത്, തന്നെമാത്രമേ അനുസരിക്കാവൂ എന്ന് പറയുന്ന സങ്കുചിമനസ്‌കനാകരുത്, ഒന്നിലധികമുണ്ടാവാം. ഇങ്ങനെയൊക്കെയുള്ള ഒരു ദൈവത്തോട് അദ്ദേഹത്തിന് വലിയ വിയോജിപ്പില്ല എന്നാണ് പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒരാളോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് മനസ്സിലാകുന്നവിധം സംസാരിക്കുക എന്നതാണ് ആശയവിനിമയത്തിന് യോജിച്ച ശൈലി. രണ്ടു ഡോക്ടര്‍മാര്‍ തമ്മില്‍ സംസാരിക്കുന്നതും. അതേ ഡോക്ടര്‍മാര്‍ നിരക്ഷരരായ നാട്ടിന്‍ പുറത്തുള്ള ഒരു രോഗിയോട് സംസാരിക്കുന്നതും ഒരേ പോലെയാണോ. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം. ദൈവം മനുഷ്യരുടെ ഭാഷ ഉപയോഗിച്ച് അവനോട് സംസാരിക്കുമ്പോള്‍ ആ ശൈലി ദൈവത്തിന് ചേര്‍ന്നതല്ല എന്ന രൂപത്തിലുള്ള ധാരാളം അഭിപ്രായ പ്രകടനങ്ങള്‍ കണ്ടതുകൊണ്ടാണ്.

മനുഷ്യന്‍ പദാര്‍ഥനിര്‍മിതനാണ്. എന്നാല്‍ സ്രഷ്ടാവായ ദൈവം പദാര്‍ത്ഥാതീതനും അതിനാല്‍ തന്നെ സൃഷ്ടികളൊന്നിനോടുപോലും സാമ്യതയില്ലാത്തവനാണ്. മനുഷ്യന് പരിചയപ്പെടുത്തുമ്പോള്‍ അവന് മനസ്സിലാകുന്ന ഗുണങ്ങളോടെയാണ് ദൈവം സ്വയം പരിചയപ്പെടുത്തുന്നത്. മനുഷ്യന് വികാരങ്ങളൊക്കെ അനുഭവപ്പെടുന്നത് അവന് ലഭിക്കുന്നതോ നഷ്ടപ്പെടുന്നതോ ആയവയെ സംബന്ധിച്ചാണ്. ദൈവത്തിന് ലഭിക്കാനോ നഷ്ടപ്പെടാനോ ഒന്നുമില്ല എന്നിരിക്കെ മനുഷ്യന്റെ വികാരങ്ങള്‍ ദൈവത്തിനെങ്ങനെ ഉണ്ടാകും. ഈ ചോദ്യത്തിലൂടെ നാം ദൈവത്തെ മനുഷ്യവികാരത്തോടെ കാണുന്നതിന്റെ ഫലമാണ്. ദൈവത്തിനുണ്ടാകുന്ന കോപം ലഭിക്കേണ്ടതെന്തെങ്കിലും നഷ്ടപ്പെട്ടതുകൊണ്ടുള്ള ഇഛാഭംഗത്തില്‍ നിന്നുണ്ടാകുന്നതല്ല. നമ്മെ ഒരു കാര്യം പ്രേരിപ്പിക്കുന്നതിനോ വിരോധിക്കുന്നതിനോ വേണ്ടി പ്രയോഗിക്കുന്ന ഒരു ശൈലിയാണ്. മനുഷ്യരുടെ കോപവുമായി അതിന് വലിയ സാമ്യമില്ല. മറ്റൊരു ശൈലി അതിനുപയോഗിച്ചാല്‍ പണ്ഡിതനും പാമരനും ഒരേ പോലെ അത് പ്രയോജനപ്പെട്ടു എന്ന് വരില്ല.

ഒരര്‍ഥത്തില്‍ ദൈവത്തിന് മനുഷ്യനെക്കൊണ്ട് ഒരു ആവശ്യവുമില്ല. മനുഷ്യനാണ് ദൈവത്തെക്കൊണ്ട് ആവശ്യം. മനുഷ്യന്റെ ആരാധനകള്‍ ദൈവത്തിന് ആ‌വശ്യമില്ല. എന്നാല്‍ അതേ ആരാധനകളിലൂടെ മനുഷ്യന് പ്രയോജനമുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ നിയമങ്ങള്‍ ലംഘിച്ചാല്‍ ദൈവത്തിനൊന്നും വരാനില്ല. എന്നാല്‍ മനുഷ്യന്‍ ദൈവത്തിന്റെ നിയമങ്ങള്‍ നിരാകരിക്കുന്നതിലൂടെ അവന് ലഭിക്കാനിടയുള്ള പല സൗകര്യങ്ങളും നഷ്ടപ്പെടുന്നു. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാകും. ഒരോ രാജ്യവും അതിലെ പ്രജകളുടെ ക്ഷേമത്തിന് നിയമങ്ങള്‍ നിര്‍മിക്കുന്നു. എന്താ ഓരോരുത്തരും തങ്ങളുടെ യുക്തിയും ബോധവും അനുസരിച്ച് ജീവിച്ചാല്‍ പോരെ എന്നൊരാള്‍ക്ക് ചോദിക്കാമെങ്കിലും ആ ചോദ്യം ആരും മുഖവിലക്കെടുക്കില്ലല്ലോ. നിയമം അനുസരിക്കുന്നതിന്റെ പ്രയോജനം അത് അനുസരിക്കുന്നവര്‍ക്ക് തന്നെയാണ് പിന്നെയെന്തിന് പട്ടാളത്തെയും പോലീസിനെയും നിയോഗിക്കുന്നു എന്നൊരാള്‍ ചോദിക്കുന്നതും അതുപോലെത്തന്നെ. ഇപ്രകാരംതന്നെ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളെയും അതിനെ ധിക്കരിക്കുന്നവര്‍ക്കുള്ള ശിക്ഷയെയും കണ്ടാല്‍ മതി. അനുസരിക്കുന്നവര്‍ക്ക് അതിലൂടെ ലഭിക്കുന്ന ഭൗതിക പ്രയോജനങ്ങള്‍ക്കുപരിയായി ദൈവത്തിങ്കല്‍ മരണശേഷം പ്രതിഫലവും ഒരുക്കിയിട്ടുണ്ട്. ദൈവനിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് ഭൗതികമായ പ്രയാസങ്ങള്‍ക്കുപരി മരണശേഷം ശിക്ഷയും. ഇവിടെയും ചില പ്രശ്‌നങ്ങള്‍ ചിലര്‍ കാണുന്നു. പ്രതിഫലത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മനുഷ്യന് ഭൗതികമായി മനസ്സിലാക്കുന്ന ചില കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അതില്‍ എല്ലാതര ആസ്വാദനങ്ങളും പെടും. ശിക്ഷയെക്കുറിച്ചും അങ്ങനെത്തന്നെ ഏത് കാലത്തെ മനുഷ്യനും കടുത്ത ശിക്ഷയായി അനുഭവിക്കാന്‍ കഴിയുന്ന തീ കൊണ്ടുള്ള ശിക്ഷ.

ചുരുക്കത്തില്‍ പറഞ്ഞുവന്നത്. ദൈവത്തെ പരിചയപ്പെടുമ്പോള്‍ ആര്‍ക്കെങ്കിലും മനുഷ്യനോട് സാമ്യത തോന്നുന്നെങ്കില്‍ അത് ദൈവത്തിന്റെ പരിമിതിയെക്കാളേറെ മനുഷ്യന്റെ പരിമിതിയാണ്. അതിഭൗതികമായ ദൈവത്തിന് നല്‍കപ്പെട്ട ഗുണങ്ങള്‍ നാം നമ്മുടെ പരിധിയില്‍ നിന്ന് മനസ്സിലാക്കുകയാണ്. നമ്മുടെ കാഴ്ചക്കും കേള്‍വിക്കും ഭൗതികമായ പരിമിതികളുണ്ട്. എന്നാല്‍ ദൈവത്തിന് ആ പരിധികളില്ല. എങ്കിലും അത്തരം ചിത്രീകരണത്തിലൂടെ ദൈവമുദ്ദേശിച വിധം സംഭവിച്ചിട്ടുണ്ട് എന്നുവെച്ചാല്‍ അപ്രകാരം ദൈവത്തെ മനസ്സിലാക്കുകയും ദൈവനിയമലംഘനങ്ങള്‍ ബോധപൂര്‍വം സംഭവിക്കുന്നതില്‍ അതീവ സൂക്ഷമത പുലര്‍ത്തുകയും ചെയ്യുന്ന ഒരു വിഭാഗം ചരിത്രത്തിന്റെ എല്ലാ കാലഘട്ടത്തിലും നിലനിന്നിട്ടുണ്ട്. അതിനാല്‍ അതിനുപകരം മറ്റൊരു മാര്‍ഗം നിര്‍ദ്ദേശിക്കുന്നതില്‍ യുക്തിയൊന്നുമില്ല. ഖുര്‍ആനില്‍ തെറ്റ് മാത്രം കണ്ടെത്തുന്നതിന്റെ ഭാഗമായി സംഭവിച്ച അബദ്ധങ്ങളാണ് പലതും. 'താങ്കള്‍ എറിഞ്ഞപ്പോള്‍ താങ്കളല്ല നാമാണ് എറിഞ്ഞത്' എന്നത് അതിനുദാഹരണമാണ്. ദൈവം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തു എന്നൊക്കെ ഇ.എ.ജബ്ബാര്‍ ഇടക്കിടക്ക് പറയുന്ന പരാമര്‍ശവും ഒരു കൃതിയുടെ സാഹിത്യമോ മനുഷ്യരുടെ തന്നെ സാധാരണ സംഭാഷണ ശൈലികളെയോ പോലും അവഗണിച്ചുള്ളതാണ്. മുസ്‌ലിംകളില്‍ ഖുര്‍ആനില്‍ അല്‍പം വിവരമുള്ള ആരും ജബ്ബാര്‍മാഷ് മനസ്സിലാക്കിയ പോലെ മനസ്സിലാക്കിയിട്ടില്ല എന്നാണ് എന്റെ അറിവ്. (തുടരും)

2009, ഡിസംബർ 20, ഞായറാഴ്‌ച

യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം

യുക്തിവാദികള്‍ക്കിതൊരു കഴുത്തറുപ്പന്‍ വെളിപാട് എന്നാല്‍ വിശ്വാസികള്‍ക്കോ മനുഷ്യനോടുള്ള അപാരമായ കാരുണ്യവും അനുകമ്പയും ഉള്‍കൊണ്ട യുദ്ധത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന ദൈവിക സൂക്തങ്ങള്‍.. തുടര്‍ന്ന് വായിക്കുക. എവിടെയാണ് യാഥാര്‍ഥ്യം?. നിങ്ങള്‍ക്ക് കണ്ടെത്താം.

അതിനാല്‍ ഈ ധിക്കാരികളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴുത്തുവെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ നിങ്ങളവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ പിടിച്ചുകെട്ടുക. അനന്തരം ഔദാര്യം കാണിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാന്‍ (നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്)-യുദ്ധം ശമിക്കുന്നതുവരെ. ഇതാണ് ചെയ്യാനുള്ളത്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന്‍ സ്വയം തന്നെ അവരോട് പ്രതികാരം ചെയ്യുമായിരുന്നു. പക്ഷേ, നിങ്ങളിലൊരു വിഭാഗത്തെ മറ്റു വിഭാഗത്താല്‍ പരീക്ഷിക്കേണ്ടതിനത്രെ(അവന്‍ ഈ രീതി നിശ്ചയിച്ചത്). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുണ്ടല്ലോ, അവരുടെ കര്‍മങ്ങള്‍ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. അവന്‍ അവര്‍ക്ക് മാര്‍ഗദര്‍ശനമരുളും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും. അവര്‍ക്കു പരിചയപ്പെടുത്തിയിട്ടുള്ള സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.(47:4-6)


'ഈ സൂക്തം യുദ്ധകല്‍പന ആഗതമായശേഷം യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി അവതരിച്ചതാണെന്ന് ഈ സൂക്തത്തിലെ പദങ്ങളില്‍നിന്നും ഇതിന്റെ മുമ്പിലും പിമ്പിലുമുള്ള സൂക്തങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. 'നിങ്ങള്‍ യുദ്ധത്തില്‍ സത്യനിഷേധികളോട് ഏറ്റുമുട്ടിയാല്‍' എന്ന വാക്ക്, അവരുമായുള്ള ഏറ്റുമുട്ടല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഏറ്റുമുട്ടുകയാണെങ്കില്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ സൂക്തത്തിലെന്നും കുറിക്കുന്നു.

കൂടാതെ, ഈ സൂക്തം ബദ്ര്‍ യുദ്ധത്തിന് മുമ്പവതരിച്ചതാണെന്ന് സൂറ അല്‍ അന്‍ഫാലിലെ 67-69 സൂക്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അവിടെ അരുള്‍ചെയ്യുന്നു: ''നാട്ടില്‍ ശത്രുക്കളെ നന്നായി അടിച്ചമര്‍ത്തുന്നതുവരെ, തന്റെ കീഴില്‍ തടവുകാരുണ്ടാവുക എന്നത് ഒരു പ്രവാചകന്നും ഭൂഷണമല്ല. നിങ്ങള്‍ ഭൗതികലാഭം കാംക്ഷിക്കുന്നു. അല്ലാഹുവിന്റെ മുമ്പിലുള്ളതോ, പരലോകമാകുന്നു. അല്ലാഹു അതിജയിക്കുന്നവനും അഭിജ്ഞനുമത്രേ. അല്ലാഹുവിന്റെ പ്രമാണം മുമ്പേ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ മോചനദ്രവ്യം ഈടാക്കിയതിന്റെ ഫലമായി ഭയങ്കര ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു. ആവട്ടെ, നിങ്ങള്‍ നേടിയ മുതല്‍ അനുവദനീയവും പരിശുദ്ധവുമെന്ന നിലക്കുതന്നെ ഭുജിച്ചുകൊള്ളുക.'' ഈ വാക്യങ്ങള്‍, ഇതിലെ അടിവരയിട്ട വാക്കുകള്‍ വിശേഷിച്ചും പരിശോധിച്ചുനോക്കിയാല്‍, ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ ശത്രുക്കളെ നല്ലവണ്ണം ഒതുക്കുന്നതിന് മുമ്പ് ശത്രുഭടന്‍മാരെ ബന്ധനസ്ഥരാക്കാന്‍ തുടങ്ങിയതിനെയാണ് ഇവിടെ ആക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കാം. ''നിങ്ങള്‍ ശത്രുക്കളെ നന്നായി ഒതുക്കിയാല്‍ പിന്നെ, തടവുകാരെ പിടിച്ചുകെട്ടിക്കൊള്ളുക'' എന്നാണല്ലോ നേരത്തെ സൂറ മുഹമ്മദില്‍, അവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. സൂറ മുഹമ്മദില്‍, ബന്ധനസ്ഥരോട് മോചനദ്രവ്യം ഈടാക്കുന്നത് അനുവദിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ബദ്‌റിലെ ബന്ധനസ്ഥരോട് മുസ്‌ലിംകള്‍ ഈടാക്കിയ പിഴയെ അല്ലാഹു അവര്‍ക്കനുവദനീയമായി പ്രഖ്യാപിച്ചത്. അത് ഈടാക്കിയതിന്റെ പേരില്‍ മുസ്‌ലിംകളെ ശിക്ഷിക്കാതിരുന്നതും. 'അല്ലാഹുവിന്റെ പ്രമാണം മുമ്പേ രേഖപ്പെടുത്തിക്കഴിഞ്ഞില്ലായിരുന്നുവെങ്കില്‍' എന്ന വാക്യം, തടവുകാരില്‍നിന്ന് പിഴ ഈടാക്കാമെന്ന നിയമം ഈ സംഭവത്തിന് മുമ്പു തന്നെ ഖുര്‍ആനിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു. സൂറ മുഹമ്മദിലെ ഈ സൂക്തത്തിലല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ മറ്റെവിടെയും ഇക്കാര്യം പരാമര്‍ശിച്ചതായി കാണുന്നില്ല താനും. അതിനാല്‍, ഈ സൂക്തം സൂറ അല്‍അന്‍ഫാലിലെ ഉപര്യുക്ത സൂക്തത്തിന് മുമ്പവതരിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു.

വിശുദ്ധ ഖുര്‍ആനില്‍ യുദ്ധനിയമങ്ങള്‍ സംബന്ധിച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രഥമ സൂക്തമാണിത്. ഈ സൂക്തം എന്തെല്ലാം വിധികള്‍ ഉള്‍ക്കൊള്ളുന്നു, നബി(സ)യും സഹാബത്തും അവ നടപ്പിലാക്കിയതെങ്ങനെ, ഈ സൂക്തത്തില്‍നിന്നും നബിചര്യയില്‍നിന്നും കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ നിര്‍ധാരണം ചെയ്തതെന്തെല്ലാം എന്നിവ ചുവടെ സംഗ്രഹിച്ചിരിക്കുന്നു:

i : യുദ്ധത്തില്‍ മുസ്‌ലിംകളുടെ യഥാര്‍ഥ ലക്ഷ്യമായിരിക്കേണ്ടത് ശത്രുക്കളുടെ ആക്രമണശേഷി നശിപ്പിക്കുകയാകുന്നു. അവര്‍ യുദ്ധംചെയ്യാന്‍ കഴിവില്ലാത്തവരാവുകയും അങ്ങനെ യുദ്ധം അവസാനിക്കുകയും ചെയ്യണം. ഈ ലക്ഷ്യം അവഗണിച്ചുകൊണ്ട് ശത്രുപക്ഷത്തെ ആളുകളെ പിടികൂടുന്നതിലേര്‍പ്പെട്ടുകൂടാ. ശത്രുസൈന്യം നന്നായി ചതയ്ക്കപ്പെടുകയും യുദ്ധരംഗത്ത് അവരിലെ കുറച്ച് ആളുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ തടവുകാരെ പിടിക്കുന്നതില്‍ ശ്രദ്ധിക്കാവൂ. മോചനദ്രവ്യം നേടുവാനോ അടിമകളെ ശേഖരിക്കാനോ ഉള്ള ആര്‍ത്തിയാല്‍ യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടാതിരിക്കേണ്ടതിനാണ് അറബികള്‍ക്ക് ആദ്യമേ ഈ നിര്‍ദേശം നല്‍കുന്നത്.

ii : യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെക്കുറിച്ച് പറയുന്നു: അവരെ സൗജന്യമായി വിട്ടയക്കാനും അവരില്‍നിന്ന് മോചനദ്രവ്യം ഈടാക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തടവുകാരെ വധിക്കാന്‍ പാടില്ല എന്ന പൊതുനിയമം ഇതില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നു. ഹ: അബ്ദുല്ലാഹിബ്‌നു ഉമര്‍, ഹസന്‍ ബസ്വരി, അത്വാഅ് , ഹമ്മാദുബ്‌നു അബീസുലൈമാന്‍ എന്നിവര്‍ ഈ നിയമത്തെ പ്രസ്തുത സൂക്തത്തിന്റെ പൊതുതാല്‍പര്യമായി വിശദീകരിച്ചിട്ടുണ്ട്. അത് ആ നിലയില്‍ തികച്ചും ശരിയുമാകുന്നു. അവര്‍ പറയുന്നു: ഭടന്‍ വധാര്‍ഹനാകുന്നത് യുദ്ധവേളയിലാണ്. യുദ്ധം അവസാനിക്കുകയും തടവുകാരന്‍ നമ്മുടെ പിടിയിലാവുകയും ചെയ്താല്‍ അവനെ വധിക്കുന്നത് ശരിയല്ല.

iii : എന്നാല്‍ ഈ സൂക്തം വധത്തെ സ്പഷ്ടമായി വിലക്കിയിട്ടില്ല. അതുകൊണ്ട് നബി(സ) അതിന്റെ ഉദ്ദേശ്യവും താല്‍പര്യവും മനസ്സിലാക്കിത്തരികയും തദനുസാരം പ്രവര്‍ത്തിച്ചുകാണിച്ചുതരികയും ചെയ്തിരിക്കുന്നു. ഏതെങ്കിലും പ്രത്യേക കാരണങ്ങളാല്‍, ഒന്നോ അതിലധികമോ തടവുകാരെ വധിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്‌ലാമിക ഗവണ്‍മെന്റിന് ബോധ്യപ്പെടുന്ന പക്ഷം അവ്വിധം ചെയ്യാവുന്നാതാണ്. ഇതൊരു പൊതുനിയമമല്ല. പൊതുനിയമത്തിനുള്ള അപവാദമാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതുപയോഗിക്കപ്പെടൂ. ബദ്ര്‍ യുദ്ധത്തിലെ 70 തടവുകാരില്‍ ഉഖ്ബതുബ്‌നു അബീമുഐത്തിനെയും നദ്‌റുബ്‌നുല്‍ ഹാരിഥിനെയും മാത്രമാണ് ഇതനുസരിച്ച് വധിച്ചത്. അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യുദ്ധത്തടവുകാരെ വധിക്കുക തിരുമേനിയുടെ സാധാരണ സമ്പ്രദായമായിരുന്നില്ല. അതുതന്നെയായിരുന്നു ഖുലഫാഉര്‍റാശിദഃയുടെയും രീതി. അവരുടെ കാലത്ത് യുദ്ധത്തടവുകാരെ വധിച്ച സംഭവങ്ങള്‍ അത്യപൂര്‍വമായേ കാണപ്പെടുന്നുള്ളൂ. ഓരോ സംഭവത്തിലും ഏതെങ്കിലും സവിശേഷ കാരണങ്ങളുടെ പേരിലായിരുന്നു വധം നടത്തിയത്. ഹ: ഉമറുബ്‌നുഅബ്ദില്‍ അസീസ് പോലും തന്റെ ഭരണകാലത്ത് ആകെ ഒരേയൊരു യുദ്ധത്തടവുകാരനെയാണ് വധിച്ചിട്ടുള്ളത്. അയാള്‍ മുസ്‌ലിംകളെ വളരെയേറെ ദ്രോഹിച്ചിട്ടുണ്ടായിരുന്നു എന്നതാണതിനു കാരണം. ഈ വസ്തുതകളെ ആധാരമാക്കിക്കൊണ്ട് ഭൂരിപക്ഷം ഫുഖഹാക്കള്‍ വാദിക്കുന്നു: ഇസ്‌ലാമിക ഗവണ്‍മെന്റിന് അനിവാര്യമെന്ന് ബോധ്യപ്പെടുന്ന വേളകളില്‍ യുദ്ധത്തടവുകാരനെ വധിക്കാന്‍ അധികാരമുണ്ടായിരിക്കും. എന്നാല്‍, അതു തീരുമാനിക്കേണ്ടത് ഗവണ്‍മെന്റാണ്. ഒരു പടയാളി അയാള്‍ക്കു തോന്നിയ യുദ്ധത്തടവുകാരെ വധിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, ഒരു തടവുകാരന്‍ ഒളിച്ചോടുമെന്നോ അല്ലെങ്കില്‍ ഭയങ്കരമായ ആപത്തുണ്ടാക്കുമെന്നോ ഭയപ്പെടേണ്ട സാഹചര്യമുണ്ടായാല്‍, അത്തരം സാഹചര്യം അനുഭവപ്പെട്ടവര്‍ക്ക് അയാളെ വധിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും.
ഇവ്വിഷയകമായി ഫുഖഹാക്കള്‍ വേറെയും മൂന്നഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്:

1. തടവുകാരന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളെ വധിക്കാവുന്നതല്ല.

2. ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ച തടവുകാരനെ വധിക്കാവുന്നതാണ്. സര്‍ക്കാരിന്റെ വിതരണത്തിലൂടെയോ കച്ചവടം വഴിക്കോ, ഒരാളുടെ ഉടമസ്ഥതയിലായിക്കഴിഞ്ഞിട്ടുള്ള തടവുകാരനെ വധിക്കാവതല്ല.

3. തടവുകാരനെ വധിക്കേണ്ടിവരികയാണെങ്കില്‍ മാന്യമായ രീതിയില്‍ വധിക്കണം. മര്‍ദിച്ച് കൊല്ലരുത്.

iv: യുദ്ധത്തടവുകാരെ സംബന്ധിച്ച പൊതുനിയമം, അവരോട് ഔദാര്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനദ്രവ്യം ഈടാക്കി മോചിപ്പിക്കുകയോ ചെയ്യുക എന്നതാണ്.

ഔദാര്യം കാണിക്കുക എന്നതില്‍ നാല് കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:

1. ബന്ധനാവസ്ഥയില്‍ അവരോട് നല്ല നിലയില്‍ പെരുമാറുക.
2. വധിക്കുകയോ ആജീവനാന്തം തടവിലിടുകയോ ചെയ്യാതെ, അവരെ ഭൃത്യരാക്കി മുസ്‌ലിംകളായ വ്യക്തികള്‍ക്ക് ഏല്‍പിച്ചു കൊടുക്കുക.
3. ജിസ്‌യ ചുമത്തി ദിമ്മികളാക്കുക.
4. പ്രതിഫലം സ്വീകരിക്കാതെ വിട്ടയക്കുക.

മോചനദ്രവ്യം ഈടാക്കുന്നതിന് മൂന്ന് രൂപങ്ങളുണ്ട്:

1. സമ്പത്ത് പ്രതിഫലം സ്വീകരിച്ചുകൊണ്ട് വിട്ടയക്കുക.
2. മോചനത്തിനുള്ള ഉപാധിയെന്ന നിലയില്‍ ഏതെങ്കിലും പ്രത്യേക സേവനം ചെയ്യിച്ചശേഷം വിട്ടയക്കുക.
3. ശത്രുക്കളുടെ കൈവശമുള്ള സ്വജനത്തിലെ തടവുകാര്‍ക്ക് പകരം കൈമാറുക.

വ്യത്യസ്തമായ ഈ രൂപങ്ങളെല്ലാം നബി(സ)യും സഹാബത്തും വ്യത്യസ്ത ഘട്ടങ്ങളില്‍ സന്ദര്‍ഭോചിതം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു രൂപം മാത്രം നടപ്പിലാക്കണമെന്ന് ദൈവിക ശരീഅത്ത് ഇസ്‌ലാമിക ഗവണ്‍മെന്റിനോട് നിഷ്‌കര്‍ഷിച്ചിട്ടില്ല. അപ്പപ്പോള്‍ ഉചിതമെന്ന് കാണുന്ന രൂപം ഓരോ സന്ദര്‍ഭത്തിലും സര്‍ക്കാറിന് സ്വീകരിക്കാവുന്നതാകുന്നു.


v: യുദ്ധത്തടവുകാരന്‍ സര്‍ക്കാറിന്റെ തടവിലായിരിക്കുമ്പോള്‍, അയാളുടെ ആഹാരം, വസ്ത്രം, രോഗിയോ പരിക്കേറ്റവനോ ആണെങ്കില്‍ ചികിത്സ എന്നിവ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് നബി(സ)യുടെയും സഹാബത്തിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. തടവുകാരനെ പട്ടിണിക്കിടാനോ നഗ്നനാക്കാനോ മര്‍ദിക്കാനോ ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. നേരെമറിച്ച് അവരോട് നന്നായി വര്‍ത്തിക്കാനും ആതിഥ്യമര്യാദയോടെ പെരുമാറാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. നബിചര്യയില്‍ അതിന്റെ പ്രായോഗികമായ ഉദാഹരണങ്ങള്‍ കാണാവുന്നതുമാണ്. ബദ്ര്‍ യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ വിവിധ സഹാബികളുടെ വീടുകളില്‍ ബന്ധിതരാക്കിക്കൊണ്ട് തിരുമേനി അരുളി: 'ഈ ബന്ദികളോട് നന്നായി വര്‍ത്തിക്കണം.' അക്കൂട്ടത്തില്‍ ഒരു തടവുകാരനായിരുന്ന അബുല്‍ അസീസ് പ്രസ്താവിക്കുന്നു: എന്നെ ബന്ധനത്തില്‍ പാര്‍പ്പിച്ചിരുന്ന അന്‍സാരികുടുംബം എനിക്ക് രാവിലെയും വൈകിയിട്ടും റൊട്ടി തന്നിരുന്നു. അവരോ, വെറും കാരക്ക തിന്നാണ് കഴിഞ്ഞിരുന്നത്.....'' മറ്റൊരു തടവുകാരനായിരുന്ന സുഹൈലുബ്‌നു അംറിനെക്കുറിച്ച് ചിലര്‍ തിരുമേനിയോട് പറഞ്ഞു: അയാള്‍ വലിയ തീപ്പൊരി പ്രസംഗകനാണ്. തിരുമേനിക്കെതിരില്‍ അയാള്‍ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് അയാളുടെ പല്ലുകൊഴിക്കാന്‍ കല്‍പിച്ചാലും.'' തിരുമേനി പറഞ്ഞു: ഞാന്‍ അയാളുടെ പല്ലുകൊഴിച്ചാല്‍ അല്ലാഹു എന്റെയും പല്ല്‌കൊഴിക്കും-ഞാന്‍ പ്രവാചകനാണെങ്കിലും'' (സീറതു ഇബ്‌നിഹിശാം ). തടവുകാരനായി ഹാജരാക്കപ്പെട്ട യമാമയിലെ മുഖ്യനായിരുന്ന ഥുമാമതുബ്‌നു ഉഥാലിന് തടവില്‍ക്കഴിഞ്ഞ കാലത്തെല്ലാം നബി(സ)യുടെ കല്‍പനപ്രകാരം മേത്തരം ഭക്ഷണവും പാലും ഏര്‍പ്പാട് ചെയ്യപ്പെട്ടിരുന്നു (ഇബ്‌നുഹിശാം ). ഇതുതന്നെയായിരുന്നു സഹാബത്തിന്റെയും രീതി. അവരുടെ കാലത്തും യുദ്ധത്തടവുകാരോട് മോശമായി പെരുമാറിയതിന്റെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയില്ല.

vi: തടവുകാരെ എന്നെന്നും തടവറയില്‍ പാര്‍പ്പിക്കുകയും സര്‍ക്കാര്‍ ബലാല്‍ക്കാരം അവെരക്കൊണ്ട് തൊഴിലെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇസ്‌ലാം തീരെ സ്വീകരിച്ചിട്ടില്ല. തടവുകാരനുമായി അല്ലെങ്കില്‍ അയാളുടെ ജനവുമായി യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനോ മോചനദ്രവ്യ ഇടപാടിനോ സാധിച്ചില്ലെങ്കില്‍ അയാളോട് ഔദാര്യം കാണിക്കാന്‍ ഇസ്‌ലാം നിശ്ചയിച്ച രീതി ഇതാണ്:

അവരെ ഭൃത്യരാക്കി വ്യക്തികളുടെ അധീനത്തില്‍ ഏല്‍പിച്ചുകൊടുക്കുകയും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് യജമാനന്‍മാരോട് നിര്‍ദേശിക്കുകയും ചെയ്യുക. നബി (സ)യുടെ കാലത്തും സഹാബത്തിന്റെ കാലത്തും ഈ സമ്പ്രദായം അനുവര്‍ത്തിക്കപ്പെട്ടിരുന്നു. ഇത് അനുവദനീയമാണെന്നതില്‍ കര്‍മശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠരാണ്. ഇവ്വിഷയകമായി അറിഞ്ഞിരിക്കേണ്ട ഒരു സംഗതി ഇതാണ്:

ഒരാള്‍ തടവിലാകുന്നതിന് മുമ്പ് ഇസ്‌ലാം സ്വീകരിക്കുകയും പിന്നെ എങ്ങനെയോ പിടികൂടപ്പെടുകയും ചെയ്താല്‍ അയാള്‍ മോചിപ്പിക്കപ്പെടേണ്ടതാകുന്നു. എന്നാല്‍, തടവിലായശേഷമോ വല്ലവരുടെയും ഉടമസ്ഥതയിലായശേഷമോ ഒരാള്‍ മുസ്‌ലിമായാല്‍ ഇസ്‌ലാം അയാളുടെ മോചനത്തിന് നിമിത്തമാകുന്നതല്ല.

vii: യുദ്ധത്തടവുകാരോടുള്ള ഔദാര്യത്തിന്റെ മൂന്നാമത്തെ രൂപമായി ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത് ജിസ്‌യ ചുമത്തി അവരെ ഇസ്‌ലാമിക രാഷട്രത്തിന്റെ ഉത്തരവാദിത്വത്തിലുള്ള പ്രജകളാക്കുക എന്നതാകുന്നു. അവര്‍ ഇസ്‌ലാമിക സ്റ്റേറ്റില്‍ മുസ്‌ലിംകളെപ്പോലെതന്നെ സ്വാതന്ത്ര്യമുള്ളവരായിരിക്കും.

യമാമയിലെ തലവനായ ഥുമാമതുബ്‌നു ഉഥാല്‍ തടവുകാരനായി ഹാജരാക്കപ്പെട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: ''ഥുമാമാ, താങ്കള്‍ എന്തു വിചാരിക്കുന്നു?'' ഥുമാമ പറഞ്ഞു: ''അങ്ങ് എന്നെ വധിക്കുകയാണെങ്കില്‍ രക്തത്തിന് വളരെ കുറഞ്ഞ വിലയുള്ള ഒരാളെയാണങ്ങ് വധിക്കുന്നത്. എന്നോട് ഔദാര്യം കാട്ടുകയാണെങ്കില്‍, ഔദാര്യം മനസ്സിലാക്കുന്ന ഒരാളോടാണ് അങ്ങ് ഔദാര്യം കാട്ടുന്നത്. അങ്ങയ്ക്ക് ധനമാണ് വേണ്ടതെങ്കില്‍ ചോദിച്ചുകൊള്ളുക; അത് നല്‍കപ്പെടും.'' മൂന്ന് ദിവസം തിരുമേനി ഈ ചോദ്യവും ഥുമാമ ഈ ഉത്തരവും ആവര്‍ത്തിച്ചു. ഒടുവില്‍ ഥുമാമയെ വിട്ടയക്കാന്‍ തിരുമേനി ഉത്തരവിട്ടു. വിടുതല്‍ കിട്ടിയ ഉടനെ ഥുമാമ അടുത്തുള്ള ഒരു ഈത്തപ്പഴത്തോട്ടത്തില്‍ പോയി കുളിച്ചു ശുദ്ധിയായി തിരിച്ചുവന്നു. അനന്തരം കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഇന്നലെ വരെ എനിക്ക് അങ്ങയോളം വെറുപ്പുള്ള മനുഷ്യനോ അങ്ങയുടെ ദീനോളം വെറുപ്പുള്ള ദീനോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നെനിക്ക് അങ്ങയോളം സ്‌നേഹമുള്ള മനുഷ്യനോ അങ്ങയുടെ ദീനോളം ഞാന്‍ സ്‌നേഹിക്കുന്ന ദീനോ ഇല്ല.'' അനന്തരം ഉംറക്കുവേണ്ടി മക്കയിലേക്ക് പോയി. അവിടെ ഖുറൈശികളോട് ഇപ്രകാരം വിളംബരം ചെയ്തു: ''ഇനി മുതല്‍ യമാമയിലെ യാതൊരു വിഭവവും മുഹമ്മദ് (സ) അനുമതി നല്‍കുന്നതുവരെ നിങ്ങള്‍ക്ക് എത്തുന്നതല്ല.'' യമാമക്കാര്‍ അതു നടപ്പിലാക്കുകതന്നെ ചെയ്തു. അവസാനം മക്കക്കാര്‍ക്ക് യമാമയില്‍നിന്ന് മക്കയിലേക്കുള്ള ചരക്കുവരവ് നിര്‍ത്തലാക്കാതിരിക്കാന്‍ നബി (സ)യോട് അപേക്ഷിക്കേണ്ടിവന്നു.

ഹുദൈബിയാസന്ധിയുടെവേളയില്‍ എണ്‍പതു മക്കക്കാര്‍ തന്‍ഈമിന്റെ ഭാഗത്തു ചെന്ന് താവളമടിച്ചു. തിരുമേനിയെയും കൂട്ടുകാരെയും രാത്രിയുടെ അന്ത്യയാമത്തില്‍ ആക്രമിച്ചു വകവരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, അവരെല്ലാവരും പിടിക്കപ്പെട്ടു. നബി (സ) എല്ലാവരെയും വിട്ടയയ്ക്കുകയാണുണ്ടായത്. ആ സന്ദിഗ്ധഘട്ടത്തില്‍ യുദ്ധം അനിവാര്യമായിത്തീരുന്ന ഒരു നടപടി കൈക്കൊള്ളാതിരിക്കുകയായിരുന്നു തിരുമേനി.

മക്കാ വിമോചനവേളയില്‍ ഏതാനും പേരൊഴിച്ചുള്ള എല്ലാ മക്കാവാസികള്‍ക്കും തിരുമേനി മാപ്പ് പഖ്യാപിച്ചു. മാപ്പില്‍നിന്ന് ഒഴിച്ചുനിറുത്തിയവരില്‍തന്നെ മൂന്നോ നാലോ പേര്‍ മാത്രമാണ് വധിക്കപ്പെട്ടത്. മക്കക്കാര്‍ നബി(സ)യോട് ചെയ്ത അതിക്രമങ്ങള്‍ എല്ലാ അറബികള്‍ക്കും അറിയാമായിരുന്നു. എന്നിട്ടും വിജയവേളയില്‍ തിരുമേനി അവര്‍ക്ക് ധീരമായി മാപ്പരുളിയത് അറബികളില്‍, തങ്ങള്‍ നേരിടുന്നത് നിഷ്ഠുരനും ശഠനുമായ ഒരു സ്വേഛാധിപതിയെയല്ലെന്നും പ്രത്യുത, ഉദാരനും ദയാമയനുമായ മാര്‍ഗദര്‍ശകനെയാണെന്നും ഉള്ള ആശ്വാസവും സമാധാനവും ഉളവാക്കി. അതുമൂലം മക്കാവിമോചനത്തിനുശേഷം അറേബ്യന്‍ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാമിന്റെ തണലില്‍ വരുന്നതിന് രണ്ടു വര്‍ഷത്തിലധികം വേണ്ടിവന്നില്ല.

ഹുനൈന്‍ യുദ്ധത്തിനുശേഷം ഹവാസിന്‍ ഗോത്രത്തിന്റെ നിവേദക സംഘം തങ്ങളുടെ തടവുകാരെ മോചിപ്പിക്കുന്നതിനുവേണ്ടി തിരുമേനിയെ സമീപിച്ചപ്പോള്‍ തടവുകാരെല്ലാം വീതിക്കപ്പെട്ടുകഴിഞ്ഞിരുന്നു. തിരുമേനി മുസ്‌ലിംകളെ വിളിച്ചുകൂട്ടിയിട്ട് പ്രസ്താവിച്ചു: ''ഇതാ ഈ ആളുകള്‍ പശ്ചാത്തപിച്ചു വന്നിരിക്കുകയാണ്. അവരിലെ തടവുകാരെ നിങ്ങള്‍ അവര്‍ക്ക് തിരിച്ചേല്‍പിക്കണമെന്നാണ് എന്റെ അഭിപ്രായം. തന്റെ അധീനത്തിലുള്ള തടവുകാരനെ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സന്തോഷപൂര്‍വം വിട്ടയയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. പ്രതിഫലം വേണമെന്നുള്ളവര്‍ക്ക്, ബൈത്തുല്‍ മാലില്‍ (പൊതുഖജനാവില്‍) ആദ്യമെത്തുന്ന ധനത്തില്‍നിന്നുതന്നെ നാം പ്രതിഫലം നല്‍കിക്കൊള്ളാം.'' ഇങ്ങനെ ആറായിരത്തോളം തടവുകാര്‍ വിമുക്തരായി. പ്രതിഫലം ആവശ്യപ്പെട്ടവര്‍ക്ക് ഭരണകൂടത്തില്‍നിന്ന് പ്രതിഫലം ലഭിക്കുകയും ചെയ്തു (ബുഖാരി)

ബന്ധനസ്ഥര്‍ വീതിച്ചുകൊടുക്കപ്പെട്ടശേഷം ഭരണകൂടത്തിന് സ്വന്തമായി അവരെ മോചിപ്പിക്കാന്‍ അനുവാദമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. അതിന് തടവുകാരനെ അധീനപ്പെടുത്തിയ വ്യക്തിയുടെ സമ്മതമുണ്ടാവണം. അല്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം കൊടുക്കണം.

പ്രവാചകനുശേഷം സഹാബത്തിന്റെ കാലത്തും യുദ്ധത്തടവുകാരോടുള്ള ഉദാരമായ സമീപനം അനുസ്യൂതം തുടര്‍ന്നുവന്നതായി കാണാം.

viii: യുദ്ധത്തടവുകാരെ വിട്ടയയ്ക്കാന്‍ മോചനദ്രവ്യമായി ധനം സ്വീകരിച്ച സംഭവം പ്രവാചകന്റെ കാലത്ത് ബദ്ര്‍ യുദ്ധവേളയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഒരു തടവുകാരന് ആയിരം മുതല്‍ 4000 വരെ മോചനദ്രവ്യം സ്വീകരിച്ചാണ് വിട്ടയക്കപ്പെട്ടത്. സഹാബത്തിന്റെ കാലത്ത് ഇതിന് ഉദാഹരണം കാണുന്നില്ല. ഫുഖഹാക്കള്‍ പൊതുവില്‍ അതിനെ അനഭിലഷണീയമായി വീക്ഷിച്ചിരുന്നു. പണത്തിനു പകരമായി ശത്രുവിനെ വിട്ടയച്ചാല്‍ അയാള്‍ വീണ്ടും ഇസ്‌ലാമിനെതിരെ വാളുയര്‍ത്തുമെന്നതാണതിനു കാരണം. എങ്കിലും ഖുര്‍ആന്‍, മോചനദ്രവ്യം സ്വീകരിക്കുന്നത് അനുവദിച്ചിട്ടുണ്ട്. നബി (സ) ഒരു പ്രാവശ്യം അതനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് അപ്രകാരം ചെയ്യുന്നത് നിരുപാധികം വിലക്കപ്പെട്ടതല്ല.

ix: സേവനംചെയ്യിച്ചു സ്വതന്ത്രരാക്കിയതിനും ബദ്ര്‍ യുദ്ധത്തില്‍ ഉദാഹരണം കാണാം. മോചനദ്രവ്യം നല്‍കി സ്വതന്ത്രരാവാന്‍ കഴിവില്ലാത്ത ഖുറൈശി യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നതിന് നബി (സ) ഉന്നയിച്ച ഉപാധി ഇതായിരുന്നു: അവരില്‍ ഓരോരുത്തരും പത്തുവീതം അന്‍സാരികളെ എഴുത്തും വായനയും പഠിപ്പിക്കുക.' (മുസ്‌നദ് അഹ്മദ് )

x: യുദ്ധത്തടവുകാരെ പരസ്പരം കൈമാറിയ നിരവധി ഉദാഹരണങ്ങള്‍ നബി(സ)യുടെ കാലയളവില്‍നിന്ന് നമുക്ക് ലഭിക്കുന്നു. ഒരിക്കല്‍ തിരുമേനി ഹ: അബൂബക്കറിനെ ഒരു ദൗത്യത്തിന് നിയോഗിച്ചു. അതില്‍ ഏതാനും പേര്‍ തടവുകാരായി പിടിക്കപ്പെട്ടു. കൂട്ടത്തില്‍ അതിസുന്ദരിയായ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഹ: സലമതുബ്‌നു അക്‌വഇന്റെ വിഹിതത്തിലാണ് അവര്‍ ഏല്‍പിക്കപ്പെട്ടത്. നബി(സ) സലമയോട് അവരെ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു വാങ്ങുകയും എന്നിട്ട് മക്കയിലേക്കയച്ച് പകരം കുറേ മുസ്‌ലിം യുദ്ധത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. (മുസ്‌ലിം)

യുദ്ധത്തടവുകാരുടെ പ്രശ്‌നം ഏതുകാലത്തും എന്തു സാഹചര്യത്തിലും സുഗമമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിശാലമായ ഒരു സംവിധാനമാണ് ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഈ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നു. ഈ ഖുര്‍ആന്‍സൂക്തത്തിന്, യുദ്ധത്തില്‍ തടവിലാകുന്നവരെ ഒന്നുകില്‍ സൗജന്യമായി വിട്ടയക്കുക അല്ലെങ്കില്‍ മോചനദ്രവ്യം സ്വീകരിച്ചു വിട്ടയക്കുക, എന്ന സംക്ഷിപ്ത താല്‍പര്യം മാത്രം മനസ്സിലാക്കുന്നവര്‍, യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതിന് വിഭിന്നമായ എത്രയോ മുഖങ്ങളുണ്ടെന്നും വ്യത്യസ്ത കാലങ്ങളില്‍ അത് എന്തെല്ലാം പ്രശ്‌നങ്ങളുളവാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ എന്തെല്ലാം പ്രശ്‌നങ്ങളുളവാക്കാമെന്നും അറിയുന്നില്ല.'

മൗലാനാ മൗദൂദി (47:4-6 ന്) നല്‍കിയ വ്യാഖ്യാനക്കുറിപ്പിന്റെ പ്രസക്തഭാഗമാണ് മുകളില്‍ നല്‍കിയത്. ഇതുതന്നെ അല്‍പം ദീര്‍ഘിച്ചതാണ് എങ്കിലും ഇസ്‌ലാമിനെ ആത്മാര്‍ഥമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇതിവിടെ നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ചര്‍ചയാകാം.

2009, ഡിസംബർ 19, ശനിയാഴ്‌ച

'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?.

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ? (മൂന്നാം ഭാഗം)

അധ്യായം 9 അത്തൌബ
(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.


യുദ്ധസന്ദര്‍ഭത്തില്‍ അവതരിച്ച ഈ സൂക്തങ്ങള്‍ ഉള്‍കൊള്ളുന്ന ആശയം വ്യക്തമാണ്. സത്യവിശ്വാസികളോടുള്ള കരാര്‍ ലംഘിച്ച് ശത്രുകളോടൊപ്പം ചേര്‍ന്ന് യുദ്ധത്തിന് വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശ്വാസികളെ ഉണര്‍ത്തുകയാണ് അവയിലൂടെ. ഹിജ്റ 9ാം വര്‍ഷം അബൂബക്കര്‍ (റ)നെ തിരുമേനി ഹജ്ജിന് നിയോഗിച്ച സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങളുടെ പൂര്‍ണരൂപം ഇപ്രകാരമാണ്:

അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്. (9:5-6)

സത്യവിശ്വാസികളോട് കരാര്‍ചെയ്യുകയും എന്നാല്‍ തക്കം കിട്ടുമ്പോഴെല്ലാം അത് ലംഘിക്കുകയും മുസ്ലിംകളുടെ മേല്‍ ചാടിവീഴുകയും ചെയ്യുന്ന ഒരു പ്രത്യേക തന്ത്രം ചില ഗോത്രങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. അവരിലധിക ജനവും അധര്‍മകാരികളാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുയായിരുന്നു മുസ്്ലിംകള്‍. ഇവരില്‍ നിന്ന് ഏതാനും ഗോത്രങ്ങളെ (ബനൂകിനാന ബനൂ ഖുസാഅ ബനൂസംറ) ഒഴിവാക്കുകയുണ്ടായി കാരണം ഇവര്‍ നേരത്തെ സൂചിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായിരുന്നില്ല.

മേല്‍ പറയപ്പെട്ട ഒരു പ്രതിസന്ധിയില്‍ അത്തരക്കാരോടുള്ള കാരാറിനോട് സ്വീകരിക്കേണ്ട നിലപാട് തുറന്ന് പ്രഖ്യാപിക്കുയാണ് പ്രസ്തസൂക്തങ്ങളുടെയും തുടര്‍ന്നു സൂക്തങ്ങളുടെയും ഉദ്ദേശ്യം. കരാര്‍ മുന്നില്‍ വെച്ച് തക്കം കിട്ടുമ്പോള്‍ അതില്‍ നിന്ന് പിന്‍മാറുന്നത് കടുത്ത വഞ്ചനയാണ് അത് ഇസ്ലാം അനുവദിക്കുന്നില്ല. യുദ്ധം നടക്കുന്ന സന്ദര്‍ഭത്തില്‍ പോലും ആ വിഭാഗത്തില്‍ നിന്ന് ആരെങ്കിലും ഇസ്ളാം മനസിലാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ വധിക്കാവതല്ല. അയാള്‍ക്കഭയം നല്‍കുകയും തങ്ങളുടെ അടുത്ത് വന്ന് ഇസ്്ലാം മനസ്സിലാക്കികൊടുക്കയും വേണം. എന്നിട്ടയാള്‍ ഇസ്ളലാം സ്വീകരിക്കുന്നില്ലെങ്കില്‍ സുരക്ഷിതമായി തന്റെ സങ്കേതത്തില്‍ എത്തിച്ചുകൊടുക്കണം. ദൈവം ഏകനാണ് എന്ന ഒരൊറ്റ പ്രഖ്യാപനത്തിന്റെ പേരില്‍ പോരിനും കൊലക്കും വന്നവര്‍ക്ക് ഇത്രയൊക്കെ ആനുകൂല്യം നല്‍കാനല്ലേ കഴിയൂ. ഇതിനേക്കാള്‍ ആനുകൂല്യം നല്‍കിയപ്പോള്‍ കുഴപ്പവും ശല്യവും അധികരിപ്പിക്കുകയാണ് അവര്‍ ചെയ്തത് എന്ന് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.

ഇസ്ലാമിലെ യുദ്ധത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍മാത്രം തെരഞ്ഞ് പിടിച്ച് വായിച്ച് ഇസ്ലാമിനെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ തെറ്റിദ്ധാരണ സംഭവിക്കും. വധിക്കാനും കഴുത്ത് വെട്ടാനും പതിയിരിക്കാനും ബന്ധിക്കാനും ഉപരോധിക്കാനുമെല്ലാം ഖുര്‍ആന്‍ കല്‍പിക്കുമ്പോള്‍ വല്ലാത്ത അസ്വസ്തത തോന്നുക സ്വാഭാവികമാണ്. ഖുര്‍ആന്‍ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങള്‍ക്കും ഇത്തരം സൂക്ഷമായ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പലപ്പോഴും അവര്‍ മനസ്സിലാക്കുന്നില്ല. വളരെ നിസ്സാരമെന്ന് തോന്നുന്ന കടം നല്‍കുക എന്ന സല്‍കര്‍മത്തിലെ നിയമങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി ഒരു പേജുള്ള ഏറ്റവും വലിയ സൂക്തം ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നു എന്നവര്‍ക്കറിയില്ല. മനുഷ്യനുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട വിഷയത്തില്‍ സൂക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിര്ികുന്ന പക്ഷം ജനങ്ങളുടെ അവകാശങ്ങല്‍ ഹനിക്കപ്പെടാനും അനീതി സംഭവിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണിത്. ഇത്തരം നിയമങ്ങളില്ലാത്ത മതങ്ങള്‍ക്ക് (ഉദാഹരണം ക്രിസ്തുമതത്തിന്) സംഭവിച്ച ദുരന്തം അതുകൊണ്ടുതന്നെ ഇസ്ളാമിന് സംഭവിച്ചില്ല. ക്രിസ്തുമതം ചരിത്രത്തിലിന്നോളം ഈ വിഷയത്തില്‍ രണ്ടാലൊരു അവസ്ഥക്ക് സാക്ഷിയായി എന്ന് മൌദൂദി നിരീക്ഷിക്കുന്നു. ഒന്നുകില്‍ മറ്റുള്ളവരുടെ ക്രൂരതക്കിരയായി നശിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ അവര്‍ കടുത്ത പീഢകരായി മറ്റുള്ളവരെ നശിപ്പിച്ചു. യുദ്ധം തുടങ്ങേണ്ട സമയം ഇസ്ലാമിന് അറിയാം, യുദ്ധത്തിലെടുക്കേണ്ട നിലപാടുകളും അത് അവസാനിപ്പിക്കേണ്ട സമയവുമറിയാം. ചരിത്രത്തില്‍ മുസ്ളിംകള്‍ അത് കാണിച്ചുകൊടുത്തു. ഖുര്‍ആനിന്റെ ഈ അനുശാസനം പാലിക്കാന്‍ അതിന്റെ അനുയായികള്‍ തയ്യാറാകാത്ത ചുരുക്കം ചില സന്ദര്‍ഭങ്ങളില്ലാതെ മുസ്ളിംകളെ പീഢിപ്പിക്കാന്‍ അതിന്റെ ശത്രുക്കള്‍ക്ക് സാധിച്ചില്ല. അതേ പ്രകാരം ഏതെങ്കിലും വിഭാഗത്തെ പീഡിപ്പിച്ച് സംഭവവും അതിന്റെ ചരിത്രത്തിലില്ല.

യുദ്ധസന്ദര്‍ഭത്തിലാണെങ്കിലും പതിയിരുന്നാക്രമിക്കുന്നത് വഞ്ചനയായിട്ടാണ് ഇസ്ലാമിക ധാര്‍മികമൂല്യങ്ങളെക്കുറിച്ചറിവുള്ള ഒരാള്‍ മനസ്സിലാക്കുക. എന്നാല്‍ അതില്‍ തെറ്റില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാനും വിശ്വാസികള്‍ക്ക് കനത്ത നാശനഷ്ടങ്ങളേല്‍പിക്കാനും കഴിയും എന്നത് വ്യക്തമാണല്ലോ. യുദ്ധത്തെക്കുറിച്ചുള്ള ഇത്തരം സൂക്ഷമായ കല്‍പനകള്‍ ഇസ്ളാമിന്റെ സമഗ്രസ്വാഭാത്തിനുള്ള ഒന്നാതരം തെളിവായിട്ടാണ് സത്യവിശ്വാസികള്‍ കരുതുന്നത്. ഇസ്ലാമിലെ യുദ്ധനിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ യുക്തിപരവും പ്രയോഗികവുമായ ബദല്‍ അവര്‍ സമര്‍പ്പിക്കട്ടേ. നമ്മുക്ക് പരിശോധിക്കാം.

2009, ഡിസംബർ 16, ബുധനാഴ്‌ച

ഖുര്‍ആനിലെ ക്രൂരതയുടെ സൂക്തങ്ങള്‍ ?!!

ഒരു മുസ്‌ലിം അവിശ്വാസികളോട് എങ്ങനെ പെരുമാറണം? (രണ്ടാം ഭാഗം)

'മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച
സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ. നന്ദി.'

എന്ന എന്റെ കമന്റിന് കാളിദാസന്‍ ഇങ്ങനെ പ്രതികരിച്ചു:

'ആദ്യം ഇംഗ്ളീഷ് ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അത് വായിച്ചുനോക്കാനുള്ള മാന്യത പോലും ഇല്ലാതെ അസത്യമെന്നു പറഞ്ഞു. ലത്തീഫ് തന്നെ തന്ന മലയാളം ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം അതിന്റെ പശ്ചത്തലം അന്വേഷിച്ചു പോകുനു.

യുദ്ധ പശ്ചത്തലത്തിലായാലും അല്ലെങ്കിലും അവിശ്വാസികളെ എന്തു ചെയ്യണം എന്നതാണല്ലോ മൊഹമ്മദ് പറഞ്ഞിരിക്കുന്നത്.

പ്രചീനകാലത്തെ യുദ്ധങ്ങളില്‍ ശത്രുക്കളോട് ചെയ്തിരുന്നതിതാണ്. അവിടെ വിശ്വാസവും അവിശ്വാസവും ഒന്നുമില്ലായിരുന്നു. ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ക് വിവേകമുണ്ടായപ്പോള്‍ ഈ ക്രൂരതകളൊക്കെ അവര്‍ മാറ്റി. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തടവുകാരോടു ചെയ്യേണ്ട മര്യാദകളൊക്കെ ഇന്ന് നിയമമാണ്. ഗ്വണ്ടനാമോ ബേയില്‍ തടവിലിട്ടിരിക്കുന്ന മുസ്ലിം ഭീകരര്‍ പോലും ഈ വകുപ്പുകളുപയോഗിച്ചാണു കേസു വാദിക്കുന്നത്. അവരും മുസ്ലിങ്ങള്‍ തന്നെയല്ലേ? അവിശ്വാസികളോട് ചെയ്യേണ്ട കാര്യങ്ങള്‍ മൊഹമ്മദ് പറഞ്ഞ പോലെ ചെയ്യുന്നു എന്നു സമാധാനിച്ച് അവര്‍ എന്തുകൊണ്ട് അതിനൊന്നും കീഴ്പ്പെടുന്നില്ല?

ലത്തീഫിനേപ്പോലെ ചിന്താ ശേഷി പണയം വച്ചവര്‍ ഇതൊക്കെയാണു ചിന്തിക്കേണ്ടത്.

ഇസ്ലാം ഒഴികെയുള്ള ലോകം മുഴുവന്‍ പ്രാകൃത അനാചാരങ്ങളില്‍ നിന്നും ഹീനതകളില്‍ നിന്നും എന്നേ മുക്തമായി. ഇസ്ലാം മാത്രം ഇന്നും അതെ പ്രാകൃത കാലഘട്ടത്തില്‍ ജീവിക്കുന്നു. അതേ ഞാന്‍ ചൂണ്ടികാണിച്ചുള്ളു. ലത്തീഫിനതൊക്കെ മനസിലാകുന്നുണ്ട്. പക്ഷെ അന്ധവിശ്വാസം ലത്തീഫിനെ അതൊക്കെ സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.'


കാളിദാസന്‍ നല്‍കിയ സൂക്തങ്ങളില്‍ അധ്യായം (5) മാഇദയിലെ 33, 34 സൂക്തങ്ങളാണിവിടെ നല്‍കുന്നത്. ഖുര്‍ആനില്‍ സൂക്തങ്ങളൊക്കെ മുഹമ്മദ് നബിയുടെതാണ് എന്ന ധാരണയിലാണ് കാളിദാസന്‍ സംസാരിക്കുന്നത്. അതവിടെ നില്‍ക്കട്ടേ. പ്രസ്തുത സൂക്തതില്‍ എന്ത് ക്രൂരതയാണുള്ളതെന്ന് സൂക്തവും അതോടൊപ്പമുള്ള മൌദൂദിയുടെ വ്യാഖ്യാനവും വായിച്ചിട്ട് നമ്മുക്ക് ചര്‍ചചെയ്യാം. മുന്‍ അനുഭവം വെച്ച് ഇത്തരം കാര്യങ്ങളില്‍ ഇപ്രാകരമുള്ള ചര്‍ചക്ക് നാഴികക്ക് നാല്‍പത് വട്ടം ഖുര്‍ആനില്‍ ഭീകരതയും ക്രൂരതയും ആരോപിക്കുന്നവര്‍ വരികയില്ല എന്നനിക്ക് പറയാന്‍ കഴിയും. അഥവാ അത്തരക്കാര്‍ വന്നാലും ഇതേക്കുറിച്ച് ചര്‍ചചെയ്യാതെ മറ്റുവല്ലതുമായിരിക്കും പറയുക. സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സൂക്തങ്ങള്‍ മുഴുവനായി നല്‍കുന്നു. ഗ്വണ്ടനാമോയും ജനീവയും ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമങ്ങളും ഈ സൂക്തത്തിലെ പരാമര്‍ശങ്ങളും ഇതിലടങ്ങിയ മാനുഷികവും വിട്ടുവീഴ്ചയുടെതുമായ നിയമങ്ങളുടെയും താരതമ്യം വായനക്കാര്‍ക്ക് വിടുന്നു.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ,55 വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.56 ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന്.57 (5:33-34)

55. നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഇസ്‌ലാമിക ഗവണ്‍മെന്റില്‍ അര്‍പ്പിതമായിരിക്കുന്ന ഭൂപ്രദേശമാണ് ഉദ്ദേശ്യം. അവിടെ സ്ഥാപിതമായ ഉത്തമ വ്യവസ്ഥക്കെതിരായ യുദ്ധമാണ് അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള യുദ്ധം. ഭൂമിയില്‍ ഒരുത്തമ വ്യവസ്ഥ സ്ഥാപിതമാകണമെന്നാണ് അല്ലാഹുവിന്റെ അഭീഷ്ടം. അതേ ആവശ്യാര്‍ഥമാണ് അവന്‍ പ്രവാചകരെ നിയോഗിച്ചയച്ചതും. അവിടെ മനുഷ്യന്നും തിര്യക്കുകള്‍ക്കും വൃക്ഷലതാദികള്‍ക്കും എന്നുവേണ്ട ഭൂമുഖത്തുള്ള സകലത്തിനും ശാന്തി ലഭിക്കണം അവിടെ മനുഷ്യത്വം അതിന്റെ നൈസര്‍ഗികമായ സമ്പൂര്‍ണ്ണത പ്രാപിക്കുമാറാകണം. അവിടെ ഭൂമുഖത്തുള്ള വിഭവങ്ങളും പദാര്‍ഥങ്ങളും വിനിയോഗിക്കപ്പെടുന്നത് മനുഷ്യപുരോഗതിക്ക് ഉതകുന്ന വിധത്തിലാവണം; മനുഷ്യവിനാശത്തിനാവരുത്. ഇങ്ങനെയുള്ള ഒരുത്തമ വ്യവസ്ഥ ഭൂമുഖത്തെവിടെയെങ്കിലും സ്ഥാപിതമായാല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ ദൈവത്തോടും ദൈവദൂതനോടുമുള്ള യുദ്ധം തന്നെയാണ്. അത് കൊലയും കൊള്ളയും കൊള്ളിവെപ്പും കവര്‍ച്ചയും നടത്തിക്കൊണ്ട് ചെറിയ തോതിലുള്ള അട്ടിമറിയായാലും കൊള്ളാം; ആ വ്യവസ്ഥ മാറ്റി തദ്സ്ഥാനത്ത് മറ്റൊരു ദുര്‍വ്യവസ്ഥ സ്ഥാപിക്കുവാന്‍ വേണ്ടി വന്‍തോതിലുള്ള അട്ടിമറിയായാലും കൊള്ളാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവന്റെ പേരില്‍ രാജാവിനെതിരെ യുദ്ധം ചെയ്ത (Waging war against the King) കുറ്റം ചുമത്തപ്പെടുമെന്ന് ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ടായിരുന്ന വകുപ്പുപോലെയാണിത്. അവന്റെ നടപടി, നാട്ടിന്റെ ഏതെങ്കിലും അകന്ന മൂലയില്‍ സ്ഥിതിചെയ്യുന്ന ഒരു സാധാരണ പട്ടാളക്കാരന്റെ നേരെ ആയിക്കൊള്ളട്ടെ, രാജാവ് അവന്റെ കൈപിടിയില്‍നിന്നു എത്ര തന്നെ ദൂരെ സ്ഥിതി ചെയ്തുകൊള്ളട്ടെ.


56. ഈ ശിക്ഷാനടപടികള്‍ മൊത്തത്തിലാണിവിടെ പ്രതിപാദിച്ചിട്ടുള്ളത്. ജഡ്ജിക്ക്, അല്ലെങ്കില്‍ അതത് കാലത്തെ ഖലീഫക്ക് ഓരോ കുറ്റക്കാരനും കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് യുക്തം പോലെ ശിക്ഷ നല്‍കാവുന്നതാണ്. ഒരു വ്യക്തി ഇസ്‌ലാമിക രാഷ്ട്രത്തിനുള്ളില്‍ താമസിച്ചുകൊണ്ട് ഇസ്‌ലാമിക വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഹീനമായ കുറ്റമാണെന്നും മേല്‍ പറഞ്ഞ കഠിന ശിക്ഷകളില്‍ ഏതും അവന്ന് നല്‍കാമെന്നും വെളിപ്പെടുത്തുകയാണ് സാക്ഷാലുദ്ദേശ്യം.


57. അതായത്, അട്ടിമറിശ്രമത്തില്‍നിന്ന് വിരമിക്കുകയും സത്യവ്യവസ്ഥയെ തകിടംമറിക്കാനുള്ള ഉദ്യമം ഉപേക്ഷിക്കുകയും അനന്തര ജീവിതരീതികൊണ്ട് താന്‍ സമാധാനകാംക്ഷിയും നിയമാനുസാരിയും സദ്‌വൃത്തനുമായിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്താല്‍ പിന്നെ പൂര്‍വകാല നടപടിയുടെ പേരില്‍ മുന്‍പറഞ്ഞ ശിക്ഷകളില്‍ യാതൊന്നും അവന് നല്‍കാവതല്ല. എന്നാല്‍ വ്യക്തികളുടെ വല്ല അവകാശത്തിലും അവന്‍ കൈവച്ചിട്ടുണ്ടെങ്കില്‍ ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുന്നതുമല്ല. ഉദാഹരണമായി, ഒരാളെ വധിക്കുകയോ വല്ലവരുടെയും സ്വത്ത് പിടിച്ചെടുക്കുകയോ ചെയ്തുവെന്ന് വിചാരിക്കുക. അഥവാ മനുഷ്യന്റെ ജീവനോ സ്വത്തിനോ നാശം വരുത്തുന്ന എന്തെങ്കിലുമൊരു കുറ്റം അവനില്‍നിന്നുണ്ടായെന്ന് കരുതുക. എങ്കില്‍ ആ അപരാധത്തിന് ക്രിമിനല്‍ കേസ്സെടുക്കപ്പെടും. എന്നാല്‍ രാജദ്രോഹം, അട്ടിമറി, അല്ലാഹുവിനും റസൂലിനും എതിരായി യുദ്ധം എന്നീ ചാര്‍ജുകള്‍ അവന്റെ പേരില്‍ ചുമത്തപ്പെടുന്നതല്ല.

2009, ഡിസംബർ 12, ശനിയാഴ്‌ച

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?

യുക്തിവാദികളടക്കമുള്ള ഇസ്ലാം വിമര്‍ശകരുടെ സ്ഥിരം പല്ലവികളില്‍ പെട്ടതാണ്, മതങ്ങളാണ് സകലകുഴപ്പങ്ങള്‍ക്കും കാരണമെന്നത്. അതില്‍ തന്നെ ഇസ്ലാം മറ്റുമതങ്ങളെ തീരെ പൊറുപ്പിക്കുകയില്ലെന്നും ഖുര്‍ആനിലെ ഒട്ടേറെ സൂക്തങ്ങള്‍ അതിന് അവരെ അനുവദിക്കുന്നില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആനിന്റെ ശൈലിയെക്കുറിച്ചറിയാത്തവരെയും പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തില്‍ വെച്ച് ഇസ്ലാമിനെ മനസ്സിലാക്കാന്‍ സാധിക്കുകാത്തവരെയും സംശയത്തിലകപ്പെടുത്താന്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ സാധിക്കുന്നുമുണ്ട്. തീര്‍ചയായും ഈ വാദം പരിശോധനയും കൂടുതല്‍ വ്യക്തതയും ആവശ്യപ്പെടുന്നതാണ്. ഇതിനെതിരാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. മുസ്ലിംകളല്ലാത്തവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും. അവരെ കണ്ടിടത്ത് വെച്ച് വധിക്കണമെന്നുമാണ് ഖുര്‍ആന്‍ മുസ്ലിംകളോടാവശ്യപ്പെടുന്നത് എന്ന നിലക്കാണ് പ്രചരണം നടക്കുന്നത്. അവര്‍ അതിനനുസൃതമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ ഈ സൂക്തങ്ങളെ എങ്ങനെ കാണുന്നു. അവര്‍ക്കതിനുള്ള ന്യാമെന്താണ്. എന്തുകൊണ്ടാണ് ഇത്ര വ്യക്തമായ സൂക്തങ്ങളെ വിശ്വാസികള്‍ മുഖവിലക്കെടുത്ത് ആരോപണങ്ങളെ അംഗീകരിക്കാത്തത്?. അപ്രകാരം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ അത് വിശദീകരിക്കുകയാണ്. മുന്‍ധാരണയാല്‍ മനസ്സ് അടച്ചുകളഞ്ഞവര്‍ക്ക് ഇവ പ്രയോജനം ചെയ്യുകയില്ല. എങ്കിലും നെറ്റിനെ ഗൌരവത്തില്‍ കാണുകയും ബ്ളോഗുകളിലെ ചര്‍ചകളില്‍ ഇടപെടുകയും ചെയ്യുന്നവരില്‍ ധാരാളം നിഷ്പക്ഷ അന്വേഷകരെ കാണാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ഞാന്‍ ഈ പോസറ്റില്‍ കാര്യമാത്ര പ്രസക്തമായ ചര്‍ച പ്രതീക്ഷിക്കുകയാണ്. എന്തൊക്കെപ്പറഞ്ഞാലും ഖുര്‍ആന്‍ തിരുത്തി മാറ്റിയെഴുതുക ലോകത്തുള്ള ആരോക്കെ വിചാരിച്ചാലും സാധിക്കുകയില്ല. കാരണം ഖുര്‍ആന്റെ സംരക്ഷണം അത് അവതരിപ്പിച്ച ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു. ഇതുവരെ അത് അപ്രകാരം നിലനിന്നിട്ടുണ്ടെങ്കില്‍ ഇനിയും അങ്ങനെത്തന്നെ നിലനില്‍ക്കാനാണ് സാധ്യത. അതിനാല്‍ ഖുര്‍ആനിലെ സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ തിരുത്തണം എന്ന് മുറവിളികൂട്ടുന്നതിനേക്കാള്‍ പ്രായോഗികമായിട്ടുള്ളത്.

ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് സാന്ദര്‍ഭികമായി അവതരിപ്പിക്കപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ നിര്‍മിക്കുകയും അല്ലാഹുവിലേക്ക് ചേര്‍ത്തുപറയുകയുമായിരുന്നു എന്ന് വിവിധസന്ദര്‍ഭങ്ങളില്‍ അവതരിച്ച സൂക്തങ്ങള്‍ ഉദാഹരിച്ച് യുക്തിവാദികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ആരോപണത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷേ അതിന് കാരണമായ വസ്തുത വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ട നിലയില്ല ഖുര്‍ആന്‍ എന്നത് മാത്രമാണ്‌. അതിനാല്‍ ഒരു സൂക്തത്തെ സമാനവിഷയം പരാമര്‍ശിച്ച മറ്റുസൂക്തങ്ങള്‍കൂടി മുന്നില്‍ വെച്ച് വിശദീകരിക്കേണ്ടതുണ്ട്. ആ നിലക്ക് തന്നെ മുസ്ലികളല്ലാത്തവരുമായുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള സൂക്തങ്ങളും കണക്കിലെടുക്കണം. കാളിദാസന്‍ തന്നെ കമന്റില്‍ സൂചിപ്പിച്ച ആദ്യത്തെ സൂക്തത്തെ വിശകലനം ചെയ്തുകൊണ്ട് നമ്മുക്ക് തുടങ്ങാം.

അധ്യായം 3 (ആലുഇംമ്രാന്‍) 28ാം സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

'വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. പക്ഷേ, ആ നിലപാട് അവരുടെ അക്രമത്തില്‍നിന്നു രക്ഷ നേടുന്നതിനുവേണ്ടി താല്‍ക്കാലികമായി കൈക്കൊണ്ടതാണെങ്കില്‍ മാപ്പാക്കപ്പെടുന്നതാകുന്നു.'

ഇവിടെ വിശ്വാസികളും നിഷേധികളും സ്വാഭാവികമായ അവസ്ഥയിലായിരുന്നില്ല എന്ന് വാചകങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ബാഹ്യമായി പ്രസ്തുത നിലപാട് സ്വീകരിക്കാമെന്ന് ഇളവ് നല്‍കിയതിലൂടെ യുദ്ധത്തിന്റെ പ്രത്യേക പശ്ചാതലത്തില്‍ പാലിക്കേണ്ട നിയമാണിതെന്ന് വിശദീകരണം ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്നതാണ്. കൂടുതല്‍ വിശദീകരണം ശേഷം നല്‍കുന്നതാണ്. പക്ഷേ വിമര്‍ശകര്‍ക്ക് ഇത് മുസ്ളിംകള്‍ സദാസമയവും പാലിക്കാന്‍ ബാധ്യതപ്പെട്ട ഖുര്‍ആനിന്റെ സൂക്തമാണ് എന്ന് വിശദീകരിക്കണം എന്നാലെ ഖുര്‍ആനെതിരെ ആക്രോശിക്കാന്‍ കഴിയൂ. വിശ്വാസികള്‍ താഴെ പറയുന്ന സൂക്തങ്ങളെയാണ് വിശ്വാസികളല്ലാത്തവരോട് എങ്ങനെ പെരുമാറണം എന്നതിന് തെളിവായി സ്വീകരിക്കുന്നത്്. സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ അതിങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

ഖുര്‍ആനില്‍ ഇപ്രകാരം ഏതാനും സൂക്തങ്ങളുള്ള വിവരം പലരും അറിയുന്നില്ല. കാരണം ഇതുപറഞ്ഞാല്‍ തങ്ങളുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെ വരും. ഇതായിരുന്നില്ലേ മനുഷ്യരോട് സ്നേഹമുള്ളവര്‍ പ്രചരിപ്പിക്കേണ്ടിയിരുന്നത്. മതങ്ങളും വിശ്വാസങ്ങളും യാഥാര്‍ഥ്യമായി അംഗീകരിച്ച് അവരിലെ നന്‍മകള്‍ പുറത്തുകൊണ്ടുവരുന്നതിന് പകരം ആളുകളെ തമ്മിലടിപ്പിക്കാന്‍ സഹായിക്കുന്നവിധം വേദഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നവര്‍ക്ക് ഏത് വിശേഷണം ചേര്‍ന്നാലും മനുഷ്യസ്നേഹികള്‍ എന്ന വിശേഷണം ചേരില്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇനി സൂക്തത്തില്‍ പരാമര്‍ശിച്ച് വിഷയത്തിലേക്ക് പോകാം.

ഇതരവിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്നവരെ ശത്രുക്കളായി കാണുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അവരോട് മൈത്രിബന്ധം സ്ഥാപിക്കുന്നത് വലിയ തിന്‍മയായി ആളുകള്‍ കണ്ടിരുന്നു. ഇസ്ലാമിന്റെ പ്രചാരം ആരംഭിച്ചതുമുതല്‍ വിശ്വാസികളെ നിഷേധികള്‍ കണ്ടതും പെരുമാറിയതും ഇപ്രകാരമാണ്. ശത്രുത പുലര്‍ത്തുന്നവര്‍ പോലും ഒരിക്കല്‍ മൈത്രീബന്ധം സ്ഥാപിക്കാന്‍ ഇടയുണ്ടെന്ന പ്രതീക്ഷ നല്‍കിയതിന് ശേഷം. നിലവിലുള്ള ഒരു ധാരണ തിരുത്തുകയാണിവിടെ. അതുകൊണ്ടാണ് വിരോധമില്ല എന്ന നെഗറ്റീവ് ശൈലി ഉപയോഗിക്കുന്നത്. ഖുര്‍ആനിന്റെ ശൈലിയനുസരിച്ച് അവിശ്വാസികളോട് നന്‍മയിലും നീതിയിലും വര്‍ത്തിക്കാനുള്ള ശക്തമായ പ്രേരണയാണിത്. ഇന്ത്യയിലുള്ള മുസ്ളിംകളല്ലാത്ത ആളുകളോട് ഇവ്വിധമാണ് പെരുമാറേണ്ടത് എന്ന് ഒരോ മുസ്ളിമും കരുതുന്നു. അപവാദങ്ങള്‍ ഇവിടെ പരിഗണനീയമല്ല. ഖുര്‍ആന്‍ അവര്‍ക്കെതിരാണ്. നമ്മുക്ക് ഖുര്‍ആന്‍ സൂക്തങ്ങളെ കുറേകൂടി അടുത്ത് നിന്ന് വീക്ഷിക്കാം.

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതരില്‍ ഒരാളായ യൂസുഫുല്‍ ഖര്‍ദാവിയെ ഇങ്ങനെ എഴുതുന്നു. മുസ്ളിംകളോട് സമരം നടത്താതിരിക്കുകയും അവരെ തങ്ങളുടെ വീടുകളില്‍ നിന്ന് ബഹിഷ്കരിക്കാതിരിക്കുകയും ചെയ്യുന്ന, അഥവാ യുദ്ധത്തിലും ശത്രുതയിലുമല്ലാത്ത അമുസ്ളിംകളോട് നീതിയും ന്യായവും കാണിക്കണമെന്ന് മാത്രമല്ല ഖുര്‍ആന്‍ വാക്യമിവിടെ ആവശ്യപ്പെട്ടിട്ടുള്ളത്. മറിച്ച് അതവര്‍ക്ക് നന്‍മയും ഗുണവും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ വിശുദ്ധഖുര്‍ആന്‍ പ്രയോഗിച്ച് പദം ബിര്‍റ് എന്നാണ്. ഉദാരമായ ഗുണം ചെയ്യുന്നതിനെക്കുറിക്കുന്ന സമഗ്രമായ പദമാണിത്. നീതിയെക്കാള്‍ എത്രയോ ഉപരിയാണത്. മനുഷ്യരുടെ മേലുള്ള ഏറ്റം വലിയ ബാധ്യത വിവരിക്കാന്‍ മുസ്ലിംകളുപയോഗിക്കുന്ന പദവും ഇതുതന്നെയാണ്. മാതാപിതാക്കള്‍ക്ക് നന്‍മ (ബിര്‍റ്)ചെയ്യലാണത്. (വിധിവിലക്കുകള്‍ - അമുസ്ലിംകളുമായുള്ള ബന്ധം എന്ന അധ്യായത്തില്‍ നിന്ന്)

ഇവിടെ ഞാന്‍ യുസുഫുല്‍ ഖര്‍ദാവിയെ ഉദ്ധരിച്ചത് ബോധപൂര്‍വമാണ്. എന്റെ വാദങ്ങളെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന ഒരു പ്രചരണം ഉണ്ട്. ഈ വിഷയകമായി ഇവിടെ ഇങ്ങനെ പറയുന്നത് ഇന്ത്യയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമായത് കൊണ്ടാണെന്നും വാദിക്കാം. എന്നാല്‍ മുസ്ലിംകളുടെ ഭരണമുള്ള ഒരു നാട്ടില്‍ വെച്ചാണ് ഈ വിശദീകരണം എന്നതും ലോകം ആദരിക്കുന്ന നിലവിലെ ഇസ്ലാമിക പണ്ഡിതനാണ് എന്നതും ഇത്തരം ആരോപണങ്ങള്‍ക്കുള്ള എന്റെ മറുപടിയാണ്.

2009, ഡിസംബർ 7, തിങ്കളാഴ്‌ച

നേപ്പാളിലെ ബലിയും ഹജ്ജിലെ ബലിയും

നേപ്പാളില്‍ വര്‍ഷം തോറും ഗാധിമായി എന്ന ഹിന്ദുദൈവത്തെ പ്രീതിപ്പെടുത്താനായി രണ്ടര ലക്ഷം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ഒരു ചടങ്ങുണ്ട്. നവംമ്പര്‍ 24 ന് നടക്കുന്ന പ്രസ്തുത ആഘോഷ പരിപാടിയുടെ മുഖ്യഇനം ഈ ബലിയാണ് തെരഞ്ഞെടുക്കപ്പെടുന്ന 250 പേരാണ് അത്രയും മൃഗങ്ങളെ കുക്രി കത്തികള്‍ ഉപയോഗിച്ച് കഴുത്തുവെട്ടി ബലിയര്‍പ്പിക്കുന്നത്. കാളിദാസന്‍ എന്ന ബ്ലോഗര്‍ തന്റെ ഒരുപോസ്റ്റില്‍ ചിത്ര സഹിതം ചേര്‍ത്ത വിവരണത്തിന്റെ സംക്ഷിപ്തമാണിത്. അദ്ദേഹം സമാനമായ ഒരു കൊടും ക്രൂരത കണ്ടത് പിന്നെ ഹജ്ജിലാണ്. അദ്ദേഹം തുടര്‍ന്ന് പറയുന്നു.

'ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.

പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.'

പലമതങ്ങളിലും ഈ ക്രൂരമായ ആചാരം നിലനിന്നിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം. പരിഷ്‌കൃതയുഗമെന്ന പേരുള്ള ഇക്കാലത്ത് ഇതെല്ലാം നടക്കുന്നത് നേപാളിലെ ഹിന്ദുക്കളിലും പിന്നെ ലോകമുസ്‌ലിംകളിലും മാത്രമാണ് എന്നതാണ് ബ്ലോഗറെ ഏറെ വിഷമിപ്പിക്കുന്ന കാര്യം.

സ്വാഭാവികമായും അതോടൊപ്പമുള്ള ചിത്രങ്ങളും അവിടുത്തെ വിശ്വാസികളുടെയും പുരോഹിതന്റെയും വാക്കുകളും റിപ്പോര്‍ട്ടുകളില്‍ കണ്ടപ്പോള്‍ അവതമ്മിലുള്ള സാമ്യം അറുക്കപ്പെടുന്ന ഉരുക്കളുടെ എണ്ണത്തില്‍ മാത്രമാണ് എന്ന് തോന്നിയതിനാല്‍ അത് വ്യക്തമാക്കാതിരിക്കാനായില്ല. ആ ബ്ലോഗില്‍ തുടര്‍ന്ന് ചര്‍ചയില്‍ പങ്കെടുക്കുന്നതിനുള്ള പരിമിതി മനസ്സിലായപ്പോള്‍ കൂടുതല്‍ വ്യക്തത ഇസ്‌ലാമിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നവര്‍ക്കായി ഇവിടെ ചര്‍ച ചെയ്യാമെന്ന് കരുതി.

2009, ഡിസംബർ 1, ചൊവ്വാഴ്ച

ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?

ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് മൃഗബലിയോടുള്ള നിലപാട് സ്വാഭാവികമായും ഖുര്‍ആന്‍ അനുശാസിച്ചത് പ്രകാരം തന്നെയാണ്. ദൈവിക ദര്‍ശനങ്ങളിലെല്ലാം മൃഗബലി നിയമമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതിന്റെ ലക്ഷ്യമായി നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ദൈവം നല്‍കിയ അനുഗ്രഹങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുക എന്നതാണ്. ഖുര്‍ആന്‍ അത് ഇപ്രകാരം വിവരിക്കുന്നു.

'സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്- (ആ സമുദായങ്ങള്‍) നാം അവര്‍ക്കേകിയ കാലികളില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കേണ്ടതിന്. (ഈ ഭിന്നരീതികളുടെയെല്ലാം ഉദ്ദേശ്യം ഒന്നു തന്നെയാകുന്നു.) അതിനാല്‍ നിങ്ങളുടെ ദൈവം ഏക ദൈവമാകുന്നു. അവന്നു മാത്രം കീഴ്വണങ്ങുന്നവരാകുവിന്‍. പ്രവാചകരേ, വിനയം കൈക്കൊള്ളുന്നവരെ സുവിശേഷമറിയിച്ചുകൊള്ളുക.' (22:34)

മൃഗബലി എല്ലാ ദൈവികശരീഅത്തുകളിലും ആരാധനാസമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു.ദൈവേതര ശക്തികള്‍ക്ക് ബലിനടത്തുന്ന സമ്പ്രദായം മനുഷ്യര്‍ സ്വന്തം നിലക്ക് നിര്‍മിച്ചതാണ്. മൃഗങ്ങളെ അകാരണമായി നശിപ്പിക്കുക എന്നതോ, അവയോട് ക്രൂരത കാണിക്കുക എന്നതോ ആയിരുന്നില്ല അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. കാലാന്തരത്തില്‍ പലമതങ്ങളിലും ദൈവം നിശ്ചയിച്ച നിയമങ്ങള്‍ക്കപ്പുറം പൌരോഹിത്യം അവരുടെ വകയായി നിര്‍മിച്ച നിയമങ്ങളില്‍ പെട്ടതാണ് അവയെല്ലാം. ദൈവമല്ലാത്തവര്‍ക്കുള്ള ബലിയും അപ്രകാരം തന്നെ. മനുഷ്യരുടെ ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ മാസം പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധം ഉപയോഗപ്പെടുത്തുക എന്നതാണ് മൃഗബലിയുടെ ഭൌതികമായ പ്രയോജനം. അതോടൊപ്പം തന്റെ സൌകര്യങ്ങളും സമ്പത്തും ദൈവപ്രീതിക്കായി ദൈവനിയമങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ് എന്ന പ്രഖ്യാപനവും അതുള്‍കൊള്ളുന്നു. ബലിപെരുന്നാല്‍ ദിനത്തിലെ ബലി അതിനേക്കാള്‍ വലിയ ഒട്ടേറെ സന്ദേശം ഉള്‍കൊള്ളുന്നതാണ്. വിസ്താരഭയത്താല്‍ അതിവിടെ വിവരിക്കുന്നില്ല.

'അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള എല്ലാ വിഭവങ്ങളും അല്ലാഹുവിന്റേതുതന്നെയാണ് എന്ന് മനസാ കര്‍മണാ മനുഷ്യന്‍ സമ്മതിക്കേണ്ടതുണ്ട്. ഈമാനും ഇസ്ലാമും ആത്മാവിന്റെ ബലിയാണ്. നമസ്കാരവും നോമ്പും ശരീഅത്തിന്റെയും ശാരീരിക കഴിവുകളുടെയും ബലിയാണ്. സകാത്ത് വിവിധ രൂപത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള സമ്പത്തിന്റെ ബലിയാണ്. ജിഹാദ് സമയത്തിന്റെയും മാനസിക-ശാരീരിക കഴിവുകളുടെയും ബലിയാണ്. ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്. ഇവയെല്ലാം ഓരോരോ തരം അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനങ്ങളാകുന്നു. ഇതുപോലെ അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹത്തിനുള്ള നന്ദിപ്രകടനമെന്ന നിലക്കും അവന്റെ മഹത്വത്തിന്റെ അംഗീകാരമെന്ന നിലക്കുമാണ് മൃഗബലി നമ്മുടെ ബാധ്യതയായിത്തീരുന്നത്. അവന്‍ ധാരാളം മൃഗങ്ങളെ സൃഷ്ടിച്ച് നമുക്ക് കീഴ്പെടുത്തിത്തന്നു. നാം അവയെ സവാരി ചെയ്യുന്നു; വയല്‍ ഉഴാനും വണ്ടിവലിക്കാനും ഉപയോഗിക്കുന്നു; അവയുടെ മാംസം ഭക്ഷിക്കുന്നു; പാല്‍ കുടിക്കുന്നു; രോമവും തോലും അസ്ഥിയും രക്തവുമെല്ലാം ഉപയോഗപ്പെടുത്തുന്നു. ചുരുക്കത്തില്‍, ഓരോ വസ്തുവില്‍നിന്നും എണ്ണമറ്റ പ്രയോജനങ്ങള്‍ എടുക്കുന്നു.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍ ബലിക്ക് പിന്നില്‍ ദൈവനിഷേധികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ചിലകാര്യങ്ങള്‍കൂടിയുണ്ട് എന്ന് സൂചിപ്പിക്കുകയാണ്. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൂടി വായിക്കുക.

'(ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്‍മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.' (22:36-37)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review