2010, ജനുവരി 28, വ്യാഴാഴ്‌ച

ഇസ്‌ലാം വിമര്‍ശനവും ചാടിവീഴലും

എന്തുകൊണ്ട് ഇസ്ലാമേതര മതത്തിലെ യുക്തിവാദികള്‍ തങ്ങളുടെ മതം വിമർശിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ല?. വിമർശിക്കപ്പെടുന്നത് ഇസ്‌ലാമാകുമ്പോള്‍ എല്ലാവരും കൂടി ചാടിവീഴുന്നു?.   പലര്‍ക്കും ഇങ്ങനെയൊരു സംശയം പൊന്തിവരാറുണ്ട്.  സംശയം ന്യായമാണ്,  രണ്ട് കാരണങ്ങളാണ് അതിന് ഞാന്‍ കാണുന്നത്.

ഒന്ന്: ഹിന്ദുമതത്തിലെ ബ്ലോഗര്‍മാര്‍ തങ്ങളുടെ മതത്തെ മറ്റുയുക്തിവാദികള്‍ക്ക് എളുപ്പം പിടികൂടാതിരിക്കാന്‍ കഴിയാത്തവിധം തങ്ങളുടെതന്നെ ഒരു പ്രത്യേക വീക്ഷണമായി അവതരിപ്പിക്കുന്നു. ബാക്കിയുള്ള ഹിന്ദുമതവിശ്വാസികളാകട്ടെ തങ്ങളുടെ മതത്തെ തലനാരിഴകീറി വിശദീകരിക്കുന്നതോ പഠിക്കുന്നതോ വലിയ ഗൗരവത്തില്‍ കാണുന്നില്ല. അതിനാല്‍ ഹിന്ദുമതത്തെക്കുറിച്ച ചര്‍ചയില്‍ ആര്‍ക്കും താല്‍പര്യമില്ല. യുക്തിവാദികള്‍ അതിനെ വിമര്‍ശിക്കാന്‍ മെനക്കെടാറുമില്ല. അഥാവാ അങ്ങനെ ചെയ്താല്‍ ആരും പ്രതികരിക്കുകയുമില്ല.  ക്രിസ്തുമതത്തിലാകട്ടെ വിമര്‍ശകര്‍ ശക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ പൗരോഹിത്യമതത്തെയാണ് എതിര്‍ക്കുന്നത്. അതിനാല്‍ ആരും മറുപടിയുമായി വരില്ല. നല്ലവിശ്വാസികള്‍ ഒരു പക്ഷെ കര്‍ത്താവിന്റെ ശാപം ഇക്കൂട്ടര്‍ക്കുണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നുണ്ടാവും. മറിച്ച് ഇസ്‌ലാം വിമര്‍ശനത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യത്യസ്ഥമാണ്. ഇവിടെ പൗരോഹിത്യമതവും പ്രവാചകമതവും വളരെ വ്യക്തമാണ്. ഇസ്‌ലാമിലും ക്രിസ്തുമതത്തെപ്പൊലെ പൗരോഹിത്യമതം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ക്രിസ്തുമത വിശ്വാസികള്‍ നിസ്സഹായരായ പോലെ അവരും നിസ്സഹയരാകുമായിരുന്നു. അത്തരം ആളുകളുടെ ചില പ്രതിനിധികള്‍ പ്രത്യക്ഷപ്പെടുന്നതും പെട്ടെന്ന് പിന്‍വലിയുന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. ദുല്‍ഫുഖാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നയാളാണ് അതിന് ഏറ്റവും നല്ല ഉദാഹരണം.

രണ്ടാമത്തെ കാരണം: ഇസ്‌ലാം ഏറെ സജീവവും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ബന്ധപ്പെടുകയും ചെയ്യുന്നു. പുതിയ ലോകക്രമം ഒരു ഏകധ്രുവചിന്തയില്‍ വിശ്വസിക്കുന്നു. കമ്മ്യൂണിസത്തിന്റെ മുതലാളിത്തത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പ് അവസാനിച്ചപ്പോള്‍. സ്വയം വളരാന്‍ കെല്‍പ്പില്ലാത്ത അത് ഒരു പ്രതിയോഗിയെ സൃഷ്ടിച്ചു ,ഇസ്‌ലാം. അമേരിക്കക്കയുടെ നേതൃത്വത്തില്‍ തങ്ങളുടെ സ്വാധീനമേഖലയിലെല്ലാം, ഇസ്‌ലാം പേടി ഇറക്കുമതി ചെയ്തു. അതിന്റെ അനുരണനങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടുതുടങ്ങി. അതോടെ ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാം തീവ്രതയെന്ന ഒരു വാക്യം പടച്ചുണ്ടാക്കപ്പെട്ടു. ഇതില്‍ ചിലരെല്ലാം വീണുപോയി എന്നത് ഒരു യാഥാര്‍ഥ്യം മാത്രം. അതോടെ ഈ മതത്തിനെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തങ്ങളുടെ ദേശസ്‌നേഹവും മതേതരത്വവും തെളിയിക്കാന്‍ നല്ലതാണെന്ന് ചിലര്‍ക്ക് തോന്നാന്‍ തുടങ്ങി. ഇതിലെ കെണി തിരിച്ചറിഞ്ഞ സാധുക്കളായ ചില മുസ്ലിം ചെറുപ്പക്കാരാണ് ഇസ്‌ലാം ചര്‍ചക്ക് പിന്നില്‍. ബാബുവിനെ പോലെയുള്ളവര്‍ ഞങ്ങളെ വിശേഷിപ്പിക്കുന്നത് ബ്ലോഗിലെ 'വേദവാക്യകോപ്പിയിസ്റ്റുകള്‍' എന്നാണ്.  ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ എന്നെപോലെയുള്ളവരെ നിര്‍ബന്ധിക്കുന്ന സാഹചര്യം ഞങ്ങൾക്ക് പറയാനുള്ളതെല്ലാം വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയും പറഞ്ഞുവെന്നത് മാത്രമാണ്. അതിന്റെ അവതരണത്തിൽ മാത്രമേ ഞാന്‍ ബുദ്ധിയും യുക്തിയും ഉപയോഗിക്കേണ്ടതായി വരുന്നുള്ളൂ.  ഇത് യുക്തിയുടെയും ചിന്തയുടെയും നിഷേധമായി ചിലർ കണ്ടേക്കാം.  യഥാര്‍ഥ വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഒരു സൗകര്യമാണിത്. തങ്ങളുള്‍ക്കൊള്ളുന്ന ദര്‍ശനം ദൈവദത്തമാണെന്ന് ഉറപ്പുവരുത്താന്‍ യുക്തിയും ചിന്തയും ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് ഓരോ സൂക്തം പാരയണം ചെയ്യുമ്പോഴും അത് തന്റെ യുക്തിക്കും ചിന്തക്കും യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ല. എന്നാല്‍ എന്റെ വായനക്കാരായ ഇതര വിശ്വാസികളോട് ഞാന്‍ ആവശ്യപ്പെടുന്നത് നിങ്ങളുടെ യുക്തിയും ചിന്തയും ഇക്കാര്യത്തില്‍ സൂക്ഷമമായി ഉപയോഗപ്പെടുത്തണം എന്നാണ്.  ഇക്കാരണങ്ങളാല്‍ മറ്റെവിടെയും പോലെ ബ്ലോഗിലും സജീവമായ മതം ഇസ്‌ലാമാണ്. അതിനെതിരെയുള്ള ആരോപണങ്ങളുടെ പൊള്ളത്തരം അല്‍പം ഇസ്ലാമിക ജ്ഞാനമുള്ള ആര്‍ക്കും ബോധ്യപ്പെടും അതിനാല്‍ കാണുന്ന ആരും തങ്ങള്‍ക്കറിയാവുന്നവിധം പ്രതികരിക്കും. ഇങ്ങനെയാണ് 'ചാടിവീഴല്‍' സജീവമാകുന്നത്.

2010, ജനുവരി 20, ബുധനാഴ്‌ച

ചര്‍ചയെപ്പറ്റി ചര്‍ച


ഇപ്പോള്‍ ചര്‍ചയെപ്പറ്റിയാണ് ചര്‍ച. ബ്ലോഗര്‍മാരെല്ലാം പൊതുവെ നന്നായി അഭിപ്രായമുള്ളവരാണ് എന്നതിനാല്‍ ഏത് വിഷയം മുന്നില്‍ വന്നാലും അവരുടേതായ അഭിപ്രായമുണ്ടാവും. അത് കമന്റില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസപ്പെടുമ്പോള്‍ പോസ്റ്റായി മാറും. ഇവിടെയും അതാണ് സംഭവിച്ചത്. ഇപ്പോഴത്തെ ചര്‍ചയില്‍ പലപ്പോഴും പലരെയും പോലെ ഞാനും തൃപ്തനല്ല. വിയോജിപ്പുകളോടുള്ള വിരോധമല്ല. വിയോജിപ്പാണ് ചര്‍ചയുടെ താക്കോല്‍ തന്നെ. എന്റെ അതേ വീക്ഷണമുള്ള ഒരു മതവിശ്വാസിയോട് ഞാന്‍ എങ്ങനെ ചര്‍ചനടത്തും. ഇങ്ങനെ ഒരു പോസ്റ്റ് ഉദ്ദേശിച്ചതല്ല. പക്ഷെ ഈ ചര്‍ചകള്‍ക്ക് കാരണക്കാരില്‍ ഒരാളായ സി.കെ ബാബുവിന്റെ ചര്‍ചയാണ് താരം എന്ന പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ഒരു കമന്റില്‍ ഒതുക്കാന്‍ കഴിയുന്നതിനേക്കാള്‍ വിയോജിപ്പനുഭവപ്പെട്ടു. എനിക്കദ്ദേഹത്തോട് മതിപ്പാണ് പലകാര്യത്തിലും ഉള്ളത്. ഞാന്‍ നല്‍കിയ കമന്റുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ചര്‍ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞപ്പോള്‍ അത് വരെ ഏര്‍പ്പെടുത്തിയിരുന്ന കമന്റ് മോഡറേഷന്‍ പോലും നീക്കിത്തന്ന് സഹകരിച്ചിട്ടുണ്ട്. പക്ഷെ അടുത്ത ഒന്ന് രണ്ട് പോസ്റ്റിലും ഈ പോസ്റ്റിലുമുള്ള അഹന്തനിറഞ്ഞതെന്ന് എനിക്ക് തോന്നുന്ന പരാമര്‍ശങ്ങളോടുള്ള വിയോജിപ്പ് മറച്ചുവെക്കാനാവില്ല. പോസ്റ്റിലെ ഭാഗങ്ങള്‍ ഇറ്റാലിക്‌സില്‍ അവക്കുള്ള എന്റെ പ്രതികരണവും ഇവിടെ നല്‍കുന്നു. നല്ല ഒരു ചര്‍ചാപരിസരം രൂപപ്പെടുകയാണെങ്കില്‍ അതിന്റെ ഉപയോക്താക്കളില്‍ ഒരാള്‍ ഞാനും കൂടിയാണല്ലോ.

അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം.

സാധാരണ ബ്ലോഗുകളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. ഒരു വിഷയത്തെ കുറിച്ച് ബ്ലോഗര്‍ തന്റെ അഭിപ്രായമിടും. അതിനോട് വിയോജിപ്പുള്ളവര്‍ പ്രതികരിക്കും. യോജിക്കുന്നവര്‍ ഉഗ്രന്‍, നന്നായി, നന്നാകും എന്നൊക്കെ പറഞ്ഞ് ഒരു സ്‌മൈലിയും ഇട്ട് അനുകൂലിക്കും. അതിലുപരിയായി അഭിപ്രായവ്യത്യാസങ്ങളെല്ലാം പരിഹരിച്ച് എന്റെ ഒരു പോസ്റ്റുകൊണ്ട് എല്ലാം ഭദ്രമായി എന്ന് സായൂജ്യമടയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തിലാണ്. വിഢികളുടെ.


അതു് സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ആ രണ്ടു് വാദഗതികളിൽ ഒന്നിനെ മറുപക്ഷം യുക്തിസഹമായി ഖണ്ഡിക്കണം, അല്ലെങ്കിൽ അതിനു് കഴിയാത്ത വിഭാഗം എതിർപക്ഷത്തിന്റെ വാദഗതിയാണു് ശരിയെന്നു് അംഗീകരിക്കാൻ തയ്യാറാവണം. ഇതു് രണ്ടുമാവില്ലെങ്കിൽ ഭാവിയിൽ ആ വിഷയത്തെപ്പറ്റി മിണ്ടാതിരിക്കാനെങ്കിലും അവർക്കു് കഴിയണം. ഇതിനൊന്നിനും തയ്യാറാവാത്ത ചർച്ചകളെല്ലാം കാലിപ്പാട്ടകളുടെ കലപിലയാണു്.

ഇതുകൊണ്ടായിരിക്കുമോ ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് കരുതി. ചിലര്  സൈറ്റില്‍ വന്ന് കലപില കൂട്ടുന്നത്.

പറയുന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാനുള്ള അർഹത തനിക്കുണ്ടോ എന്നു് ചർച്ചിക്കാൻ വരുന്നതിനു് മുൻപേ ഒരുവൻ അറിഞ്ഞിരിക്കണം*. ബുദ്ധിയുടെ മാത്രമല്ല, ബുദ്ധിയെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയുമൊക്കെയുള്ള ചിന്താശേഷിയുടെ ഉറവിടവും തലച്ചോറാണു്.** സ്വന്തം ബൗദ്ധികപരിമിതികളെപ്പറ്റി മനുഷ്യനു് പൊതുവെ അറിയാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണു്. ഉള്ള തലച്ചോറുകൊണ്ടല്ലാതെ ചിന്തിക്കാനാവുമോ?***

* അനാവശ്യവും അപ്രായോഗികവുമായ നിബന്ധന. **എല്ലാവരും അംഗീകരിക്കുന്ന സത്യം.       *** അപരന്മാരെ പറ്റി പരിഹാസം കലര്ന്ന ചോദ്യം ഒരു ചര്ചയില് സംഭവിക്കാന് പാടില്ലാത്തത്.

എല്ലാം അറിയാവുന്നവനായ ഒരു ദൈവത്തിന്റെ സ്വന്തക്കാരനായി അവരോധിക്കുന്നതുവഴി ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ വിശ്വാസികളല്ലാത്ത മറ്റു് മനുഷ്യർ അറിവു് കുറഞ്ഞവർ ആണെന്ന തോന്നൽ ഉണ്ടാവുന്നു.* ബ്ലോഗിലെ 'അംഗീകൃത അവിശ്വാസികളായ' ബ്രൈറ്റ്‌, സൂരജ്‌, ജബ്ബാർ മാഷ്‌ മുതലായവരെ ബൗദ്ധികമായി അവരുടെ അഞ്ചയലക്കത്തു് എത്താൻ പോലും യോഗ്യതയില്ലാത്തവരായ ബ്ലോഗിലെ വേദവാക്യകോപ്പിയിസ്റ്റുകൾക്കു് **കാര്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാത്തവർ' ***എന്നു് ഉളുപ്പില്ലാതെ പരിഹസിക്കാനും തെറി പറയാനും കഴിയുന്നതു് അതുകൊണ്ടാണു്.
* സ്വന്തത്തെ വെച്ച് മറ്റുള്ളവരെ വിലയിരുത്തുന്നു. യുക്തിവാദികള് അറിവുകുറഞ്ഞവരാണ് എന്ന് ഒരു വിശ്വാസിയും കരുതുന്നില്ല. മതകാര്യങ്ങളെക്കുറിച്ച് അറവില്ല എന്ന ചിലപ്പോള് സൂചിപ്പിക്കേണ്ടി വരാറുണ്ട്.
** ഇതാണ് മതവിശ്വാസികളെക്കുറിച്ച് യുക്തിവാദികള്ക്കുള്ള മുന് ധാരണ.
*** കാര്യങ്ങളെ ഗ്രഹിക്കാത്തവര് എന്ന വിളി അവര് കേള്ക്കേണ്ടിവരുന്നുണ്ടെങ്കില് അതിന് കാരണമായതെന്തോ ചര്ചയില് സംഭവിച്ചിരിക്കണം. അതിന് മറ്റുള്ളവര് എന്തിന് പ്രയാസപ്പെടണം. അതിന് മറുപടി പറയാന് അവര്ക്കെന്താണ് തടസ്സം.

കാര്യങ്ങളുടെ കിടപ്പും, എവിടെയാണു് സത്യത്തിൽ പന്തികേടു് എന്നും ഞങ്ങൾ അറിയുന്നുണ്ടെന്നു് അവരുടെ ലായത്തിൽ പെടാത്തവർ എത്രവട്ടം പറഞ്ഞാലും എന്തുകൊണ്ടോ അതൊന്നും അവരുടെ തലയിൽ കയറുന്നില്ല.


എന്ത് ആരുടെ തലയിൽ കയറുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. യുക്തിവാദികൾ ചില ഖുര്ആന് സൂക്തങ്ങൾ വാലും തലയും കളഞ്ഞ് അവര്ക്ക് തോന്നിയ ഒരര്ഥം പറയും എന്നിട്ട് മുസ്ലിംകൾ വിശ്വസിക്കുന്ന ദൈവം ആറാം നൂറ്റാണ്ടിലെ ഗോത്രദൈവമാണെന്ന് പറയുന്നത് അപ്പടി ഞങ്ങളുടെ തലയിൽ കയറ്റണമെന്നോ. പൂതികൊള്ളാമല്ലോ.

ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ: സ്ഥിരമായി എല്ലാ ബ്ലോഗുകളിലും ചെന്നു് മിക്കവാറും ഒരേ വാചകം തന്നെ കമന്റായി എഴുതി തന്റെ ബ്ലോഗ്‌ അഡ്രസ്സും പതിപ്പിച്ചു് സ്ഥലം വിടുന്ന 'റ്റോംസ്‌ കോനുമഠം' എന്നൊരു ബ്ലോഗറുണ്ടു്. (എനിക്കു് ആ മാന്യദേഹത്തെ പരിചയമോ, വ്യക്തിപരമായി അങ്ങേരോടു് എന്തെങ്കിലും വിരോധമോ ഇല്ല.) താൻ ചെയ്യുന്ന കൃത്യം പരിഹാസ്യമാണെന്നു്, ചുരുങ്ങിയപക്ഷം ബാലിശമാണെന്നു്, അറിയാമായിരുന്നെങ്കിൽ അയാൾ അതു് ചെയ്യുമായിരുന്നോ? ആരെങ്കിലും അതിനെപ്പറ്റി അയാളോടു് പറഞ്ഞാലും ആ പരിപാടി നിർത്തണമോ വേണ്ടയോ എന്നു് തീരുമാനിക്കാൻ അയാൾക്കു് മാത്രമേ കഴിയൂ.

എനിക്ക് ബോധ്യമാകാത്ത സംഭവം. അതിനാല് ഞാന് നിഷേധിക്കുന്നില്ല. പക്ഷെ ഇങ്ങനെ ഇവിടെ ഇദ്ദേഹത്തെ അപമാനിക്കാതെ തന്നെ ശേഷം വരുന്ന കാര്യം പറയാമായിരുന്നു എന്ന അഭിപ്രായമുണ്ട്. 

ഇതുതന്നെയാണു് ബ്ലോഗെഴുതി ദൈവത്തെ സഹായിക്കുന്നവരുടെ മാനസികാവസ്ഥയും. സ്വന്തം പ്രവൃത്തിയെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ശേഷി അവർക്കില്ല. ബാല്യത്തിലേ വിശ്വാസഭ്രാന്തു് അടിച്ചേൽപിച്ചാൽ മനുഷ്യബുദ്ധി മുരടിപ്പിക്കപ്പെടുമെന്നതിന്റെ തെളിവു്. കേൾക്കുന്ന കാര്യങ്ങളെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാവണം ബാല്യകാലം മുതലേ വിദ്യാഭ്യാസം. ചെറുപ്പകാലങ്ങളിലുള്ള ശീലം...

അബദ്ധം നിറഞ്ഞ മുൻ ധാരണകൾ.

മതങ്ങൾ പ്രതിനിധീകരിക്കുന്ന ദൈവങ്ങൾക്കു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നതു് പലരും പല ബ്ലോഗ്‌ പോസ്റ്റുകളിലൂടെ സംശയത്തിനു് ഇടയില്ലാത്തവണ്ണം തെളിയിച്ചുകഴിഞ്ഞ കാര്യമാണു്.

എവിടെ ആര് തെളിയിച്ചു?.

എന്നിട്ടും ഓരോ പുതിയ പോസ്റ്റുകൾ വരുമ്പോഴും പഴയ പല്ലവികളുമായി 'ഒന്നു്' എന്നു് വീണ്ടും വീണ്ടും പിന്നെയും വീണ്ടും തുടങ്ങുന്നവരാണു് വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാവൽക്കാർ. ദൈവത്തിനു് മനുഷ്യന്റെ സംരക്ഷണവും പിന്തുണയും വേണമോ? പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റു് മനുഷ്യർക്കു് എന്തു് ബാദ്ധ്യത? അതിനു് ആരെയെങ്കിലും കുറ്റപ്പെടുത്താനുണ്ടെങ്കിൽ അതു് അവരെ ആ നിലയിൽ സൃഷ്ടിച്ച ദൈവത്തെയല്ലാതെ മറ്റാരെയാണു്? അർത്ഥം മനസ്സിലാക്കാൻ വേണ്ട അക്ഷരജ്ഞാനമില്ലാത്തതിനു് അന്യനെ കുറ്റപ്പെടുത്തിയിട്ടു് എന്തുകാര്യം?

തങ്ങൾക്ക് ബോധ്യമായ ഒരു ദൈവത്തിൽ വിശ്വസിച്ചു എന്ന ഒരൊറ്റകാരണത്താലാണ് ഒരു സമൂഹത്തെ ഈ വ്യക്തി ഇവിധം കൈകാര്യം ചെയ്യുന്നത്. ഇസ്ലാമിനെക്കുറിച്ച് പ്രാഥമിക ജ്ഞാനമുണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ഇങ്ങനെ പറയുമായിരുന്നോ

ഇനി അദ്ദേഹം സ്നേഹം കൊണ്ട് വിളിക്കുന്ന ചില പേരുകളും പ്രയോഗങ്ങളും.

കുട്ടിക്കുരങ്ങന്മാർ പല ID-കളുമായി കൊഞ്ഞനം കുത്താൻ തുടങ്ങും. 
താമസിയാതെ ഏതു് വിഷയത്തിലും സ്വന്തം താത്പര്യം തന്മയത്വമായി സംരക്ഷിക്കാൻ അറിയാവുന്ന കുറെ 'വല്യ കുരങ്ങന്മാർ' രംഗത്തെത്തി അവരുടെ അംശം രക്തം നക്കിക്കുടിക്കാൻ തുടങ്ങും. 
ഇതാണു് മലയാളം ബ്ലോഗ്‌ ലോകത്തിൽ 'ചർച്ച' എന്നതുകൊണ്ടു് ഒരുവൻ മനസ്സിലാക്കേണ്ടതു്. മതപ്രതിനിധികൾ പങ്കെടുക്കുന്ന ഏതു് ചർച്ചക്കും ഒരേയൊരു ലക്ഷ്യമേയുള്ളു: യാതൊരു കാരണവശാലും മനുഷ്യന്റെ തലയിലേക്കു് ബുദ്ധിയുടെ വെളിച്ചം കടക്കരുതു് -
മറ്റെന്തെങ്കിലുമൊരു നിലപാടു് മതപ്രതിനിധികളുടെ ലായങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവൻ വിഡ്ഢിയാണു്.

മതവിമർശനങ്ങളെ സാമാന്യബുദ്ധിക്കു് അംഗീകരിക്കാവുന്ന വിധത്തിൽ ഖണ്ഡിക്കാൻ കഴിവുള്ള ഒരൊറ്റ ബ്ലോഗറും ഇന്നു് മലയാളം ബ്ലോഗോസ്ഫിയറിൽ ഇല്ല എന്നതു് ഒരു സത്യമാണു്. 'ചളു ചളു' എന്നു് ആവർത്തിച്ചു് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കാനോ, ചൂണ്ടിക്കാണിക്കപ്പെട്ട പോയിന്റുകളെ ഓരോന്നോരോന്നായി എടുത്തു് കാര്യകാരണസഹിതം തെറ്റെന്നു് തെളിയിക്കാനോ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു് ഇപ്പോഴും അതിനു് അവസരമുണ്ടു്. അതല്ലാതെ, ഏതെങ്കിലും കൂലിയെഴുത്തുകാർ വെറുതെ 'ബ്ലാ ബ്ലാ' വയ്ക്കുന്നതല്ല ആശയപരമായ ചർച്ച.

ഇതൊന്നും വെറുതെ പറയുന്നതല്ല എന്നതിനു് തെളിവായി ഞാൻ ഇവിടെ എന്റെ ബ്ലോഗിൽ നിന്നുതന്നെ ചില ലിങ്കുകൾ നൽകുന്നു. ...... 'പോത്തുകച്ചവടക്കാർക്കു്' അതൊന്നും മനസ്സിലാക്കാൻ ആവില്ല എന്നു് എനിക്കു് നല്ലപോലെ അറിയാം. .... അവർക്കു് എന്തുകൊണ്ടോ അതും മനസ്സിലാവുന്നില്ല.

എന്റെ മാന്യസുഹൃത്ത് ബ്ലോഗർ അവസാനമായി പറയുന്ന തമാശകൂടി കേള്ക്കൂ. ഞാൻപറയുന്ന നിബന്ധനകളോടെ, ഞാൻ പറയുന്ന ആളുകൾ, ഞാൻ പറയുന്ന രീതിയിലേ ചർയിൽ പങ്കെടുക്കാവൂ എന്ന് ഇതുവരെ പറഞ്ഞതിന് ശേഷം പോസ്റ്റ് അവസാനിപ്പിക്കാന് ഉപയോഗിച്ച വചനം തങ്കലിപികളാൽ രേഖപ്പെടുത്തണം. അത് ഇതാണ്:

"ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ" എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.

2010, ജനുവരി 16, ശനിയാഴ്‌ച

സൂര്യഗ്രഹണവും ഇസ്‌ലാമും


ഏത് സംഭവത്തിലും ഇസ്‌ലാമിനെ ഒന്ന് കൊട്ടാനുള്ള വല്ലകാരണവും ഇ.എ.ജബ്ബാര്‍ കണ്ടെത്തും. സ്വാഭാവികമായും ഇത്തവണയും ടിയാന്‍ പതിവുതെറ്റിച്ചില്ല. സൂര്യഗ്രഹണം എന്താണെന്ന് അല്ലാഹു പറഞ്ഞുകൊടുത്തില്ല എന്നതും, മുഹമ്മദിനറിയാത്തതെന്നും അല്ലാഹുവിന്നറിയില്ല എന്നതും, ആ സമയത്ത് നമസ്‌കരിക്കാന്‍ പള്ളിയിലെത്തണമെന്നതിലൂടെ അതിലെ ശാസ്ത്രീയത കണ്ടെത്താനുള്ള സാഹചര്യം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുത്തി എന്നൊക്കെയാണ് മൊത്തത്തില്‍ പോസ്റ്റില്‍ നിന്ന് മാലോകര്‍ മനസ്സിലാക്കേണ്ടത്. പക്ഷെ പോസ്റ്റിന്റെ യഥാര്‍ത്ഥ ബെനഫിറ്റ് തുടര്‍ന്നുള്ള കമന്റുകളാണ്. തുടര്‍ന്നുള്ള ഇസ്‌ലാമിനെതിരെയുള്ള കൊഞ്ഞനം കാട്ടലാണ് ഏറ്റവും പ്രധാനം. 'ഗ്രഹണത്തിന്റെയന്ന് നരബലി കൊടുക്കുന്ന ആചാരവും തിരിച്ചുവരട്ടേയെന്ന് പ്രാര്‍ഥിക്കാം.' എന്നൊരുവന്റെ വക. 'ആദ്യം കത്തിച്ചുകളയേണ്ടത് ഹദീസും ഖുര്‍ആനുമാണ് അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന ഗ്രന്ഥങ്ങള്‍ ...കഷ്ടം'... ഈ രൂപത്തിലാണ് കമന്റുകളുടെ പോക്ക്. ഒരുമാന്യന് തൃപ്തിവരണമെങ്കില്‍ മുസ്ലിം പണ്ഡിതന്‍മാരെക്കൂടി കത്തിക്കണം. അതിനുള്ള സമയം കഴിഞ്ഞതിലുള്ള പരിഭവവും അദ്ദേഹം മറച്ചുവെക്കുന്നില്ല. ഇസ്‌ലാമിനെയും മുസ്ലിംകളെയും എന്തും പറയാം മറുപടി പറഞ്ഞാല്‍ അതിന്റെ പേരാണ്  അസഹിഷ്ണുത.

എന്തായിരുന്നു ആ സമയത്ത് അല്ലാഹു ചെയ്യേണ്ടിയിരുന്നത് അതും പറഞ്ഞുതരുന്നുണ്ട് മാഷ്.  ചന്ദ്രന്‍ വന്ന് സൂര്യനെ അല്പ നേരം മറയുന്നതാണു ഗ്രഹണമെന്നും അതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും അല്ലാഹു മുഹമ്മദിന് പറഞ്ഞുകൊടുക്കേണ്ടിയിരുന്നുവത്രേ.

സംഭവിച്ചത് ഇതാണ്: മുഗീറതുബ്‌നു ശുഅ്ബയില്‍ നിന്ന് : നബിയുടെ കാലത്ത് (നബിപുത്രന്‍) ഇബ്‌റാഹീം മറിച്ച ദിവസം സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു ഇബ്‌റാഹീമിന്റെ മരണം മൂലമാണ് സൂര്യഗ്രഹണമുണ്ടായത് തദവസരം റസൂല്‍ പറഞ്ഞു ഒരാളുടെയും മരണം കാരണത്താലോ ജീവിതം കാരണത്താലോ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. ഗ്രഹണം ബാധിച്ചതായി നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ നമസ്‌കരിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. (ബുഖാരി).

ഇതേ സംഭവം അബൂമൂസ എന്ന സഹാബി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 'റസൂല്‍ വിഹ്വലതയോടെ എഴുന്നേറ്റു എന്ന ഒരു പ്രയോഗമുണ്ട്'. ഇതേ ഹദീസ പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആ പ്രയോഗമില്ല. അക്കാരണത്താല്‍ തന്നെ പ്രസ്തുത റിപ്പോര്‍ട്ടര്‍ക്ക് അങ്ങനെ തോന്നിയതാകാം. ഇനി യഥാര്‍ഥത്തില്‍ തന്നെ അദ്ദേഹം ഭയപ്പെട്ടിരുന്നുവെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനില്ല, പൂര്‍വിക സമുദായങ്ങള്‍ക്ക് ശിക്ഷ ഭവിച്ചപ്പോള്‍ ഇതുപോലെ ആകാശം ഇരുണ്ട് കൂടിയിരുന്നു എന്ന് കാണാം. ദൈവനിഷേധികള്‍ വിചാരിച്ചു മഴവര്‍ഷിക്കാന്‍ പോകുകയാണെന്ന് പക്ഷെ അവരുടെ മേല്‍ വര്‍ഷിച്ചത് ശിക്ഷയുടെ പേമാരിയായിരുന്നു. ഇത് സംബന്ധിച്ച സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ സമാനനിഷേധം തുടര്‍ന്ന് കൊണ്ടിരിക്കെ ആകാശം ഇരുണ്ട് കൂടിയപ്പോള്‍ പ്രവാചകന്‍ ഭയപ്പെട്ടുവെങ്കില്‍ അത് സ്വന്തം ശരീരത്തെ പേടിച്ചായിരിക്കില്ല എന്നത് പ്രവാചകന്‍മാരെ അറിയുന്നവരോട് വിശദീകരിക്കേണ്ടതില്ല.

ഗ്രഹണമാണെന്ന് മനസ്സിലായപ്പോള്‍ അതുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടായ ഒരന്ധവിശ്വാസം അദ്ദേഹം നീക്കം ചെയ്തു. മരണത്തിനോ ജനനത്തിനോ ഗ്രഹണവുമായി ബന്ധമില്ലെന്ന് അദ്ദേഹം ഉണര്‍ത്തി. ആളുകളെ പള്ളിയില്‍ ഒരുമിച്ച് കൂടി നമസ്‌കരിച്ചു. അക്കാലത്ത് ദൈവം ഇടപ്പെട്ട് ഭയപ്പെടേണ്ട എന്ന് പറഞ്ഞ് നമസ്‌കാരം മുടക്കിയില്ല എന്നത് അത്രവലിയ തെറ്റൊന്നുമല്ല. ആ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാനിടവരുകയും അതവരുടെ കാഴ്ചയെ ബാധിക്കുയും ചെയ്യുമായിരുന്ന അവസ്ഥയില്‍ നിന്ന് അന്നത്തെ ജനങ്ങളെയും പിന്നീടുള്ള ജനതയേയും രക്ഷപ്പെടുത്തി എന്നാണ് അതിനെക്കുറിച്ച് പറയേണ്ടത്. അന്ന് അതിന്റെ ശാസ്ത്രീയത വിശദീകരിക്കാന്‍ നില്‍ക്കുന്നതിലേറെ മണ്ടത്തരം വേറെയുണ്ടോ. മാത്രമല്ല അത് മനുഷ്യന് വിട്ടുകൊടുക്കുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്. പ്രവാചകന്‍മാരെ അയക്കുന്നത് പ്രപഞ്ചപ്രതിഭാസങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കാനല്ല. അവയ്ക് പിന്നിലുള്ള അസ്തിത്വത്തെ പരിചയപ്പെടുത്താനാണ്. അത് ശാസത്രം കൊണ്ട് ലഭിക്കുകയില്ല. അത് കണ്ടെത്താന്‍ കഴിയാത്ത അല്‍പന്‍മാരാണ്. വിശ്വാസികളുടെ കാര്യത്തില്‍ കൂട്ടവിലാപമുയര്‍ത്തുന്നത്.

സൂര്യനും ചന്ദ്രനും ദൈവികദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തമാണ് എന്ന് പറഞ്ഞതിലൂടെ തന്നെ അതിനെ വായിക്കാനും പഠിക്കാനുമുള്ള പ്രേരണയുണ്ട്. ആയത്തുകള്‍ പഠിക്കാനുള്ളതാണ്. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്കും ആയത്തുകള്‍ എന്നാണ് പറയുക എന്നോര്‍ക്കുക. ഖുര്‍ആനിക സൂക്തങ്ങള്‍ ചിന്തിക്കാനും മനനംചെയ്യാനുമുള്ളതാണ് എന്നതാണ് അവയിലെ സാമ്യത. ഇതൊരു നിര്‍ബന്ധനമസ്‌കാരമല്ലാത്തതിനാല്‍ ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് പോലെ ചന്ദ്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പഠിക്കുന്നവര്‍ക്കൊന്നും അതിന് തടസ്സമില്ല. ഇതിന് വേണ്ടി. ആയിരത്തിമൂന്നൂറ് വര്‍ഷം ജനങ്ങളെ ചന്ദ്രഗ്രണം നോക്കാന്‍ വിടേണ്ട എന്ന് അല്ലാഹു തീരുമാനിച്ചെങ്കില്‍ അതിന് ഇവരൊക്കെ ഇങ്ങനെ വികാരം കൊള്ളേണ്ടതുണ്ടോ.

ചുരക്കത്തില്‍ ഏത് ഭൗതികപ്രതിഭാസങ്ങളും വിശ്വാസികള്‍ക്ക് ദൈവത്തില്‍ വിശ്വാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സല്‍കര്‍മങ്ങളനുഷ്ഠിക്കാനും (ഗ്രഹണമുണ്ടായാല്‍ നാല് കാര്യങ്ങള്‍ കല്‍പിച്ചു. ദൈവത്തോട് പ്രാര്‍ഥിക്കുക, ദൈവമഹത്വം വാഴ്തുക. ദാനധര്‍മങ്ങള്‍ ചെയ്യുക, നമസ്‌കരിക്കുക)അവസരം നല്‍കുന്നു. യുക്തിവാദികള്‍ക്കാകട്ടേ ദൈവനിഷേധം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും അതോടൊപ്പം കൂടുതല്‍ തിന്മചെയ്യാനും (അല്ലാഹുവിനെയും പ്രാവചകനെയും പരമാവധി പരിഹസിക്കുക, വിശ്വാസികളോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ..) ഇടയാക്കുന്നു.

ദൈവം മഹോന്നതന്‍ ‍, അവനാകുന്നു സകല സ്തുതിയും.

ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!

ഖുര്‍ആനിന്റെ ദൈവികത സംശയിച്ച മക്കയിലെ നിഷേധികള്‍ക്ക് വേണ്ടി  ഖുര്‍ആന്‍ സ്വയം ഉന്നയിച്ച തെളിവുകളിലൊന്നാണ് ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന വസ്തുത.  അവരെ മുന്‍നിര്‍ത്തി ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു. (4:82)

അഥവാ, ''അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ലേ? ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് അത് സ്വയം തെളിയിക്കുന്നുണ്ടല്ലോ.'' വ്യത്യസ്ത കാലഘട്ടങ്ങളില്‍, വിവിധ പരിതഃസ്ഥിതികളില്‍, വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഒരാള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രസംഗങ്ങള്‍ പരസ്പര ഭിന്നതകളില്ലാതെ ഇത്രമേല്‍ ഏകവര്‍ണവും സമഞ്ജസവും രഞ്ജിതവുമായിരിക്കുക അസാധ്യവും അസംഭവ്യവുമാണ്. ഇതിലെ ഒരംശം മറ്റെ അംശവുമായി കലഹിക്കുന്നില്ല. എവിടെയും അഭിപ്രായമാറ്റത്തിന്റെ കണിക പോലും കാണാനില്ല. വക്താവിന്റെ ഭിന്നങ്ങളായ വികാരവിചാരങ്ങളും പരിതഃസ്ഥിതികളും ഇതില്‍ ഭിന്നരൂപത്തില്‍ പ്രതിഫലിച്ചതിന്റെ ലാഞ്ഛനപോലുമില്ല. പുനഃപരിശോധന ആവശ്യമെന്ന് തോന്നുന്ന യാതൊന്നും ഇതില്‍ വന്നുപോയിട്ടില്ല. ഇത്രമേല്‍ സന്തുലിതമായ ഒരു പ്രഭാഷണ സമാഹാരം മനുഷ്യനിര്‍മിതമായിരിക്കുക സാധ്യമാണോ?' (തഫ്ഹീം)

മറ്റൊരിടത്ത് ഖുര്‍ആന്‍ സ്വയം ഇങ്ങനെ പരിചയപ്പെടുത്തി:

സമുല്‍കൃഷ്ടമായ വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെയും പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ ഒരു വേദം. (39:23)

അതായത്, 'അതില്‍ യാതൊരു ഭിന്നതയോ വൈരുധ്യമോ ഇല്ല എന്നര്‍ഥം. തുടക്കം മുതല്‍ ഒടുക്കംവരെ അത് ഒരേ പ്രമേയവും പ്രമാണവും ചിന്താ-കര്‍മ പദ്ധതിയുമാണ് അവതരിപ്പിക്കുന്നത്. അതിലെ ഓരോ ഘടകവും മറ്റു ഘടകങ്ങളെ ബലപ്പെടുത്തുന്നു. ഓരോ ആശയവും മറ്റാശയങ്ങളെ സത്യപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നു. അക്ഷരത്തിലും അര്‍ഥത്തിലും അഥവാ വാക്കുകളിലും ആശയങ്ങളിലും അത് തികഞ്ഞ ഏകതാനത പുലര്‍ത്തുന്നുണ്ട്.' (തഫ്ഹീം)

ഖുര്‍ആനെക്കുറിച്ച് കെട്ടിച്ചമച്ചതാണെന്നും, പകര്‍ത്തി എഴുതിയതാണെന്നും ആരോപിച്ച മക്കയിലെ നിഷേധികള്‍ പക്ഷേ ഇവയോട് പ്രതികരിച്ചില്ല. കാരണം വൈരുദ്ധ്യങ്ങളെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതുതന്നെ. എന്നാല്‍ യുക്തിവാദികള്‍ എന്നറിയപ്പെടുന്ന കേരളത്തിലെ ഇസ്‌ലാം വിമര്‍ശകര്‍ ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയുണ്ടായി. അല്ലെങ്കില്‍ പാശ്ചാത്യ വിമര്‍ശകര്‍ മെനക്കെട്ട് കണ്ടെത്തിയവ പകര്‍ത്തി പ്രചരിപ്പിച്ചു എന്നുപറയുന്നതാകും കൂടുതല്‍ ശരി. എന്തുകൊണ്ടാണ് മക്കയിലെ നിഷേധികള്‍ ഇവയെ കാണാതെ പോയതെന്ന്. വൈരുദ്ധ്യമെന്ന് പറഞ്ഞ് എടുത്തെഴുതുന്ന സൂക്തങ്ങളെ വിശകലനം ചെയ്താല്‍ മനസ്സിലാകും.

ഖുര്‍ആനിലെ വൈരുദ്ധ്യങ്ങളുള്ള സൂക്തങ്ങള്‍?


ദൈവത്തെക്കുറിച്ച ചര്‍ചക്കിടയില്‍ വി.ബി. രാജന്‍ എന്ന യുക്തിവാദി സുഹൃത്താണ് പ്രസ്തുത സൂക്തങ്ങള്‍ എന്റെ വീണ്ടും ശ്രദ്ധയില്‍ പെടുത്തിയത്. അതിങ്ങനെ:

ഇതാ ചില വൈരുദ്ധ്യങ്ങള്‍:

1 ആകാശങ്ങളിലും ഭൂമിയിലും ഉള്ള എല്ലാം ദൈവത്തിന്റെ അധീനതയിലും എല്ലാവരും അവനെ അനുസരിക്കുമെന്നും ഒരിടത്ത് പറയുന്നു. വേറൊരിടത്ത് പറയുന്നു ഇബ്ലീസ് അനുസരിച്ചില്ലന്ന്, അവനെ പ്രാകുകയും ചെയ്യുന്നു.

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്‍റെ അധീനത്തിലത്രെ. എല്ലാവരും അവന്ന്‌ കീഴടങ്ങുന്നവരാകുന്നു. (30:26)
----------
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (2:34)

2 വേദഗ്രന്ഥത്തില്‍ മാറ്റം ഉണ്ടാകില്ലന്ന് പറഞ്ഞിട്ട് ആയത്തുകള്‍ മാറ്റി പുതിയത് കൊണ്ടുവരുമെന്നും പറയുന്നു

നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന്‌ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെനാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക്‌ അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (2:85)

നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.(6:34)

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.(6:115)
----------
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌? (2:106)

ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.(16:101)

3. ലഹരിയോടുള്ള സമീപനം: ഒരുടത്ത് ലഹരി പാപമായും മറ്റൊരിടത്ത് അവ അനുവദിച്ചതായും കാണുന്നു.

( നബിയേ, ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെഅംശമാണ്‌ പ്രയോജനത്തിന്‍റെഅംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: ( അത്യാവശ്യം കഴിച്ച്‌ ) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു.(2:219)
----------
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ( നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു. ) അതില്‍ നിന്ന്‌ ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(16:67)

4. അല്ലാഹുവിന്റെ ഒരു ദിവസം മനുഷ്യന്റെ ആയിരം കൊല്ലമാണോ, അമ്പതിനായിരം കൊല്ലമാണോ എന്നും ഉറപ്പില്ല:

( നബിയേ, ) നിന്നോട്‌ അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.) (22:47)

അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയര്‍ന്ന്‌ പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌. (32:5)
----------
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു. (70:4)

ലിസ്റ്റ് വളരെ നിണ്ടു പോകുമെന്നതുകൊണ്ട് ഇത് ഒരു പോസ്റ്റായി എന്റെ ബ്ലോഗില്‍ പ്രതീക്ഷിക്കാം


മുകളില്‍ കൊടുത്ത സൂക്തങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ആരോപിക്കണമെങ്കില്‍ ഖുര്‍ആനെക്കുറിച്ച് സഹതാര്‍പമായ അജ്ഞത വേണം. അല്‍പമെങ്കിലും പ്രസക്തമായത് അവസാനം നല്‍കിയവയാണ്. സമയവും കാലവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ രണ്ട് പരാമര്‍ശങ്ങളാണ് വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമയവും ദിവസവും ആപേക്ഷികമാണ്. മനുഷ്യന്‍ സമയം നിശ്ചയിക്കുന്നത് ഭൂമിയുടെ കറക്കംമൂലമുണ്ടാകുന്ന സൂര്യന്റെ ഉദയാസ്തമയങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂമിയിലെ ഒരു ദിവസമല്ല ചന്ദ്രനിലെ ഒരു ദിവസം. അത് 29.5 ദിവസമാണ് എന്ന് നമ്മുക്കിന്നറിയാം. ഇത് ഓരോ ഗ്രഹങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ പ്രപഞ്ചത്തെ മൊത്തം പരിഗണിക്കുമ്പോള്‍ സമയത്തിന്റെ മാനദണ്ഡം തന്നെ മാറും. അത് ആയിരമോ അമ്പതിനായിരമോ ഭൂമിയിലെ ദിവസത്തിന് തുല്യമായി മാറാം. എന്തിനെ മാനദണ്ഡമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഭൂമിക്കപ്പുറം മനുഷ്യചിന്ത ചെന്നത്താത്ത കാലത്താണ് ഖുര്‍ആന്‍ സമയത്തിന്റെ വ്യത്യസ്തമാനങ്ങളെ സൂചിപ്പിക്കുന്നത് എന്നതാണ് അത്ഭുതകരമായ സംഗതി. ഇത്തരം വിഷയത്തില്‍ ആയിരം അമ്പതിനായിരം എന്നോക്കെ ആദിക്യത്തെ സൂചിപ്പിക്കാനുള്ള പ്രയോഗമായി എല്ലാ ഭാഷയിലുമുള്ളതാണ്. മാത്രമല്ല, ചിലപ്പോള്‍ സമയം എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ ആശ്രയിച്ചും ദിവസത്തെയും സമയത്തെയും ചുരുക്കിയും കൂട്ടിയും പറയുന്ന ശൈലിയും പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഖുര്‍ആനിലും നബിവചനങ്ങളിലും അത്തരം ധാരാളം സന്ദര്‍ഭങ്ങള്‍ കാണാം. അന്ത്യദിനത്തില്‍ ഭൂമി അതിന്റെ സ്വാഭാവികാവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറ്റപ്പെടുന്നു. അന്നത്തെ ഒരു ദിനം മനുഷ്യനെ സംബന്ധിച്ചിടത്തോളം ആയിരം വര്‍ഷമായി അനുഭവപ്പെടുന്നു. അതുതന്നെ വിശ്വാസിക്ക് അരദിവസം പോലെയും നിഷേധിക്ക് അമ്പതിനായിരം വര്‍ഷം പോലെയും അനുഭവപ്പെടും.

ഖുര്‍ആന്‍ പ്രയോഗിച്ച സന്ദര്‍ഭം വെച്ച് പണ്ഡിതന്‍മാര്‍ എത്തിച്ചേര്‍ന്ന ഈ വ്യത്യാസത്തിലെ മറ്റൊരു സാധ്യത.  അമ്പതിനായിരം എന്നത് അന്ത്യദിനത്തിന് ശേഷമുള്ള അവസ്ഥയാണ്. എന്നാല്‍ ഇന്നത്തെ പ്രപഞ്ചഘടനയനുസരിച്ച് ദൈവത്തിന്റെ ഒരു ദിവസം നാം എണ്ണിക്കൊണ്ടിരിക്കുന്ന ആയിരം വര്‍ഷത്തിന് സമാനമാണ്. പ്രപഞ്ചഘടനയില്‍ ഭൂമിയിലെ ജീവിതം വളരെ ദൈര്‍ഘ്യമേറിയതായി നമ്മിലോരോരുത്തര്‍ക്കും അനുഭവപ്പെടുമെങ്കിലും നമ്മുടെ ആയിരം വര്‍ഷങ്ങള്‍ ദൈവത്തിന് ഒരു ദിവസത്തെ ദൈര്‍ഘ്യമെയുള്ളൂ. മനുഷ്യന് ലഭിക്കുന്ന ആയുസാകട്ടെ ആ ദിവസത്തിന്റെ പത്തിലൊന്നോ ഇരുപതിലൊന്നോ മാത്രം. ഈ ചുരുങ്ങിയ സമയത്തിന് വേണ്ടി മനുഷ്യന്‍ ശാശ്വതമായ ജീവതം നഷ്ടപ്പെടുത്തുന്നതിലെ വിഢിത്തം ചൂണ്ടിക്കാണിക്കുക കൂടിയാണ് കാലഗണനസൂചിപ്പിച്ചതിന്റെ യുക്തിയെന്ന് ഖുര്‍ആനിക സൂക്തങ്ങളിലൂടെ തന്നെ നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്.


ഖുര്‍ആനില്‍ ഇതുപോലെ എടുത്ത് ചേര്‍ക്കാവുന്ന സൂക്തങ്ങള്‍ ധാരാളമുണ്ട്. അവ തന്റെ ബ്ലോഗില്‍ പോസ്റ്റായി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട് പ്രസ്തുത ബ്ലോഗര്‍. ചര്‍ചയില്‍ പങ്കെടുത്ത് അവ ഇവിടെയും ചേര്‍ക്കാവുന്നതാണ്. പോസ്റ്റിന്റെ വലിപ്പം കുറക്കുന്നതിനായി പ്രത്യക്ഷത്തില്‍ തന്നെ വൈരുദ്ധ്യത്തിന്റെ ലാഞ്ചനപോലുമില്ലാത്ത മുകളിലെ സൂക്തങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല. ആവശ്യമെങ്കില്‍ കമന്റ് സ്‌പേസില്‍ നല്‍കുന്നതാണ്. വൈരുദ്ധ്യമില്ല എന്നത് ഖുര്‍ആനിന്റെ അവകാശവാദമാണ് നമ്മുക്ക് പരിശോധിക്കാനുള്ള അര്‍ഹതയുണ്ട്. പക്ഷെ ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ എടുത്ത് ചേര്‍ക്കുന്നത് മനുഷ്യബുദ്ധിയെ പരിഹസിക്കലാണ്.

2010, ജനുവരി 11, തിങ്കളാഴ്‌ച

യുദ്ധം ചെയ്യുന്ന ദൈവമോ? (2)

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വിശദമായി ചര്‍ചചെയ്യപ്പെട്ടു. 110 ലധികം പ്രതികരണങ്ങളും മറുപടിയുമൊക്കെയായി അത് കെട്ടടങ്ങിയെങ്കിലും ഇസ്‌ലാമിലെ ദൈവവീക്ഷണം ഇനിയും മനസ്സിലാക്കേണ്ടതായിട്ടാണിരിക്കുന്നത്. ഒന്നാമത്തെ ലേഖനത്തെത്തുടര്‍ന്ന് നടന്ന ചര്‍ചകളും അതുസംബന്ധമായി ഇട്ട ഒന്ന്, രണ്ട്, മൂന്ന് പോസ്റ്റുകളും നിലവിലെ തെറ്റിദ്ധാരണകള്‍ ഒരു പരിധിവരെ നീക്കുന്നതിന് സഹായകമായിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. ദൈവത്തില്‍ ആരോപിക്കപ്പെടുന്ന മനുഷ്യസ്വഭാവം മനുഷ്യന്‍ ദൈവത്തെ നിര്‍മിച്ചപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് എന്ന യുക്തിവാദി ഭാഷ്യത്തിന് മറുപടി പറയാനാണ് ഞാന്‍ ഒന്നാമത്തെ പോസ്റ്റില്‍ ശ്രമിച്ചത്. ദൈവിക ഗുണങ്ങള്‍ ഒന്നോന്നായി വിശദീകരിക്കുകയും അത് മനസ്സിലാക്കികൊടുക്കയും ചെയ്യുക എന്ന ശ്രമത്തിന് ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല.

എന്തിന് ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കണം?, ഇനി ഒരാള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവര്‍ക്കെന്ത്?. തങ്ങളുടെ ദൈവത്തില്‍ തന്നെ വിശ്വസിക്കണം എന്ന് മറ്റുള്ളവര്‍ വാശിപിടിക്കുന്നതിനെന്ത്?. എല്ലാം അംഗീകരിക്കുന്ന വിശാലമനസ്സുള്ള ദൈവമോ. അതല്ല എന്നെ ആരാധിച്ചില്ലെങ്കില്‍ ഞാന്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ കരിച്ച് കളയും എന്ന് ഭീഷണിപ്പെടുത്തുന്ന ദൈവമോ കൂടുതല്‍ സ്വീകാര്യന്‍ ?. ഖുര്‍ആനിലെ ദൈവം എന്തിനിത്ര സങ്കുചിതനാകുന്നു?. നോക്കൂ നിങ്ങളൊരു ഖുര്‍ആനിന്റെ അനുയായി അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ചോദിക്കാന്‍ തോന്നുന്നില്ലേ?.

ഇങ്ങനെയൊക്കെ ഒരാള്‍ ചോദിച്ചാല്‍ അദ്ദേഹത്തിന് മറുപടി പറയാന്‍ ബാധ്യത ഇസ്‌ലാം വിശ്വാസികള്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ആ ചോദ്യത്തിലെ ആശങ്കകള്‍  ദൂരീകരിക്കേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെടാതിരിക്കുമ്പോള്‍ മാനുഷിക ബന്ധങ്ങളെ നിഷേധാത്മകമായി സ്വാധീനിക്കുന്ന ചില നിഗമനങ്ങള്‍ ഉരുത്തിരിയുമെന്നും ഞാന്‍ കരുതുന്നു.

അതല്ല നിങ്ങള്‍ ഇങ്ങനെ കരുതുന്നുവോ?..

'ദൈവത്തിന്റെ അടിമത്തം അലങ്കാരമായി കരുതുന്ന ഇവരൊക്കെ ഇങ്ങനെയുള്ള ചില ബ്ലോഗുമായി വന്നില്ലെങ്കിലാണ് അത്ഭുതം, ഞങ്ങളാകട്ടെ സകലവിധ അടിമത്തത്തില്‍ നിന്നും മുക്തരായി മനസ്സമാധാനത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്നു'. എങ്കില്‍ ഞാന്‍ പറയും നിങ്ങളും തികഞ്ഞ തെറ്റിദ്ധാരണയിലാണെന്ന്. നിങ്ങളുടെ ഈ അഭിപ്രായ പ്രകടനം തന്നെ നിങ്ങള്‍ യഥാര്‍ഥ ദൈവവിശ്വാസം നല്‍കുന്ന പ്രയോജനത്തെക്കുറിച്ച് അറിയാത്ത ആളാണെന്ന് തെളിയിക്കുന്നു.

എന്തിന് ദൈവത്തില്‍ വിശ്വസിക്കണം?

നാം എന്തിന് ദൈവത്തില്‍ വിശ്വസിക്കണം എന്നചോദ്യത്തിന് എന്റെ മറുപടി വ്യക്തമാക്കാം. ഈ ഭൂമിയിലുള്ള സകലമനുഷ്യരും ദൈവത്തെ നിഷേധിച്ചാലും ദൈവത്തിനൊന്നും സംഭവിക്കാന്‍
 പോകുന്നില്ല. കാരണം:

1. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അല്ലാഹുവാണ്.
'പറയുക സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും സര്‍വനിയന്താവുമാകുന്നു.' (13:16)

2. ഈ പ്രപഞ്ചമാസകലം അവന്റെ ഉടമസ്ഥാവകാശത്തിലുള്ളതാണ്.
ആകാശഭൂമികളിലും അവയ്കിടയിലും ഭൂഗര്‍ഭത്തിലുമുള്ള സകലതും അവനുള്ളതാകുന്നു. 20:6

3. പ്രപഞ്ചത്തിന്റെ പരമാധികാരം അല്ലാഹുവിനാകുന്നു.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണെന്ന് നിനക്കറിയില്ലേ 2 : 108

ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയമില്ല. (25:2)

സകല വസ്തുക്കളുടെയും മേലുള്ള സമ്പൂര്‍ണ്ണാധികാരം അവന്റെ ഹസ്്തത്തിലാകുന്നു. നിങ്ങളെല്ലാം മടക്കപ്പെടുന്നതും അവങ്കലേക്കുതന്നെ  (36:83)

ഇതില്‍ നിന്നും ഒരു കാര്യം എന്റെ സുഹൃത്തുക്കള്‍ മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് കരുതുന്നു. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ സൃഷ്ടിച്ചുണ്ടാക്കിയ ദൈവത്തെയല്ല. ഏത് മതവിശ്വാസികളും തങ്ങളുടെ ഉള്ളിന്റെയുള്ളില്‍ അറിഞ്ഞോ അറിയാതെയോ സൂക്ഷിക്കുന്ന സ്രഷ്ടാവായ ദൈവത്തെയാണ്.

ഇനി നമ്മുക്ക് ഈ ദൈവത്തെ ആവശ്യമുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഉണ്ട് എന്നാണ് ഖുര്‍ആന്‍ നമ്മുക്ക് നല്‍കുന്ന ഉത്തരം. ഈ ദൈവത്തില്‍ വിശ്വസിക്കാതെ ജീവിച്ച് മരിക്കാന്‍ സാധ്യമല്ലേ എന്നാണ് ചോദ്യമെങ്കില്‍. സാധ്യമാണ് എന്നാണ് ഉത്തരം. പിന്നെ എന്തിന് വിശ്വസിക്കണം. ഭയമില്ലാതെ ഇവിടെ ജീവിക്കാനും പരലോകത്തില്‍ ദുഖിക്കാതിരിക്കാനും എന്നാണ് ഖുര്‍ആന്റെ താഴെ നല്‍കിയ ഭാഗത്ത് നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

(ചില പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിന് വേണ്ടി ആദിമനുഷ്യരായ ആദമിനെയും പത്‌നിയെയും സ്വര്‍ഗത്തില്‍ വസിപ്പിക്കുന്നു. അവിടുന്ന് അവര്‍ക്ക് നല്‍കേണ്ട പാഠം നല്‍കിയതിന് ശേഷം അവരെ ഭൂമിയിലേക്ക് നിയോഗിച്ചപ്പോള്‍ ദൈവം അവരോട് പറയുന്ന സന്ദര്‍ഭം.)

നാം പറഞ്ഞു: 'നിങ്ങളെല്ലാം ഇവിടന്ന് ഇറങ്ങിപ്പോകുവിന്‍. പിന്നീട് നിങ്ങള്‍ക്ക് എന്നില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല. എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവര്‍ നരകാവകാശികളാകുന്നു. അതിലവര്‍ ശാശ്വതമായി വസിക്കുന്നവരാകുന്നു.' (2:38-39)

ഈ ദൈവത്തെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത് അറിവില്ലായ്മയോ അതല്ല നമ്മുക്ക് നല്‍കപ്പെട്ട യുക്തിയോ?.  
2010, ജനുവരി 6, ബുധനാഴ്‌ച

സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??

'ദൈവം തന്റെ വഴിക്കുവരാത്ത ജനങ്ങളെ ശപിക്കുന്നത് നോക്കൂ:

“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]

ഒരു സര്‍‌വ്വശക്തന്‍ ഇങ്ങനെ തന്റെ സൃഷ്ടികളെ ശപിക്കുമോ.'

ഒരു യുക്തിവാദി സുഹൃത്ത് (V.B. Rajan) ചര്‍ചക്കിടെ ഉന്നയിച്ച സംശയമാണിത്. അദ്ദേഹത്തിന് ഇത് ലഭിച്ചത് പ്രമുഖ യുക്തിവാദിയായ ഇ.എ.ജബ്ബാറിന്റെ പോസ്റ്റില്‍ നിന്നാണ് എന്ന് പരിഭാഷയുടെ വാചകഘടന സൂചിപ്പിക്കുന്നു. സൃഷ്ടികളെ തെറിവിളിക്കുന്ന സ്രഷ്ടാവ് എന്ന തലക്കെട്ടിന് കീഴില്‍ ബ്ലോഗര്‍ നല്‍കിയ ആദ്യത്തെ തെളിവും ഈ അധ്യായം തന്നെ. വാചകഘടനയോട് അല്‍പം കൂടി മാന്യത കാണിക്കണം തോന്നിയതിനാല്‍ രാജന്‍അത് ദൈവത്തിന്റെ ശാപമായി കാണുകയും തന്റെ സംശയം ചോദ്യരൂപത്തില്‍ ഉന്നയിക്കുകയും ചെയ്തു. ഇത് അറിയാനുള്ള ചോദ്യമായി വാചക ഘടനയില്‍ തോന്നുകയില്ലെങ്കിലും. ഇതേ കുറിച്ച് തെറ്റായ ധാരണ നിലനില്‍ക്കുന്നതിനാല്‍ ചോദ്യത്തെ ആത്മാര്‍ഥമായി കണ്ട് എനിക്ക് പറയാനുള്ളത് പണ്ഡിതന്‍മാരുടെയും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ അല്‍പം വിശദമായി തന്നെ പറയുകയാണ്.

പലപ്പോഴും യുക്തിവാദികള്‍ വാചകഘടനയിലും പദാര്‍ത്ഥങ്ങളിലും പിടിച്ച് അതിന് നല്‍കാവുന്ന ഏറ്റവും മോശമായ പദം പ്രയോഗിച്ചാണ് ഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കുന്നത്. യുക്തിവാദികള്‍ ഇത്തരം അവസരത്തിന് കാത്തിരിക്കുന്നു എന്നതുകൊണ്ടുതന്നെ യഥാര്‍ഥ പരിഭാഷയും വാചകഘടനയും വ്യക്തമാക്കേണ്ടി വരും. അവന്റെ പിതാവിന്റെ തലയില്‍ കത്തിതട്ടിയ ഒരു മുറിവുണ്ട് എന്ന് പറയുന്നതിന് പകരം ഓന്റെ തന്തന്റെ തലയില്‍ ഒരു വെട്ട് കിട്ടിയിട്ടുണ്ട് എന്ന് പറയുന്നതും വ്യത്യാസമുണ്ടല്ലോ. അബദ്ധത്തില്‍ കത്തിതട്ടിയ മുറിവാണങ്കില്‍ അതേ പ്രയോഗം തന്നെ തെറ്റിദ്ധരിപ്പിക്കലായി മാറുന്നു. ഇതാണ് ഇക്കാര്യത്തില്‍ യുക്തിവാദികളുടെ ശൈലി. മുകളില്‍ നല്‍കിയ അധ്യായത്തിന്റെ യഥാര്ഥ പരിഭാഷ ഇങ്ങനെയാണ്.

അബൂലഹബിന്റെ കൈകള്‍ രണ്ടും ഒടിഞ്ഞുപോയി. അവന്‍ നശിച്ചു. അവന്റെ സമ്പത്തും നേട്ടങ്ങളും യാതൊരുപകാരവും ചെയ്തില്ല. തീര്‍ച്ചയായും ജ്വാലകളുയരുന്ന നരകത്തില്‍ അവന്‍ എരിയുന്നതാകുന്നു. (ഒപ്പം) അവന്റെ ഏഷണിക്കാരിയായ പെണ്ണും. അവളുടെ കഴുത്തില്‍ പനനാരുകൊണ്ടൊരു വടമുണ്ടാകും.(11.1-5)

രാജന്‍ പരാമര്‍ശിച്ച വിധം ഈ അധ്യായത്തിലൂടെ ദൈവം തന്റെ വഴിക്ക് വരാത്ത ഒരു മാന്യന്യ ശപിക്കുകയായിരുന്നോ?. അദ്ദേഹം നല്‍കിയ പരിഭാഷയിലെ വാചകങ്ങള്‍ ഖുര്‍ആനിന്റെ യഥാര്‍ഥ മൂലവുമായി എത്രമാത്രം യോജിച്ചുവരുന്നു എന്നതാണ് ആദ്യമായി പരിശോധിക്കാനുള്ളത്. ദൈവത്തന്റെ തൃപ്തിയും അതൃപ്തിയും വ്യക്തമാക്കുന്നതിന്‍ മനുഷ്യരുപയോഗിക്കുന്ന അത്തരം പ്രയോഗങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്നവിധം അല്ലാഹു ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. അല്ലാഹുവിന്റെ ശാപം, കോപം, തൃപ്തി എന്നീ പ്രയോഗങ്ങള്‍ ഖുര്‍ആനിലൂടനീളമുണ്ട്. അതിന് മനുഷ്യന്റെ സദാചാര ധാര്‍മിക ചിന്തവളര്‍ത്തുന്നതിലും ദൈവകല്‍പനകള്‍ക്കെതിരെ നീങ്ങുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നതിലും വലിയ പങ്കുണ്ട്. ദൈവമാകുമ്പോള്‍ അങ്ങനെയൊന്നും ഉണ്ടാവാന്‍ പാടില്ലെന്ന ചിന്ത അപക്വവും തെറ്റായ ദൈവത്തെക്കുറിച്ചുള്ള ഭാവനാ വിലാസവുമാണ്.

ഇനി ഖുര്‍ആന്‍ പ്രയോഗിച്ച 'ശാപവാക്കുകളുടെ' അര്‍ഥം പരിശോധിക്കാം.

'തബ്ബത്ത് യദാ അബീലഹബ് എന്ന വാക്യത്തിന് 'അബൂലഹബിന്റെ കൈകള്‍ മുറിഞ്ഞുപോവട്ടെ' എന്നാണ് വ്യാഖ്യാതാക്കള്‍ അര്‍ഥം നല്‍കിയിട്ടുള്ളത്. തബ്ബത്ത് എന്ന പദത്തിന് അവന്‍ നശിച്ചുപോകട്ടെ അല്ലെങ്കില്‍ അവന്‍ നശിച്ചുപോയി എന്നാണവര്‍ അര്‍ഥം കല്‍പിക്കുന്നത്. പക്ഷേ, വാസ്തവത്തില്‍ ഇത് അയാള്‍ക്ക് നല്‍കിയ ഒരു ശാപമല്ല, പ്രത്യുത ഭാവിയില്‍ അയാള്‍ അനുഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഭൂതകാലവചനത്തില്‍ നടത്തിയ പ്രവചനമാണ്. സംഭവിച്ചുകഴിഞ്ഞതുപോലെ ഉറപ്പാണത് എന്ന് സൂചിപ്പിക്കാനാണ് ഭൂതകാലവചനം ഉപയോഗിച്ചത്. പില്‍ക്കാലത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചതും ഏതാനും വര്‍ഷം മുമ്പ് ഈ സൂറയിലൂടെ പ്രവചിക്കപ്പെട്ടതുതന്നെയായിരുന്നു. കൈ ഒടിയുക എന്നതിന്റെ താല്‍പര്യം, ശാരീരികമായ കൈ മുറിഞ്ഞുപോകല്‍ അല്ലെന്ന് വ്യക്തമാണ്. ഒരാള്‍ എന്തു നേടുന്നതിലാണോ തന്റെ ശക്തിയത്രയും ഊന്നിയിരുന്നത്, ആ ലക്ഷ്യം നേടുന്നതില്‍ തീര്‍ത്തും പരാജയപ്പെടുക എന്നാണതിന്റെ താല്‍പര്യം.'

'തബ്ബത്ത്' എന്ന പദം ശാപം എന്നതിനേക്കാള്‍ പ്രവചനം എന്ന നിലക്കാണ് എന്ന് വിശദീകരിക്കുന്കയാണ് മൗദൂദി. സംഭവത്തിന്റെ പരിണാമവും അറബി വാചകഘടനയും അതിനെ ശരിവെക്കുന്നു. നശിക്കട്ടേ എന്നതിന് തബ്ബന് (ലക) നീനശിക്കട്ടേ എന്നാണ് അക്കലത്തെ ശൈലി. മാത്രമല്ല അബൂലഹബിന്റെ ഒരു സ്ഥിരം പ്രയോഗവുമായിരുന്നു അത്. മേല്സൂചിപ്പിച്ച അബദ്ധവ്യാഖ്യാനങ്ങള്‍ക്കും തെറ്റിദ്ധാരണ പരത്തുന്നതിനും അത് സഹായിക്കുമെന്നതിനാല്‍ പദത്തിന്റെ ശരിയായ അര്‍ഥം ചൂണ്ടിക്കാട്ടുകയാണ് അതിലൂടെ.

പ്രസ്തുത സൂക്തത്തിലുള്ള മറ്റൊരു തെറിയായി യുക്തിവാദികള്‍ എടുത്തുകാണിക്കുന്നത് ഹമ്മാലത്തല്‍ ഹത്വബ് എന്ന പ്രയോഗമാണ്. അതിന്റെ ശരിയായ വ്യാഖ്യാനം ഇങ്ങനെ:

'ഏഷണി പരത്തി കുഴപ്പത്തിന്റെ തീ കത്തിക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ച് ഹമ്മാലത്തല്‍ ഹത്വബ് (വിറകു ചുമക്കുന്നവര്‍) എന്ന് ഒരറബിപ്രയോഗമുണ്ട്. സഈദുബ്‌നു ജുബൈര്‍ പറയുന്നു: പാപങ്ങളുടെ ഭാണ്ഡം പേറിനടക്കുന്നവനെക്കുറിച്ച് അറബിഭാഷയില്‍, ഒരു പ്രയോഗമെന്ന നിലയില്‍ ഫുലാനുന് യഖ്തതിബു അലാ ളഹ് രിഹി (അയാള്‍ മുതുകില്‍ വിറകുംപേറി നടക്കുന്നു) എന്നു പറയാറുണ്ട്. അതിനാല്‍ ഹമ്മാലത്തല്‍ ഹത്വബ് എന്നതിനര്‍ഥം പാപഭാരം പേറുന്നവള്‍ എന്നാകുന്നു.' അവളുടെ പാരത്രികഗതിയാണിതെന്ന് മറ്റൊരാശയവും ചില വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുണ്ട്.'

പക്ഷേ ഇങ്ങനയാണ് കാര്യമെങ്കിലും ഇത് പറഞ്ഞാല്‍ വാദത്തിന് ഒരു ഗമ പോരാ. അതിനെ ചിലര് ചോദ്യം ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ യുക്തിവാദി ഇങ്ങനെ തട്ടിവിട്ടു:

പ്രിയ സുഹൃത്തുക്കളേ ,ഖുര്‍ ആനിലെ പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തോട് യോജിക്കുന്ന മലയാള പദങ്ങളാണു ഞാന്‍ പ്രയോഗിച്ചത്. അതിനെക്കാള്‍ നിക്ര്ഷ്ടമായ പദങ്ങളാണവ. ഹമ്മാലതല്‍ ഹതബ് എന്ന വാക്ക് ആ കാലത്ത് സ്ത്രീകളെ ചീത്ത വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വൃത്തികെട്ട വാക്കായിരുന്നു.

ഇതെവിടുന്ന് കിട്ടി എന്നദ്ദേഹം പറയുന്നില്ല. അറബിശൈലിയനുസരിച്ച് അതിനുള്ള അര്ഥം നാം മുകളില്‍ നല്‍കയുണ്ടായി. അതില്‍നിന്ന് ഇപ്രകാരം മനസ്സിലാക്കാന് സാധിക്കുന്നില്ല.

എന്നാലും ഇസ്്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ ഒരാളെ ഇങ്ങനെ ആക്ഷേപിക്കാമോ എന്ന് സംശയം ന്യായമാണ്. നിഷേധികളായ ധാരാളം പേരുണ്ടായിരിക്കെ അബൂലഹബിനെ മാത്രം എടുത്ത് പറയാന്‍ കാരണമുണ്ടോ. നമ്മുക്ക് പ്രസ്തുത വ്യക്തിയെ ഒന്ന് പരിചയപ്പെടാം. മൌദൂദിതന്നെ പറയട്ടേ.

[വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്നാല്‍, മക്കയിലും ഹിജ്‌റയ്ക്കുശേഷം മദീനയിലും, പ്രവാചകനോടുള്ള വിരോധത്തില്‍ അബൂലഹബിന്റെ ഒട്ടും പിന്നിലല്ലാത്ത വളരെയാളുകളുണ്ടായിരുന്നു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രാചീനകാലത്ത് അറബ്‌ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരണ്ടിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുംബസ്‌നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു. പ്രവാചകന്‍ നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന്‍ ഇസ്‌ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങളും അവരുടെ കാരണവന്മാരും അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്‌വംശവും (ഹാശിമിന്റെ സഹോദരന്‍ മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. നബിക്ക് അദ്ദേഹത്തിന്റെ രക്തബന്ധുക്കള്‍ നല്‍കിയ ഈ സംരക്ഷണത്തെ അറേബ്യന്‍ സാംസ്‌കാരിക പാരമ്പര്യത്തിന്ന് തികച്ചും ഇണങ്ങുന്നതായി മറ്റു ഖുറൈശികുടുംബങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. അവര്‍ അവരുടെ ഉറ്റവരെ പിന്തുണയ്ക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായിരുന്നു.

ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു. ഇസ്‌ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബ്ദുല്‍മുത്ത്വലിബിന്റെ മകനായ അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുെണ്ടന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, ഇസ്‌ലാമിനോടുള്ള വിരോധവും കുഫ്‌റിനോടുള്ള പ്രേമവും മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവല്‍ഗണിച്ചു കളഞ്ഞു.

നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:യാ സ്വബാഹാഹ് (ഹാ, ആപത്തിന്റെ പ്രഭാതം). അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?' അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: ''ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?'' ജനം പറഞ്ഞു: ''താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.'' തിരുമേനി പറഞ്ഞു: ''എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്.'' ഇതു കേട്ട് ആരെങ്കിലും വല്ലതും പറയുന്നതിനു മുമ്പായി തിരുമേനിയുടെ പിതൃവ്യന്‍ അബൂലഹബ് പറഞ്ഞു: തബ്ബന് ലക അലിഹാദാജമഅ്തനാ (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.

ഇബ്‌നു ജരീര്‍ ഇബ്‌നു സൈദില്‍നിന്ന് ഉദ്ധരിക്കുന്നു: ഒരു ദിവസം അബൂലഹബ് റസൂല്‍തിരുമേനിയോടു ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക?' തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതുതന്നെ.' അബൂലഹബ് : എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?' തിരുമേനി: അങ്ങ് എന്താണാഗ്രഹിക്കുന്നത്?' അബൂലഹബ് പറഞ്ഞു: തബ്ബന് ലിഹാദദ്ദീന് തബ്ബന് അന്അകൂന വഹാഉലാഇ സവാഅ (ങ്ഹും, ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോട്ടെ!)

മക്കയില്‍ അബൂലഹബും തിരുമേനിയും വളരെ അടുത്ത അയല്‍ക്കാരായിരുന്നു. രണ്ടു വീടുകള്‍ക്കുമിടയില്‍ ഒരു ചുമരേ ഉണ്ടായിരുന്നുള്ളൂ. അബൂലഹബിനു പുറമെ ഹകമുബ്‌നുല്‍ ആസ്വ് (മര്‍വാന്റെ പിതാവ്), ഉഖ്ബതുബ്‌നു അബീമുഐത്ത്, അദിയ്യുബ്‌നു ഹംറാഅ്, ഇബ്‌നുല്‍ അസ്വ്ദാഇല്‍ ഹുദലി എന്നിവരും തിരുമേനിയുടെ അയല്‍ക്കാരായിരുന്നു. ഈയാളുകള്‍ തിരുമേനിക്ക് വീട്ടില്‍ ഒരു സൈ്വരവും കൊടുത്തിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം നമസ്‌കരിക്കുമ്പോള്‍ അവര്‍ മതിലിനു മുകളിലൂടെ ഒട്ടകക്കുടലുകള്‍ അദ്ദേഹത്തിനു നേരെ എറിയുമായിരുന്നു. ചിലപ്പോള്‍ മുറ്റത്തു ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രങ്ങളിലേക്ക് വൃത്തികേടുകള്‍ എറിയും. ഒരിക്കല്‍ തിരുമേനി പുറത്തുവന്ന് അവരോട് ചോദിച്ചു: ''ഓ അബ്ദുമനാഫ് തറവാട്ടുകാരേ, ഇതെന്ത് അയല്‍പക്കമര്യാദയാണ്?'' അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ (അബൂസുഫ്‌യാന്റെ സഹോദരി) ആവട്ടെ, രാത്രികാലങ്ങളില്‍ തിരുമേനിയുടെ വാതില്‍ക്കല്‍ മുള്ളുനിറഞ്ഞ ചപ്പുചവറുകള്‍ കൊണ്ടുവന്നിടുക പതിവ് തന്നെയായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. നേരം വെളുത്ത് പുറത്തുവരുമ്പോള്‍തന്നെ റസൂലിന്റെയോ അവിടത്തെ മക്കളുടെയോ കാലില്‍ മുള്ളു തറയ്ക്കട്ടെ എന്നായിരുന്നു അവരുടെ വിചാരം.

അബൂലഹബിന്റെ ദുഷ്ടമനസ്സ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം: തിരുമേനിയുടെ സീമന്തപുത്രന്‍ ഖാസിമിന്റെ മരണാനന്തരം രണ്ടാമത്തെ പുത്രന്‍ അബ്ദുല്ലാ കൂടി മരിച്ചപ്പോള്‍ ഇയാള്‍ സഹോദരപുത്രന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതിനു പകരം, ഖുറൈശിപ്രമാണിമാരുടെ അടുത്തേക്ക് ആഹ്ലാദപൂര്‍വം ഓടിച്ചെന്നിട്ട് അവരെ അറിയിച്ചു: ''കേട്ടോളൂ, ഇന്നത്തോടെ മുഹമ്മദ് വേരറ്റവനായിരിക്കുന്നു!''

ഇസ്‌ലാമിക സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനുവേണ്ടി റസൂല്‍ തിരുമേനി എങ്ങോട്ടു പോയാലും ഇയാള്‍ തിരുമേനിയുടെ പിന്നാലെ പോയി, ആളുകള്‍ തിരുമൊഴികള്‍ കേള്‍ക്കുന്നത് തടയുക പതിവായിരുന്നു.

പ്രവാചകത്വത്തിന്റെ ഏഴാം ആണ്ടില്‍ ഖുറൈശി കുടുംബങ്ങളെല്ലാം ബനൂഹാശിമുമായും ബനുല്‍ മുത്ത്വലിബുമായും ഉള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും, തിരുമേനിയെ സഹായിക്കാനും സംരക്ഷിക്കാനും ഉറച്ചുനിലകൊണ്ട ഈ രണ്ടു കുടുംബങ്ങളും ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിതരാവുകയും ചെയ്തപ്പോള്‍ അബൂലഹബ് ഒരാള്‍ മാത്രം സ്വന്തം കുടുംബത്തിനെതിരായി ഖുറൈശികാഫിറുകളെ പിന്തുണച്ചു. ഈ ഊരുവിലക്ക് മൂന്നു വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ ഹാശിം കുടുംബവും മുത്ത്വലിബ് കുടുംബവും ക്ഷാമത്തിന്റെ നെല്ലിപ്പടി കണ്ടു. പക്ഷേ, അബൂലഹബിന്റെ സമ്പ്രദായമിതായിരുന്നു: മക്കയില്‍ ഏതെങ്കിലും കച്ചവടസംഘം എത്തുമ്പോള്‍ ഉപരോധിത നിരയില്‍നിന്നും ആരെങ്കിലും ഭക്ഷണസാധനം വാങ്ങുന്നതിനു വേണ്ടി അവരെ സമീപിച്ചാല്‍ അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര ഭീമമായ വില വാങ്ങണമെന്ന് അയാള്‍ കച്ചവടക്കാരോട് വിളിച്ചുപറയും. അവരുടെ കച്ചവടം മുടങ്ങുന്നതുകൊണ്ടുള്ള നഷ്ടം താന്‍ നികത്തിത്തരുമെന്ന് വാക്കുകൊടുക്കുകയും ചെയ്യും. അങ്ങനെ കച്ചവടക്കാര്‍ ആവശ്യക്കാരോട് താങ്ങാനാവാത്ത വില ചോദിക്കുന്നു. അവര്‍ ഭക്ഷണം വാങ്ങാനാവാതെ വിശന്നുപൊരിയുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് വെറുംകൈയോടെ മടങ്ങുന്നു. അനന്തരം അബൂലഹബ് ആ സാധനങ്ങളൊക്കെ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങുന്നു. (ഇബ്‌നു സഅ്ദ്, ഇബ്‌നു ഹിശാം)

അയാളുടെ ഇത്തരം ചെയ്തികള്‍ മൂലമാണ് ഈ സൂറയില്‍ അയാള്‍ പേരു വിളിച്ച് ആക്ഷേപിക്കപ്പെട്ടത്. അത് പ്രത്യേകിച്ച് ആവശ്യമായിത്തീര്‍ന്നതിനു കാരണം ഇതായിരുന്നു: മക്കയിലേക്ക് പുറത്തുനിന്ന് തീര്‍ഥാടകര്‍ വന്നെത്തുന്നു. വിവിധ സ്ഥലങ്ങളിലെ ചന്തകളിലും പലയിടത്തുനിന്നും ആളുകള്‍ വന്നുചേരുന്നു. അവിടെയൊക്കെ നബി(സ)യുടെ സ്വന്തം പിതൃവ്യന്‍തന്നെ പിന്നാലെ ചെന്ന് അദ്ദേഹത്തെ എതിര്‍ക്കുകയാണ്. ഒരാള്‍ കാരണമില്ലാതെ സ്വന്തം സഹോദരപുത്രനെ അന്യരുടെ മുന്നില്‍വെച്ച് ശകാരിക്കുകയും കല്ലെറിയുകയും കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുക എന്നത് അറബികളുടെ സുപരിചിതമായ പാരമ്പര്യമനുസരിച്ച് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്. അക്കാരണത്താല്‍ അബൂലഹബിന്റെ സംസാരത്തില്‍ സ്വാധീനിക്കപ്പെട്ട് ആളുകള്‍ നബി(സ)യെക്കുറിച്ച് സംശയത്തിലായി. പക്ഷേ, ഈ സൂറ അവതരിച്ചപ്പോള്‍ കോപാന്ധനായി വെകിളിയെടുത്ത് അബൂലഹബ്അതുമിതും ജല്‍പിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, റസൂലി(സ)ന്നെതിരില്‍ ഇയാള്‍ പറയുന്നതൊന്നും പരിഗണനീയമല്ലെന്ന്. ഇയാള്‍ക്ക് തന്റെ സഹോദരപുത്രനോടുള്ള വിരോധംകൊണ്ട് ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നവര്‍ക്ക് തോന്നി.

അതിനുപുറമേ സ്വന്തം പിതൃവ്യനെ പേരു ചൊല്ലി ആക്ഷേപിച്ചതോടെ, ആരെയെങ്കിലും പരിഗണിച്ച് റസൂല്‍ (സ) ദീനീവിഷയത്തില്‍ വല്ല വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കുമെന്ന ആളുകളുടെ പ്രതീക്ഷക്ക് എന്നെന്നേക്കുമായി അറുതിയാവുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇന്നവന്‍, ഇന്നവന്റെ മകന്‍ എന്നതിന് യാതൊരു പ്രസക്തിയുമില്ല.](അവലംബം തഫ്ഹീമുല്‍ ഖുര്‍ആന്‍)

നിഷ്പക്ഷമായ ചിന്തിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാകും, ഖുര്ആനെ താറടിക്കാന്‍ ഏച്ചുകെട്ടലും ദുര്‍വ്യാഖ്യാനവും കൂടാതെ സാധിക്കുകയില്ല.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review