ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എന്താണ് ഇസ്ലാമിലെ ഖിലാഫത്ത് എന്ന് ആദ്യം വിശദീകരിക്കേണ്ടതായി വരും.
ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ ലോകത്തിന് അപരിചിതങ്ങളല്ല. എന്നാല്‍ ജിഹാദ് എന്ന പദം പോലെ അവയുടെ ശരിയായ വിവക്ഷ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇറാഖിലെ വിമതസുന്നഗ്രൂപായ (ISIL/ISIS) ന്റെ സായുധമായ മുന്നേറ്റവും അവരുടെ ചെയ്തികളും പ്രഖ്യാപനങ്ങളും വീണ്ടും ഈ പദങ്ങളെ മതമേഖലയില്‍നിന്ന് മതേതരമേഖലയിലേക്ക് വരെ ഈ ചര്‍ചയെ എത്തിച്ചിരിക്കുന്നു. അതിനനുസരിച്ച് നെറ്റ് ലോകത്തെ പലമതേതരന്മാരും അതിനെ വിശദീകരിച്ച് നല്‍കുന്നു. സ്വാഭാവികമായും ഉപരിപ്ലവമായി കാണുന്നവ വെച്ച് നല്‍കപ്പെടുന്ന അത്തരം വിശദീകരണങ്ങള്‍ കുറേ പേരെ വഴിതെറ്റിക്കാന്‍ പര്യാപ്തമാണ്.
ഖലീഫ എന്ന പദം വിശുദ്ധഖുര്‍ആനില്‍ രണ്ടര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. 1. Successor (പിന്‍ഗാമി, പിന്‍വരുന്നയാള്‍) 2. Deputy (പ്രതിനിധി, നിയുക്താധികാരി). ഇസ്ലാമിക ചരിത്രത്തില്‍ ഖലീഫ എന്ന് പ്രയോഗിക്കുന്നത് ഇസ്ലാമിക വ്യവസ്ഥയിലെ ഭരണാധികാരിക്കാണ്. പ്രസ്തുത പദം ഉപയോഗിച്ചതിലൂടെ ഭരണാധികാരിയുടെ യഥാര്‍ഥ അവസ്ഥയെന്തെന്ന് അതു വ്യക്തമായി നിര്‍വചിക്കുന്നു. പ്രവാചകന് ശേഷം ഭരണാധികാരികളെക്കുറിക്കാന്‍ ഖലീഫ എന്നുപയോഗിച്ചപ്പോള്‍ അതിന്റെ അര്‍ഥം ഭരണപരമായി നബിയുടെ പിന്‍ഗാമി എന്ന അര്‍ഥത്തിലാണ്. അതോടൊപ്പം ഖലീഫ, ദൈവത്തിന്റെ പ്രതിനിധി എന്ന നിലക്ക് പ്രാതിനിധ്യവ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചയാളുമാണ് . മനുഷ്യന്റെ സ്ഥാനത്തെക്കുറിക്കാന്‍ ഖുര്‍ആനില്‍ ഖലീഫ എന്നുപയോഗിച്ചിട്ടുണ്ട്. അവിടെ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫത്തുല്ലാഹ്) എന്ന അര്‍ഥമാണ് യോജിക്കുക.
ഖലീഫയെന്നാല്‍ പ്രതിനിധിയോ പിന്‍ഗാമിയോ ?
കേരളത്തില്‍ അല്‍പം മുമ്പ് സംഘടനാ മത്സരത്തിന്റെ ഭാഗമായി ഖലീഫ, ഖിലാഫത്ത് പദം സംഘടനാ സംവാദത്തിന്റെ പിടുത്തത്തില്‍ പെട്ടിരുന്നു. അതിന്റെ ഫലമായി ഇബാദത്ത് എന്ന പദത്തെ ഉപയോഗിച്ചപോലെ സന്ദര്‍ഭമോ സാഹചര്യമോ പരിഗണിക്കാതെ ചിലര്‍ പിന്‍ഗാമി എന്ന് മാത്രമായി ഉപയോഗിച്ചുവന്നു. ജമാഅത്തെ ഇസ്ലാമി ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ക്ക് മിക്കയിടത്തും പ്രതിനിധി, പ്രാതിനിധ്യം എന്ന അര്‍ഥം നല്‍കിയപ്പോള്‍ മുജാഹിദ് വിഭാഗം സാധ്യമായ എല്ലായിടത്തും പിന്‍ഗാമി എന്നര്‍ഥം നല്‍കി. ഖലീഫക്ക് പ്രതിനിധി എന്ന അര്‍ഥമില്ലെന്ന് അവര്‍ വാദിച്ചു. അങ്ങനെ ആദിമ മനുഷ്യനായ ആദം ആരുടെ പിന്‍ഗാമി എന്നറിയാതെ വ്യാഖ്യാനകസര്‍ത്ത് നടത്തിയത് മലയാള തഫ്സീറുകളില്‍കാണാം. ഇബാദത്തിന് മൂന്ന് അര്‍ഥങ്ങള്‍ ഉണ്ടെങ്കിലും മുജാഹിദ് സംഘടനകള്‍ ആരാധന എന്ന അര്‍ഥം മാത്രം എല്ലായിടത്തും ഫിറ്റാക്കാന്‍ ശ്രമിച്ചപോലെ തന്നെ. സത്യമാകട്ടേ, ഭാഷാപരമായി തന്നെ രണ്ട് അര്‍ഥത്തിലും ഖലീഫയും അതിന്റെ ബഹുവചനരൂപങ്ങളും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. സാങ്കേതികമായി ആ പദം ഉപയോഗിക്കുന്നത്, പ്രവാചകനെ പിന്തുടര്‍ന്ന് വന്ന നാല് ഖലീഫമാര്‍ക്കും അവരുടെ ഭരണ രീതിക്കുമാണ്. പിന്നീട് ഉമവി ഭരണത്തില്‍ ഉമറുബ്നുല്‍ അബ്ദുല്‍ അസീസ് ആദ്യനാല് ഖലീഫമാരുടെ രൂപത്തില്‍ ഖിലാഫത്ത് പുനസ്ഥാപിച്ചു. അതിനാല്‍ അദ്ദേഹത്തെയും ഇസ്ലാമിക ലോകം യഥാര്‍ഥ ഖലീഫമാരുടെ കൂടെ എണ്ണി. പിന്നീട് പേരിലും ഘടനയിലുമല്ലാതെ പൂര്‍ണമായ സ്വാഭാവത്തില്‍ ഖലീഫ നിലനിന്നിട്ടില്ല.
ഖിലാഫത്ത്; വഞ്ചിതരാവരുത്
ആധുനിക ജനാധിപത്യത്തിന്റെ എല്ലാ നല്ല മൂല്യങ്ങളെയും ഉള്‍കൊള്ളുന്നതും എന്നാല്‍ അതിന്റെ ദൌര്‍ബല്യങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും ഒഴിവായതുമായ ഒരു ഭരണരീതിയായിരുന്നു ഖിലാഫത്ത്. നാലാം ഖലീഫ അലി (റ) മരണത്തോടെ ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് വഴിമാറി. പിന്നീടുള്ള കാലഘട്ടങ്ങളില്‍ നേരത്തെ സൂചിപ്പിച്ച ഉമര്‍ രണ്ടാമന്റെ രണ്ട് വര്‍ഷം ഒഴികെ തികഞ്ഞ രാജാധിപത്യമാണ് നിലനിന്നതെങ്കിലും ഖലീഫ എന്ന സ്ഥാനവും ഖിലാഫത്തും 1923 ല്‍ തുര്‍ക്കി ഭരണാധികാരിയായ മുസ്തഫാ കമാല്‍പാഷ ഖിലാഫത്ത് പിരിച്ചുവിടുന്നത് വരെ ഉപയോഗിച്ചുവന്നു. അതുവരെ നടന്നത് രാജാധിപത്യമാണെങ്കിലും, ഖിലാഫത്ത് എന്ന് പേരുകൊണ്ടെങ്കിലും മുസ്ലിം സമുദായം അംഗീകരിച്ച് നല്‍കിയത് മുസ്ലിം രാജ്യങ്ങളുടെയും മുസ്ലികളുടെയും ആഗോളനേതൃത്വം എന്ന നിലയിലായിരുന്നു. പേരിനെങ്കിലും നിലനിന്ന കാര്യമായ സ്വാധീനമില്ലാത്ത ഖിലാഫത്ത് പിരിച്ചുവിടപ്പെട്ടപ്പോള്‍ അത് മുസ്ലിംകള്‍ക്ക് ഒരു നൊമ്പരമായി. അക്കാലത്തെ മുസ്ലിം ചിന്തകരില്‍ പ്രമുഖനായിരുന്ന മൌലാനാ മൌദൂദി അതേ തുടര്‍ന്ന് ഖിലാഫത്തിനെ ഒരു സമ്പുര്‍ണപഠനത്തിന് വിധേയമാക്കി. അതിന്റെ ഫലമായിരുന്നു. ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകം. ഖിലാഫത്ത് പലകാരണങ്ങളാല്‍ മുസ്ലിംകള്‍ക്ക് സുന്ദരമായ സ്വപ്നമാണ്. പ്രത്യേകിച്ചും ഏകാധിപത്യത്തിന്റെ എല്ലാ ദുരന്തവും അനുഭവിക്കുന്ന അറബി മുസ്ലിം ജനതക്ക്. മുസ്ലിംജനസാമാന്യത്തിന്റെ ഇഛകളെയോ അഭിപ്രായങ്ങളെയോ താല്‍പര്യങ്ങളെയോ തരിമ്പും പരിഗണിക്കാതെ പാശ്ചാത്യശക്തികള്‍ക്ക് വിനീതവിധേയരായ ഭരണാധികാരികള്‍ക്കെതിരെയുള്ള ജനങ്ങളുടെ രോഷവും പ്രവാചകന്റെ ചില പ്രവചനങ്ങളും അവരെ പ്രമാണത്തിനുപരിയായി അത്തരം ഖിലാഫത്ത് അവകാശപ്പെടുന്നവരിലേക്ക് എടുത്ത് ചാടാന്‍ അപൂര്‍വം ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുവെന്നാണ് കാര്യങ്ങളെ നിരീക്ഷിക്കുമ്പോള്‍ ബോധ്യമാകുന്നത്.
ബഗ്ദാദിയാണോ പ്രവാചകന്‍ പറഞ്ഞ ഖലീഫ !
മുസ്ലിംകളിലെ ഈ ആഗ്രഹം കണ്ടറിഞ്ഞുള്ള ഒരു മുന്നേറ്റമാണ് ISIS എന്ന ഇറാഖിലേയും സിറിയയിലെയും സുന്നി വിമത തീവ്രവാദ സംഘടന നടത്തിയത്. ഇസ്ലാമിക രാഷ്ട്രമെന്ന് സ്വയം വിശേഷിപ്പിക്കുകയും ഖിലാഫത്ത് വാദിക്കുകയും അതിന്റെ ചിഹ്നങ്ങളെന്ന് നിലക്ക് അറിയപ്പെടുന്നവ ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള ചെറിയൊരു വിഭാഗത്തിന്റെ അനുഭാവം അവര്‍ നേടിയെടുത്തു. ഭൂമിയില്‍ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കല്‍ ഓരോ മുസ്‌ലിമിന്റെയും
ലക്ഷ്യവും ആഗ്രഹവുമാണ്. പ്രവാചകനില്‍ നിന്നും ഹുദൈഫ (റ) റിപ്പോര്‍ട്ട്
ചെയ്ത ഒരു ഹദീസ് ഖിലാഫതിന്റെ പുനസ്ഥാപനവുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത
അറിയിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു : 'അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ്
നിങ്ങള്‍ക്കിടയില്‍ പ്രവചാകത്വം സംഭവിക്കുന്നത്, അവന്‍ ഉദ്ദേശിക്കുമ്പോള്‍
പ്രവാചകത്വം ഉയര്‍ത്തിക്കളയുകയും ചെയ്യുന്നു. പിന്നീട് അല്ലാഹുവിന്റെ
ഉദ്ദേശ്യപ്രകാരം പ്രവാചക മാതൃകയില്‍ ഖിലാഫത്ത് നിലവില്‍ വരും, അവന്‍
ഉദ്ദേശിക്കുമ്പോള്‍ അതും ഉയര്‍ത്തിക്കളയും, പിന്നീട് അല്ലാഹുവിന്റെ
ഉദ്ദേശ്യപ്രകാരം ഖിലാഫത്ത് രാജാധിപത്യത്തിന് വഴിമാറും, അവന്‍
ഉദ്ദേശിക്കുമ്പോള്‍ അതിനെയും ഉയര്‍ത്തിക്കളയും, പിന്നീട് അവന്റ
ഉദ്ദേശ്യമനുസരിച്ച് സ്വേഛാധിപതികളായ രാജാക്കന്മാരായിരിക്കും വരിക, അവന്‍
ഉദ്ദേശിക്കുമ്പോള്‍ അതിനെയും നീക്കും, ശേഷം പ്രവാചക മാതൃകയിലുള്ള
ഖിലാഫത്തായിരിക്കും ഉണ്ടാകുക' ഇത് പറഞ്ഞ് പ്രവാചകന്‍ മൗനിയായി. (ഇമാം
അഹ്മദ്)
എന്നാല്‍ ഇതുവരെ ലഭ്യമായ വിവരം വെച്ച് ഇസ്ലാമിക ഖിലാഫത്തിന്റെ എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഘം പിന്തുടരുന്നില്ല എന്ന് മാത്രമല്ല. അതിന് വിരുദ്ധമായി തികഞ്ഞ ഏകാധിപത്യത്തിന്റെയും സങ്കുചിതത്വത്തിന്റെയും സ്വഭാവമാണവര്‍ പ്രദര്‍ശിപ്പിക്കുന്നത്. സൌദി അറേബ്യ പിന്തുടരുന്ന തീവ്രസലഫിസത്തേക്കാള്‍ അല്‍പം കൂടി ഡോസ് കൂടിയ, അത്രപോലും നീതിബോധം പ്രദര്‍ശിപ്പിക്കാത്ത, എന്നാല്‍ പച്ചയായി ക്രൂരത അനുവര്‍ത്തിക്കുകയും അത് വീഡിയോ ആക്കി പ്രദര്‍ശിപ്പിക്കുന്ന അന്തക്കേട് കാണിക്കുകയും ചെയ്ത്. ഇസ്ലാമിക ഖിലാഫത്തിനെയും ഇസ്ലാമിക രാഷ്ട്രീയത്തെയും അവര്‍ കരിവാരിത്തേക്കുക കൂടി ചെയ്യുന്നു. ഈ വസ്തുത തിരിച്ചറിയണമെങ്കില്‍ ആരാണ് ഖലീഫ, എന്താണ് ഖിലാഫത്ത് എന്ന് കുറേകൂടി സൂക്ഷമായി വിശകലനം ചെയ്യേണ്ടതുണ്ട്.
ആരാണ് ഖലീഫ ?.
മനുഷ്യന് ഭൂമിയില്‍ അല്ലാഹുവിന്റെപ്രതിനിധി എന്ന സ്ഥാനമാണുള്ളത്. എല്ലാ മനുഷ്യരും പ്രതിനിധികളാകേണ്ടവരാണെങ്കിലും പ്രാധിനിധ്യം സ്വയം വഹിക്കുന്നവരാണ് ഉത്തരവാദിത്തം നിറവേറ്റുന്നവര്‍. എല്ലാ മനുഷ്യരും ദൈവത്തിന്റെ അടിമകളാണെങ്കിലും സ്വമേധയാ അടിമത്തം അംഗീകരിക്കുന്നവരാണല്ലോ പ്രതിഫലാര്‍ഹരാകുന്ന ദൈവദാസന്‍മാര്‍ എന്ന പോലെയാണ് ഈ പ്രാധിനിധ്യവും. ദൈവത്തിന്റെ പ്രതിനിധിയാകാന്‍ വേണ്ടത് പ്രാതിനിധ്യവ്യവസ്ഥ പൂര്‍ത്തീകരിക്കുക എന്നതാണ്.
പ്രതിനിധ്യവ്യവസ്ഥകള്‍
1. പ്രതിനിധി പരമാധികാരിയോ സാക്ഷാല്‍ ഉടമസ്ഥനോ അല്ല എന്നംഗീകുക.
2. പ്രതിനിധി പ്രാതിനിധ്യംനല്‍കുന്നആളുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടതാണ്.
3. തന്റെ അധികാരങ്ങള്‍ പ്രാതിനിധ്യം നല്‍കുന്നആള്‍ നിശ്ചയിച്ചുകൊടുത്ത പരിധിയിലൊതുങ്ങിയേ നിര്‍വ്വഹിക്കാവൂ.
4. പ്രതിനിധി തന്റെ ഉദ്ദേശ്യമല്ല മറിച്ച് പ്രാതിനിധ്യം നല്‍കുന്ന ആളുടെ ഉദ്ദേശ്യമാണ് പൂര്‍ത്തീകരിക്കേണ്ടത്.
ആര്‍ ആരുടെ പ്രതിനിധിയായാലും പൂര്‍ത്തീകരിക്കേണ്ട അടിസ്ഥാന വ്യവസ്ഥകളാണിത്. ഇവിടെ പ്രതിനിധി മനുഷ്യനും പ്രാതിനിധ്യംനല്‍കുന്നആള്‍ ദൈവവും ആണ്. ആ നിലക്ക് ദൈവിക പ്രാതിനിധ്യത്തിന്റെ (ഖിലാഫത്തിന്റ) ഉദ്ദേശ്യം, ദൈവത്തിന്റെ ഭൂമിയില്‍ ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് അവന്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍നിന്നുകൊണ്ട് അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ്. ഇതിന് സ്വയം തയ്യാറാകുന്നതോടെ ആ വ്യക്തി ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) എന്ന സ്ഥാനത്തിന് അര്‍ഹനാകുന്നു. ഇതാണ് ഭൂമിയില്‍ മനുഷ്യന്‍ ഏറ്റെടുക്കേണ്ട സ്ഥാനം. ഇതില്‍ കൂടുതലുമല്ല കുറവുമല്ല.
ഈ വിവക്ഷയനുസരിച്ച് ഖലീഫ ഏതെങ്കിലും ഒരു വ്യക്തിയോ, മനുഷ്യനായി ജനിച്ചുവെന്നതിനാല്‍ സ്വയം വന്നുചേരുന്ന സ്ഥാനമോ അല്ല എന്ന് വ്യക്തമാകും. ദൈവത്തിന്റെ പ്രതിനിധിയാകുന്നവര്‍ തങ്ങളുടെ അധികാരത്തിന്റെ ഒരു ഭാഗം (രാജ്യത്തിന്റെ ഭരണനിര്‍വഹണപരമായ ഭാഗം) നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയാണ് ഇസ്ലാമിലെ ഭരണാധികാരിയായ ഖലീഫ. സ്വയം ഒരു സായുധ സംഘത്തിന് രൂപം നല്‍കുകയും അതിന്റെ ബലത്തില്‍ സ്വയം അധികാരസ്ഥനാവുകയും പിന്നീട് ആ അധികാരത്തിന് വഴിപ്പെടാന്‍ ജനങ്ങളെയും രാജ്യങ്ങളെയും നിര്‍ബന്ധിക്കുന്ന വ്യക്തി ഒരു അര്‍ഥത്തിലും ഖലീഫ എന്ന പദവിക്ക് അര്‍ഹനല്ല. അദ്ദേഹത്തെ അംഗീകരിക്കേണ്ട ഉത്തവാദിത്തം മുസ്ലിം സമൂഹത്തിനോ മറ്റുള്ളവര്‍ക്കോ ഇല്ല. എന്നാല്‍ ചില പ്രവാചകന്‍മാരെ അല്ലാഹു നേരിട്ട് ഖലീഫയായിക്കിയിരുന്നു. ഉദാഹരണം ദാവൂദ് നബി [(നാം അദ്ദേഹത്തോട് പറഞ്ഞു:) 'അല്ലയോ ദാവൂദ്! നിന്നെ നാം ഭൂമിയില്‍ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ നീ ജനങ്ങളെ നീതിപൂര്‍വം ഭരിക്കുക. സ്വേച്ഛകളെ പിന്‍പറ്റരുത്. അത് നിന്നെ ദൈവികമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിച്ചുകളയും. ദൈവിക മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നവര്‍ക്കുള്ളത് കഠിനദണ്ഡനമാകുന്നു; അവര്‍ വിചാരണനാളിനെ വിസ്മരിച്ചുകളഞ്ഞതിനാല്‍.' - ഖുര്‍ആന്‍ 38:26] പ്രവാചകത്വം നിലച്ചതിനാല്‍ ഇനി അപ്രകാരം പ്രതീക്ഷിക്കാവതല്ല.
ഖിലാഫത്തിന്റെ പ്രധാന സവിശേഷതകള്‍
1. മനുഷ്യന്റെ പരമാധികാരമല്ല, പ്രത്യുത മനുഷ്യന്റെ പ്രാധിനിത്യമാണ് ഇതിന്റെ അടിസ്ഥാനം ആ നിലക്ക് ദൈവപ്രോക്തമായ ധര്‍മങ്ങളാണ് നിയമനിര്‍മാണത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുക. അതിനാല്‍തന്നെ ദുര്‍ബല വിഭാഗങ്ങളുടെ മേല്‍ ഭൂരിപക്ഷത്തിന് ആധിപത്യം സ്ഥാപിക്കാനോ അവര്‍ക്ക് ഗുണകരമല്ലാത്ത നിയമങ്ങള്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ നിര്‍മിക്കാനോ സാധ്യമല്ല. ഏതൊരു നിയമവും കണിശമായ ധാര്‍മിക പരിധികള്‍ പാലിച്ചുകൊണ്ടാകണം.
2. ഖിലാഫത്ത് എന്നത് ഥിയോക്രസിയല്ല. മതപുരോഹിതന്മാരുടെ പ്രത്യേക വര്‍ഗത്തെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വാഴിച്ച് രാജ്യനിവാസികളുടെ മേല്‍ അവരുടെ പരമമായ ആധിപത്യം സ്ഥാപിക്കുകയാണ് ഥിയോക്രസിയില്‍ ചെയ്യുന്നത്. എന്നാല്‍ ഖിലാഫത്തില്‍ രാജ്യത്ത് വസിക്കുന്നവരുടെ മുഴുവന്‍ മാനുഷികാവകാശങ്ങളും സംരക്ഷിക്കുന്ന വിധം പൊതുവായ ധാര്‍മികതെയ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണമാണ്.
3. ഭരണകൂടത്തെ നിശ്ചയിക്കുന്നതും മാറ്റുന്നതും ചലിപ്പിക്കുന്നതുമെല്ലാം ബഹുജനാഭിപ്രായപ്രകാരമായിരിക്കണം. ഖിലാഫത്ത് ആ അര്‍ഥത്തില്‍ ആരുടെ മേലും അടിച്ചേല്‍പ്പിക്കേണ്ടതല്ല. ഈ അര്‍ഥത്തില്‍ ഇത് ഡമോക്രസി (ജനാധിപത്യം)യോട് ചേര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ ബഹുജനം സര്‍വ്വതന്ത്ര സ്വതന്ത്രരല്ല എന്നതാണ് ജനാധിപത്യത്തില്‍നിന്ന് ഇതിനെ വ്യത്യസ്ഥമാക്കുന്നത്. ജനാധിപത്യമനുസരിച്ച് രാഷ്ട്രത്തിന്റെ നിയമം, അഭ്യന്തര വൈദേശിക നയങ്ങള്‍ എന്നിവയൊക്കെ ഭൂരിപക്ഷത്തിന്റെ അഭീഷ്ടമനുസരിച്ച് മാറാം. എന്നാല്‍ ഖിലാഫത്തില്‍ മേല്‍പറഞ്ഞ ദൈവപ്രോക്തമായ ധാര്‍മികമൂല്യങ്ങളിലൂന്നിയല്ലാതെ ഒരു നിയമവും നിര്‍മിക്കപ്പെടാവതല്ല.
4. ഭദ്രമായ ചില ആദര്‍ശങ്ങളിലൂന്നി നിലകൊള്ളുന്നതിനാല്‍ രാജ്യങ്ങള്‍ പൊതുവെ അനുവര്‍ത്തിക്കുന്ന തോന്നിവാസങ്ങളും അക്രമ-അനീതി-മര്‍ദ്ധനങ്ങളും ആര്‍ക്കെതിരെയും നടപ്പാക്കപ്പെടുകയില്ല.
5. വര്‍ഗ-വര്‍ണ-ഭാഷാ-ദേശ പക്ഷപാതങ്ങള്‍ക്കതീതമായി ചില തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന രാഷ്ട്രമാണിത്. ആളുകള്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കുകയില്ല. പൌരന്മാര്‍ക്കിടയിലെ തുല്യാവകാശം ഇതിന്റെ മാറ്റമില്ലാത്ത നിലപാടായിരിക്കും.
6. ഭരണവര്‍ഗത്തിന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി അന്യായം പ്രവര്‍ത്തിക്കുയോ ധാര്‍മിക മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന നിലപാട് കൈകൊള്ളുകയോ ചെയ്യില്ല. അതിലെ കൈകാര്യകര്‍ത്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ ധാര്‍മിക മൂല്യങ്ങളും മേല്‍ തത്വങ്ങളോട് അവര്‍ക്കുള്ള കൂറുമാണ് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുക. സമ്പത്തും കയ്യൂക്കുമല്ല. വിശ്വസ്ഥത, സത്യസന്ധത, നിര്‍ഭയമായ നീതിദീക്ഷ, വാഗ്ദത്തപാലനം, സമാധാനകാംക്ഷ, അന്താരാഷ്ട്രനീതി, സഹവര്‍ത്തിത്തം എന്നിവയായിരിക്കും ജനപ്രതിനിധിയില്‍ തേടുന്ന ഗുണങ്ങള്‍.
7. കേവലം ക്രമസമാധാനം പാലിക്കുക, അതിര്‍ഥി സംരക്ഷിക്കുക തുടങ്ങിയ ജോലികള്‍ മാത്രം ചെയ്യുന്ന രാജ്യമല്ല. രാജ്യത്തിലെ ജനതയുടെ ക്ഷേമവും അവകാശവും ഉറപ്പുവരുത്തുകയും അവരെ ബാധിക്കാനിടയുള്ള തിന്മകളില്‍നിന്ന് സംരക്ഷണം നല്‍കുകയും നന്മ വളര്‍ത്തി തിന്മ തുടച്ചുനീക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയായിരിക്കും അത്.
8. അവകാശങ്ങള്‍, പദവികള്‍, അവസരങ്ങള്‍ എന്നിവയില്‍ സമത്വം, നിയമവാഴ്ച, നന്മയില്‍ സഹകരണം, തിന്മയില്‍ നിസ്സഹകരണം, അവകാശത്തെക്കാള്‍ ബാധ്യതയെക്കുറിച്ച വിചാരം, ഏതൊരു പൌരന്റെയും ജീവിതോപാധികള്‍ തടയാതിരിക്കല്‍ എന്നിവ ഖിലാഫത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി അനുവര്‍ത്തിക്കും.
9. ഈ വ്യവസ്ഥ വ്യക്തിക്കും രാഷ്ട്രത്തിനുമിടയില്‍ സന്തുലിതത്വം നിലനിര്‍ത്തുന്നു. പരമവും സമഗ്രവുമായ ആധിപത്യം കയ്യിലൊതുക്കി വ്യക്തികളെ നിസ്സഹായരായ അടിമകളാക്കി മാറ്റാന്‍ രാഷ്ടത്തിന് സാധിക്കുകയില്ല. (ജനാധിപത്യ ഇന്ത്യയില്‍ ഭരണത്തിലേറുന്നവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരണം നടത്തുകയും പാവപ്പെട്ടവരെ അവഗണിക്കുകയും ചെയ്യുന്നത് ഇവിടെ ഓര്‍ക്കുക)
10. ഏതൊരു പൌരന്റെയും അഭിപ്രായ സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും സംരക്ഷിക്കും. ഭരണാധികാരികളെയും ഭരണത്തെയും നയനിലപാടുകളിലെയും വൈകല്യം ചൂണ്ടിക്കാണിക്കാന്‍ ഏതൊരു പൌരനും അവകാശം ഉണ്ടായിരിക്കും. (മിക്ക അറബ് രാജ്യങ്ങളിലും രാജാക്കന്‍മാരോ, സ്വേഛാധിപതികളോ ആണ് ഭരണത്തില്‍ എന്നതിനാല്‍ ഇസ്ലാമിക ഭരണവ്യവസ്ഥ തന്നെ ജനാധിപത്യവിരുദ്ധമാണ് എന്ന് ചിലര്‍ ധരിച്ചിരിക്കുന്നു)
11. സംശയത്തിന്റെ പേരില്‍ ശിക്ഷനല്‍കുകയില്ല. ശിക്ഷനല്‍കുന്നതില്‍ തെറ്റുപറ്റുന്നതിനേക്കാള്‍ നല്ലത് മാപ്പുനല്‍കുന്നതില്‍ തെറ്റുപറ്റുന്നതാണ് എന്നത്രെ ഇത് പിന്തുടരുന്ന തത്വം. നീതി നിര്‍വഹണത്തില്‍ ഇടപെടലുകളോ ശുപാര്‍ശകളോ അംഗീകരിക്കുകയില്ല. കേവല പരാതിയുടെ പേരില്‍ ആരെയും തടവിലിടുകയില്ല. ആരോപണവിധേയനായ ആളെ വിചാരണ ചെയ്യുകയും സാക്ഷികളെ ഹാജറാക്കി വിധി പ്രസ്താവിക്കുക. ദീര്‍ഘമായ വിചാരണത്തടവ് ആരുടെ കാര്യത്തിലും നടപ്പാക്കുകയില്ല. ആരോപണങ്ങളെമാത്രം അടിസ്ഥാനമാക്കി പ്രതികളെ പ്രഹരിക്കുകയില്ല. (UAPA, പോട്ട, ടാഡ പോലുള്ള നിയമങ്ങള്‍ തീര്‍ത്തും മനുഷ്യത്വവിരുദ്ധവും അനീതിപരവുമാണ്, ഒരു ഭരണകൂടത്തിന്റെ യുക്തിസഹമല്ലാത്ത ഭയപ്പാടും, ആത്മവിശ്വാസക്കുറവുമാണ് ഇത്തരം നിയമങ്ങള്‍ക്ക് ആധാരം. അത്തരം നിയമങ്ങള്‍ ഒരു യഥാര്‍ഥ ഇസ്ലാമിക സ്റ്റേറ്റിന് നിര്‍മിക്കാനാവില്ല. പ്രത്യക്ഷത്തില്‍ തന്നെ അനീതിപരവും നിരപരാധികള്‍ ശിക്ഷിക്കപ്പെടാനിടയാക്കുന്നതുമാണ് കാരണം)
12. ആരുടെ കയ്യില്‍നിന്നും ഭൂസ്വത്ത് അന്യായമായി ഭരണകൂടം കൈവശപ്പെടുത്തുകയില്ല. എന്നാല്‍ തരിശായികിടക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും അവ കൃഷിഭൂമിയാണെങ്കില്‍ മൂന്ന് വര്‍ഷം തരിശായി ഇടുന്ന പക്ഷം അത് പിടിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കാനും ഭരണകൂടത്തിന് അവകാശമുണ്ടായിരിക്കും.
ഇസ്ലാമിക ഖിലാഫത്ത് ജനാധിപത്യപരം
അങ്ങനെ നോക്കുമ്പോള്‍ ഖിലാഫത്ത് എന്നാല്‍ ജനാധിപത്യവിരുദ്ധമല്ല. മറിച്ച് ജനാധിപത്യത്തിന്റെ ജനോപകാരപ്രദമായ മുഴുവന്‍ മൂല്യങ്ങളെയും ഉള്‍കൊള്ളുന്നതും, അതിന്റെ സഹജദൌര്‍ബല്യങ്ങളില്ലാത്തതുമായ സ്വപ്നതുല്യമായ ഭരണവ്യവസ്ഥയാണ് എന്ന് കാണാന്‍ പ്രയാസമില്ല. ഭാഷാ-മതന്യൂനപക്ഷങ്ങളുടെ മേല്‍ അന്യായമായ അധികാരം സ്ഥാപിക്കുന്നതോ, അവരെ ഞെരുക്കുന്നതോ ഖിലാഫത്തിന്റെ സ്വാഭാവമായിരിക്കുകയില്ല. ഇക്കാര്യങ്ങളെക്കുറിച്ച തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാണ് ഇസ്ലാമിക ലോകത്തെ സമാദരണീയരായ പണ്ഡിതന്മാര്‍ ബഗ്ദാദിയുടെ ഖിലാഫത്തിനെ അംഗീകരിക്കേണ്ടതില്ല എന്ന് നിലപാട് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഖിലാഫത്ത് എത്രമാത്രം സ്വീകാര്യമാകും എന്നറിയാല്‍ മുകളില്‍ നല്‍കിയ വിശദീകരണം മതിയാവും. അതോടൊപ്പം പ്രസക്തമായ ചില ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെട്ടാല്‍ പോലും പരിഹാരം കാണേണ്ട ചില വിഷയങ്ങളുണ്ട്. അവര്‍ തന്നെ നല്‍കുന്ന വീഡിയോവില്‍ നിന്ന് മനസ്സിലാക്കുന്നതനുസരിച്ച് സൌദിഭരണകര്‍ത്താക്കളേക്കാള്‍ കുറേകൂടി തീവ്രസ്വഭാവത്തില്‍ യുക്തിയോ സാഹചര്യമോ നോക്കാതെ പ്രമാണങ്ങളുടെ അക്ഷരങ്ങളെ മാത്രം പരിഗണിച്ച് നടത്തുന്ന ഒരു സങ്കുചിത ഭരണമാണ് തങ്ങള്‍ക്ക് അധീനപ്പെട്ട പ്രദേശങ്ങളില്‍ അവര്‍ നടത്തുന്നതെന്നാണ്. തെറ്റുകള്‍ക്ക് ഉടനടി കര്‍ക്കശ ശിക്ഷലഭിക്കുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ആളുകള്‍ (സുന്നികള്‍ എന്ന് പറയുന്നതാകും ശരി) നിര്‍ഭയരാവുകയും കുറ്റകൃത്യഗണ്യമായികുറഞ്ഞിട്ടുണ്ടാകും എന്നത് ശരിയാണ്. എന്നാല്‍ അത് മാത്രമല്ലല്ലോ ഖിലാഫത്ത്. ഏതായാലും സംശയത്തിന്റെ പുകമറനീങ്ങാത്ത ഈ സംഘത്തെ ചാടിക്കേറി ബൈഅത്ത് ചെയ്യാനുദ്ദേശിക്കുന്നവര്‍ കാര്യങ്ങളെ കുറേകൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക.
(
ഇസ്ലാം ഓണ്‍ലൈവ് സൈറ്റില്‍ അല്‍ മുസ്ലിമില്‍ വന്ന ലേഖനഭാഗം വായിക്കുക.)

[' ഈ സന്ദര്‍ഭത്തില്‍ ഇറാഖില്‍ ഖിലാഫത്ത് സ്ഥാപിച്ച് വിമത വിഭാഗമായ
ഐ.എസ്.ഐ.എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) കഴിഞ്ഞ ദിവസം
നടത്തിയ പ്രഖ്യാപനം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഖലീഫയെ
തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്യേണ്ടത്
എങ്ങനെയെന്നതുമാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ട ചോദ്യം.
ഇസ്‌ലാമിക
ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപിച്ച സുന്നീ വിമതര്‍ അബൂബക്കല്‍ ബഗ്ദാദി
(അബ്ദുല്ല ഇബ്രാഹീം സാംറാഈ)യെ എല്ലാ മുസ്‌ലിംകളുടെയും പുതിയ ഖലീഫയായും
പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള പോരാട്ട
സംഘങ്ങളോട് അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യാനും ഐ.എസ്.ഐ.എസ്
ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതരായ പണ്ഡിതന്മാരോടും നേതാക്കന്മാരോടും
ആലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അബൂബക്കര്‍ ബഗ്ദാദിയെ
ഖലീഫയായി തെരഞ്ഞെടുത്തതെന്ന് വിമത വിഭാഗം വക്താവ് കഴിഞ്ഞ ദിവസം
വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന
ചോദ്യങ്ങള്‍ നിരവധിയാണ്.
1. മുതിര്‍ന്ന പണ്ഡിതന്മാരോട്
കൂടിയാലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തെരഞ്ഞെടുത്ത ഖലീഫ
എവിടെയാണുള്ളത്? അജ്ഞാതനായ ഖലീഫക്ക് ലോക മുസ്‌ലിംകള്‍ എങ്ങനെ അനുസരണ
പ്രതിജ്ഞ ചെയ്യും? ഇസ്‌ലാമിക ഖിലാഫത്തില്‍ അനുസരണ പ്രതിജ്ഞക്ക് വലിയ
സ്ഥാനമുള്ളതെന്നിരിക്കെ ഖലീഫക്ക് അനുസരണ പ്രതിജ്ഞ
ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒരിക്കലെങ്കിലും 'ഖലീഫ'
പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?
ഒരിക്കല്‍ പോലും കാണുകയും കേള്‍ക്കുകയും
ചെയ്യാത്ത ഒരു വ്യക്തിക്ക് തന്റെ മകളേയോ സഹോദരിയേയോ വിവാഹം കഴിച്ചു
കൊടുക്കാന്‍ ഒരാള്‍ക്ക് സാധ്യമല്ലന്നിരിക്കെ, ഇസ്‌ലാമിക സമൂഹത്തിന്റെ
ഉത്തരവാദിത്വം 'ഏല്‍പ്പിക്കപ്പെട്ട' ഖലീഫയെ ഒരിക്കല്‍ പോലും കാണാതെയും
കേള്‍ക്കാതെയും മുസ്‌ലിംകള്‍ അദ്ദേഹത്തിനെങ്ങനെ പ്രതിജ്ഞ ചെയ്യുമെന്ന
ചോദ്യം പ്രസക്തമാണ്.
2. ഇറാഖിലും സിറിയയിലും
പോരാട്ടത്തിലേര്‍പ്പെട്ട നിരവധി സംഘടനകളുണ്ടായിരിക്കെ, ഖിലാഫത്ത്
സ്ഥാപിക്കുന്ന വിഷയത്തില്‍ ഇവരെയൊന്നും കൂടെക്കൂട്ടാന്‍ ഐ.എസ്.ഐ.എസ്
തയ്യാറാകാത്തതെന്താണ്? ഇസ്‌ലാമിക രാഷ്ട്രീയത്തില്‍
മുസ്‌ലിംകള്‍ക്കിടയിലുള്ള കൂടിയാലോചന അനിവാര്യമാണല്ലോ.
ഇറാഖില്‍
പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെല്ലാം വര്‍ഷങ്ങളായി സിറിയയിലും
പോരാട്ടം നടത്തുന്നവയാണ്. ഇറാഖിലിപ്പോള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താനും
ഇവര്‍ക്ക് സാധിച്ചിരിക്കുന്നു. എന്നാല്‍ ഈ പോരാട്ട ഗ്രൂപ്പുകളില്‍
ഒന്നുമാത്രമായ ഐ.എസ്.ഐ.എസ് ഖിലാഫത്ത് സ്ഥാപിക്കുന്ന വിഷയത്തില്‍
മറ്റുള്ളവരെ അവഗണിക്കുകയും, എന്നിട്ട് എല്ലാവരും 'ഖലീഫ'ക്ക് പ്രതിജ്ഞ
ചെയ്യണമെന്ന് പറയുന്നതും എങ്ങനെ ശരിയാകും?
3. അബൂബക്കര്‍ ബഗ്ദാദിയെ
മുസ്‌ലിംകളുടെ ഖലീഫയാക്കാനുള്ള തീരുമാനം ഏതൊക്കെ പണ്ഡിതന്മാര്‍ ചേര്‍ന്നാണ്
കൈകൊണ്ടത്? എന്തുകൊണ്ടാണ് അവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താത്തത്?
ഇമാം മാവര്‍ദി തന്റെ 'അഹ്കാമു സ്സുല്‍ത്വാനിയ്യ' എന്ന പുസ്തകത്തില്‍ ഖലീഫയെ
തെരഞ്ഞെടുക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ പറയുന്നുണ്ട്. 1.
നീതിമാന്മാരായിരിക്കുക. 2. നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെന്താല്ലാം എന്ന
അറിവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. 3. ഏറ്റവും
മികച്ച നേതാവിനെ തെരഞ്ഞെടുക്കാനുള്ള വിവരവും യുക്തിയും ഉണ്ടായിരിക്കണം. ഈ
പറയപ്പെട്ട ഗുണങ്ങളെല്ലാം ഉള്‍ച്ചേര്‍ന്ന പണ്ഡിതന്മാര്‍ തന്നെയാണോ പുതിയ
'ഖലീഫ'യെ തെരഞ്ഞെടുത്തത്?
4. ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കാന്‍
ഈ സംഘര്‍ഷ മുഖരിതമായ സന്ദര്‍ഭം തന്നെ തെരഞ്ഞെടുത്തത് എന്തിന്? ബഗ്ദാദിലും
ഡമസ്‌കസിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ലാത്ത,
പ്രത്യേകിച്ച് പോരാളികള്‍ ബഗ്ദാദിനു സമീപം എത്തി നില്‍ക്കുന്ന ഈ വേളയില്‍?
ഖിലാഫത്ത് പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ പോരാട്ടം
വിജയത്തിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനല്ലേ ഐ.എസ്.ഐ.എസ്
മുഖ്യപരിഗണന നല്‍കേണ്ടത്?
മറ്റുള്ളവരെ അവഗണിച്ച് ഐ.എസ്.ഐ.എസ്
തനിച്ച് ഖലീഫയെ പ്രഖ്യാപിച്ചതും, ഖലീഫക്ക് പ്രതിജ്ഞ ചെയ്യേണ്ടത് എല്ലാ
മുസ്‌ലിംകളുടേയും ബാധ്യതയാണെന്ന് പ്രഖ്യാപിച്ചതും, മറ്റെല്ലാ
ഭരണകൂടങ്ങളേയും സംഘടനകളെയും അധികാരങ്ങളേയും റദ്ദു ചെയ്തതായുള്ള
പ്രഖ്യാപനവും ഐ.എസ്.ഐ.എസിന്റെ ഏകാധിപത്യ സ്വഭാവമാണ് വ്യക്തമാക്കുന്നത്.
ഇസ്‌ലാമിക
ഖിലാഫത്ത് സ്ഥാപിക്കാന്‍ എല്ലാ മുസ്‌ലിംകളും ആഗ്രഹിക്കുന്ന വേളയില്‍
ബഗ്ദാദില്‍ നിന്നും ഉണ്ടായിരിക്കുന്ന പുതിയ ഖിലാഫത് പ്രഖ്യാപനം
ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളെയാണ് ലോക മുസ്‌ലിംകളുടെ മനസ്സില്‍
ഉയര്‍ത്തി വിട്ടിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക?']
ബഗ്ദാദിയെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് സംഘടനകളുടെ സഹചദൌര്‍ബല്യമായ മറ്റുള്ളവരെ അംഗീകരിക്കാനുള്ള സങ്കുചിതത്വം കാരണമാണ് എന്ന് ചില സുഹൃത്തുക്കള്‍ നിഗമനത്തിലെത്തിയിരിക്കുന്നു. മറ്റുചിലരാകട്ടെ മതസംഘടനകളുടെ ഭീരുത്വമായി അതിനെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു പോസ്റ്റ് അനിവാര്യമെന്ന് തോന്നിയത്. യഥാര്‍ഥ ഖിലാഫത്തും ഇപ്പോള്‍ പ്രഖ്യാപിച്ച ഖിലാഫത്തും തമ്മിലുള്ള അന്തരമാണ് ഇതിനെ അസ്വീകാര്യമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ വിശദീകരണം മതിയാകും. അതിലപ്പുറം വേണ്ടവര്‍ക്ക് കമന്റ് ബോക്സ് ഉപയോഗപ്പെടുത്താം.