2012, ജൂൺ 28, വ്യാഴാഴ്‌ച

അല്ലാഹുവും ഇബ്ലീസും ഒരാളാണോ ?

ഇസ്ലാം വിമര്‍ശനം ഒരു പുതിയ രൂപത്തില്‍ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് അനില്‍കുമാര്‍ . ജബ്ബാര്‍ മാഷടക്കമുള്ള യുക്തിവാദികള്‍ അവതരിപ്പിച്ച പഴകിപുളിച്ച ആരോപണങ്ങള്‍ക്ക് പുറമെ മറ്റുചില ആരോപണങ്ങള്‍ തേടുകയാണ് അദ്ദേഹം. ഒരു പുതിയ കണ്ടുപിടുത്തം അല്ലാഹുവും ഇബ്ലീസും ഒരാളാണെന്നാണ്. തെളിവ് ഖുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ. ഇങ്ങനെ ഗവേഷണം നടത്തിയാല്‍ ദൈവം മനുഷ്യനാണെന്നും ജിന്നാണെന്നും വാദിക്കാം. മാത്രമല്ല മലക്കുകള്‍ എന്നാല്‍ ഇസ്ലാമിക ദൃഷ്ട്യാ ദൈവങ്ങളാണ് കുറേകൂടി വിശ്വാസ്യമായ രീതിയില്‍ നെടുങ്കല്‍ ലേഖനങ്ങളും തയ്യാറാക്കാം.

ബുദ്ധി നമ്മുടെ വിധികര്‍ത്താവാണ്. നാം കേട്ടതും കണ്ടതുമായ കാര്യങ്ങളെ നമ്മുടെ മുന്നറിവുകളും മുന്‍ധാരണകളുമായി കൂട്ടികലര്‍ത്തി അഥവാ ചിന്തിച്ച് നമുക്ക് ലഭിക്കുന്ന ഉല്‍പന്നമാണ് നമ്മുടെ പുതിയ ധാരണകളായി നാം അവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ 14 നൂറ്റാണ്ടായി കോടിക്കണക്കിന് ആളുകള്‍ പഠിച്ചുവരുന്നു. ലക്ഷക്കണക്കിന് വ്യാഖ്യാനഗ്രന്ഥങ്ങള്‍ പുറത്തിറങ്ങി. അസാമാന്യ പ്രതിഭാശാലികള്‍ അതില്‍ ആഴത്തില്‍ ഗവേഷണം നടത്തി. പക്ഷെ അവര്‍ക്ക് തോന്നിയില്ല ഇബ്ലീസും അല്ലാഹുവും ഒരാളാണെന്ന്. അപ്പോള്‍ എന്തോ ഒരു പന്തികേടുണ്ട്. പറയുന്നത് ആരെങ്കിലുമൊക്കെ വിശ്വസിക്കുന്നെങ്കില്‍ ആകട്ടേ എന്ന ഒഴുക്കന്‍ മട്ടിലുള്ള ഒരു ആരോപണം മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നാണ് പ്രത്യക്ഷത്തില്‍ ഇത് നല്‍കുന്ന സൂചന.

മറ്റൊന്ന് ഇസ്ലാമിനെക്കുറിച്ച് അടിസ്ഥാനമായി അറിയേണ്ട പലവിവരങ്ങളും കരസ്ഥമാക്കാതെയാണ് ഇസ്ലാമിക വിമര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതായാലും വാദങ്ങളെ തെളിവുകള്‍ സാക്ഷീകരിക്കുന്നുണ്ടോ എന്ന് നോക്കാം.

-----------------------------------------------

Anil Kumar:

ഖുറാന്‍ വെച്ച് തന്നെ മനസ്സിലാക്കാന്‍ പറ്റും അല്ലാഹുവും ഇബിലിസും ഒരാളാണെന്ന്. താഴെ കൊടുക്കുന്നു, തെളിവുകള്‍:

1) പിശാച് നരകത്തിലെക്കാണ് ക്ഷണിക്കുന്നത്. സൂറ. 31:21.

ഫറവോനെയും മറ്റും നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കിയത് അല്ലാഹുവാണ്. സൂറാ. 28:41.

2) പിശാച് സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും. സൂറാ. 29:38, 6:43.

അല്ലാഹു സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും. സൂറാ. 27:4.

3) പിശാചു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും. സൂറാ. 22:4.

അള്ളാഹു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും. സൂറാ. 19:86, 4:169.

4) പിശാചു പിന്നിലൂടെ മനുഷ്യരെ വലയം ചെയ്യും. സൂറാ. 7:17.

അല്ലാഹു പിന്നിലൂടെ മനുഷ്യരെ വലയം ചെയ്യും. സൂറാ. 85:20.

5)പിശാചു സത്യനിഷേധികളെ വഞ്ചിക്കും. സൂറാ. 4:120.

അല്ലാഹു സത്യനിഷേധികളെ വഞ്ചിക്കും. സൂറാ. 4:142.

6) നരകം സത്യനിഷേധികളെ വലയം ചെയ്യും. സൂറാ. 29:54.

അള്ളാഹു സത്യനിഷേധികളെ വലയം ചെയ്യും. സൂറാ. 2:19.

7) ദുര്‍മൂര്‍ത്തികളുടെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:76.

അല്ലാഹുവിന്‍റെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:84.

8) അനേകം ആളുകളെ പിശാചു നശിപ്പിച്ചു. സൂറാ. 36:62.

അനേകം ആളുകളെ അല്ലാഹു നശിപ്പിച്ചു. സൂറാ. 77:16.

9) പിശാച് തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ. 3:175.

അള്ളാഹു തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ.3:151.

10) പിശാച് മറവിയുണ്ടാക്കും. സൂറാ. 6:68.

അള്ളാഹു ഉദ്ദേശിച്ചെങ്കിലെ ഓര്‍മ്മിക്കൂ. സൂറാ. 74:56.

11) പിശാച് കുതന്ത്രം പ്രയോഗിക്കുന്നവനാണ്. സൂറാ. 4:76.

അള്ളാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്. സൂറാ. 6:123.

തെളിവുകള്‍ ഇത്ര മതിയാകുമെന്ന് ഞാന്‍ കരുതുന്നു. പേര് രണ്ടാണെങ്കിലും പ്രവൃത്തി ഒന്നാണ്, അല്ലാഹുവിന്‍റെയും പിശാചിന്‍റെയും. ഇത് ക്രിസ്ത്യാനികളുടെ പുസ്തകങ്ങളില്‍ നിന്നൊന്നുമല്ല, ഖുറാനില്‍ നിന്നാണ് തെളിവ് തന്നിരിക്കുന്നത്...

----------------------------------------------

1) പിശാച് നരകത്തിലെക്കാണ് ക്ഷണിക്കുന്നത്. സൂറ. 31:21.

ഫറവോനെയും മറ്റും നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കിയത് അല്ലാഹുവാണ്. സൂറാ. 28:41.

അനില്‍കുമാറിന് ആദ്യം മാറേണ്ട ധാരണ ഇബ്ലീസ് എന്നത് പിശാചിന്റെ മറ്റൊരു പേരോ പര്യായമോ അല്ല. ആദമിന് സൂജൂദ് ചെയ്യാതെ ദൈവിക ശാപത്തിന് വിധേയമായി സ്വര്‍ഗത്തില്‍നിന്ന് നിഷ്കാസിതനായ ഒരു ജിന്ന് മാത്രമാണ് ഇബ്ലീസ്. ഇബ്ലീസ് ഒരു പിശാചാണ് എന്ന് പറയാം. എന്നാല്‍ പിശാച് എന്നാല്‍ എല്ലായിടത്തും ഇബ്ലീസല്ല. ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പിശാചുക്കളുണ്ട്. നാം കണ്ടുകൊണ്ടിരിക്കുന്നത് മനുഷ്യനെ വഴിതെറ്റിക്കുന്നത് മനുഷ്യപിശാചുകള്‍ തന്നെയാണ്.  ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന ആര്‍ക്കും പിശാച് (ശൈത്വാന്‍ ) എന്ന് പറയാം.

അവരോട്, അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്നുപദേശിക്കുമ്പോള്‍ പറയുന്നു: `ഇല്ല, ഞങ്ങളുടെ പൂര്‍വ പിതാക്കളെ ഏതു മാര്‍ഗത്തില്‍ കണ്ടുവോ, ആ മാര്‍ഗമേ ഞങ്ങള്‍ പിന്തുടരുകയുള്ളൂ.` ചെകുത്താന്‍ അവരെ ആളിക്കത്തുന്ന അഗ്നിയിലേക്കാണ് വിളിക്കുന്നതെന്നുവന്നാലും അവര്‍ ആ മാര്‍ഗം തന്നെ പിന്തുടരുമെന്നോ? (31:21)ഫറവോനും അവന്റെ പടയും ഭൂമിയില്‍ അന്യായമായി നിഗളിച്ചു. ഒരിക്കലും നമ്മിലേക്കു മടങ്ങേണ്ടിവരില്ലെന്നായിരുന്നു അവരുടെ വിചാരം. ഒടുവില്‍ ഫറവോനെയും പടയെയും നാം പിടികൂടുകയും സമുദ്രത്തില്‍ ചിതറിക്കളയുകയും ചെയ്തു. ആ ധിക്കാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. നാം അവരെ, നരകത്തിലേക്ക് വിളിക്കുന്ന സാരഥികളാക്കിയിരിക്കുന്നു.പുനരുത്ഥാനനാളില്‍ അവര്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല. (28:39-41)
ഈ രണ്ട് സൂക്തം വായിക്കുന്ന ഒരാള്‍ക്ക് തോന്നുമോ അല്ലാഹുവും ഇബ്ലീസും ഒരാളാണെന്ന്. ഇവിടെ ഇബ്ലീസ് എന്ന ഒരു പരാമര്‍ശമേ ഇല്ലെന്നത് പോകട്ടേ. ഇവിടെ പരാമര്‍ശിക്കപ്പെട്ട ചെകുത്താന്‍ മനുഷ്യമനസ്സില്‍ ദുര്‍ബോധനം നടത്തുന്ന ജിന്ന് വര്‍ഗത്തില്‍ പെട്ട പിശാച് തന്നെ എന്ന് വന്നാലും ഈ വാചക ഘടന വായിക്കുന്ന ആള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ് അതിന്റെ ഉദ്ദേശ്യമെന്തെന്ന്.

അതായത്, അവന്‍ പിന്‍തലമുറക്ക് ഒരു ദൃഷ്ടാന്തമായി സ്ഥാപിക്കപ്പെട്ടു. ധിക്കാരമനുവര്‍ത്തിക്കുകയും സത്യത്തെ കരുതിക്കൂട്ടി നിഷേധിക്കുകയും അന്ത്യനിമിഷംവരെ അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് ആരുതന്നെ ആയിരുന്നാലും അവരുടെ നില ഇതായിരിക്കും. സത്യത്തിനെതിരില്‍ മിഥ്യയുടെ വാഹകര്‍ക്ക് പലവിധ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. അവരെല്ലാം ഐഹിക മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്ത് നരകത്തിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. അവരുടെ പിന്‍ഗാമികളും ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് അതേ താവളത്തിലേക്ക് തന്നെ സഞ്ചരിക്കുകയാണ്.  (തഫ്ഹീമുല്‍ ഖുര്‍ആന്‍ )

ഇതാണ് അല്‍പമെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള സൂക്തത്തിന്റെ അവസ്ഥ. പിന്നീട് നല്‍കിയ സൂക്തങ്ങള്‍ ഖുര്‍ആനില്‍ ദൈവത്തിന്റെ പ്രവര്‍ത്തനവും മനുഷ്യരുടെ പ്രവര്‍ത്തനവും എങ്ങനെ ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നവെന്നതിനെക്കുറിച്ച ധാരണയില്ലാത്തതുകൊണ്ടാണ്. ഭൂമിയിലെ സകല കാര്യങ്ങളും ദൈവഹിതമനുസരിച്ചാണ് നടക്കുന്നത്. ദൈവത്തെ നോക്കുകുത്തിയാക്കിയോ നിസ്സഹായനാക്കിയോ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ഒരു മനുഷ്യന് മറ്റൊരാളെ കൊല്ലാന്‍ കഴിയുന്നത് കൊലയാളി മാത്രം വിചാരിച്ചിട്ടല്ല. അതിന് ദൈവം അനുവധിക്കുമ്പോള്‍ മാത്രമാണ്. ഈ നിശ്ചയം ഏത് മാനദണ്ഡമനുസരിച്ച് എന്നത് ദൈവിക വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ചിലരെ വധിക്കാന്‍ എത്രയോ തവണ ശ്രമിച്ച് പരാജയപ്പെട്ട് പിന്നീട് അദ്ദേഹം സ്വാഭാവിക മരണം വരിച്ചുവെന്ന് വരാം. ചിലപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ കൊല്ലപ്പെട്ടുവെന്നും വരാം. ഇങ്ങനെയൊക്കെ തന്നെയാണ്  ജിന്നുകളുടെ പ്രവര്‍ത്തനവും ഇവരിലുള്ളവരാണല്ലോ പിശാചുകള്‍ എന്ന് പറയുന്നത്. പിശാച് എന്ന  പ്രത്യേകമായ  രൂപഭാവങ്ങളോട് കൂടിയ ഒരു സൃഷ്ടിയില്ല. ആര് എറിഞ്ഞാലും ഏറ് കൊള്ളണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്നതിനാല്‍ ഏറ് കൊള്ളുന്ന പക്ഷം ആ പ്രവര്‍ത്തനം ചില ഘട്ടത്തില്‍ ദൈവത്തോട് ചേര്‍ത്ത് പറയും. ഒരു ഉദാഹരണം.

വാസ്തവത്തില്‍ നിങ്ങളല്ല അവരെ വധിച്ചത്. പ്രത്യുത, അല്ലാഹുവാകുന്നു. പ്രവാചകാ, നീ എറിഞ്ഞിട്ടില്ല; അല്ലാഹുവാണ് എറിഞ്ഞത്. (വിശ്വാസികള്‍ ഇതില്‍ ഉപയോഗിക്കപ്പെട്ടതോ) അല്ലാഹു, അവരെ മഹത്തായ ഒരു പരീക്ഷണം വിജയകരമായി തരണം ചെയ്യിക്കേണ്ടതിന്നുമായിരുന്നു. (8:17)
ഇവിടെ മനുഷ്യന്‍ നടത്തിയ പ്രവര്‍ത്തനത്തിന് ഫലം നല്‍കിയത് അല്ലാഹുവായതിനാല്‍ ആ പ്രവര്‍ത്തനം അല്ലാഹുവിന്റേതായി ചിത്രീകരിക്കുകയാണിവിടെ. പ്രത്യക്ഷത്തില്‍ വധിച്ചതും എറിഞ്ഞതുമൊക്കെ പ്രവാചകന്‍ തന്നെയാണ്. ആര്‍ വധിക്കപ്പെടണം എന്നത് ദൈവനിശ്ചയമനുസരിച്ചായതിനാല്‍ അത് ദൈവത്തോട് ചേര്‍ത്ത് പറയുന്നതും സംഗതമാകും. ഈ നിലക്ക് പിശാചിന്റെ (ജിന്നിലും മനുഷ്യരിലും പെട്ട) പ്രവര്‍ത്തനങ്ങളെ ചില സമയത്ത് ദൈവത്തോട് ചേര്‍ത്ത് ദൈവത്തിന് അതീതമല്ല ഇവിടെ നടക്കുന്ന ഒരു പ്രവര്‍ത്തനവും എന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട് ഖുര്‍ആനില്‍ അത്തരം ഏതാനും സൂക്തങ്ങളാണ് ഇബ്ലീസും അല്ലാഹുവും ഒന്ന് തന്നെ എന്ന് പരയാന്‍ അനില്‍കുമാര്‍ എടുത്ത് ഉദ്ധരിച്ചിരിക്കുന്നത്.

ഉദാഹരണം വേണ്ടത്ര ലഭിക്കാത്തത് കൊണ്ടാകും ഒരിക്കലും ഈ ഗണത്തില്‍ വരാത്ത അല്‍പം ബുദ്ധിയുണ്ടെങ്കില്‍ പോലും ഗ്രഹിക്കാവുന്ന താഴെകാണുന്ന സൂക്തങ്ങള്‍ അക്കമിട്ട് ഉദ്ധരിച്ചത്.
-----------------------------

7) ദുര്‍മൂര്‍ത്തികളുടെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:76.


അല്ലാഹുവിന്‍റെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:84.

8) അനേകം ആളുകളെ പിശാചു നശിപ്പിച്ചു. സൂറാ. 36:62.

അനേകം ആളുകളെ അല്ലാഹു നശിപ്പിച്ചു. സൂറാ. 77:16.

9) പിശാച് തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ. 3:175.

അള്ളാഹു തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ.3:151.

10) പിശാച് മറവിയുണ്ടാക്കും. സൂറാ. 6:68.

അള്ളാഹു ഉദ്ദേശിച്ചെങ്കിലെ ഓര്‍മ്മിക്കൂ. സൂറാ. 74:56.
----------------------------------------------

ദൂര്‍മൂര്‍ത്തിയുടെ ദാസര്‍ യുദ്ധം ചെയ്തതുകൊണ്ടാണ് അല്ലാഹുവിന്റെ ദാസര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ യുദ്ധം ചെയ്യേണ്ടി വന്നത്. അനേകം ആളുകളെ പിശാചു നശിപ്പിച്ചു എന്നത് ശരി. അത്തരം ദുര്‍മാര്‍ഗികളെ അല്ലാഹുവും നഷിപ്പിച്ചു. ഈ രണ്ട് നശിപ്പിക്കലും രണ്ട് വിധത്തിലാണ്. പിശാച് തന്റെ ശിങ്കിടികള്‍ക്ക് വേണ്ടി ആളുകളെ ഭയപ്പെടുത്തുന്നത് നാം കാണാറുണ്ടല്ലോ അല്ലാഹുവും അവന്റെ ദര്‍ശനത്തിനോട് ശത്രുതകാണിച്ച് അതിക്രമത്തിന് വരുന്ന പക്ഷം അവരെ ഭയപ്പെടുത്തിയേക്കാം. ഖുര്‍ആനില്‍ ആ സൂക്തം ഇപ്രകാരമാണ് ഉള്ളത് (((സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ അടുത്തുതന്നെ നാം ഭയം ജനിപ്പിക്കുന്നതാകുന്നു.))) മക്റ് എന്നാല്‍ തന്ത്രം എന്നാണ് അര്‍ഥം എന്നാല്‍ അതിന്റെ രീതിഅനുസരിച്ച് കുതന്ത്രമായിത്തീരുന്നതാണ്. ഈ തന്ത്രത്തിനെതിരെ ദൈവത്തിന്റെ ഭാഗത്ത് നിന്നുള്ള മറുതന്ത്രത്തെയും മക്ര് എന്നാണ് ഉപയോഗിക്കുന്നത്. അത്രമാത്രേ ആ സൂക്തത്തിലും കാണാന്‍ കഴിയു.
നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുവേണ്ടി സത്യവിരോധികള്‍ തന്ത്രങ്ങളാവിഷ്കരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു.25 അവര്‍ സ്വന്തം തന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവോ അവന്റെ തന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹുവത്രെ. (8:30)
ഇതേപ്രകാരംതന്നെ എല്ലാ നാട്ടിലും അതിലെ കേമന്മാരായ ധിക്കാരികളെ അവരില്‍ (സത്യത്തിനെതിരെ) കുത്സിതതന്ത്രങ്ങള്‍ പരത്തുന്നതിനായി നാം നിശ്ചയിച്ചിട്ടുള്ളതാകുന്നു. യഥാര്‍ഥത്തില്‍ അവര്‍ തങ്ങളുടെ കുതന്ത്രങ്ങളില്‍ കുടുക്കുന്നത് അവരെത്തന്നെയാകുന്നു. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. (6:123)

ഇതേ സൂക്തം അനില്‍കുമാര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ് (((അള്ളാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്. സൂറാ. 6:123.))) ഇത് തെറ്റിദ്ധരിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്.
ചുരുക്കത്തില്‍ ഇതൊക്കെ ഒരു പാളിപ്പോയ ആരോപണശ്രമമായിട്ടാണ് എനിക്ക് തോന്നുന്നത്. ഖുര്‍ആന്‍വിമര്‍ശകര്‍ക്ക് മുന്നില്‍ അത് അജയ്യമായി നിലകൊളളുക തന്നെ ചെയ്യും. ഇതുപോലെ നിരൂപണത്തിന് വിധേയമാക്കാവുന്ന ഒരു ഗ്രന്ഥവും നിലവില്‍ ഇല്ല. വിമര്‍ശകര്‍ക്ക് വലിയ തോതില്‍ കളവും വഞ്ചനയും നടത്തികൊണ്ടല്ലാതെ ആരോപണങ്ങള്‍ പോലും ഉന്നയിക്കാനാവില്ല.

അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

സ്നേഹത്തിന്റെ മതം ഏതാണ്, ആരാണ് ഏറ്റവും കൂടുതല്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ രണ്ട് ചോദ്യത്തിനും ഉത്തരം ക്രിസ്തുമതം, കൃസ്ത്യാനികള്‍ എന്നായിരിക്കും പൊതുസമൂഹത്തിന് പറയാനുണ്ടാവുക. അല്ലെങ്കിലും അതായിരിക്കും അവരുടെ മനസ്സില്‍ ആദ്യം വരിക. അതേ സമയം തീവ്രതയുടെയും ഭീകരതയുടെയും മതമേതാണ്, ഏറ്റവും അസഹിഷ്ണുത നിറഞ്ഞമതവിഭാഗമേതാണ് എന്ന ചോദ്യത്തിന് ഇസ്ലാം, മുസ്ലിം എന്നും ഒരാളുടെ മനസ്സിലേക്ക് കടന്നുവരാം. ഇതാണ് പ്രോപഗണ്ടയുടെ ശക്തി. അത്തരം ഒരു ധാരണ കടന്നുകൂടിയാല്‍ ചിലര്‍ ഇങ്ങനെ ചോദിച്ചുവെന്ന് വരാം. ഒരു സുഹൃത്ത് മുസ്ലിംകള്‍ മറുപടി പറയാന്‍ നല്‍കിയ ചോദ്യങ്ങള്‍ നോക്കൂ...


"സ്നേഹ"ത്തെപ്പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്ത് ?


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?

5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?


7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?

14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?

ഈ ചോദ്യങള്‍ക്കെല്ലാം പ്രിയ മുസ്ലീം സഹോദരങള്‍ മറുപടി നല്‍കുമല്ലോ..
------------------------------------


ഒരു ദര്‍ശനം എന്ന നിലക്ക് ഇസ്ലാം അങ്ങേ അറ്റത്തെ സമാധാനവും സഹവര്‍ത്തിത്തവുമാണ് മുന്നോട്ട് വെക്കുന്നത്. സ്നേഹവും കാരുണ്യവുമാണ് അത് ആവശ്യപ്പെടുന്നത്. ഖുര്‍ആനില്‍ അല്ലാഹുവിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിശേഷണം കാരുണ്യവാന്‍ കരുണാനിധി എന്നിവയാണ്. ഇസ്ലാം എന്ന പദം സമാധാനം എന്നര്‍ഥമുള്ള സലാം എന്ന പദത്തിന്റെ അതേ മുലപദത്തില്‍നിന്നുള്ളതാണ്. ദൈവത്തിന് വിധേയമാകുന്നതിലൂടെ പ്രകൃതിയില്‍ കാണപ്പെടുന്ന അതേ ശാന്തതയോടെ മനുഷ്യന് ജീവിക്കാം എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

ക്രിസ്തുമതം അശാന്തിയും അസമാധാനവുമാണ് വഹിക്കുന്നത് എന്ന് എനിക്ക് അഭിപ്രായമില്ല. സ്നേഹത്തെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരമാര്‍ശമുണ്ട്. ഒരു അഭിമുഖ സംഭാഷണത്തില്‍ ക്രൈസ്തവ പാതിരി ഒരു മുസ്ലിം പണ്ഡിതനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. നിങ്ങള്‍ മുസ്ലിംകള്‍ വിഢികളാണ് ... നിങ്ങളുടെ പ്രബോധനം ശ്രവിച്ചാല്‍ ദൈവം മനുഷ്യനെ ശിക്ഷിക്കാനായിട്ട് ഒരുങ്ങി നില്‍ക്കുന്ന ഒരു ക്രൂരനാണ് എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം നോക്കൂ. എന്നാല്‍ ഞങ്ങളെ നോക്കൂ. സ്നേഹം എന്ന പദം കൂടുതലായിട്ടൊന്നും ബൈബിളില്‍ ഇല്ലെങ്കിലും ഞങ്ങളതിനെ വലിച്ച് നീട്ടി, നീട്ടിപ്പരത്തി ക്രിസ്തു എന്നതിനെ സ്നേഹത്തിന്റെ പര്യായമാക്കി ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമാക്കി. (കേട്ടത് ഉദ്ധരിച്ചതിനാല്‍ വാചകഘടന അല്ലറചില്ലറ മാറ്റം പ്രതീക്ഷിക്കാം. പക്ഷെ ഭാവനയല്ല ഇത് എന്ന് ഞാന്‍ അടിവരയിടുന്നു)

ബൈബിളും ഖുര്‍ആനും ഒരുമിച്ച് വായിച്ചവര്‍ക്ക് ഈ വാദം പെട്ടെന്ന് മനസ്സിലാകും. എന്തിന് വേണ്ടിയാണ് അച്ചന്‍ ഇത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഗുണകാംക്ഷയോടെയായിരിക്കാം. ഏതായാലും പറഞ്ഞതില്‍ ഏറെ ശരിയുണ്ട്. രണ്ട് മതസ്ഥരുടെയും മേല്‍ സൂചിപ്പിച്ച ശൈലി വേരുറച്ച് പോയതിനാല്‍ അതുണ്ടാക്കിയ സംശയമാണ് സഹോദരന്‍ ചോദ്യമായി മുസ്ലിംകളുടെ മുന്നിലേക്ക് ഇടുന്നത്.

ചോദ്യങ്ങളോടുള്ള എന്റെ വ്യക്തിപരമായ പ്രതികരണം നല്‍കാം. ഈ ചോദ്യങ്ങള്‍ക്ക് ഇങ്ങനെയല്ല മറുപടി നല്‍കേണ്ടത് എന്ന് അഭിപ്രായമുള്ളവര്‍ക്ക് തങ്ങളുടെ ഉത്തരം കമന്റ് ബോക്സില്‍ നല്‍കാം... 


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ? 

ഒരു മുസ്ലിമിന് ഇതെന്ത് ചോദ്യം എന്ന് തോന്നുന്നുണ്ടാകും. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞത്. അഥവാ സ്നേഹിക്കുന്ന അല്ലാഹു എന്നത് അവര്‍ കേട്ടിട്ടേ ഇല്ല. ദൈവത്തെ സ്നേഹിക്കണം എന്നതും അവര്‍ കേട്ടിരിക്കില്ല. ഖുര്‍ആനില്‍ 90 ലധികം സ്ഥലത്ത് സ്നേഹം എന്നര്‍ഥമുള്ള ഹുബ്ബ് എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ വന്നിട്ടുണ്ട്. നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം വ്യക്തമല്ല. മുസ്ലിംകള്‍ എന്ന ഒരു സമുദായത്തോടല്ല ദൈവത്തിനുള്ള സ്നേഹം. മറിച്ച് മനുഷ്യരില്‍ അവന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നവരോടാണ്. അഥവാ മനുഷ്യനെ തന്നെയാണ് അല്ലാഹു സ്നേഹിക്കുന്നത്. ദൈവസ്നേഹത്തിന് അര്‍ഹത മനുഷ്യരില്‍ ചിലര്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(3:31)

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

ഈ സ്നേഹം ദൈത്തിന്റെ വാഗ്ദാനമാണ്. ഈ സ്നഹത്തിന്റെ പ്രതിഫലനം യഥാര്‍ഥത്തില്‍ അറിയാന്‍ കഴിയുന്നത് പരലോകത്ത് വെച്ചാണ്. ഇഹലോകത്ത് പ്രകടമാകുന്നത് അവന്റെ കാരുണ്യമാണ്. അതാകട്ടേ വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു.


 3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

ചോദ്യം ഒരു കൃസ്തീയ പശ്ചാതലത്തില്‍നിന്നുള്ളതാണ്. എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തില്‍ ഈ ചോദ്യത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല.

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

ദൈവവും മനുഷ്യനും കേവലം യജമാനനും അടിമയുമല്ല. മനുഷ്യനെ എല്ലാവിധ സംവിധാനത്തോടെയും സൌകര്യങ്ങളോടെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സൃഷ്ടാവാണ്. ആ സൃഷ്ടിയോട് ദൈവത്തിന് ഒരു പിതാവിന് പുത്രനോടുള്ളതിനേക്കാള്‍ സ്നേഹം ഉണ്ടാകും. അതേ പ്രകാരം തന്റെ ജന്മത്തിന് കാരണമായി എന്ന ഒരൊറ്റകാര്യത്തിനപ്പുറം കരുണയുള്ള പിതാവിനെ പോലും നല്‍കിയ സ്രഷ്ടാവും സംരക്ഷകനും യജമാനനുമായവനോട് പിതാവിനോട് തോന്നുന്നതിനേക്കാള്‍ സ്നേഹവും കടപ്പാടും ഉണ്ടാവും. അതുകൊണ്ട് ചോദ്യകര്‍ത്താവ് ബേജാറാകുന്നതില്‍ അര്‍ഥമില്ല.   


6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?

അടിമ-യജമാനല്‍ എന്ന ബന്ധത്തിനപ്പുറം ഇസ്ലാം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കണ്ടിട്ടേ ഇല്ല എന്ന ഒരു മുന്‍ധാരണയുണ്ടെങ്കിലേ ഇങ്ങനെ ചോദിക്കാന്‍ കഴിയൂ. അല്ലാഹുവിന് തന്റെ സൃഷ്ടിയായ മനുഷ്യനില്‍നിന്ന് അനുസരണം ആവശ്യപ്പെടാം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല സ്രഷ്ടാവിന് മാത്രമേ പരമമായ അനുസരണം പാടുള്ളൂവെന്നത് ഇസ്ലാമിന്റെ ആദര്‍ശത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ കല്‍പനക്കെതിരില്‍ ഒരു സൃഷ്ടിയെയും അനുസരിക്കാനും പാടില്ല. തന്റെ കല്‍പനകള്‍ പൂര്‍ണമായി അനുസരിക്കപ്പെടണം എന്നാണ് അടിമത്തം എന്ന ഉപമാലങ്കാരം കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. അതേ പോലെ സ്രഷ്ടാവ് എന്ന നിലക്ക് ഒരു പിതാവിനെക്കാളേറെ ദൈവത്തിന് മനുഷ്യനില്‍നിന്ന് സ്നേഹവും ആവശ്യപ്പെടാം.

7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

സാധാരണഗതിയിലുള്ള മനുഷ്യരിലെ അടിമ യജമാനന്‍ ബന്ധമല്ല ഇവിടെ ചര്‍ചാവിഷയം. ദൈവം എല്ലാറ്റിലും ഉപരിയായി മനുഷ്യന്റെ സ്രഷ്ടാവാണ് എന്നതിനാല്‍ ആ ബോധമുള്ള മനുഷ്യന്‍ എല്ലാറ്റിലും ഉപരി ദൈവത്തെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കും.

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

സ്നേഹം ലഭിക്കും എന്നാണ് ഉത്തമെന്നതിനാല്‍ ഈ ചോദ്യം നിലനില്‍ക്കുന്നില്ല.

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസികള്‍ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ജീവിത്തിന് ദിശാബോധം നല്‍കിയ ഞങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ദൌത്യവും നിര്‍ണയിച്ച് തരിക്കയും അതിലൂടെ ഞങ്ങളുടെ മനസ്സുകള്‍ക്ക് ലോകത്തെ ഏത് മനുഷ്യനും നല്‍കാന്‍ കഴിയുന്നിതിനേക്കാളെറെ ശക്തിയും സമാധാനവും നല്‍കിയ മുഹമ്മദ് നബിയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളെക്കാളും ഭാര്യമാരെക്കാളും സന്താനങ്ങളെക്കാളും എന്തിനേറെ ഞങ്ങളുടെ സ്വന്തം ശരീരത്തേക്കാളേറെ. മറ്റൊന്നുകൂടി ഇപ്രകാരം സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശ്വാസം അവകാശപ്പെടാന്‍ പോലും കഴിയൂ.

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍. പറയുക: `അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.`(7:157-158) 

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?


ഇത്തരം ചോദ്യത്തെക്കുറിച്ച് നേരത്തെ വന്നു ചോദ്യം ഇവിടെ ആവര്‍ത്തിക്കപെടുകയാണ്. ക്രൈസ്തവ ഭൂമികയില്‍നിന്നുള്ള മുസ്ലിംകളെ സംബന്ധിച്ച് നോക്കുമ്പോള്‍ അര്‍ഥമില്ലാത്ത ചോദ്യങ്ങള്‍ . മനുഷ്യനോടുള്ള അങ്ങേ അറ്റത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിവ് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം അവന് സാന്‍മാര്‍ഗിക നിയമനിര്‍ദ്ദേശം കൂടി നല്‍കി എന്നതാണ്. അതോടൊപ്പം വിശ്വാസികള്‍ക്ക് പരലോകത്ത് സ്വര്‍ഗം വാഗ്ദാനം ചെയ്തുകൊണ്ട് ദൈവത്തിന് തന്റെ സൃഷ്ടിയോടുള്ള അദമ്യമായ സ്നേഹം തുറന്ന് കാട്ടുകയും ചെയ്തിരിക്കുന്നു.


14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?


ഇല്ല ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം ഇല്ല. ഇതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്. മനുഷ്യന് ഇഷ്ടം പോലെ എന്ത് തെറ്റും ചെയ്യാമെന്നും ഏന്ത് തന്നെ ചെയ്താലും ശിക്ഷിക്കുകയില്ല എന്നൊക്കെയാണെങ്കില്‍ അത്തരം ഒരു പ്രസ്താവന അല്ലാഹുവിനെ സംബന്ധിച്ചടത്തോളം വസ്തുനിഷ്ഠമായി വരികയില്ല.

ഖുര്‍ആനനുസരിച്ച് ബൈബിളില്‍ പറയുന്നതും ശരി ?

ബൈബിള്‍ പൂര്‍ണമായി ദൈവവചനമാണെന്ന് ക്രൈസ്തവര്‍ പോലും വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്‍ ആരുടെയൊക്കെയോ കൈകടത്തലുകളുണ്ടായിട്ടുണ്ട് എന്നതിന് വ്യത്യസ്ഥമായ ബൈബിള്‍ കോപ്പികള്‍ തന്നെയാണ് നമുക്ക് ബോധ്യമാകുന്ന തെളിവ്. ഖുര്‍ആനും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അവയുടെ മൂലം ദൈവദത്തമായിരുന്നുവെന്നത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. തൌറാത്ത്, ഇഞ്ചീല്‍ എന്നൊക്കെ ഖുര്‍ആന്‍ പരമാര്‍ശിക്കുമ്പോള്‍ അത് പ്രവാചകന്‍മാര്‍ക്ക് ലഭിച്ച അതേ ഗ്രന്ഥത്തെ മാത്രമേ ഉദ്ദേശിക്കപ്പെടുന്നുള്ളൂ എന്ന വാദം ശരിയല്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന (പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് നിലനിന്ന) കോപ്പിയെയും അപ്രകാരം പേര് പറഞ്ഞിട്ടുണ്ട്. ചിലകാര്യങ്ങള്‍ വേദക്കാരോട് ചോദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . അതുകൊണ്ട് ഖുര്‍ആന്‍ നിലവിലുള്ള ബൈബിളിന്റെ ദൈവികതയും അപ്രമാദിത്വവും അംഗീകരിച്ചുവെന്ന് പറയാന്‍ കഴിയുമോ ?.  അങ്ങനെ ഒന്ന് പറഞ്ഞു നോക്കുകയാണ് ഇസ്ലാം വിമര്‍ശനം നടത്തുന്ന ചില  സുഹൃത്തുക്കള്‍ . അവരുടെ വാദം എന്തെന്ന് നോക്കാം.
-----------------------------------------------

Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍" (സൂറാ.3:93. U.C.K.തങ്ങള്‍)

തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
-----------------------------------------------

എന്താണ് ഇവിടെ സംഭവിച്ചത് എന്ന് നോക്കാം. ഇസ്ലാം മനുഷ്യാരംഭം മുതല്‍ ലോകവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൈവിക സന്ദേശത്തിന്റെ പേരാണ്. ആദിമ മനുഷ്യനായ ആദം നബി മുതല്‍ ദിവ്യസന്ദേശം നല്‍കി പോന്നിട്ടുണ്ട്. അതില്‍ പെട്ട ധാരാളം പ്രവാചകന്‍മാരെ ഖുര്‍ആനും ബൈബിളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമി ദൃഷ്ട്യാ പ്രവാചകന്‍മാര്‍ക്ക് നിരക്കാത്ത പല സ്വഭാവങ്ങളും ബൈബിള്‍ വചനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും അത്തരം കലര്‍പില്ലാത്ത സച്ചരിതരായ മനുഷ്യരായിട്ടാണ് ഖുര്‍ആന്‍ അവരെ പുനരവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെയൊക്കെ മനുഷ്യന്റെ ഭാവനയും സങ്കല്‍പവും കടന്നുകൂടിയിട്ടുണ്ട് എന്നാണ് ഖുര്‍ആനിന്റെ അനുയായികള്‍ മനസ്സിലാക്കുന്നത്. മനുഷ്യര്‍ക്ക് മുഴുവന്‍ ഉള്ള സന്ദേശമെന്ന നിലക്ക് അതിന്റെ അഭിസംബോധിതര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരും മതമില്ലാത്തവരും ആകുക സ്വാഭാവികമാണ്. അവരുടൊക്കെയും യുക്തിപരമായ സംവാദം ഖുര്‍ആന്‍ നടത്തുന്നു. പ്രവാചകന്‍റെ അഭിസംബോധിതരില്‍ വേദക്കാര്‍ എന്ന് അറിയപ്പെടുന്ന ജൂത-ക്രൈസ്തവര്‍ പ്രാധാനമായിരുന്നതിനാല്‍ അവര്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നു.

സംവാദം ചില പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ആ നിലക്ക് അവരുടെ ചില വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കാനും അവരുടെ പ്രമാണങ്ങളില്‍ പോലും തെളിവില്ലെന്ന് ബോധ്യപ്പെടുത്താനും ചില ചോദ്യങ്ങള്‍ ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ട്. വാദിക്കുന്നവ കാര്യങ്ങള്‍ക്ക് മിനിമം സ്വന്തം പ്രമാണങ്ങളിലെങ്കിലും തെളിവുണ്ടായിരിക്കണം എന്ന സംവാദത്തിന്റെ ഒരു മര്യാദ സൂചിപ്പിക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. അനില്‍കുമാര്‍ ഇവിടെ നടത്തിയ വാദം കുറേകൂടി ആഴത്തില്‍ പരിശോധിച്ചാല്‍ ഈ കാര്യം നമുക്ക് വ്യക്തമാകും.

എന്താണ് അനില്‍കുമാര്‍ പറയുന്നത്
Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍ " (സൂറാ.3:93. U.C.K.തങ്ങള്‍)
സത്യത്തില്‍ എന്താണിവിടെ പ്രശ്നം. ഇബ്രാഹീമും മോശയും യേശുവും മുഹമ്മദും (എല്ലാവരുടെ മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടേ) ദൈവത്തിന്റെ പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട മൌലിക തത്വങ്ങള്‍ക്ക് അന്തരം ഉണ്ടാവുകയില്ല. എന്നാല്‍ യേശു ആഗതനായപ്പോള്‍ ജൂതന്മാരിലൊരു വിഭാഗം വിശ്വസിക്കാതിരുന്നത് പോലെ മുഹമമദ് നബി ആഗതമായപ്പോഴും ജൂതന്മാരിലും ക്രൈസ്തവരിലും ഒരു വിഭാഗം വിശ്വസിക്കാതെ നബി അനുവദനീയമാക്കിയ ചില ഭക്ഷണത്തെ എടുത്ത് ആക്ഷേപിക്കാന്‍ തുടങ്ങി. മൌദൂദി പറയുന്നതിങ്ങനെ ....

ഖുര്‍ആന്റെയും തിരുമേനിയുടെയും മൌലിക ശിക്ഷണങ്ങളെപ്പറ്റി യാതൊരാക്ഷേപവും കൊണ്ടുവരിക സാധ്യമായില്ല. കാരണം, അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പൂര്‍വപ്രവാചകന്മാരും തിരുനബിയും ഒരേ സംഗതിയാണ് പ്രബോധനം ചെയ്തിട്ടുള്ളത്. അതിനാല്‍ കര്‍മശാസ്ത്രപരമായ ചില ശാഖാ പ്രശ്നങ്ങളുന്നയിച്ചുകൊണ്ടാണ് ജൂതപുരോഹിതന്മാര്‍ തിരുമേനിയെ എതിര്‍ത്തിരുന്നത്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു‘ഭക്ഷ്യസാധനങ്ങള്‍ അനുവദനീയമാകുന്ന പ്രശ്നം. യഹൂദികളുടെ ആചാരപ്രകാരം നിഷിദ്ധമായിരുന്ന ചില ‘ഭക്ഷ്യസാധനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ശരീഅത്തില്‍ അനുവദിച്ചതായി അവര്‍ കണ്ടു. അതും പിടിച്ച് അവര്‍ ആക്ഷേപിക്കാന്‍ തുടങ്ങി. ഇതേ ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ വാക്യം.

(3: 93-95) (മുഹമ്മദീയ ശരീഅത്തില്‍ ഹിതകരമായ) ഭക്ഷ്യവിഭവങ്ങളൊക്കെയും ഇസ്രയേല്‍ വംശത്തിനും ഹിതകരമായിരുന്നു.എന്നാല്‍ തൌറാത്ത് അവതരിച്ചുകിട്ടുന്നതിനുമുമ്പ് ഇസ്രായീല്‍ (ഹ.യഅ്ഖൂബ്) തന്റെ മേല്‍ സ്വയം നിഷിദ്ധമാക്കിയ ചില പദാര്‍ഥങ്ങളുണ്ടായിരുന്നുവെന്നുമാത്രം. അവരോടു പറയുക: `നിങ്ങള്‍ (നിങ്ങളുടെ വിമര്‍ശനത്തില്‍) സത്യസന്ധരെങ്കില്‍ തൌറാത്ത് കൊണ്ടുവരിക, എന്നിട്ടതില്‍നിന്നേതെങ്കിലും വചനം വായിച്ചുകേള്‍പ്പിക്കുക. അതിനുശേഷവും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടിരിക്കുന്നവരോ, അവരാകുന്നു യഥാര്‍ഥത്തില്‍ അക്രമികള്‍. പറയുക: `അല്ലാഹു അരുളിയിട്ടുള്ളതു സത്യമാകുന്നു. നിങ്ങള്‍ ഇബ്റാഹീമിന്റെ മാര്‍ഗം നിഷ്കളങ്കരായി പിന്‍പറ്റേണ്ടതാകുന്നു. ഇബ്റാഹീമോ, ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നില്ല.`

നിങ്ങള്‍ ആക്ഷേപിക്കുന്ന കാര്യത്തില്‍ സത്യസന്ധരാണെങ്കില്‍ മിനിമം നിങ്ങള്‍ നിങ്ങളുടെ തൌറാത്ത് കൊണ്ടുവന്ന് അതില്‍ ആ വസ്തുത കാണിക്കാന്‍ സാധിക്കേണ്ടതായിരുന്നു. എന്ന് വെച്ചാല്‍ ബൈബിളില്‍ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് ഖുര്‍ആന്‍ അംഗീകരിക്കുന്നുവെന്ന് അതിനൊരര്‍ഥവും ഇല്ല. പരമാവധിയുള്ളത് നിങ്ങള്‍ വിമര്‍ശിക്കുന്ന കാര്യത്തില്‍ അത്തരം ഒരു ആക്ഷേപം നിങ്ങളുടെ വേദം മുന്നില്‍ വെച്ച് ചെയ്യാന്‍ നിങ്ങള്‍ക്ക് നിര്‍വാഹമില്ല എന്ന് മാത്രമാണ്.

അത് മനസ്സിലാക്കുന്നതിന് പകരം അനില്‍കുമാര്‍ പറയുന്നത് ഇതാണ്.
തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
തൌറാത്ത് വികലമാക്കപ്പെട്ടുതാണെങ്കില്‍ യഹൂദന് എങ്ങനെയാണ് അത് പഠിച്ച് സത്യം നിര്‍ണ്ണയിക്കാന്‍ സാധിക്കുക എന്നാണ് ചോദ്യം. ഇവിടെ പുതുതായി ഒരു സത്യം ബൈബിള്‍ വായിച്ച് കണ്ടെത്താനല്ല അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അവരുടെ വേദത്തില്‍നിന്ന് തെളിവ് സമര്‍പിക്കാനാവുമോ എന്നതാണ് വെല്ലുവിളി. അവരുടെ വേദം പൂര്‍ണമായി സത്യസന്ധമാണെങ്കില്‍ പിന്നീട് ഒരു ഗ്രന്ഥം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പക്ഷെ തൌറാത്തിലുള്ളതിനെ സത്യപ്പെടുത്തി യേശു ആഗതനായി.

അതേ പ്രകാരം വേദക്കാരുടെ മറ്റൊരു വാദമായ ജൂതരോ ക്രിസ്ത്യാനികളോ അല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നതിനും തെളിവ് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്നിട്ട് അവര്‍ കൊണ്ടുവന്നോ എന്നതാണ് പ്രസക്തം. ഇങ്ങനെ ഒരു പരാമര്‍ശവും ബൈബിളില്‍ കാണിക്കുക സാധ്യമല്ല എന്നേ ഇത് കൊണ്ട് വരുന്നുള്ളൂ.. സൂക്തത്തിന്റെ ബാക്കി ഭാഗവും കൂടി വായിച്ചാല്‍ അത് വ്യക്തമാകുന്നതേയുള്ളൂ..

(3:111-112) അവര്‍ പറയുന്നു: `ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; (ക്രൈസ്തവരുടെ ധാരണയനുസരിച്ച്) ക്രിസ്ത്യാനിയാവാതെയും.` ഇതവരുടെ വ്യാമോഹങ്ങളാകുന്നു.അവരോട് പറയുക: `ഈ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക.` (യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രത്യേകതയുമില്ല.) സത്യം ഇതാകുന്നു: അല്ലാഹുവോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും കര്‍മംകൊണ്ട് നല്ലവനായിരിക്കുകയും ചെയ്യുന്നവന് റബ്ബിങ്കല്‍ അതിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ഖേദിക്കാന്‍ സംഗതിയാകുന്നതുമല്ല.

എവിടുന്നോ കോപി ചെയ്യുന്നതിനപ്പുറം വാദത്തോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടാകണം സൂകത്തിന്റെ റഫറന്‍സ് നമ്പര്‍ പോലും ഉറപ്പ് വരുത്താന്‍ കഴിയാതെ പോയത്.

ചുരുക്കത്തില്‍ വേദക്കാരുമായുള്ള ഖുര്‍ആന്‍റെ വിയോജിപ്പ് ഏത് കാര്യത്തിലാണോ അതിന് കുറേകൂടി വ്യക്തത നല്‍കുക മാത്രമാണ് ഈ രണ്ട് സൂക്തങ്ങളും ചെയ്യുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review