2014, ജൂലൈ 5, ശനിയാഴ്‌ച

നഴ്സുമാര്‍ രക്ഷപ്പെട്ടതിന് നന്ദി ആരോട് നാം ചൊല്ലേണ്ടൂൂ..






നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു? ഇത്രയും വൈകിച്ച സര്‍ക്കരിനോടോ, കൊണ്ട് വരില്ലെന്ന് വാശി പിടിച്ച കേന്ദ്രത്തിനോടോ? കലാപ ഭൂമിയില്‍ സുരക്ഷയോരുക്കി പാവം പെങ്കൊച്ചുങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിച്ച പോരാളികളോടോ? നന്ദി ആരോട് നാം ചൊല്ലേണ്ടൂൂ..........

ഒരു സുഹൃത്ത് പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ കമന്റ് ബോക്സില്‍ നല്‍കിയ വരികളാണിത്. ഇറാഖിലെ സുന്നിവിമതര്‍ കരുതലുള്ള ആങ്ങമാരോ അതല്ല രക്തരക്ഷരായ ഭീകരരോ ഇതാണ് ഇപ്പോള്‍ ഏവരെയും കുക്കുന്ന ചോദ്യം. സ്വതവേ പോരാട്ടം ശിയാക്കളായതുകൊണ്ടും. പ്രവാചകന്‍ സൂചിപ്പിച്ചതെന്ന് കരുതുന്ന കറുത്ത പതാക കൈവശമുള്ളതുകൊണ്ടും അവര്‍ പോരാടുന്നത് അമേരിക്കന്‍ പാവഭരണത്തോടാണ് എന്ന് കരുതുന്നതിനാലും ചിലര്‍ക്കെങ്കിലും നേരത്തെ തന്നെ ഒരു സോഫ്റ്റ് കോര്‍ണര്‍ മനോഭാവം പല മലയാളി മുസ്ലിംകള്‍ക്കും ഉണ്ട്. സത്യത്തില്‍ അവര്‍ ആരാണ് എന്നറിയാനുള്ള ചെറിയ ഒരു അന്വേഷണത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞതാണിവിടെ പങ്കുവെക്കുന്നത്. 


ഒരടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്കൊണ്ട് അവരുടെ കുടുംബത്തില്‍ ഉണ്ടായ ബേജാറൊന്ന് സങ്കല്‍പിച്ചുനോക്കൂ..ഇറാഖില്‍ വിമത സുന്നി തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ട നഴ്സുമാര്‍ ചര്‍ചയാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. പ്രത്യക്ഷത്തില്‍ തീര്‍ത്തും നിഷ്ക്രിയമായ  ഒരു സമീപനമാണ് കേന്ദ്രത്തില്‍നിന്ന് അനുഭവിക്കാന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്തുന്നതായി പോലും ആരും പറഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ കേള്‍ക്കുന്നു. പതിവുശൈലിയില്‍നിന്ന് ഭിന്നമായി പിന്‍വാതിലിലൂടെയാണ് ഇത്തവണ നയതന്ത്രം നടത്തി വിജയിപ്പിച്ചെടുത്തത് എന്ന്. രഹസ്യമായി മോഡി അയച്ച ഒരു സന്ദേശമാണ് നഴ്സുമാരെ സ്വന്തം റിസ്കില്‍ വിമാനത്താവളത്തിലെത്തിച്ച് ഇവിടെ നിന്ന് അയച്ച വിമാനത്തില്‍ കയറ്റി വിടാന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചത് എന്നും കേള്‍ക്കുന്നു. ഇവിടെ നാം അനുഭവിക്കുന്ന പ്രശ്നം അതല്ല. ഇന്നലെ വരെ കൊടും ഭീകരവാദികള്‍, മനുഷ്യനെ ജീവനോടെ തിന്നുന്നവര്‍ എന്നൊക്കെ ചാനലുകളും പത്രങ്ങളും പരിചയപ്പെടുത്തിയ ഈ വിഭാഗം  ഒറ്റദിവസം കൊണ്ട് ഇങ്ങനെ മയപ്പെട്ടതെങ്ങനെ എന്നാണ് നമുക്ക്  മനസ്സിലാകാതെ പോകുന്നത്. മാതൃഭൂമി നഴ്സുമാരെ തീവ്രവാദികള്‍ യുദ്ധമുഖത്ത് മനുഷ്യമറയാക്കാന്‍ പോകുന്നുവെന്ന് ഒന്നാം പേജില്‍ എഴുതിയിട്ട് ഒരാഴ്ചയായില്ല. മറയാക്കുന്നത് പോയിട്ട്, ലക്കും ലഗാനുമില്ലാതെ ആശുപത്രി പോലും പരിഗണിക്കാതെ ബോംബുവര്‍ഷം നടത്തുന്ന ഇറാഖിലെ നിയമാനുസൃത സൈന്യത്തില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ഈ തീവ്രവാദികളത്രെ. 

അപ്പോള്‍ എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു. ISIS എന്ന ഇറാഖിലെ വിമത പോരാളികളെ നാം മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കിയിട്ടില്ല. അവര്‍ ഭീകരരാണെങ്കിലും അങ്ങേ അറ്റം ഭീരുക്കളാണ് എന്നാണ് ഇപ്പോള്‍ നല്‍കപ്പെടുന്ന ഗവണ്‍മെന്റ് ഭാഷ്യം കണ്ടാല്‍ മനസ്സിലാവുക. സത്യത്തില്‍ ആരാണവര്‍ ? നാം ഇത് വരെ കണ്ട രക്തം മരവിപ്പിക്കുന്ന കൊലനടത്തുന്ന വീഡിയോകളിലുള്ള ഭീകരവാദികളും നഴ്സുമാര്‍ കണ്ട് അനുഭവിച്ച് വന്ന് പരിചയപ്പെടുത്തുന്ന വിമതരും വലിയ വ്യത്യാസം ഉണ്ടല്ലോ. ഈ സമസ്യ എങ്ങനെ പരിഹരിക്കാം. ഇതേക്കുറിച്ച് ആലോചിച്ചപ്പോഴാണ് കഴിഞ്ഞ ലക്കം പ്രബോധനം ഒന്നുകൂടി എടുത്ത് വായിക്കാന്‍ തോന്നിയത്. അതില്‍ പ്രസിദ്ധ അറബി കോളമിസ്റ്റ് ഫഹ്മി ഹുവൈദിയുടെ വിലയിരുത്തലും മറ്റുലേഖനങ്ങളെയും ഇതില്‍ അവലംബിച്ചിരിക്കുന്നു.  

2004 ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശകാലത്ത് രൂപം കൊണ്ട ജമാഅത്തുത്തൌഹീദ് വല്‍ജിഹാദ് എന്ന പോരാട്ട സംഘടന കുറച്ചുകാലം അല്‍ഖാഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുു. പിന്നീട് ബിന്‍ലാദന്റെ മരണത്തിന് ശേഷം അയ്മന്‍ സവാഹിരിയെ അംഗീകരിക്കാന്‍ സംഘടനയുടെ പുതിയ സാരഥി അബൂബക്കര്‍ ബഗ്ദാദി തയ്യാറായില്ല. പിന്നീട് സിറിയയില്‍ പരിമിതമായ അല്‍നുസ്റ എന്ന അല്‍ഖാഇദ വിഭാഗവുമായി ഈ സംഘം ഏറ്റുമുട്ടുക വരെയുണ്ടായി.   Islamic State of Iraq and the Levant   എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംഘടയുടെ പേര്‍  Islamic State of Iraq and Syria Islamic State of Iraq and al-Sham  എന്നൊക്കെ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി വരുന്ന ഈ സംഘടന അറബിയില്‍  ദാഇശ് എന്ന ചുരുക്കരൂപത്തിലും al-Dawlah al-Islāmīyah fī al-ʻIrāq wa-al-Shām എന്ന് വായിക്കാവുന്ന വിധം അറബിയിലും അതിന്റെ പേര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള്‍ 35 വര്‍ഷത്തോളം ഇറാഖ് ഭരിച്ച ബഅ്സ് പാര്‍ട്ടിയുടെ അവശിഷ്ടത്തില്‍നിന്ന് രൂപം കൊണ്ട സുന്നി നഖ്ശബന്ദി ത്വരീഖത്ത് വിഭാഗമാണിത്. 2007 ല്‍ പുനസംഘടിപ്പിക്കപ്പെട്ട ഈ വിഭാഗം അധിനിവേശ ശക്തികളോട് ഏറ്റുമുട്ടുക എന്നതാണ് ശൈലിയായി സ്വീകരിച്ചത്. അമേരിക്കന്‍ സേനയുടെ ഇറാഖില്‍നിന്നുള്ള പിന്‍മാറ്റത്തിന് ശേഷം ഇറാഖ് ഭരണകൂടം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ നഖ്ശബന്ദി ത്വരീഖതെന്ന് അമേരിക്കന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ അവലംബിച്ച് 2010 മാര്‍ച്ചില്‍ അതായത് യു.എസ് സേനയുടെ പിന്‍മാറ്റത്തിന് തൊട്ടുമുമ്പ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 



പറഞ്ഞുവന്നത് ഇത് ഇപ്പോള്‍ അവിടെവിടുന്നായി പ്രത്യക്ഷപ്പെട്ട ഇസ്ലാമിസ്റ്റുകളുടെ സംഖ്യമൊന്നുമല്ല. പുറത്താക്കപ്പെട്ട, നേരത്തെ ഭരണം ആസ്വദിക്കുകയും എന്നാല്‍ അമേരിക്കന്‍ സഖ്യസേന വലിയ സന്നാഹവുമായി ഇറാഖിന് മേല്‍ പറന്നിറങ്ങിയപ്പോള്‍ നേരിയ ചെറുത്ത് നില്‍പ്പുപോലും നടത്താതെ പിന്‍വലിഞ്ഞ അതേ സൈന്യത്തിന്റെയും അവരെ പിന്തുണക്കുന്നവരുടെയും പങ്ക് ഇറാഖിലെ ഈ സംഘടനക്ക് പിന്നിലുണ്ട്. സദ്ദാമിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇന്ത്യയോടും ഇന്ത്യക്കാരോടും ഉണ്ടായിരുന്ന താല്‍പര്യത്തിന്റെ നേരിയ പ്രതിഫലനമാണ് നഴ്സുമാരുടെ മോചനത്തിലെ പ്രധാന ഘടകം എന്ന് ഇതില്‍നിന്ന് ന്യായമായും ഊഹിക്കാം. പൊതുവെ ഇറാഖികള്‍ ഇന്ത്യയോട് എക്കാലത്തും സൌമനസ്യം കാണിച്ചവരാണ്. മോഡിയുടെ പിന്‍വാതില്‍ ഭീഷണികൊണ്ടാണ് ഇവര്‍ നഴ്സുമാരോട് കാരുണ്യം കാണിച്ചത് എന്ന് ചിന്തിക്കുന്നതിനേക്കള്‍ ഇതാണ് യുക്തിസഹം. ദാഇശ് പാര്‍ട്ടിക്കാരൊക്കെ ബഅ് സ് പാര്‍ട്ടിക്കാരാണ് എന്നല്ല പറയുന്നത്. ബഅ് സ് ഉന്‍മൂലനത്തിന് ശേഷം ദാഇശ്, അന്‍സാറുസ്സുന്ന അല്‍ ജയ്ശുല്‍ ഇസ്ലാമിയ എന്നീ  സലഫീ സംഘടനകളിലേക്കാണ് അവരില്‍ മിക്കവരും പിന്‍വലിഞ്ഞത്. മുസ്ലികളില്‍നിന്ന് രാഷ്ട്രീയമായി പോരാടുന്നവരൊക്കെ ഇസ്ലാമിസ്റ്റുകള്‍ എന്ന ധാരണ ശരിയല്ല. ISIS ഇസ്ലാമിസ്റ്റുകളല്ല. കുറേകൂടി ഇവര്‍ക്ക് ചായ് വുള്ളത് സലഫി തീവ്രവാദത്തോടാണ്. ഒരുപാട് രൂപപരിണാമങ്ങളും പേരുമാറ്റവും ഇവര്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഈ സംഘടനയുടെ തന്നെ സിറിയന്‍ പതിപ്പാണ് ബശ്ശാറിന്റെ സൈന്യത്തോട് പോരാടികൊണ്ടിരിക്കുന്നതില്‍ നേതൃസ്ഥാനത്തുള്ളത്. അവിടെയും കുറേ പ്രദേശങ്ങള്‍ ഇവരുടെ പിടിയിലാണ്. ഇവര്‍ പുറത്ത് വിട്ട ഒരു വീഡിയോവില്‍ ഉള്ളത്. ബഗ്ദാദ് സിറിയന്‍ ഹൈവേ തങ്ങളുടെ കീഴിലാണ് എന്ന് പ്രഖ്യാപിക്കാനായി അതിലൂടെ കടന്നുപോയ സിറിയയിലെ ഹിംസില്‍നിന്നുള്ള ഡ്രൈവര്‍മാരെ വധിക്കുന്ന രംഗമാണ്. അവരുടെ പോരാട്ടം ആരെ ലക്ഷ്യംവെച്ചാണ് എന്ന് അതില്‍നിന്നൊക്കെ വ്യക്തമാണ്. എന്നാല്‍ നിരപരാധികളായ ആ ഡ്രൈവര്‍മാരെ ശിയാക്കളാണ് എന്നതുകൊണ്ട് മാത്രം വധിക്കുകയും അതിന് ഖുര്‍ആന്‍ സൂക്തം ഉരുവിടുകയും ചെയ്യുന്ന ശൈലി തികഞ്ഞ സലഫിതീവ്രവാദമാണിവരുടെ മൂലധനം എന്ന് വ്യക്തമാക്കുന്നു. 

എന്നാല്‍ നാം കഴിഞ്ഞ ആഴ്ചകളില്‍ നമ്മുടെ ചാനലുകളിലും പത്രങ്ങളിലും കണ്ടതും കേട്ടതുമോ? അവിടെയാണ് പത്രമാധ്യമങ്ങളുടെ കളി.  ദാഇശിന്റെത് വളരെ കര്‍ക്കശമായ ആക്രമണ സ്വഭാവമാണ് എന്ന കാര്യത്തില്‍ സംശയമില്ല.  അവര്‍ നടത്തുന്ന ചില വീഡിയോകള്‍ വളരെ ഉള്‍കിടിലത്തോടെ കണ്ടു. സാധാരണ ഗതിയില്‍ തങ്ങള്‍ നടത്തുന്ന ക്രൂരതകള്‍ ആരും പുറത്ത് വിടാറില്ല. എന്നാല്‍ ഇവിടെ സ്വയം വീഡിയോവിലെടുത്ത് പുറത്ത് വിട്ട വിഡിയോ ചില ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാകാന്‍ നല്ല സാധ്യതകാണുന്നുണ്ട്. അതില്‍ വെടിവെക്കുന്നതിന് മുമ്പ് ആളുകളുടെ മുഖം വ്യക്തമായി കാണിക്കുകയും തങ്ങള്‍ മാലിക്കി ഭരണകൂടത്തിന്റെ പോലീസാണ് എന്ന വിവരം അവരില്‍നിന്ന് തന്നെ കേള്‍പ്പിക്കുകയും ചെയ്ത ശേഷമാണ് വെടിവെച്ച് കൊല്ലുന്നത്. അറബി ഭാഷയറിയാത്തവരെ സംബന്ധിച്ചിടത്തോളം സാധാരണക്കാരായ ആളുകളെ അതും നല്ല നിലയില്‍ മുസ്ലിം വസ്ത്രംധരിച്ച ആളുകളെ വെടിവെച്ചുകൊല്ലുന്ന ക്രൂരത എന്ന് തോന്നാം. ഇത് ക്രൂരതയാണ് എന്ന് തന്നെ ഞാനും പറയുന്നു. പക്ഷെ ഈ ക്രൂരത ഇറാഖില്‍ അവര്‍ അനുഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല എന്ന് അവരുടെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ നമുക്ക് അംഗീകരിക്കേണ്ടിവരും. ഭീകരത ഇല്ലാതാക്കാനുള്ള മാര്‍ഗം. അതിന് കാരണമായ കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കലാണ്. അല്ലെങ്കില്‍ ഒരു ഭീകര സംഘടത്തെ ഉന്‍മൂലനം ചെയ്താലും മറ്റൊന്ന് ഉയര്‍ന്ന് വരും. സായുധ സംഘങ്ങളെ ആയുധം കാണിച്ച് നിലക്ക് നിര്‍ത്താനാവില്ല. കാരണം അവര്‍ ആദ്യം ത്യജിക്കുന്നത് ജീവിക്കാനുള്ള പൂതിയാണ്.   പത്ത് ലക്ഷത്തിലധികം ഇറാഖികളെ അതും നിരപരാധരായ സിവിലിയന്‍മാരെയാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സംഖ്യസേന വധിച്ചത്. അതില്‍ ചിലതിന്റെ വീഡിയോ വിക്കിലീക്സ് പുറത്ത് വിട്ടത് നാം കണ്ടു. അത്തരം ഭീകരതക്ക് ഈ ഭീകരതമുളക്കുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്.  മുമ്പ് ഗുജറാത്തിലും ഇപ്പോള്‍ മുസഫര്‍ നഗറിലും നടന്ന കലാപത്തിന്റെ വീഡിയോ അതിന് നേതൃത്വം നല്‍കിയവര്‍ തന്നെ എടുത്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ എന്ത് മാത്രം ക്രൂരമമാകുമായിരുന്നുവെന്ന് ആലോചിച്ചുനോക്കുക. അതില്‍കവിഞ്ഞൊരു ക്രൂരതയൊന്നും ദാഇശിനുമില്ല എന്നാണ് താരതമ്യം ചെയ്തുപറയാനാവുക. എന്തൊരു കാരണത്തിന്റെ പേരിലാണ് ഇന്ത്യയില്‍ ഇടതടവില്ലാതെ വര്‍ഗീയ കലാപങ്ങളും ക്രൂരമായ നരമേധങ്ങളും നടക്കുന്നത്. ഏത് കാര്യത്തിനാണ് ഇറോം ശര്‍മിള 14 വര്‍ഷമായി നിരാഹാരം കിടക്കുന്നത്. അതൊക്കെ ചിന്തിക്കുമ്പോള്‍ നാം കരുതുന്നത് പോലെ ഒരു പറ്റം സ്ത്രീകളെ കണ്ടാല്‍ അവരെ കൊന്നുതള്ളാന്‍ മാത്രം ക്രൂരത  ഈ രാഷ്ട്രീയ പോരാട്ട സംഘങ്ങളില്‍ കാണാറില്ല. അതിനാല്‍ നഴ്സുമാരെ രക്ഷപ്പെടാന്‍ സൌകര്യം ചെയ്തുകൊടുത്തത് വലിയ ഒരു സംഭവമല്ല. കാരണം ഈ പാവപ്പെട്ട നഴ്സുമാരോട് എന്തെങ്കിലും ഒരു പകകാണിക്കേണ്ട ആവശ്യം അവര്‍ക്ക് ഇല്ല. അവരുടെ വിരോധം തങ്ങളെ ഇത്രനാളും അവഗണിച്ച് മാറ്റിനിര്‍ത്തിയ ആമേരിക്കയുടെ പാവ ഭരണകൂടത്തോടും അതിനെ സഹായിക്കുന്നവരോടുമാണ്. സിറിയയിലും ദാഇശ് സമാന്തരമായി വ്യാപിക്കുന്നുണ്ട്. ഡെയര്‍ സോര്‍, അര്‍റിഖ എന്നിവിടങ്ങള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലാണ്.  ദമസ്കസ് പോലും അവരുടെ ഭീഷണിയില്‍നിന്ന് വിദൂരമല്ല എന്നാണ് ഫഹ്മി ഹുവൈദി നിരീക്ഷിക്കുന്നത്. 

ഇറാഖിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ ദാഇശി എന്ന വിമത പോരാട്ടസംഘടനയുടെ അധീനത്തിലാണ്. കടുത്ത സുന്നി വിവേചനമാണ് മാലികീ ഭരണകൂടത്തിന്റെ ഈ പതനത്തിന് പിന്നില്‍. ആയുധം വെച്ച് കീഴടങ്ങാന്‍ മാലിക്കിയുടെ സേനാനായകരോട് ആവശ്യപ്പെടുകയും അങ്ങനെ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച ചില ഓഫീസര്‍മാരുമായി ഏകോപനമുണ്ടാക്കി രാജ്യത്തിന്റെ ഉള്ളിലേക്ക് വിപുലമായി ഇരച്ചുകയറിയാണിത് അവര്‍ സാധിച്ചത്. ഇതിന് ഇറാഖിന്റെ സൈന്യത്തെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഈ കൊലകള്‍ പരസ്യമായി പ്രക്ഷേപണം ചെയ്തത് എന്ന് ഊഹിച്ചാല്‍ തെറ്റാവുകയില്ല. അത് കുറിക്ക് കൊള്ളുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം അവര്‍ രക്തമുറയുന്ന ക്രൂരതകള്‍ക്ക് മടിക്കാത്തവരാണ് എന്ന സന്ദേശവും ലോകത്തിന് നല്‍കി.  മൂസില്‍ യുദ്ധത്തില്‍ 430 മില്യണ്‍ ഡോളര്‍ കൈപിടിയിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. വന്‍ ആയുധശേഖരങ്ങള്‍ക്കും യുദ്ധക്കോപ്പുകള്‍ക്കും പുറമെയാണിത്. ആയുധധാരികളുടെ നിയന്ത്രണത്തിന് കീഴിലുള്ള മേഖലയില്‍ ദാഇശിന്റെ റോള്‍ അനിഷേധ്യമാണ്. ഇനി മാലിക്കി ഭരണകൂടത്തിന് ചെയ്യാനുള്ളത് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ അയച്ചു ലക്കുംലഗാനുമില്ലാതെ സഖ്യസേന നേരത്തെ നടത്തിയത് പോലെ നാടിനെ അതിലെ ആളുകളോടൊപ്പം ചതച്ചരക്കുക എന്നതാണ്. ഇവരുടെ ശക്തി കണ്ടതുകൊണ്ടുതന്നെയാകും. അമേരിക്കന്‍ ദുതന്‍ ഒരു സഹകരണ ഭരണത്തിന് ശുപാര്‍ശ ചെയ്തുനോക്കിയത്. എന്നാല്‍ അദ്ദേഹം മടങ്ങിയ ഉടനെ മാലിക്കി നൂരി അത് നിരാകരിച്ച് പ്രസ്താവനയിറക്കി. 

ദാഇശിന്റെ മുന്നേറ്റത്തില്‍ ഒരു മുസ്ലിമിന് ഏറെയൊന്നും സന്തോഷിക്കാനില്ല എന്ന് തോന്നുന്നു. ഇത് കേവലം ഒരു രാഷ്ട്രീയ യുദ്ധമാണ്. അല്ലാഹു അക്ബര്‍ കൂടെകൂടെ പറയുന്നതുകൊണ്ടുമാത്രം എല്ലാ മുസ്ലിംകളും അവരെ പിന്തുണക്കും എന്നോ അതോടെ അവര്‍ ഇസ്ലാമിസ്റ്റുകള്‍ എന്ന വിളിക്ക് അര്‍ഹമായി എന്നോ കരുതുന്നത് ശരിയല്ല.  മുസ്ലിംകളിലെ ഇസ്ലാമിക രാഷ്ട്ര സിദ്ധാന്തം അംഗീകരിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും പൊതു മുസ്ലിം സമൂഹത്തിന് മൊത്തത്തിലും ഇവരോട് ഒരു മമത ഉണ്ടാകുമെന്ന് കരുതിയാണ് ചാനലുകള്‍ ഇത്രയധികം ഭീകരവല്‍ക്കരിക്കുന്നത്. ദാഇശ് വിജയിച്ചാല്‍ ശിയാക്കളെ അടിച്ചമര്‍ത്തി പഴയ ഒരു സദ്ദാം മോഡല്‍ കര്‍ക്കശ ഭരണം വരുമെന്നതിലുപരി ഇസ്ലാമിന് ഒന്നും സംഭവിക്കാനില്ല എന്നാണ് പ്രതീക്ഷിക്കാവുന്നത്. പക്ഷെ അധിനിവേശവിരുദ്ധത ഇപ്പോഴവരുടെ രക്തത്തിലുള്ളതിനാല്‍ അത് പാശ്ചാത്യന്‍ നാടുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാകണം എന്നില്ല എന്ന് മാത്രം. എന്നാല്‍ സൌദിപോലെയുള്ള സുന്നി ഭരണങ്ങള്‍ അമേരിക്കന്‍ വിധേയരാജ്യങ്ങളായിരിക്കെ അമേരിക്കക്ക് നൂരി തന്നെ ഇറാഖ് ഭരിക്കണമെന്നില്ല. അതുകൊണ്ടായിരിക്കുമോ അവര്‍ കാത്തിരിക്കുന്നത്. 

ചുരുക്കത്തില്‍ ആശയക്കുഴപ്പത്തിന്റെ കാരണം  വസ്തുനിഷ്ഠമായി വിലയിരുത്താതെ സാമുദായിക-മത-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ നോക്കികാണുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. നഴ്സുമാര്‍ രക്ഷപ്പെട്ടതിന് തല്‍കാലം ദൈവത്തോട് നന്ദിരേഖപ്പെടുത്തുക. മുകളില്‍ പറഞ്ഞ കാരണം കൂടാതെ അവരുടെ ദൈവവിശ്വാസം അതില്‍ കുറച്ചൊക്കെ പങ്കുവഹിച്ചിട്ടുണ്ടാകാം. അതിലപ്പുറം ആരുടെയോ ഭീഷണികൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് പറയുന്നത് വിലകുറഞ്ഞ തമാശയാണ്.

ഇത്തരുണത്തില്‍ ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും മുഫ് തിയുമായ യൂസുഫുല്‍ ഖര്‍ദാവിയുടെ വിലയിരുത്തലുകളും ശ്രദ്ദേയമാണ്. സ്വയം ഖിലാഫത്ത് പ്രഖ്യാപിച്ച ശൈലിയെയാണ് ഇതില്‍ എതിര്‍ക്കുന്നതെങ്കിലും മൊത്തത്തില്‍ അവരുടെ പെരുമാറ്റമെല്ലാം ഇസ്ലാമിക പ്രമാണമനുസരിച്ചാണ് എന്ന ധാരണയെ അത് തിരുത്തുന്നു.

ദോഹ : ഇറാഖി വിമതര്‍ നടത്തിയിരിക്കുന്ന ഖിലാഫത്ത് പ്രഖ്യാപനം ശരീഅത്ത് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി വ്യക്തമാക്കി. ലോകത്തെ എല്ലാ ഇസ്‌ലാമിക സംഘങ്ങളോടും ഇസ്‌ലാമിന്റെ ഉന്നതമായ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളാനും പണ്ഡിതവേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാഖിലെ സുന്നികള്‍ക്ക് വേണ്ടി പ്രതിരോധിക്കുകയും ദുര്‍ബലര്‍ക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്തിരുന്ന 'ഇസ്‌ലാമിക് സ്‌റ്റേറ്റ്' ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത് അതിന് ശരീഅത്ത് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നും പണ്ഡിതവേദി മുന്നറിയിപ്പ് നല്‍കി.

ഖിലാഫത്ത് എല്ലാവരുടെയും സ്വപ്‌നമാണെങ്കിലും അതിന് മുമ്പ് ധാരാളം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഖലീഫ എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധിയാണ്. സമൂഹത്തിലെ എല്ലാവരും നേരിട്ടോ അല്ലെങ്കില്‍ പ്രതിനിധികള്‍ മുഖാന്തിരമോ ബൈഅത്ത് ചെയ്താണ് ഖലീഫയെ തെരെഞ്ഞെടുക്കേണ്ട്. ഇറാഖില്‍ നടന്നിരിക്കുന്നത് കേവല പ്രഖ്യാപനമാണ്. ഇത്തരം ഒരു പ്രഖ്യാപനത്തെ ശരീഅത്ത് അംഗീകരിക്കുന്നില്ല. എന്നും പ്രസ്താവന വിവരിക്കുന്നു. അപ്രകാരം തന്നെ ഖലീഫയെ തെരെഞ്ഞെടുക്കേണ്ടത് കൂടിയാലോചനയിലൂടെ ആയിരിക്കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചക വിയോഗത്തിന് ശേഷം അന്‍സാരികളും മുഹാജിറുകളും സഖീഫ ബനൂ സാഇദയില്‍ ഒരുമിച്ച് കൂടിയാലോചന നടത്തിയാണ് ഒന്നാം ഖലീഫയെ തെരെഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു കക്ഷി നടത്തുന്ന ഖിലാഫത്ത് പ്രഖ്യാപനം ശരീഅത്തിന് വിരുദ്ധമാണെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.

പണ്ഡിതവേദിയുടെ പ്രസ്താവനയുടെ അവസാനത്തില്‍ ചില കാര്യങ്ങള്‍ അക്കമിട്ട് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ മുസ്‌ലിം സമൂഹത്തിന് ഒട്ടും ഗുണം ചെയ്യില്ലെന്നും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മാത്രമായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍ എന്നും അതില്‍ പണ്ഡിതവേദി മുന്നറിയിപ്പു നല്‍കുന്നു. (ഇസ്ലാം ഓണ്‍ലൈവ്)

2 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

സിറിയൻ പ്രശ്നം പരിഹരിക്കാൻ മുന്നിട്ടു ഇറങ്ങാത്ത അറബ് ജനതയും ,ആ പ്രശ്നത്തിൽ പക്ഷ പാതിത്വം കാണിക്കുന്ന ഹിസ്ബുള്ളയും ,ഇറാനും വിളിച്ചു വരുത്തിയ വിനയാണ് ഐസിസ് .
ഒരു പ്രശ്നം പരിഹരിക്കുന്നതിലെ അമാന്തം എങ്ങിനെയാണ് കൈവിട്ടു പോവുക എന്നതിന്റെ ഉദാഹരണവും

CKLatheef പറഞ്ഞു...

ഏതൊരു മനുഷ്യന്റെയും ഇഹലോക ജീവിത്തിലെ പ്രധാനപ്പെട്ട ലക്ഷ്യം, സുഖത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നതാണ്. അതിന് നിരന്തരമായി വിഘാതം സൃഷ്ടിച്ചാല്‍ അതും ഒരു വിഭാഗീയതയുടെ ഫലമായിട്ടായാല്‍ അവര്‍ സംഘം ചേരുകയും അത് നേടിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യും. പിന്നീട് അതിന്റെ പേരില്‍ മറ്റുള്ളവര്‍ക്ക് എന്ത് ബാധിക്കുന്നുവെന്ന ചിന്ത അവരില്‍ ഉണ്ടാവുകയില്ല. ഈ കാര്യങ്ങള്‍ മനസ്സിലാക്കി ആധുനിക രാഷ്ട്രങ്ങള്‍ എല്ലാവിഭാഗത്തിനും പ്രാതിനിധ്യവും സൌകര്യവും നല്‍കുന്ന ഒരു ഭരണവ്യവസ്ഥ വിജയകരമായി കൊണ്ടുനടക്കുന്നു. എന്നാല്‍ ഇതേ രാജ്യങ്ങള്‍ തന്നെ തങ്ങള്‍ക്ക് ചില താല്‍പര്യങ്ങള്‍ ഉള്ള രാജ്യങ്ങളെ ചില സ്വേഛാധിപതികളുടെ കീഴില്‍നിലനിര്‍ത്തുന്നു. അതിനാല്‍ അത്തരം സ്ഥലങ്ങളില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇസ്ലാമിനെ സംബന്ധിച്ച് അതില്‍ ഭരണം എന്നത് അതിന്റെ ഒരു അവിഭാജ്യഭാഗമാണെങ്കിലും അത് ഒരു വിഭാഗത്തിന് മാത്രം ഗുണകരമാകുന്ന ഭരണമല്ല. ജനങ്ങളുടെ പൊതുവായ സുരക്ഷയും സമാധാനവും തന്നെയാണ് അതിന്റെ ലക്ഷ്യം അതിനാല്‍ ഏകരൂപത്തിലുള്ള ഒരു ഭരണത്തിന് പകരം എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള ഒരു ഭരണം എന്ന കാഴ്ചപ്പാടാണ് ആധുനി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്. ഇവരെയാണ് ഇക്കാലമത്രയും ഇസ്ലാമിസ്റ്റുകള്‍ എന്ന് പേരിട്ട് വിളിച്ച് ഭീകരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ ഭീകരരാവുന്നത് പ്രതിയോഗികളെ ഇതുപോലെ പച്ചയായി വധിക്കുന്നതിന്റെ പേരിലല്ല. മറിച്ച് തങ്ങളെ വെല്ലുുന്ന ഒരു സഹകരണ രാഷ്ട്രീയവ്യവസ്ഥ ഇവര്‍ രൂപപ്പെടുത്തും എന്നതിന്റെ പേരിലാണ്. ഒരു കാര്യം അവര്‍ക്കുറപ്പാണ്. ലോകത്ത് ഇനി വിജയിക്കാന്‍ പോകുന്നത് അടിച്ചമര്‍ത്തി ഭരണം നടത്തുന്ന ഇത്തരം വിഭാഗിയ ഭരണപദ്ധതിയല്ല. മറിച്ച് എല്ലാവരെയും തുല്യമായി ഉള്‍കൊള്ളുന്ന വ്യവസ്ഥക്കായിരിക്കും. പ്രവാചകന്‍ പരിചയപ്പെടുത്തിയ വ്യവസ്ഥ യഥാര്‍ഥത്തില്‍ അതാണ്. പക്ഷെ ഇന്നതിനെ ജനാധിപത്യവ്യവസ്ഥ എന്ന നിലക്കാണ് മനസ്സിലാക്കുന്നത്. കാരണം ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുന്നതെല്ലാം പാവശൈഖ് ഡമുകളും കിംഗഡമുകളുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review