2010, ജൂലൈ 29, വ്യാഴാഴ്‌ച

ഒരു പ്രസ്താവന വി.എസ്. നടത്തുമ്പോള്‍..

തൊടുപുഴയിലെ കൈവെട്ടു സംഭവം ഇസ്‌ലാമിനെ പ്രതിചേര്‍ത്ത് ആഘോഷിക്കുന്നതില്‍ യുക്തിവാദി ബ്ലോഗര്‍മാര്‍ അലംഭാവം കാണിച്ചിട്ടില്ല. എന്നാല്‍ ആ ആഘോഷം വേണ്ടത്ര പൊലിപ്പിക്കുന്നതിന് തടസ്സമായത്, മുസ്‌ലിം സമൂഹം മൊത്തത്തില്‍ അതിനെ തള്ളിപ്പറഞ്ഞതും അപലപിച്ചതുമാണ്. അതുകൊണ്ട് ചില ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ചേര്‍ത്ത് പറഞ്ഞ് അവര്‍ തൃപ്തിയടഞ്ഞു. പക്ഷെ വി.എസിന്റെ പ്രസ്താവന ഒരു നല്ല ഇരയായി മാറുന്നതാണ് കണ്ടത്. ഇതിനെതിരെ ഇവിടെയും ചിലത് കുറിക്കണമെന്നുണ്ടായിരുന്നു. കടുത്ത ഇസ്‌ലാം വിരോധവും ഇസ്‌ലാമോഫോബിയയും ഗ്രസിച്ചിട്ടില്ലാത്ത, കാര്യങ്ങളെ യഥാര്‍ഥ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്ന, മുസ്ലികളല്ലാത്ത ബ്ലോഗര്‍മാര്‍ ഈ യുക്തിവാദികള്‍ക്ക് തക്ക മറുപടി നല്‍കുന്ന സന്തോഷകരമായ കാഴ്ചയാണ് കണ്ടത്. സ്വാഭാവികമായി അവര്‍ കൂലി എഴുത്തുകാരും തീവ്രവാദികളെ പിന്തുണക്കുന്നവരുമാണെന്ന വിളി കേള്‍ക്കേണ്ടി വന്നു എന്നത് യാഥാര്‍ഥ്യം. പറയുന്നത് ആത്മാര്‍ഥമായതിനാല്‍ അവര്‍ അതില്‍ പതറുന്നത് കണ്ടില്ല. അതിലൊരു പോസ്റ്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു. വായിക്കുക: 


{{{ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്‌... പണം കൊടുത്തിട്ട്‌ അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന്‌ ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്‌. 

ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത്‌ ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്‌. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രൂപവത്‌കരിക്കപ്പെടുന്നത്‌ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക്‌ സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ്‌ അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന്‌ ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ്‌ പദ്ധതി. 


മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ്‌ എസ്‌ അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക്‌ സാധിച്ചില്ല. ആറ്‌ വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക്‌ ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന്‌ മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്‌. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ആര്‍ എസ്‌ എസ്‌ തുറന്നു സമ്മതിക്കുന്നു. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ്‌ കാണിച്ചില്ല എന്ന്‌ പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്‌. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്‌. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്‌. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്‌' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ്‌ എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. 


സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്‌. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക്‌ ആധികാരികത കൈവരികയാണ്‌ ചെയ്യുന്നത്‌. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും. 


സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ്‌ പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച്‌ കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ്‌ സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതാണ്‌ `ഡോക്‌ടര്‍ ജിഹാദ്‌.' `ലൗ ജിഹാദ്‌' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട്‌ `ഡോക്‌ടര്‍ ജിഹാദ്‌' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ്‌ പരിവാറിന്‌ ഇത്‌ പൊടിതട്ടി എടുക്കാവുന്നതാണ്‌. 


ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന്‌ തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട്‌ നീണ്ട വി എസ്‌ അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്‌. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന്‌ സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ്‌ അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ ഈ സാഹചര്യം നിലനില്‍ക്കുന്നത്‌. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ്‌ ഉറപ്പാക്കണമായിരുന്നു. അതിന്‌ സാധിച്ചിട്ടില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നതിന്‌ തുല്യമാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത്‌ തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത്‌ മറ്റൊന്നല്ല. 


ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത്‌ സ്വന്തം മനസ്സിനെയാണ്‌. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ പറഞ്ഞത്‌ ഇതേ വി എസ്‌ തന്നെയാണ്‌. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച്‌ ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന്‌ തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 


ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്‌, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ്‌ സമരങ്ങളുണ്ടാവുന്നതെന്നും അത്‌ സായുധരീതിയിലേക്ക്‌ വഴിമാറുന്നതെന്നും വി എസ്‌ അച്യുതാനന്ദന്‌ അറിയാത്തതല്ലല്ലോ?

മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്‌. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. 


ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന്‌ പുറത്തുവരുമെന്നുറപ്പ്‌. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട്‌ കാലം ആര്‍ എസ്‌ എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട്‌ നടക്കാത്തത്‌ വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന്‌ ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന്‌ കരുതാനാവില്ല. മറിച്ചാണ്‌ കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്‌. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന്‌ പിന്നീട്‌ പറയിപ്പിക്കാതിരിക്കാനെങ്കിലും. }}}  ഈ ലേഖനം ഇതാ ഇവിടെയാണുള്ളത്.
ഈ പോസ്റ്റിനെതിരെയും ഉന്നയിക്കപ്പെട്ട പൊതുവായ ആരോപണം. ഇതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പരാമര്‍ശിക്കാതെ തെറ്റിദ്ധരിപ്പിച്ചു എന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന നിലക്ക് തന്നെയാണ് വി.എസ്. പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളും ശൈലിയും മുന്‍നിര്‍ത്തിയാണ് നിഷ്പക്ഷമതികള്‍  ആ പ്രസ്താവനയെ നോക്കിക്കണ്ടത് എന്നതാണ് സത്യം. മാത്രമല്ല സ്ഥാനത്തും അസ്ഥാനത്തും അതില്‍ ബന്ധപ്പെട്ട കക്ഷികളെ എടുത്ത് പറഞ്ഞ് ഒട്ടും ഗുണകരമാല്ലാത്ത പ്രശസ്തി അക്രമികള്‍ക്കുണ്ടാക്കി കൊടുക്കണം എന്ന് പറയുന്നതിലും കാര്യമില്ല. എന്ന നിലക്ക് ഇതില്‍ ബന്ധപ്പെട്ട പേര്‍ പരാമര്‍ശിക്കാത്തത് കുറ്റമല്ല. ഈ വിഷയത്തിലൊക്കെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ഇസ്‌ലാമിലെ ഭരണവ്യവസ്ഥയെയും ഇസ്ലാം മതത്തെ മൊത്തതിലും എടുത്ത് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാമെന്നും, തിരിച്ച് അതിനെതിരെ പ്രതികരിച്ചാല്‍ അത് തീവ്രവാദികളെ പിന്തുണക്കലാണെന്ന് പറയുന്നത് ഒട്ടും നീതിയല്ല. 
 

10 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇനി ഈ വിഷയത്തില്‍ കെ.എം വേണുഗോപാലിന്റെ പോസ്റ്റുകൂടി വായിക്കുക. നിഷ്പക്ഷമതികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ അത് ഇത് മതിയാകൂം. എന്തു കൊണ്ട് മുസ്ലിം സമൂഹം ഇത് തങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയായി കണ്ടു എന്നതിന് ഇതിനേക്കാളും നന്നായി എനിക്ക് പറയാന്‍ കഴിയില്ല. മറിച്ച് ഇതെല്ലാം പോപ്പുലര്‍ ഫ്രണ്ടിനെ കൈവെട്ടിന്റെ പേരില്‍ കുറ്റം പറഞ്ഞതിന് പ്രായശ്ചിത്തമാണ് എന്ന് ധരിക്കുന്നവര്‍ സത്യത്തെ ഒട്ടും പ്രതിനിധീകരിക്കുന്നില്ല. കാരണം അവരെക്കാള്‍ നന്നായി മുസ്‌ലിം വിഭാഗങ്ങളുടെ മനസ്സ് വായിക്കാന്‍ കെല്‍പ്പുള്ളത് അതില്‍ പെട്ട വിശ്വാസികള്‍ക്ക് തന്നെയായിരിക്കും. തങ്ങളുടെ പാര്‍ട്ടിയല്ല ഉന്നം വെക്കുന്നതെങ്കില്‍ അല്‍പമൊക്കെ സ്വന്തം വിശ്വാസത്തിനെതിരായാലും സഹിക്കുന്നവരാണ് മുസ്ലിം സംഘടനകള്‍ പൊതുവെ എന്നിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടിയാണ് മുസ്ലിം സംഘടനകള്‍ വി.എസി.ന്റെ പ്രസ്താവനയോട് ചൊടിക്കുന്നതെന്ന് ചിന്തിക്കാന്‍ എനിക്കാവുന്നില്ല.

CKLatheef പറഞ്ഞു...

എനിക്ക് ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ല എന്നതുകൊണ്ടാണ് ശ്രദ്ധേയമായ ബ്ലോഗുകളിലേക്ക് ലിങ്ക് നല്‍കുന്നത്. ഇവരൊക്കെ പറയുന്നത് തന്നെ മതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍.

വി.എസ്. ഇത് വളരെ ബോധപൂര്‍വവും ചിന്തിച്ചും ആരുടെയെങ്കിലും നിര്‍ദ്ദേശമനുസരിച്ചു പറഞ്ഞതാണ് എങ്കില്‍ അതില്‍ ഒരു ഹിഡണ്‍ അജണ്ട ഞാന്‍ സംശയിക്കുന്നുണ്ട് അതിതാണ്. കൈവെട്ടിനെയും അതുപോലുള്ള തീവ്രവാദവും ഭീകരതയുമാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയം എന്ന് സ്ഥാപിക്കുക. ഇതോടെ ഇസ്‌ലാമിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നവരെ ഇനി മുതല്‍ അവരുദ്ദേശിക്കുന്നത് എന്താണെന്ന് ജനങ്ങള്‍ ഈ സംഭവങ്ങള്‍ വെച്ച മനസ്സിലാക്കിക്കൊള്ളും.

വി.എസ്. ഇത് വളരെ ബോധപൂര്‍വവും ചിന്തിച്ചും ആരുടെയെങ്കിലും നിര്‍ദ്ദേശമനുസരിച്ചു പറഞ്ഞതാണ് എങ്കില്‍ അതില്‍ ഒരു ഹിഡണ്‍ അജണ്ട ഞാന്‍ സംശയിക്കുന്നുണ്ട് അതിതാണ്: കൈവെട്ടിനെയും അതുപോലുള്ള തീവ്രവാദവും ഭീകരതയുമാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയം എന്ന് സ്ഥാപിക്കുക. ഇതൊടെ ഇസ്‌ലാമിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നവരെ, ഇനി മുതല്‍ അവരുദ്ദേശിക്കുന്നത് എന്താണെന്ന് ജനങ്ങള്‍ ഈ സംഭവങ്ങള്‍ വെച്ച് മനസ്സിലാക്കിക്കൊള്ളും.

ഇതൊന്നും നിങ്ങളങ്ങനെ ചിന്തിക്കരുതെന്നും. ഞങ്ങളുടെ നേതാവ് പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് മാത്രമാണെന്നും നിങ്ങള്‍ക്ക് മനസ്സുകൊണ്ട് വിശ്വസിച്ചുകൊണ്ട് നാവുകൊണ്ട് ഉരിയാടിക്കൂടെ എന്നാണ് വളരെ നിഷ്‌കളങ്കമായി ചിലര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

കാര്യങ്ങള്‍ വളരെ വ്യക്തമാണു. സമൂഹത്തിനു മുന്‍പില്‍ ഇസ്‌ലാം എപ്പോഴും ഭീകരമായ മതമായി നിലകൊള്ളണം. അതിനുവേണ്ടി പടിച്ച പണി പതിനെട്ടും പയറ്റുന്നു. ഇസ്‌ലാമിണ്റ്റെ പേരില്‍ നല്ലതൊന്നും സംഭവിക്കരുത്‌. അങ്ങിനെ വന്നാല്‍ ആ സംഭവത്തെ പരമാവധി ലഘുകരിച്ച്‌ മറച്ചു പിടിക്കണം. (വെട്ടേറ്റ അധ്യാപകനു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ രക്തദാനം ചെയ്ത സംഭവം തന്നെ ഓര്‍ക്കുക). ഇനി ആരെങ്കിലും പ്രത്യാകിച്ച്‌ ഇതര മതവിശ്വാസികളില്‍ പെട്ടവര്‍ ഇസ്‌ലാമിണ്റ്റെ നല്ലവശങ്ങളെ കുറിച്ച്‌ എഴുതിയാല്‍ ഉടനെ തട്ടിവിടുകയായി. അമേരിക്കന്‍ എജണ്റ്റ്‌, തീവ്രവാദി, സൌദി റിയാല്‍ കണ്ടിട്ട്‌ മഞ്ഞളിച്ചവന്‍, തുടങ്ങി പദാവലികള്‍ ഉപയോഗിച്ച്‌ അവരെ ഒതുക്കാന്‍ നോക്കുന്നു. ഇസ്‌ലാമിനെ പറ്റി പറയണമെങ്കില്‍ അത്‌ ഹമീദ്‌ ചേന്ദമംഗല്ലുരും ഇ എ ജാബ്ബാറും ഡോ. എന്‍ എം മുഹമ്മദാലിയുമായിരിക്കണം. അതാണു ഇസ്‌ലാം. മറ്റുള്ളവര്‍ മിണ്ടാതിരുന്നോണം. എതെങ്കിലും ഒരു രാമനുണ്ണീയോ, ഡോ. എം എസ്‌ ജയപ്രകാശോ, പ്രൊഫ. ടി ബി വിജയകുമാറോ, വിജു വി. നായരോ, സി . രാധാക്രിഷ്ണനോ ഒന്നും ഇസ്‌ലാമിനെ പറ്റിയോ മുസ്ളീങ്ങളെ പറ്റിയോ 'നല്ലത്‌' എഴുതരുത്‌. അങ്ങിനെ വല്ലതും സംഭവിച്ചാല്‍ അവരെ എത്‌ എജണ്റ്റാക്കണമെന്നത്‌ സമയത്തിണ്റ്റെ മാത്രം പ്രശ്നമാണു. യുക്തിവാദി-സംഘ്പരിവാര്‍ അച്ചുതണ്ടിണ്റ്റെ പ്രചാരണം കാരണം ഈ കേരളത്തില്‍ പോലും പര്‍ദ്ദയിട്ട മുസ്ളിം സ്ത്രീയെ കണ്ടാലും തൊപ്പിയോ താടിയോ ധരിച്ച്‌ പുരുഷനെ കണ്ടാലും അസഹിഷ്ണുതയോടെ നോക്കി കാണുന്ന ഒരു സമൂഹം വളരുന്നുണ്ട്‌. ഇതെവിടെ ചെന്നവസാരിക്കും എന്തോ?

സന്തോഷ്‌ പറഞ്ഞു...

>> സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. <<

vidhooshakan പറഞ്ഞു...

പോപ്പുലര്‍ ഫ്രെണ്ടിന്റെ ശ്രമം 20 വര്‍ഷത്തിനുള്ളില്‍ കേരളത്തെ
ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം ആക്കി മാറ്റുകഎന്നുള്ളതാണ്
എന്നാണ് വീ എസ്‌ തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍
പ്രസ്താവിച്ചത്. ഇതെങ്ങനെയാണ് മുസ്ലിം വിരുദ്ധ പ്രസ്താവന
ആകുന്നതു എന്ന് മനസ്സിലാകുന്നില്ല.എന്നാല്‍ ഇതിനെ അതരത്തിലാക്കി
മാറ്റാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്
r s s കാര്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുകയാണെന്ന് വര്‍ഷങ്ങ.ളായി
വീ എസ്‌ പ്രസങ്ങിക്കാരുണ്ട് .അതിനെ ആരും ഹിന്ദു വിരുദ്ധ പ്രസ്താവന ആയി
ചിത്രീകരിച്ചിട്ടില്ല .പോപ്പുലര്‍ ഫ്രെണ്ടുകാര്‍ ഒരിയ്ക്കലും മുസ്ലീങ്ങളെ
പ്രതിനിധീകരിക്കുന്നില്ല അതുപോലെ r s s കാര്‍ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ല

CKLatheef പറഞ്ഞു...

"ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്." (G.P.Ramachandran)

ഇന്ത്യയുടെ ശാപമായ ഈ ഭീകരവാദികള്‍ക്ക് വടി നല്‍കി എന്നതാണ് വി.എസ്. ചെയ്ത തെറ്റ്. അത് മാന്യമായി ചിന്തിക്കുന്നവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്ക് മുഖംമൂടി ധരിക്കേണ്ടി വരുന്നത്. തന്റെ ഇസ്‌ലാം വിരോധം തീര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ മറയാക്കി എന്നാണ് ഭൂരിപക്ഷം മുസ്ലിംകളും വിശ്വസിക്കുന്നത്. ഒരു പക്ഷെ താങ്കള്‍ക്കും നേരിട്ട് കണ്ടാല്‍ ഇത് നിഷേധിക്കാന്‍ സാധ്യമല്ല.

CKLatheef പറഞ്ഞു...

@സന്തോഷ്,

താങ്കള്‍ ആ വരികളെ അനുകൂലിക്കുകയാണോ പ്രതികൂലിക്കുകയാണോ അതല്ല ഈ വരികള്‍ ഒന്നുകൂടി വായിച്ച് ലേഖകനെ മാര്‍ക്ക് ചെയ്യണമെന്നാണോ ഉദ്ദേശിച്ചത് ?

ഏതായാലും താങ്കളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ല.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

എല്ലാവര്‍ക്കും പറയാനുള്ളത്‌ മുഖ്യമന്ത്രിക്ക്‌ 'കിട്ടിയ' തെളിവുകളുടെ അടിസ്ഥാനത്തിലാണു പറഞ്ഞതെന്ന്! 'കിട്ടിയ' തെളിവെന്താണെന്ന് ആരെങ്കിലും ചോദിച്ചോ?! തീവ്രവാദ കേസില്‍ പിടിയിലായ എതോ ഒരുത്തന്‍ എഴുതിയ പുസ്തകത്തിലാണെത്രെ ഇരുപത്‌ വര്‍ഷം കൊണ്ട്‌ എല്ലാവരെയും 'മുസ്ളീങ്ങളാക്കണമെന്ന്' പറയുന്നത്‌. ഇരുപത്‌ വര്‍ഷം പോയിട്ട്‌ മുപ്പതു വര്‍ഷം കൊണ്ട്‌ പോലും എല്ലാ മുസ്ളീങ്ങളെയും പോപ്പുലര്‍ ഫ്രണ്ടാക്കാന്‍ പറ്റില്ല. പിന്നല്ലേ മറ്റു മതവിശ്വാസികളെ 'മുസ്ളിം' ആക്കുന്നത്‌! ഈ ഒരു മണ്ടന്‍ വരി വായിച്ചിട്ടാണു മുഖ്യന്‍ ഉടനെ തട്ടിവിട്ടത്‌! അതു കേട്ട്‌ എല്ലാവരും ഞെട്ടി! പ്രസ്താവിച്ചത്‌ തൊഗാഡിയ ആണെന്നാണു ആദ്യം കരുതിയത്‌! പിന്നീടാണു മുഖ്യനാണെന്നറിഞ്ഞത്‌. എന്തായാലും എത്‌ വോട്ട്‌ ബാങ്ക്‌ കണ്ടിട്ടാണെങ്കിലും ഇത്തരം ഒരു പ്രസ്താവന മോശമായി പോയി. പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞാല്‍ ആര്‍ക്കും പൊള്ളീല്ല. അവരെ വെച്ച്‌ മൊത്തം മുസ്ളീങ്ങാളെ പറഞ്ഞാല്‍ പൊള്ളൂക തന്നെ ചെയ്യും. അതുകൊണ്ടാണു ആഭ്യന്തരന്‍ സാമാനമായ കാര്യം പറഞ്ഞപ്പോള്‍ ആര്‍ക്കും 'പൊള്ളാതിരുന്നത്‌'.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!
ഇതുകൂടി വായിക്കുമല്ലോ!!

http://sreejithkondotty.blogspot.com/

CKLatheef പറഞ്ഞു...

@vidhooshakan
@Sreejith kondottY

വി.എസിന്റെ പ്ര്‌സതാവന അതിന്റെ പൂര്‍ണരൂപത്തിലെടുക്കാത്തതും. കമ്മ്യൂണിസ്റ്റുകാരുടെ പുതിയ നയം മനസ്സിലാകാത്തതുമാണ് അടിസ്ഥാനപരമായി ഈ അവ്യക്തതയുടെ പ്രശ്‌നം.

സര്‍ഫറാസ് എഴുതിയ പുസ്തകത്തില്‍ അങ്ങനെ പറയുന്നു എന്നതാണ് പ്രസ്താവനക്കുള്ള പ്രകോപനമായി ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അദ്ദേഹം ഒരു പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകനാണോ. ആണെങ്കില്‍ തന്നെ ആ പുസ്തകമാണോ ആ സംഘടനയുടെ നയരേഖ. അതില്‍ വി.എസ് പറഞ്ഞ പ്രകാരം തന്നെയാണോ പറഞ്ഞിട്ടുള്ളത്. ഇതൊന്നും നമ്മുക്കറിയില്ല. ഈ വിവരം കിട്ടിയത് എവിടുന്നാണെന്ന് വി.എസും പറഞ്ഞിട്ടില്ല. ഒരു സംഘടന അതും ന്യൂനപക്ഷത്തിലെ അരശതമാനം പോലും വരാത്തവര്‍. അവര്‍ എങ്ങനെ പണിയെടുത്താലും അവര്‍ ഉള്‍കൊള്ളുന്ന ന്യൂനപക്ഷത്തിന്റെ 10% പോലും ആകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അവര്‍ കേരളജനതയെ 20 വര്‍ഷം കൊണ്ട് വി.എസ് പറഞ്ഞവിധം ഭൂരിപക്ഷ മുസ്ലിം പ്രദേശമാക്കുമെന്ന് പറയുമ്പോള്‍ ഒരു ഭ്രാന്തന്‍ ജല്‍പനത്തില്‍ കവിഞ്ഞ് അതിന് ഒരു പ്രാധാന്യവുമില്ല. വര്‍ഗീയത ഇളക്കിവിടാന്‍ തോഗാഡിയയെ പോലുള്ളവര്‍ നിരന്തരം ആവര്‍ത്തിക്കുന്ന അതേ വാക്കുകള്‍ ആരുടെ ഉപദേശം സ്വീകരിച്ചാണെങ്കിലും മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ തെളിവുകളോട് കൂടിയാകണമായിരുന്നു.

ഇസ്‌ലാമിക ഭരണം എന്നാല്‍ വളരെ ഭീകരമായ ഒരു അവസ്ഥയായി ഒരു മുസ്ലിമും കാണുന്നില്ല. ഇപ്പോള്‍ അത് പറയരുതെന്നേ ഏറെ കവിഞ്ഞാല്‍ മുസ്ലിം നാമധാരി മാത്രമല്ലാത്ത ഒരു വിശ്വാസി പറയൂ. അത് തന്നെ അടിസ്ഥാനരഹിതമാണ്. ലോകത്തിന് ഒരു രാഷ്ട്രീയ വ്യവസ്ഥ പരിചയപ്പെടുത്തുന്നത് വലിയ പാതകമൊന്നുമല്ല. അതിന് ഒരു മതത്തിന്റെ ഉള്ളടക്കമുണ്ടെന്ന് കരുതി പൂഴ്തിവെക്കണം എന്ന് പറയുന്നത് വിശ്വാസത്തിലുള്ള വഞ്ചനയാണ്. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക ഭരണത്തെക്കുറിച്ചും അതിനുള്ള പ്രത്യേകതകളും അടക്കമാണ് അതിന്റെ മതപ്രബോധനം തുടരുന്നത്. അത് ബോധ്യപ്പെട്ടവര്‍ സ്വീകരിച്ചാല്‍ മതി. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം.

ആര്‍.എസ്. എസുകാര്‍ ഹിന്ദുരാഷ്ട്രം എന്ന് പറഞ്ഞിട്ട് ഞങ്ങളാരും ചാടിഇറങ്ങുന്നില്ലല്ലോ എന്ന ചോദിക്കുന്നതില്‍ ഒരു കാര്യവുമില്ല. കാരണം ഇസ്‌ലാമിക ഭരണം എന്ന് പറഞ്ഞത് കൊണ്ടല്ല ഇവിടെ ഇത് വിവാദമായത് എന്നത് കൊണ്ടുതന്നെ.

വി.എസിനെ പോലെ ഒരാള്‍ മതേതരത്വത്തില്‍നിന്ന് തെറ്റി വര്‍ഗരാഷ്ട്രീയത്തിന് പകരം വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവാകുന്നതില്‍ പ്രതികരിക്കാതിരിക്കുന്നത് അദ്ദേഹത്തോടുള്ള സ്‌നേഹമല്ല തന്നെ. ന്യൂനപക്ഷത്തിലെയും ഭൂരിപക്ഷത്തിലേയും വര്‍ഗീയമല്ലാത്ത സുമനസുകള്‍ക്ക് യോജിക്കാന്‍ പറ്റാത്ത ഒരു പരുവത്തിലേക്ക് മാര്‍ക്കിസ്റ്റ് പാര്‍ട്ടി മാറുന്നുവെങ്കില്‍ അത് കേരളജനതയോടുള്ള വലിയ പാതകമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review