2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് നാലാമത്തെ തെളിവ്.

 അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം
വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ്.

മനുഷ്യന്‍ സംസാരിക്കുന്ന വാക്കുകള്‍ ചേര്‍ന്നുകൊണ്ടുള്ള വാക്യങ്ങള്‍ തന്നെയാണ് ഖുര്‍ആനിലുള്ളത്. അറബി ഭാഷയേയും ഭാഷാ സാഹിത്യത്തേയും സംബന്ധിച്ച നിയമങ്ങള്‍ തന്നെയാണ് സ്വാഭാവികമായും അതിലും പ്രവര്‍ത്തികുന്നതെന്ന കാര്യത്തിലും സംശയമില്ല. പക്ഷെ അതോടൊപ്പം തന്നെ അതിന്റെ വാചക ഘടനയും വിവരണരീതിയും അറബി സാഹിത്യ ഭണ്ഡാരത്തിലൊന്നും പരിശോധിച്ചാല്‍ കാണാന്‍ കഴിയാത്തവിധം വ്യത്യസ്ഥമാണ്. അന്യാദൃശവും വിസ്മയാവഹമുമായ ഒരു നിസ്തുലത അതിനുണ്ട്. ആശ്ചര്യകരമായ ഈ അവസ്ഥയുടെ ശരിയായ രൂപമെന്താണെന്ന് ഏകദേശം അനുമാനിക്കാന്‍ വേണ്ടി പ്രഗല്ഭ സാഹിത്യകാരന്‍മാരുടെ ചില സാക്ഷ്യം കേള്‍ക്കുക. അവ ഖുര്‍ആനിലും ഇസ്്‌ലാമിലും വിശ്വാസമുള്ളവരല്ല. മറിച്ച് ഇസ്്‌ലാമിന്റെ കഠിന വിരോധികളുടെ സാക്ഷ്യങ്ങളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മലയാളികളായ ചില യുക്തിവാദികള്‍ ഖുര്‍ആന്റെ സാഹിത്യശൈലിയെ പരിഹസിക്കാറുണ്ട്. പരിഭാഷവായിച്ച് ഖുര്‍ആനെ വിലയിരുത്തിയവരല്ല ഈ കാര്യത്തില്‍ ആധികാരികമായി പറയാന്‍ യോഗ്യര്‍. ഏതൊരു മഹാനായ കലാകാരനും അദ്ദേഹം ഏത് മേഖലയിലുള്ള ആളാകട്ടെ. താന്‍ മികച്ച് നില്‍ക്കുന്ന മേഖലയില്‍ അമ്പരപ്പിക്കുന്ന ഒരു സൃഷ്ടികണ്ടാല്‍ അതിനെ അവഗണിക്കുകയോ ചെറുതാക്കികാണിക്കുകയോ ചെയ്യാറില്ല, അതിലെ ഉള്ളടക്കത്തോട് അയാള്‍ക്ക് എത്രമാത്രം വിയോജിപ്പുണ്ടെങ്കിലും ശരി. ഈ ബുദ്ധിപരമായ വസ്തുതയെ മുഖവിലക്കെടുത്താണ്. ഇസ്‌ലാം  സ്വീകരിക്കാത്ത സാഹിത്യസാമ്രാട്ടുകളായി ചരിത്രത്തില്‍ അറിയപ്പെടുന്ന ഏതാനും പേരുടെ സാക്ഷ്യം ഇവിടെ നല്‍കുന്നത്.

അവരില്‍ ഒരാളാണ് പ്രസിദ്ധ ഖുറൈശി നേതാവായ വലീദുബ്‌നു മുഗീറത്ത് അദ്ദേഹം പ്രവാചകന്‍ തിരുമേനിയുടെ അടുത്തുവന്നു. നബി തന്റെ സാധാരണ സമ്പ്രദായമനുസരിച്ച് അദ്ദേഹത്തിനു വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകേള്‍പ്പിച്ചു. ദിവ്യവചനങ്ങളുടെ വശ്യശക്തി നിമിത്തം അദ്ദേഹം മൗനിയായി. ഒന്നും ഉരിയാടാതെ വീട്ടിലേക്ക് തിരിച്ചു. ഈ വാര്‍ത്ത ആബൂജഹ് ല്‍ അറിഞ്ഞപ്പോള്‍ പരിഭ്രമത്തോടുകൂടി വലീദിന്റെ അടുക്കല്‍ ഓടിയെത്തി. (കഠിനമായ പ്രവാചക വിരോധമുണ്ടായിരുന്ന അബൂജഹ് ലിന് ആരെങ്കിലും പ്രവാചകനില്‍ ആകൃഷ്ടനായി എന്നറിയുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ല.) ഇങ്ങനെ പറഞ്ഞു: "ബഹുമാനപ്പെട്ട പിതൃസഹോദരാ മുഹമ്മദിനെക്കുറിച്ച് താങ്കളുടെ നിലപാട് ഒന്ന് വ്യക്തമാക്കണം. അവന്റെ വാദം സത്യമാണെന്ന് താങ്കള്‍ക്ക് വിശ്വാസമില്ലെന്ന് ജനങ്ങള്‍ക്ക് സമാധാനിക്കാന്‍ ഉപകരിക്കുന്ന ഒരു പ്രസ്താവന താങ്കളിപ്പോള്‍ ചെയ്യണം."

അതിന് വലീദിന്റെ മറുപടി : "ഞാനെന്താണ് പറയേണ്ടത്!. കവിതയാകട്ടെ, കാവ്യമാകട്ടെ ജിന്നുകളുടെ പദ്യമാകട്ടെ, അറബി ഭാഷയിലുള്ള ഏതോരു സാഹിത്യവും നിങ്ങളെക്കാള്‍ കൂടുതലായി എനിക്കറിയാം. എന്നാല്‍ ഞാന്‍ ദൈവത്തിന്റെ പേരില്‍ സത്യം ചെയ്തു പറയുന്നു. ഈ മനുഷ്യന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേക തരം ഭംഗിയുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങള്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ മുരടാകട്ടെ വളരെയധികം പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നു. തീര്‍ചയായും അത് സര്‍വവചനങ്ങളെക്കാളും ഉന്നതമാണ്. അതിനെ താഴ്തിക്കാണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന എല്ലാറ്റിനേയും അതു തകര്‍ത്തുകളയുമെന്നതില്‍ യാതൊരു സംശയവുമില്ല." (ബൈഹഖി, ഹാകിം എന്നിവര്‍ ഉദ്ദരിച്ചത്)

ഖുറൈശികളിലെ മറ്റൊരു നേതാവ് ഉത്ബത്ത്ബ്‌നു റബീഅ പറഞ്ഞതിങ്ങനെ: "ദൈവമാണ് സത്യം അവന്‍(മുഹമ്മദ് നബി) സമര്‍പിക്കുന്ന ആ വചനം വശീകരണ വിദ്യയല്ല, കവിതയല്ല, (ഖുര്‍ആന്‍ കവിതയല്ല) ജ്യോത്സ്യന്‍മാരുടെ സംസാരവുമല്ല." ശത്രുക്കള്‍ ആരോപിച്ചിരുന്ന ചില ആരോപണങ്ങള്‍ ഖണ്ഡിക്കുകയാണ് ഉത്ബ.


ഖുര്‍ആന്‍ സാഹിത്യം പ്രയോഗിച്ചത് കേവലം ആസ്വാദനത്തിന് വേണ്ടിയായിരുന്നില്ല. ഖുര്‍ആന്‍ നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് തറച്ചുകയറി അവിടെ പ്രതികരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ആ സാഹിത്യ നിര്‍ത്ധരി ജനമനസുകളിലേക്ക് നിമിഷനേരം കൊണ്ട് ഒഴുകിയിറങ്ങുന്നു. ഹൃദയങ്ങളെ തരളിതമാക്കി കണ്ണുകളെ ഈറനണിയിക്കുന്നു. ആ രംഗം നേരിട്ട് കാണുക.



അതേ, ലോകത്തിലെ എറ്റവും കുടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. പേര് തന്നെ (ഖുര്‍ആന്‍ ) 'കൂടുതല്‍ വായിക്കപ്പെടുന്നത്' എന്ന പേര് നല്‍കപ്പെട്ട  ഗ്രന്ഥം. അതിന്റെ പാരായണത്തിന് മാത്രമായി ആധുനിക ലോകത്ത് നൂറുകണക്കിന് എഫ്.എം സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും. എത്ര കേട്ടാലും മതിവരാത്ത പ്രാസഭംഗി. ഒരോ അധ്യായത്തിനും വ്യത്യസ്ത ടോണുകള്‍. ഇവയൊന്നും പരിഭാഷയില്‍ കൊണ്ടുവരാനാകില്ല. അതിനാല്‍ പരിഭാഷവായിച്ച് അഭിപ്രായം പറയുന്നവര്‍ ഇവിടെ പരിഹാസ്യരാകുന്നതില്‍ അത്ഭുതമില്ല.  

1400 വര്‍ഷത്തിനിടയില്‍ മനുഷ്യനനുകരിക്കാന്‍ സാധിക്കാത്ത ഈ സാഹിത്യം ഖുര്‍ആന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവാണ്.

5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

വിശുദ്ധഖുര്‍ആന്റെ സ്വാധീനത്തിന്റെ പ്രകടമായ ഏറ്റവും പുതിയ ഉദാഹരണമായി മഅ്ദനിയുടെ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പത്രസമ്മേളനത്തെ ഞാന്‍ കാണുന്നു. നരകസമാനം കടുത്ത പീഡനത്തിലേക്കാണ് ഒരു കാരണവുമില്ലാതെ പോകുന്നതെന്നറിഞ്ഞിട്ടും അദ്ദേഹം പ്രകടിപ്പിച്ച ശാന്തതക്ക് മറ്റെന്ത് വ്യാഖ്യാനം പറഞ്ഞാലും എന്റെ മനസ്സ് തൃപ്തമാകുമായിരുന്നില്ല. നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞാലുമില്ലെങ്കിലും

അടുത്ത പോസ്റ്റ് ഖുര്‍ആന്റെ സ്വാധീനം

Akbar പറഞ്ഞു...

"ഖുര്‍ആന്‍ സാഹിത്യം പ്രയോഗിച്ചത് കേവലം ആസ്വാദനത്തിന് വേണ്ടിയായിരുന്നില്ല. ഖുര്‍ആന്‍ നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് തറച്ചുകയറി അവിടെ പ്രതികരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്".

ഖുര്‍ആനിന്‍റെ അമാനുഷികത ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്. അറിയാന്‍ ശ്രമിക്കാതെ ഒരു ഗ്രന്ഥത്തെ വിമര്‍ശിക്കുന്നവര്‍ കണ്ണടച്ച് തനിക്കു ചുറ്റും അന്ധകാരമാണെന്നു വിളിച്ചു പറയുന്ന കേവല വിഡ്ഢികളാണ്. ഒരു വിമര്‍ശകന്‍ പറഞ്ഞത് ഒരു കാര്യത്തിലുള്ള ഖുര്‍ആനിന്‍റെ നിലപാട് അറിയാന്‍ ആ ഗ്രന്ഥം മുഴുവന്‍ വായിച്ചു നോക്കണം എന്നാണു. ഒരു ദൈവിക ഗ്രന്ഥത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള ഭാഷാ പരിട്ജ്ഞാനം നേടുന്നതിനു പകരം ഇത്തരം വിഡ്ഢികള്‍ ഇങ്ങിനെയൊക്കെ പറയുമ്പോഴും ആയിരത്തി നാന്നൂറ് വര്‍ഷം പിന്നിട്ടിട്ടും ഒരു വള്ളി പുള്ളിക്ക് മാറ്റം വരാതെ ആ ഗ്രന്ഥം നില നില്‍ക്കുന്നത് മാത്രം മതി അതിന്റെ അമാനുഷികത ബോധ്യമാവാന്‍.

വളരെ നല്ല ലേഖനം ലത്തീഫ്. സല്ക്കര്‍മ്മങ്ങള്‍ക്ക് തീര്‍ച്ചയായും അല്ലാഹു പ്രതിഫലം നല്‍കുക തന്നെ ചെയ്യും.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പില്‍ക്കാലത്തു ഖലീഫ ഉമര്‍ എന്നു അറിയപ്പെടുന്ന ഉമര്‍ ഇബ്നു ഖത്താബ് ജീവിതത്തിന്റെ ആദ്യ ദശയില്‍ പിടിച്ചു പറിക്കാരനും കൊള്ളക്കാരനും അസമാന്യനായ പോരാളിയുമായിരുന്നു. പ്രവാചകന്റെ ശത്രുക്കള്‍ പ്രവാചകനെ വധിക്കാന്‍ കഴിവുള്ളവനായി കണ്ടെത്തിയതു ഉമറിനെ ആയിരുന്നു.നഗരപ്രമാണികളും സ്ഥലത്തെ ദിവ്യന്മാരും ഗോത്ര തലവന്മാരും ചേര്‍ന്നു ഉമറിനെ അതിനു നിയോഗിച്ചു. അതി കോപത്തോടും പകയോടും ഊരിയ വാളുമായി സമൂഹത്തില്‍ നവീന ആശയങ്ങളുമായി എത്തിയ പ്രവാചകനെ വധിക്കാന്‍ഇറങ്ങിയ ഉമറിനെ വഴിയില്‍ നേരിട്ട വാര്‍ത്ത തന്റെ സഹോദരിയും ഭര്‍ത്താവും പ്രവാചകന്റെ അനുയായികള്‍ ആയി മാറി എന്നതായിരുന്നു.എങ്കില്‍ ആദ്യം അവരെ വധിച്ചിട്ടു കാര്യം എന്ന ശപഥവുമായി സഹോദരിയുടെ വീടിനെ സമീപിച്ച ഉമറിന്റെ ചെവിയില്‍ വീഴുന്നതു സഹോദരി പരായണം ചെയ്തു കൊണ്ടിരുന്ന കര്‍ണാനന്ദകരമായ അര്‍ത്ഥ സമ്പൂര്‍ണമായ ഖുര്‍ ആന്‍ സൂക്തങ്ങളുടെ മാസ്മരിക ശബ്ദം.അകത്തേക്കു പ്രവേശിച്ച ഉമര്‍ സഹോദരിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദിച്ചു എങ്കിലുംഅവര്‍ വായിച്ചു കൊണ്ടിരുന്ന ഏടുകള്‍ അവസാനം കരസ്തമാക്കി പരായണം ചെയ്തു. ....(തുടരുന്നു)

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

അമാനുഷികമായ ആ വരികളിലൂടെ കടന്നു പോയപ്പോള്‍ ഉമറിന്റെ കണ്ണുകളില്‍ ജലം നിറഞ്ഞു. തുടര്‍ന്നുണ്ടായ മനം മാറ്റവും പശ്ചാത്താപവും ജീവിത ശൈലിക്കു സംഭവിച്ച പരിണാമവും ചരിത്രത്തില്‍ രേഖപെട്ടു കിടക്കുന്ന സത്യങ്ങള്‍ മാത്രം. ഒരു സാധാരണ ഗ്രന്ഥമാണു അദ്ദേഹത്തിന്റെ വായനക്കു വിഷയീഭവിച്ചതെങ്കില്‍ അത്രയും ക്രൂരനായ, കഴിഞ്ഞ നിമിഷം വരെ പക നിറഞ്ഞിരുന്ന ആ മനസ്സിനു ഇത്രത്തോളം മാറ്റം വരുത്താന്‍ കഴിയില്ലാ എന്നതു യുക്തി ഭദ്രമായ പരമാര്‍ഥം.
ഇതിനെല്ലാം ഉപരിയായി മറ്റൊരു തെളിവു, ആരാണോ ഇതു സമൂഹത്തില്‍ അവതരിപ്പിച്ചതു ആ വ്യക്തി-അക്ഷരാഭ്യസം ലഭിച്ചിട്ടില്ലാത്ത 40 വയസ്സു വരെ അക്ഷരം കൂട്ടി വായിക്കാനറിയാത്ത ഒരു പാമരന്‍ ആണെന്നുള്ളതാണു. അപ്രകാരമുള്ള ഒരു വ്യക്തി അറബി സാഹിത്യത്തില്‍ അര്‍ത്ഥ പ്രാസ അലങ്കാര സമ്പൂര്‍ണമായ ഒരു ഗ്രന്ഥം അവതരിപ്പിക്കുകയും ഇതു ഞാന്‍ രചിച്ചതല്ല പ്രപഞ്ച നാഥനില്‍ നിന്നും എനിക്കു അവതരിച്ചു കിട്ടിയതാണു എന്നു പറയുകയും ആ വ്യക്തി ആ നിമിഷം വരെ ഒരു പൊളി വചനം പോലും പറഞ്ഞിട്ടില്ലാ എന്നു ഒരു സമൂഹത്തിനു ഉറപ്പു ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം പറഞ്ഞതിനെ വിശ്വസിക്കാതിരിക്കാന്‍ ആര്‍ക്കാണു കഴിയുക.

CKLatheef പറഞ്ഞു...

പ്രിയ അക്ബര്‍,

അഭിപ്രായത്തിനും വായനക്കും നന്ദി.

പ്രിയ ശരീഫിക്ക

ചരിത്രത്തിലെ ഈ സുപ്രധാന സംഭവം ഇവിടെ പങ്കുവെച്ചതിന് നന്ദി. ഇവിടെ നല്‍കപ്പെടുന്ന വിഷയങ്ങളില്‍ വിശദമായ ചര്‍ചകളുണ്ട്. നെറ്റ് വായനക്കാരുടെ പ്രത്യേകത പരിഗണിച്ച് പ്രസക്തമായവ ചുരുക്കി നല്‍കുകയാണ്, കൂടുതല്‍ വായനക്ക് താല്‍പര്യമുള്ളവര്‍ സമാന വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ അവലംബിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. എങ്കിലും ഇതുപോലെയുള്ള ഇടപെടലുകള്‍ വായനക്കാരന് കൂടുതല്‍ പ്രയോജനകരമായിരിക്കും എന്നതില്‍ സംശയമില്ല. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review