2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ആയിശ (റ)ടെ വിവാഹപ്രായം വീണ്ടും.


ആയിശ (റ)യെ നബി (സ) ആറാം വയസ്സില്‍ വിവാഹം ചെയ്തു ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടി എന്ന ധാരണ ചരിത്രപരമായും ബുദ്ധിപരമായും ന്യായീകരിക്കത്തക്കതല്ല എന്ന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ ബ്ലോഗില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു. അത് കണ്ട മുസ്ലിംകള്‍ക്ക് പരിഗണനീയമായ അഭിപ്രായം എന്ന നിലക്ക് വിട്ടപ്പോള്‍,  നിലവിലെ ധാരണ ശരിയാണ് എന്ന് സ്ഥാപിക്കാന്‍ കാര്യമായി ശ്രമിച്ചത് ബൂലോകത്ത് അറിയപ്പെടുന്ന യുക്തിവാദികളാണ്. ഇപ്പോള്‍ ഇസ്ലാമിലെ വിവാഹ പ്രായം ചര്‍ചയാകുമ്പോള്‍ വീണ്ടും ആയിശയുടെ വിവാഹപ്രായവും ഇടക്കിടെ പൊങ്ങി വരുന്നു. അതേ സമയം അക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും നിലവിലെ ധാരണ ശരിയല്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരും കൂടിവരുന്നതായിട്ടാണ് അനുഭവം. താഴെ നല്‍കിയ ഡോ. കെ.ടി ജലീലിന്റെ അഭിപ്രായവും , ആദില്‍ സലാഹിയുടെ ലേഖനവും ഇതോടൊപ്പം ചേര്‍ത്ത്  വായിക്കുക. 


ഡോ. കെ.ടി ജലീല്‍ തന്റെ ഫെയ്സ് ബുക്കില്‍ എഴുതി..

ആയിഷ(റ)യെ മുഹമ്മദ് നബി വിവാഹം കഴിക്കുമ്പോഴുള്ള പ്രായം 19 ആണെന്ന കാര്യത്തില്‍ ചില സുഹൃത്തുക്കള്‍ തെളിവ് ചോദിച്ചത് കണ്ടു . പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിഷ്ക്കാത്തില്‍ റസൂല്‍ ആയിഷാ ബീവിയെ വിവാഹം കഴിക്കുമ്പോളുള്ള വയസ്സിനെക്കുറിച്ച് പറയുന്നത് , 19 എന്നതിന്റെ അറബി വാക്കായ 'തിസ്അത്തു അഷറി'ല്‍ നിന്ന് പത്ത് എന്ന പദത്തെ പ്രതിനിധാനം ചെയ്യുന്ന 'അഷര്‍' വിട്ടുപോയതാവാമെന്നാണ് . ഇക്കാര്യം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ പ്രൊഫ.സുബൈര്‍ ഈയടുത്ത് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് . തന്നെയുമല്ല , ആയിഷാബീവിയും ജ്യേഷ്ഠസഹോദരി അസ്മാബീവിയും തമ്മിലുള്ള പ്രായവ്യത്യാസം പത്താണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല . ആയിഷാബീവിയുടെ വിവാഹം നടക്കുന്ന സമയത്ത് അസ്മാബീവിക്ക് 29 വയസ്സായിരുന്നുവെന്നാണ് പ്രമാണങ്ങളില്‍ കാണുന്നത് . അപ്പോഴും ആയിഷാബീവിയുടെ വിവാഹസമയത്തെ വയസ്സ് 19 ആണെന്ന് കാണാം . മിടുക്കിയും ബുദ്ധിമതിയുമായ തന്റെ മകള്‍ ആയിഷയെ അബൂബക്കര്‍ സിദ്ദീഖ്(റ) ഉമറിനോ ഉസ്മാനോ അലിക്കോ വിവാഹം ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു . എന്നാലിവര്‍ മൂന്നുപേരും ഇങ്ങനെയൊരു ആലോചന ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുഹമ്മദ് നബിയുടെ ഭാര്യയാകേണ്ടവളാണ് ബുദ്ധിമതിയായ ആയിഷയെന്ന് മറുപടി പറഞ്ഞതായും ചരിത്രരേഖകളിലുണ്ട് . കേവലം 9 വയസ്സുള്ള തന്റെ മകളെ ഉമറിനോ ഉസ്മാനോ അലിക്കോ അബൂബക്കര്‍ സിദ്ദീഖ്(റ) വിവാഹാലോചന നടത്തുമെന്ന് കരുതാനാകുമോ? മുഹമ്മദ് നബിയുടെ മറ്റു ഭാര്യമാരുടെ വയസ്സ് പരിഗണിക്കുമ്പോഴും ആയിഷാബീവിക്ക് റസൂല്‍ വിവാഹം കഴിക്കുമ്പോള്‍ 9 വയസ്സാണെന്ന് കരുതാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല . പ്രവാചകസ്നേഹമല്ല 9 വയസ്സ് വാദക്കാരെ നയിക്കുന്നതെന്ന് വ്യക്തം . പ്രവാചകനിന്ദ ലക്ഷ്യമിട്ട് ഇസ്ലാമിന്റെ തത്പര കക്ഷികള്‍ പ്രചരിപ്പിച്ച കള്ളക്കഥ അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടര്‍ ഏറ്റുപാടുകയാണ് . ഇവരുടെ വീറും വാശിയും കാണുമ്പോള്‍ ആയിഷാബീവി വിവാഹിതയാകുന്ന സമയത്ത് അവരുടെ പ്രായം 9 വയസ്സാണെന്ന് വിശ്വസിക്കല്‍ ഇസ്ലാംകാര്യത്തിലും ഈമാന്‍ കാര്യത്തിലും പെട്ടതാണെന്നാണ് തോന്നുക . അങ്ങനെ കരുതാത്തവര്‍ക്ക് നരകം ഉറപ്പെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു . അതിലൊട്ടും ഭയപ്പാടില്ലാത്ത ഞങ്ങളെപ്പോലുള്ളവരെ വെറുതെവിട്ടേക്കക . ഏതെങ്കിലും സംഘടനാനേതാക്കളുടെ കക്ഷത്താണ് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ താക്കോലെന്ന് ആര്‍ക്കെങ്കിലും വിശ്വസിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ അവരങ്ങനെ കരുതിക്കൊള്ളട്ടെ . അതിന്റെ പേരില്‍ വാലുചുരുട്ടി മാളത്തിലൊളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല .

**************************
ആദില്‍ സലാഹി എഴുതിയ ലേഖനം (ഫെയ്സ് ബുക്കില്‍നിന്ന് ലഭിച്ചത്)  ആയിശ (റ) പ്രവാചകന്‍ (സ) വിവാഹം ചെയ്യുമ്പോള്‍ ഒമ്പതു വയസ്സുകാരിയായിരുന്നുവെന്നാണ് പൊതുവായി അറിയപ്പെടുന്ന നിവേദനങ്ങളില്‍ ഉള്ളത്. എന്നാല്‍ ഈ റിപോര്‍ട്ട് സംശയാസ്പദമാണ്. പല രീതിയിലും ഇതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആയിശ (റ) അവരുടെ 18നും 22 നും ഇടയിലുള്ള വയസ്സിലാണ് നബിയെ വിവാഹം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

അങ്ങനെ പറയാനുള്ള കാരണം ഇവയാണ്:

ഒന്നാമതായി ആയിശയെ പ്രവാചകന് വിവാഹം ആലോചിക്കുന്നതിനു മുമ്പ് തന്നെ ജൂബൈറു ബ്‌നു മുതിമ്മിന് വിവാഹം ആലോചിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം അവിശാസിയായിരുന്നു. അവിശ്വാസികളെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക വിധി അന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.

മുഹമ്മദ് നബിയുടെ തന്ന മൂത്ത പുത്രിയായ സൈനബും ഇതു പോലെ അവരുടെ അവിശ്വാസിയായ ഭര്‍ത്താവ് അബൂ അല്‍ ആസിനോടൊപ്പം കുറെ കാലം ജീവിച്ചിരുന്നു. ആയിശയെ വിവാഹമാലോചിച്ചു പ്രവാചകന്‍ അബൂബകറിന്റെ അടുക്കല്‍ ആളെ അയച്ചപ്പോള്‍ ആയിശയുടെ പിതാവായ അബൂബക്കര്‍ (റ) പറഞ്ഞു. ജൂബൈറിന്റെ ആള്‍ക്കാര്‍ അവളെ വിവാഹം ആലോചിച്ചിട്ടുണ്ട്. എന്നാലും കുഴപ്പമില്ല. അവരില്‍ നിന്ന് ഞാന്‍ അവളെ വിടുതല്‍ വാങ്ങാം.

മറ്റൊരാളുമായി വിവാഹം ആലോചിച്ചുവെച്ചിട്ടുള്ള ആയിശയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കണമെങ്കില്‍ അബൂബക്‌റിന് ആദ്യ കൂട്ടരെ തന്ത്രപരമായി ഒഴിവാക്കണമായിരുന്നു. പ്രവാചകന് ആയിശയെ വിവാഹമാലോചിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഒമ്പതാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആയിശയെ തിരുമേനി ആറാം വയസ്സില്‍ തന്നെ വിവാഹം ആലോചിച്ചുവെന്നു വരും. എന്നു മാത്രമല്ല, ആ വയസ്സില്‍ പോലും മറ്റൊരാള്‍ക്ക് വേണ്ടി ആ പെണ്‍കുട്ടിയ ആലോചിച്ചു വെച്ചിരുന്നുവെന്നാണ്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

രണ്ടാമത്തെ കാര്യം ആയിശയെ വിവാഹം ചെയ്യാന്‍ പ്രവാചകനോടു നിര്‍ദേശിക്കുന്നത് അനുചരന്‍മാരില്‍ ഒരാളാണ്. ഖദീജ മരണപ്പെട്ട ശേഷം ഖദീജയെപോലെ പ്രവാചകനെ പരിചരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന നല്ല ഒരു പത്‌നിയെ വേണമെന്ന് നിര്‍ദേശിക്കുന്നത് ഖൗല ബിന്‍ത് ഹകീമാണ്. ഖൗലയുടെ മനസ്സില്‍ ആരെങ്കിലുമുണ്ടോയെന്ന പ്രവാചകന്റെ ചോദ്യത്തിന് അവര്‍ മറിച്ചു ചോദിച്ചു. കന്യകയെയാണോ അതല്ല പക്വതയെത്തിയ സ്ത്രീയെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? രണ്ടു പേരുടെയും പേരുകള്‍ പറയാന്‍ തിരുമേനി അവരോടു ആവശ്യപ്പെട്ടു. പക്വതയെത്തിയ സ്ത്രീയായി അവര്‍ പറഞ്ഞത് സൗദയെയും കന്യകയായി അവര്‍ പറഞ്ഞത് ആയിശയെയുമാണ്. അപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു. നിങ്ങള്‍ രണ്ടുപേരെയും ആലോചിച്ചുകൊള്ളൂ. അങ്ങനെ രണ്ടു ആലോചനകളും സ്വീകരിക്കപ്പെട്ടു.

അധിക കാലം കഴിയുന്നതിനു മുമ്പുതന്നെ തിരുമേനി സൗദയെ വിവാഹം ചെയ്തു. എന്നാല്‍ ആയിശയുമായുള്ള വിവാഹം തിരുമേനി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുവോളം പിന്തിച്ചു. അഥവാ വിവാഹാലോചന നടന്ന് മൂന്നുവര്‍ഷത്തിനു ശേഷമാണ് തിരുമേനി മദീനയിലേക്കു ഹിജ്‌റ പോകുന്നത്. അവിടെവെച്ചാണ് തിരുമേനി ആയിശയെ വിവാഹം ചെയ്യുന്നത്.

പ്രവാചക തിരുമേനി വിവാഹാലോചന നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. നാല് പെണ്‍മക്കളുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ വിവാഹിതകളായിരുന്നു അപ്പോള്‍. മറ്റു രണ്ടു പേര്‍ നബിയോടൊപ്പമുണ്ട്. ഏറ്റവും ഇളയ പുത്രി ഫാത്തിമബീവിക്ക് അന്ന് 13 നോടടുത്തായിരുന്നുപ്രായം. അതിനാല്‍ വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥയിലായിരുന്നില്ല അദ്ദേഹം.

പ്രവാചകന് ഒരു ഇണയുടെ കൂട്ടുവേണമെന്ന് മനസ്സിലാക്കിയ ഖൗല തിരുമേനിക്കു ഒരു വധുവിനെ വേണമെന്ന് പറയുമ്പോള്‍ അതു വഴി ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ മകളേക്കാള്‍ വളരെ പ്രായംകുറഞ്ഞ ഒരു ബാലികയെയായിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ടോ? അദ്ദേഹത്തെ പരിചരിക്കാനും സ്‌നേഹിക്കാനും ഒരു കുട്ടിയെ വേണമെന്നാണോ അവര്‍ ഉദ്ദേശിച്ചത്? അത് തീര്‍ത്തും യുക്തിവിരുദ്ധമായ ഒരു കാര്യമാണ്.

മൂന്നാമതായി, പ്രവാചകചരിത്രത്തിലെ ഏറ്റവും പഴയതും ആധികാരികവുമായ ഇബ്‌നു ഇസ്ഹാഖിന്റെ ഗ്രന്ഥത്തില്‍ ആദ്യമായി ഇസ് ലാം സ്വീകരിച്ച ആളുകളെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക അധ്യായമുണ്ട്. സ്ത്രീകളും കുട്ടികളുമായി 51 പേര്‍ ആ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ആരും കുട്ടികളില്ല. പ്രവാചക തിരുമേനിയുടെ ആദ്യ നാല് അഞ്ച് വര്‍ഷത്തിനിടയിലാണ് ഇക്കൂട്ടര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇതില്‍ ആയിശയുടെ പേരുമുണ്ട്. ഇസ്‌ലാം സ്വീകരിക്കുമ്പോല്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്നും അതില്‍ പറയുന്നു. അവര്‍ ചെറുപ്പമായിരുന്നു. എന്നാല്‍ തന്റെ വിശ്വാസം തെരഞ്ഞെടുക്കാനും അതു പ്രഖ്യാപിക്കാനും മാത്രമുള്ള പക്വത അവര്‍ക്കുണ്ടായിരുന്നു.

അവര്‍ക്കന്ന് പത്ത് വയസ്സുണ്ടായിരുന്നുവെന്ന് അനുമാനിക്കുകയാണെങ്കില്‍ അവര്‍ ഇസ് ലാം സ്വീകരിക്കുമ്പോള്‍ അഞ്ച് വയസ്സായിരുന്നു. അപ്രകാരം ആയിശ വിവാഹിതയായിട്ടുണ്ടാവുക 19 ാമത്തെ വയസ്സിലാണ്. കാരണം പ്രവാചകന്‍ വിവാഹം ആലോചിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മദീനയിലേക്കു ഹിജ്‌റ പോയി. അവിടെ ചെന്ന് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമാണ് തിരുമേനി അവരെ വിവാഹം ചെയ്യുന്നത്.

ആയിശ വിവാഹിതയാകുമ്പോള്‍ ഒരു പൂര്‍ണ്ണ സ്ത്രീയായിട്ടുണ്ടായിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്.

10 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

കെ.ടി ജലീല്‍ സാഹിബ് നേരത്തെ തന്റെ ഫെയിസ് ബുക്കില്‍ പറഞ്ഞ ചിലകാര്യങ്ങളാണ് ചിലര്‍ തെളിവ് ചോദിക്കാന്‍ കാരണം... അതിങ്ങനെ

മുഹമ്മദ് നബി തന്നെ തന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിലാണ് 40 വയസ്സുള്ള ഖദീജാബീവിയെ വിവാഹം കഴിച്ചത് . നീണ്ട 25 വര്‍ഷം ഏകഭാര്യനായാണ് പ്രവാചകന്‍ ജീവിച്ചത് . 50 വയസ്സിന് ശേഷമായിരുന്നു നബിയുടെ മറ്റു വിവാഹങ്ങള്‍ . അവക്കെല്ലാം അനിവാര്യമായ രാഷ്ട്രീയ സാമൂഹ്യ കാരണങ്ങളും ഉണ്ടായിരുന്നു . നബി ആയഷാബീവിയെ വിവാഹം കഴിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രായം പത്തൊമ്പതായിരുന്നു . എന്നാല്‍ അതൊമ്പതായിരുന്നു എന്ന് അബദ്ധത്തിലാരോ എഴുതിപ്പിടിപ്പിച്ചത് എഴുന്നള്ളിക്കാനായിരുന്നു പുരോഹിതന്മാര്‍ക്ക് വലിയ താത്പര്യം . തന്റെ ജീവിതം ലോകത്തോട് പറയാന്‍ ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി ആവശ്യമാണെന്ന ബോദ്ധ്യമായിരുന്നു ആ വിവാഹത്തിന്റെ പോലും പ്രേരണ . റസൂല്‍ ആയിഷയെ വിവാഹം കഴിച്ചത് അവരുടെ ഒമ്പതാം വയസ്സിലായിരുന്നുവെന്ന് കട്ടായം പറയുന്നവര്‍ , എന്തുകൊണ്ടാണ് 9 വയസ്സുള്ള തങ്ങളുടെ പെണ്‍കുട്ടികളെ പ്രായമായവര്‍ക്ക് കല്ല്യാണം കഴിപ്പിച്ചുകൊടുത്ത് ആ നബിചര്യ പിന്തുടരാത്തത് ? നമ്മുടെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ നാം ഇഷ്ടപ്പെടാത്ത ഒന്ന് മുഹമ്മദ് നബി തന്റെ ജീവിതത്തില്‍ പ്രയോഗവല്ക്കരിച്ചിരുന്നുവെന്ന് കൊട്ടിഘോഷിച്ച് , എന്തിനാണ് ലോകം കണ്ട മഹാനായ ആ വിപ്ലവനായകനെ അപകീര്‍ത്തിപ്പെടുത്തുന്നത് ? ശൈശവ വിവാഹപ്രശ്നവും പുരോഹിതന്മാര്‍ വ്യാഖ്യാനിച്ച് വഷളാക്കിയതിന്റെ ഫലമാണ് കേരളത്തിലെ മുസ്ലിം സമൂഹം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുള്ളത് . ഇസ്ലാമില്‍ വിശ്വാസപരമായി നിര്‍ബന്ധമല്ലാത്ത വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കാടുകയറി ബഹുഭാര്യത്വതിലേക്കും ശൈശവ വിവാഹത്തിലേക്കും വഴിമാറിപ്പോയി രംഗം വഷളാക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത് . ഇസ്ലാമിന്റെ യശസ്സ് ഉയര്‍ത്താന്‍ നമുക്കായില്ലെങ്കിലും അതിനെ ഇകഴ്ത്താതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും നാം കാണിക്കണ്ടെ?

ബഷീർ പറഞ്ഞു...

track

Abu Raniya പറഞ്ഞു...

ചര്‍ച്ച ചെയ്യേണ്ട പ്രസക്തമായ വിഷയം.
എന്നാല്‍ ഒരു സംശയം ചോദിച്ചോട്ടെ:
ഹദീസുകളില്‍ ആയിഷ (റ) കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിച്ചതായി പറയുന്നുണ്ട്. പത്തൊമ്പത് വയസ്സില്‍ വിവാഹം കഴിച്ച ആയിഷ എങ്ങനെ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നത്?

Nasweef Ak പറഞ്ഞു...

Salam...
Appreciate your effort. Same time I beg to differ. I would suggest you to study the origination of this opinion (as far as I understood from previous readings, it's not from the Muslim fold, rather from people who deviated from it).

I hope you will find some time to read the below comments which deal with all the doubts raised regarding this matter:
http://qa.sunnipath.com/issue_view.asp?HD=7&ID=4604&CATE=1

alhuda news പറഞ്ഞു...

ഈ വിഷയത്തിലെ ആദ്യ വായനയാണിത്. നന്ദി.

mahmood പറഞ്ഞു...

വിഢിത്തം പുലന്പുന്നത് നിര്ത്തു

sathyadarsanam പറഞ്ഞു...

ആഇശ നിവേദനം: ‘റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.’

അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്... ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422)

sathyadarsanam പറഞ്ഞു...

ഇസ്ലാമിക ലോകം ആദരിക്കുന്ന പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദ്വ്വി രചിച്ച ‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ ഗ്രന്ഥം എം.പി.അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക്‌ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്:

“പ്രവാചകത്വലബ്ധിയുടെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആഇശയുടെ ജനനവും 10-ം വര്‍ഷത്തില്‍- ആറാം വയസ്സില്‍- വിവാഹവും നടന്നുവെന്നു ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ, ഒരു വിധത്തിലും ഇത് ശരിയാവാന്‍ സാധ്യത കാണുന്നില്ല. എന്തുകൊണ്ടെന്നാല്‍ നുബുവ്വത്തിന്‍റെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനിച്ചുവെന്ന് അംഗീകരിച്ചാല്‍ നുബുവ്വത്തിന്‍റെ 10-ം വര്‍ഷത്തില്‍ അവരുടെ വയസ്സ് ആറല്ല, എഴായിരിക്കും. ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ്, ആറാം വയസ്സിലാണ് അവരുടെ വിവാഹം നടന്നത്. ഹി.ഒന്നാം വര്‍ഷം ശവ്വാലില്‍ മധുവിധുവും നടന്നു. 18-ം വയസ്സില്‍, അതായത് ഹിജ്റ 11 റബീ ഉല്‍ അവ്വലില്‍ വിധവയുമായി. സര്‍വ്വാംഗീകൃതങ്ങളായ ചരിത്ര വസ്തുതകളാണിവ. ഇബ്നു സഅ്ദിന്‍റെ അഭിപ്രായം ഈ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തദടിസ്ഥാനത്തില്‍ നുബ്ബുവത്തിന്‍റെ അഞ്ചാം വര്‍ഷത്തിന്‍റെ അന്ത്യം, അതായത് ഹിജ്റയുടെ ഒന്‍പത് വര്‍ഷം മുന്‍പ്‌ ശവ്വാല്‍ (ക്രി.വ.614 ജൂലൈ) ആയിരിക്കും അവരുടെ ശരിയായ ജനനകാലം” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 30,31)

ഇനി എന്നാണ് ആഇശയുടെ വിവാഹം നടന്നതെന്ന് നോക്കാം:

“ആഇശയുടെ വിവാഹം ഹിജ്റയുടെ രണ്ടു വര്‍ഷം മുമ്പാണെന്നും മൂന്നു വര്‍ഷം മുമ്പാണെന്നും രണ്ടര വര്‍ഷം മുമ്പാണെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. ഖദീജയുടെ നിര്യാണം നടന്ന അതേ വര്‍ഷം തന്നെയാണെന്നും അതല്ല, അതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതത്രേ:

ഖദീജ നുബുവ്വത്തിന്‍റെ പത്താം വര്‍ഷം ഹിജ്റയുടെ ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ്‌ റമദാനില്‍ അന്തരിച്ചു. അതേ വര്‍ഷം ഒരു മാസം കഴിഞ്ഞ് ശവ്വാലില്‍ ആഇശയെ നബി വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആഇശക്ക് ആറ്‌ വയസ്സ് പ്രായമായിരുന്നു. ഇതനുസരിച്ച് ക്രി. 620 മേയിലാണ്- ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ് ശവ്വാലില്‍- ആഇശയുടെ വിവാഹം. വിവാഹം അന്ന് നടന്നിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം ഒന്‍പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 36,37)

ഈ പുസ്തകത്തിന്‍റെ 35-മത്തെ പേജില്‍ ഇപ്രകാരം ഒരു അടിക്കുറിപ്പ്‌ നല്‍കിയിട്ടുമുണ്ട്:

“ഈ ബാല്യകാലവിവാഹം നബിയുടെ വ്യക്തിത്വത്തിന് ചേര്‍ന്നതല്ലെന്നു ധരിച്ച സൂക്ഷ്മദൃക്കുകളല്ലാത്ത ചിലയാളുകള്‍ വിവാഹ സമയത്ത്‌ ആഇശയുടെ പ്രായം 16 ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ വൃഥാശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അവരുടെ വാദത്തിന് ഒരു തെളിവുമില്ല. ഹദീസ്‌ ചരിത്രകൃതികളിലൊന്നിനും ഈ വാദത്തിന് പിന്‍ബലം നല്‍കുന്ന ഒരക്ഷരം പോലും ലഭ്യമല്ല. (വിശദീകരണത്തിനു മുആരിഫിന്‍റെ 1928 ജൂലൈ ലക്കവും ’29 ജനുവരി ലക്കവും നോക്കുക.)”

ഈ വിവരണം അനുസരിച്ച് വിവാഹസമയത്തെ ആഇശയുടെ പ്രായം ആറ്‌ വയസ്സല്ല, അഞ്ച് വയസ്സും പത്ത് മാസവും ആണ്! (A.D.614 ജൂലൈ - A.D.620 മെയ്‌). മുഹമ്മദിന്‍റെ പ്രായം 50 വയസ്സും. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു എന്ന് പറയുന്നു. അതായത് ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ ആഇശയുടെ പ്രായം എട്ടു വയസ്സും പത്ത് മാസവും ആണ്. മുഹമ്മദിന്‍റെ പ്രായം 53 വയസ്സും.

Unknown പറഞ്ഞു...

ഇനി ഇങ്ങനെയൊക്കെ പറഞ്ഞ് ആശ്വസിക്കാം..

CKLatheef പറഞ്ഞു...

ഈ വിഷയം ചർച്ചെക്കെടുക്കുമ്പോഴെല്ലാം യുക്തിവാദികളും ക്രൈസ്തവ മിഷിനറി സുഹൃത്തുക്കളുമാണ് ഹദീസിൽനിന്ന് കടുകിട വ്യതിചലിക്കരുതെന്ന ഉപദേശവുമായി മുന്നോട്ട് വരുന്നത്. മുകളിൽ നൽകപ്പെട്ട കമന്റുകൾ തന്നെ നോക്കുക. എന്നാൽ അവർക്ക് തന്നെയും ദാമ്പത്യജീവിതം ആരംഭിച്ച വയസ്സ് 9 ൽ കുറക്കാൻ ഹദീസ് തടസ്സമല്ല താനും.

ആയിശ(റ)യുടെ വിവാഹ പ്രായം ഒരു വിശ്വാസകാര്യമല്ല. ഒരു ചരിത്രമാണ്. ചരിത്രവസ്തുതകളുമായും അക്കാലത്തെ നടപടിക്രമവും പഠിക്കുമ്പോൾ അതിൽ നിന്ന് ഭിന്നമായ പലതും ഈ ഹദീസിൽ കാണുന്നു.

തന്റെ മകൾക്ക് വിവാഹപ്രായമെത്തി എന്ന് മനസ്സിലാക്കിയ ഒരു പിതാവ് മകൾക്ക് വിവാഹലോചന നടത്തിക്കൊണ്ടിരിക്കെയാണ് അവരെ നബി തിരുമേനി വിവാഹം കഴിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. മിക്ക നബി ചരിത്രഗ്രന്ഥങ്ങളും ആയിശയുടെ ഹദീസിനെ അടിസ്ഥാനപ്പെടുത്തി മാത്രം കാര്യങ്ങളെ വിശകലനം ചെയ്യുകയാണുണ്ടായിട്ടുള്ളത്. ആ നിലക്ക് അവർ പറഞ്ഞതും ഒരു അഭിപ്രായം എന്ന നിലക്കല്ലാതെ ഒരു പ്രമാണമായി സ്വീകരിക്കേണ്ട ആവശ്യമില്ല.

എങ്ങനെ നോക്കിയാലും ഈ വിഷയത്തിൽ ഇസ്ലാമിക ചരിത്രകാരൻമാർ വ്യത്യസ്ഥമായ അഭിപ്രായത്തിലാണ് എന്ന് കാണാം.

ഇവിടെ സത്യദർശനം പോലുള്ള കൃസ്ത്യൻ ബ്ലോഗർ 9 ഓ അതിൽ കുറച്ചോ ഒക്കെയാക്കി അത് അവതരിപ്പിക്കുന്നതിന് പിന്നിൽ സത്യത്തോടുള്ള താൽപര്യത്തെക്കാൾ തങ്ങളുടെ ഒരു വിമർശന സാധ്യത നഷ്ടപ്പെടുമെന്ന ഭയമാണ്.

9 വയസ്സുള്ള ആയിശ (റ) ഒന്നുമറിയാത്ത കൊച്ചുകുട്ടിയായി എന്താണ് നടക്കാൻ പോകുന്നതെന്നുപോലുമറിയാതെയാണ് ഈ ഹദീസിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അത്തരമൊരു കുട്ടിയെയല്ല നമ്മുക്ക് ചരിത്രത്തിൽ പ്രവാചകനോടൊത്തു ജീവിതം ആരംഭിച്ച ശേഷമുള്ള അവരുടെ വാക്കുകളിൽ നിന്നും പ്രവർത്തിയിൽനിന്നും കാണാൻ കഴിയുന്നത്. പ്രഗൽഭരും പണ്ഡിതരുമായ നബി ശിഷ്യരെ പോലും തിരുത്തുകയും ഖണ്ഡിക്കുകയും ചെയ്യുന്ന മഹതിയാണവർ, 9 വയസ്സിന് ശേഷം പെട്ടെന്ന് ഉണ്ടായ ഒരു മാറ്റമാണോ ഇത്. ഏറ്റവുംകൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത വനിത. ഇസ്ലാമിക കുടുംബജീവിതം അവരുടെ ഹദീസുകളെ അവലംബിച്ചാണ് മിക്കവാറും നിലകൊള്ളുന്നത്.

ഹദീസ് ക്രോഡീകരണത്തെ സംബന്ധിച്ച് കൂടുതലറിയാത്തവർ, ആയിശ(റ) തന്നെ തന്റെ വിവാഹത്തെക്കുറിച്ച് പറയുമ്പോൾ പിന്നെ അതെങ്ങനെ വിശ്വസിക്കാതിരിക്കും എന്ന് ചിന്തിക്കുന്നുണ്ടാകും. ആയിശ പറയുന്നതായിട്ടാണ് ഹദീസിലുള്ളതെങ്കിലും അത് ഒട്ടേറേ പേർ വാമൊഴിയായി കൈമാറിയാണ് അത് മുസ്ലിം, ബുഖാരി എന്നിവരിലൊക്കെ എത്തിചേർന്ന് അത് അവർ ക്രോഡീകരിക്കുന്നത്. ഈ ഹദീസിലെങ്കിലും അത്തരം കൈമാറ്റത്തിനിടയിൽ ചില അതിശയോക്തി കലർന്നിരിക്കുന്നു പ്രായത്തിലടക്കം എന്നതാണ് അവരുടെ വിവാഹ പ്രായത്തിൽ സംശയിക്കാനുള്ള കാരണം. അതിന് ബലമേകുന്ന വിധം ചില ചരിത്രങ്ങൾ കാണുകയും ചെയ്യുന്നു.

എന്റെ ചില സുഹൃത്തുക്കളെങ്കിലും വിവാഹപ്രായം സംശയിക്കാതെ 6-9 എന്ന് തന്നെ പിന്തുടരണം എന്ന് ആവശ്യപ്പെടാനുള്ള കാരണം. ഇങ്ങനെ വരുമ്പോൾ അത് ഹദീസുകളെ സംശയിക്കലാവില്ലേ. ഇത് മറ്റു ഹദീസുകളിലും ബാധകമാവില്ലേ എന്നൊക്കെയുള്ള ആശങ്കകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review