2014, ജൂൺ 4, ബുധനാഴ്‌ച

ഏകസിവില്‍കോഡ് എന്ന ഉണ്ടയില്ലാ വെടി.


ഏകസിവില്‍കോഡ് /പൊതുസിവില്‍കോഡ് എന്ന പദം ഇനിയുള്ള നാളുകളില്‍ കൂടുതലായി കേള്‍ക്കാന്‍ പോകുകയാണ്. 1980 കളിലാണ് ഇതിന് മുമ്പ് ഈ പദം ഏറെ പരാമര്‍ശിക്കപ്പെട്ടത്. അന്ന് കാര്യമായി അത് ഉപയോഗിച്ചത് മതനിഷേധം അടിസ്ഥാനമായംഗീകരിച്ചവരും യുക്തിവാദികളും പുരോഗമനവാദികളെന്നറിയപ്പെടുന്നവരാണ്. മുസ്ലിംകളെ പ്രകോപിപ്പിക്കാനുള്ള ഒന്നാംതരം ഒരു ഉരുപ്പടിയാണ് ഏകസിവില്‍കോഡെന്ന് അന്നായിരിക്കാം ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. അതിന് ശേഷം ഇടക്കിടക്ക് ആ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഹൈന്ദവരാഷ്ട്രീയ സംഘടനകള്‍ മുന്‍പന്തിയില്‍നില്‍ക്കുന്നു. ഇപ്പോള്‍ ഭരണത്തിലേറിയ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ തന്നെ ഏകസിവില്‍കോഡ് സ്ഥാനം പിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടക്കിടക്ക് അത് ഉരുവിടലും ചര്‍ചയാക്കലും അവരുടെ ബാധ്യതയായി മാറിയിരിക്കുന്നു. 

എന്താണ് ഏകസിവില്‍കൊഡിന് ഭരണഘടനയിലുള്ള സ്ഥാനം ?

ഏകസിവില്‍കോഡിനായി രാജ്യം പരിശ്രമിക്കുമെന്ന് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ 44 ാം ഖണ്ഡികയായി പറഞ്ഞുപോയിട്ടുണ്ട് എന്നത് ശരിയാണ്. മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ എന്നാല്‍ ഭരണകൂടത്തിന് ദിശാബോധം നല്‍കാന്‍ ഉതകുന്ന ദര്‍ശനമോ കാഴ്ചപ്പാടോ മാത്രമാണ്. ഭരണഘടനയില്‍ തന്നെയുള്ള 38 മുതല്‍ 50 വരെയുള്ള ഖണ്ഡികയിലെ ഇത്തരം മാര്‍ഗനിര്‍ദേശകതത്വങ്ങളെ പരിശോധിച്ചാല്‍ അത് വ്യക്തമാകും ഉദാഹരണത്തിന്.. വരുമാന വിഷയത്തില്‍ പൌരന്‍മാര്‍ തമ്മില്‍ മാത്രമല്ല ജനവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം ദൂരീകരിക്കാന്‍ സര്‍ക്കാര്‍ പ്രയത്നിക്കണമെന്നും സാമൂഹികക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് പൌരന്മാരുടെ ആരോഗ്യ-പോഷകാഹാര പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നൊക്കെ അവിടെ തന്ന പരാമര്‍ശിക്കുന്നുണ്ട് (അതിന്റെ ഭാഗമായിട്ടാണ് സംവരണം പോലുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത് എന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുക). സംവരണത്തിനും പിന്നോക്കക്കാരുടെ ആനുകൂല്യങ്ങള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിക്കുന്നവരാണ് അതേ ഇനത്തില്‍ പെട്ട ഏകസിവില്‍കോഡിന് വേണ്ടി പ്രത്യേകം ശംബ്ദമുയര്‍ത്തുന്നത് എന്ന വിരോധാഭാസം തല്‍കാലം അവഗണിക്കുക. 

മനോഹരമായ നടക്കാത്ത സ്വപ്നം. 

ഏകസിവില്‍കോഡ് മനോഹരമായ ഒരു സ്വപ്നമാണ്. ഏക ക്രിമിനല്‍കോഡിന് രാജ്യത്തെ മൊത്തം ജനങ്ങളും വഴിപ്പെടുന്ന പോലെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ അവരുടെ സിവില്‍ നിയമങ്ങളില്‍ അഥവാ വിവാഹം, പിന്തുടര്‍ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, മരണപത്രം എന്നിവയിലും ഒരൊറ്റ നിയമം പിന്തുടരുക എന്നത് സാധ്യമാകുന്ന പക്ഷം ആകര്‍ഷകം തന്നെയാണ്. എന്നാല്‍ മറ്റു മാര്‍ഗനിര്‍ദേശക തത്വങ്ങളെ പോലെ അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും രാജ്യപുരോഗതിയോ സമാധാനമോ അതുകൊണ്ടുണ്ടാകും എന്ന് കരുതാനാവില്ല. രാജ്യത്തെ ഏതാണ്ടെല്ലാ മതവിഭാഗങ്ങള്‍ക്കും യോജിച്ച ഒരു ഏകസിവില്‍കോഡ് ഇതുവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. അറുപത് വര്‍ഷമായിട്ടും അതേക്കുറിച്ച് ചെറിയ ഒരു ധാരണപോലും ഉണ്ടായിട്ടില്ല. ഒരോ മതവിഭാഗങ്ങളും തങ്ങളുടെ വ്യക്തിത്വവും ആചാരവും നിലനിര്‍ത്തുന്നതില്‍ ഈ നിയമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 

പലരും കരുതുന്നത്, മുസ്ലിംകളെ മാത്രം പ്രതികൂലമായി ബാധിക്കുന്ന ഹൈന്ദവ സമൂഹത്തിന് അഭിമാനിക്കാവുന്ന എന്തോ ഒന്നാണ് ഏകസിവല്‍കോഡ് എന്നതാണ്. അതുകൊണ്ട് ഏകസിവല്‍കോഡ് കൊണ്ടുവരുന്നുവെന്ന് പറയുമ്പോള്‍ ഹിന്ദുത്വവാദികള്‍ വലിയ ആവേശം കാണിക്കുന്നു. കുടെ അവരുടെ മെഗാഫോണുകളായ യുക്തിവാദ നാട്യക്കാരും. അതേ സമയം മുസ്ലിംകള്‍ വല്ലാത്ത പ്രതിരോധത്തിലുമാകുന്നു.  ഈ നടപ്പുശീലമാണ് ഈ മാര്‍ഗനിര്‍ദേശക തത്വത്തിന്റെ മാര്‍ക്കറ്റ്. മുസ്ലിംകള്‍ അല്‍പം കൂടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. പൊതുസിവില്‍കോഡ് സജീവ ചര്‍ചയും സംവാദവുമാകട്ടേ, മുസ്ലിംകളുടെ ഇപ്പോഴത്തെ ഭയം തന്നെയാണ് അവരുടെ ഈ വിഷയത്തിലുള്ള ശക്തിയും. അഥവാ അവര്‍ കരുതുന്നത്. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങളാണ് ശരീഅത്ത് എന്നത്, അതിന്റെ ഒരു ഭാഗമാണ് അവര്‍ പിന്തുടരുന്ന സിവില്‍ നിയമങ്ങള്‍ അത് ആവശ്യാനുസരണം മാറ്റം വരുത്താന്‍ പാടില്ലാത്തതാണ്. അഥവാ അങ്ങനെ തിരുത്തിയ ഒരു നിയമം പിന്തുടരുന്ന പക്ഷം മുസ്ലിം എന്ന അവകാശവാദത്തിന് കഴമ്പുണ്ടാവില്ല. അതിനാല്‍ അത്തരം ഒരു ശ്രമത്തെ മുളയിലേ നുള്ളുക എന്നതാണ് ഈ വിഷയത്തിലെ മുസ്ലിം വികാരത്തിന്റെ ഹേതു. ക്രൈസ്തവ സമൂഹത്തിന്റെ സിവില്‍കോഡില്‍ മാറ്റം വരുത്താന്‍ അവര്‍ തന്നെ ഇടക്ക് ശബ്ദം ഉയര്‍ത്താറുണ്ട്. പ്രത്യേകിച്ചും വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള നിയമത്തേക്കാള്‍ മെച്ചപ്പെട്ടതാണ് ഏകസിവില്‍കോഡെങ്കില്‍ അത് വരട്ടെ എന്ന് അവര്‍ മനസ്സാ അംഗീകരിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നത്. 

വ്യക്തിനിയമങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല. 

ഏഴു വ്യക്തിനിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്ന് പലര്‍ക്കും അറിയില്ല. വ്യക്തിനിയമം എന്നാല്‍ അത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന എന്തോ ഒന്ന് എന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ഏതൊക്കെയാണ് നിലവിലുള്ളത് എന്ന് നോക്കാം. 1. ഹിന്ദുവ്യക്തിനിയമം, 2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങള്‍, 3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍, 4. ക്രിസ്ത്യന്‍ വ്യക്തിനിയമം, 5. പാഴ്സി വ്യക്തിനിയമം, 6. ജൂതവ്യക്തിനിയമം, 7. മുസ്ലിം വ്യക്തിനിയമം. 

ഏതൊരു വ്യക്തിയും ഇതില്‍ ഏതെങ്കിലും ഒന്നിന്റെ കീഴിലായിരിക്കും തങ്ങളുടെ കുടുംബപരവും സാമൂഹികവുമായ ജീവിതപരിസരം ക്രമപ്പെടുത്തിയിട്ടുണ്ടാവുക. ഏകസിവില്‍കോഡിന് വേണ്ടി വാദിക്കുന്നവര്‍ ഇതില്‍ ഏത് മതനിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഈ ചോദ്യത്തിന് ഇന്നോളം ഉത്തരം ഉണ്ടായിട്ടില്ല. ഏകസിവില്‍കോഡ് എന്ന ഒന്നിന് വേണ്ടി വാദിക്കുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്. ഇതരമതക്കാര്‍ക്ക് തങ്ങളുണ്ടാകുന്ന നിയമത്തിന്റെ സൌകര്യം ലഭിക്കണമെന്നാണോ ?. അതല്ല ഹിന്ദുത്വശക്തികള്‍ അവരുടെ മതനിയമം എല്ലാ ജനവിഭാഗത്തിനും അനുഗുണമായി കാണുന്നുവോ?. മുസ്ലിംകള്‍ ഇതില്‍ ഒരു വിഭാഗം മാത്രമാണ്. മറ്റു മതസ്ഥര്‍ അതിനെ എങ്ങനെ കാണും. കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുന്നത് പോലെ ഒരോ മതസ്ഥരും അവരവരുടെ നിയമം കൊണ്ട് സിവില്‍ വിഷയങ്ങളില്‍ വിധി ലഭിക്കാനാണ് ഇഷ്ടപ്പെടുക എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധി ആവശ്യമില്ല. അതിനാല്‍ തന്നെ രാജ്യം ഇന്ന് നിലനില്‍ക്കുന്ന അതിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന മനോഹര തത്വത്തെ തകര്‍ത്തിട്ടേ കേവലം സ്വപ്നമായ അപ്രായോഗികമെന്ന് അധികം ചിന്തിക്കേണ്ടതില്ലാത്ത ഏകസിവില്‍കോഡിലേക്ക് നടക്കാനാവൂ. 

അംബേദ്കര്‍ തന്നെ വ്യക്തമാക്കുന്നു. 

ഭരണഘടനാശില്‍പികള്‍ തന്നെയാണ് ഇതിന്റെ അപ്രയോഗികത ആദ്യമായി മനസ്സിലാക്കിയത് എന്ന് അവരുടെ തന്നെ വാക്കുകളില്‍ കാണാം. ബന്ധപ്പെട്ട വിഭാഗങ്ങള്‍ സ്വയം മുന്നോട്ട് വരുന്നത് വരെ ഏകീകൃത സിവില്‍കോഡിനെക്കുറിച്ച് പാര്‍ലമെന്റ് ചിന്തിക്കുക പോലുമില്ലെന്നും എഴുതാപുറം വായിക്കരുത് എന്നും അദ്ദേഹം ഉണര്‍ത്തുന്നു. അപ്പോള്‍ കാര്യം വ്യക്തം. ഇന്ത്യയില്‍ മേല്‍പറയപ്പെട്ട മതവിഭാഗങ്ങള്‍ മുന്നോട്ട് വന്ന് തങ്ങള്‍ക്ക് ഒരു ഏകീകൃതവ്യക്തിനിയമം വേണം എന്നാവശ്യപ്പെടുമ്പോള്‍ അതുമായി മുന്നോട്ട് പോകും എന്നും അല്ലാത്ത പക്ഷം അതേക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച ചെയ്യുന്നത് പോയിട്ട് ചിന്തിക്കുകയില്ല എന്നാണ് അംബേദ്കര്‍ പറയുന്നത്. ആരുടെ മേലും ബലാല്‍കാരമായി അടിച്ചേല്‍പിക്കുന്ന ഒരു വ്യവസ്ഥയായി 44 ാം അനുച്ഛേദത്തെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നത് ചരിത്ര രേഖകളില്‍ കാണാം. അംബേദ്കര്‍ പറയുന്നുവെന്നതല്ല ഇതിന്റെ പ്രസക്തി മറിച്ച് ഇന്ത്യന്‍ മതേതരത്വം സ്വാഭാവികമായി ഇത് താല്‍പര്യപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതേക്കുറിച്ച് തന്നെയാണോ ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത് എന്ന് വ്യക്തമാകേണ്ടതുണ്ട്. അതല്ല ഏകസിവില്‍കോഡ് എന്ന പേരില്‍ ഹിന്ദുകോഡ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണെങ്കില്‍ അത് പറയുകയാണ് വേണ്ടത്. 

ഹിന്ദുക്കള്‍ ഏകസിവില്‍കോഡ് അംഗീകരിക്കുമോ ?. 

ഈ ചോദ്യം പ്രസക്തമാണ്. കാരണം ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ പ്രജകള്‍ക്ക് ഒന്നായി കൊണ്ടുവന്ന സെക്യൂലര്‍ സ്വഭാവമുള്ള 1872 ലെ പ്രത്യേക വിവാഹനിയമം, 1869ലെ ഇന്ത്യന്‍ വിവാഹഭഞ്ജന നിയമം, 1890 ലെ രക്ഷാകര്‍തൃനിയമം, 1925 ഇന്ത്യന്‍ പിന്തുടര്‍ചാനിയമം എന്നിവയെ ഏകസിവില്‍കോഡ് മാര്‍ഗനിര്‍ദേശകതത്വമായി അവതരിപ്പിച്ചതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇവക്കൊക്കെ പകരമായി ഹിന്ദുമതനിയമങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. അതിനായി 1955 ല്‍ ഹിന്ദു വിവാഹനിയമം, 1956 ല്‍ ഹിന്ദുപിന്തുടര്‍ചാവകാശ നിയമം, ഹിന്ദുദത്തെടുക്കല്‍നിയമം, ഹിന്ദുരക്ഷാകര്‍തൃനിയമം എന്നിവ പ്രത്യേകമായി ഉണ്ടാക്കി. അതില്‍നിന്ന് മനസ്സിലാക്കുന്നത് ഭരണഘടന പരാമര്‍ശിക്കുന്ന തരത്തില്‍ ഏല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍കോഡ് ഹിന്ദുക്കള്‍ക്ക് പോലും സ്വീകാര്യമാവില്ല എന്നതാണ്. അതുകൊണ്ട് തന്നെ കേവലം ഇന്ത്യന്‍ ജനസംഖ്യയില്‍ നിലവിലെ മുസ്ലിംകളെക്കാള്‍ ന്യൂനപക്ഷമായ ബി.ജെപിക്ക് വോട്ടുചെയ്തവര്‍ (ഇന്ത്യന്‍ ജനസംഖ്യയില്‍ 16 ല്‍ അല്‍പം കൂടുതലാവും ഇവര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. കാരണം വോട്ട് ചെയ്തവരില്‍ തന്നെ 31 ശതമാനമാണ് ബി.ജെ.പിക്ക് വേട്ടി കീ അമര്‍ത്തിയത്) ഈ രാജ്യത്തിലെ എല്ലാവര്‍ക്കുമായി ഒരു ഏകീകൃത സിവില്‍നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അസംബന്ധമായി മറ്റെന്താണുള്ളത്. 

ഏകസിവില്‍കോഡ് എന്നത് ഉണ്ടയില്ലാ വെടി. 

ന്യൂനപക്ഷം മുസ്ലിംകളെ താല്‍കാലികമായി സംഭ്രമിപ്പിക്കാന്‍ മാത്രം സാധിക്കുന്ന ഉണ്ടയില്ലാ വെടിയാണ് ഏകസിവല്‍കോഡിന് വേണ്ടിയുള്ള ഹിന്ദുത്വവാദം എന്ന് മനസ്സിലാക്കുക. കാരണം അത്തരം ഒരു സങ്കല്‍പം തന്നെ അവ്യക്തമാണ്. 60 ലധികം വര്‍ഷം കഴിഞ്ഞിട്ടും ഇത് എന്താണ് എന്ന് വിശദീകരിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍ നിയമം, 6 പ്രമുഖ മതങ്ങളും 6 പ്രബല വംശീയ വിഭാഗങ്ങളും 55 മുഖ്യ ഗോത്രങ്ങളും 6400 ജാതികളും ഉപജാതികളും കൊണ്ട് വൈവിധ്യവത്കരിക്കപ്പെട്ട ഒരു രാജ്യത്ത് അസംഭവ്യവും അപ്രയോഗികവുമാണ് എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇക്കാര്യത്തില്‍ വാശിയുള്ള ഹിന്ദുത്വശക്തികള്‍ എല്ലാ ഹിന്ദുക്കള്‍ക്കും സ്വീകാര്യമായ ഒരു പൊതുനിയമം കൊണ്ടുവന്ന് അത് പ്രാവര്‍ത്തികമാകട്ടേ, അതിന്റെ ഗുണം ആദ്യം ഹിന്ദു സുഹൃത്തുക്കള്‍ക്ക് ലഭിക്കട്ടെ, തങ്ങളുടെ നിലവിലെ സിവില്‍നിയമത്തെക്കാള്‍ ഗുണകരമെന്ന് കാണുമ്പോള്‍ ചുരുങ്ങിയത് കൃസ്ത്യാനികളെങ്കിലും അത് സ്വീകരിക്കാന്‍ സന്നദ്ധമായേക്കും അടുത്ത ഒരു നൂറ്റാണ്ടിനടക്ക് ഒന്ന് രണ്ട് മതവിഭാഗമെങ്കിലും അതിന് കീഴില്‍ കൊണ്ടുവന്നാല്‍ അത്രയും ആശ്വസിക്കാമല്ലോ.

ഏകസിവില്‍കോഡിനെക്കുറിച്ച് പറയുന്നത് ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ്. അത് കേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യാനുസരണം നിയമനിര്‍മാണം നടത്താന്‍ അധികാരം നല്‍കുന്ന കണ്‍കറന്റ് ലിസ്റ്റ് ആണ്. അതുതന്നെ ഈ നിയമം ഇന്ത്യയൊട്ടാകെ കൊണ്ടുവരിക എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നു.


ആര്‍ക്ക് വേണ്ടി ?.

ഈ വിഷയത്തിലെ ഏറ്റവും വലിയ തമാശ, ആരാണോ ഏകസിവില്‍കോഡിനെ ഇപ്പോള്‍ കൂടുതല്‍ എതിര്‍ക്കുന്നത് അവരിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഏകസിവില്‍കോഡ് എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. അഥവാ ഏകസിവില്‍കോഡ് വരുന്നതോടെ മുസ്ലിം സ്ത്രീകള്‍ അന്യായമായ ത്വലാഖില്‍നിന്ന് രക്ഷപ്പെടും. അതിനാല്‍ ഏകസിവില്‍കോഡിന്റെ അഭാവം മുസ്ലിംകള്‍ക്ക് വലിയ പ്രയാസമാകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. അപ്പോള്‍ കാര്യമായി ഇതിന്റെ ഉന്നം മുസ്ലിംകളാണ്, അവരിലെ സ്ത്രീകളാണ്. അനാഥശാലയിലേക്ക് വന്ന അനാഥകളെ തടഞ്ഞുവെച്ചതും അവരിലെ അധ്യാപകരെ ജയിലിലടച്ചതും അനാഥകളെ പീഡിപ്പിക്കുന്നതിനെതിരെയായിരുന്നുവെന്ന പോലെ ഒരു തമാശ മാത്രമാണിത്. വിവാഹമോചനം സങ്കീര്‍ണമാക്കിയതുകൊണ്ട് എത്രമാത്രം ജീവിതത്തില്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നുവെന്നറിയാന്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കളോട് ചോദിച്ചാല്‍ മതി. അപ്പോള്‍ പ്രശ്നം ഇന്ത്യയുടെ ഏകത്വമോ കെട്ടുറപ്പോ ഒന്നും അല്ല. മുസ്ലിം സിവില്‍ നിയമത്തില്‍ വിവാഹമോചനവും ബഹുഭാര്യത്വവും ഇല്ലായിരുന്നെങ്കില്‍ ആര്‍ക്കും ഏകസിവില്‍കോഡ് വേണ്ടിവരുമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

മുഖ്യഅവലംബം. മാധ്യമം 


1 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

പ്രസക്തം കാലീകം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review