2011 ജനുവരി 27, വ്യാഴാഴ്‌ച

ജബ്ബാറിന്റെ വിതണ്ഡവാദങ്ങള്‍ (1)

[ഇസ്ലാമും വിഗ്രഹാരാധനയും : ലാത്തമനാത്തദൈവങ്ങളെ അംഗീകരിക്കുന്ന വെളിപാട് പിശാചിന്റേതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ഖുര്‍ ആനില്‍ നിന്നും ഒഴിവാക്കി പകരം വേറെ ആയത്തിറക്കുകയുണ്ടായല്ലോ. എന്നാല്‍ നബിക്കോ അല്ലാഹുവിനോ തിരിച്ചറിയാനും തിരുത്താനും സാധിക്കാതെ പോയ നിരവധി `പൈശാചിക വചനങ്ങള്‍ `അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇനിയുമുണ്ടെന്നു ന്യായമായും കരുതാം.

ഇതാ ഒരുദാഹരണം:- إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْراً فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ
“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]

ശിര്‍ക് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവനാണല്ലോ ഇബ് ലീസ്. ഇറങ്ങിപ്പോരുമ്പോള്‍ ഇബ് ലീസ് ദൈവത്തോട് പറഞ്ഞത് “എന്നോട് ചെയ്ത ചതിക്കു ഞാന്‍ പകരം വീട്ടും.” എന്നാണ്.. മനുഷ്യരെക്കൊണ്ട് ശിര്‍ക് ചെയ്യിക്കാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതു ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ഖുറ് ആനിലെ നിരവധി വചനങ്ങളും മുസ്ലിംങ്ങളുടെ പല ചെയ്തികളും വ്യക്തമാക്കുന്നത്.

ബിംബാരാധന തെറ്റാണെന്ന് സ്വന്തം അനുയായികളെ പഠിപ്പിച്ച പ്രവാചകന്‍ ഒടുവില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനയുടെ ചളിക്കുണ്ടിലേക്കു തന്നെ ആഴ്ത്തി വിട്ടതെന്തുകൊണ്ടാണെന്ന കാര്യം ഇസ്ലാമിക ചിന്തകരെത്തന്നെ ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ്. മക്ക തനിക്കു കീഴടങ്ങിയതോടെ മുഹമ്മദിന്റെ വിഗ്രഹവിരോധം പമ്പ കടന്നു!

ഹജ്ജ് എന്ന പേരില്‍ അവിടെ നടന്നു വന്ന പ്രാകൃതാചാരങ്ങളെല്ലാം നില നിര്‍ത്താന്‍ മുഹമ്മദ് ഉത്തരവിടുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ അന്നത്തെ അനുയായികളെപ്പോലും അമ്പരപ്പിച്ചതായി വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും പറയുന്നു. മേല്‍ ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യത്തിന് കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:

“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”

ഹജ്ജ് എന്ന പ്രാകൃതവും മൂഡവുമായ ജാഹിലിയ്യ ആചാരം ഇസ്ലാമില്‍ നിലനിര്‍ത്തിയതിന്റെ പിന്നില്‍ പിശാചിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയില്ലേ? ഈ ആയത്തുള്‍പ്പെടെ വിഗ്രഹാരാധനക്കു പ്രേരകമായ പല വെളിപാടുകളും പിശാചിന്റെതാകാന്‍ ഇടയില്ലേ? എന്തൊക്കെയാണ് ഹജ്ജിന്റെ പേരില്‍ അവിടെ നടക്കുന്നത്? കല്ലിനെ ചുറ്റുക, കല്ലിനെ ചുംബിക്കുക, കല്ലിനെ കല്ലെറിയുക,തല മൊട്ടയടിക്കുക, ഒട്ടകങ്ങളെ ബലിയറുക്കുക എന്നിങ്ങനെ അറബിനാടോടികളുടെ എല്ലാ അനാചാരങ്ങളും ഇതിന്റെ ചടങ്ങുകളായി നടക്കുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേ വിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ പോലും ഈ വിഗ്രഹങ്ങളുടെ `പരിശുദ്ദി` കാക്കുന്നു!! അതേ സമയം തഞ്ചം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ വിഗ്രഹാരാധകര്‍ എന്നു കളിയാക്കുകയും ചെയ്യും!]

ജബ്ബാര്‍ മാഷ് വെച്ച മഞ്ഞകണ്ണടുയുടെയും ഇസ്‌ലാമിനെക്കുറിച്ച അജ്ഞതയുടെയും ഫലമാണ് ഇവിടെ അദ്ദേഹം പകര്‍ത്തിവെച്ച പോസ്റ്റ്.

സഫാ മര്‍വക്കിടയില്‍ ഓടാനാവശ്യപ്പെട്ടത് അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെ ഓര്‍ത്തുകൊണ്ടാണ് എന്ന് ഇസ്ലാം വിമര്‍ശകരില്‍ ആരോ പറഞ്ഞതുകേട്ട് ചങ്കുതൊടാതെ  വിഴുങ്ങുകയും യുക്തിയുപയോഗിച്ച് അല്‍പവും ചിന്തിക്കാതെ പകര്‍ത്തിവെച്ചിരിക്കുകയാണ് അദ്ദേഹം. ഹജ്ജ് എന്ന കര്‍മം മുഹമ്മദ് നബി ആരംഭിച്ചതല്ല. ഇബ്‌റാഹിം നബി മുതല്‍ ഉള്ളതാണ്. ഇടക്ക് വിഗ്രഹാരാധനയിലേക്ക് മനുഷ്യര്‍ മാറിയപ്പോള്‍ അവര്‍ രണ്ട് മലയിലും ബിംബങ്ങളെ പ്രതിഷ്ഠിച്ചു. മുഹമ്മദ് നബിയുടെ പ്രബോധനത്തോടെ വിഗ്രാഹാരധനയുടെ അര്‍ഥശൂന്യത മനസ്സിലാക്കിയ അറബികള്‍ അതില്‍നിന്ന് പിന്‍മാറി (മാഷിന് ഇപ്പോഴും അത് മനസ്സിലായില്ല. മറ്റുള്ളവരുടെ വിഗ്രഹാരാധനയെ വിമര്‍ശിക്കുന്നുവെന്നത് അദ്ദേഹം മുസ്ലിംകളില്‍ കാണുന്ന ഒരു മഹാഅപരാധമാണ്). പിന്നീട് ഹജ്ജിനെ സംസ്‌കരിച്ചെടുത്തപ്പോള്‍ നിര്‍ദ്ദേശിച്ച സഫാ മര്‍വ ഓട്ടം ചിലര്‍ക്ക് ദുസ്സഹമായി കാരണം അവരത് നേരത്തെ വിഗ്രഹങ്ങളെ വെച്ച് ചെയ്തിരുന്നതാണ്. അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവരോട് പറഞ്ഞതാണ് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തം. അതിന്റെ സന്ദര്‍ഭമാണ് പണ്ഡിതന്‍മാര്‍ വിശദീകരിച്ചത്. പക്ഷെ ജബ്ബാര്‍ അതിന് അദ്ദേഹത്തിന്റേതായ ഒരു വിശദീകരണം നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ വൃഥാശ്രമം നടത്തുകയാണ് ഇവിടെ ചെയ്തത്.

ആരാധനാപരമായ ചടങ്ങുകള്‍ക്ക് ചില മഹത്തായ ധര്‍മങ്ങളുണ്ട് അത് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കും അതിന് സന്നദ്ധമാകാത്തവര്‍ക്കും ആ ചടങ്ങുകളുടെ ആത്മാവും അവയുടെ മനശാസ്ത്രപരമായ ധര്‍മവും ഗ്രഹിക്കാനാവുകയില്ല. അവര്‍ക്ക് ആരാധനകള്‍ കുത്തിമറിച്ചിലും കല്ലേറുമായി മാത്രം അനുഭവപ്പെടും അത് മനസ്സിലാക്കിക്കൊടുക്കാന്‍ ഞാന്‍ നിസ്സഹായനാണ്. അതൊന്നുമില്ലാതെ ബുദ്ധി,യുക്തി എന്നൊക്കെ പറഞ്ഞ് ആളെ സംഘടിപ്പിക്കാന്‍ പതിറ്റാണ്ടുകളായി ശ്രമം നടത്തിയിട്ട്. അവസാനം അഖിലലോക നാസ്തിക സമ്മേളനങ്ങള്‍ പോലും സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരാനെ കഴിയുന്നുള്ളൂ. അതില്‍ നിന്നെങ്കിലും ജനങ്ങളുടെ മനസ്സും മസ്തിഷ്‌കവുമറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് 1400 വര്‍ഷം മുമ്പ് അറേബ്യന്‍ മരുഭൂമിയില്‍ ജനിച്ച 'സംസ്‌കാരമില്ലാത്ത' ഒരു അറബിയായിരുന്നുവെന്ന് ഇവര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.

വളരെയധികം അച്ചടക്കവും അനുസരണവും വേണ്ട വകുപ്പുകളായ പട്ടാളം പോലീസ് തുടങ്ങിയ വകുപ്പുകളില്‍ സലൂട്ടടിയും മറ്റും എന്തിനാണ് എന്ന് ഏതെങ്കിലും ഒരു മനശാസ്ത്രകാരനോട് അന്വേഷിക്കുക അദ്ദേഹം ചിലതെല്ലാം പറഞ്ഞുതരും അതും ഞങ്ങളുടെ നമസ്‌കാരവും നോമ്പും ഹജ്ജുമൊന്ന് താരതമ്യപ്പെടുത്തുക. ചിലതെല്ലാം ബോധമണ്ഡലത്തിലേക്ക് പ്രവേശിക്കാതിരിക്കില്ല. വെറുതെ അരാധനകളെ അവഹേളിക്കുന്നതിനുള്ള സമയമെങ്കിലും അങ്ങനെ താങ്കള്‍ക്ക് ലാഭിക്കാനാവുകയും ജനോപകാരമായ വല്ലതിലും ചെലവഴിക്കുകയും ചെയ്യാം.
  

2011 ജനുവരി 25, ചൊവ്വാഴ്ച

ചൂഷണവും ലൈംഗികഅരാജകത്വവും

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (3)

നാസ്തിക സംസ്‌കാരം സാമ്പത്തിക രംഗത്ത് നല്‍കിയ സംഭാവന വ്യാവസായിക വിപ്ലവത്തിന്റെ രൂപത്തിലായിരുന്നു. അതുവരെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമായിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥതിയെ അത് പിഴുതെറിഞ്ഞു. യന്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ അധികോല്‍പാദനമുണ്ടായി. ഇത്രയും കാര്യങ്ങള്‍ മനുഷ്യന്റെ പുരോഗതിയുടെ ഗണത്തില്‍ എണ്ണാവുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുമായി ബന്ധപ്പെട്ടുണ്ടായ സ്വാഭാവിക പ്രതികരണങ്ങളെക്കൂടാതെ നാസ്തികതയുടെ ഫലമായുണ്ടായ പ്രശ്‌നങ്ങളാണ് ഇവിടുത്തെ പ്രതിപാദ്യം.

യന്ത്രങ്ങളുടെ കടന്നുവരവോടെ ആയിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ത്വഴില്‍രഹിതരായി മാറി. അതോടെ മനുഷ്യന്റെ എല്ലാ ചലനങ്ങളുടെയും കേന്ദ്രബിന്ദു ഒരു ചാണ്‍ വയറായി പരിണമിച്ചു. വ്യവസായം കൃഷിയെ അടിപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് പട്ടണങ്ങളില്‍ തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തൊഴിലില്ലായ്മ അസ്ഥിരവാസത്തെ അനിവാര്യമാക്കിയപ്പോള്‍ വേതനം സ്ത്രീകളെക്കൂടി വീടിനു പുറത്ത് ജോലിക്കിറങ്ങാന്‍ നിര്‍ബന്ധിതരാക്കി. ഇത് കുടുംബമെന്ന സുപ്രധാന സാംസ്‌കാരിക സ്ഥാപനത്തിന്റെ അടിത്തറയെ ഇളക്കി. മത-ധാര്‍മിക വിഭാവനകള്‍ക്ക് യാതൊരു പരിഗണനയും ലഭ്യമല്ലാത്ത സാമൂഹികാന്തരീക്ഷത്തില്‍ പണവും ഭൗതികാവശ്യങ്ങളുടെ പൂര്‍ത്തീകരരണവും മാത്രമായി ജീവിതത്തിന്റെ അന്തിമ ലക്ഷ്യം.

റൊട്ടിയുടെ ബലിപീഠത്തില്‍ തന്റെ വിലപ്പെട്ട എന്തിനെയും കുരുതികൊടുക്കാനാണ് നാസ്തികതയിലധിഷ്ഠിതമായ വ്യാവസായിക വിപ്ലവം മനുഷ്യനെ പഠിപ്പിച്ചത് എന്നാണ് ചിന്തകര്‍ അന്നത്തെ ജീവിത മൂല്യങ്ങളുടെ നിരാസത്തെയും ചൂഷണത്തെയും ബന്ധപ്പെടുത്തി പറഞ്ഞത്. മനുഷ്യനെ സംബന്ധിച്ച പ്രത്യേകരീതിയിലുള്ള യാന്ത്രിക വിഭാവനം പ്രചാരം നേടിയതും ഇക്കാലത്താണ്. മനുഷ്യന്റെ അവയവങ്ങള്‍ക്ക് മാത്രമല്ല അവന്റെ മനസ്സിനും സദാചാരത്തിനും സാങ്കേതികമായ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടു. ആ വ്യാഖ്യാനത്തിന്റെ ചട്ടക്കൂട്ടില്‍ ആത്മീയ മൂല്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമുണ്ടായില്ല. ക്രൂരമായ ചൂഷണത്തിന് തൊഴിലാളികള്‍ വ്യാപകമായി വിധേയമാക്കപ്പെട്ടു.

സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് മൃഗീയമായ ഒരു തത്വശാസ്ത്രം രൂപപെടുത്തി എന്നതാണ് നാസ്തിക സംസ്‌കാരത്തിന്റെ കുടുംബപരമായ സംഭാവന. ധാര്‍മിക മൂല്യങ്ങളെ നശിപ്പിക്കുന്നതിലും നാഗരിക വ്യവസ്ഥയുടെ അധഃപതനം പൂര്‍ത്തീകരിക്കുന്നതിലും ഈ തത്ത്വശാസ്ത്രം വലുതായ സ്വാധീനം ചെലുത്തി. വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാതലത്തില്‍ സ്ത്രീ പുറത്തിറങ്ങി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായപ്പോള്‍ അതിനനുസരിച്ച സ്ത്രീ-പുരുഷ സമത്വം എന്ന കൃത്രിമ സിദ്ധാന്തത്തിന് തത്ത്വശാസ്ത്രജ്ഞന്‍മാര്‍ മുന്നോട്ട് വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏത് ജോലിയിലും പുരുഷന് ഒപ്പത്തിനൊപ്പം മത്സരിക്കുകയും സാമ്പത്തികമായി സ്വന്തം കാലില്‍നില്‍ക്കുകയുമാണ് സ്ത്രീയുടെ യഥാര്‍ഥ ദൗത്യമെന്ന് പറഞ്ഞ് ധരിപ്പിച്ചു.

സ്ത്രീ പുറത്തിറങ്ങരുതെന്നോ അവര്‍ ഒരു നിലക്കും സാമുഹ്യപുരോഗതിയുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കരുതെന്നോ മതങ്ങള്‍ക്കും വാദമില്ല. എന്നാല്‍ അവരുടെ യഥാര്‍ഥ ദൗത്യം സംബന്ധിച്ച് നാസ്തികതയുടെ മേല്‍ പ്രസ്താവിച്ച ബോധനം വഞ്ചനാത്മകമാണെന്ന് മതം കരുതുന്നു.  മതധാര്‍മികമൂല്യങ്ങളില്‍നിന്ന് മുക്തമായതും ദേഹേഛക്കും ഭോഗാസക്തിക്കും അടിപ്പെട്ട ലൈംഗികസ്വാതന്ത്ര്യവും നിമിത്തമായത് അനിയന്ത്രിതമായ വ്യഭിചാരത്തിനും അതുവഴി എണ്ണമറ്റ വിവാഹമോചനത്തിനുമാണ്.  ലൈംഗിക സ്വാതന്ത്ര്യം തികച്ചും പ്രകൃതിപരമാണെന്നും പാപമല്ലെന്നുമുള്ള പുരോഗമന തത്ത്വശാസ്ത്രം മറ്റൊരു പ്രശ്‌നത്തിന് വഴിതുറന്നു. അത് പരിഹരിച്ചത് സന്താന നിയന്ത്രണ സിദ്ധാന്തത്തിന് പ്രചാരം നല്‍കിക്കൊണ്ടാണ്.

സന്താനനിയന്ത്രണത്തില്‍ സാമ്പത്തികവും നാഗരികവുമായ വമ്പിച്ച നേട്ടങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെട്ടു. എന്നിട്ടും സന്തത്യുല്‍പാദനം വേണ്ടവണ്ണം തടയാന്‍ കഴിയാതെ വരികയും ജാരസന്താനങ്ങള്‍ ഒരു സ്ഥിരം പ്രശ്‌നമായി മാറുകയും ചെയ്തപ്പോള്‍ അതിന് പരിഹാരം കണ്ടത്, ജാരസന്താനങ്ങള്‍ക്ക് വിഹിത സന്താനങ്ങള്‍ക്കുള്ള അതേ സ്ഥാനം നല്‍കാനും എല്ലാതരത്തിലുള്ള മാതൃത്വത്തെയും ഒന്നായിക്കാണാനുള്ള ചിന്താഗതി പ്രചരിപ്പിച്ചുകൊണ്ടാണ്. ലൈംഗിക അരാചകത്വം അതിന്റെ മൂര്‍ധന്യത പ്രാപിച്ചു എന്നതായിരുന്നു ഇതിന്റെയൊക്കെ സ്വാഭാവിക ഫലം. സാര്‍വത്രികമായ ഈ സാമൂഹികാധഃപതനം മാനുഷിക ധാര്‍മികതയുടെ അടിവേരുകളെ പുഴക്കിയെറിഞ്ഞുവെന്നതാണ് മാനവകുലം നാസ്തികസംസ്‌കാരം മൂലം അനുഭവിച്ച എറ്റവും ദുരന്തപൂര്‍ണമായ വസ്തുത.

2011 ജനുവരി 21, വെള്ളിയാഴ്‌ച

മനുഷ്യപുരോഗതിയും യുക്തിവാദികളും

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (2)

'സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.' 

യുക്തിവാദിയായ ഇ.എ. ജബ്ബാറാണ് മേല്‍ വരികള്‍ സ്വന്തം ബ്ലോഗിന്റെ മുഖവുരയായി നല്‍കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ പദങ്ങള്‍ക്കും യുക്തിവാദികള്‍ക്ക് അവരുടേതായ അര്‍ഥമുണ്ട്. അത് വിശ്വാസികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നമാണ്. യുക്തിവാദികള്‍ തങ്ങളുടെ ജീവിതവീക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രസ്തുത വാക്കുകള്‍ വ്യാഖ്യാനിക്കുന്നത്. അതെന്താണെന്ന് സാധാരണ യുക്തിവാദികള്‍ വിശദീകരിക്കാറില്ല. ഇവ മനസ്സിലാക്കാതെ യുക്തിവാദികളുമായുള്ള ചര്‍ച ഫലശൂന്യമത്രേ. അതുകൊണ്ട് ഈ ചര്‍ച നാസ്തികതയുടെ മൗലികാടിത്തറയെ വിശകലനം ചെയ്യാന്‍ കൂടിയുള്ളതാണ്.

കഴിഞ്ഞ പോസ്റ്റില്‍ ലിബറലിസം (സര്‍വതന്ത്രസ്വതന്ത്രചിന്ത) വിശദീകരിച്ചു. ഇവിടെ നമ്മുക്ക് അവരുടെ മറ്റൊരു മൗലികാടിത്തറയെ പരിശോധിക്കാം.

2. പദാര്‍ഥവാദം (Materialism)

നാസ്തികസംസ്‌കാരത്തന്റെ മറ്റൊരു സംഭവനായാണ് പദാര്‍ഥവാദം(Materialism). 'പദാര്‍ഥത്തിനപ്പുറം ഒന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അതിന് മനുഷ്യനുമായോ മനുഷ്യന് അതുമായോ ബന്ധമൊന്നുമില്ല. മനുഷ്യന്‍ തന്റെ ലക്ഷ്യമാക്കേണ്ടത് ഭൗതിക താല്‍പര്യങ്ങളെ മാത്രമാകുന്നു. പണം, ഭക്ഷണം, വസ്ത്രം, കൃഷി, വ്യവസായം, അസംസ്‌കൃ പദാര്‍ഥങ്ങള്‍ , കമ്പോളങ്ങള്‍  എന്നിത്യാദി വസ്തുക്കളെക്കുറിച്ചു മാത്രമേ മനുഷ്യന് ചിന്തിക്കാവൂ. ഇതിനപ്പുറം മനുഷ്യന്‍ തന്റെ മസ്തിഷ്‌കവും കഴിവുകളും വിനിയോഗിക്കേണ്ടതായി യാതൊന്നുമില്ല. ഈ ലോകത്തിന് ശേഷം വരാനിരിക്കുന്ന മറ്റൊരു ലോകത്തെയും അതിലെ വിചാരണയെയും അതിന്റെ അടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷകളെയും മുമ്പില്‍വെച്ചുകൊണ്ടാണ് ഒരു മനുഷ്യന്‍ തന്റെ ലാഭ-നഷ്ടങ്ങള്‍ കണക്കാക്കുന്നതെങ്കില്‍ അവന്‍ പരമ്പര വിഢിയാണ്. ഭൗതികമായ ലാഭ-നഷ്ടങ്ങള്‍ മാത്രമായിരിക്കണം നന്മയുടെയും തിന്‍മയുടെയും മാനദണ്ഡം' ഇതാണ് പാദാര്‍ഥവാദത്തിന്റെ രത്നച്ചുരുക്കം.

ദൈവത്തെ നിഷേധിച്ചപ്പോള്‍ സ്വാഭാവികമായും ഉരുത്തിരിഞ്ഞ ഒരു വാദമാണ് പദാര്‍ഥവാദം. മനസ്സ്, ആത്മാവ്, യുക്തിചിന്ത, ബുദ്ധി എന്നിവയില്‍ ചിലതിനെ പൂര്‍ണമായി നിഷേധിക്കുകയോ ചിലതിന് പദാര്‍ഥപരമായ വ്യാഖ്യാനം നല്‍കുകയോ ചെയ്തു. അങ്ങനെയാണ് ആത്മാവിനെ നിഷേധിക്കുകയും മനസ്സ്, ബുദ്ധി, യുക്തി എന്നിവയെ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി മാത്രം ബന്ധപ്പെടുത്തുകയും ചെയ്തത്.

പദാര്‍ഥവാദം മനുഷ്യനില്‍ അനുഗുണമല്ലാത്ത ചില സ്വാഭാവവിശേഷങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിവുള്ളതാണ് എന്നതാണ് അതില്‍ വിശ്വാസികള്‍ കാണുന്ന ഏറ്റവും വലിയ ദൂഷ്യം. മനുഷ്യനെന്നാല്‍ ഭൗതിക പ്രധാനമായ ശരീരവും അഭൗതികമായ ആത്മാവും ചേര്‍ന്നതാണ് എന്നാണ് മിക്കമതങ്ങളുടെയും സന്ദേശം. അതില്‍ ആത്മാവിന്റെ വശത്തെ നിഷേധിച്ചുകൊണ്ട് മനുഷ്യനെ കേവലം ബുദ്ധിയും ചിന്തയും പുരോഗമിച്ച ഒരു മൃഗമായി അത് കണ്ടു. 

ധാര്‍മികതയെ സംബന്ധിച്ചടത്തോളം 'പ്രയോജനാത്മകവാദം' (Utilitarianism) അംഗീകരിക്കേണ്ടിവന്നുവെന്നതായിരുന്നു മേല്‍ പറഞ്ഞ ഭൗതിക ചിന്താഗതിയുടെ അനിവാര്യഫലം. അതിന്റെ ഫലമായി മനുഷ്യന്റെ നന്മ പുരോഗതി എന്നൊക്കെ പറഞ്ഞാല്‍ സാധാരണ മനസ്സിലാക്കിയതിന് വിരുദ്ധമായി 'പരമാവധി ക്ലേശരഹിതമായി കൂടുതല്‍ സുഖം നേടാന്‍ കഴിയുന്നതും ഭൗതികവുമായ ഏതെങ്കിലും നേട്ടവുമുള്ളതിന്റെ പേരാ'യി മാറി.  ഭൗതികമായ നഷ്ടവും ക്ലേശവുമുള്ളതെന്തും തിന്മയാണ് എന്നും വ്യാഖ്യാനിക്കപ്പെട്ടു.

ഇപ്രകാരം നന്മ-തിന്മകളുടെ ഭൗതികമായ മാനദണ്ഡവും പ്രയോജനാത്മകവാദത്തിന്റെ ധാര്‍മികവീക്ഷണവും കൂടിച്ചേര്‍ന്നപ്പോള്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളത്രെയും മൃഗീയവികാരങ്ങളുടെ ചുറ്റും കറങ്ങിത്തുടങ്ങി. ചൂഷണവും അക്രമവും സ്വാര്‍ഥതയും വളരാന്‍ ആവശ്യമായ രംഗമൊരുക്കാന്‍ ഈ വാദത്തിന് കഴിഞ്ഞു. മനുഷ്യന്റെ ജഢികേഛകളെ തൃപ്തിപ്പെടുത്തുന്ന ഏത് പദ്ധതിയും പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ ഇരുകൈനീട്ടി സ്വീകരിക്കും. മലയില്‍നിന്ന കീഴ്‌പ്പോട്ടിറങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ഉഛിയിലെത്താന്‍ നന്നായി പരിശ്രമിക്കണം എന്ന് പറഞ്ഞപോലെ മനുഷ്യത്വത്തില്‍നിന്ന് മൃഗീയതയിലേക്ക് താഴാന്‍ ഇഛകളെ കയറൂരിവിട്ടാല്‍ മാത്രം മതി. എന്നാല്‍ മനുഷ്യത്വത്തിന്റെ ഉന്നതിയിലെത്താന്‍ ക്ഷമയും സ്വയംനിയന്ത്രണവും ത്യാഗവും ആവശ്യമായിവരും. അതൊക്കെ മെറ്റീരിയലിസത്തിന്റെ ഉല്‍പന്നമായ പ്രയോജനാത്മകവാദവുമായി നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നു. മതങ്ങളും ധര്‍മങ്ങളും പ്രബോധനം ചെയ്യുന്നതിന്റെ നേര്‍ എതിര്‍ദിശയിലേക്കായിരുന്നു പദാര്‍ഥവാദം മനുഷ്യനെ ക്ഷണിച്ചത് എന്ന് ചുരുക്കം.

2011 ജനുവരി 19, ബുധനാഴ്‌ച

യുക്തിവാദികളുടെ സ്വതന്ത്രചിന്ത !!

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (1)

ഒരു മാസത്തിലേറെയായി ദൈവനിഷേധികളായ യുക്തിവാദികള്‍ എന്‍ ‍.എം.ഹുസൈനുമായി പൊരിഞ്ഞ ചര്‍ചയിലാണ്. വിഷയത്തിന്റെ മര്‍മം പ്രപഞ്ചവും ജീവികളും സൃഷ്ടിക്കപ്പെട്ടതോ അതല്ല ഒരു ആസൂത്രകന്റെയും ശക്തിയുടെയും സാന്നിദ്ധ്യമില്ലാതെ യാദൃശ്ചികമായി രൂപം കൊള്ളുകയും പരിണാമ പ്രകൃയയിലൂടെ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതോ എന്നതാണ്. അത് അതിന്റെ മുറക്ക് നടക്കട്ടേ. ഒന്നുറപ്പ് ശാസ്ത്രം പുരോഗമിക്കും തോറും സൃഷ്ടിവാദം കൂടുതല്‍ ശക്തമാകുകയും യാദൃശ്ചിക-പരിണാമവാദം ദുര്‍ബലമായി വരികയുമാണ്. അതിനെ മറികടക്കാന്‍ തികഞ്ഞ അസംബന്ധം എഴുന്നള്ളിക്കുന്നതിന് പോലും യുക്തിവാദികള്‍ മടിക്കുന്നില്ല. അതില്‍ പെട്ടതാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ ഒരു ആസൂത്രണവും ഇല്ല എന്ന വാദം. ആസൂത്രണം കേവലം മനുഷ്യന്റെ തോന്നലാണത്രേ.

പ്രപഞ്ചത്തിലെ വസ്തുക്കള്‍ ദൈവം സൃഷ്ടിച്ചതോ അതല്ല തനിയെ ഉണ്ടായതോ എന്ന അന്വേഷണത്തിന് പിന്നില്‍ ഒരു താല്‍പര്യമുണ്ട്. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ സാധിച്ചാല്‍ മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനായി പിന്നെ അവനെ നിയന്ത്രിക്കാനാരുമില്ല. പിന്നീട് അവന്‍ അനുസരിക്കേണ്ടതും പിന്തുടരേണ്ടതും അവന്റെ ഇഛയെ മാത്രമാണ്. എന്നാല്‍ സമൂഹം അതിന് അത്രതന്നെ അനുവദിച്ചു എന്ന് വരില്ല. അതിനെ മറികടക്കാനും തല്‍കാലം കഴിയില്ല. അതുകൊണ്ട് സാമൂഹികബോധത്തിനനുസരിച്ച് മനുഷ്യന്‍ നിയന്ത്രിതനാണ് എന്ന തത്വം കൂടി അവര്‍ അംഗീകരിക്കുന്നു. ഈ സാമൂഹിക ബോധം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടാനുസരണം നീക്കിവെക്കാം എന്നുള്ളത് കൊണ്ട് ഇത് കുറേയൊക്കെ അനിയന്ത്രിതമായ ഇഛക്ക് വിലങ്ങുതടിയാവില്ല എന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു. ഇല്ലാത്ത ദൈവത്തെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ഇത്രയധികം അധ്വാനിക്കുന്നതിന്റെ യുക്തിയതാണ്.

ഇപ്രകാരം ഏറെക്കുറെ മത-ദൈവമുക്തമായ ഒരു സംസ്‌കാരത്തിന് കീഴില്‍ ലോകം നിലനിന്നിട്ടുണ്ട്. മനുഷ്യന്‍ മുഴുവന്‍ അത് അംഗീകരിച്ചിരുന്നോ എന്നതല്ല. മനുഷ്യരെ മുഴുവന്‍ അതിന് നിയന്ത്രിക്കാനായിരുന്നു എന്നത് വസ്തുത. അവര്‍ ചില തത്ത്വങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാസ്തികസംസ്‌കാരത്തിന്റെ മൗലിക ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം. അത് എപ്രകാരമാണ് മനുഷ്യനെ സ്വാധീനിച്ചതെന്നും അതോടൊപ്പം നാം മനസ്സിലാക്കേണ്ടതുണ്ട്. 

1. ലിബറലിസം
(Liberalism)

ചിന്താരംഗത്ത് നാസ്തികസംസ്‌കാരം സ്വീകരിച്ച മൗലിക തത്ത്വങ്ങളിലൊന്നാമത്തേത് ലിബറലിസമാണ്. മനുഷ്യന്‍ ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും തുടങ്ങുമ്പോള്‍ തന്റെ ചിന്തയെ മതപരമോ ആദര്‍ശപരമോ ധാര്‍മികമോ ആയ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാണ് സംക്ഷേപിച്ചു പറഞ്ഞാല്‍ ലിബറലിസത്തിന്റെ വിവക്ഷ. free എന്നര്‍ഥമുള്ള  liber എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബറല്‍ എന്ന് വാക്കിന്റെ നിഷ്പത്തി. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലിബറലിസം എന്ന ചിന്താഗതി ഒരു ആദര്‍ശ രൂപം കൈകൊണ്ടത്. 1789 മുതല്‍ 1799 വരെ നീണ്ട് നിന്ന രാഷ്ട്രീയ-സാമൂഹിക കലാപമായ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് രാജാവിന്റെ പരമാധികാരവും ഉപരിവര്‍ഗത്തിന്റെ മാടമ്പിത്തവും കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങളിലും നഷ്ടപ്പെട്ടുപോയ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നുവല്ലോ. അന്ന് സംഭവിച്ച വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച, അഭ്യന്തരയുദ്ധങ്ങള്‍ എന്നിവ കടന്ന് നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. പ്രസ്തുത കാലഘട്ടത്തില്‍ രൂപം കൊണ്ട ലിബറലിസം എന്ന മനോഹര സംജ്ഞ. ആളുകളെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.

നേരത്തെ പലതവണ സൂചിപ്പിക്കപ്പെട്ട പോലെ മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതികരണമായിരുന്നു നിര്‍മത-നാസ്തിക സംസ്‌കാരത്തിന് അടിത്തറ പാകിയത്. കത്തോലിക്കാ പൗരോഹിത്യത്തിന്റെ രാജഭരണത്തിലുള്ള സ്വാധീനം ജനങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വരിഞ്ഞുമുറുക്കിയെതിനെതിരെയുള്ള പ്രതിഷേധം. ലിബറലിസത്തിലും സ്വാധീനം ചെലുത്തിയത് ഈ പ്രതികാരമനസ്സായിരുന്നു. കടുത്ത മതധാര്‍മിക നിയമങ്ങളില്‍നിന്ന കുതറിച്ചാടിയവര്‍ ആത്യന്തികമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു. 

ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് മതം എന്തുപറഞ്ഞുവെന്നോ ധര്‍മം എന്ത് ശാസിക്കുന്നുവെന്നോ സാമൂഹിക വ്യവസ്ഥിതി എന്തുനിബന്ധനകള്‍ ചുമത്തിയിട്ടുണ്ടെന്നോ അന്വേഷിക്കുന്നത് പിന്തിരിപ്പന്‍ ചിന്താഗതിയും യാഥാസ്ഥിതികത്വവുമാകുന്നു. അതുവഴി പുരോഗതി സാധ്യമല്ല. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന എന്തിനെയും അതെത്രതന്നെ സത്യസന്ധവും ഫലപ്രദവുമാണെങ്കിലും നിരാകരിക്കലും പുതുതായെന്തെങ്കിലുമൊന്ന് കണ്ടെത്തലുമാണ് സ്വതന്ത്രചിന്തയെന്നടത്തോളമെത്തി, ലിബറലിസത്തിന്റെ പോക്ക്.

ചിന്താപരമായ ഈ തത്ത്വം ഒന്നാമതായി പിടികൂടിയത് മതത്തെയായിരുന്നു. മതത്തെ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക മൂല്യങ്ങള്‍ അസ്വീകാര്യമായി മാറി എന്നതാണ് ലിബറലിസത്തിന്റെ ദുര്യോഗം. ഇതിന്റെ ഫലമായി ബുദ്ധി മാനുഷികമായ എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തമായി മൃഗീയതയുടെ ഉപകരണമായി ഭവിച്ചതാണ് പിന്നീട് നാം ചരിത്രത്തില്‍ കണ്ടത്.

യുക്തിവാദികള്‍ അടിക്കടി സ്വതന്ത്രചിന്ത എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍  ലിബറലിസത്തിന്റെ പ്രേതബാധയിലകപ്പെട്ട ഒരു ചിന്തയെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് മതകീയമായ എല്ലാം വെറുക്കപ്പെടേണ്ടതും തള്ളപ്പെടേണ്ടതുമാണെന്ന തെറ്റായ ചിന്താഗതി അവരെ ഭരിക്കുന്നത്. ഒരു മതവിശ്വാസിക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധ്യമല്ലെന്ന മുന്‍ധാരണയിലെത്തുന്നതും ഈ നിഷേധാത്മകമായ ചിന്തകൊണ്ടുതന്നെ.

2011 ജനുവരി 16, ഞായറാഴ്‌ച

തമിഴാ.. തമിഴാ.. കടവുള്‍ ഇല്ലൈ !?

['നാസ്തികത-ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു.']

['തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.']

2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന ലോകനാസ്തിക സമ്മേളനത്തിന്റെ വാര്‍ത്തയില്‍നിന്നാണ് മേല്‍ വരികള്‍ നല്‍കിയിട്ടുള്ളത്. താഴെപറയുന്ന വിഷയത്തില്‍ മൂന്ന് സെഷനുകളും സമ്മേളനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു. 

["നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.]

അതോടൊപ്പം മലപ്പുറത്ത് മതേതര കുടുംബോല്‍സവം എന്ന നാമത്തില്‍ നടന്നുകഴിഞ്ഞ യുക്തിവാദി കുടുംബ സംഗമത്തിലെ 'മാനവികതക്ക് മതമില്ലാത്ത ജീവന്‍ , മതമില്ലാത്ത സമൂഹം' എന്ന മുദ്രാവാക്യവും ശ്രദ്ധേയമാണ്. ലോകത്ത് എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ആശയങ്ങള്‍ തുറന്ന് പറയാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട് എന്ന് അടിയുറച്ച് വിശ്വസിക്കുന്നതിനാല്‍ മാനവികതക്ക് വേണ്ടി മതമില്ലാത്ത ജീവനും സമൂഹവുമാണ് വേണ്ടത് എന്ന ഒരു വിഭാഗത്തിന്റെ വാദം ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍ 'മനുഷ്യന്‍ സൃഷ്ടിച്ചതില്‍ വെച്ച് ഏറ്റവും നശീകരണ ശക്തിയുള്ള ആയുധമാണ് മതം' എന്ന് വലിയ ബാനര്‍ വെച്ച് ഭീകരതയുടെയും ഫാസിസത്തിന്റെയും പേര് പറഞ്ഞ് മതങ്ങളെ മതമൂല്യങ്ങളെ കടന്നാക്രമിക്കുമ്പോള്‍, എന്താണ് ഇവര്‍ കൊട്ടിഘോഷിച്ച് വീണ്ടും രംഗത്തിറക്കാന്‍ ആഗ്രഹിക്കുന്ന നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത് എന്ന് ചര്‍ചചെയ്യപ്പെടേണ്ടതുണ്ട്

'നിര്‍മതയുഗം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടം ലോകചരിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ന് നമുക്ക് ഈ കാലഘട്ടത്തെ അങ്ങനെ പറയാനാകില്ല. മുമ്പ് മതരഹിതമായ രാജ്യങ്ങള്‍ അല്‍പം സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മതങ്ങളെയും ദൈത്തെയും സ്വീകരിച്ച കാഴ്ചയാണ് നാം റഷ്യയുടെ തകര്‍ച്ചയോടെ കണ്ടുകഴിഞ്ഞത്. ആ കാലഘട്ടത്തിന്റെ അവസാനം (1970 കളില്‍) പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനായ നഈം സിദ്ദീഖി എഴുതുന്നു:

'മനുഷ്യന്‍ മുമ്പും സത്യത്തില്‍നിന്ന് അകന്നുപോയിട്ടുണ്ട് ദൈവിക സന്‍മാര്‍ഗത്തില്‍നിന്ന വ്യതിചലിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശീയവും അന്തര്‍ദേശീയവുമായ ജീവിതതുറകളിലോരോന്നിനെയും ദൈവനിഷേധത്തിന്റെയും മതനിഷേധത്തിന്റെയും സദാചാരനിഷേധത്തിന്റെയും അടിത്തറകളില്‍ പണിതുയര്‍ത്താന്‍ മാത്രം ആസൂത്രിതമായും ശാസ്ത്രീയവുമായ തയ്യാറെടുപ്പുകളോടുകൂടിയും മനുഷ്യന്‍ വഴിതെറ്റിയത് ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമായിരുന്നു. അതും ഒരു നഗരത്തിലോ രാജ്യത്തോ വന്‍കരയിലോ മാത്രമല്ല, ലോകത്തുടനീളം നിര്‍മതത്വ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ വ്യാപിച്ചതും ഇതാദ്യമായിരുന്നു. ഇന്ന് നിര്‍മതത്വം ഒരു യുഗസംസ്‌കാരത്തിന്റെ പ്രഭാവത്തോടെ നമ്മുടെ കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്നു. അതെ നാമീ യുഗത്തെ നിര്‍മതയുഗം എന്ന് വിളിക്കുന്നു.' (ഉദ്ധരണം: ഇസ്‌ലാമും ഇതര പ്രസ്ഥാനങ്ങളും പേജ് 10,11)

ഈ യുഗപ്രഭാവം പിന്നീട് അതികം നീണ്ടുനിന്നില്ല. ലോകത്തെ മുഴുവന്‍ കയ്യിലെടുത്ത നിര്‍മതത്വം അതിന്റെ ആന്തരികബലഹീനതയും മാനവവിരുദ്ധമായ സിദ്ധാന്തവും മനുഷ്യമനസ്സിന് യോജിക്കാത്ത തത്വശാസ്ത്രവും കാരണമായി കാലയവനികക്ക് പിന്നിലേക്ക് പെട്ടെന്ന് വലിഞ്ഞു. അതിനെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതേതര കുടുമ്പോത്സവം എന്നക്കെയുള്ള ആകര്‍ഷണീയമായ പേരുകളില്‍ പുനരവതരിക്കപ്പെടുന്നത്. മതേതരത്വം എന്നാല്‍, ഇന്ത്യക്കാര്‍ക്ക് ഒരു മതത്തോടും പ്രത്യേക മമതയില്ലാതെ, എല്ലാമതങ്ങളെയും തുല്യമായി പരിഗണിക്കുന്ന വിഭാവനയാണ്. ഈ മനസികാവസ്ഥമുതലെടുത്താണ് ഇഷ്ടമില്ലാത്ത ചില വിഭാഗങ്ങളെ മതേതരവിരുദ്ധര്‍ എന്ന് പറയുന്നത്. എന്നാല്‍ നാസ്തികരുടെ മതേതരത്വം മതവിരുദ്ധത തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. മതവിരുദ്ധതക്കും നിര്‍മതത്വത്തിനും മനുഷ്യമനസ്സില്‍ സ്വീകാര്യത ലഭിക്കാന്‍ ഇത്തരം ചില മുഖം മൂടി ആവശ്യമാണ് എന്നത് ശ്രദ്ധേയമാണ്. 

മതത്തിന്റെ പ്രചാരത്തിനും പ്രചരണത്തിനും കാരണം ദൈവവിശ്വാസികള്‍ മനുഷ്യരില്‍ കുട്ടികളായിരിക്കെ അടിച്ചേല്‍പിച്ച ദൈവത്തോടുള്ള വിധേയത്വമാണ് എന്ന് യുക്തിവാദികള്‍ കൂടെകൂടെ പറയാറുണ്ട്. എന്നാല്‍ യുക്തിവാദികളുടെ സന്താനങ്ങളല്ലാം യുക്തിവാദികളായി വളരാത്തതെന്തേ എന്ന ചോദ്യത്തിന് ഞങ്ങള്‍ അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ വിടുന്നുവെന്നതാണ് ഉത്തരം ലഭിക്കാറുള്ളത്. സ്വതന്ത്രമായി ചിന്തിച്ചാല്‍ മതത്തിലെത്തിച്ചേരുമോ എന്ന് തിരിച്ചുള്ള ചോദ്യം അവര്‍ കേട്ടതായി ഭവിക്കാറില്ല. ഇവിടെ ഒരു സെഷനിലെ ചര്‍ചാവിഷയം നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്നതാണ്. ചുരുക്കത്തില്‍ കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടരുതെന്നും മതവിരുദ്ധത കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ രക്ഷയില്ല എന്നും നാസ്തികര്‍ തിരിച്ചറിഞ്ഞുവോ?. അപ്പോള്‍ പിന്നെ മതത്തിന്റെ ഏറ്റവും വലിയ ദൂഷ്യമായി കാണുന്ന സ്വന്ത്രചിന്തക്കുള്ള കൂച്ചുവിലങ്ങ് സ്വയം സ്വീകരിക്കുകയാണോ?.

ഈ പശ്ചാതലത്തില്‍ 'നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത്' എന്ന വിഷയത്തില്‍ ഏതാനും ലേഖനങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ വായിക്കുക.

2011 ജനുവരി 11, ചൊവ്വാഴ്ച

ദൈവനിഷേധത്തിന് പിന്നില്‍ അഹങ്കാരം !

അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.(ഖുര്‍ആന്‍ , 27:13,14)

ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത്തരം അഹങ്കാരികളും കുഴപ്പക്കാരുമായ നിഷേധികളുടെ പര്യവസാനം എന്തായിരുന്നെന്ന് ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ അത് ആവശ്യപ്പെടുകയും ചെയ്യുന്നു. ബ്ലോഗില്‍ ചര്‍ചചെയ്യുന്നവര്‍ തമ്മില്‍ പരസ്പരം കാണുന്നില്ല. അവരുടെ സ്വഭാവം ചര്‍ചചെയ്യുന്നവരുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാന്‍ മാത്രമേ നമ്മുക്ക് കഴിയൂ. അഹങ്കാരമാണ് വാക്കുകളിലൂടെ പെട്ടെന്ന് വെളിവാക്കുന്ന മേല്‍ സ്വഭാവങ്ങളിലൊന്ന്. ദൈവനിഷേധികളായ യുക്തിവാദികള്‍ ദൈവവിശ്വാസികളുമായി നടത്തുന്ന ചര്‍ചകളില്‍നിന്ന് അവരിലെ അഹങ്കാരത്തിന്റെ ആഴം നമ്മുക്ക് അളക്കാന്‍ കഴിയും അതിന് വേണ്ടി സാമ്പിളിന് യുക്തിവാദിയായ സുശീലിന്റെ ബ്ലോഗില്‍നടന്ന ചില സംവാദങ്ങള്‍ നോക്കാം. ഖുര്‍ആന്‍ പറയുന്നത് എത്രമാത്രം ശരിയാണെന്ന് അത് നമ്മെ ബോധ്യപ്പെടുത്തും.

യുക്തിവാദികളുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ എന്‍.എം ഹുസൈനിലാണ്. കാരണം മറ്റൊന്നുമല്ല. തങ്ങളുടെ പ്രവാചകനെയാണ് അദ്ദേഹം വിമര്‍ശിക്കുകയും പുസ്തകത്തിന് ഖണ്ഡനമെഴുതുകയും ചെയ്തത്. അതോടെ അദ്ദേഹം അതിന് യോഗ്യനല്ല എന്ന് തെളിയിക്കാനുള്ള ശ്രമമാണ് യുക്തിവാദി ബ്ലോഗ് നിറയെ. അതുകൊണ്ടുതന്നെ വിഷയ കേന്ദ്രീകൃതമെന്നതിനെക്കാളുപരി വ്യക്തികേന്ദ്രീകൃതമായിട്ടാണ് ചര്‍ച നീങ്ങുന്നത്. എന്‍.എം ഹുസൈന്‍ തന്റെ ബ്ലോഗ് പോസ്റ്റുകള്‍ വ്യക്തിപരാമര്‍ശങ്ങളോടെ നല്‍കി എന്നത് യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വലിയ സൗകര്യവുമായി. വ്യക്തിപരമായ  അധിക്ഷേപങ്ങള്‍ ഇല്ലാത്തിടത്തോളം വ്യക്തികളെ തലക്കെട്ടില്‍ പരാമര്‍ശിക്കുന്നതും മറ്റും തെറ്റാണെന്ന എന്ന കാഴ്ചപ്പാട് എനിക്കില്ല. എങ്കിലും വിഷയത്തെക്കാള്‍ പരിഗണന വ്യക്തികള്‍ക്കാകുന്നത് ചര്‍ചയുടെ ആരോഗ്യകരമായ മുന്നേറ്റമല്ല. ഇവിടെ ഞാന്‍ സി.കെ ബാബുവെന്ന യുക്തിവാദി ബ്ലോഗറെ പരാമര്‍ശിക്കുകയാണ്. യുക്തിവാദികളുടെ ദൈവനിഷേധത്തിന് പ്രേരകം അഹങ്കാരമാണ് എന്ന് സംഭവലോകത്തുനിന്നുതന്നെ തെളിയിക്കാന്‍ ഇതുപകരിക്കും എന്ന് എനിക്ക് തോന്നിയതിനാല്‍. ചര്‍ചയിലേക്ക് പോകാം.
---------------------------------------------------------------
സി.കെ.ബാബു said...

സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന്‍ നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്‍റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍.

റിച്ചാര്‍ഡ് ഡോക്കിന്‍സിനേപ്പോലുള്ളവര്‍ എഴുതുന്ന കാര്യങ്ങളെ എന്‍ എം ഹുസൈനേപ്പോലുള്ളവര്‍ വിമര്‍ശിക്കുമ്പോള്‍ അതിന് വോള്‍ട്ടയര്‍ ഒരിക്കല്‍ പറഞ്ഞ ഒരു താരതമ്യമേ യോജിക്കുകയുള്ളു:

"ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല."

സത്യാന്വേഷി said... 

സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന്‍ നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്‍റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍.  സി കെ ബാബുവിന്റെ കമന്റില്‍ നിന്നാണിത്.

    ഹുസൈന്റെ ആ കമന്റ് ഇതാണ്.

    സി കെ ബാബുവിന്റെ പ്രതികരണം കൌതുകകരമാണ്. സകല വാദങ്ങളെയും താന്‍ ഖണ്ഡിച്ചുകഴിഞ്ഞുവെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തുടങ്ങുന്നതെങ്കിലും ഒരു മറുവാദത്തിനും മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. അമൂര്‍ത്തം, സമൂര്‍ത്തം എന്നിത്യാദി പദങ്ങളില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച്, ഈ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ ശ്രീ രവിചന്ദ്രനു പിണഞ്ഞ വസ്തുതാപരമായ അബദ്ധം ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. അതേപ്പറ്റിയും ശ്രീ ബാബുവിനു് ഒന്നും പറയാനില്ല. എങ്കിലും വീമ്പിളക്കലിനു കുറവൊന്നുമില്ലെന്നത് കൌതുകത്തിനു വക നല്‍കുന്നു. അപ്രസക്തമായി അതുമിതും എഴുതി നേരം കളയാതിരുന്നാല്‍ മറുപടി എഴുതാന്‍ ധാരാളം സമയം കിട്ടുമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.   

    ഈ പ്രതികരണം വച്ച് എഴുതിയ ആളെ ചെളിക്കുണ്ടിലാണെന്ന് ആക്ഷേപിക്കാമോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. എന്തായാലും, എം എ ബക്കര്‍ എന്ന ബ്ലോഗറെ മുന്‍പൊരിക്കല്‍ ഈ ബാബുതന്നെ വിശേഷിപ്പിച്ച പ്രയോഗം പോലെ വരുമോ ഈ "ചെളിക്കുണ്ട്?"  

സി.കെ.ബാബു said...  

    സത്യാന്വേഷി, 

ഞാന്‍ മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട്. അത് സത്യാന്വേഷിയെകൊണ്ട് അംഗീകരിപ്പിക്കേണ്ട യാതൊരു ബാദ്ധ്യതയും എനിക്കില്ല. പഴയ കാര്യങ്ങളൊക്കെ തിരഞ്ഞാല്‍ "സത്യാന്വേഷണത്തിന്റെ" ഒരുപാട് മാതൃകകള്‍ എനിക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതിനൊന്നും എനിക്ക് താത്പര്യമില്ല, സമയവുമില്ല. ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്. എന്‍റെ കമന്‍റില്‍ അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്ക് നല്‍കിയിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാവും. അതിനെപ്പറ്റി ഡോക്കിന്‍സ് വിമര്‍ശകന് ഒന്നും പറയാനുണ്ടായിരുന്നില്ലേ? ഇനിയിപ്പോള്‍ അത് അറിയണമെന്ന് എനിക്ക് വലിയ താത്പര്യവുമില്ല. സത്യാന്വേഷിയെ ഇടക്കാരനായി നിര്‍ത്തിക്കൊണ്ട് എന്‍ എം ഹുസൈനുമായി ഒരു ചര്‍ച്ച നടത്തി എന്തെങ്കിലും നേടേണ്ട ഗതികേടൊന്നും തത്കാലം എനിക്കില്ല. എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്‍റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്ന് ഡോക്കിന്‍സ് വിമര്‍ശനത്തിന്റെ രണ്ട് പാരഗ്രാഫ് വായിച്ചപ്പോള്‍ മനസ്സിലാവുകയും ചെയ്തു. അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്‍റെ അവസാനത്തെ കമന്‍റാണ്‍.

     കാലം said...
    
        [[അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്‍റെ അവസാനത്തെ കമന്‍റാണ്‍. ]] ......... താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്. അവസാനത്തെ അത്താഴം എന്ന് കേട്ടിട്ടുണ്ട്... ബൂലോഗത്ത് അവസനത്തെ കമന്റുകൾക്കുള്ള ഒരവാർഡ് ഏർപെടുത്താൻ സമയമായി എന്ന് തോന്നുന്നുന്നു. 
[[“ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല." ]]
വോൾട്ടറയുടെ ഈ ഉദ്ധരണി ഡോക്കിൻസിന് തന്നെയാണ് ഏറ്റവും നന്നായി ചേരുക. ഡോക്കിൻസ് ഒരു കുഴിയീച്ച തന്നെയാണ്. ദൈവമില്ലാ എന്ന് സ്ഥാപിക്കാൻ പുസ്തകമെഴുതി സമയം പാഴാക്കുന്ന ഒരു കുഴിയീച്ച; എന്നാൽ ഭൂരിപക്ഷം ദൈവ വിശ്വാസികളായി കൊണ്ട് തന്നെ, ഈ ലോകം അന്നും ഇന്നും എന്നും, മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ പോയ്ക്കൊണ്ടിരിക്കും. കുഴിയീച്ചകൾ അവിടെ കിടന്നു മുട്ടയിടുമെന്നല്ലാതെ കുതിരയുടെ ഓട്ടത്തിന് യാതൊന്നും സംഭവിക്കില്ല തന്നെ! ഡോക്കിന്സിനെ ദൈവമായി കൊണ്ടു നടക്കുന്നവർക്ക്, അദ്ദേഹത്തിന്റെ ആശയങ്ങളുടെ വിമർശകരെ വ്യക്തിഹത്യ നടത്തുന്നതിനപ്പുറത്തേക്ക് കടക്കാൻ കഴിയില്ലെന്നതിന്റെ നല്ല ഉദാഹരണമാണ് സികെ ബാബുവിന്റെ കമന്റുകൾ.
    
    സത്യാന്വേഷി said...
    
    സി കെ ബാബു, " മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം " ബാബുവിനു മാത്രമല്ല മിക്കവാറും എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ ആ ബോധ്യം മറ്റുള്ളവര്‍ക്കു(എല്ലാവര്‍ക്കും എന്നല്ല) കൂടി വരുമ്പോളേ ബ്ലോഗ് പോലുള്ള പരസ്യ പ്ലാറ്റ്ഫോമിലെഴുതുന്നതിന് അര്‍ത്ഥമുണ്ടാകൂ. ഇവിടെ ബാബു, ഹുസൈന്റെ ഏതെങ്കിലും വാദത്തിനു മറുപടി നല്‍കിയെന്ന് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ ? എന്തിന്. ബാബുവിന്റെ കമന്‍റില്‍ നല്‍കിയിരുന്ന "അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്കി"ലുണ്ടോ എന്തെങ്കിലും മറുപടി ? "ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്." എന്ന ഉപദേശം, ഈ പോസ്റ്റില്‍, ഹുസൈന്റെ വാദങ്ങള്‍ക്കു മറുപടി പറയാതെ ,അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഇ എ ജബ്ബാര്‍ എന്ന യുക്തിവാദി കേട്ടു പഠിക്കട്ടെ. പിന്നെ, സുശീലിനെപ്പോലെ വാദങ്ങള്‍ക്കു മറുപടി പറയാന്‍ തന്റേടം കാണിക്കാതെ," എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്‍റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ "എന്ന് പറഞ്ഞ് സംവാദത്തില്‍നിന്ന് ഒളിച്ചോടുന്ന ബാബുവിന്റെ സമീപനം ബുദ്ധിജീവികള്‍ക്കു ചേര്‍ന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

സി.കെ.ബാബു said... 

    വന്നല്ലോ വനമാല! 
Blogger കാലം said... 
"താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്."

ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ? എനിക്ക് എന്‍റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.

    കാലം said... 
    
>>> ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ? എനിക്ക് എന്‍റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.<<< 

ഖുർ ആൻ മുഴുവൻ ശരിയാണെന്ന് പറയുതിന് പിന്നിൽ ഒരു യുക്തിയുണ്ട്. അത് ശരിയായാലും തെറ്റായാലും. കാരണം അതിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിൽ നിന്നവതരിപ്പിക്കപെട്ടതാണെന്ന് ഒരു വിശ്വാസം നില നിൽക്കുന്നുണ്ട്. എന്നാൽ ഡോക്കിൻസ് നമ്മളെ പോലെ ജനിക്കുകയും തിന്നുകയും കുടിക്കുകയും, നിരീശ്വരവാദത്തെ സ്ഥാപിക്കാൻ ഗവേഷണം നടത്തി സമയം പാഴാക്കുകയും ചെയ്യുന്നത് നമ്മുടെ കൺമുന്നിലുള്ള സത്യമാണ്. ആ ഡോക്കിൻസിനെ ദൈവമാക്കി, അദ്ദേഹം പറയുന്നതെല്ലാം 100% സത്യമാണെന്ന് വാദിക്കുകയും അദ്ദേഹത്തെ വിമർശിക്കുന്നവരെ തെറിപറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനേക്കാൾ എത്രയോ യുക്തിപരമാണ് ദൈവത്തിൽ നിന്ന് അവതരിച്ചു എന്നവകാശപെടുന്ന ഖുർ ആൻ സത്യമാണെന്ന് കരുതുന്നത്. ഏതായാലും ഒരു കാര്യം മനസ്സിലായി..... ഡോക്കിൻസിനെ വിമർശിക്കുമ്പോൾ ആരാധകർക്ക് കലിവരുന്നുണ്ട് എന്നത് :)
    
    Subair said...  

    "ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല." 
    =================== 

    Atheists arrogance is worse than their ignorance. 

        സുശീല്‍, ഹുസൈന്‍ പറയുന്ന കാര്യങ്ങള്‍, ശരിയായാലും തെറ്റായാലും, വായനയുടെയും, ഗവേഷണത്തിന്റെയും ഫലമാണ് എന്ന് ആ ലേഖനങ്ങള്‍ വായിച്ചാല്‍ മതിയാകും (റഫറന്‍സ് നോക്കണമേന്നില്ല) താങ്കളുടെ മറുപടിയില്‍ ഇത് രണ്ടിന്റെയും അഭാവം ഉണ്ട്.
     
        കല്‍ക്കി said...
   
            ബാബുവിന്‍റെ അഹങ്കാരം ഡ്വനിക്കുന്ന മറ്റോരവകാശ വാദം, "ദൈവത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരേക്കാള്‍ ദൈവവിഷയം കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ നിരീശ്വരവാദികളാണെന്നതിനാലാണു് അവരുടെ വാദമുഖങ്ങള്‍ക്കു് വിശ്വാസികളുടേതിനേക്കാള്‍ കൂടുതല്‍ തെളിമയും ആധികാരികതയും ഉണ്ടാവുന്നതു്." ഈ വാദം സത്യമാണെന്ന് അംദീകരിച്ചാല്‍‌,‌ ലോകത്തുള്ള ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും വിഡ്ഡികളും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തെല്ലും ബുദ്ധിയില്ലാത്തവരും ആണെന്ന് പറയേണ്ടിവരും. അങ്ങനെ തന്നെയാണ്‍ നാസ്തികരുടെ മനസ്സിലിരിപ്പ് എന്ന കാര്യം അറിയാതെയല്ല ഞാന്‍ ഇത് പറയുന്നത്. കാര്യം ഇവിടെ ഒന്നു വ്യക്തമാക്കി എന്നു മാത്രം.

കല്‍ക്കി said... 

    ഡോക്കിന്‍സിന്‍റെ പുസ്തകത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ബാബു എഴുതിയ ലേഖനത്തിലെ വിഷയത്തിന്‍റെ ചുരുക്കം ഇതാണ്: "വളരെ വ്യവസ്ഥാപിതമെന്നു വിശ്വാസികള്‍ കരുതുന്ന ഈ പ്രപഞ്ച ഘടന ഒരു കാരണവുമില്ലാതെ തികച്ചും യാദൃച്ഛികമായി ഉണ്ടായതാണ്." ഇതാണ് നാസ്തിക വാദത്തിന്‍റെ കാതല്‍. തലക്കകത്ത് എന്തെങ്കിലും ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഈ യാദൃച്ഛികതാ വാദം സ്ഥാപിക്കാന്‍ കാലാകാലങ്ങളായി നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലപല സിദ്ധാന്തങ്ങള്‍ അവരുടെ കഴിവനുസരിച്ച് അവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, മനുഷ്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു നിര്‍‌വചനവും ഇന്നേവരെ ഈ യാദൃച്ഛികതാ സിദ്ധാന്തത്തിനു നല്‍കാന്‍ നാസ്തികര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് സത്യം. എങ്കിലും, അഹങ്കാരത്തിനും വിടുവായത്തത്തിനും ഒട്ടും കുറവില്ല. ആകസ്മികമായി ഉണ്ടായി എന്നു നാസ്തികര്‍ പറയുന്ന ഈ പ്രപഞ്ച വ്യവസ്ഥ കാണുന്ന ബുദ്ധിയുള്ളാ ആര്‍ക്കും തോന്നുന്നത് ഇത് യാദൃച്ചികമല്ല, ഇതിനു പിന്നില്‍ ഒരു ബുദ്ധിയുടെ പ്രവര്‍ത്തനം അനിവാര്യമാണ് എന്നാണ്. മനുഷ്യന്‍ സൃഷ്ടിച്ച വളരെ നിസ്സാരമായ വസ്തുക്കള്‍പോലും ഒരു സ്രഷ്ടാവിന്‍റെ അഭാവത്തില്‍ ഉണ്ടാകുന്നില്ല എന്നു വിശ്വസിക്കുന്ന നാസ്തികന്‍ ദൈവത്തെ നിഷേധിക്കുക എന്ന ഒരൊറ്റ് ഉദ്ദേശ്യത്തോടെയല്ലേ ഈ ആകസ്മികതാ വാദം ഉന്നയിക്ക്കുന്നത്? ദൈവത്തെക്കുറിച്ചു തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് ആര്‍ജ്ജവത്തോടെ സമ്മതിക്കുന്നതിനു പകരം ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കാന്‍ മുതിരുന്നതിനെ എങ്ങനെ യുക്തിവാദം എന്നു വിളിക്കും?

സി.കെ.ബാബു said...

    കാലം, ഇതുപോലെ പ്രതികരിക്കുന്നവരുടെ ചോദ്യങ്ങൾ അല്ല Einstein ഉദ്ദേശിച്ചത്. This is my last reply to you. എന്തുചെയ്യാം, ചില ജന്‍മങ്ങള്‍ അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല. കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും.

Subair said...
 
>>> എന്തുചെയ്യാം, ചില ജന്‍മങ്ങള്‍ അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല. കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും. <<<
================

    ബാബു, വിനയം പാണ്ഡിത്യത്തിന്റെ ലക്ഷണം ആണ്, ഞാന്‍ വായിച്ച താങ്കളുടെ കമ്മന്റുകളില്‍ ഞാന്‍ കാണാത്തതും അതാണ്‌. ആര്‍ക്കുള്ളതാന് താങ്കളുടെ മേല്‍ മറുപടി എന്നറിയില്ല, ആര്‍ക്കായിരുന്നാലും പറയെട്ടെ, എല്ലാവരും താങ്കളെ പോലെ സ്വന്തമായി എഴുതാനും ചര്‍ച്ച ചെയ്യാനും കഴിവുള്ളവര്‍ ആയിക്കൊള്ളണം എന്നില്ല, അവര്‍ ഒരു പക്ഷെ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത് വീക്ഷിച്ചു കാര്യങ്ങള്‍ പടിക്കുകയായിരിക്കാം. അവയെല്ലാം, ഇളിഭ്യതരം എന്ന് വിളിച്ചു ആട്ടുകയും തുപ്പുകയും ചെയ്യരുത്‌. പ്ലീസ്.

കാലം said...

    പിന്നെ ബാബുവിന്റെ ലാസ്റ്റ് കമന്റ് ഞാന്‍ ഇന്നും ഇന്നലെയും ഒന്നു കാണുന്നതല്ല. ബാബുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ച ആര്‍ക്കാണ് ബാബു ലാസ്റ്റ് കമന്റെഴുതാതിരുന്നത്? കൃത്യമായി June 1, 2009 7:07 PM ന് എനിക്ക് “This is my last reply to you“ എന്ന് എഴുതിയ ആള്‍,

    വീണ്ടും വീണ്ടും ലാസ്റ്റ് കമന്റ് എഴുതി.. എനിക്ക് തുപ്പാന്‍ എന്റെ കൂടെ തുപ്പല്‍ കോളാമ്പിയുമായി വരുന്നതെന്തിനാണാവോ?

    സി.കെ.ബാബു said...
    
        Subair, വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.

     Subair said...
        
            വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.  

            =============
            സംസ്കാരവും, പരസ്പര ബഹുമാനവും, പെരുമാറ്റ മര്യാദകളും ഒന്നും ട്യൂഷേനെടുത്തു പഠിക്കേണ്ട കാര്യങ്ങളല്ല. 
--------------------------------------------------------------------
വിനയത്തിന് ട്യൂഷന്‍ ആവശ്യമില്ലെന്ന വസ്തുത എല്ലാവരും അംഗീകരിക്കും. വിനയം ഒരു നല്ലഗുണമാണ് എന്ന് മനസ്സിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനാവുന്നില്ല എന്നതാണ് ദൈവനിഷേധികള്‍ അനുഭവിക്കുന്ന പ്രതിസന്ധി. അതുകൊണ്ടുതന്നെ അഹങ്കാരം അവരുടെ ഓരോവാക്കിലും മുഴച്ച് നില്‍ക്കുന്നു. അല്‍പം മുമ്പ് സുശീലിന്റെ ബ്ലോഗില്‍ നടന്ന ഈ സംവാദം ഞാന്‍ നല്‍കിയതിന് പിന്നില്‍ ഒരു യുക്തിവാദി ബ്ലോഗറുടെ അഹങ്കാരം നിറഞ്ഞ അഭിപ്രായ പ്രകടനവും അതിനോട് വിശ്വാസികളുടെ പ്രതികരണവും വായനക്കാരുടെ ശ്രദ്ധയില്‍ ഒന്നുകൂടി കൊണ്ടുവരിക എന്ന ഉദ്ദേശ്യം മാത്രമാണ് ഉള്ളത്. ദൈവനിഷേധത്തിന് കാരണം യുക്തിയാണ് എന്ന് പറയാന്‍ ഇനിയും ധൈര്യമുള്ളത് ആര്‍ക്കാണ്. 

2011 ജനുവരി 7, വെള്ളിയാഴ്‌ച

നാസ്തികവാദത്തിന്റെ പ്രേരകം

ലോകത്ത് നീരീശ്വരവാദം ഉത്ഭവിച്ചതും വളര്‍ന്ന് വികസിച്ചതും യുക്തിവാദികള്‍ വിശദീകരിക്കുന്ന പ്രകാരം മനുഷ്യബുദ്ധിവികാസം പ്രാപിച്ചതിന്റെ ഫലമായിരുന്നില്ല. ഇന്നും ദൈവവിശ്വാസികളേക്കാള്‍ തുലോം കുറവാണ് യുക്തിവാദികള്‍ എന്ന് തെറ്റായി അറിയപ്പെടുന്ന നാസ്തികരുടെ ചിന്താശേഷി. യുക്തിവാദികളുടെ ബ്ലോഗുകള്‍ പരിശോധിക്കുന്ന ആര്‍ക്കും അത് ബോധ്യമാകും. ഉപരിപ്ലവമായേ അവര്‍ ഏത് വിഷയത്തെയും ചര്‍ചചെയ്യുന്നുള്ളൂ. ദൈവികവിഷയം പോകട്ടെ ശാസ്ത്രവിഷയം പോലും. ബ്ലോഗിലുള്ള നാടന്‍ യുക്തിവാദികളുടെ കാര്യം മാത്രമല്ല അത്. അവരുടെ പ്രവാചകനായി കൊണ്ടാടപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും അതില്‍നിന്നൊഴിവല്ല എന്ന് എന്‍ . എം ഹുസൈന്‍ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.

ശാസ്ത്രത്തിന്റെ മൊത്തക്കുത്തക തങ്ങള്‍ക്കാണ് എന്ന ഗര്‍വില്‍ ദൈവവിശ്വാസികളെ പരിഹസിക്കുന്നവര്‍ നിലക്കൊള്ളുന്ന അജ്ഞതയുടെ ആഴം വളരെ വലിയതാണ്. ദൈവവിശ്വാസികള്‍ എങ്ങനെ ദൈവത്തെ വിശദീകരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പരിഹസിക്കാന്‍ പാകത്തിന് ഒരു ദൈവത്തെ അവര്‍ സ്വയം നിര്‍മിച്ച് പരിഹസിച്ച് തൃപ്തിയടയുകയാണ് നാസ്തികരായ യുക്തിവാദികള്‍ ചെയ്യുന്നത്. എന്നാല്‍ ആധുനികരായ പ്രഗത്ഭരായ ശാസ്ത്രകാരന്‍മാര്‍ സൃഷ്ടിയിലെ ദൈവത്തിന്റെ പങ്ക് നിഷേധിക്കുന്ന പരിണാമവാദത്തിന്റെ പൊള്ളത്തരം കാണിക്കാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. മറിച്ച് ആദ്യമേ ദുര്‍ബലദൈവവിശ്വാസം കൊണ്ടുനടന്നിരുന്ന ഡഗ്‌ളസ് ആഡംസിനെ പോലുള്ള ശാസ്ത്രകഥാകാരന്‍ ദൈവവിശ്വാസം ഉപേക്ഷിച്ച് പരിണാമ സങ്കല്‍പം സ്വീകരിച്ചത് വലിയ കാര്യമായി എടുത്ത് പറയുവോളം നാസ്തികര്‍ നിസ്സഹായരായി മാറിക്കൊണ്ടിരിക്കുന്നുവെന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്.

പറഞ്ഞുവന്നത് ഒരു കാലത്തും ചിന്തയോ ശാസ്ത്രീയ ബോധമോ അല്ല ദൈവനിഷേധത്തിന് പ്രേരകം എന്നാണ്. കാലമല്ലാതെ ഞങ്ങളെ നശിപ്പിക്കുന്നില്ല എന്ന് വാദിച്ച വിരലിലെണ്ണാവുന്ന ചില ദൈവനിഷേധികളുടെ പരാമര്‍ശം ഖുര്‍ആനിലുണ്ട്. അവര്‍ അന്നത്തെ വിപ്ലവകാരികളോ സാമൂഹ്യപരിഷ്‌കര്‍ത്താക്കളോ ആയിരുന്നില്ല. അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ഒന്നിനെ അന്ധമായി നിഷേധിച്ചു എന്നതിനപ്പുറം യാതൊരു പ്രാധാന്യവും അവരുടെ നിഷേധത്തിനുണ്ടായിരുന്നില്ല. ഖുര്‍ആന്‍ ഈ പറഞ്ഞത് നിഷേധികളായ യുക്തിവാദികളെക്കുറിച്ചാണ് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.
കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക.(10:39)

ഖുര്‍ആന്‍ ഈ പറഞ്ഞത് കൂടുതല്‍ ബോധ്യപ്പെടാവുന്ന വിധത്തിലാണ് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത അഹങ്കാരമോ വെറുപ്പോ ഒക്കെയാണ് ദൈവനിഷേധത്തിന് പിന്നില്‍ വര്‍ത്തിക്കുന്നത് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. മൂസാനബിയില്‍ അവിശ്വസിച്ചവരെപ്പറ്റി ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:
അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.(27:13,14)

ആധുനിക സമൂഹത്തില്‍ നിരീശ്വരത്വം ഇത്രമേല്‍ പ്രചരിച്ചതെങ്ങനെ എന്ന കാര്യം വിശകലനവിധേയമാക്കുമ്പോള്‍ മേല്‍ സൂക്തങ്ങളുടെ ആശയം നമ്മുക്ക് സത്യമെന്ന് ബോധ്യപ്പെടും. അതിങ്ങനെ സംഗ്രഹിക്കാം.

ദൈവനിഷേധത്തിന്റെ ഉത്ഭവം  ചിന്താപരമെന്നതിനേക്കാള്‍ വൈകാരികവും പ്രതികാരപരവുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത. ഈ പ്രതികാരചിന്ത ഇന്നോളം അത് തുടര്‍ന്നുപോരുന്നു. ഈ ലോകം കേവലം പാദാര്‍ഥിക പ്രതിഭാസമാണെന്നും, യാതൊരു സ്രഷ്ടാവുമില്ലാതെ സ്വയമേവ ഉണ്ടായി ഒരു നിയന്ത്രകനും അധിപനുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും, അതില്‍ നടക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ഒരു നിയമനിര്‍മാതാവിന്റെയും വകയല്ലെന്നും, നിരീശ്വരവാദികള്‍ പ്രചരിപിച്ചു. ഈ തത്വശാസ്ത്രത്തിന്‍മേലാണ്-പ്രപഞ്ചത്തിലെ നഗ്നമായ ദൃഷ്ടാന്തങ്ങളെയും മനുഷ്യപ്രകൃതിയുടെ ആഹ്വാനങ്ങളെയും തട്ടിനീക്കിക്കൊണ്ട്- നിര്‍മതസംസ്‌കാരത്തിന്റെ പ്രണേതാക്കള്‍ ജീവിത സൗധത്തെ കെട്ടിപ്പടുത്തത്. സമാന്യമനുഷ്യപ്രകൃതി ഇത്തരം നിരീശ്വരത്വത്തോട് വഴങ്ങാന്‍ മടികാണിക്കുമെന്ന് അനുഭവയാഥാര്‍ഥ്യമാണെങ്കിലും പാശ്ചാത്യലോകത്ത് ഈ നിരീശ്വരത്വം ഇത്രമേല്‍ പച്ചപിടിക്കാന്‍ കാരണം അത്രമാത്രം മതപുരോഹിത്യവും പള്ളിമേധാവിത്തവും ഭരണവര്‍ഗവുമായി യോജിച്ച് മനുഷ്യനെ ഞെക്കിഞെരുക്കുകയും അവന്റെ സാമാന്യചിന്തക്ക് പോലും കൂച്ചുവിലങ്ങിടുകയും ചെയ്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെ നിരീശ്വരവാദികള്‍ കേവലം ഒരു വാദക്കാര്‍ മാത്രമല്ല. മതത്തെയും ദൈവത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കൈകാര്യം ചെയ്യാന്‍ ഉദ്യമിക്കുന്നവരായത്. നിര്‍മത-നിരീശ്വരവ്യവസ്ഥ ആധ്യപത്യം സ്ഥാപിച്ചിടത്ത് ദൈവവിശ്വാസികളെ ഉന്‍മൂലനം ചെയ്യുന്നത് ഒരു വലിയ ദൗത്യമായി അവര്‍ മനസ്സിലാക്കിയത്. ഈ കഠിന ശത്രുതയുടെ ഫലമായിരുന്നു.

അതുവരെ ദൈവവിശ്വസത്തിന്റെ (പൌരോഹിത്യത്തിന്റെതല്ല) അടിത്തറകളില്‍ നിലനിന്നിരുന്ന മാനുഷിക-ജനായത്ത മൂല്യങ്ങളെ ആധുനിക സംസ്‌കാരത്തിന്റെ ശില്‍പികള്‍ ദൈവനിഷേധത്തിന്റെ അസ്തിവാരങ്ങളില്‍ പണിതുയര്‍ത്താനുള്ള സുദീര്‍ഘമായൊരു സംരംഭം ആരംഭിച്ചു. അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു: ദൈവമില്ല, ദിവ്യബോധനമില്ല, നിര്‍ബന്ധപൂര്‍വം അനുസരിക്കപ്പെടേണ്ട ഒരു ധാര്‍മികവ്യവസ്ഥയില്ല. പുനരുത്ഥാനമോ വിചാരണയോ പരലോകമോ ഇല്ല. ഈ സങ്കല്‍പത്തോടെയായി എല്ലാ ഗവേഷണത്തിന്റെയും തുടക്കം. ജീവശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, സാമുഹിക ശാസ്ത്രം തുടങ്ങി ശാസ്ത്രത്തിന്റെ ഏത് മേഖലയിലും തൂലികയെടുക്കുമ്പോള്‍ നിര്‍മതത്വചിന്താഗതിയെ ഒരു യാഥാര്‍ഥ്യമായംഗീകരിപ്പിക്കാന്‍ തല്‍കര്‍ത്താക്കള്‍ പ്രതിജ്ഞാബദ്ധരായി. ഇപ്രകാരമാണ് ആധുനിക സംസ്‌കാരത്തിന് ശാസ്ത്രീയമായ അടിത്തറകള്‍ നിര്‍മിക്കപ്പെട്ടത്. പിന്നീട് പ്രസ്തുത ശാസ്ത്രീയടിത്തറകളില്‍ സാമൂഹിക വ്യവസ്ഥിതികളും സംഘടിത പ്രസ്ഥാനങ്ങളും നിലവില്‍വന്നു. ഇങ്ങനെ നിലവില്‍വന്ന സംഘടിത പ്രസ്ഥാനങ്ങളും സാമൂഹിക-രാഷ്ട്രീയതത്വങ്ങളും ലോകത്തുടനീളം വ്യാപിച്ചു.

ദൈവികദര്‍ശനത്തിന്റെ കീഴില്‍ നിലനിന്നിരുന്ന ആകര്‍ഷകമായ ചിലമുദ്രാവാക്യങ്ങള്‍  (സ്വതന്ത്ര ചിന്ത, അഭിപ്രായ സ്വാതന്ത്യം, മനുഷ്യമോചനം തുടങ്ങിയവ)പൗരോഹിത്യത്തിന്റെ കടന്നുകയറ്റത്തില്‍ വിസ്മൃതമായിപ്പോയിരുന്നു. എന്നാല്‍ യൂറോപ്പിലെ മുസ്ലിം സമൂഹത്തില്‍നിന്ന് ദൈവനിഷേധത്തിന്റെ അടിത്തറകളില്‍ ഇവയെ പുനരവതരിപ്പിച്ച്  ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ നാസ്തികള്‍ അന്നത്തെ ക്ഷമാപണമനസ്‌കരായ വിശ്വാസികളെ മറികടന്നതിന്റെ ഫലമായിട്ടാണ് നാസ്തികത്വം മേല്‍കൈനേടിയത്. എന്നാല്‍ ഇന്ന് നിരീശ്വരത്വം ഒട്ടും ആകര്‍ഷകമായ ഒരു വാദമല്ല. അതുകൊണ്ട് ചിലകണ്‍കെട്ടുകള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വരെ എത്ര വിദ്യാസമ്പന്നരെയും വീഴ്താമെന്നായിരിക്കുന്നു. ആള്‍ദൈവലേക്ക് വീഴുന്ന വിദ്യാസമ്പന്നരെപോലും ആകര്‍ഷിക്കാന്‍ ദൈവനിഷേധപരമായ അന്ധവിശ്വാസത്തിനാകുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.       

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

എന്‍.എം ഹുസൈനും യുക്തിവാദികളും.

2010 ജൂണ്‍ മുതല്‍ ഈ ബ്ലോഗില്‍ ഞാന്‍ നല്‍കിവരുന്ന  30 ഓളം പോസ്റ്റുകളുടെ മുഖ്യപ്രേരകം ബ്ലോഗര്‍ ബ്രൈറ്റ്  ബര്‍ട്രന്റ് റസ്സലിനെ ഉദ്ധരിച്ച് നല്‍കിയ ഏതാനും വരികളാണ്:


'ഇനി ദൈവമുണ്ടെങ്കില്‍, എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '. 

ഈ പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിഞ്ഞിട്ടുതന്നെയോ എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ട് അത് കണ്ട ഉടനെ ഞാന്‍ ഒരു ചര്‍ചക്ക് തുടക്കമിട്ടു. പ്രധാനമായും  അതിലൂടെ ഉദ്ദേശിച്ചത്. ഇപ്രകാരം ഒരു ന്യായവാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തവിധം തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു.
 

തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം ചെയ്യാന്‍ സന്നദ്ധമാകാത്ത വിധം എന്തോ ചില കാര്യങ്ങള്‍ ദൈവനിഷേധികളെയും പരലോക നിഷേധികളെയും നിയന്ത്രിക്കുന്നുണ്ടെന്നുമുള്ള വസ്തുത വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സൃഷ്ടി സ്രഷ്ടാവിന്റെ മൂര്‍ത്തമായ തെളിവാണ് എന്നംഗീകരിക്കാന്‍ മനസ്സിലാത്തവരാണ് യുക്തിവാദികള്‍ എന്നറിയുന്നതിനാല്‍ ഞാന്‍ ഇവിടെ നല്‍കിയവ  അമൂര്‍ത്തമായ തെളിവുകളാണ് എന്ന് അംഗീകരിക്കുന്നു. മനുഷ്യന്റെ യുക്തിയെയും ബുദ്ധിയെയും ഉപയോഗപ്പെടുത്തിയാല്‍ അവയെ നിഷേധിക്കാന്‍ കഴിയാത്തവിധം ശാസ്ത്രീയമായ തെളിവുകളാണവ. വ്യക്തമമായ അനേകം തെളിവുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഖുര്‍ആനില്‍ ദൈവം ഇങ്ങനെ അരുളിചെയ്തത്.


(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

തെളിവുകളില്‍ മുഖ്യം പ്രവാചകന്മാരുടെ ആഗമനം തന്നെയാണ്. അവയും തെളിവാവശ്യമുള്ള വിശ്വാസ കാര്യമല്ലേ എന്ന് ചോദിക്കാം അതേ അതിലേക്കെത്തിച്ചേരാന്‍ കഴിയുന്ന മൂര്‍ത്തമായ ഒരു തെളിവുണ്ട് അതാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രവാചകന്‍മാരെ മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ സത്യസന്ധരാണ് എന്ന് അറിയാന്‍ സാധിച്ചാല്‍ അവരിലൂടെ ലഭിക്കുന്ന അറിവുകളെ  സ്വീകരിക്കാന്‍ നമ്മുടെ ബുദ്ധി നമ്മെ നിര്‍ബന്ധിക്കും.

ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)

പക്ഷെ യുക്തിവാദികളെ ദൈവത്തെ നിഷേധിക്കുന്ന അഹങ്കാരികളാക്കി മാറ്റിയത് ദൈവവിശ്വാസികളെക്കാള്‍ തങ്ങള്‍ക്ക് ദൈവത്തെ നിഷേധിക്കാനാവശ്യമായ മൂര്‍ത്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ് എന്ന് തെറ്റിദ്ധാരണയായിരുന്നു. അത് ഏറെക്കുറെ പോറലേല്‍ക്കാതെ നിലനില്‍ക്കുകയായിരുന്നു. അതിനെയാണ് എന്‍.എം ഹുസൈന്‍ തകര്‍ത്തു തരിപ്പണമാക്കിയത്.

ബൂലോകത്ത് യുക്തിവാദ ചര്‍ചയില്‍ വമ്പിച്ച വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് എന്‍ .  എം. ഹുസൈന്‍റെ രംഗപ്രവേശം ഈ നിലക്കാണ് ഞാന്‍ കാണുന്നത്. യുക്തിവാദികളുടെ മര്‍മത്തില്‍ തന്നെയാണ് അദ്ദേഹം കൈവെച്ചത്. (ഇതിനെക്കുറിച്ചുള്ള വിശകലനങ്ങള്‍ ധാരാളം ബ്ലോഗുകളില്‍ ചര്‍ചചെയ്യപ്പെട്ടു. അതിനാല്‍ ഒഴിവാക്കുന്നു). അതൊടൊപ്പം നേരത്തെ യുക്തിവാദിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ടി.പി. ശമീം ബ്ലോഗ് ചര്‍ചയിലേക്ക് വന്നു. നിലവിലെ യുക്തിവാദ സംവാദരീതിയോട് വിയോജിപ്പുണ്ടായിരന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി കൂടുതല്‍ ശക്തമായി അതിനെതിരെ  മുന്നോട്ടു വന്നതും നാം കണ്ടു.

അതോടൊപ്പം ഖുര്‍ആന്‍ ബൈബിള്‍ ചര്‍ചയും ഈ കാലയളവില്‍ ഏറെ സജീവമായി.  സാജന്‍, സന്തോഷ്, ആലിക്കോയ, സുബൈര്‍, സുഹൈറലി, നാസിയാന്‍സന്‍ എന്നിവര്‍ തമ്മിലുള്ള സംവാദം യുക്തിവാദികളുമായുള്ള സംവദശൈലിയില്‍നിന്ന് ഭിന്നവും മതമേതായാലും മനുഷ്യ സംസ്‌കരണത്തില്‍ അത് വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതാണ്. മതങ്ങള്‍ തമ്മില്‍ സംവാദം നടന്നാല്‍ വര്‍ഗീയതവളരും എന്നാണല്ലോ യുക്തിവാദികള്‍ പ്രചരിപ്പിക്കാറുള്ളത് അതിന് വായടപ്പന്‍ മറുപടിയാണ് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍. 

ഇടക്കാലത്ത് കടന്നുവന്ന മുത്ത്, കൊച്ചുമോന്‍, ഇന്ത്യന്‍ എന്നിവരും ഫാസിലും ചര്‍ചയിലെ മിതവും യുക്തിപൂര്‍ണവും സൗഹാര്‍ദ്ദപൂര്‍ണവുമായ നിലപാടിലൂടെ ചര്‍ചയെ സാരവത്താക്കി മാറ്റി. വളരെ നേരത്തെ ചര്‍ചയില്‍ സജീവമായി ഇടപെടുന്നവരുടെ പേരെടുത്ത് പറയുന്നില്ല.
ബ്ലോഗുചര്‍ചയിലെ സ്വാഭാവികമായ ചില കടുത്ത പ്രയോഗങ്ങളും, തന്റെ ഭാഗം ജയിക്കാനുള്ള മനുഷ്യന്റെ പ്രകൃതിപരമായ തിടുക്കവും അതിന്റെ അടിസ്ഥാനത്തിലുള്ള വാക്ക് ശരങ്ങളും പോസിറ്റീവായി ഉള്‍കൊള്ളാന്‍ സാധിച്ചാല്‍ സന്തോഷകരമായ മുന്നേറ്റമാണ് ബൂലോകത്ത് ദര്‍ശനപരമായ ചര്‍ചയില്‍ കാണാന്‍ കഴിയുന്നത്. ചില കാലാകായിക പ്രകടനങ്ങളും മാനസികോല്ലാസവും മാത്രമാണ് മനുഷ്യജീവിതം എന്ന് കരുതുന്നവര്‍ക്ക് ഒരു പക്ഷെ അലോസരം സൃഷ്ടിച്ചിരിക്കാമെങ്കിലും മനുഷ്യന്‍ ആത്മാവും വികാരവിചാരങ്ങളുമുള്ള ഒരു സവിശേഷ ജീവിയാണെന്ന ബോധമുള്ളവര്‍ക്ക് ഈ മാറ്റത്തില്‍ സന്തോഷിക്കാതിരിക്കാനാവില്ല.

യുക്തിവാദികളുമായുള്ള ചര്‍ചയിലും ക്രൈസ്തവ സുഹൃത്തുകളുമായുള്ള ചര്‍ചയിലും കേന്ദ്രബിന്ദു ഖുര്‍ആനും അതിന്റെ സന്ദേശങ്ങളും തന്നെയായിരുന്നു. അതിനെ വിമര്‍ശിക്കുന്നവരുടെ ശാസ്ത്രീയാടിത്തറ പരിശോധിക്കാനും അവരുടെ തെളിവുകളെ പരിശോധിക്കാനും  എന്‍.എം ഹുസൈന്‍ തയ്യാറായതാണ് യുക്തിവാദികളെ ചൊടിപ്പിച്ചത്. അതിന്റെ അലയൊലികള്‍ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെ നിലവിട്ട് പരിഹസിച്ചും സി.കെ ബാബുവിനെ പോലുള്ളവര്‍ തെറിമാത്രം പാടാന്‍ പോസ്റ്റുകളിട്ടും പ്രതികരിച്ചുവരുന്നു. അത്തരം ബ്ലോഗുകളെ മുഴുവന്‍ സൈഡ് ബാറില്‍ ലിങ്കായി നല്‍കാന്‍ ഹുസൈന്‍ കാണിച്ച തന്റേടം എടുത്ത് പറയേണ്ടതാണ്. മറിച്ച് സര്‍വതന്ത്ര സ്വതന്ത്ര മനസ്സുള്ള യുക്തിവാദികള്‍ തങ്ങളുടെ ആളുകളുടെതിലേക്ക് മാത്രം ലിങ്ക് നല്‍കാനും അവരെ മാത്രം ഫോളോ ചെയ്യാനുമാണ് പലപ്പോഴും സന്നദ്ധമാകാറുള്ളത് എന്നുകൂടി ഓര്‍ക്കുക. കാരണം പറയാറുള്ള മതവിശ്വാസം കൈകാര്യംചെയ്യുന്ന ബ്ലോഗുകളെല്ലാം ചവറുകളാണ് എന്നതാണ്. എന്നാല്‍ ആ ചവറില്‍ അവരുടെ ബ്ലോഗ് ഉള്‍പെടില്ല താനും.

പൊതുവെ യുക്തിവാദികളും ദൈവനിഷേധികളും മറ്റു മതവിശ്വാസികളും കരുതുന്നത്. ഖുര്‍ആന്‍ ഇതര വേദഗ്രന്ഥങ്ങളെ പോലെ ഒരു വേദഗ്രന്ഥമാണ് എന്നതാണ്. അഥവാ മുസ്ലിംകള്‍ക്ക് അവരുടെ ജീവിതം ക്രമപ്പെടുത്താനുതകുന്ന ഒരു മതഗ്രന്ഥം. ക്രിസ്ത്യാനികള്‍ ബൈബിളും ഹൈന്ദവര്‍ക്ക് അവരുടെതായ വേദങ്ങളുമുള്ളത് പോലെ. ചെറുപത്തില്‍ അതിന് ചില പവിത്രതകള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനാല്‍ അത് വിശ്വാസികളും ആചരിച്ചു വിശ്വസിച്ച് പോരുന്നു എന്ന് മാത്രം. എന്നൊക്കെയാണ് ധരിച്ചുവെച്ചിരിക്കുന്നത്.  അതിലുപരിയായി ഖുര്‍ആന്റെ അനുയായികള്‍ എങ്ങനെ അതിനെ കാണുന്നു, ഖുര്‍ആന്‍ സ്വയം എന്ത് അവകാശപ്പെടുന്നു എന്ന കാര്യമൊക്കെ ഇന്നും മഹാഭൂരിപക്ഷത്തിനും അജ്ഞാതമാണ്. മുസ്ലിംകള്‍ക്കു പോലും അക്കാര്യത്തില്‍ വേണ്ടത്ര അറിവ് പകരാന്‍ അവരെ നിയന്ത്രിക്കുന്ന പൗരോഹിത്യസമാനമായ പണ്ഡിതന്‍മാര്‍ക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഖുര്‍ആനെ തെറ്റിദ്ധരിച്ച ഇതര മതവിശ്വാസികളെ കുറ്റപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.

ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അത് മനുഷ്യര്‍ക്ക് ആകമാനമുള്ള മാര്‍ഗദര്‍ശകം എന്ന നിലയിലാണ്. അതില്‍ ഒരു കുത്തകാവകാശവും ആര്‍ക്കുമില്ല. ആര്‍ക്ക് അതിനെ മനസ്സിലാക്കാനും അത് സ്വന്തമാക്കാനും ഉതവി ലഭിച്ചുവോ അന്ന് മുതല്‍ ആ ഖുര്‍ആന്‍ അവന്റേത് കൂടിയാണ്. അത് കേവല വിശ്വസത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടതില്ല. ഏതെങ്കിലും ഭീഷണിയില്‍ ഭയപ്പെട്ടും ചെയ്യേണ്ടതല്ല. മനുഷ്യയുക്തി പൂര്‍ണമായി ഉപയോഗപ്പെടുത്തി ബോധ്യപ്പെട്ടാല്‍ മാത്രം ചെയ്യേണ്ടതാണ്. ഖുര്‍ആന്‍ അത്തരം സംവാദത്തിനുള്ള സകല സാധ്യതകളും തുറന്നിടുന്നു. അതിനെ പഠിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് അതില്‍ പാഠമുണ്ടെന്ന് പറയുന്നു. ബുദ്ധി ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാലികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളതെന്ന ചോദിക്കുന്നു. ഇതൊക്കെ ഖുര്‍ആന്‍ മനുഷ്യരെ അഭിസംബോധന ചെയ്ത് പറയുമ്പോള്‍ അതിന് ഉപയുക്തമായ  ബുദ്ധിപരമായ  തെളിവുകളും ന്യായങ്ങളും സ്വാഭാവികമായു അത് ഉള്‍കൊള്ളേണ്ടതുണ്ട്. അത് വ്യക്തമാകുകയായിരുന്നു ഞാനിതുവരെ.

ഖുര്‍ആന്‍ ദൈവികമാണെന്ന് സ്ഥാപിക്കാന്‍ പന്ത്രണ്ട് തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കാം. അതേ പ്രകാരം ബൈബിളില്‍നിന്ന് പകര്‍ത്തിയതാണ് എന്ന വാദത്തെ ഖണ്ഡിച്ച് മൂന്ന് പോസ്റ്റുകളും നല്‍കി. ശേഷം ആരോ അദ്ദേഹത്തെ അക്കാര്യത്തില്‍ സഹായിച്ചതാകാം എന്നതിന് അവസാന പോസ്റ്റും നല്‍കി. ഈ ചര്‍ച അവസാനിപ്പിച്ചു. ഇത് അവസാന വാക്കല്ല. എന്റെ വായനയിലും പഠനത്തിലും എനിക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞ ചില യുക്തികള്‍ നിങ്ങളുമായി എന്റെ ഭാഷയില്‍ പങ്കുവെക്കുകയായിരുന്നു.

വളരെ സംക്ഷിപ്തമായിട്ടാണ് നല്‍കിയിട്ടുള്ളത്. ഉദാഹരണങ്ങള്‍ പേരിന് മാത്രം. ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളെ പററിപ്പറയുന്ന വലിയ ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്. ചര്‍ച പറഞ്ഞുവന്ന വിഷയത്തില്‍നിന്ന് മാറിപ്പോകരുതെന്ന് കരുതി അവയെ മൊത്തത്തില്‍ തന്നെ അവഗണിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്.

അതേ പ്രകാരം ഖുര്‍ആനിന് തുല്ല്യമായ ഒന്ന രചിച്ച് വെല്ലുവിളി ഏറ്റെടുക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പാഴായി പോയതിന്റെ വലിയ ചരിത്രവും ഉദ്ധരിക്കാനുണ്ടായിരുന്നു അതും ചെയ്തിട്ടില്ല. ഞാന്‍ ഇതുവരെ ചുരുക്കിപറഞ്ഞ വിഷയത്തില്‍ കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എമ്പാടും അവസരങ്ങള്‍ തുറന്ന് കിടക്കുന്നു എന്നാണ് പറഞ്ഞുവന്നത്.

സത്യത്തില്‍ മനുഷ്യന്‍ ഈ ലോകത്ത് ആഗ്രഹിക്കുന്നതെന്താണ്. വ്യക്തിതലത്തിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. അതിന് പരസ്പര ഗുണകാംക്ഷയും സാഹോദര്യവും ദീനാനുകമ്പയും നിലനില്‍ക്കണം. പരസ്പരസഹായത്തിനുള്ള ശക്തമായ പ്രേരണ വ്യക്തികള്‍ക്ക് ലഭിക്കണം. സ്വന്തത്തിനും കുടുംബത്തിനും അധ്വാനിക്കാനും അത് യുക്തിപൂര്‍വം ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും അതിനുള്ള പ്രേരണയും ലഭിക്കണം. അങ്ങനെ നല്‍കപ്പെട്ട ജീവിതം അനുഗൃഹീതമാകണം. ഇതാണ് ഭൗതികമായ മനുഷ്യന്റെ താല്‍പര്യങ്ങള്‍. അതിന്  മുന്നോട്ട് വെക്കുന്ന ജീവിത രേഖയാണ് ഖുര്‍ആന്റെ ഉള്ളടക്കം. അത് പ്രഖ്യാപിക്കുന്നത് ഇത്തരമൊരു ജീവിതത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാവിധി നല്‍കാന്‍ കഴിയുക നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് മാത്രമാണ് എന്നാണ്. നിങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് അതിനാവില്ല. അത് ഇതിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവ നിങ്ങള്‍ നിങ്ങളുടെ നന്മ മുന്‍നിര്‍ത്തി സ്വീകരിക്കുക. അതിന് നിങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ ശാന്തിയും പരലോകത്ത് ഈ നന്മകള്‍ക്കുള്ള പ്രതിഫലവും നിങ്ങളുടെ സ്രഷ്ടാവ് നല്‍കു. മറിച്ച് നിങ്ങളവ കണ്ടില്ലെന്ന് നടിക്കുന്ന പക്ഷം അവയിലൂടെ നിങ്ങളോടും സമൂഹത്തോടും തിന്മയാണ് സംഭവിക്കുന്നത് അതിനാല്‍ ഇഹലോകത്ത് അതിന്റെതായ പ്രയാസം മാത്രമല്ല അഭിമുഖീകരിക്കാനുള്ളത്. പരലോകത്ത് ശിക്ഷയും ഉണ്ടായിരിക്കും.

പരലോകത്ത് ലഭിക്കുന്ന ശിക്ഷ കേവലം ഒരു മതത്തിന്റെ വിശ്വാസം അന്ധമായി പിന്‍പറ്റാത്തതുകൊണ്ടുള്ളതാണ് എന്ന് പറയുന്നത് ദൈവനീതിക്കോ സാമാന്യയുക്തിക്കോ നിരക്കുന്നതല്ല. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ട യുക്തിയും ബുദ്ധിയും ഉപയോഗിച്ച അത് ബോധ്യപ്പെടാനവശ്യമായ തെളിവുകള്‍ ഇവിടെയുണ്ട് എന്ന് അടിവരയിട്ട് മനസ്സിലാക്കുക. തെളിവുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ആ തെളിവുകളെ പരിശോധിക്കാനുള്ള സന്മനസ്സുകൂടി വേണം. അത് നിങ്ങളില്‍ നിന്നും നിങ്ങളുടെ സ്രഷ്ടാവായ ദൈവം പ്രതീക്ഷിക്കുന്നു.

അതിനാല്‍ മരണ ശേഷം ദൈവസന്നിധിയില്‍ ചെല്ലുമ്പോള്‍ 'ദൈവമേ നിന്നില്‍ വിശ്വസിക്കാന്‍ നീ നല്‍കിയ ജീവിതദര്‍ശനം മനസ്സിലാക്കാന്‍ തെളിവ് മതിയായില്ല' എന്ന്  എന്ന് പറയാന്‍ മനുഷ്യന് യാതൊരു ന്യായവും അവശേഷിക്കുകയില്ല.

(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

2010 ഡിസംബർ 8, ബുധനാഴ്‌ച

ഖുര്‍ആന്‍ രചനയില്‍ സഹായിച്ചതാര് ?.

കഴിഞ്ഞ മൂന്ന് പോസ്റ്റുകളിലായി ഖുര്‍ആന്‍ മുഹമ്മദ് നബി ബൈബിളില്‍നിന്ന് പകര്‍ത്തിയതാണെന്ന ആരോപണത്തിന് വിശദമായി മറുപടി പറയുകയുണ്ടായി. വിമര്‍ശകരിലാരും അതിനെ ഖണ്ഡിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അത് അംഗീകരിക്കുകയും പകരം അല്‍പം വ്യത്യാസപ്പെടുത്തി ഖുര്‍ആന്‍ മനുഷ്യകൃതിയാണെന്ന് സ്ഥാപിക്കാന്‍ ഒരു സഹായിയെ സങ്കല്‍പിക്കുകയുണ്ടായി. 

ബൈബിളില്‍നിന്ന് കേട്ട് പകര്‍ത്തിയതാണ്, അല്ലെങ്കില്‍ ആധുനിക കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ സിറിയയിലേക്കുള്ള യാത്രയില്‍ അവിടെയുള്ള ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നും അവിടെ നിന്നാണ് ഖുര്‍ആന്റെ ഉള്ളടക്കം മുഹമ്മദിന്റെ മനസ്സില്‍ പതിഞ്ഞതെന്നും പ്രചരിപ്പിക്കുന്നു. (എന്തുകൊണ്ട് ഈ ആരോപണം പ്രവാചകന്റെ കാലത്ത് നടത്തിയില്ല.?) ആ ആരോപണം മുഖവിലക്കെടുത്താണ് കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചത്. രണ്ടിന്റെയും ഉള്ളടക്കത്തെ സംബന്ധിച്ച തികഞ്ഞ അജ്ഞതയുണ്ടെങ്കിലേ ആ വിമര്‍ശനം വിലപോകൂ. അത് നടക്കാത്തിടത്ത് പുറത്തെടുക്കുന്ന ആരോപണമാണ് മുഹമ്മദ് നബിയെ ഈ വിഷയത്തില്‍  ആരോ സഹായിച്ചുവെന്നത്. അതാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഖുര്‍ആന്‍ അവതരണം നടന്നുകൊണ്ടിരുന്ന കാലത്തും ഇതേ അരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

പ്രവാചക സന്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ച ജനം പറയുന്നു: `ഈ ഫുര്‍ഖാന്‍ അയാള്‍ സ്വയം ചമച്ച കെട്ടുകഥ മാത്രമാകുന്നു. വേറെ ചിലയാളുകള്‍ അക്കാര്യത്തില്‍ അയാളെ സഹായിച്ചിട്ടുമുണ്ട്.` വലിയ അധര്‍മവും പച്ചക്കള്ളവും തന്നെ ഇവരീ ജല്‍പിക്കുന്നത്. അവര്‍ പറയുന്നു: `ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാകുന്നു. അയാള്‍ അവ പകര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും അയാള്‍ അതു വായിച്ചു കേള്‍പ്പിക്കപ്പെടുന്നുമുണ്ട്.` പ്രവാചകന്‍, അവരോടു പറയുക: `വാനലോകങ്ങളുടെയും ഭൂലോകത്തിന്റെയും പൊരുളറിയുന്നവനാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും അവന്‍ ഏറെ മാപ്പരുളുന്നവനും കൃപാനിധിയുമാകുന്നു.` (25: 4-6)
 
['ഇക്കാലത്ത് ഓറിയന്റലിസ്റുകള്‍   വിശുദ്ധ ഖുര്‍ആനിന്നെതിരില്‍ ഉന്നയിക്കുന്ന അതേ ആരോപണം തന്നെയാണിതും. എങ്കിലും, പ്രവാചക(സ)ന്റെ സമകാലീനരായ പ്രതിയോഗികളിലാരും തന്നെ, ഖുര്‍ആനിലെ വിജ്ഞാനങ്ങളെല്ലാം അദ്ദേഹം ബാല്യകാലത്ത് ബുഹൈറ എന്ന പാതിരിയെ കണ്ടുമുട്ടിയപ്പോള്‍ അയാളില്‍ നിന്നു പഠിച്ചതാണ് എന്നു പറഞ്ഞിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. യൌവനദശയിലെ വ്യാപാര യാത്രകള്‍ക്കിടയില്‍ കൈസ്തവ സന്യാസികളില്‍ നിന്നും ജൂതപുരോഹിതന്മാരില്‍ നിന്നും അഭ്യസിച്ചതാണെന്നും അവര്‍ പറഞ്ഞിട്ടില്ല. അവിടത്തെ എല്ലാ യാത്രകളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു എന്നതാണിതിന്നു കാരണം. അദ്ദേഹത്തിന്റെ ഈ സഞ്ചാരങ്ങളൊന്നും തനിച്ചായിരുന്നില്ല; വലിയ സാര്‍ഥവാഹക സംഘത്തോടൊപ്പമായിരുന്നു. ഈ യാത്രകളില്‍ അദ്ദേഹം വല്ലതും അഭ്യസിച്ചു എന്നു ആരോപിച്ചാല്‍ തങ്ങളുടെ പട്ടണത്തിലെതന്നെ അനേകായിരം ആളുകള്‍ തങ്ങളെ നിഷേധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍തന്നെ ബുഹൈറയില്‍ നിന്ന്, അല്ലെങ്കില്‍ 25-ാം വയസ്സിലെ വ്യാപാര സഞ്ചാരങ്ങളില്‍ നിന്ന് ഇദ്ദേഹം ഈ വിജ്ഞാനങ്ങള്‍ കരഗതമാക്കിയിരുന്നുവെങ്കില്‍ ഇത്രയും കാലം രംഗത്തുവരാതെ അടങ്ങിക്കഴിഞ്ഞതെന്തുകൊണ്ട് എന്ന് മക്കയിലെ  സാധാരണക്കാര്‍ തങ്ങളോടു ചോദിക്കുകയും ചെയ്യും. ഇരുപത്തഞ്ചാം വയസ്സു മുതല്‍ ഇക്കാലംവരെ, അയാളുടെ മുഖത്തുനിന്നു ഇതുപോലുള്ള ഒരു തത്വവചനവും ഉതിര്‍ന്നുവരാതിരുന്നതെന്തുകൊണ്ട്? ഇക്കാരണത്താലാണ് മക്കയിലെ സത്യനിഷേധികള്‍ ഇത്രയും തെളിഞ്ഞ കളവുകള്‍ പറയാന്‍ ധൈര്യപ്പെടാതെ അതു പില്‍ക്കാലത്തെ നിര്‍ലജ്ജരായ പ്രതിയോഗികള്‍ക്കു വേണ്ടി ഒഴിച്ചിട്ടത്. അവര്‍ എന്തു പറയുന്നുവോ അതു പ്രവാചകത്വലബ്ധിക്കുമുമ്പുള്ള ദശയുമായി ബന്ധപ്പെട്ടതല്ല; പ്രത്യുത, പ്രവാചകത്വ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. അവരുടെ വാദരീതി ഇതായിരുന്നു: ഇയാള്‍ നിരക്ഷരനാണ്. ഗ്രന്ഥങ്ങളും മറ്റും വായിച്ചു സ്വയം വിജ്ഞാനങ്ങളാര്‍ജിക്കുവാന്‍ ഇയാള്‍ക്കു സാധ്യമല്ല. മുമ്പാണെങ്കില്‍ ഇയാള്‍ യാതൊന്നും പഠിച്ചിട്ടുമില്ല. ഇന്നിയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും നാല്‍പതുവയസ്സുവരെ അയാള്‍ക്കറിയില്ലായിരുന്നു. എന്നിരിക്കെ, ഈ വിജ്ഞാനങ്ങള്‍ എവിടെ നിന്നു വന്നെത്തുന്നു? തീര്‍ച്ചയായും മറ്റു സമുദായങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ രാത്രികാലങ്ങളില്‍ ഇയാള്‍ക്ക് ഗോപ്യമായി തര്‍ജമ ചെയ്തു കിട്ടുന്നതായിരിക്കണം. ഇയാളെ ആരോ ചിലര്‍ അതൊക്കെ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. ഇയാള്‍ അത് ഹൃദിസ്ഥമാക്കി, പകല്‍ സമയങ്ങളില്‍ നമ്മെ കേള്‍പ്പിക്കുകയാണ്- ഈ വാദത്തിനുപോല്‍ബലകമായി മക്കയില്‍  വസിച്ചിരുന്ന അഭ്യസ്തവിദ്യരായ ചില വേദക്കാരുടെ പേരുകളും അവര്‍ പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു. അദ്ദാസ് (ഹുവൈത്വിബുബ്നു അബ്ദില്‍ ഉസ്സായുടെ മൌല- സ്വതന്ത്രനാക്കപ്പെട്ട അടിമ), യസാര്‍ (അലാഉബ്നുല്‍ ഹള്റമിയുടെ മൌല), ജബ്ര്‍ (ആമിറുബ്നു റബീഅയുടെ മൌല) എന്നിവരാണവര്‍. 

ബാഹ്യവീക്ഷണത്തില്‍ ഇതൊരു കനത്ത വിമര്‍ശനമാണ്. ദിവ്യസന്ദേശത്തെ ഖണ്ഡിക്കുവാന്‍ അതിന്റെ ഉറവിടത്തെതന്നെ നിഷേധിക്കുക എന്നതിനേക്കാള്‍ കനത്ത വിമര്‍ശനമേതാണുണ്ടാവുക? മറുപടിയില്‍ തെളിവുകളൊന്നും ഉന്നയിക്കാത്തതിനാല്‍ ആദ്യവീക്ഷണത്തില്‍ സംഭ്രമം തോന്നിയേക്കാം. നിങ്ങള്‍ സത്യത്തോടക്രമം ചെയ്യുന്നു; അന്യായമായ വാദമുന്നയിക്കുന്നു; കടുത്ത കളവിന്റെ കൊടുങ്കാറ്റുയര്‍ത്തുന്നു; ഇത് ആകാശഭൂമികളുടെ രഹസ്യങ്ങളറിയുന്നവനായ ദൈവത്തിന്റെ വചനങ്ങളാണ്. തികച്ചും പ്രതികൂലമായ പരിതഃസ്ഥിതിയില്‍ ഉയരുന്ന എത്രയും കനത്ത ആരോപണങ്ങളെ ഇത്ര നിസ്സാരമായി ഖണ്ഡിക്കുക എന്നത് സംഭ്രമജനകമല്ലേ? യഥാര്‍ഥത്തില്‍, മറുപടിയായി `അധര്‍മവും പച്ചക്കള്ളവും` എന്നു പറഞ്ഞാല്‍ മാത്രം മതിയാകുന്ന അര്‍ഥശൂന്യമായ ഒരാരോപണമാണോ ഇത്? ഒടുവില്‍, ഈ സംക്ഷിപ്ത മറുപടിക്കു ശേഷം സാധാരണക്കാര്‍ അതിന്റെ കാരണമോ വിശദീകരണമോ തേടാതിരുന്നതെന്തുകൊണ്ടാണ്. പുതുവിശ്വാസികളില്‍ പോലും സന്ദേഹങ്ങളുടലെടുക്കുന്നുമില്ല. നോക്കുക, തങ്ങളുന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ, അദ്ദേഹം `അധര്‍മവും പച്ചക്കള്ളവും` എന്ന് ജല്‍പിച്ച് ഒഴിഞ്ഞുമാറുകയാണ് എന്ന് പറയാന്‍ പ്രതിയോഗികള്‍പോലും മുതിരാത്തതെന്തുകൊണ്ട്? 

ഈ പ്രഹേളികക്കുത്തരം കിട്ടണമെങ്കില്‍ നാം പ്രസ്തുത ആരോപണം ഉന്നീതമായ സാഹചര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി മക്കയിലെ  അതിക്രമികളായ പ്രമാണിമാര്‍ ഓരോ മുസ്ലിമിനേയും കഠിനമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്ന സ്ഥിതി വിശേഷമായിരുന്നു അത്. മുഹമ്മദിന് പൌരാണിക ഗ്രന്ഥങ്ങളുടെ തര്‍ജമകള്‍ പഠിപ്പിച്ചുകൊടുക്കുന്നവരെന്ന് ആരെ സംബന്ധിച്ചാണോ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, അവരുടെയും മുഹമ്മദ് നബി(സ)യുടെ തന്നെയും വീടുകള്‍ കൊള്ളയടിച്ചു, പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമാഹരിക്കപ്പെട്ടതെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ പുറത്തുകൊണ്ടുവന്നു ജനസമക്ഷം പ്രദര്‍ശിപ്പിക്കുക അവര്‍ക്ക് അനായാസം സാധ്യമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അവ ജനങ്ങളെ കാണിച്ച് അവര്‍ക്ക് പറയാമായിരുന്നു: `നോക്കുവിന്‍, ഇതാണ് മുഹമ്മദീയ പ്രവാചകത്വത്തിന്റെ രഹസ്യം`. ബിലാലി (റ)നെ ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചവര്‍ക്ക് ഇപ്രകാരം ചെയ്യുവാന്‍ യാതൊരു നിയമവും തടസ്സമായിരുന്നില്ല. ഈ മാര്‍ഗത്തിലൂടെ എപ്പോഴും അവര്‍ക്ക് മുഹമ്മദീയ പ്രവാചകത്വത്തെ തകര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ അധര പ്രതിരോധം മാത്രം നടത്തിക്കൊണ്ടിരുന്നു. ഒരിക്കലും ഇത്തരമൊരു നടപടിയിലേക്ക് കാലെടുത്തുവെച്ചില്ല. 

ഇക്കാര്യത്തില്‍ അവര്‍ ചൂണ്ടിക്കാണിച്ച വ്യക്തികളാരും പുറത്തുള്ളവരല്ല എന്നതാണ് മറ്റൊരു സംഗതി. മക്കാ പട്ടണത്തില്‍തന്നെയായിരുന്നു അവരും വസിച്ചിരുന്നത്. അവരുടെയൊന്നും യോഗ്യതകളും ആര്‍ക്കും ഗോപ്യമല്ല. മുഹമ്മദ് നബി (സ) അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏത് ഉറവിടത്തില്‍ നിന്നുള്ളതാണെന്നും അതിന്റെ ഭാഷാ മേന്മയും സാഹിത്യനിലവാരവും സ്വാധീനശക്തിയും വിഷയങ്ങളും ചിന്തകളും എല്ലാം എന്തുമാത്രം ഉന്നതവും മഹത്തരവുമാണെന്നും, അദ്ദേഹത്തെ ഇതെല്ലാം പഠിപ്പിച്ചവരെന്നു പറയപ്പെടുന്നവര്‍ ഏതു നിലവാരത്തിലുള്ളവരാണെന്നും അല്‍പമെങ്കിലും ബുദ്ധിയുള്ള ഏവര്‍ക്കും നോക്കിക്കാണാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാണ് ആരും തന്നെ ഈ ആരോപണത്തിന് ഒരു വിലയും കല്‍പിക്കാതിരുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷാഗ്നി തണുപ്പിക്കാന്‍ വേണ്ടി മാത്രം ഉന്നയിക്കപ്പെടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അല്ലാത്തപക്ഷം, പ്രസ്തുത വ്യക്തികളെ നേരിട്ടറിയാത്തവര്‍പോലും, ഇത്രയേറെ യോഗ്യന്മാരായ അവര്‍ സ്വന്തം ദീപങ്ങള്‍ ജ്വലിപ്പിക്കാത്തതെന്ത്? അവര്‍ക്ക് മറ്റുള്ളവരുടെ വിളക്കിലേക്ക് എണ്ണയൊരുക്കിക്കൊടുക്കേണ്ട അവശ്യമെന്ത്? സ്വന്തം വിളക്ക് തന്നെ കത്തിച്ചിരുന്നുവെങ്കില്‍ അതിന്റെ പ്രശസ്തിയുടെ ചെറിയൊരു പങ്കെങ്കിലും അവര്‍ക്കും ലഭിക്കുമായിരുന്നില്ലേ? എന്നൊക്കെ കുറച്ചെങ്കിലും ആലോചിച്ചുപോകുമെന്നതില്‍ സന്ദേഹമില്ല. 

ഈ വിഷയത്തില്‍ പരാമൃഷ്ടരായ വ്യക്തികളെല്ലാം പരദേശങ്ങളില്‍ നിന്ന് അടിമകളായി വന്നവരും പിന്നീട് ഉടമകള്‍ മോചിപ്പിച്ചവരുമാണെന്നതാണ് മൂന്നാമത്തെ വസ്തുത. അറബികളുടെ ഗോത്രവ്യവസ്ഥയില്‍ യാതൊരാള്‍ക്കും ഏതെങ്കിലും ശക്തിയുടെയോ ഗോത്രത്തിന്റെയോ സംരക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. മോചിതരായ അടിമകളും മുന്‍ ഉടമകളുടെ രക്ഷാധികാരം സ്വീകരിച്ചാണ് ജീവിച്ചിരുന്നത്. ആ സംരക്ഷണം തന്നെയായിരുന്നു സാമൂഹ്യ രംഗത്ത് അവരുടെ ജീവിതാവലംബം. ഈ സാഹചര്യത്തില്‍ മുഹമ്മദ് നബി (സ) ഒരു വ്യാജ പ്രവാചകത്വം ഇറക്കുമതി ചെയ്തതാണെങ്കില്‍തന്നെ-മആദല്ലാഹ്- ഈ ആളുകള്‍ക്ക് ആത്മാര്‍ഥമായി ആ ഉപജാപത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന കാര്യം സ്പഷ്ടമാകുന്നു. കൂടാതെ നിശാവേളകളില്‍, തങ്ങളില്‍ നിന്നു കുറേ കാര്യങ്ങള്‍ പഠിക്കുകയും പകല്‍ സമയങ്ങളില്‍ ഇത് തനിക്ക് ലഭിച്ച ദിവ്യസന്ദേശമാണെന്നു പറഞ്ഞു ജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് സത്യസന്ധരും വിശ്വസ്തരും ആത്മാര്‍ഥതയുള്ളവരുമായ അനുയായികളുണ്ടാകുന്നതെങ്ങനെയാണ്? അതിനാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ പങ്കാളികളാകുന്നുവെങ്കില്‍ അത് സ്വാര്‍ഥത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ പ്രേരണയാലാകാനേ തരമുള്ളൂ. സ്വയം നിലനില്‍പില്ലാത്ത ചില പാവപ്പെട്ട വ്യക്തികള്‍ സ്വന്തം രക്ഷാധികാരികളുടെ അതൃപ്തി നേടിക്കൊണ്ട് മുഹമ്മദ് നബി (സ)യുടെ ഉപജാപത്തില്‍ വെറുതെ പങ്കാളികളാകുമെന്ന് ബുദ്ധിയും ചിന്താശക്തിയുമുള്ള ആര്‍ക്കാണ് വിചാരിക്കാന്‍ കഴിയുക! മുഴുവന്‍ സമുദായത്തിന്റെയും വിദ്വേഷത്തിന്നും വിമര്‍ശനത്തിന്നും ശാത്രവത്തിന്നും ശരവ്യനായ ഒരാളുടെ സഹകാരികളായി സ്വന്തം രക്ഷാകര്‍ത്താക്കളുടെ വെറുപ്പാര്‍ജിക്കുന്നതുകൊണ്ട് അവര്‍ക്ക് എന്തു സ്വാര്‍ഥമാണ് നേടാനുള്ളത്? അവരുടെ ഏത് അഭിലാഷമാണ് അതുവഴി പൂവണിയാന്‍ പോകുന്നത്? ചിന്താര്‍ഹമായ മറ്റൊരു പ്രശ്നവും കൂടിയുണ്ട്: അവസാനം അവരുടെ ഗൂഢാലോചന കണ്ടെത്തുവാന്‍ രക്ഷാധികാരികള്‍ക്കവസരം കിട്ടുന്നു. ഈ അവസരം ആ മുന്‍ അടിമകള്‍ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല? ഞങ്ങളില്‍ നിന്ന് പഠിച്ചതാണ് ഈ നുബുവ്വത്തു കടയിലെ ചരക്കുകളെന്നു അവര്‍ക്ക് ബഹുജനങ്ങളുടെ മുമ്പില്‍ സമ്മതിക്കാമായിരുന്നില്ലേ? 

ഏറ്റവും അത്ഭുതകരമായിട്ടുള്ള സംഗതിയിതാണ്: മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുകയും അദ്ദേഹമവതരിപ്പിച്ച അതുല്യമായ വിശ്വാസസംഹിത അംഗീകരിക്കുകയും ചെയ്ത സഹാബാകിറാം നബി (സ)യുടെ വ്യക്തിത്വത്തെ അങ്ങേയറ്റം പവിത്രമായതായിട്ടാണ് പരിഗണിച്ചിരുന്നത്. സ്വയം ഭാഗഭാക്കായ ഒരു ഗൂഢാലോചനയിലൂടെ രംഗപ്രവേശം ചെയ്ത ഒരു വ്യാജ പ്രവാചകത്വത്തില്‍ അവര്‍ ഇത്രത്തോളം അടിയുറച്ചും ആത്മാര്‍ഥമായും വിശ്വസിക്കുകയെന്നതു സംഭവ്യമാണോ? സംഭവ്യമാണെന്നു സങ്കല്‍പിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ ഏറ്റം ഉന്നതസ്ഥാനീയരായിരിക്കേണ്ടത് അവരായിരുന്നില്ലേ? നുബുവ്വത്തിന്റെ ചാലകശക്തികള്‍ അദ്ദാസും യസാറും ജബ്റും; പ്രവാചകന്റെ കൈകാര്യക്കാരോ അബൂബക്കറും   ഉമറും  അബൂഉബൈദയും ! ഇതെങ്ങനെയാണ് സംഭവിക്കുക? 

ഇതേപ്രകാരം വിചിത്രമായ മറ്റൊരു സംഗതി കൂടിയുണ്ട്: ഏതാനും വ്യക്തികള്‍ രാത്രികാലങ്ങളില്‍ കുത്തിയിരുന്നു തട്ടിപ്പടച്ചതാണ് ഈ പ്രവാചകത്വവും ദിവ്യബോധനവുമൊക്കെയെങ്കില്‍, രാപ്പകല്‍ പ്രവാചകന്റെ സഹകാരികളും സംരക്ഷകരുമായി വര്‍ത്തിച്ചിരുന്ന അബൂബക്കര്‍ , അലിയ്യുബ്നു അബീത്വാലിബ് , സൈദുബ്നു ഹാരിസ  തുടങ്ങിയ പ്രമുഖ ശിഷ്യന്മാര്‍ അതെങ്ങനെ അറിയാതെപോയി. ഈ ആരോപണത്തില്‍ പേരിനെങ്കിലും വല്ല സത്യവും ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പറഞ്ഞ ആളുകള്‍ ഇത്ര ദൃഢമായും ആത്മാര്‍ഥമായും പ്രവാചകനില്‍ വിശ്വസിക്കുകയും പ്രവാചകന്റെയും പ്രബോധനത്തിന്റെയും വിജയത്തിനുവേണ്ടി ഏതാപത്തിനെയും നേരിടാന്‍ സര്‍വാത്മനാ തയ്യാറാവുകയും ചെയ്തതെങ്ങനെ? 

ഉപരിസൂചിതമായ കാരണങ്ങളാല്‍ ഈ ആരോപണം കേള്‍വിക്കാരുടെ വീക്ഷണത്തില്‍ തികച്ചും അര്‍ഥശൂന്യമായിരുന്നു. അതുകൊണ്ടാണ് ഗൌരവമുള്ള ഒരു വിമര്‍ശനമെന്ന നിലക്ക് മറുപടി പറയുന്നതിന്നായി ഖുര്‍ആന്‍ അത് ഉദ്ധരിക്കാതിരുന്നത്. സത്യത്തോടുള്ള വിരോധത്തില്‍ ഇക്കൂട്ടര്‍ എന്തുമാത്രം അന്ധരായിത്തീരുന്നു എന്നതും എത്രത്തോളം വ്യാജവും അന്യായവുമായ വാദങ്ങളാണ് അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും കാണിക്കാന്‍ മാത്രമാണ് ഖുര്‍ആന്‍ ആ വിമര്‍ശനത്തെ പരാമര്‍ശിക്കുന്നത്'.(Thafheemul quran 25: Note 12)].

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ മുന്നിലെത്തിക്കുന്നതില്‍ മുഹമ്മദ് നബിയോടൊപ്പം ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിച്ചു എന്ന് ചിന്തിക്കാന്‍ നിഷ്പക്ഷമതികള്‍ നിര്‍ബന്ധിതരാകുന്നു. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാന്നിദ്ധ്യത്തെ തള്ളിപ്പറയേണ്ട ഒരാവശ്യവുമില്ല. ദൈവനിഷേധികള്‍ക്ക് അത് ഒരു പക്ഷേ ആവശ്യമായി വന്നേക്കാം. കാരണം ഒരു പാട് നിസ്സഹായത അവര്‍ ദൈവനിഷേധത്തിന്റെ പേരില്‍ അനുഭവിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒരു നിസ്സഹായത മാത്രമാണ് സകല യുക്തിയെയും വെല്ലുവിളിക്കുന്ന ഖുര്‍ആനെന്ന അമാനുഷികത. ഒരു ഖുര്‍ആന്‍ സൂക്തത്തോടെ ഖുര്‍ആന്റെ ദൈവികത എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ചക്കും താല്‍കാലികമായി വിരാമമിടുകയാണ്.

'നോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന് ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കുന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെ. ആര്‍ അന്ധനാകുന്നുവോ അവന്‍ തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു. ഞാനോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല.' (6:104)
 

2010 ഡിസംബർ 6, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1), (2)
-------------------------------------------------------------
ബൈബിളില്‍ പറയപ്പെട്ട വ്യക്തിത്വങ്ങള്‍ ചരിത്രപുരുഷന്‍മാരാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദൈവനിഷേധം സ്വീകരിച്ച അത്യപൂര്‍വം ആളുകളെ അവയെ നിഷേധിക്കുന്നുള്ളൂ. ബൈബിളിന്റെ ദൈവികത അംഗീകരിക്കാത്തവരും അതിന് ഒരു ചരിത്രകൃതിയുടെ സ്ഥാനം നല്‍കുന്നില്‍ വിമുഖത കാണിക്കുന്നില്ല. സ്വാഭാവികമായും ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ഒന്നാകും. ഖുര്‍ആന്‍ പകര്‍ത്തിയതാണ് എന്ന ആക്ഷേപത്തില്‍നിന്ന രക്ഷപ്പെടാന്‍ കഥാപാത്രത്തെ മാറ്റേണ്ട അവശ്യമില്ല. സത്യത്തില്‍ പകര്‍പ്പ് തന്നെയായിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാന്‍ അത്തരം വേലകള്‍ ഒപ്പിച്ചുകൂടായ്കയില്ല. പക്ഷെ ഖുര്‍ആന്‍ അതല്ലാത്തതുകൊണ്ട് ആവശ്യമായ ഒരു ചരിത്രശകലം ബൈബിളിലുണ്ടെന്ന് വെച്ച് അത് മാറ്റിവെച്ചിട്ടില്ല.

ഈ കഥാപാത്രങ്ങളിലുള്ള സാമ്യതയല്ലാതെ മറ്റൊരു തെളിവും ബൈബിള്‍ ഖുര്‍ആന്‍ കോപ്പിപേസ്റ്റ് ബന്ധം ആരോപിക്കുന്നവര്‍ക്കില്ല എന്ന് കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേയും ചര്‍ച സൂചിപ്പിക്കുന്നു. ഈ വിഷയം ഈ പോസ്‌റ്റോടെ അവസാനിപ്പിക്കുയാണ്.

ഖുര്‍ആനും ബൈബിളും ഉദ്ധരിച്ച ഏതാനും ഭാഗങ്ങള്‍കൂടി പരിശോധിക്കാം. ഇത് ബൈബിളിനെ ആക്ഷേപിക്കാനല്ല. ബൈബിളിന്റെ പകര്‍ത്തിയെഴുത്തെന്ന ആരോപണത്തിന് മറുപടി പറയാന്‍ ഇതല്ലാതെ മാര്‍ഗമില്ല എന്നതുകൊണ്ടാണ്.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: ['30. അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു' (ഉല്‍പത്തി 19).

ലൂത്ത് നബിയുമായി ബന്ധപ്പെടുത്തി ഇത്തരമൊരു സംഭവം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ഖുര്‍ആനിന്റെ ധാര്‍മിക സദാചാരമനുസരിച്ച് തികച്ചും അധര്‍മികള്‍ക്ക് മാത്രം സ്വീകരിക്കാവുന്ന ഒരു പ്രവര്‍ത്തനമാണിവിടെ മക്കള്‍ ചെയ്തത്. ഒരു പ്രവാചകനെ അതിന് കരുവാക്കി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ ലൂത്ത് തികഞ്ഞ സാത്വികനും പരിശുദ്ധനുമാണ്. പകര്‍ത്തിയെഴുത്തായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ പേരില്‍ ഖുര്‍ആനിലും കടന്നുകൂടുമായിരുന്നു.
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).

ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11:1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
എന്തുകൊണ്ട് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ട ചരിത്രപുരുഷന്‍മാര്‍ തമ്മിലുള്ള പ്രകടമായ ഈ അന്തരം എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനം. ബൈബില്‍ അവലംബിച്ച് രചിച്ച ഒരു ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നിടത്താണ്. മറിച്ച്  ഖുര്‍ആനില്‍നിന്ന് ഭിന്നമായി ബൈബിള്‍ പരാമര്‍ശങ്ങള്‍ എങ്ങനെ വന്നു എന്നതിന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മറുപടിയും ബുദ്ധിപരമായ സാധ്യതയും ഇതാണ്.

പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കടന്നുകൂടുകയുമായിരുന്നു എന്നതാണ്. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍ . അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു നാമം അല്‍ഫുര്‍ഖാന്‍ സത്യാസത്യവിവേചകം എന്നാണ്. അതേ പ്രകാരം പൂര്‍വിക ഗ്രന്ഥങ്ങളിലുള്ളതിനെ സത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍.

നിഷ്പക്ഷനായ ഒരാള്‍ക്ക് ബൈബിള്‍ അവലംബിച്ചാണ് ഖുര്‍ആന്‍ രചിക്കപ്പെട്ടത് എന്ന ഒരു വിഭാഗത്തിന്റെ വിശ്വാസം പോലെ കേവലം ഒരു വിശ്വാസമായി ഇതിനെ കാണുകയോ ഈ രണ്ട് വാദങ്ങളെയും പരിശോധിക്കുകയോ ചെയ്യാം. ചിന്തിക്കുക: ഒരു പകര്‍ത്തി എഴുത്തിന്റെ ശൈലിയാണോ ഖുര്‍ആനുള്ളത്, അതല്ല നിര്‍ഭയം ഒരു അധികാര കേന്ദ്രത്തില്‍ നിന്നുള്ള പ്രഖ്യാപനമോ എന്ന്.

'അല്ലയോ വേദക്കാരേ (ജൂതക്രൈസ്തവരേ), നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍നിന്ന് നിങ്ങള്‍ പൂഴ്ത്തിവച്ചിരുന്ന ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്കു രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.' (5:15-16) 

'ഓ മുഹമ്മദ്, പറഞ്ഞുകൊടുക്കുക: `അല്ലയോ മനുഷ്യരേ, നിങ്ങളുടെ അടുക്കല്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുളള സത്യം വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ നേട്ടം അയാള്‍ക്കു തന്നെയാകുന്നു. ആരെങ്കിലും വഴി മാറിപ്പോവുകയാണെങ്കില്‍ ആ മാര്‍ഗഭ്രംശത്തിന്റെ നാശവും അയാള്‍ക്കുതന്നെയാകുന്നു. ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.' (10:108-109) 
(അവസാനിച്ചു) 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review