2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ദൈവത്തെരക്ഷിക്കാന്‍ വാളെടുക്കുന്നവര്‍ !!

ഇബ്റാഹീം നബിയുടെ ജനതപറഞ്ഞതായി ഖുര്‍ആനിലുണ്ട്: 'ചുട്ടുകളയിന്‍ അവനെ(ഇബ്റാഹിമിനെ). സഹായിക്കിന്‍ നിങ്ങളുടെ ദൈവങ്ങളെ-നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍.' (21:98). സൃഷ്ടിച്ചുണ്ടാക്കുന്ന ദൈവങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അത്തരം മതവിശ്വാസികള്‍ക്കുണ്ടാകാം. ഇസ്ലാം വിശ്വാസികളെ അത്തരം ബാധ്യത അല്ലാഹു ഏല്‍പ്പിച്ചിട്ടില്ല. അല്ലാഹു മനുഷ്യരുടെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാനായി തെരഞ്ഞെടുത്ത തന്റെ പ്രവാചകനോട് കൂടെക്കൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത് നിനക്ക് അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ബാധ്യതമാത്രമേയുള്ളൂ എന്നാണ്. ഖുര്‍ആനിലെ ഒരു സന്ദര്‍ഭം കാണുക:

‘അല്ലാഹുവിന്റെ വിധിവിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യുവാന്‍ അല്ലാഹുവിന് ഏറെ സമയമൊന്നും വേണ്ടതന്നെ. ഇനി നിന്നോടവര്‍ തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: 'ഞാനും എന്റെ അനുയായികളും ദൈവസമക്ഷം സര്‍വം സമര്‍പ്പിച്ചിരിക്കുന്നു.' എന്നിട്ട് വേദക്കാരോടും വേദക്കാരല്ലാത്തവരോടും ചോദിക്കുക: 'നിങ്ങളും അവനോട് അനുസരണവും അടിമത്തവും സ്വീകരിച്ചുവോ?' സ്വീകരിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു. പുറംതിരിഞ്ഞുകളയുന്നുവെങ്കിലോ, അപ്പോള്‍ അവര്‍ക്കു സന്ദേശമെത്തിച്ചുകൊടുപ്പാന്‍ മാത്രമേ നിനക്കു ബാധ്യതയുള്ളൂ. ശേഷം, അല്ലാഹുതന്നെ അവന്റെ അടിമകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനത്രെ (3:20).

ചില ആളുകള്‍ക്ക് ഒരു സംശയം ന്യായമായും ഉണ്ടാകാം. അപ്പോള്‍ പ്രവാചകന്‍ യുദ്ധം ചെയ്തതോ?. അതെന്തിന് വേണ്ടിയായിരുന്നു?. 13 വര്‍ഷം നിരന്തരം ഉപദേശിച്ചതിന് പകരമായി കഠിന പീഢനങ്ങള്‍ നല്‍കുകയും സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ശത്രുക്കള്‍, അഭയം തേടിയ രാജ്യത്ത് പോലും അവരെ നില്‍ക്കാനനുവദിക്കുകയില്ല എന്ന് തീരുമാനിച്ച് യുദ്ധത്തിന് വരുമ്പോള്‍ അതിനെതിരെ തതുല്യഅളവില്‍ തിരിച്ചടിക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ വെച്ച് അനുവാദം നല്‍കി. അതുപോലും ചെയ്യാതിരിക്കുന്നതാണ് സമാധാനത്തിന്റെ മാര്‍ഗം എന്ന് ആര്‍ക്കെങ്കിലുമൊക്കെ അഭിപ്രായമുണ്ടാകാം എന്നാല്‍ മനുഷ്യനെ സൃഷ്ടിച്ച നാഥന്റെ തീരുമാനം അവര്‍ക്കെതിരെ വാളെടുക്കാനായിരുന്നു.  ഇതാണോ അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു മതത്തിന്റെ ശൈലി. അതല്ല പേരിനെ അന്വര്‍ഥമാക്കുന്ന സമാധാനത്തിന്റെ ദര്‍ശനത്തിന്റെ ശൈലിയോ. വായിക്കുക...

'പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്‍മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു. നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍, അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവില്‍ മാത്രം ചെയ്തുകൊളളുക. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍, ക്ഷമിക്കുന്നവര്‍ക്ക് അതു തന്നെയാണ് ശ്രേഷ്ഠം. പ്രവാചകന്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചുകൊള്ളേണം-നിന്റെ ഈ സഹനശീലം അല്ലാഹുവിന്റെ ഉതവിയാല്‍ മാത്രം ലഭിച്ചതാകുന്നു-അവരുടെ നീക്കങ്ങളെച്ചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോര്‍ത്തും മനഃക്ളേശം വേണ്ട. നിശ്ചയം, ഭക്തി കൈക്കൊളളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരുടെ കൂടെ അല്ലാഹുവുണ്ട്. (16:125-128)

20 ാം നൂറ്റാണ്ടിലെ തത്വചിന്തകനും പരിഷ്കര്‍ത്താവുമായ മൌലാനാ മൌദൂദി ഈ സൂക്തത്തിന്‍ നല്‍കിയ വ്യാഖ്യാനം കൂടി വായിക്കുക.

['ഇതിന്റെ രൂപം കേവലമായ വാദപ്രതിവാദങ്ങളോ ബുദ്ധിപരമായ കിടമല്‍സരങ്ങളോ അനാവശ്യമായ വാദകോലാഹലങ്ങളോ അപകീപര്‍ത്തിപ്പെടുത്തലോ ആക്ഷേപമോ പരിഹാസമോ അല്ല. വാചാലതകൊണ്ട് പ്രതിയോഗിയെ ഉത്തരം മുട്ടിച്ച് മികവ് പ്രദര്‍ശിപ്പിക്കുകയുമല്ല ഉദ്ദേശ്യം. മറിച്ച്, മധുരമായ വാക്ക് പറയുക, അങ്ങേയറ്റം മാന്യമായ സ്വഭാവം പുലര്‍ത്തുക, ചിന്തോദ്ദീപകവും മനസ്സില്‍ കൊള്ളുന്നതുമായ തെളിവുകള്‍ സമര്‍പ്പിക്കുക, അനുവാചകഹൃദയത്തില്‍ എതിര്‍പ്പും വിദ്വേഷവും ഉണ്ടാക്കാതിരിക്കുക, കാര്യങ്ങള്‍ നേരെ ചൊവ്വെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുക, അവര്‍ കുതര്‍ക്കങ്ങളിലേക്ക് തിരിയുകയാണെന്നു കണ്ടാല്‍ മാര്‍ഗഭ്രംശത്തില്‍ കൂടുതല്‍ ആണ്ടുപോകാതിരിക്കേണ്ടതിന് തല്‍ക്കാലം അവരെ വിട്ടുപിരിയുക-ഇതൊക്കെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.]

[അതായത്, അല്ലാഹുവെ ഭയപ്പെട്ട് എല്ലാതരത്തിലുമുള്ള ദുര്‍മാര്‍ഗത്തില്‍നിന്ന് അകന്ന് നില്‍ക്കുകയും എപ്പോഴും ശരിയായ മാര്‍ഗത്തില്‍ മാത്രം നിലയുറപ്പിക്കുകയും ചെയ്യുന്നവര്‍. മറ്റുള്ളവര്‍ അവരോട് എത്രതന്നെ തിന്‍മപ്രവര്‍ത്തിക്കട്ടെ, അതിനു മറുപടി തിന്‍മയിലൂടെയല്ല, നന്‍മയിലൂടെ മാത്രമായിരിക്കും നല്‍കുക.]

അല്‍പമൊന്ന് ആലോചിക്കുക. യുക്തിവാദികളുടെ ആരോപണങ്ങളില്‍ എന്തോ ചിലത് നഷ്ടപ്പെടുന്നില്ലേ. ചേര്‍ത്ത് വായിക്കാന്‍: ഒരു യുക്തവാദി സ്വയം പരിചയപ്പെടുത്തുന്നു. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി.

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഖുര്‍ആനില്‍ യുദ്ധത്തിനുള്ള കല്‍പനയുണ്ട്. പ്രവാചകന്‍ യുദ്ധം ചെയ്തിട്ടുണ്ട്. അധര്‍മം ധര്‍മത്തെ ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ച് പ്രതികരിക്കരുതായിരുന്നു എന്ന് പറയുന്നവര്‍ അധര്‍മത്തെ സ്‌നേഹിക്കുന്നവരാകാനെ തരമുള്ളൂ. മനുഷ്യര്‍ക്ക് സന്‍മാര്‍ഗ ദര്‍ശനത്തിനായി ദൈവം ഒരു പ്രവാചകനെ അയക്കുന്നു. കൂറേ നല്ലമനുഷ്യര്‍ അദ്ദേഹത്തെ അംഗീകരിക്കുന്നു. അദ്ദേഹത്തെയും ആ വിശ്വാസികളെയും നശിപ്പിക്കാന്‍ ഒരു വിഭാഗം വരുമ്പോള്‍ അവര്‍ക്ക് കഴുത്ത് നീട്ടികൊടുക്കണം എന്ന് പറയുന്ന ഒരു ദൂതന്‍ എത്ര നിന്ദ്യനായിരിക്കും. അയാള്‍ ഒരു കള്ള പ്രവാചകനാണ് എന്നതിന് അതിനേക്കാള്‍ വലിയ തെളിവ് ആവശ്യമുണ്ടോ. അതിനാല്‍ യുക്തിവാദികള്‍ ഇത്തരം കാര്യങ്ങള്‍ ജല്‍പിക്കുന്നതിന് മുമ്പ് അല്‍പം സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നുവെങ്കില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review