2010, ഏപ്രിൽ 24, ശനിയാഴ്‌ച

പ്രവാചകനും ധാര്‍മികതയും

ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട എന്ന പോസ്റ്റിന്റെയും എന്താണ് ധാര്‍മികത ?എന്ന പോസ്റ്റിന്റെയും തുടര്‍ചയാണിത്. കഴിഞ്ഞ പോസ്റ്റുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഇത്തരമൊരു പോസ്റ്റിന് പ്രേരകം. അതിനാല്‍ ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറയാന്‍ ദയവായി ആരും ശ്രമിക്കരുതെന്ന് ഉണര്‍ത്തുന്നു.  
മതഭീകരതയുടെ അടിവേരുകള്‍ എന്ന പോസ്റ്റിന്റെ ചര്‍ചയില്‍ ബ്ലോഗര്‍ രവി എന്റെ ധാര്‍മികബോധത്തിന് മതവിശ്വാസം വേണ്ട എന്ന പോസ്റ്റ് വായിച്ച് നല്‍കിയ അഭിപ്രായം ഇവിടെ നല്‍കുന്നു. ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്ന് ധാര്‍മികതയും സദാചാരവും നാം വിശദീരിച്ചുകഴിഞ്ഞു, മറ്റു ജീവിതവീക്ഷണങ്ങള്‍ക്ക് ഈ കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അന്വേഷണമാണ് ഇതില്‍. അതോടൊപ്പം. അവര്‍ പ്രവാചകനിലും മുസ്‌ലിംകളിലും കാണുന്ന (ആരോപിക്കുന്ന) അധാര്‍മികതാവാദത്തിന്റെ അടിസ്ഥാനമെന്താണെന്നും ഈ പോസ്റ്റിലൂടെ നാം ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഞാന്‍ നല്‍കിയ ഈ വിഷയങ്ങള്‍ മിക്കവരും വായനയിലൊതുക്കുന്നതാണ് കണ്ടത്. ചര്‍ചയില്‍ പങ്കെടുത്തവരാകട്ടെ, നല്‍കപ്പെട്ട വിഷയത്തില്‍ നിന്ന് വിട്ടകന്ന് അവരുടെ ഇനിയും തീരേണ്ട സംശയങ്ങളെ ആരോപണ രൂപത്തില്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് വിഷയത്തിന്റെ അടുത്തേക്ക് എത്തിനോക്കുക പോലും ചെയ്തത്.

ഇതില്‍ നിന്നൊക്കെ എനിക്ക് മനസ്സിലായത്. ദൈവനിഷേധികള്‍ എന്നറിയപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ സന്ദേഹത്തിലാണ്. എന്താണ് ധാര്‍മികതയെന്നോ അധാര്‍മികതയെന്നോ നിര്‍വചിക്കാന്‍ അവരുടെ പക്കല്‍ തെളിവൊന്നുമില്ല. ധാര്‍മികതയും സദാചാരത്തെയും ആചാരത്തെയും അനാചാരവുമൊക്കെ കൂട്ടിക്കുഴച്ച് വേര്‍ത്തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. രവിയുടെ കമന്റ് ഈ കാര്യം നിങ്ങളെയും ബോധ്യപ്പെടുത്തും. അദ്ദേഹത്തിന്റെ പ്രവാചകനെതിരെയുള്ള ആരോപണവും ഈ സംശയത്തില്‍ നിന്ന രൂപപ്പെട്ടതാണ്.    


[['ലതീഫിന്റെത് വ്യാഖ്യാനങ്ങളാണ്. മതക്കാര്‍ പറയുക മതവിശ്വാസികള്‍ക്കെ ധാര്മികതയുണ്ടാവൂ എന്നാണു. ധാര്‍മികതയുടെ മൊത്തക്കച്ചവടക്കാര്‍ മതക്കാരനല്ലോ? എന്താണ് ധാര്‍മികതയുടെ അര്‍ഥം? നല്ല കാര്യങ്ങള്‍ ചെയ്യല്‍ എന്ന് പറയാമെന്നു തോന്നുന്നു. മതക്കാര്‍ പറയും ധാര്‍മികമായ കാര്യങ്ങള്‍ ചെയ്‌താല്‍ സ്വര്‍ഗത്തില്‍ പോവും, അല്ലെങ്കില്‍ നരകത്തില്‍ യാതന അനുഭവിക്കേണ്ടി വരും. എന്താണ് നല്ല കാര്യങ്ങള്‍? എല്ലാ കാലത്തേക്കുമായി ഒരു ധാര്‍മികത ഉണ്ടോ? നബി ഒമ്പത് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തു എന്ന് പറയുന്നു അക്കാലത്ത് അത് അധാര്‍മികമായി എന്ന് ആരും പറഞ്ഞതായി അറിയില്ല. പക്ഷെ, ഇന്നാണെങ്കിലോ (നമ്മുടെ നാട്ടില്‍) ? ഉണ്ട തിന്നേണ്ടി വരില്ലേ? (നബിയെ പറ്റിയല്ല കേട്ടോ..കച്ചറ ആവേണ്ട) കണ്ണിനു കണ്ണ് കൈക്ക് കൈ എന്ന ശിക്ഷാരീതി ഇപ്പോഴും അറേബിയയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അത് അവിടെ ധാര്‍മികത ആണ്. എന്നാല്‍ ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ ഇത് നടക്കുമോ? അവര്‍ അത് അധാര്‍മികമായിട്ടാണ് കാണുന്നത്. കാലദേശങ്ങള്‍ക്കനുസരിച്ച് ധാര്‍മികതയുടെ അര്‍ഥം മാറും. ലത്തീഫ് എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും, ദൈവഭയം വേണം എങ്കിലേ ധാര്‍മികത നിലനില്ക്കു എന്നാണു മതക്കാരുടെ വാദം. നേരത്തെ റിച്ചാഡ് ഡോകിന്സിനെ ഉദ്ധരിച്ചു പറഞ്ഞത് പോലെ, ധാര്‍മികത ജനിതകമായി പരിണമിച്ചുണ്ടായതാണ് എന്നതാണ് ശരി. നിരീശ്വരവാദികള്‍ ധാര്‍മികമായി അധപ്പതിച്ചവരാന് എന്ന് പറയാമോ? ദൈവത്തിന്റെ കാര്യം പറയുമ്പോള്‍ അള്ളാഹു മാത്രമേ ദൈവമായി ഉള്ളു എന്ന് വിശ്വസിക്കുന്നവരും ഹിന്ദുക്കളെപ്പോലുള്ളവരും തമ്മിലുള്ള വ്യത്യാസം കാണാതിരിക്കരുത്. ഹിന്ദുക്കള്‍ക്ക് ഒരു പാട് ദൈവങ്ങളുണ്ട്‌. അവരില്‍ പലരും ഇന്നത്തെ രീതിയില്‍ ചിന്തിച്ചാല്‍ അധാര്‍മികന്മാര്‍ ആണ്. ആ അധാര്മികന്മാര്‍ക്കെങ്ങിനെ മനുഷ്യരില്‍ ധാര്‍മികത ഉണ്ടാക്കാന്‍ കഴിയും? ഇക്കാര്യത്തില്‍ ലത്തീഫ് എന്നോട് യോജിക്കുമെന്നു തോന്നുന്നു. അല്ലെങ്കില്‍ അന്യമത നിന്ദ ചെയ്യുന്നത് 'ധാര്‍മിക'മല്ല എന്ന് കരുതി മിണ്ടാതിരിക്കും അല്ലെ?']]

ധാര്‍മികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും ഓരോ ദര്‍ശനത്തിനും, മതത്തിനും, മതവും ദര്‍ശനവുമില്ലാത്തവര്‍ക്കും അവരുടേതായ വ്യത്യസ്ഥ കാഴ്ചപ്പാടുകളും ഉണ്ടായിരിക്കും. ഇസ്‌ലാമിലെ ധാര്‍മികത എന്നാല്‍ എന്താണെന്ന് ഞാന്‍ വ്യക്തമാക്കുകയുണ്ടായി. അത് പ്രവാചകനിലൂടെ ദൈവം നല്‍കിയതാണ്. ഇവ മുന്നില്‍ വെച്ചാണ് ഇസ്‌ലാമില്‍  ഒരു പ്രവൃത്തി ധാര്‍മികതയാണോ അധാര്‍മികതയാണോ എന്ന് തീരുമാനിക്കുന്നത്. പ്രവാചകന്‍ ഈ പറയപ്പെട്ട ചട്ടക്കൂടില്‍ നിന്നാണ് ജീവിച്ചത്. ഖുര്‍ആന്‍ അന്ത്യദിനം വരെയുള്ള മാനവ സമൂഹത്തിന് തൃപ്തിപ്പെട്ട് നല്‍കിയ ധാര്‍മികസദാചാരമൂല്യങ്ങളും ഇതുതന്നെ. എങ്കിലും ഇതിന് പുറമെ മറ്റ് ധാര്‍മികമൂല്യങ്ങളെക്കുറിച്ച കാഴ്ചപ്പാട് ആര്‍ക്കുമുണ്ടാകാന്‍ പാടില്ലെന്നോ. അപ്രകാരം ഉണ്ടെങ്കില്‍ അത് വെച്ചുപൊറുപ്പിച്ചുകൂടെന്നോ അതിനര്‍ഥമില്ല. പക്ഷെ ഏത് മതസമൂഹത്തെ എടുത്ത് പരിശോധിച്ചാലും, ഇവിടെ ധാര്‍മികതയായി പറഞ്ഞത് അത് അങ്ങനെയല്ലെന്ന് പറയാനോ ഇവിടെ അധാര്‍മികതയായി ചൂണ്ടിക്കാണിച്ചത് ഞങ്ങളുടെ കണക്കില്‍ അത് അധാര്മികതയാണെന്ന്  പറയാനോ (ഏതെങ്കിലും വ്യക്തികള്‍ തയ്യാറായാലും) സന്നദ്ധമാകുകയില്ല. കാരണം ധാര്‍മികത എന്നാല്‍ എല്ലാ മനുഷ്യനും അത് നല്ലതാണ് എന്ന് അംഗീരിക്കുന്ന കാര്യങ്ങളായിരിക്കും. മനുഷ്യന് നല്‍കപ്പെട്ട ധാര്‍മികബോധം അത് കണ്ടെത്തുക തന്നെ ചെയ്യും. എന്നാല്‍ അവ നിലനിര്‍ത്താനായി നിശ്ചയിക്കപ്പെട്ട സദാചാര നിയമങ്ങളില്‍ മാത്രമേ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയുള്ളൂ. 

വിവാഹത്തിലൂടെ ലൈംഗിക സദാചാരം പാലിക്കുക എന്ന തത്വം ഏതാണ്ടെല്ലാവരും അംഗീകരിക്കുമെങ്കിലും, ആ വിവാഹം ഒന്നില്‍ പരിമിതപ്പെടുത്തണോ അതല്ല ബഹുഭാര്യത്വമാകാമോ? ഇത്തരം ചോദ്യങ്ങള്‍ക്ക്  ധാര്‍മികതയുമായിട്ടല്ല ബന്ധം; മറിച്ച് സദാചാരത്തിന്റെ ആചരണവുമായിട്ടാണ്. വിവാഹ പ്രായം എത്രവേണം? അതിന് പരിധി നിശ്ചയിക്കേണ്ടതുണ്ടോ? ഇത്തരം കാര്യങ്ങളൊക്കെ സ്വന്തം വകയില്‍ അധാര്‍മികതയായി വ്യാഖ്യാനിച്ചാല്‍ അതംഗീകരിക്കാന്‍ മറ്റുള്ളവര്‍ ബാധ്യസ്ഥരല്ല. ഇസ്‌ലാമിന്റെ കണിഷമായ ധാര്‍മികവ്യവസ്ഥയനുസരിച്ച് ഒരു ദൈവനിഷേധി ചരിക്കണം എന്ന് വാശിപിടിക്കുന്നതിനേക്കാളെറെ അസാഗത്യമുണ്ട്, ഒരു ദൈവനിഷേധി തനിക്ക് തോന്നുന്നത് മുന്നില്‍ വെച്ച് പ്രവാചകനെയും ഇസ്‌ലാമിക നിയമങ്ങളെയും വിലയിരുത്താനും ആക്ഷേപിക്കാനും തുനിയുന്നതില്‍.

ഇവിടെ മറ്റേത് മതസ്ഥരേക്കാളും യുക്തിവാദികള്‍ എന്നറിയപ്പെടുന്ന ദൈവനിഷേധികള്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ ഏര്‍പ്പെടുന്നത് ഈ വസ്തുത ഒട്ടും പരിഗണിക്കാതെയാണ്. അവര്‍ പറയുന്നത് മൊത്തത്തിലെടുത്താല്‍ തങ്ങളുടെ യുക്തിയില്‍ ഉള്‍കൊള്ളുന്ന ഒരു 'ഠ' വട്ടത്തിലായിരുന്നു പ്രവാചകന്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് മാത്രമാണ്. തങ്ങളുടെ മനസ്സിലുള്ള ധാര്‍മികതയനുസരിച്ച് പ്രവര്‍ത്തികാത്തതിനാല്‍ അവര്‍ ക്രുദ്ധരാവുകയും അതിന്റെ പേരില്‍ കഠിനമായി ഭത്സിക്കുയും ചെയ്യുന്നു. മതത്തിന്റെ ധാര്‍മികമൂല്യമനസരിച്ച് പ്രവര്‍ത്തികാത്തവരെ താലിബാനികള്‍ കൈകാര്യം ചെയ്തിരുന്നു എന്ന പോലെ (അവര്‍ക്ക് അതിന് അധികാരം ഇസ്‌ലാമികമായി ഇല്ല) യുള്ള പ്രവര്‍ത്തനമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന വിമര്‍ശനത്തിലും ഉള്ളത്.

പ്രവാചകന്‍ ബഹുഭാര്യത്വം സ്വീകരിച്ചു. പാടില്ലെന്ന് ഏത് തത്വശാസ്ത്രത്തിന്‍രെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ പറയുന്നത്. നിങ്ങള്‍ പറയുന്ന ധാര്‍മികമൂല്യങ്ങള്‍ ഏതൊക്കെ. അതിന്റെ അടിസ്ഥാനമെന്ത്. നിങ്ങള്‍ കരുതുന്ന ഏത് ധാര്‍മികമൂല്യത്തിനാണ് അതിലൂടെ ക്ഷതം പറ്റിയത്. നിങ്ങള്‍ക്കങ്ങനെ ഒരു ധാര്‍മികമൂല്യമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനും അതിന് സന്നദ്ധമാകാത്തവരെ അക്ഷേപിക്കാനും നിങ്ങള്‍ക്കെന്ത് അവകാശം. പ്രവാചകന്‍ ജീവിചകാലഘട്ടത്തിലെ നിലവിലെ ധാര്‍മികസങ്കല്‍പമനുസരിച്ചോ ഇസ്‌ലാമിക ധാര്‍മികമൂല്യത്തിനോ ഒരു സ്ത്രീയെ അവള്‍ ഋതുമതിയായ ശേഷം ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് കുഴപ്പം സംഭവിക്കില്ല എന്ന് വരുകില്‍ മറ്റുള്ളവര്‍ക്ക് അതില്‍ ഇത്ര ഭത്സിക്കാന്‍മാത്രമുള്ള കാര്യമെന്തുണ്ട്.

ചിലര്‍ ഈ ചര്‍ചയില്‍ അടിമത്വമോചനം എന്തുകൊണ്ട പ്രവാചകന്‍ പൂര്‍ണമായി നടപ്പിലാക്കിയില്ല എന്ന് ചോദിക്കുകയുണ്ടായി വിശദമായി മറുപടി നല്‍കപ്പെട്ട വിഷയമാണെങ്കിലും മറ്റൊന്നുമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കാന്‍ ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അടിമയാക്കുമ്പോള്‍ ധാരാളം ധാര്‍മികമൂല്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നു എന്നത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇസ്‌ലാം ഈ പ്രശ്‌നത്തോട് ഇടപെട്ടത്. ആ പ്രശ്‌നത്തില്‍ ഇസ്്‌ലാം എത്രയാണോ പ്രായോഗികമായി ചെയ്യാവുന്നത് അത്രയും ചെയ്തു.

ഒരുപാട് ദൈവങ്ങളെ ആരെങ്കിലും ആരാധിക്കുന്നത് ഒരു ധാര്‍മിക പ്രശ്‌നമായിട്ടല്ല ഇസ്‌ലാം കാണുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ഗവണ്‍മെന്റ് ആ നിലക്ക് അത് കൈകാര്യം ചെയ്യുകയുമില്ല. ബഹുദൈവത്വവും ത്രിത്വവും നിരീശ്വരത്വവും ആചരിക്കാന്‍ ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ ആചരിക്കാന്‍ അംഗീകാരമുണ്ടാകും. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്കെതിരെ പ്രബോധനവും ബോധവല്‍കരണവും നടത്താനും വിശ്വാസിസമുഹത്തിന് ബാധ്യതയുണ്ട്. എന്നാല്‍ അതുപോലെയല്ല വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവ. അവയെല്ലാം അധാര്‍മികതയുടെ പരിധിയില്‍ വരുന്നതാണ്. അവയൊക്കെ കഴിഞ്ഞ പോസ്റ്റില്‍ പറയപ്പെട്ടപോലെ വ്യക്തിതലം മുതല്‍ ഭരണകൂടമടക്കം കല്‍പിക്കാനും വിലക്കാനും കടപ്പെട്ടിരിക്കുന്നു. വ്യക്തികള്‍ക്ക് ബോധനതലത്തിലെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമം മൂലവും ബലപ്രയോഗത്തിലൂടെ തടയേണ്ടതും ഭരണകൂടത്തിന്റെ ചുമതലയാണ്.

22 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

നിങ്ങള്‍ക്കങ്ങനെ ഒരു ധാര്‍മികമൂല്യമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനും അതിന് സന്നദ്ധമാകാത്തവരെ അക്ഷേപിക്കാനും നിങ്ങള്‍ക്കെന്ത് അവകാശം.

സന്തോഷ് പറഞ്ഞു...

ലത്തീഫ്, ഇത് ഞാന്‍ മട്ടൊരു ബ്ലോഗില്‍ ഇട്ട കമന്റാണ്. താങ്കളുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം.
ദൈവം എന്നത് ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണെന്ന് കരുതുക. അപ്പോള്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ പ്രക്ര്തി നിയമങ്ങളെ കൂടുതല്‍ അറിഞ്ഞാല്‍ മതിയല്ലോ. അതിന് യുക്തി ചിന്തയും ശസ്ത്രവും നമ്മെ സഹായിക്കുകയല്ലേ ചെയ്യുന്നത്? ഈ ഉദ്ദേശത്തോടെ നിലവിലുള്ള് ദൈവ സങ്കല്പങ്ങളെ വിമര്‍ശന വിധേയമാക്കുന്നതുകൊണ്ട് ദൈവത്തിന് വിരോധം ഉണ്ടാകുമോ? കണ്ണടച്ച് ഇരുട്ടത്തിരിക്കുന്നതാണ് സുഖം എന്നുള്ളവര്‍ക്ക് അങ്ങിനെയാകാം. എന്തിന് “സംവാദം” നടത്തി ബുദ്ധിമുട്ടുന്നു?

ശാന്ത കാവുമ്പായി പറഞ്ഞു...

ദൈവം ധാര്‍മികത തുടങ്ങിയ വിഷയങ്ങള്‍ വായിച്ചു.അതൊക്കെ അവനവന്‍ ഉള്‍ക്കൊണ്ടതിനനുസരിച്ചുള്ള കാഴ്ചപ്പാട്. ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും പാടില്ല എന്ന് എന്തിനു പറയണം?ബഹുഭര്‍തൃത്വസമ്പ്രദായത്തിലെ ഭര്‍ത്താവായിരിക്കാന്‍ പുരുഷനുള്ള താല്പര്യം മാത്രമേ ബഹുഭാര്യാത്വത്തില്‍ നാലാമത്തെ ഭാര്യയായിരിക്കാന്‍ സ്ത്രീക്കും ഉണ്ടാകൂ എന്നോര്‍ക്കണം.

CKLatheef പറഞ്ഞു...

@സന്തോഷ്

താങ്കളുടെ ചോദ്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാന്‍ എനിക്കാവുന്നില്ല. ഞാനേത് ചോദ്യത്തിന് മറുപടി പറയണം.

CKLatheef പറഞ്ഞു...

@ശാന്ത കാവുമ്പായി
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. സ്വാഭാവികമായ ചോദ്യം. ന്യാമായ ഉണര്‍ത്തല്‍. ഇവിടെ ഒരു ജീവിതപദ്ധതിയുടെ വിവിധവശങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. താല്‍പര്യമുണ്ടെങ്കില്‍, ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും ഒരേ പോലെ കാണുന്നതിലെ അന്തസാരശൂന്യത സ്വയം മനസ്സിലാക്കാവുന്നതേയുള്ളൂ. വ്യക്തിപരമായി അവസാനത്തെ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താനുള്ള
അവകാശം അംഗീകരിക്കാമെങ്കിലും. ഒരു വ്യവസ്ഥയിലും നിയമനിര്‍മാണത്തിലും ഇത്ര ലാഘവത്തോടെ കാര്യങ്ങളെ കാണാനാവില്ല. നന്മ നേരുന്നു.....

CKLatheef പറഞ്ഞു...

ഇതാ ജീവിക്കാന്‍ കൊതിക്കുന്ന രണ്ടുപേര്‍ ഇവരെ സഹായിക്കാന്‍ നിങ്ങള്‍ക്കാവും. നിങ്ങളുടെ ഒരു കൈത്താങ്ങ് നിങ്ങളുടെ സന്‍മനസ്സിന്റെ ഒരു അടയാളപ്പെടുത്താലാകും.

സന്തോഷ് പറഞ്ഞു...

ലത്തീഫ്, ദൈവം എന്നത് ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണെന്ന് കരുതുക. അപ്പോള്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ പ്രക്ര്തി നിയമങ്ങളെ കൂടുതല്‍ അറിഞ്ഞാല്‍ മതിയല്ലോ. അതിന് യുക്തി ചിന്തയും ശസ്ത്രവും നമ്മെ സഹായിക്കുകയല്ലേ ചെയ്യുന്നത്? ഈ ഉദ്ദേശത്തോടെ നിലവിലുള്ള് ദൈവ സങ്കല്പങ്ങളെ വിമര്‍ശന വിധേയമാക്കുന്നതുകൊണ്ട് ദൈവത്തിന് വിരോധം ഉണ്ടാകുമോ? ഇതാണ് ചോദ്യം.
എവിടെയാണ് വൈരുദ്ധ്യം?

അപ്പൂട്ടൻ പറഞ്ഞു...

Latheef,
Special thanks for the last comment. I had seen the post quite some time back, was not sure about the way forward since no concrete plans were decided. Now, your comment reminded me of the post again, as a result, I could contact Haroon and Kottottikkaran.

You need not publish this comment, it's just that I wanted to convey my gratitude towards you on reminding me (and probably many others) about this. Way to go, my friend.

അപ്പൂട്ടൻ പറഞ്ഞു...

പ്രവാചകൻ ബഹുഭാര്യത്വം സ്വീകരിച്ചു. പാടില്ലെന്ന്‌ ഏത്‌ തത്വശാസ്ത്രത്തിൻരെ അടിസ്ഥാനത്തിലാണ്‌ നിങ്ങൾ പറയുന്നത്‌. നിങ്ങൾ പറയുന്ന ധാർമികമൂല്യങ്ങൾ ഏതൊക്കെ. അതിന്റെ അടിസ്ഥാനമെന്ത്‌. നിങ്ങൾ കരുതുന്ന ഏത്‌ ധാർമികമൂല്യത്തിനാണ്‌ അതിലൂടെ ക്ഷതം പറ്റിയത്‌.

1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന് ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.

2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം.

3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍
പ്രവാകന്‍ സ്വീകരിച്ച ബഹുഭാര്യത്വവും ഇസ്‌ലാം അംഗീകരിച്ച് ബഹുഭാര്യത്വവും ഏതെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അധാര്‍മികതയും അനിതിയും അതിനുപുറമെ മറ്റുവല്ലതുമൊക്കെ ആയികാണാനുള്ള അവകാശം ഞാന്‍ വകവെച്ചു നല്‍കുന്നു. അവര്‍ അതിനൊക്കെ നല്‍കുന്ന അര്‍ഥത്തിനനുസരിച്ചായിരിക്കും അത് സംഭവിക്കുക എന്നതിനാല്‍. ഞാന്‍ പറഞ്ഞുവന്നത് വ്യക്തമായ, വളരെ ക്ലിപ്തമായ ഇസ്‌ലാമിക വ്യവസ്ഥയനുസരിച്ച് ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം അധാര്‍മികതയുടെ കോളത്തില്‍ പെടുത്താന്‍ ന്യായമില്ല എന്നതാണ്. അതുകൊണ്ടാണ് ഒരു ചോദ്യരൂപത്തില്‍ ഉന്നയിച്ചത്. അതിനോട് ക്രിയാത്മകമായി പ്രതികരിച്ച അപ്പൂട്ടന് നന്ദി.

ഇസ്‌ലാമിലെ വൈവാഹിക നിയമത്തെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഈ മുന്ന് പോയിന്റിന് പിന്നിലെന്ന് ഇസ്്‌ലാമിനെക്കുറിച്ച് സാമാന്യവിവരമുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാകും.

ബഹുഭാര്യത്വം ഇവിടെ തുല്യത, വ്യക്തിസ്വാതന്ത്ര്യം, അഭിമാനബോധം എന്നീ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല അതിനാല്‍ അധാര്‍മികമാണ് എന്നാണല്ലോ ചുരുക്കം.

1. ഇസ്‌ലാമില്‍ വൈവാഹികരംഗത്ത് പാലിക്കപ്പെടണ് എന്നാഗ്രഹിക്കുന്നത് തുല്യതയല്ല സന്തുലിത്വമാണ്. കാരണം തുല്യത എന്നത് ധാര്‍മികമൂല്യങ്ങളില്‍ വരുന്നില്ല.(പുര്‍ണമായ തുല്ല്യത സംഭവ്യമല്ല. ഒരു ബൈക്കിന്റെ രണ്ടുചക്രങ്ങള്‍ മുന്നിലും പിന്നുമായി വെക്കുക എന്നത് ബൈക്കിന്റെ സന്തുലിതത്വത്തിന് ആവശ്യമാണ്. തുല്യത അവിടെ രണ്ടും ഒരിടത്ത് വെക്കുക എന്നതാണ്. അപ്പോഴും ഇടുതും വലതും ഉണ്ടാകും.) നീതിയാണ് ധാര്‍മികമൂല്യം. നീതി നിഷേധിക്കപ്പെടുന്നത് അധാര്‍മികമാണ്. സ്ത്രീ സ്ത്രീയുടെ ധര്‍മവും പുരുഷന്‍ പുരുഷന്റെ ധര്‍മവും നിര്‍വഹിക്കുന്നതിലൂടെ ഉത്തമമായ ഒരു കുടുംബമാണ് ഇസ്‌ലാം വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത്.

2. സ്വന്തം ജീവിതവഴിതെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് ഹാനിസംഭവിക്കുന്നു എന്നതാണ് അടുത്ത പ്രശ്‌നം. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് പരിധിനിശ്ചയിക്കപ്പെട്ട വ്യക്തിസ്വതന്ത്ര്യം (എനിക്ക് കൈവീശാനുള്ള വ്യക്തിസ്വാതന്ത്ര്യം അടുത്ത് നില്‍ക്കുന്നവന്റെ മുക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്നാണല്ലോ വസ്തുത). ഇവിടെ രണ്ടാമത്തെ ഭാര്യയാകുന്നതിലൂടെ ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ് അവസാനിക്കുന്നത്. ആദ്യഭാര്യയുടെയോ അതല്ല പിന്നീട് വരുന്നവളുടെയോ. അത് വ്യക്തമാകേണ്ടതുണ്ട്. രണ്ടും ഇല്ല എന്നാണ് ഇസ്്‌ലാം പറയുന്നത്.

3. അഭിമാനബോധം നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊന്ന്. ആരുടെ. ഒരു സ്ത്രീക്ക് തനിക്ക് അഭിമാനബോധം നഷ്ടപ്പെടും എന്ന് തോന്നുന്നെങ്കില്‍ അത്തരം വിവാഹത്തിന് സമ്മതിക്കേണ്ടതില്ല. ഇനി ആദ്യസ്ത്രീക്കാണെങ്കില്‍ വിവാഹത്തിന് മുമ്പ് അത്തരം ഒരു നിബന്ധന (ഞാന്‍ നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാവതല്ല...) വെക്കാവുന്നതാണ്.

പിന്നെ ഈ അഭിമാനം സാഹചര്യത്തിന്റെ സൃഷ്ടികൂടിയാണ് എന്നുകൂടി എനിക്ക് തോന്നുന്നു. കാരണം ബഹുഭാര്യത്വം അഭിമാനമായികാണുന്ന ഭാര്യമാരും ഭര്‍ത്താക്കന്‍മാരായുള്ള നിരവധി സമൂഹങ്ങള്‍ ലോകത്തുണ്ട്.

പള്ളിക്കുളം.. പറഞ്ഞു...

ഇസ്ലാം തത്വത്തിൽ ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്. ‘ ഏക ഭാര്യാത്വത്തിലേക്കുതന്നെയാണ് അത് തിരിഞ്ഞു നിൽക്കുന്നത്. ഇസ്ലാം എപ്പോഴെങ്കിലും ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിച്ചതായി കാണുന്നുണ്ടെങ്കിൽ അത് ധാർമ്മികതയുടെ സംസ്ഥാപനാർഥമാണ്. നിരവധി സ്ത്രീകൾ വിധവകളാക്കപ്പെട്ട ഒരു അവസ്ഥയിൽ ഇസ്ലാം ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മറ്റ് അവസ്ഥകളിലൊക്കെ ‘ഒന്നിൽ കൂടുതൽ ഭാര്യമാർ നിങ്ങൾക്ക് പാടില്ല’ എന്ന കർശന നിലപാട് ഇസ്ലാമിനില്ല എന്നേയുള്ളൂ. പാടേ നിരോധിക്കാനുള്ള പാപമൊന്നും ‘ബഹുഭാര്യാത്വം’ ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരാൾ ഒരു വിവാഹമെങ്കിലും കഴിക്കുന്നതാണ് ഉത്തമമെങ്കിലും വിവാഹം കഴിക്കാതെയും മുസ്ലിമായി ജീവിക്കാനാവും. മുസ്ലിമായി ജീവിക്കാൻ മൂന്നും നാലും കെട്ടണമെന്ന വാശി മുസ്ലിങ്ങൾക്കില്ല.

കൂട്ടത്തിൽ പറയട്ടെ, മുസ്ലിങ്ങൾ മൂന്നും നാലും കെട്ടുന്നു എന്ന ആരോപണം ഓർമവെച്ച കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ്. അന്നു മുതൽ ഇന്നുവരെ നാലു കെട്ടിയ ഒരാളെയും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ചില സമയങ്ങളിൽ തിരക്കി നടന്നിട്ടുണ്ട്. കണ്ടുകിട്ടിയിട്ടില്ല. ഇത്രയും അപൂർവ ജനുസ്സിൽ പെട്ട ജീവികളുടെ പേരിൽ മുസ്ലീങ്ങൾ ഇത്ര പഴികേൾക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടു കെട്ടിയവർതന്നെ വളരെ അപൂർവമാണെന്നാണ് എന്റെ പക്ഷം. ചുറ്റുപാടുമുള്ള ജനസമൂഹങ്ങൾ മോശമായി കരുതുന്ന ഒരു കാര്യത്തെ പ്രോത്സാഹിപ്പിച്ചെടുത്ത് ‘മതം നിലനിർത്തുവാൻ‘ മുസ്ലിങ്ങൾ ശ്രമിക്കാത്തതിന്റെ ഫലമാണിത്. പക്ഷേ ഇസ്ലാമിക നിയമങ്ങൾ ഏതെങ്കിലും ഒരു കാലത്തേക്കോ, ഏതെങ്കിലും ഒരു സമൂഹത്തിലേക്കോ മാത്രമുള്ളതല്ലാത്തതുകൊണ്ട് വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ജനങ്ങളോട് ഇത് ഇസ്ലാമിന്റെ ന്യൂനതയല്ല എന്ന് പ്രഖ്യാപിക്കുക മാത്രമാണ് മുസ്ലിങ്ങൾ ചെയ്യുന്നത്. അല്ലാതെ നാലും കെട്ടി നാടുനീളെ നടക്കുമെന്നല്ല.

1975-ലെ സെൻസസ് അനുസരിച്ച് ബഹുഭാര്യാത്വ ശതമാനക്കണക്കിൽ മുസ്ലിങ്ങളേക്കാൾ മുന്നിൽ ഉണ്ടായിരുന്നത് ഹിന്ദുക്കൾ ആയിരുന്നു. പക്ഷേ അന്നും പഴികേട്ടിരുന്നത് മുസ്ലിങ്ങൾ തന്നെയായിരുന്നു.

അപ്പൂട്ടൻ പറഞ്ഞു...

@CKLatheef

ലതീഫ്‌,
ഇസ്ലാം നിർദ്ദേശിക്കുന്ന ബഹുഭാര്യാത്വം ഒരു ന്യൂനപക്ഷമല്ല ഇന്ന് അംഗീകരിക്കാതിരിക്കുന്നത്‌ എന്നത്‌ താങ്കൾക്കും അറിയാവുന്നതാണെന്ന് കരുതട്ടെ. അപ്പോൾ ഒരു ന്യൂനപക്ഷം നൽകുന്ന അർത്ഥമല്ലത്‌. ഏത്‌ കോളത്തിൽ ഇടണമെന്നത്‌ താങ്കളുടെ ഇഷ്ടം. താങ്കൾ ധാർമ്മികതയെക്കുറിച്ച്‌ ചിന്തിക്കുന്നതുതന്നെ ഇസ്ലാമിന്റെ കാഴ്ചപ്പാടിലൂടെയായതിനാൽ (കുറ്റമായിട്ട്‌ പറയുന്നതല്ല) ഞാനിതെഴുതിയതുകൊണ്ട്‌ താങ്കളുടെ നിലപാട്‌ മാറുമെന്ന് ഞാൻ കരുതുന്നില്ല.

ധാരണയില്ലായ്മ എന്നത്‌ താങ്കൾ ഇടയ്ക്കിടെ ഉപയോഗിക്കാറുള്ളതാണ്‌, അതൊഴിവാക്കിയാൽ നന്നായിരുന്നു.

ഇനി, അക്കമിട്ടെഴുതിയ കാര്യങ്ങളിലേക്ക്‌.

1. തുല്യത നിലനിൽക്കാത്തിടത്തൊക്കെ സന്തുലിതാവസ്ഥയ്ക്കും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ചില അസന്തുലിതാവസ്ഥകൾ ജനശ്രദ്ധയിലേക്ക്‌ ഉയർന്നുവരാൻ സമയമെടുക്കുമെന്നുമാത്രം. ജാതിവിവേചനവും മറ്റും തുല്യതയ്ക്കെതിരായി നിന്നവയായിരുന്നു. ഫ്യൂഡലിസം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വശം അത്ര പ്രസക്തമായിരുന്നില്ല, പക്ഷെ ഇന്ന് സാമൂഹികവ്യവസ്ഥകൾ മാറി വരികയാണ്‌, അതുകൊണ്ടുതന്നെ ഇന്ന് ജാതിവേർതിരിവുകൾ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടമുണ്ടാക്കുന്നവയാണെന്ന് നാം തിരിച്ചറിയുന്നുണ്ട്‌. ഫെമിനിസം പോലുള്ള ആശയങ്ങളും വന്നത്‌ ഈ തുല്യതയില്ലായ്മയ്ക്കെതിരെ പ്രതിഷേധമായിട്ടു തന്നെയാണ്‌.

ഒരു വിഭാഗത്തിനു മാത്രമായി undue privilege ഉള്ള അവസ്ഥ തുല്യത ഇല്ലാതാക്കും. ഇവിടെ, നിയമപ്രകാരം, പുരുഷന്‌ തന്റെ ഇഷ്ടപ്രകാരം, ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാം. സ്ത്രീയ്ക്കാണെങ്കിൽ പലരിലൊന്നായി ജീവിയ്ക്കാനേ സാധിക്കൂ. ഈ അവസ്ഥ തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. (ഇതിനർത്ഥം ബഹുഭർത്തൃത്വം ആണ്‌ പരിഹാരം എന്നല്ല)

സ്ത്രീയുടെ ധർമ്മം എന്നതൊക്കെ പഴയ ഫ്യൂഡൽ ചിന്താഗതിയിൽ വീട്ടിനകത്ത്‌ തളച്ചിടാനുള്ള ഒരു പഴുത്‌ മാത്രമാണ്‌ ഇന്ന് പലർക്കും. സ്ത്രീകളെ ജോലിക്കയക്കാത്തതുപോലും ഇന്ന് ഈ കാരണം പറഞ്ഞാണ്‌. പുരുഷനു മാത്രമായി തന്റെ ലോകവും സ്ത്രീയ്ക്ക്‌ വീടിനകവും.... വെറും രണ്ടാംകിട പൗരന്മാരാകാൻ. സ്വന്തമായ ആശയോ അഭിലാഷമോ വെച്ചുപുലർത്താൻ പോലും അനുവദിക്കാതെയുള്ള ഒരു സാമൂഹികക്രമം.

ദൈവവും അതിനു കൂട്ടുനിൽക്കുന്നുവോ? കുറഞ്ഞപക്ഷം, വിശാലലോകത്തെക്കുറിച്ച്‌ ചിന്തിക്കാൻ സാധ്യതയുള്ള എത്രയോ സ്ത്രീകൾ ഈ ഭൂമിയിൽ ജീവിയ്ക്കും എന്നറിയാവുന്ന ദൈവം അവരെ ഒതുക്കാനുതകുന്ന രീതിയിൽ എന്തിന്‌ ഒരു നിയമമുണ്ടാക്കി?

ഇനി, ബഹുഭാര്യത്വം എന്ത്‌ സന്തുലിതത്വമാണ്‌ നൽകുന്നതെന്ന് എനിക്ക്‌ മനസിലായില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മം നിർവ്വഹിക്കേണ്ടവളാണെങ്കിൽത്തന്നെ ബഹുഭാര്യത്വം എന്തിന്‌? അതിനുത്തരം വന്നില്ല. ഒരു ഭാര്യ നൽകാത്ത എന്ത്‌ സന്തുലിതത്വമാണ്‌ പല ഭാര്യമാർ ചേർന്ന് നൽകുന്നത്‌, പുരുഷന്റെ സ്വാർത്ഥതാൽപര്യങ്ങളല്ലാതെ?

അപ്പൂട്ടൻ പറഞ്ഞു...

@CKLatheef

2. വ്യക്തിസ്വാതന്ത്ര്യം എന്നത്‌ മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല. അതിനാൽ കൈവീശുന്നത്‌ മറ്റൊരാളുടെ മൂക്കുവരെ എന്നത്‌ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല.

പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ജീവിതത്തിലെ കാര്യങ്ങൾ മറ്റൊരാൾ നിർബന്ധപൂർവ്വം തീരുമാനിക്കുന്ന, നടത്തിക്കുന്ന ഒരവസ്ഥ പ്രസ്തുതവ്യക്തിയുടെ സ്വാതന്ത്ര്യലംഘനമാണ്‌. എന്നെ മാത്രം ബാധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ ഞാനല്ലെന്ന് വരുന്ന അവസ്ഥ എനിക്കുതന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്‌.
(നമ്മുടെ സാമൂഹിക സെറ്റപ്‌ മൂലം "എന്നെ മാത്രം ബാധിക്കുന്ന കാര്യം" എന്നത്‌ പൂർണ്ണമായും ശരിയാവില്ല. വർഷങ്ങൾക്കുമുൻപ്‌ ഞാൻ എന്റെ ജോലി രാജിവെച്ചപ്പോൾ എന്റെ അമ്മയോട്‌ അതേപറ്റി പലരും ചോദിച്ചിരുന്നു, അത്‌ അമ്മയ്ക്ക്‌ കുറച്ചധികം വിഷമമുണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ അത്തരം indirect സംഭവങ്ങൾക്കപ്പുറം അത്‌ എന്റെ ജീവിതത്തെ മാത്രം ബാധിക്കുന്നതാണ്‌, ഞാൻ പറഞ്ഞുവന്നതും അത്തരം കാര്യമാണ്‌)

ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഒരു കരിയർ കെട്ടിപ്പെടുക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അല്ലെങ്കിൽ അക്കാഡമിക്സിലോ റിസർച്ചിലോ താൽപര്യമുണ്ടെന്നിരിക്കട്ടെ. പുരുഷന്‌ അതൊരു ബുദ്ധിമുട്ടല്ല, പക്ഷെ വിവാഹം കഴിയുമ്പോൾ സ്ത്രീയ്ക്ക്‌ അതെത്ര സാധ്യമാകും എന്ന് ആലോചിക്കാവുന്നതേയുള്ളു, പ്രത്യേകിച്ചും താങ്കൾ പറഞ്ഞ സ്ത്രീധർമ്മം കൂടി പരിഗണനയിൽ വന്നാൽ.

ബഹുഭാര്യാത്വത്തിൽ ഇത്‌ സാധാരണയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. മൂന്നുപേർ അടങ്ങിയൊതുങ്ങി കഴിയുമ്പോൾ ഒരാൾക്ക്‌ ഇത്തരം ആവശ്യങ്ങളുണ്ടെന്ന് വന്നാൽ പ്രശ്നങ്ങൾ എത്രമാത്രം രൂക്ഷമായിരിക്കും എന്നത്‌ ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.

That's from the practical side. തത്വത്തിൽ തന്നെ, ഒരു പുരുഷന്റെ കീഴിൽ കഴിയുന്ന "പലരിൽ ഒന്ന്" എന്നത്‌ സ്ത്രീയ്ക്ക്‌ എന്ത്‌ സന്ദേശമാണ്‌ നൽകുന്നത്‌? തന്റെ മോഹങ്ങൾക്ക്‌ എന്ത്‌ വിലയുണ്ടാകും എന്ന് ഒരു സ്ത്രീയ്ക്ക്‌ മനസിലാക്കാവുന്നതേയുള്ളു. നാലുപേരിലൊരാൾ എന്നതിലൂടെ സ്വന്തം പാരതന്ത്ര്യം അവളുടെ മനസിൽ എത്രമാത്രം പതിയും എന്നത്‌ മനസിലാക്കാവുന്നതാണ്‌.

ഇതൊന്നും സംഭവിക്കില്ല എന്ന് ലതീഫ്‌ പറയുമോ എന്നെനിക്കറിയില്ല. വർഷങ്ങളായുള്ള അടിച്ചമർത്തലിൽ പല സമൂഹങ്ങളിലും സ്ത്രീഭൂരിപക്ഷം ഇന്നും ഇതൊന്നും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവണമെന്നില്ല. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതിനോട്‌ സമരസപ്പെടുകയല്ലാതെ വേറെ വഴിയുണ്ടായിക്കൊള്ളണമെന്നുമില്ല.

പക്ഷെ അതാണ്‌ മനുഷ്യകുലത്തിന്‌ ആകമാനമുള്ള നിയമം എന്നുവരുകിൽ അത്‌ തെറ്റാണ്‌, കാരണം ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ഏതൊരാൾക്കും ലഭ്യമാകണമെന്നാണ്‌ എന്റെ അഭിപ്രായം, അതിന്‌ ജാതി/മത/ലിംഗഭേദമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാവുന്നതല്ല.

അപ്പൂട്ടൻ പറഞ്ഞു...

@CKLatheef

3. അഭിമാനം എന്നത്‌ പല തലത്തിലുണ്ടാവാം. ഇന്ത്യാക്കാരനാണെന്നതിൽ, കേരളീയനാണെന്നതിൽ, ഏതെങ്കിലും സംഘടനയുടെ/പാർട്ടിയിലെ അംഗമാണെന്നതിൽ, ഇന്നയാളുടെ മകനാണെന്നതിൽ, ഇന്നയാളുടെ ഭാര്യയാണെന്നതിൽ അങ്ങിനെ എന്തിലും ഒരു വ്യക്തിയ്ക്ക്‌ അഭിമാനം തോന്നാം. പക്ഷെ അവിടെയെല്ലാം എന്തിലേക്കെങ്കിലും അറ്റാച്‌ഡ്‌ ആയിട്ടാണ്‌ അഭിമാനം.

ഇതിലുമധികം ആരും വിലമതിക്കുന്നത്‌ സ്വാഭിമാനം തന്നെയാണ്‌. ഞാൻ പ്രയോഗിച്ച പദം വ്യക്ത്യാഭിമാനം എന്നാണ്‌, personal pride. അത്‌ സ്വന്തം കഴിവുകളുടെ, വ്യക്തിത്വത്തിന്റെ ഒക്കെ പ്രതിഫലനമാണ്‌. താൻ ആരേക്കാളും താഴെയല്ല എന്ന അറിവ്‌/വിശ്വാസം ആണ്‌ ഈ സ്വാഭിമാനത്തിന്‌ ആധാരമാകുക, സാധാരണയായി. അതുകൊണ്ടുതന്നെയാണ്‌ സ്വാഭിമാനത്തിന്‌ മുറിവേൽക്കുന്നത്‌ ആർക്കും സഹിക്കാനാവാത്തതും.

വ്യക്തിപരമായ അവഹേളനങ്ങളോ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായ പ്രവർത്തിക്ക്‌ നിർബന്ധിതനാവുന്ന അവസ്ഥയോ ഒക്കെ വ്യക്ത്യാഭിമാനത്തിന്‌ ഏൽക്കുന്ന ക്ഷതമാണ്‌. (ഭർത്താവിനാലാണെങ്കിൽപ്പോലും ലൈംഗികവേഴ്ചയ്ക്ക്‌ നിർബന്ധിതയാകുന്ന ഒരു സ്ത്രീ അനുഭവിക്കുന്നതും ഇതേ വ്യക്ത്യാഭിമാനക്ഷതം തന്നെയാണ്‌) തന്റെ വ്യക്തിത്വം മറ്റൊരാൾ അംഗീകരിക്കാതിരിക്കുന്ന അവസ്ഥയും വലിയൊരു മുറിവ്‌ തന്നെയാണ്‌ വ്യക്ത്യാഭിമാനത്തിനുണ്ടാക്കുക. ഇതിൽ തനിക്കൊന്നും തന്നെ ചെയ്യാനാവില്ലെന്ന അവസ്ഥ വന്നാൽ ആ വ്യക്തിയുടെ സ്വാഭിമാനത്തിനുണ്ടാകുന്ന മുറിവ്‌ എത്ര വലുതായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളു.

നാലുപേരിൽ ഒരാൾ എന്ന അവസ്ഥയിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ അവരുടെ ഭർത്താവ്‌ തന്നെ എങ്ങിനെ നോക്കിക്കാണുന്നു എന്നാണ്‌ അവർ മനസിലാക്കുക? അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്റെ പ്രാധാന്യം എന്താണെന്നാണ്‌ അവർ മനസിലാക്കുക? നാലുഭാര്യമാരിൽ ഒരാൾ എന്നതിനപ്പുറം തന്റെ വ്യക്തിത്വത്തേയോ സവിശേഷതകളേയോ തന്റെ ഭർത്താവ്‌ അംഗീകരിക്കും എന്ന് അവർക്ക്‌ എത്രമാത്രം പ്രതീക്ഷിക്കാനാവും? നാലുപേരുള്ള അവസ്ഥയിൽ ഭർത്താവിന്റെ ഗുഡ്‌ബുക്കിൽ വരേണ്ടതിന്റെ ആവശ്യം സാധാരണയിലും അധികമായിരിക്കും എന്നിരിക്കെ അവഗണനയ്ക്കുള്ള സാധ്യത അവർക്ക്‌ അത്രയെളുപ്പം തള്ളിക്കളയാനാവുമോ, പ്രായമേറുംതോറും പ്രത്യേകിച്ചും?

ഇത്‌ അഭിമാനമായി കാണുന്ന കുടുംബങ്ങളുണ്ടാവാം. ഇവിടങ്ങളിൽ സ്ത്രീകൾക്ക്‌ അതല്ലാതെ എന്ത്‌ ഓപ്‌ഷൻ ഉണ്ട്‌ എന്നുകൂടി പറയൂ.
സ്വന്തം വിധേയത്വം ഭൂഷണമായി കരുതുന്ന എത്രയോ ജനങ്ങളുണ്ട്‌ ലോകത്ത്‌, പക്ഷെ അതൊരു ജനറലൈസേഷന്‌ ഉപയോഗിക്കാൻ കഴിയില്ല. കാര്യം ഇങ്ങിനെയിരിക്കെ, നേരത്തെ പറഞ്ഞതുപോലെ, ചിലർ അഭിമാനിക്കുന്നുണ്ടെന്നതിനാൽ അതൊരു നയമാക്കാൻ സാധിക്കില്ലല്ലൊ. നിയമങ്ങൾ ഉണ്ടാകേണ്ടത്‌ ഏതുതരം ജനത്തിനും ഉപകാരപ്രദമായിട്ടായിരിക്കണം.

ഒരു male dominated സമൂഹത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീയുടെ അവസ്ഥ എന്തായിരിക്കുമെന്ന് എന്നേപ്പോലെ തന്നെ ലതീഫിനും അറിയാവുന്നതല്ലെ. മുൻപ്‌ വിവാഹിതനായ ഒരാളുടെ ഭാര്യയായി കഴിയാൻ താൽപര്യമില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാലുടനെ അവളുടെ ബന്ധുക്കൾ സമ്മതിച്ച എത്ര കേസുകൾ കാണാം?

അപ്പൂട്ടൻ പറഞ്ഞു...

@പള്ളിക്കുളം..

പള്ളിക്കുളം (ലതീഫിനും)

ഇന്ന് സമൂഹം ഒരുപാട്‌ മാറിയിട്ടുണ്ട്‌, കേരളത്തിൽ പ്രത്യേകിച്ചും. ബഹുഭാര്യാത്വത്തിൽ താൽപര്യമില്ലാത്ത ഒട്ടനവധി ആളുകൾ ഉണ്ട്‌. ഇവിടെ ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്താനല്ല ഞാൻ കമന്റിട്ടത്‌. ബഹുഭാര്യത്വത്തിൽ എന്താണ്‌ തെറ്റ്‌ എന്ന് ലതീഫ്‌ ചോദിച്ചപ്പോൾ ഞാൻ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. ഇതേ കാര്യങ്ങൾ ഒരു ഭാര്യ മാത്രമേയുള്ളുവെങ്കിലും സാധ്യമാണ്‌. ഭാര്യ വീട്ടിൽ അടങ്ങിയൊതുങ്ങി തന്റെയിഷ്ടത്തിനനുസരിച്ച്‌ ജീവിക്കണം എന്ന് ശഠിക്കുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്‌. ഭർത്താവിന്റെ പെരുമാറ്റം/മനോഭാവം അനുസരിച്ചിരിക്കും അത്‌, പ്രവർത്തിതലത്തിൽ വരുന്ന ഒരു പ്രശ്നമാണത്‌. ബഹുഭാര്യത്വത്തിൽ അത്‌ തത്വത്തിൽ തന്നെയുണ്ട്‌ എന്നേയുള്ളു, പ്രത്യേകിച്ചും ഞാൻ ആദ്യം പറഞ്ഞ തുല്യതയുടെ പ്രശ്നം.

ഒന്നിലേറെ ഭാര്യമാർ ഒരേ സമയം ഉള്ള ഭർത്താക്കന്മാർ ഇന്ന് ഹിന്ദുക്കളിൽ വിരളമായിരിക്കും, കുറഞ്ഞപക്ഷം നിയമമെങ്കിലും അത്‌ വിലക്കുന്നുണ്ട്‌. ആ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുൻപ്‌ ഒരുപാടുപേർ ഒന്നിലധികം വിവാഹം കഴിച്ചിരിക്കാം. ഇന്നത്തെ സാമൂഹികക്രമത്തിൽ വിദ്യാഭ്യാസമുള്ളവർ അതിന്‌ ഒരുമ്പെടാറില്ല എന്നതുതന്നെ സാധാരണ മനുഷ്യന്‌ ബഹുഭാര്യാത്വത്തോടുള്ള എതിർപ്പ്‌ കാണിക്കുന്നു.

അങ്ങിനെയിരിക്കെ എന്തിനതിനെ ന്യായീകരിക്കണം? എനിക്കത്‌ ബാധകമല്ല അല്ലെങ്കിൽ ഞാനതിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതല്ലേ നല്ലത്‌? അന്നത്തെ സാമൂഹികക്രമത്തിനനുസരിച്ചുള്ള ഒരു നിയമം മാത്രമാണതെന്ന് അംഗീകരിക്കുന്നതല്ലേ സത്യസന്ധമായ പ്രതികരണം?

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍
ഇസ്‌ലാമിലെ വൈവാഹികനിയമങ്ങളെ നിലവിലെ സാഹചര്യങ്ങളില്‍ അടര്‍ത്തിവെച്ച് വായിക്കുന്നത് കൊണ്ടുണ്ടാകുന്ന ചില അസ്വഭാവികതകളും തെറ്റായ ചില ആശങ്കകളും (ധാരണയില്ലായ്മ എന്ന വാക്ക് ഉപേക്ഷിക്കുന്നു) പങ്ക് വെക്കുന്നതാണ് താങ്കളുടെ സുദീര്‍ഘമായ കമന്റ്.

ബഹുഭാര്യത്വം എന്നാല്‍ ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു പുരുഷന്റെ നാല് ഇണകളിലൊരാളാവുക എന്ന ഒരു തെറ്റായ പരികല്‍പനയില്‍നിന്ന് മാത്രമാണ് താങ്കള്‍ വിശകലനം ചെയ്യുന്നത്. (താങ്കളതിന്റെ മാക്‌സിമം കണ്ടതാകാം). ഒരു കുടുംബസംവിധാനത്തിന്റെ സന്തുലനം സാധ്യമാകുന്നതിന് ബഹുഭാര്യത്വം ആവശ്യമാകുമ്പോള്‍ മാത്രമേ നിയമദൃഷ്ട്യാ ബഹുഭാര്യത്വം സാധൂകരിക്കപ്പെടു. സ്ത്രീയുടെ ധര്‍മം പഴയ ഫ്യൂഡല്‍ ചിന്താഗതിയാണെന്ന വാദവും ഇസ്‌ലാമിക പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അപ്രസക്തമാണ്. അത്തരം വാദങ്ങള്‍ വെച്ച് ആരെങ്കിലും അവളെ ചൂഷണം ചെയ്‌തോ എന്ന് നോക്കിയല്ല ഇസ്്‌ലാമിക വ്യാവസ്ഥ സംസാരിക്കുന്നത്. പുരുഷന്റെ ധര്‍മങ്ങള്‍ കൂടി ഇസ്ലാം വ്യക്തമാക്കുന്നുണ്ട്.

ചുരുക്കത്തില്‍ ഇത് താങ്കളുടെ കമന്റിനുള്ള ഖണ്ഡനമല്ല. എന്റെ കമന്റ് തെറ്റായി മനസ്സിലാക്കപ്പെട്ടു എന്ന് തോന്നിയിടത്ത് എന്റെ വിശദീകരണം മാത്രം. ഈ വിഷയത്തില്‍ ഇത്തരമൊരു ചിന്തക്ക് സമയം കണ്ട അപ്പൂട്ടനെ അഭിനന്ദിക്കുന്നു. എന്നില്‍ നിന്ന് വ്യത്യസ്ഥമായ അഭിപ്രായം എന്ന നിലക്ക് ആളുകളുടെ ചിന്തക്ക് സന്തോഷപൂര്‍വം അതിവിടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍
>>> ഇത്‌ അഭിമാനമായി കാണുന്ന കുടുംബങ്ങളുണ്ടാവാം. ഇവിടങ്ങളിൽ സ്ത്രീകൾക്ക്‌ അതല്ലാതെ എന്ത്‌ ഓപ്‌ഷൻ ഉണ്ട്‌ എന്നുകൂടി പറയൂ. <<<

അപ്പൂട്ടന്‍... ഇവിടെ നടക്കുന്നത് ഇസ്‌ലാമിലെ ബഹുഭാര്യത്വം എന്ന വിഷയമല്ല. ആ ഭാഗം സൗകര്യപ്പെടുമെങ്കില്‍ ഒന്നുവായിക്കുന്നത് നന്നായിരിക്കും. ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യര്‍ക്കാകമാനമുള്ളതാണ് എന്ന് പറയുമ്പോള്‍ അപ്പൂട്ടനും രാജനും തോമസും ഇത് പോലുള്ള നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നാണ് പറയുന്നതെന്ന് ധരിക്കരുത്. ഇസ്‌ലാം മനുഷ്യന് ദൈവത്താന്‍ നല്‍കപ്പെട്ട സമഗ്രജീവിത ദര്‍ശനമാണ്. അത് ആ നിലക്ക് കണ്ട് പൂര്‍ണമായി അംഗീകരിക്കുമ്പോള്‍ താങ്കള്‍ ഇവിടെ സൂചിപ്പിച്ച ഒരു ആശങ്കക്കും വകയുണ്ടാകില്ല.മനുഷ്യകുലത്തിനാകമാനമുള്ള നിയമം ഏതെങ്കിലും വ്യക്തിക്ക് തോന്നുന്നതാകുന്നതോ ലോകജനതയെ മുന്നില്‍ കണ്ട് വിശാലമായ കാഴ്ചപ്പാടോടുകൂടിയാകുന്നതോ കൂടുതല്‍ നല്ലത് എന്നത് ചര്‍ചപോലും ആവശ്യമില്ലാതെ ബോധ്യമാകുന്നതല്ലേ.
ഇസ്ലാമില്‍ ബഹുഭാര്യത്വത്തിനുള്ളത് അനുവാദമാണ് കല്‍പനയല്ല. അതിനാല്‍ ആരെങ്കിലും അത് സ്വീകരിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസമുണ്ടാകുമ്പോള്‍ ബഹുഭാര്യത്വം പ്രസക്തമല്ല എന്ന വാദത്തിന് നിലനില്‍പ്പില്ല. ചുരുക്കത്തില്‍ ഭാഗികമായെങ്കിലും ബഹുഭാര്യത്വം ഇവിടെ ചര്‍ചചെയ്തത്. ബഹുഭാര്യത്വം ധാര്‍മികതയുടെ നിഷേധമാണ് എന്ന ഒരു ധ്വനി ബ്ലോഗ് ചര്‍ചയില്‍ പരക്കെ പൊന്തിവന്നതുകൊണ്ടാണ്. ഈ വിഷയം (ബഹുഭാര്യത്വം) കൂടുതല്‍ നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ധാര്‍മികതയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളുണ്ടെങ്കില്‍ ചര്‍ചയാകാം.

പള്ളിക്കുളം.. പറഞ്ഞു...

>>സ്ത്രീകളെ ജോലിക്കയക്കാത്തതുപോലും ഇന്ന് ഈ കാരണം പറഞ്ഞാണ്‌. പുരുഷനു മാത്രമായി തന്റെ ലോകവും സ്ത്രീയ്ക്ക്‌ വീടിനകവും.... വെറും രണ്ടാംകിട പൗരന്മാരാകാൻ. സ്വന്തമായ ആശയോ അഭിലാഷമോ വെച്ചുപുലർത്താൻ പോലും അനുവദിക്കാതെയുള്ള ഒരു സാമൂഹികക്രമം.

ദൈവവും അതിനു കൂട്ടുനിൽക്കുന്നുവോ? കുറഞ്ഞപക്ഷം, വിശാലലോകത്തെക്കുറിച്ച്‌ ചിന്തിക്കാൻ സാധ്യതയുള്ള എത്രയോ സ്ത്രീകൾ ഈ ഭൂമിയിൽ ജീവിയ്ക്കും എന്നറിയാവുന്ന ദൈവം അവരെ ഒതുക്കാനുതകുന്ന രീതിയിൽ എന്തിന്‌ ഒരു നിയമമുണ്ടാക്കി?<<<

ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം സ്ത്രീകളെ ഒതുക്കാൻ ഒരു നിയമവും ഉണ്ടാക്കിയിട്ടില്ല. സ്ത്രീക്ക് പ്രകൃത്യാ തന്നെ ചില നിയോഗങ്ങളുണ്ട്. അതിനെ പരിഗണിക്കാതെ വിദ്യാഭ്യാസവും ജോലിചെയ്യലും പണസമ്പാദനവും മാത്രമാണ് സ്ത്രീയുടെ ജീവിത ലക്ഷ്യം എന്ന് ഇസ്ലാം തെറ്റിദ്ധരിക്കുന്നില്ല. പുരുഷാധിപത്യ പ്രവണതകളെ പരമാവധി ഇടിച്ചുതാഴ്ത്തുകതന്നെയാണ് ഇസ്ലാം ചെയ്യുന്നത്. സ്ത്രീ സമ്പാദിക്കുന്നതൊക്കെ സ്ത്രീക്ക് വകവെച്ചു കൊടുക്കുന്നു ഇസ്ലാം. സാമ്പത്തികമായ ഈ സ്വാതന്ത്ര്യം സ്ത്രീയെ സ്വയം പര്യാപ്തയാക്കുന്നു. സ്ത്രീ ജോലിക്കുപോകാൻ പാടില്ലെന്നതൊക്കെ മിശ്രസംസ്കാരങ്ങളുടെ ഭാഗമായുണ്ടായ സങ്കല്പങ്ങളാണ്.

എല്ലാവിഭാഗങ്ങളിൽ നിന്നും ഒരുപാട് സ്ത്രീകൾ ജോലിക്കുപോകുന്നുണ്ട്. എന്നാൽ അവളുടെ എ.ടി. എം കാർഡ് ഭർത്താവിന്റെ പേഴ്സിലാണുള്ളത്. ഇതാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച പല കുലഗോത്രങ്ങളുടേയും സമകാലിക അവസ്ഥ. ഭാര്യയെ ജോലിക്കയച്ച് ഭർത്താവ് സമ്പാദിക്കുന്ന അവസ്ഥ ഇസ്ലാമിന് പരിചയമില്ലാത്തതാണ്. ഒരു സ്ത്രീക്ക് സാമ്പത്തികമായ സ്വാതന്ത്ര്യം അനുവദിച്ചാൽ അവളുടെ സ്വയം പര്യാപ്തത ഏതാണ്ട് പൂർണമായി എന്നുതന്നെ പറയാനാവും.

വസ്ത്രങ്ങൾ സ്വയം അലക്കുകയും വീടു വൃത്തിയാക്കുകയും വീട്ടുജോലികളിൽ ഭാര്യമാരെ സഹായിക്കുകയുമൊക്കെ ചെയ്ത ഒരു പ്രവാചകനെയാണ് ഇസ്ലാമിൽ കാണാനാവുക. മുഷിയുന്നതൊക്കെ ഭാര്യയുടെ മുന്നിലേക്ക് ഊരിയിട്ടുകൊടുത്തിട്ട് ഉമ്മറത്ത് ബീഡിയും വലിച്ചിരിക്കുന്ന ഭർത്താവ് ഇസ്ലാമിനെ സംബന്ധിച്ച് ഒരു അസംബന്ധ കാഴ്ചയാവണം. കുടുംബം എന്ന സ്ഥാപനത്തിന് ഇസ്ലാം വളരെയധികം പ്രാധാന്യം നൽകുന്നു. കുടുംബത്തെയും അതിലെ ബന്ധങ്ങളെയും പരിപോഷിപ്പിക്കുന്ന പങ്കാളിത്തമാണ് ഇണകളിൽ നിന്നും ഇസ്ലാം പ്രതീക്ഷിക്കുന്നത്. ധർമ്മത്തിന്റെ സംസ്ഥാപനം കുടുംബങ്ങളിൽ നിന്നും തുടങ്ങുന്നു. ഈ കുടുംബ സങ്കല്പത്തിൽ നിന്നുവേണം ഇസ്ലാമിന്റെ സ്ത്രീപക്ഷ വായനകൾ ഉണ്ടാവേണ്ടത്.

അപ്പൂട്ടൻ പറഞ്ഞു...

@CKLatheef

ഒരു കമന്റ്‌ കൂടി എഴുതി ഇവിടെ നിർത്തുന്നു.
താങ്കളുടെ പോസ്റ്റിലെ ഒരു ചോദ്യത്തിനാണ്‌ ഞാൻ ഉത്തരം പറഞ്ഞത്‌. ബഹുഭാര്യാത്വത്തിൽ അധാർമ്മികമായി എന്താണുള്ളത്‌ എന്ന ചോദ്യത്തിന്‌. ആദ്യം വളരെ ചുരുക്കിയെഴുതിയതും താങ്കളുടെ മറുപടിയനുസരിച്ച്‌ ആവശ്യമെങ്കിൽ വിസ്തരിച്ചെഴുതാം എന്ന ഉദ്ദേശ്യത്തിൽ തന്നെയാണ്‌. കഴിയുമെങ്കിൽ മറുപടി താങ്കളുടെ ബ്ലോഗിൽ തന്നെയിടാം എന്ന് കരുതി, ഞാൻ ഇത്‌ എന്റെ ബ്ലോഗിൽ പോസ്റ്റാക്കണോ എന്ന് ചിന്തിച്ചിരുന്നെങ്കിലും നല്ലൊരു നടപടിയാവില്ല എന്നുകരുതി പിന്നീട്‌ അത്‌ ഉപേക്ഷിക്കുകയായിരുന്നു.

ഇസ്ലാമികനിയമങ്ങൾ മനുഷ്യർക്കാകമാനമുള്ളതാണെന്ന് പറഞ്ഞാൽ അതിൽ അപ്പൂട്ടനും രാജനും തോമസുമെല്ലാം പെടും, ഇസ്ലാം വിശ്വാസം ഇഷ്ടപ്പെടുന്ന ലതീഫും ആഗ്രഹിക്കുക, ideally, എല്ലാവരും അത്‌ പാലിക്കാനല്ലേ? അത്‌ പൂർണ്ണരൂപത്തിൽ അംഗീകരിക്കാനാവാത്തതിനാൽ തന്നെയാണ്‌ ചോദ്യങ്ങൾ വരുന്നതും. അംഗീകരിക്കുന്നവർക്ക്‌ ഉത്തരങ്ങളുണ്ടായിരിക്കാം, അത്‌ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല.

ഇസ്ലാമിൽ ബഹുഭാര്യാത്വം എന്നത്‌ കൽപനയല്ലെന്നത്‌ എനിക്കും അറിയാവുന്ന കാര്യമാണ്‌, അതാണല്ലൊ ഇന്ന് പലരും അത്‌ ജീവിതത്തിൽ കൊണ്ടുനടക്കാത്തത്‌. പള്ളിക്കുളം പറഞ്ഞതുപോലെ ഒന്നിലധികം ഭാര്യമാർ ഉള്ളവരെ കണ്ടിട്ടില്ലെന്ന് എടുത്തുപറയുന്നത്‌ അദ്ദേഹത്തിനുതന്നെ അതിനോട്‌ വലിയ താൽപര്യമില്ലാത്തതിനാലല്ലേ?

ഈയൊരു അനുവാദം മുതലെടുക്കുന്ന എത്രയോ പേർ ലോകത്തുണ്ടായിട്ടുണ്ട്‌, ഇന്നും വിദ്യാഭ്യാസം കുറവായ സമൂഹങ്ങളിൽ പലരും മുതലെടുക്കുന്നുമുണ്ട്‌. ഞാൻ സംസാരിച്ചത്‌ സ്ത്രീകളുടെ ഭാഗത്തുനിന്നാണ്‌, അതിൽ ലതീഫിനും പരമാവധി എന്റെ അത്രതന്നെ അറിവേ ഉണ്ടാകൂ. ഒരു സധാരണ വ്യക്തിയ്ക്കുണ്ടാകുന്ന ചിന്തകളേ ഞാനിവിടെ പറഞ്ഞിട്ടുമുള്ളു. പുരുഷന്മാർക്ക്‌ തങ്ങളുടെ സൗകര്യത്തിന്‌ ഉപയോഗിക്കാവുന്ന ഒന്നായതിനാൽത്തന്നെ അതിലുൾപ്പെടുന്ന സ്ത്രീകൾക്ക്‌ എന്ത്‌ സംഭവിക്കുന്നു എന്നത്‌ ഇന്നത്തെ ധാർമ്മികമൂല്യങ്ങൾക്കനുസരിച്ച്‌ ഞാൻ പറഞ്ഞു. ഇവയൊന്നും ഏത്‌ തത്വശാസ്ത്രത്തിലും അപ്രസക്തമല്ലതാനും. തുല്യതയോ വ്യക്തിസ്വാതന്ത്ര്യമോ വ്യക്ത്യാഭിമാനമോ നിഷേധിക്കണമെന്ന് ഒരു തത്വശാസ്ത്രവും പറയുകയുമില്ല.

എനിക്ക്‌ സംസാരിക്കാനാവുന്നത്‌ ഇന്നത്തെ സാമൂഹികസാഹചര്യങ്ങൾക്കനുസരിച്ചാണ്‌, നാം സംസാരിക്കുന്നതിലേറെയും ഇന്നത്തെ സമൂഹത്തിൽ പ്രസ്തുതവിഷയം/നിയമം ആവശ്യമോ അല്ലയോ എന്നതുമാണ്‌. അതിനാൽ നിലവിലെ സാഹചര്യങ്ങളിൽ അടർത്തിയെടുത്ത്‌ വായിക്കുന്നത്‌ തെറ്റാണെന്ന് പറയുന്നത്‌ അംഗീകരിക്കാനും നിർവ്വാഹമില്ല. പ്രവാചകൻ ഒന്നിലേറെ വിവാഹം കഴിച്ചതുമാത്രമാണ്‌ താങ്കൾക്ക്‌ പരാമർശിക്കാനുള്ളതെങ്കിൽ എനിക്കതേക്കുറിച്ച്‌ പരാതിയില്ല, കാരണം അന്നത്തെ സാമൂഹികവ്യവസ്ഥയിൽ അത്‌ തെറ്റല്ലായിരുന്നു എന്ന് ആർക്കും മനസിലാക്കാവുന്നതാണ്‌.

That's all from my side.

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍

നിയമത്തിന്റെ കണ്ണിലൂടെ നാം പരിശോധിക്കുമ്പോൾ ആദ്യമായി മനസ്സിലാക്കേണ്ടത്‌ നിയമം സംസാരിക്കുന്നത്‌ നീതിയുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ എന്നതാണ്‌. നീതി നിലനിർത്തുകയാണ്‌ നിയമത്തിന്റെ ലക്ഷ്യം. നീതി ഇതിൽ എവിടെയാണെന്ന്‌ പരിശോധിക്കപ്പെടണം. എന്തിനുവേണ്ടിയാണ്‌ ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചിട്ടുള്ളത്‌? ആ കാര്യങ്ങളിൽ എന്താണ്‌ മാനവികത? എന്താണ്‌ പ്രകൃതിപരം? ഇതെല്ലാം നാം പരിശോധിക്കണം. അതില്ലാതെയുള്ള ഏകപക്ഷീയമായ വിലയിരുത്തലുകള് തീർച്ചയായും വൈകാരികമാണ്‌; ആ വൈകാരികതലത്തിനപ്പുറത്ത്‌ വിചാരപരമായി വിഷയത്തെ കാണാൻ നമുക്ക്‌ കഴിയണം.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവർക്ക്‌ നന്മതിന്മകളെക്കുറിച്ച കൃത്യമായൊരു കാഴ്ചപ്പാടുണ്ട്‌. സ്രഷ്ടാവായ തമ്പുരാൻ പ്രവാചകന്മാരിലൂടെ പഠിപ്പിച്ചതാണ്‌ നന്മയെന്നും പ്രവാചകന്മാരിലൂടെ വിരോധിച്ചതാണ്‌ തിന്മയെന്നുമുള്ള കാഴ്ചപ്പാട്‌. ഇതാണ്‌ മുസ്ലിമിന്റെ ജീവിത വീക്ഷണം. ധർമാധർമങ്ങൾ നിശ്ചയിക്കപ്പെടുന്നത്‌ വെളിപാടിന്റെ അടിസ്ഥാനത്തിലാണ്‌-സൃഷ്ടികർത്താവിന്റെ അടുക്കൽ നിന്ന്‌ പ്രവാചകൻമാരിലൂടെ മനുഷ്യർക്ക്‌ ലഭിച്ച വെളിപാടിന്റെ അടിസ്ഥാനത്തിൽ.

'ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യര്‍ക്കാകമാനമുള്ളതാണ് എന്ന് പറയുമ്പോള്‍ അപ്പൂട്ടനും രാജനും തോമസും ഇത് പോലുള്ള നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നാണ് പറയുന്നതെന്ന് ധരിക്കരുത്. ഇസ്‌ലാം മനുഷ്യന് ദൈവത്താന്‍ നല്‍കപ്പെട്ട സമഗ്രജീവിത ദര്‍ശനമാണ്. അത് ആ നിലക്ക് കണ്ട് പൂര്‍ണമായി അംഗീകരിക്കുമ്പോള്‍ താങ്കള്‍ ഇവിടെ സൂചിപ്പിച്ച ഒരു ആശങ്കക്കും വകയുണ്ടാകില്ല.'

എന്റെ മുകളില്‍ നല്‍കിയ വാചകങ്ങള്‍ തെറ്റായി മനസ്സിലാക്കപ്പെട്ടെന്ന് തോന്നുന്നു. മനുഷ്യന്റെ ധാര്‍മികത തീരുമാനിക്കാനുള്ള അവകാശം മനുഷ്യബുദ്ധിക്ക് തന്നെയാണ് എന്ന് കരുതുന്നവല്ല ജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തിലെ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞതിനര്‍ഥം.

എന്റെ മുകളില്‍ നല്‍കിയ വാചകങ്ങള്‍ തെറ്റായി മനസ്സിലാക്കപ്പെട്ടെന്ന് തോന്നുന്നു. മനുഷ്യന്റെ ധാര്‍മികത തീരുമാനിക്കാനുള്ള അവകാശം മനുഷ്യബുദ്ധിക്ക് തന്നെയാണ് എന്ന് കരുതുന്നവല്ല ജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തിലെ ഇസ്്‌ലാമിക നിയമങ്ങള്‍ പാലിക്കേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞതിനര്‍ഥം.

CKLatheef പറഞ്ഞു...

ബഹുഭാര്യത്വം ഏറെ തെറ്റിദ്ധരിക്കുയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെട്ട ഒന്നാണ്. അതേക്കുറിച്ചുള്ള ചര്‍ച വേറെത്തനെ നടക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമിലെ ധാര്‍മികതയുമായി ഏറ്റുമുട്ടുന്ന പ്രശ്‌നങ്ങളൊന്നും ബഹുഭാര്യത്വത്തിലില്ല എന്നാണ് ഞാന്‍ പറഞ്ഞുവന്നത്. ഇനി ആരുടെയെങ്കിലും സ്വയംകൃത ധാര്‍മകതക്കെതിരാണ് അതെങ്കില്‍ പ്രവാചകനോ മുസ്‌ലിംകളോ അത് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെങ്ങനെ എന്ന നൈതികമായ ചോദ്യവും ഉയര്‍ത്തപ്പെടണം എന്ന് ഞാനിതിലൂടെ ആഗ്രഹിച്ചു. അതിന്റെ പേരില്‍ ആരെങ്കിലും അക്ഷേപിക്കപ്പെടുന്നതാണ് ആക്ഷേപാര്‍ഹം. ബഹുഭാര്യത്വം ചൂഷണം ചെയ്യുന്നതും അത് അനിവാര്യസന്ദര്‍ഭത്തില്‍ ഉപയോഗപ്പെടുത്തുന്നതും രണ്ടായിതന്നെ കാണണം.

ഓരോ കാലത്ത് രൂപപ്പെടുത്തപ്പെടുന്ന സാമൂഹിക സാഹചര്യത്തിനനുസരിച്ച അങ്ങോട്ടുമിങ്ങോട്ടും ആടുന്നതല്ല ഇസ്‌ലാമിലെ ധാര്‍മികമൂല്യങ്ങളും സദാചാര നിയമങ്ങളും. അത് സ്ഥായിയാണ്. അതുകൊണ്ട് ആ നിയമം ധാര്‍മികമോ എന്ന ചര്‍ചതന്നെയാണ് ഞാന്‍ നടത്തിയത്. അല്ലാതെ പ്രവാചകന്‍ ചെയ്തത് തെറ്റോ ശരിയോ എന്നത് മാത്രമല്ല. ലോകവാസാനം വരെയുള്ള ഒരു സാഹചര്യത്തിലും പ്രത്യേകമായ നിബന്ധനകളോടെ ഒന്നിലധികം വിവാഹം കഴിക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ അതിന് അനുവാദം നല്‍കുന്നത് തെറ്റെന്ന് പറയാവുന്ന ബുദ്ധിപരമോ യുക്തിപരമോ ആയ ഒരു തെളിവും ആരും സമര്‍പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വൈകാരികതലത്തില്‍നിന്നുകൊണ്ടാണെങ്കിലും ശ്രദ്ധേയമായ ചില ഇടപെടലുകളാണ് അപ്പൂട്ടന്‍ ഈ വിഷയത്തില്‍ നടത്തിയത്. അത് ബുദ്ധിപൂര്‍വകമല്ല എന്ന് ഞാന്‍ പറയുന്നില്ല. മനുഷ്യബുദ്ധിയുടെ പരിമിതി അതില്‍ കാണാമെന്ന് മാത്രം. ബുദ്ധിയും ചിന്തയും കൊണ്ട് തങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് നിയമം നിര്‍മിക്കാനാവില്ല എന്നതിന്റെ തെളിവുകൂടിയാണത്. അതുകൊണ്ടുതന്നെയാണ് പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും മനനം ചെയ്യാനും അടിക്കടി ആവശ്യപ്പെട്ട ഖുര്‍ആന്‍ , മനുഷ്യന്റെ ധാര്‍മിക-സദാചാര-കുടുംബ-സാമൂഹ്യ-രാഷ്ട്രീയ നിയമങ്ങള്‍ വിശദമാക്കിയത്.

അതില്‍ കാലികവും സാഹചര്യപരവുമായ പരിഷ്‌കാരങ്ങള്‍ ധാര്‍മികമൂല്യങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് നടത്താതിരിക്കുന്നതും അവയെ റദ്ദ് ചെയ്യുന്നവിധം നിയമനിര്‍മാണം നടത്തുന്നതും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ചിന്തിക്കുന്നവര്‍ക്ക് മതിയായ പാഠം നല്‍കുന്നതാണ്.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക സ്വിറാത്ത് പാലവും യുക്തിവാദികളും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review