2010, മേയ് 31, തിങ്കളാഴ്‌ച

യുക്തിവാദികളുടെ ദൈവം ആര് ?

ഇവിടെ പറയാന്‍ പോകുന്നത് ദൈവമില്ല എന്ന് വാദിക്കുന്ന ദൈവനിഷേധികളോട് അല്ല നിങ്ങള്‍ക്ക് ദൈവമുണ്ട് എന്ന് സമര്‍ഥിച്ച് അവരുമായി തര്‍ക്കിക്കാനല്ല. മറിച്ച് ഇസ്‌ലാമിക വീക്ഷണ പ്രകാരം ദൈവനിഷേധികള്‍ എന്ന വിഭാഗത്തില്‍ ഒരു ദൈവം കുടികൊള്ളുന്നുണ്ട് എന്ന് പറയാനാണ്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാവസ്തുവല്ല. മനുഷ്യനെ സൃഷ്ടിക്കുകയും അവന് വഴികാണിക്കുകയും ചെയ്ത ഒരു ദൈവമാണ്. മനുഷ്യന്‍ നിരുപാധികമായി അനുസരിക്കുന്നതാരെയാണോ അവരെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കുന്നതിന് തുല്ല്യമാണ്. കാരണം ഉപാദിയേതുമില്ലാത്ത അനുസരണവും കീഴ്‌പ്പെടലും അല്ലാഹുവിന്റെ നിയമത്തിന് മുന്നിലായിരിക്കണം. നാസ്തികരെ സംബന്ധിച്ച് പൂജിക്കപ്പെടുന്ന ഒരു ദൈവത്തെ മാത്രമേ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയൂ. എന്നാല്‍ അനുസരിക്കപ്പെടുന്ന ഒരു ദൈവം ഉണ്ടാവുക തന്നെ ചെയ്യും അതിനെ അയാല്‍ ദൈവമെന്ന് വിളിച്ചാലും ഇല്ലെങ്കിലും. നിയമനിര്‍മാണത്തിനുള്ള പരമാധികാരം യഥാര്‍ഥ പ്രപഞ്ചസൃഷ്ടാവല്ലാത്ത ദൈവത്തിന് കല്‍പ്പിച്ചരുളുന്നവര്‍ ബഹുദൈവത്വപരമായി ദൈവസങ്കല്‍പത്തിന് അറിയാതെ അടിപ്പെടുകയാണ്.

വിശുദ്ധഖുര്‍ആനിലെ രണ്ട് സൂക്തങ്ങളാണ് ഇതിന് തെളിവ്. ദേഹേഛയെ ഇലാഹാക്കിയവനെ നീ കണ്ടുവോ എന്ന ചോദ്യം ഇതിന് ഉദാഹരണമാണ്. സ്വന്തം ഇഛിക്കുന്നതാണ് അയാളുടെ ദൈവം. അല്ലങ്കില്‍ അയാള്‍ക്ക് തോന്നുന്നതാണ് അനുസരിക്കപ്പെടേണ്ട നിയമമായി അദ്ദേഹം സ്വീകരിക്കുന്നത്. തനിക്ക് നിയമം നിര്‍മിക്കാന്‍ മറ്റൊരു ദൈവമില്ലെന്നും എനിക്ക് ഞാന്‍ തോന്നിയതാണ് എന്റെ യുക്തി ആവശ്യപ്പെടുന്നതാണ് നിയമം എന്ന് പറയുന്നതിലൂടെ അദ്ദേഹം തന്റെ ഇഛയെ ദൈവമാക്കുന്നു.
( സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. - ഖുര്‍ആന്‍ 25:43-44) വിശുദ്ധഖുര്‍ആന്‍ ഇവരെ കാലികളോടുപമിക്കുന്നതില്‍ ഒരു തത്വമുണ്ട്.  കാലികള്‍ അവയ്ക് നല്‍കപ്പെട്ട ജഡികമായ ഇഛകള്‍ക്കനുസരിച്ചാണ് ജീവിക്കുന്നത് വിശക്കുമ്പോള്‍ ഭക്ഷിക്കണമെന്നും, ആവശ്യം നേരിടുമ്പോള്‍ ലൈംഗികതയിലേര്‍പ്പടണമെന്നുമേ അതിനറിയൂ. അവയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ധാര്‍മികതയുമില്ല. ഈ നിലവാരത്തിലേക്ക് മനുഷ്യന്‍ അധഃപതിക്കുകയാകും ഈ ചിന്താഗതി പുലര്‍ത്തുന്നവന്‍ ചെയ്യുന്നത്. സമൂഹത്തിലെ മാന്യത നിലനിര്‍ത്താന്‍ നിലനില്‍ക്കുന്ന മൂല്യങ്ങളെ പിന്തുടരുന്നവരും അതേ പ്രകാരം നാം മുമ്പ് വിവരിച്ച വിധം മനസ്സിലെ ദൈവദത്തമായ ധാര്‍മികബോധത്തെ കെടുത്തിക്കളയാത്തവരില്‍ നിലനില്‍ക്കുന്ന മാനുഷിക ഗുണങ്ങളും ഇല്ലാത്തവരിലൊഴികെ. ഇക്കാര്യത്തില്‍ ദൈവത്തെ കേവല പൂജക്കുള്ള ഉപാധിയാക്കുന്നവരും പെടും. അവര്‍ പൂജിക്കാനൊരു ദൈവത്തെ സ്വീകരിക്കുമ്പോള്‍. ജീവിതത്തിന്റെ വിവിധമേഖലയില്‍ അനുസരിക്കപ്പെടുന്ന ദൈവങ്ങളെ വേറെ നിര്‍മിക്കുന്നുണ്ട്. അവയ്ക് ദൈവം എന്ന പേര്‍ വിളിക്കുന്നുണ്ടോ ഇല്ലേ എന്നത് പ്രശ്‌നമല്ല.

ചിലര്‍
പണ്ഡിതന്മാരെയും പുരോഹിതരെയും  ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. (അവര്‍ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും, അല്ലാഹുവിനെ കൂടാതുള്ള ദൈവങ്ങളായി വരിച്ചു. - ഖുര്‍ആന്‍ 9:31) മുമ്പു ക്രിസത്യാനിയായിരുന്ന അദിയ്യുബ്‌നു ഹാത്തിം എന്ന പ്രവാചക ശിഷ്യന് ഇത് പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല അദ്ദേഹം അതേകുറിച്ച് സംശയം ചോദിച്ചു. പ്രവാചകന്‍ വിശദീകരിച്ചു. അവരുടെ കൂട്ടത്തിലെ പണ്ഡിതന്‍മാരും പുരോഹിതന്‍മാരും ഒരു കാര്യം അനുവദനീയമാണെന്ന് പറഞ്ഞാല്‍ അത് അനുവദനീയമായും ഒരുകാര്യം നിഷിദ്ധമാണെന്ന് പറഞ്ഞാല്‍ അതു നിഷിദ്ധമായും നിങ്ങള്‍ അംഗീകരിക്കാറില്ലേ. അതുതന്നെയാണ് അവരെ ദൈവമാക്കലും അവര്‍ക്കുള്ള വഴിപ്പെടലും. ചുരുക്കത്തില്‍ പറഞ്ഞുവരുന്നത് നാസ്തികരിലും ഇസ്‌ലാമിക ദൃഷ്ട്യാ ഒരു ദൈവം കുടികൊള്ളുന്നുണ്ട്. അത് സ്വന്തത്തെ സത്യാസത്യത്തിനുള്ള മാനദണ്ഡമാക്കുക വഴി ഉണ്ടായിത്തീരുന്ന ദൈവമാണ്. അത് പൂജിക്കപ്പെടുന്നില്ല പക്ഷെ അതിന് വഴിപ്പെടുകയും വിധേയനാകുകയും ചെയ്യുന്നു.

ഒന്നുകൂടി വിശദമാക്കാം. ഭൗതിവാദപരമായ ബഹുദൈവത്വമാണ് നാസ്തികര്‍ക്കുള്ളത് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാ വസ്തുവോ വെറുമൊരു ആരാധ്യനോ മാത്രമല്ല. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന ഒരു തലത്തിലാണ് മനുഷ്യനോട് ദൈവം അടുക്കുന്നത്. ദൈവത്തിന്റെ മറ്റെന്ത ഗുണങ്ങളുണ്ടെങ്കിലും അതില്‍ മനുഷ്യന്റെ നിഷേധം ഒട്ടും പ്രതികരണം ചെലുത്തുന്നില്ല. ഉദാഹരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന വസ്തുത ആര് നിഷേധിച്ചാലും ഈ സൃഷ്ടിപ്പിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരുന്നില്ല. എന്നാല്‍ എനിക്ക് സന്‍മാര്‍ഗം മനസ്സിലാക്കാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല അത് മനസ്സിലാക്കാന്‍ എനിക്കെന്റെ ബുദ്ധി മതി എന്ന് പറയുന്നതോടുകൂടി ദൈവത്തിന് സന്മാര്‍ഗ വിധികര്‍ത്താവ് എന്ന നിലയില്‍ നിഷേധിക്കുകയും സ്വന്തത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ദൈവം പൂര്‍ണമായോ ഭാഗികമായോ താന്‍തന്നെ എന്ന വിശ്വാസം. പൂര്‍ണമായി ദൈവം ചമയുന്നവര്‍ സാക്ഷാല്‍ ദൈവത്തെയും ഉപദൈവങ്ങളെയും നിഷേധിക്കുന്നു. തങ്ങളെത്തന്നെയോ തങ്ങളെപ്പോലുള്ള മറ്റുമനുഷ്യരെയോ ഭൗതിക ലോകത്ത് തങ്ങളുടെ വിധാതാക്കളായി ധരിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ വിശ്വാസം സമര്‍പ്പിക്കുന്നതാരിലായാലും അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുകയില്ല. നാസ്തികര്‍, യുക്തിവാദികള്‍ എന്നൊക്കെയാണവര്‍ സ്വയം വിളിക്കുക.

യുക്തിവാദികള്‍ എന്ന് പറയുന്ന നാസ്തികരില്‍ ചിലര്‍ ദൈവമുണ്ടെങ്കില്‍ ഉണ്ടായിക്കോട്ടെ പക്ഷെ മനുഷ്യനുമായി ആ ദൈവത്തിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന് കരുതുന്നവരാണ്. ചിലര്‍ സൃഷ്ടിപ്പ് ദൈവത്തിന് നല്‍കുന്നവരാണെങ്കിലും പ്രപഞ്ചത്തെ പരിപാലിക്കുകയോ ഭരിക്കുകയോ ഒന്നും ചെയ്യാത്ത ദൈവത്തെയാണ് സങ്കല്‍പിക്കുന്നത്. ഇവരിലാരും വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യന് എന്തെങ്കിലും പ്രത്യേകം നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി എന്ന് വിശ്വസിക്കാത്തതിനാല്‍ പ്രവാചകന്‍മാരെയോ അവരിലൂടെ ലഭ്യമായ മറ്റ് അദൃശ്യവിജ്ഞാനത്തിലോ വിശ്വസിക്കുന്നുമില്ല. എന്നാല്‍ തങ്ങള്‍ വിശ്വാസമര്‍പിച്ച വ്യക്തികളെ-സംഘങ്ങളെ-അവരുടെ സിദ്ധാന്തങ്ങളെ സത്യത്തിന്റെയും ധര്‍മത്തിന്റെയും ആത്യന്തിക ധര്‍മശാസനാധികാരം സൃഷ്ടികളില്‍ ആരോപിക്കുന്നതിലൂടെയാണ് ഇക്കൂട്ടര്‍ ബഹുദൈവവാദികളുടെ സ്ഥാനത്തെത്തുന്നത്. ചുരുക്കത്തില്‍ നിരീശ്വരവാദികള്‍  സൃഷ്ടിക്കുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. ദേഹേഛയെ അവര്‍ സാന്‍മാര്‍ഗിക വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിര്‍ത്തി അതിനെ അനുസരിക്കുന്നു. അങ്ങനെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നു. യുക്തിവാദികളുടെ ദൈവം  അവരുടെ ഇഛതന്നെ.

13 അഭിപ്രായ(ങ്ങള്‍):

Manoj മനോജ് പറഞ്ഞു...

മതത്തിലൂടെ മതേതരജനാധിപത്യം “സ്വപ്നം” കാണുന്നവര്‍ക്ക് എല്ലാം “തോന്നലുകള്‍” ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടു.... ;)

ലോകം മുഴുവന്‍ നിര്‍മ്മിച്ച ഈ ദൈവത്തെ സൃഷ്ടിച്ചത് ആരെന്നും എഴുതപ്പെട്ടിട്ടുണ്ടാകുമല്ലോ... ഇതിനെ കുറിച്ചുള്ള താങ്കളുടെ അടുത്ത് പോസ്റ്റിനായി കാത്തിരിക്കുന്നു...

CKLatheef പറഞ്ഞു...

@vavvakkavu
താങ്കളുടെ കമന്റ് എനിക്ക് വ്യാഖ്യാനിക്കാന്‍ കഴിയുന്നില്ല. എങ്കിലും നന്ദി.

CKLatheef പറഞ്ഞു...

@Manoj മനോജ്
ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ബഹുസ്വരതയെയും ജനങ്ങളെയും പരമാവധി പരിഗണിക്കുന്ന മതേതരജനാധിപത്യം എന്ന തത്വം ഏറെ പ്രസക്തമാണ്. അതിന്റെ ഇപ്പോഴുള്ള നന്മയെ എടുത്തുകളയുന്ന വിധത്തിലുള്ള ഒരു നീക്കവും ഒരു പാര്‍ട്ടിയും സംഘടനയും സ്വീകരിച്ചുകൂടാത്തതാണ്. എന്നാല്‍ അതിനപ്പുറം ഒരു തത്വം ഉണ്ടാകാവതല്ല, ഉണ്ടാകില്ല എന്ന 'തോന്നലുകളും' വെറും തോന്നലുകള്‍ മാത്രമാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. മതേതരത്വം, ജനാധിപത്യം, സോഷിലിസം എന്നിവയുടെ നന്മകള്‍ക്ക് പോറലേല്‍ക്കാത്തവിധം കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ക്ക് ആര്‍ക്കും സംസാരിക്കാന്‍ പോലും സാധ്യമല്ലാത്ത ഒരവസ്ഥയുണ്ടെങ്കില്‍ ഇന്ന് നിലനില്‍ക്കുന്ന മതേതരത്വജനാധിപത്യത്തിന് സ്വേഛാധിപത്യത്തേക്കാള്‍ വലിയ മഹത്വമൊന്നും ഉണ്ടായിരിക്കില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പ്രവര്‍ത്തിക്കാനുള്ള അത്രയും സ്വാതന്ത്ര്യം ഒരു ദര്‍ശനത്തിന് മതത്തിന്റെ ലേബലുണ്ടെന്ന് വിചാരിച്ച് തടയപ്പെടാവതല്ല. അതുകൊണ്ട് മതത്തിലൂടെ മതേതരജനാധിപത്യം സ്വപ്‌നം കാണുകയല്ല ഞാന്‍ ചെയ്യുന്നത്. മറിച്ച് ഒന്നാമതായി ഇസ്്‌ലാമിനെ കേവലമതമായി കാണുന്ന തോന്നലുകളെ തിരുത്തുക മാത്രമാണ്. ചില മുഖ്യന്‍മാരുടെ വാക്കുകള്‍ കേട്ടാല്‍ തോന്നും ഇവിടെ നിലനില്‍ക്കുന്നത് സ്വേഛാധിപത്യമാണോ എന്ന്, അതാണ് പ്രശ്‌നം. അത് മതേതരജനാധിപത്യത്തിനുണ്ടെന്ന് പറയുന്ന നന്മകള്‍ക്കെതിരാണ്. ഇത്തരക്കാര്‍ ആദ്യം ജനാധിപത്യത്തിന്റെ കഴുത്തിന് പിടിക്കുകയും എന്നിട്ട് ഇതാ ഇവര്‍ ഇതിനെ കൊല്ലാന്‍ വരുന്നെ എന്ന് നിലവിളിക്കുകയും ചെയ്യുന്നു.

പിന്നെ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന വിഷയം ഞാന്‍ ചര്‍ച ചെയ്തതാണ് താങ്കള്‍ വായിച്ചിരിക്കുമെന്ന് കരുതുന്നു. നിങ്ങളെ സംബന്ധിച്ച് അതിന്റെ ഉത്തരം മനുഷ്യന്‍ എന്നാണല്ലോ. മനുഷ്യര്‍ സൃഷ്ടിച്ച ദൈവവുമുണ്ട് നിങ്ങള്‍ എതിര്‍ക്കുന്നതും നിഷേധിക്കുന്നതും അതിനെയാണ്. അതുകൊണ്ട് ഞാന്‍ താങ്കളെ എന്റെ ചിന്തകളുടെ പ്രതിപക്ഷത്ത് പോലും കാണുന്നില്ല.

കമന്റ് രേഖപ്പെടുത്താനുള്ള സന്‍മനസ്സിന് നന്ദി.

CKLatheef പറഞ്ഞു...

ദൈവത്തെ സൃഷ്ടിച്ചതാര് ?

Manoj മനോജ് പറഞ്ഞു...

ക്ഷമിക്കുക ആ പോസ്റ്റ് കണ്ടിരുന്നില്ല... (കാണാതിരുന്നത് നന്നായി എന്ന് അത് വായിച്ച് തീര്‍ത്തപ്പോള്‍ മനസ്സിലായി...)
എന്നാലും താങ്കളുടെ “ചിന്തകളുടെ പ്രതിപക്ഷത്ത് പോലും കാണാത്ത” എന്നെ പോലൊരാള്‍ക്ക് ആ പോസ്റ്റിന്റെ ലിങ്ക് തന്ന് ഇങ്ങനെ ചതിക്കരുതായിരുന്നു....

“ദൈവത്തെ സൃഷ്ടിച്ചവനാര് എന്ന ചോദ്യം അറ്റത്തിന്റെ അറ്റമേത് എന്ന ചോദ്യം പോലെ അപ്രസക്തവും അസംബന്ധവുമാകുന്നു.”

:) :) :) എന്റെ ലത്തീഫേ..... ഈ വരികള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു.... ഞാന്‍ ചോദിച്ച വ്യക്തിയുടെ “ദൈവികത്വം” ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ.... ;)

YUKTHI പറഞ്ഞു...

ലത്തീഫ്, ഈ ചോദ്യത്തിനു ഒരു ഉത്തരം നല്‍കിയാല്‍ നന്നായിരുന്നു.

CKLatheef പറഞ്ഞു...

എന്റെ ചിന്തകളുടെ പ്രതിപക്ഷത്ത് എന്ന എന്റെ പ്രയോഗം തെറ്റായി മനസ്സിലാക്കിയില്ല എന്ന കരുതുന്നു.:):) പലപ്പോഴും ദൈവനിഷേധികള്‍ ഇല്ലെന്ന് പറയുന്ന ദൈവം, പദാര്‍ഥത്തിനാല്‍ ഉണ്ടാക്കപ്പെട്ട ദൈവമാണ്. അഭൗതികമായ ഒരു ദൈവത്തെ നിഷേധിക്കാന്‍ മനുഷ്യന്റെ പക്കല്‍ തെളിവൊന്നുമില്ല.

ചില ചോദ്യങ്ങള്‍ അസംബന്ധമാകും എന്നത് ഒരു പുതിയ അറിവൊന്നുമല്ലല്ലോ.:) നിങ്ങള്‍ക്ക് നിങ്ങളോടു വെറുപ്പുതോന്നാന്‍ മാത്രം കാര്യങ്ങള്‍ അതിലുണ്ടെന്ന് കരുതുന്നില്ല. ഖുര്‍ആന്‍ പറയുന്നത് സംഭവിക്കുന്ന പക്ഷം (എനിക്ക് സംശയമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത് കെട്ടോ) ദൈവത്തെ നിഷേധികുന്നവര്‍ സ്വന്തത്തെ തന്നെ വെറുപ്പുതോന്നി വിരലുകള്‍ കടിച്ചു മുറിക്കുന്നത്, മരണ ശേഷം, ഇവിടെ നിഷേധിച്ചിരുന്ന അഭൗതിക കാര്യങ്ങള്‍ നേരിട്ടുകാണുമ്പോഴായിരിക്കും അപ്പോള്‍ അവരുടെ അവസ്ഥ ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു:

ധിക്കാരിയായവന്‍ കൈ കടിക്കുന്ന ദിവസം. അവന്‍ കേഴും: `ഹാ കഷ്ടം! ഞാന്‍ ദൈവദൂതനെ പിന്തുണച്ചിരുന്നുവെങ്കില്‍! ഹാ, എന്റെ ഭാഗ്യദോഷം. കഷ്ടം! ഞാന്‍ ഇന്നയാളെ ചങ്ങാതിയാക്കിയിരുന്നില്ലെങ്കില്‍! എനിക്ക് ഉദ്ബോധനം വന്നുകിട്ടിയിട്ടും അവന്റെ ദുര്‍ബോധനത്തില്‍ പെട്ട് ഞാനതു കൈക്കൊള്ളാതെ പോയല്ലോ... (25:27-29)

CKLatheef പറഞ്ഞു...

@Yukthi

ഇവിടെ മറുപടി പറയേണ്ടുന്ന ചോദ്യങ്ങളൊന്നും താങ്കള്‍ ലിങ്ക് നല്‍കിയേടത്ത് കണ്ടില്ല.

YUKTHI പറഞ്ഞു...

ലത്തീഫ്, മറുപടി ആ ബ്ലോഗില്‍ തന്നെ നല്‍കിയാല്‍ മതി. ആ ലിങ്കിലുള്ള കമന്റിനു ശേഷം നിങ്ങളുടെ പേര് ആ ബ്ലോഗില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ ബ്ലോഗിലെ ഒരു ചോദ്യത്തിനു ഉത്തരം നിങ്ങള്‍ക്ക് നല്‍കാന്‍ ആകും എന്ന് ഞാന്‍ കരുതി.

CKLatheef പറഞ്ഞു...

Parthan said..

>>> C.K.Latheef ന്റെ പോസ്റ്റിലെ കണക്കു പ്രകാരമാണെങ്കിൽ കൂടി, 680 കോടി ജനങ്ങളിൽ 157 കോടി ജനങ്ങളും കൂപമണ്ഡൂകങ്ങളായ വിശ്വാസികളാണെങ്കിലും പ്രത്യേകിച്ച് അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കുന്നുണ്ടോ ആവോ? ക്ഷുദ്രജീ‍വികളാണെങ്കിലോ, നഞ്ഞെന്തിന് നാനാഴി എന്ന പഴഞ്ചൊല്ലു പോലെയും. <<<

@Yukthi

മറുപടി അര്‍ഹിക്കുന്ന ഒരു ചോദ്യമാണോ ഇത്.

YUKTHI പറഞ്ഞു...

ചോദ്യം ഇതായിരുന്നു, ഇസ്ലാം മതമോ ഖുര്‍ ആനോ ലോകത്ത് അന്നുവരെ നിലവിലുണ്ടായിരുന്ന ഒരു മതവിശ്വാസവും അവതരിപ്പിക്കാത്ത, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?

CKLatheef പറഞ്ഞു...

@യുക്തി,

ഇസ്‌ലാമിനെയും ഖുര്‍ആനെയും കുറിച്ച് മുസ്‌ലിംകളെന്താണ് അവകാശപ്പെടുന്നത് എന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ ചോദ്യം ഉണ്ടാകുമായിരുന്നില്ല. അല്ലെങ്കില്‍ സ്വയം ഉത്തരം പറയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഏതാനും ദിവസം ഇത് അവഗണിച്ചത്. ഏതായാലും കേവല യുക്തിവാദികളില്‍നിന്ന് ഭിന്നമായി ഇസ്്‌ലാം മനുഷ്യ നന്മക്ക് ഉതകുന്ന ചില ആശയങ്ങള്‍ അവതരിപ്പിക്കുന്നു എന്ന് താങ്കള്‍ അംഗീകരിക്കുന്നതായി ചോദ്യത്തില്‍നിന്ന മനസ്സിലാക്കട്ടെ. ഇനി കൂടുതലെന്തെങ്കിലുമുണ്ടോ എന്നാണ് അറിയാനുള്ളത്. അതിന് എന്റെ മറുപടി ഇപ്രകാരമാണ്.

ഇസ്‌ലാം മുമ്പുണ്ടായിരുന്ന മതങ്ങളുടെ തുടര്‍ചയാണ്. ആരംഭത്തില് ദൈവികമതം എന്നും ഒന്നായിരുന്നു. അതിന്റെ അടിസ്ഥാന സിദ്ധാങ്ങളൊന്നും പുതിയതല്ല. ഏകദൈവത്വം പ്രവാചകത്വം പരലോകം എന്നീ മുന്ന് അടിസ്ഥാന വിശ്വാസങ്ങളില്‍ ഊന്നിയാണ്. അത് നിലനില്‍ക്കുന്നത് ബൈബിള്‍ പഴയനിയമത്തിലും വേദങ്ങളിലും (ഋഗ്വേദം പോലുള്ളവ) അവ നമ്മുക്ക് കണ്ടെത്താന്‍ കഴിയും. എന്നുവെച്ചാല്‍ ഇന്നവശേഷിക്കുന്ന മിക്കമതങ്ങളും പ്രവാചകമതങ്ങളുടെ വികലരൂപങ്ങളാണ്. ഓരോ ഘട്ടത്തില്‍ ദൈവം പ്രവാചകന്‍മാരെ അയച്ചത് നല്‍കപ്പെട്ട വേദഗ്രന്ഥം മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവുകയോ, സമൂഹം പറ്റെ അത് വിസ്മരിക്കുകയോ ചെയ്തപ്പോഴായിരുന്നു. ജനങ്ങള്‍ക്ക് നേതൃത്വമെന്ന നിലയിലും പ്രവാചന്‍മാര്‍ നിയോഗിതരായി ഇസ്രായീല്‍ വംശത്തിലേക്ക് തുടരെതുടരെ പ്രവാചകന്‍മാര്‍വന്നു അവര്‍ തന്നെയായിരുന്നു അവരെ എല്ലാരംഗത്തും നയിച്ചിരുന്നതും. ഓരോ സമൂഹത്തിന്റെ അവസ്ഥക്കും സാഹചര്യത്തിനും യോജിച്ച നിയമമാണ് ദൈവം നല്‍കിയത്. എല്ലാം ദൈവികമായിരുന്നത് കൊണ്ടുതന്നെ അവ അപ്പോഴത്തെ അവസ്ഥയില്‍ പൂര്‍ണവും കുറ്റമറ്റതുമായിരുന്നു. മുഹമ്മദ് നബി അവസാന പ്രവാചകനാണ്. അദ്ദേഹത്തിന്റെ കാലത്തോടെ ലോകം പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നു. യാത്രാ സൗകര്യങ്ങളും മറ്റു വികസിച്ചു. പ്രവാചകന്‍ നിയുക്തനായ കാലത്തുതന്നെ കേരളത്തിലടക്കം ഈ സന്ദേശമെത്തി. അറേബ്യ ഭൂഖണ്ഡങ്ങളുടെ മധ്യത്തിലായതിനാലും അറബി ഭാഷ വളര്‍ചയുടെ പൂര്‍ണത പ്രാപിച്ചിരന്നതിനാലും ലോകത്തിന്റെ ഏത് ഭഗത്തേക്കും ഈ സന്ദേശം പ്രസരിച്ചു. മനുഷ്യജീവിതത്തിന് സമ്പൂര്‍ണമായ ഒരു വ്യവസ്ഥിതി എന്ന നിലക്കും ഇസ്‌ലാം ഇന്നും ലോകത്ത് സ്വീകാര്യത നേടിവരുന്നു. ഇന്ന് നിലനില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന
നിയമങ്ങളെക്കാള്‍ വ്യക്തതയും കൃത്യതതയുമുള്ള നിയമങ്ങളും തത്വങ്ങളും അതിന്റെ പ്രത്യേകതയാണ്.

താങ്കളുടെ ചോദ്യത്തിന് മറുപടിയായി എന്ന് പ്രതീക്ഷിക്കുന്നു. അന്വേഷണത്തിന് നന്ദി.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review