2010, മേയ് 23, ഞായറാഴ്‌ച

നാലിലൊരാള്‍ മുസ്‌ലിമായാല്‍ എന്താണ് കുഴപ്പം?

ഇയ്യിടെ ഒരു ക്രൈസ്തവസൈറ്റില്‍ കണ്ട ലേഖനത്തിന്റെ തലക്കെട്ട് (ലോകത്ത് നാലിലൊരാള്‍ മുസ്ലിം) എന്നെ ആകര്‍ഷിച്ചു. അഞ്ചിലൊന്ന് എന്നായിരുന്നു ഇതുവരെ പറഞ്ഞ് പോന്നിരുന്നത്. പല അവകാശവാദങ്ങളും അതിശയോക്തിപരമായതിനാല്‍ അത്തരം എണ്ണത്തിന് കാര്യമായ പരിഗണന നല്‍കാറില്ല. ലേഖനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതിനനുസരിച്ച് പലപ്പോഴും ഒരേ വിഭാഗം തന്നെ അത് കൂട്ടിയും കുറച്ചുമൊക്കെ നല്‍കും. ലോകത്ത് ഏറ്റവും വേഗത്തില്‍ പ്രചരിക്കുന്ന മതം ഇസ്‌ലാമാണ് എന്ന അവകാശവാദം പുതുമയുള്ളതല്ല. എന്നാല്‍ മറ്റൊരു ക്രിസ്ത്യന്‍ സൈറ്റില്‍ അത് ചോദ്യം ചെയ്യപ്പെട്ടതായി കണ്ടു. 

ജനിച്ച് വീഴുന്ന മനുഷ്യന്‍ തന്റെ കുഞ്ഞുനാളില്‍ സ്വതന്ത്രമായ വിശ്വാസപരവും ആദര്‍ശപരവുമായ തെരഞ്ഞെടുപ്പിന് കഴിയുന്ന അവസ്ഥയിലല്ല ഉള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ ആശയരൂപീകരണ ഘട്ടത്തില്‍ തന്നെ ശക്തമായി സ്വധീനിച്ച, തന്റെ അപ്പോഴത്തെ അറിവിനും ബുദ്ധിക്ക് യോജിച്ച ഒരു വിശ്വാസവും ദര്‍ശനവും അതുമല്ലെങ്കില്‍ വിശ്വാസമില്ലായ്മയും സ്വീകരിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. മഹാഭൂരിപക്ഷവും അത്തരം ഘട്ടത്തില്‍ താന്‍ വളര്‍ന്ന് പോന്ന/പരിചയിച്ച ഒരു മതത്തില്‍ (അഭിപ്രായം എന്നനിലക്ക് എടുത്താല്‍ മതി) തുടരുകയാണ് . മറ്റുമതത്തിന്റെ ആളുകള്‍  അഭിപ്രായം മാറ്റണമെന്ന് കരുതുന്നവരും സ്വന്തം മതത്തില്‍ നിന്ന് ആരും അഭിപ്രായം മാറ്റരുതെന്ന് വാശിയുള്ളവരാണ്. ഇതിലെ ഗുണകാംക്ഷപരമായ വശത്തെ ഞാനും അനുകൂലിക്കും. താനിപ്പോഴുള്ളത് സത്യത്തിലാണെന്നും തന്റെ മതത്തില്‍നിന്ന് മാറുമ്പോള്‍ അവര്‍ പിഴച്ച അഭിപ്രായത്തിലേക്കാണ് പോകുന്നതെന്നുമുള്ള അഭിലഷണീയമായ കാഴ്ചപ്പാടാണതിന് നിദാനം. എന്നാല്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടും അനുഭാവമുള്ള ശരിയായ കാഴ്ചപ്പാട് അവനവന് ബോധ്യപ്പെട്ട വിശ്വാസവും മതവും (അതില്‍ യുക്തിവാദമെന്ന ദൈവനിഷേധവും പെടും) തെരഞ്ഞെടുക്കുവാന്‍ അനുവദിക്കുക എന്നതാണ്. അതുകൊണ്ടാണ് ഭരണഘടന അതിന് അനുമതി നല്‍കുന്നത്. എന്നാല്‍ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും അതിന് ശ്രമിക്കുന്നത് അതേ അഭിപ്രായസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായതിനാല്‍ അതിനെ ഒരു നിലക്കും അനുവദിക്കാനുമാവില്ല.    

ഇനി നമ്മുക്ക് പ്രസ്തുത ലേഖനം വായിക്കാം:


[[[ 'ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍, ലോകത്തെ ഏറ്റവുമധികം മുസ്ലീങ്ങള്‍ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യമേത്‌ എന്നൊരു ചോദ്യം ചോദ്യകര്‍ത്താവ്‌ ഏതെങ്കിലും മത്സരാര്‍ത്ഥിയോട്‌ ചോദിച്ചെന്നു കരുതുക. അതിന്റെ ഉത്തരം `ഇന്ത്യ'?എന്നൊരാള്‍ മറുപടി നല്‍കിയാല്‍ കാണികളില്‍ ബഹുഭൂരിപക്ഷവും ചിന്തിക്കും ഉത്തരം നൂറു ശതമാനവും തെറ്റാണെന്ന്‌. പാക്കിസ്ഥാനോ, സൗദി അറേബ്യയോ, ഈജിപ്‌തോ, തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ ഏതെങ്കിലുമാകും കാണികളുടെ മനസ്സില്‍. ഇങ്ങനെയാണ്‌ നാമും ചിന്തിക്കുന്നതെങ്കില്‍ നമ്മുടെ ധാരണ തിരുത്തിക്കുറിക്കാന്‍ സമയമായി. ലോകത്തെ മുസ്ലിം ജനസംഖ്യയെ രാജ്യം തിരിച്ചു നടത്തിയ സമീപ കാലത്തു നടന്ന പഠനം ഞെട്ടിക്കുന്ന വിവരമാണ്‌ പുറത്തു കൊണ്ടു വന്നത്‌.


മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ പാക്കിസ്ഥാന്റെ തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനമാണ്‌ ഭാരതത്തിനുള്ളത്‌. ഇന്ത്യയിലേക്കാള്‍ കേവലം ഒന്നരക്കോടി മുസ്ലീങ്ങള്‍ മാത്രമാണ്‌ പാക്കിസ്ഥാനിലുള്ളത്‌. മുസ്ലീം രാജ്യമായ സിറിയയേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ചൈനയിലുണ്ട്‌. ജര്‍മ്മനിയിലുള്ള മുസ്ലീങ്ങളേക്കാള്‍ കുറവാണ്‌ ലബനോനിലുള്ളത്‌. യോര്‍ദ്ദാനും, ലിബിയയും ഒരുമിച്ചു ചേര്‍ന്നാലുള്ളതിലും അധികം മുസ്ലീങ്ങള്‍ റഷ്യയിലുണ്ട്‌. ടര്‍ക്കി മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മൂന്നില്‍ രണ്ടു പേരും മുസ്ലീങ്ങളാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളുള്‍പ്പെട്ട മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ വടക്കന്‍ ആഫ്രിക്കയും കൂടി ലോകത്തെ മുസ്ലീം ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം (20%) മാത്രമേ അധിവസിക്കുന്നുള്ളു.

`മതവും പൊതു ജീവിതവും' എന്ന വിഷയത്തെ ആസ്‌പദമാക്കി ലോകത്തിന്നേവരെ നടന്നിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും ബൃഹത്തായ സര്‍വ്വേ പ്രൊജക്‌ടെന്നു അവകാശപ്പെടുന്ന പ്യൂ ഫോറം (PEW FORUM) 232 രാജ്യങ്ങളിലും അവയുടെ കീഴിലുള്ള ഇതര ഭരണ മേഖലയിലും നടത്തിയ പഠനങ്ങളാണ്‌ ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തുന്നത്‌. മൂന്നു വര്‍ഷത്തോളം സമയമെടുത്ത സര്‍വ്വേ ആധികാരികമായ ഗവേഷണ ഏജന്‍സിയാണ്‌ സംഘടിപ്പിച്ചത്‌. സീനിയര്‍ ഗവേഷകന്‍ ബ്രയാന്‍ ഗ്രിമ്മിന്റെ അഭിപ്രായത്തില്‍ `നമ്മുടെ പാരമ്പര്യ ചിന്താഗതികളെ മറി കടന്ന്‌ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഇസ്ലാ മതം ചെന്നെത്തിയിരിക്കയാണ്‌'. ഗവേഷക വിഭാഗം അസോസിയേറ്റ്‌ ഡയറക്‌ടര്‍ അലന്‍ കൂപ്പര്‍മാന്‍ പറയുന്നത്‌ ശ്രദ്ധിക്കുക, ``ഇന്ത്യാ, ചൈന, റഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ഉണ്ടോ എന്നു പോലും ചിന്തിച്ചിരുന്നില്ല, എന്നാല്‍ ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യം ലോകത്തെ ജനസംഖ്യ അടിസ്ഥാനത്തില്‍ മൂന്നാമത്തെ മുസ്ലീം രാജ്യമാണെന്ന വസ്‌തുത ഞെട്ടിക്കുന്നതാണ്‌.''

ലോകത്ത്‌ ആകെ 680 കോടി ജനങ്ങളുള്ളതില്‍ 157 കോടി ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്‌. ജനസംഖ്യയുടെ 23% മാണത്‌. 2005-ലെ കണക്കനുസരിച്ച്‌ നാമധേയരുള്‍പ്പെടെ 225 കോടി ക്രിസ്‌ത്യാനികളാണ്‌ ഭൂമുഖത്തുള്ളത്‌. 157 കോടി മുസ്ലീങ്ങളില്‍ തന്നേ 24 കോടി ജനങ്ങളും വസിക്കുന്നത്‌ സഹാറ മരുഭൂമിയുടെ തെക്കു ഭാഗത്തുള്ള 45-ഓളം ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്‌. നൈജീരിയായില്‍ വന്‍ വളര്‍ച്ച നേടുന്ന ഇസ്ലാം മതം ക്രിസ്‌ത്യാനികളെ മറി കടന്ന്‌ ഭൂരിപക്ഷമായിക്കഴിഞ്ഞു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യയേക്കാള്‍ കേവലം നാലു കോടി ജനങ്ങളുടെ കുറവു മാത്രമാണ്‌ ഇന്ത്യയില്‍. അടുത്ത ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്ത്‌ ഒന്നാമത്തെ മുസ്ലീം വിശ്വാസികളുള്ള രാജ്യമാകും എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.

ജനസംഖ്യയടിസ്ഥാനത്തില്‍ ലോകത്ത്‌ ആദ്യ പത്ത്‌ മുസ്ലിം രാജ്യങ്ങളിലെ ഇസ്ലാമിന്റെ സാന്നിദ്ധ്യം താഴെക്കൊടുക്കുന്നു.

1. ഇന്തോനേഷ്യ - 20.28 കോടി
(ജനസംഖ്യയുടെ 88.2%)
2. പാക്കിസ്ഥാന്‍ - 17.4 കോടി
(96.3% വും മുസ്ലീങ്ങള്‍)
3. ഇന്ത്യ - 16 കോടി (13.4%)
4. ബംഗ്ലാദേശ്‌ - 14.53 കോടി (89.6%)
5. ഈജിപ്‌ത്‌ - 7.85 കോടി (94.6%)
6. നൈജീരിയ - 7.80 കോടി (50.4%)
7. ഇറാന്‍ - 7.37 കോടി (99.4%)
8. ടര്‍ക്കി - 7.36 കോടി (98%)
9. അള്‍ജീരിയ - 3.41 കോടി (98%)
10 മൊറോക്കോ - 3.19 കോടി (99%)

ലോകജനസംഖ്യയില്‍ നാലിലൊരാള്‍ ഇസ്ലാം മത വിശ്വാസിയാണ്‌. `ദൂരക്കാഴ്‌ച'യുടെ കഴിഞ്ഞ ലക്കത്തില്‍ അമേരിക്കയിലെ ഇസ്ലാമിന്റെ മുന്നേറ്റത്തെപ്പറ്റി എഴുതിയപ്പോള്‍ ചില വിവരണങ്ങള്‍ നല്‍കിയതു കൊണ്ട്‌ വസ്‌തുതകള്‍ ആവര്‍ത്തിക്കുന്നില്ല. വളര്‍ച്ചയുടെ കാര്യത്തില്‍ മറ്റു മതങ്ങളെയെല്ലാം ബഹുകാതം പിന്തള്ളിക്കൊണ്ടാണ്‌ ഇസ്ലാം മതം പടര്‍ന്നു പന്തലിക്കുന്നത്‌.
മുസ്ലിം തീവ്രവാദത്തോടുള്ള ഭയം കൊണ്ടോ എണ്ണക്കിണറുകളോടുള്ള സ്‌നേഹം കൊണ്ടോ മിക്ക രാജ്യങ്ങളും മുസ്ലീം പ്രീണനത്തിന്റെ പാതയിലാണ്‌. കാന്‍ഡര്‍ബറി ആര്‍ ച്ചു ബിഷപ്പ്‌ ഡോ.റോവന്‍ വില്യംസ്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടനില്‍ ശരിയത്ത്‌ നിയമം നടപ്പിലാക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌ ലോകശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളോടുള്ള തുറന്ന നിലപാടിന്റെ പേരിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമക്ക്‌ നോബല്‍ സമ്മാനം പോലും നല്‍കിയത്‌.

സുവിശേഷീകരണ യത്‌നത്തില്‍ മുസ്ലിം സമുദായം ഇപ്പോഴുമൊരു ബാലി കേറാ മലയാണ്‌. ഇന്നും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വളരെ കുറവാണ്‌. സഭാ നേതൃത്വം ഉണര്‍ന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. `ബൈബിളിലെ തെറ്റുകള്‍' എന്ന പേരില്‍ തെറ്റിദ്ധാരണപരമായ നിലയില്‍ ബൈബിളിലെ സംഭവങ്ങളും വാക്യങ്ങളും കോട്ടിക്കളഞ്ഞ്‌ അത്‌ ലഘുലേഖകളില്‍ വിതരണം ചെയ്‌ത്‌ അനേകം ക്രിസ്‌ത്യാനികളെ ആശയക്കുഴപ്പത്തിലാക്കി ഇസ്ലാമിലേക്ക്‌ ചേര്‍ക്കുന്ന പ്രവണത ഏറി വരുന്നുണ്ട്‌.

`സ്‌നേഹസംവാദം' എന്ന പേരില്‍ മുസ്ലീം-ക്രിസ്‌ത്യന്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച്‌ അനേകം ക്രിസ്‌ത്യാനികളെ കുഴപ്പിക്കുന്ന തന്ത്രം വ്യാപകമായിട്ടുണ്ട്‌. ഒരു പരസ്യമായ ഫോറത്തില്‍ വെച്ച്‌ `‌നിച്ച്‌ ഓഫ്‌ ട്രൂത്ത്‌'ലെ എം.എം.അക്‌ബറിനേപ്പോലുള്ള മുസ്ലിം പണ്ഡിതന്മാരെ ആശയപരമായി ജയിക്കാന്‍ തക്ക പ്രാപ്‌തിയുള്ളവര്‍ പെന്തെക്കോസ്‌തരുടെയിടയില്‍ ഉണ്ടോ എന്ന്‌ സംശയമാണ്‌. തിരുവട്ടാര്‍ കൃഷ്‌ണന്‍കുട്ടിയേപ്പോലുള്ള ചുരുക്കം ചില പ്രസംഗകര്‍ ഏറെക്കുറെ ചെറുത്തു നില്‌പ്പ്‌ നടത്തുന്നുണ്ട്‌. കാര്യമായ പഠനങ്ങള്‍ നടത്താതെ, സംവാദദം സംഘടിപ്പിക്കാനുള്ള മുസ്ലിം സംഘടകളുടെ നിര്‍ദ്ദേശം കൈക്കൊണ്ട്‌ സാഹസത്തിനു മുതിരുന്ന പലരെയും പറ്റി കേട്ടിട്ടുണ്ട്‌. യൂ ട്യൂബിലും മറ്റും അത്തരം വീഡിയോകളില്‍ `ക്രിസ്‌ത്യന്‍ പണ്ഡിതന്മാരുടെ' ബോധക്കേടുകള്‍ കാണാന്‍ പഞ്ഞമില്ല. ബൈബിള്‍ തുറക്കാതെ ഒരു വാക്യം പറയാന്‍ പ്രയാസമുള്ള പലരുമാണ്‌ വാദത്തിനു ചെല്ലുന്നത്‌. എന്നാല്‍ താഴേക്കിടയിലുള്ള മുസ്ലിം പണ്ഡിതര്‍ക്കു പോലും ബൈബിളിലെ പ്രധാനപ്പെട്ട വാക്യങ്ങളും ഒട്ടു മിക്ക സംഭവങ്ങളും കാണാപ്പാഠമാണ്‌. `സ്‌നേഹസംവാദം' കാണാനും കേള്‍ക്കാനും ചെല്ലുന്ന പല ക്രിസ്‌ത്യാനികളും `പൊന്നാനിയില്‍' പോയിട്ടേ വീട്ടില്‍ തിരികെ എത്താറുള്ളു എന്ന്‌ ഫലിതം കേട്ടിട്ടുണ്ട്‌.

കോളജിലും സ്‌കൂളിലും ജോലി സ്ഥലങ്ങളിലുമുള്ള യുവതീ യുവാക്കളെ പ്രേമിച്ച്‌ സഹായ വാഗ്‌ദാനങ്ങള്‍ നല്‍കിയും വശീകരിച്ച്‌ ഇസ്ലാം മതത്തിലാക്കുന്ന തന്ത്രം വിജയകരമായി നടത്തി വരുന്നുണ്ട്‌. ഗ്ലോബല്‍ ഇസ്ലാം ഫ്‌ളാറ്റ്‌ഫോറം എന്ന വെബ്‌സൈറ്റില്‍ ഇസ്ലാമിലേക്ക്‌ മതം മാറിയ ഒരു ക്രിസ്‌തീയ എഞ്ചിനീയറുടെ മതം മാറ്റത്തിന്റെ സാക്ഷ്യം തന്നെ ഉദാഹരണം. മനു സാം ജോസ്‌, `ബിലാല്‍' എന്ന പേര്‍ സ്വീകരിക്കുന്നതിനു മുമ്പ്‌ അച്ചടക്കമുള്ള ഒരു ക്രിസ്‌ത്യാനിയായിരുന്നു എന്നു കാണാം. ബൈബിളില്‍ നമ്മളില്‍ പലരേക്കാളും അറിവുണ്ടായിരുന്ന അയാള്‍ തെറ്റിപ്പോയെങ്കില്‍ നമ്മുടെ യുവതലമുറെയക്കുറിച്ച്‌ നമുക്ക്‌ എന്താണ്‌ ധൈര്യപ്പെടാനുള്ളത്‌. സണ്‍ഡേസ്‌കൂള്‍ പാഠ്യപദ്ധതിയിലും മറ്റും ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ ഒരു പരിധി വരെ ഗുണം ചെയ്യും. കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള മാതാപിതാക്കളില്‍ പലരും കുഞ്ഞുങ്ങളെ ദൂരദേശങ്ങളില്‍ പഠനത്തിനും മറ്റും അയച്ച്‌ മാസാമാസം പണമയക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാതെ കൂടെക്കൂടെ ആത്മീയ വിഷയങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. അവരോട്‌ നോണ്‍ സ്‌റ്റോപ്പ്‌ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ടിരിക്കാതെ അവര്‍ക്ക്‌ പറയാനുള്ളതും കൂടി ശ്രദ്ധിക്കു. ബിലാലിനേപ്പോലെ നമ്മുടെ മക്കളും ബീരാനും, സുലൈമാനും, നാസറും, സുഹറായും നസീലയുമൊക്കെ ആയിക്കഴിഞ്ഞിട്ട്‌ മാറത്തടിച്ചിട്ട്‌ കഥയില്ല.
സഭയും വ്യക്തികളും അപകടകരമായ ഈ വസ്‌തുതയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന്‌ പ്രത്യാശിക്കട്ടെ.' ]]] (ഇവിടെയാണ് ഈ ലേഖനമുള്ളത്)
ഈ ലേഖനം ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രത്യക്ഷത്തില്‍ ഗുണപരമായ മാനസികാവസ്ഥയില്‍നിന്നാണ്. എന്നാല്‍ തത്വത്തില്‍ അതില്‍ തങ്ങളുടെ വിശ്വാസികളോട് ചെയ്യുന്ന ഒരനീതിയും ഉണ്ട് എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഇത് പറയാനല്ല ഈ ലേഖനം പൂര്‍ണമായി ഞാനിവിടെ പകര്‍ത്തിയത്. മറിച്ച് ഇസ്‌ലാമിന്റെ ഈ പ്രചാരം അപകടകരവും ഞെട്ടിക്കുന്നതുമൊക്കെയായി ലേഖകന്‍ വിലയിരുത്തുന്നു. അതിനോട് യോജിക്കാന്‍ ഒരു മുസ്‌ലിമെന്ന നിലക്കുള്ള പ്രയാസവും അതിലെ വസ്തുത മനസ്സിലാക്കാന്‍ പ്രയാസവുമായതുകൊണ്ടാണ്. മാത്രമല്ല അതിനുള്ള പ്രേരകം വളരെ നിസ്സാരമായ ഒട്ടും വിശ്വസനീയമല്ലാത്ത് ചില കാര്യങ്ങിലേക്ക് ചുരുക്കിക്കെട്ടി എന്നതും ഈ പോസ്റ്റിന് പ്രേരകമായിട്ടുണ്ട്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന മതത്തില്‍നിന്ന് ചിലര്‍  പഠനം നടത്തി  കൂടുതല്‍ ശരിയെന്ന് ബോധ്യപ്പെട്ട ഒരു ദര്‍ശനത്തിലേക്ക് മാറുന്നുവെങ്കില്‍ അത് അപകടകരമായ ഒരു പ്രവൃത്തിയാകുന്നതെങ്ങനെ. ഒരു നാട്ടില്‍ അപ്രകാരം മുസ്‌ലിംകള്‍ അധികരിച്ചാല്‍ അവിടെയൊക്കെ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണോ. ലോകത്ത് അതിന് എത്ര ഉദാഹരണങ്ങളുണ്ട്. ലോകത്ത് അവടെയവിടെയായി പോട്ടുന്ന ചില സ്‌ഫോടനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന് ന്യായീകരണം കാണാന്‍ കഴിയുമോ. ഇല്ല എന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ അവസ്ഥ എടുത്തുനോക്കുക. മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ള സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും അവിടെ താമസിക്കുന്നവര്‍ക്കറിയാം.
 
ഇസ്‌ലാമിലേക്കുള്ള പ്രേരകം എന്നനിലയില്‍ പറയുന്ന കാര്യങ്ങളെ മനുഷ്യബുദ്ധിയെ പരിഹസിക്കുന്നതായി എന്ന് പറയാതെ തരമില്ല. മുസ്‌ലിം തീവ്രവാദത്തോടുള്ള ഭയം കൊണ്ടോ എണ്ണക്കിണറുകളോടുള്ള സ്‌നേഹം കൊണ്ടോ മിക്ക രാജ്യങ്ങളും മുസ്‌ലിം പ്രീണനത്തിന്റെ പാതയിലാണ് എന്നാണ് മാന്യസുഹൃത്ത് നിരീക്ഷിക്കുന്നത്. ബറാക് ഒബാമക്ക് നോബല്‍ പ്രൈസ് ലഭിച്ചതും ഇസ്‌ലാമിക രാജ്യങ്ങളോടുള്ള തുറന്ന നിലപാടിന്റെ പേരിലാണ് എന്ന നിരീക്ഷണവും വസ്തുതകളെ അട്ടിമറിക്കുന്നതാണ്. ഇക്കാലത്ത് ഒരാള്‍ ഇസ്‌ലാമിന്റെ പാതയിലേക്ക് വരിക എന്ന് വെച്ചാല്‍ വിഷമുള്ള മൂര്‍ഖന്‍പാമ്പിനെ സ്വയമെടുത്ത് കഴുത്തില്‍ ചുറ്റുന്നതിന് സമമാണ് എന്ന് ആര്‍ക്കാണറിയാത്തത്. ഈ പ്രയാസകരമായ സാഹചര്യത്തിലും ഇസ്‌ലാമിലേക്ക് ആളുകള്‍ ആകര്‍ശിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം വേറെത്തന്നെ കാണണം.

'ബൈബിളിലെ തെറ്റുകള്‍' എന്ന തെറ്റിദ്ധാരണാജനകമായ ലഘുലേഖവായിച്ചിട്ടാണെന്ന് പറയുന്നതിലും അസ്വഭാവികതയുണ്ട്. എന്തുകൊണ്ട് സ്വന്തം മതഗ്രന്ഥത്തെ പറ്റി ഒരു ലഘുലേഖയോ ലേഖനമോ തങ്ങളുടെ മുന്‍ധാരണകളൊക്കെ മാറ്റാന്‍ എങ്ങനെയാണ് കാരണമാകുന്നത് എന്ന് ഇത്തരം ലേഖനങ്ങള്‍ എഴുതുന്നവര്‍ ഇരുന്ന് ആഴത്തില്‍ തന്നെ അന്വേഷിക്കേണ്ടതുണ്ട്. അതും ബൈബിളില്‍നിന്ന് കോപ്പിയടിച്ച് എഴുതിയതെന്ന് പറയുന്ന ഒരു ഗ്രന്ഥത്തിലേക്ക്. ഡ്യൂബ്ലികേറ്റിന് ഒറിജിനലിനെ വെല്ലുന്ന മഹത്വമോ?. അതേ പ്രകാരം തന്നെ അക്ബറിന്റെ സംവാദവും മാനുഷികമായ ശാരീരികാവശ്യങ്ങളില്‍നിന്ന് പോലും ശരീരത്തെ വിലക്ക് ഈ മാര്‍ഗത്തില്‍ ഒഴിഞ്ഞിരിക്കുന്ന പതിനായിരക്കണക്കിന് മഹാപണ്ഡിതരായ പാതിരിമാര്‍ ഉള്ള ഒരു സംസ്ഥാനത്ത് ഒരു അക്ബറിന് മറുപടിപറയാന്‍ കെല്‍പുള്ള ആളുകള്‍ ഇനിയും വളര്‍ന്ന് വരേണ്ടതായിട്ടുണ്ട് എന്ന് പറയുമ്പോഴും എവിടെയോ അല്‍പം പന്തികേട് തോന്നുന്നു. ഈ പന്തികേട് കണ്ടെത്തുന്നതാണ് ബിലാലിന്റെ പിറവിക്ക് കാരണമാകുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിയോജിക്കാവുന്നതാണെങ്കിലും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് അതാണ്.

ഈ പോസ്റ്റില്‍ പരാമര്‍ശിച്ച സൈറ്റുകള്‍:

1. പ്യൂ ഫോറം (PEW FORUM)
2.  ഗ്ലോബല്‍ ഇസ്ലാം ഫ്‌ളാറ്റ്‌ഫോറം

23 അഭിപ്രായ(ങ്ങള്‍):

Noushad Vadakkel പറഞ്ഞു...

>>>ബിലാലിനേപ്പോലെ നമ്മുടെ മക്കളും ബീരാനും, സുലൈമാനും, നാസറും, സുഹറായും നസീലയുമൊക്കെ ആയിക്കഴിഞ്ഞിട്ട്‌ മാറത്തടിച്ചിട്ട്‌ കഥയില്ല. <<<

ബൈബിളും ഖുര്‍ആനും മനസ്സറിഞ്ഞു വായിക്കുക പോലും ചെയ്യാതെ
പണവും , ചികിത്സയും വാങ്ങി സുലൈമാനും, നാസറും, സുഹറായും നസീലയുമൊക്കെ സോളമനും,ജോസെഫും ,മേരിയും,അന്നമ്മയുമൊക്കെ ആകുമ്പോള്‍ ആരും മാറത്തടിക്കരുതെ ....അത് വര്‍ഗ്ഗീയതയാകും .


മറിച്ചു ബൈബിള്‍ പഠിക്കുകയും അത് ഉദ്ധരിക്കുകയും ചെയ്‌താല്‍, അത് ആരെങ്കിലും ഉള്‍ക്കൊള്ളുകയും ചെയ്തു മതം മാറിയാല്‍ മതേതര മുഖം മൂടികള്‍ സട കുടഞ്ഞു എഴുന്നെല്‍ക്കുകയായി

ഒപ്പം ലവ് ജിഹാദേന്ന മാറത്തടിയും...


അഭിനന്ദനങ്ങള്‍ ലതീഫ്‌ മാസ്റെര്‍ ,ശ്രദ്ധയില്‍ പെടുത്തിയതിനു .നന്ദിയും .

സന്തോഷ്‌ പറഞ്ഞു...

പാതിരിമാര്‍ അക്ബറിന് മറുപടി പറയുവാന്‍ പോകാത്തത് ഇതുകൊണ്ടാണ്, ചില പാസ്റ്റരുമാര്‍ അക്ബറിന് മറുപടി പറയുവാന്‍ പോകുന്നതും ഇതുകൊണ്ടാണ്:

ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്‌തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍റെ യാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്‌. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്‌ക്കു വിധേയനാണവന്‍. ഇതില്‍നിന്ന്‌ അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന്‌ കരുതുന്നവരുമായ മനുഷ്യന്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്‍റെ ഫലമത്രേ. (1 തിമോ. 6:3-5)

ബയാന്‍ പറഞ്ഞു...

ദൈവം ലോകം പണിതു,
ആദ്യത്തെ മനുഷ്യനേയും പണിതു,
അങ്ങയേയും അങ്ങയുടെ ഭാര്യയേയും ദൈവത്തിന്റെ ദാസനാക്കി.

പിന്നെ പുഴ കുറേയൊഴുകി. എത്രയോ റെപ്രസെന്റീവിനെ അയച്ചു.

പിന്നെയെപ്പോഴാ ഈ നാലില്‍ മൂന്ന് ഒഴുകിപ്പോയത്.

ദൈവത്തിന്റെ ഹാര്‍ഡ്‌വേര്‍; ദൈവത്തിന്റെ സോഫ്റ്റ്‌വേര്‍; ദൈവം ഉണ്ടാക്കിയ തലച്ചോറില്‍ ദൈവത്തിന്റെ പ്രോഗ്രാം വര്‍ക്ക് ചെയ്യാത്തതില്‍ മനുഷ്യന് എന്തു പിഴച്ചു.

എങ്കിലും മാര്‍കറ്റിങ്ങ് തുടരുക. ലോകത്ത് ദൈവത്തെ സ്തുതിക്കാന്‍ ഒരു മനുഷ്യന്‍ പോലും ഇല്ലാത്ത സമയത്ത് ലോകം അവസാനിപ്പിക്കും എന്നായിരുന്നു ദൈവത്തിന്റെ ഭീഷണി. എങ്കില്‍ അതൊന്നു കണ്ടിട്ടുതന്നെ.

Noushad Vadakkel പറഞ്ഞു...

@സന്തോഷ്‌ പ്രിയ സഹോദരാ പിന്നെ ഈ വേദ ഗ്രന്ഥങ്ങള്‍ എന്തിനാണ് ? മനുഷ്യ മനസ്സിനോട് സംവദിക്കുന്നവയാകണം ദൈവികമെന്നു അവകാശപ്പെടുന്ന വേദ ഗ്രന്ഥങ്ങള്‍ . വെറുതെ തുറന്നു നോക്കി അടച്ചു വെക്കുന്ന ഒരു ചരിത്ര പുസ്തകം ദൈവികമാകുമോ?

CKLatheef പറഞ്ഞു...

@സന്തോഷ്‌
>>> എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്‌ക്കു വിധേയനാണവന്‍. ഇതില്‍നിന്ന്‌ അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന്‌ കരുതുന്നവരുമായ മനുഷ്യന്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്‍റെ ഫലമത്രേ.<<<

ഈ വാക്കുകളോട് ഞാനും യോജിക്കുന്നു. യരലവയുടെ കമന്റുകളെ ഈ ഗണത്തില്‍ പെടുത്താം. അദ്ദേഹം തുടര്‍ന്നും ഇത്തരം വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അത് ഞാന്‍ നീക്കം ചെയ്യും അതാണ് പതിവ്. ശ്രദ്ധിച്ചുനോക്കുക ചിലവാക്കുകള്‍കൊണ്ടുള്ള കളിയേ അതില്‍ കാണൂ. അത്തരം സംവാദത്തെയാണ് ഇവിടെ വിമര്‍ശിക്കുന്നത്. മറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നടത്തുന്ന നല്ലരീതിയിലുള്ള സംവാദത്തെ ഒരു ദൈവികഗ്രന്ഥവും നിരുത്സാഹപ്പെടുത്തുകയില്ല. നിങ്ങളവരോട് എറ്റവും ഉത്തമമായ നിലയില്‍ സംവാദം നടത്തുക എന്നാമ് ഖുര്‍ആന്‍ പറയുന്നത്. ഇപ്പോളിവിടെ ചിലര്‍ സംവാദത്തിനെതിരായി പരിഹസിക്കുന്നതിന്റെ മനഃശാസ്ത്രം വേറെയാണ്. അത് കാപട്യമായതുകൊണ്ടുതന്നെ അതിന് നിലനില്‍പ്പില്ല. അഭിപ്രായം നല്‍കിയതിന് നന്ദി.

CKLatheef പറഞ്ഞു...

ഇവിടെ ചര്‍ചയില്‍ ഇടപെട്ട നാഷാദിനും തന്റേതായ അഭിപ്രായം നല്‍കിയ യരലവക്കും നന്ദി.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പറഞ്ഞു...

ഞാന്‍ പറയട്ടോ?

jayaharig പറഞ്ഞു...

ലോകത്തില്‍ മുസ്ലീം ജനസംഖ്യയില്‍ ഇന്ത്യക്ക്‌ രണ്ടാമതാണു എന്നാണു ഞാന്‍ കരുതിയിരുന്നത്‌.

പിന്നെ നാലില്‍ നാലും മുസ്ലിം ആയാലും ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി ഞാന്‍ മുസ്ലിം ആണു നീ ഏതാണു എന്നു മാത്രം ചോദിക്കരുത്‌.

M.A Bakar പറഞ്ഞു...

അറുപതുകളുടെ ആദ്യത്തില്‍ രണ്ടാം വത്തിക്കാന്‍ കൌന്‍സില്‍ തീരുമാനപ്രകാരം "ഇസ്ളാമും സാധുതയുള്ള മുക്തിമാര്‍ഗ്ഗങ്ങളിലൊന്നാണ്‌" എന്നാണ്‌ റോം പ്രഖ്യാപിച്ചത്‌.

അതൊരുപക്ഷേ സദുദ്ദേശത്തോടെയായിരിക്കാം. ആ ഉദ്ദേശങ്ങളൊന്നും ഇങ്ങ്‌ കേരളത്തില്‍ എത്തിയിട്ടില്ല എന്നാണ്‌ ചില സഭകളുടെ വിഭ്രാന്തികള്‍ സൂചിപ്പിക്കുന്നത്‌.

മുസ്ളിം സംഖ്യ പെരുകുന്നതില്‍ വെപ്രാളപ്പെടുന്ന ഇന്നത്തെ സഭയുടെ മാനസിക സങ്കോചം , റോമിണ്റ്റെ ആ പ്രഖ്യാപനത്തിണ്റ്റെ സദുദ്ദേശം മൂല്യബദ്ദമാക്കുന്നില്ല.

കാരണം മുക്തി യേശുവിലൂടെ മാത്രമാവണമെന്ന വാശിയിലേക്ക്‌ അവര്‍ തിരിച്ചുപോയി എന്നര്‍ഥം..

CKLatheef പറഞ്ഞു...

@Muhammed Shan
അരിയെത്രെ എന്നതിന് പയരഞ്ഞാഴി രൂപത്തിലുള്ള മറുപടിയായിപ്പോയി ഇത്. മുസ്ലിം നാമധാരികള്‍ പെരുകുന്നതില് അഭിമാനിതരാകുന്ന ആരെയും എനിക്ക് പരിചയമില്ല. ഉണ്ടെങ്കില്‍ ഇതിനെക്കാള്‍ നല്ല മറുപടി ഇസ്ലാമിന്റെ ബാനറില്‍ നിന്ന് എനിക്ക് നല്കാനുമുണ്ട്. ചുരുക്കത്തില്‍ ഇസ്ലാമിനെക്കുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞു എന്ന് തോന്നിയാല്‍ അവിടെ വന്ന് അതുമായി ബന്ധമില്ലെങ്കിലും മോശമായ രണ്ട് വര്ത്തമാനം പറയുക. പരിഹസിക്കുന്നിടത്ത് ചെന്ന് അതില്‍ കൂടിക്കൊടുക്കുക ഇതൊരു രോഗമായി മാറുകയാണോ ഷാന് എന്ന് തോന്നും താങ്കളുടെ അഭിപ്രായം വായിക്കുന്പോള്‍.

CKLatheef പറഞ്ഞു...

@kootharamapla öകൂതറ മാപ്ല
താങ്കള്‍ക്കുള്ളത് ഷാന് പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇനിയുംവേണോ ?.

CKLatheef പറഞ്ഞു...

@jayaharig
ഞാനും അതുതന്നെയാണ് മനസ്സിലാക്കിയിരുന്നത്. ഈ പറഞ്ഞത് എത്രകൃത്യമാണ് എന്ന് പരിശോധിച്ചിട്ടില്ല.

താങ്കളോടെന്നെല്ല ആരോടും അങ്ങനെ ചോദിക്കേണ്ടതില്ല.

പക്ഷെ ഇവിടെ താങ്കള്‍ക്ക് അത് കേള്ക്കുന്പോഴുണ്ടാകുന്ന പ്രയാസമാണെങ്കില്‍ ഇവിടെ ക്വാട്ട് ചെയ്തതുപോലുള്ള ലേഖനങ്ങള്‍ വായിച്ച്, ഒരു സാധുമുസ്ലിം ദൈവത്തെ സ്തുതിച്ചുപോയാല്‍ അയാളെ പിടിച്ചിറക്കിയിട്ടേ വിമാനം പറത്താന്‍ അനുവദിക്കൂ എന്ന നിലയിലേക്ക് വളരുകയാണ് കാര്യങ്ങള്‍. മുസ്ലിം പേരുണ്ടെങ്കില്‍ ഷാനിനും ഷാറൂഖിനും ഫ്ലാറ്റ് ലഭിക്കാത്ത അവസ്ഥ അവരുടെ കൂട്ടത്തിലെ അല്പബുദ്ധികള് സൃഷ്ടിക്കുന്നതാണെങ്കിലും ഒരു രാജ്യത്തിനും സമൂഹത്തിനും അഭിമാനിക്കത്തക്കതല്ല.

CKLatheef പറഞ്ഞു...

@M.A Bakar

റോമിനെയോ പോപ്പിനെയോ അംഗീകരിക്കുന്നവരായിരിക്കില്ല പലപ്പോഴും ഇത്തരം ആളുകള്‍ എന്ന് കരുതി സമാധാനിക്കാം.

പിന്നെ മുക്തിയേശുവിലൂടെ എന്ന വാശിയിലേക്ക് തിരിച്ചുപോയത് കൊണ്ടുമാത്രം സഹിഷ്ണുത നഷ്ടപ്പെടണമെന്നില്ല. അത് അവരുടെ വിശ്വാസം. എല്ലാം സത്യമെന്ന് അംഗീകരിക്കുക അല്ലെങ്കില് എല്ലാമതവും (തങ്ങളുടെ യുക്തിമതമൊഴികെ) കളവാണെന്ന് പറയുക ഇവരാണ് യഥാര്ഥ സൌഹൃദത്തിന്റെ ആളുകളെന്ന തെറ്റിദ്ധാരണ എനിക്കില്ല.

ക്ഷമ പറഞ്ഞു...

@ M.A Bakar
ബക്കര്‍ , ഈ പറഞ്ഞതിന്റെ വല്ല ലിങ്കുകളോ ലേഖനങ്ങളോ ലഭ്യമാണെങ്കില്‍ നല്‍കാമോ? ഇതെന്താണെന്നു അറിയുവാനാണ്. കൂട്ടത്തില്‍ ഒരു ചോദ്യവും കൂടി, കത്തോലിക്കര്‍ ഇസ്ലാമിനെ അംഗീകരിച്ചതുപോലെ നിങ്ങള്‍ തിരിച്ചു അവരെ അംഗീകരിക്കുന്നുണ്ടോ?

ലത്തീഫ് എടുത്തെഴുതിയിരിക്കുന്ന ലേഖനം പന്തക്കൊസ്തു വിഭാഗത്തിന്റെ വെബ്‌സൈറ്റിലെ ആണ്. അവര്‍ മാര്‍പ്പാപ്പയെ അംഗീകരിക്കുന്നവര്‍ അല്ല. ക്രിസ്ത്യാനികള്‍ എല്ലാവരും മാര്‍പ്പാപ്പയുടെ അധീനതിയില്‍ ഉള്ളവര്‍ ആണ് എന്ന് വിചാരിക്കരുത്. മാര്‍പ്പാപ്പയെ അംഗീകരിക്കാത്ത ധാരാളം വിഭാഗങ്ങള്‍ ക്രിസ്ത്യാനികളുടെ ഇടയിലുണ്ട്.

@ CKLatheef

ലത്തീഫ്, മുസ്ലിം നാമധാരികള്‍ പെരുകുന്നതില്‍ അഭിമാനം കൊള്ളുന്ന ആരെയും നിങ്ങള്‍ക്ക് പരിചയമില്ല എന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും സത്യമാണോ? മലയാളത്തില്‍ തന്നെ അത്തരം വിവരങ്ങള്‍ അഭിമാനപൂര്‍വ്വം നല്‍കുന്ന വെബ്‌സൈറ്റ് ഉണ്ട്. നിങ്ങള്‍ ഇതുവരെ അത് കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്. ഇത്തരം ആളുകള്‍ തന്നെ തങ്ങളുടെ കാഴ്ചപ്പാടിലേക്ക് മറ്റു മുസ്ലിം വിഭാഗങ്ങളില്‍ നിന്നും ആളുകള്‍ വരുന്നതിനെയും ഉയര്‍ത്തിക്കാട്ടാറുണ്ട്.

ഷാന്‍ പറഞ്ഞതിലും കാര്യമില്ലാതെയില്ല. നാലില്‍ നാലും മുസ്ലിം ആയാലും ഏതാണ് ശരി എന്ന കാര്യത്തില്‍ തമ്മില്‍ തല്ലു ഉറപ്പാണ്. അതിന്റെ ഒരു ചെറിയ പതിപ്പല്ലേ "ജമാഅത്തെ ഇസ്‌ലാമി" എന്ന സംഘടനയുടെ പേരില്‍ നിങ്ങള്‍ പരസ്പരം നടത്തുന്ന വാദപ്രതിവാദങ്ങള്‍ . ലോകത്ത് ഒരു ബിന്‍ ലാദന്‍ ഉള്ളതിന്റെ കുഴപ്പം ആണ് "ഒരു സാധുമുസ്ലിം ദൈവത്തെ സ്തുതിച്ചുപോയാല്‍ അയാളെ പിടിച്ചിറക്കിയിട്ടേ വിമാനം പറത്താന്‍ അനുവദിക്കൂ എന്ന നിലയിലേക്ക്" കാര്യങ്ങള്‍ എത്തിക്കുന്നത്. അതിനു മുഴുവന്‍ ലോകത്തെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

****ലോകത്ത് ഒരു ബിന്‍ ലാദന്‍ ഉള്ളതിന്റെ കുഴപ്പം ആണ് "ഒരു സാധുമുസ്ലിം ദൈവത്തെ സ്തുതിച്ചുപോയാല്‍ അയാളെ പിടിച്ചിറക്കിയിട്ടേ വിമാനം പറത്താന്‍ അനുവദിക്കൂ എന്ന നിലയിലേക്ക്" കാര്യങ്ങള്‍ എത്തിക്കുന്നത്. അതിനു മുഴുവന്‍ ലോകത്തെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.*** കുഴപ്പം ലോകത്തിണ്റ്റെ തന്നെയാണു. ഒരാള്‍ കള്ളനൊ പിടിച്ചു പറിക്കാരനോ ആണെന്ന് കരുതി മറ്റാരെയെങ്കിലും കാണുബ്ബോഴേക്കും കള്ളന്‍ എന്നു പറഞ്ഞു പിടിക്കാമോ?!! അങ്ങിനെ ചെയ്താല്‍ അതിലെ 'യുക്തി' എന്താണു? ഒരു സന്തോഷ്‌ മാധവന്‍, ഒരു നിത്യാനന്ദ സ്വാമി ഇവരൊക്കെ തട്ടിപ്പും വെട്ടിപ്പും നടത്തിയതുകൊണ്ട്‌ കാഷായ വസ്ത്രമണിഞ്ഞവരൊക്കെ അങ്ങിനെയാണെന്നാണോ?! ഒരു പ്രവീണ്‍ തൊഗാഡിയ, മുത്തലിഖ്‌, ബാല്‍താക്കറെ തുടങ്ങിയവരൊക്കെ തീവ്രവാദികളാണെന്ന് കരുതി എല്ലാ ഹിന്ദുക്കളും തീവ്രവാദിയാണോ?! മനസ്സിലാകാത്തതുകൊണ്ട്‌ ചോദിച്ചതാണു, പ്ളീസ്‌ ക്ഷമി ക്ഷമ.

ചിന്തകന്‍ പറഞ്ഞു...

ലോകത്ത് ഒരു ബിന്‍ ലാദന്‍ ഉള്ളതിന്റെ കുഴപ്പം ആണ് "ഒരു സാധുമുസ്ലിം ദൈവത്തെ സ്തുതിച്ചുപോയാല്‍ അയാളെ പിടിച്ചിറക്കിയിട്ടേ വിമാനം പറത്താന്‍ അനുവദിക്കൂ എന്ന നിലയിലേക്ക്" കാര്യങ്ങള്‍ എത്തിക്കുന്നത്. അതിനു മുഴുവന്‍ ലോകത്തെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

വളരെ അത്ഭുതകരമായ ന്യായീകരണങ്ങള്‍ തന്നെ!!!!!!!!!!!!!!!!

ക്ഷമ പറഞ്ഞു...

കുരുത്തംകെട്ടവന്‍, എല്ലാം എല്ലാവര്‍ക്കും മനസ്സിലാകണം എന്നില്ലല്ലോ.
ചിന്തകന്‍, ചില കാര്യങ്ങള്‍ ഇതുപോലെയാണ് , ചിലരെ അത്ഭുതപ്പെടുത്തും.

എന്റെ ആ കമന്റില്‍ വേറെയും പല കാര്യങ്ങളും എഴുതിയിരുന്നു. അവയില്‍ നിങ്ങള്‍ അഭിപ്രായം ഒന്നും പറഞ്ഞില്ല .

സന്തോഷ്‌ പറഞ്ഞു...

>> മനുഷ്യ മനസ്സിനോട് സംവദിക്കുന്നവയാകണം ദൈവികമെന്നു അവകാശപ്പെടുന്ന വേദ ഗ്രന്ഥങ്ങള്‍ . വെറുതെ തുറന്നു നോക്കി അടച്ചു വെക്കുന്ന ഒരു ചരിത്ര പുസ്തകം ദൈവികമാകുമോ? <<

നൌഷാദിന്റെ ചോദ്യത്തിനു ഉത്തരം ഇവിടെ ഉണ്ട്.

kappimala പറഞ്ഞു...

"ഒരു പരസ്യമായ ഫോറത്തില്‍ വെച്ച്‌ `‌നിച്ച്‌ ഓഫ്‌ ട്രൂത്ത്‌'ലെ എം.എം.അക്‌ബറിനേപ്പോലുള്ള മുസ്ലിം പണ്ഡിതന്മാരെ ആശയപരമായി ജയിക്കാന്‍ തക്ക പ്രാപ്‌തിയുള്ളവര്‍ പെന്തെക്കോസ്‌തരുടെയിടയില്‍ ഉണ്ടോ എന്ന്‌ സംശയമാണ്‌."
Dear Latheef you may kindly note the above said words from your blog. You know the 'Pentecost’s' are the Protestants in the Christianity & their number is too small considered to all other Protestants in Christianity. Roman Catholics are coming under Pop & they are the official one & others are protestants .You said the 'pathirimar'- here in kerala you can’t see a Pentecost in a white Cassock (loha)/ any one of them from www.hallelujah.in.

And one fact is that you were taking the article from hallelujah website. That’s not an official site of RC. You have just taken on an article related to Pentecost- a minority in Christianity- and knowingly or unknowingly you just applied this to the whole Christian community.

So, if you want to write an article related to anything, first study the subject deeply then writes. That article will definitely appreciate out side of your community.

CKLatheef പറഞ്ഞു...

പ്രിയ ജോര്‍ജ്,

താങ്കള്‍ ചൂണ്ടികാണിച്ചത് വസ്തുതയാണെങ്കിലും. പോസ്റ്റിന്റെ ഊന്നല്‍ അവിടെയല്ല എന്ന് വ്യക്തമാണല്ലോ. സ്വന്തം മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറാനുള്ള ഒരാളുടെ അവകാശം അംഗീകരിച്ചുകൊടുക്കേണ്ടതും, അതേ പോലെ അത്തരമൊരുമാറ്റം എന്തെങ്കിലും ഭൗതിക താല്‍പര്യം മാത്രമായിരിക്കുമെന്ന് കണ്ടെത്തുന്നതും ശരിയായ നിലപാടല്ല എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേ പ്രകാരം മാറ്റം ഇസ്‌ലാമിലേക്കാകുമ്പോള്‍ അത് അപകടകരമാകും എന്നതും അംഗീരിക്കാനാവില്ല. അതല്ലാതെ ക്രൈസ്തവമതത്തില്‍ ബൈബിള്‍ പണ്ഡിതന്‍മാരില്ലെന്നോ മറ്റും എനിക്ക് വാദമില്ല. അബദ്ധം ചൂണ്ടിക്കാണിച്ചതിന് നന്ദി.

Thomas George Mullackal പറഞ്ഞു...

സൗദിയില്‍ എത്ര മുസ്ലീങ്ങളുടെയല്ലാത്ത മതങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ അനുവദിക്കാറുണ്ട്?! അഭിപ്രായ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും മുസ്ലീം രാജ്യങ്ങള്‍ എന്തു മാത്രം ബഹുമാനിക്കാറുണ്ട്? ഒരാള്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ അതയാളുടെ സ്വാതന്ത്യമാണു എന്നു മാനിച്ച് അംഗീകരിക്കുവാന്‍ എത്ര മുസ്ലീം സുഹൃത്തുക്കള്‍ക്കാകും?

CKLatheef പറഞ്ഞു...

@thomas
ഇസ്‌ലാമിനെ അതിന്റെ ആദിമവിശുദ്ധിയോടെ പുനരവതരിപ്പിക്കുക എന്ന ദൗത്യത്തോടൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് പ്രയാസമില്ല. ഇസ്‌ലാമിക വ്യവസ്ഥിതി ബഹുസ്വരതെയെ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യും. അതിന് തെളിവായി കാണിക്കാനുള്ള പ്രവാചകന്റെ മദീനയും ശേഷം നിലവില്‍വന്ന് ഖലീഫമാരുടെ കീഴിലുള്ള ഭരണവുമാണ്. പ്രവാചകന്റെ പള്ളിയില്‍വരെ ക്രൈസ്തവസംഘത്തിന് പ്രാര്‍ഥനക്ക് അനുവാദം നല്‍കിയത് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. അതേ പ്രകാരം മദീനയിലുണ്ടായിരുന്ന ജൂതഗോത്രങ്ങള്‍ക്ക് നല്‍കപ്പെട്ട സ്വാതന്ത്ര്യം മഹത്തരമായിരുന്നു. അവര്‍ക്ക് അവരുടെ വേദഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി വിധിനടത്താനുള്ള സ്വയം നിര്‍ണയാവകാശം വരെ ഇസ്‌ലാമിക രാഷ്ട്രപരിധിയില്‍ നല്‍കപ്പെട്ടിരുന്നു. പിന്നീട് അവര്‍ പ്രവാചകനെതിരെ യുദ്ധത്തിന് വരികയും അവരെ മദീനക്ക് പുറത്തേക്ക് പോകുവാന്‍ അനുവദിക്കുകയും ചെയ്തു രണ്ട് ഗോത്രങ്ങള്‍ക്കാണ് ഈ ആനൂകൂല്യം ലഭിച്ചത്. എന്നാല്‍ ഒരു ഗോത്രം വീണ്ടും തെറ്റ് ആവര്‍ത്തിക്കുക മാത്രമല്ല. ഏറ്റവും അനിവാര്യമായ ഒരു സന്ദര്‍ഭത്തില്‍ ഒറ്റുകൊടുത്ത് കടുത്ത രാജ്യദ്രോഹം ചെയ്തതിനാല്‍ അവരിലെ യോദ്ധാക്കളെ വധിക്കുകയുണ്ടായി. എങ്ങിലും വളരെ അനിവാര്യമായ ഒരു സന്ദര്‍ഭത്തിലാണ് ഈ നടപടിയുണ്ടായത് എന്ന് ചരിത്രത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും കഴിഞ്ഞ പോസ്റ്റുകളില്‍ ഞാനത് വിശദീകരിച്ചിട്ടുണ്ട്.

ഒരാളുടെ തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം മാനിക്കപ്പെടണമെന്ന് തന്നെയാണ് ഇസ്്‌ലാം ആവശ്യപ്പെടുന്നത്. ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ അല്ലാത്തവര്‍ അവിശ്വസിക്കട്ടെ (18:29) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മതം മാറ്റം തനിച്ച് ക്രിമിനല്‍ ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായി ഇസ്്‌ലാം കാണുന്നില്ല. മതത്തില്‍ ബലാല്‍കാരമില്ല (2:257)എന്ന ഖുര്‍ആന്‍ സൂക്തവും അതിനെ സാധൂകരിക്കുന്നു. എന്നാല്‍ അതൊടൊപ്പം രാജ്യദ്രോഹമോ ഇസ്‌ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമത്തിന് വേണ്ടി ചാരപ്പണി ഉദ്ദേശിച്ചോ ആണ് അപ്രകാരം ചെയ്യുന്നതെങ്കില്‍ ഇസ്‌ലാമിക ഗവണ്‍മെന്റിന് അയാള്‍ക്ക് വധശിക്ഷ നല്‍കാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.

എന്നാല്‍ ഒരു കാരണവശാലും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മുസ്‌ലിമായി ജനിച്ച ഒരാള്‍ ഏത് മതത്തിലേക്ക് പോകുന്നതും മതനിഷേധം സ്വീകരിക്കുന്നതും അനുവദിക്കേണ്ടതാണ്. കാരണം നേരത്തെ പറഞ്ഞ കുഴപ്പം ഇവിടെ പ്രസക്തമല്ല. മതമാറിയതിന്റെ പേരില്‍ ആരെയും ഉപദ്രവിക്കാന്‍ ലോകത്തിലെ ഏത് കോണിലെ ആളുകള്‍ക്കും വ്യക്തികളെന്ന അടിസ്ഥാനത്തില്‍ അനുവാദം ഇല്ല. അത്തരം കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് ഇസ്്‌ലാമിന്റെ കാഴ്ചപ്പാട്.

സൗദി അറേബ്യയും മറ്റനേകം മുസ്ലിം രാജ്യങ്ങളും ഏകാധിപത്യ-രാജാധിപത്യ-രാഷ്ട്രങ്ങളാണ്. അവയ്ക്ക പല ദൗബല്യങ്ങളുമുണ്ട്. അവയെ ഇസ്്‌ലാമിന്റെ കാഴ്ചപ്പാടില്‍ നിന്ന് ന്യായീകരിക്കാനാവില്ല. എങ്കിലും സൗദി ഒഴികെയുള്ള പല രാജ്യങ്ങളും അന്യമതങ്ങളുടെ ആരാധനാലയങ്ങള്‍ (അവിടെ പൗരന്‍മാര്‍ മുഴുവന്‍ മുസ്്‌ലിംകളായിട്ട് പോലും) നിര്‍മിക്കാനും നമ്മുടെ നാട്ടിനെപ്പോലെ ഒരു പക്ഷെ അതിനേക്കാളേറെ ആരാധനാ സ്വാതന്ത്ര്യം നല്‍കുന്നതും ഞാന്‍ തന്നെ കണ്ടിട്ടുണ്ട്.

ഇത്രവിശദമായി മറുപടി താങ്കള്‍ പ്രതീക്ഷിരിക്കാനിടയില്ലെങ്കിലും പകുതി പറഞ്ഞാല്‍ യുക്തിവാദി നിഷേധികള്‍ ചാടിവീഴാനിടയുള്ളതിനാല്‍ ആവശ്യമായത് മുഴുവന്‍ പറഞ്ഞതാണ്.

വളരെ സൗഹാര്‍ദ്ദപൂര്‍ണമായ താങ്കളുടെ അന്വേഷണങ്ങള്‍ക്ക് പ്രത്യേകം നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review