2017, ജൂലൈ 9, ഞായറാഴ്‌ച

ശ്രീ. സെൻകുമാറിനോട് പറയാനുള്ളത്.

ശ്രീ സെൻകുമാറിന് അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുക എന്നത് തന്നെ ഒരു ഭ്രാന്താണ് എന്നാണ് എന്റെ പല സുഹൃത്തുക്കളുടെയും അഭിപ്രായം. ശരിയായിരിക്കാം. അദ്ദേഹം ഇത്രയും അജ്ഞനാണ് എന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമുണ്ട്. എന്നാൽ നിത്യജീവിതത്തിൽ പലയിടത്ത് നിന്നായി സമാനമായ പല ആരോപണങ്ങളും ഉയർന്ന് കേട്ടിട്ടുണ്ട്. മതപ്രബോധനം എന്നതിന് ഇപ്പോൾ ഒരൊറ്റ വ്യാഖ്യാനമേ ഉള്ളൂ മതം മാറ്റൽ, അത് മുസ്ലിം സംഖ്യകൂട്ടാനുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ്. അങ്ങനെ കൂടിയാലോ മുസ്ലികളല്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ സാധ്യമല്ല. ഒന്നുകിൽ പലായനം ചെയ്യേണ്ടിവരും അല്ലെങ്കിൽ കൂട്ടകൊലക്ക് ഇരയാകും. സൌദിയിലൊന്നും മുസ്ലികളല്ലാത്ത ആരും ഇല്ലാത്തത് അതുകൊണ്ടല്ലേ. ഈ പൊതുബോധം ഭരണകൂടത്തെയാകെ ഗ്രസിച്ചതുകൊണ്ടാണ്. എം.എം അക്ബറും സാക്കിർനായിക്കുമൊക്കെ ഭീകരൻമാരാകുന്നത്. ഇത് ഇവിടെ പരാമർശിക്കപ്പെട്ട വ്യക്തി അറിയുമോ വായിക്കുമോ എന്നൊന്നും പ്രശ്നമല്ല. എനിക്കിപ്പോൾ ഈ വിഷയത്തിൽ ചെയ്യാനാവുന്നത് ഇത്രമാത്രം. അത് ഞാൻ ചെയ്യുന്നു.  ഇത്തരം കാര്യങ്ങൾ പറയാൻ വേണ്ടി തന്നെയാണ് ഒരു കാലത്ത് ഈ ബ്ലോഗ് ഇവിടെ നിർമിച്ചത്. പക്ഷെ അന്ന് സൈബർ മേഖലയിലെ ചില യുക്തിവാദികൾ മാത്രമായിരുന്നു ഉന്നം. അവരെ വായിക്കുന്നവരും. എന്നാൽ ഇന്ന് അവരുടെ അതേ ചിന്താഗതി വച്ച് പുലർത്തുന്നവർ വർദ്ധിച്ച സാഹചര്യത്തിൽ ഇവിടെ കാലങ്ങൾക്ക് ശേഷം ഒരു പോസറ്റ് ഇടുകയാണ്. വിയോജിപ്പ് അറിയിക്കാനുള്ള അവസരം കമന്റ് ബോക്സിൽ ഉപയോഗപ്പെടുത്താം .....

*************************

മുൻ ഡി.ഐ.ജി. ടി.പി സെൻകുമാറിന്റെ അഭിമുഖത്തിലെ വാക്കുളിൽ ഒരു സാധാരണ മുസ്ലിമിന് തോന്നുന്ന പ്രതികരണവും ആശങ്കയും അൽപം മറുചോദ്യവും. ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ.. 

((മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍.
മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം.))
----------------------------


 (മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. )

തീർച്ചയായും മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ കേരളത്തിലെ സംഘ്പരിവാർ ശക്തികൾ കേരളത്തിൽ നടത്തികൊണ്ടിക്കുന്ന അക്രമവും കൊലയും ഏത് ഘണത്തിലാണ് താങ്കൾ പെടുത്തിയിട്ടുള്ളത് എന്നറിയാൻ താൽപര്യമുണ്ട്. ഒരു പാട് വികല ധാരണകൾ വെച്ചുപുലർത്തുന്ന താങ്കളുടെ പരിഹാര നടപടികളെ സംബന്ധിച്ച് അത് ഏകപക്ഷീയമായിപ്പോകുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ട്. തീവ്രവാദവും ഭീകരവാദവും വളരുന്നത് ഒന്നിച്ചാണ്. ഒറ്റക്കല്ല. സഘ്പരിവാരം നടത്തുന്ന ഭീകരതയെ ഭീകരതയായി കാണുന്നില്ലെങ്കിൽ നിങ്ങൾ പറയുന്ന ഭീകരവാദങ്ങളെ നേരിടാൻ ഗവ. വല്ലാത്ത സാഹസം കാണിക്കേണ്ടിവരും. 


 ((മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്..))


ശരിയാണ് താങ്കൾ പറയുന്നത് ആരോപണവിധേയമാകുന്ന സമുദായത്തിന്റെ പിന്തുണ വേണം. എന്നാൽ കേവല പിന്തുണയല്ല പൂർണ പിന്തുണതന്നെ മുസ്ലിം സമൂഹം നൽകികൊണ്ടിരിക്കുന്നുണ്ട്. കേരളത്തിൽ നടന്നത് പോലെ മുസ്ലിം തീവ്രവാദത്തിനെതിരെ നിലവിലെ മുസ്ലിം സംഘടനകളിൽ നിന്നൊക്കെ പൂർണ്ണമായി പിന്തുണ ലഭിക്കുന്ന സ്ഥലം വേറെയുണ്ടാവില്ല. ഇതുവരെ ഭീകരമായ ആക്രമണങ്ങളോ കൊലപാതകങ്ങളോ ഒന്നും അവരുടെ പക്കൽ നിന്ന് സംഭവിച്ചിട്ടില്ലെങ്കിലും വഴിപാടെന്ന പോലെ ആറ് മാസത്തിലൊരിക്കൽ എന്ന നിലക്ക് ഭീകരവാദ സംഘടനാ ക്യാമ്പയിനും യാത്രയും നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ അറിയപ്പെട്ട തീവ്രവാദ പ്രവർത്തനങ്ങൾ തൊടുപുഴ അധ്യാപകന്റെ കൈവെട്ടലും, ഇരുപതോ അൽപം അധികമോ ആളുകളുടെ എങ്ങോട്ടെന്നില്ലാത്ത തിരോധാനവും ആണല്ലോ. 



പിന്നെ ഈ ഡീറാഡിക്കലൈസേഷൻ എന്നതുകൊണ്ട് താങ്കളെന്താണ് ഉദ്ദേശിച്ചതെന്ന് മുസ്ലിം സംഘടനാ നേതാക്കൾക്ക് വിശദീകരിച്ചുകൊടുക്കണം. താങ്കളെ ഈ വിഷയത്തിൽ സഹായിക്കാനാവുമോ എന്നവർ ചർച ചെയ്യട്ടെ. ഹമീദ് ചേന്ദമംഗല്ലൂരും എം.എൻ. കാരശേരിയും മുന്നിൽനിന്ന് ചെയ്യേണ്ട പ്രവർത്തനമാണ് താങ്കളതുകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ അക്കാര്യത്തിൽ മുസ്ലിം സമുദായം നിസ്സഹയരായിക്കുമെന്ന് അറിയിക്കാൻ ആരോടും ചോദിക്കേണ്ടതില്ല. മുസ്ലിം സമുദായത്തിലെ നല്ല ആളുകൾ എന്ന് ഇവരെയാണോ താങ്കളുദ്ദേശിക്കുന്നത്. ഏത് നിലക്കാണ് അവർ നല്ലവരായി തീരുന്നത് എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.  


((ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍.
മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം))


തീവ്രവാദത്തെ കേരളത്തിൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് താങ്കളീ പറഞ്ഞ നല്ല ആളുകളെ വെച്ചല്ല എന്ന് താങ്കൾ മനസ്സിലാക്കണം. മുസ്ലിം സമൂഹത്തിൽ നിന്ന് പത്താളുകളുടെ പോലും പിന്തുണയില്ലാത്ത ഇവരുടെ വാചോടാപത്തിന് പുല്ലുവില മുസ്ലിംകളിലാരും കൽപിക്കുന്നില്ല. ചില ചാനലുകളും പത്രങ്ങളുമൊക്കെ മുസ്ലിം പ്രതിനിധാനമായി അവരെ അവതരിപ്പിക്കുന്നത് ചില അജണ്ടകൾ കണ്ടുകൊണ്ടാണ് എന്ന് മുസ്ലിംകൾ മനസ്സിലാക്കിയിട്ടുണ്ട്. ചില വർഗീയ ഫാസിസ്റ്റുകളുടെ വാക്കുകൾ മുസ്ലിം പേരിൽനിന്നുകൂടി കേൾപ്പിക്കുക എന്നതിനപ്പുറം ഒരു ധർമവും അവർ കേരളീയ സമൂഹത്തിൽ നിർവഹിക്കുന്നില്ല. 



ഐ.എസ്സും, ആർ.എസ്.എസും യാതൊരു താരതമ്യവുമില്ല എന്നവാദം മുസ്ലിംകൾക്കും അംഗീകരിക്കാൻ പ്രയാസമുണ്ടാവില്ല. ചെയ്യുന്ന ക്രൂരതയുടെ കാര്യത്തിൽ ഒരു പടിയല്ല പല പടി ആർ.എസ്സ്.എസ് മുന്നിലാണ്. അതിനാൽ അതിലും താരതമ്യം സാധ്യമല്ല. ഐ.എസ് എന്നത് പെട്ടെന്ന് പൊട്ടിമുളച്ച താൽക്കാലിക പ്രതിഭാസമാണ്. അതിനെ നിർമിച്ചുവിട്ടവരുടെ ലക്ഷ്യം ദുരൂഹമാണ്. അത് സ്വയം ഇല്ലാതാവുകയോ തകർക്കപ്പെടുകയോ ചെയ്യും. ലോകവ്യാപകമായി ചിലപ്പോൾ അവരിലെ ആളുകൾക്ക് ഭീകരത കാണിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ലോകവ്യാപകമായി അവർക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ കഴിയും എന്ന് അനുഭവത്തിൽനിന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. അവരെല്ലാത്ത മുസ്ലിം സംഘടനകളും മുസ്ലിം രാജ്യങ്ങളുമെല്ലാം ഇസ്ലാമിനും മുസ്ലിംകൾക്കും വളരെയേറെ പ്രയാസവമുണ്ടാക്കുന്ന ഭീകര സംഘമായിട്ടാണ് അവരെ കാണുന്നത്. എന്നാൽ ഏതെങ്കിലും ഹിന്ദു സംഘടന ആർ.എസ്.എസിനെ ഒരു ഭീകരവാദ സംഘമായി എണ്ണുകയോ പരിഗണിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു പക്ഷെ ഹിന്ദു സംഘടനകൾ എന്നത് സംഘ് പരിവാർ സൌകര്യത്തിന് ഉപയോഗപ്പെടുത്തുന്ന ഒരു കൂട്ടമാകാം. അതേ സമയം മതേതര രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന മഹാഭൂരിപക്ഷം ഹിന്ദുസഹോദരൻമാരും ആർ.എസ്.എസിനെയും സംഘ് പരിവാറിനെയും നന്നായി പ്രതിരോധിക്കുന്നു. ഇതിലാണ് മുസ്ലിംകൾ ആശ്വസിക്കുന്നതും. ആ നല്ല ഹിന്ദുക്കളിലാരും താങ്കളെ പോലെ സംസാരിക്കുന്നത് ഞങ്ങളാരും കേട്ടിട്ടില്ല. 


മുസ്ലിംകളിലും നല്ല മുസ്ലിംകളുണ്ടെന്ന താങ്കളുടെ സർട്ടിഫിക്കറ്റ്, ആരെ ഉദ്ദേശിച്ചാണ് എന്ന് താങ്കളുടെ വാക്കുകളിൽ തന്നെ സൂചനയുള്ളതിനാൽ ആ സർട്ടിഫിക്കറ്റ് തൽകാലം ഏറ്റുവാങ്ങാൻ മുസ്ലിം സമൂഹം സന്നദ്ധരായിരിക്കില്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. നല്ല മുസ്ലിം ആരാണ് എന്ന് പറഞ്ഞു തരുന്നത് ഖുർആൻ തന്നെയാണ്. അതനുസരിച്ച് കാരശേരിയും ഹമീദും അതിൽ പെടാനുള്ള സാധ്യത വിരളമാണ്. 
കേരളത്തിൽ മുസ്ലിംകൾ സമാധാനത്തോടെ ജീവിക്കുന്നു. പക്ഷെ അതിന്റെ ക്രഡിറ്റ് വർഗീയവിഷം തീണ്ടാത്ത ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലിംകൾക്കുമാണ് എന്ന കാര്യം തങ്കളും മറന്നുപോകരുത്. ഈ സമാധാനാന്തരീക്ഷം വല്ലാത്ത അസ്വസ്തതയോടെയാണ് സംഘ്പരിവാർ നോക്കിക്കാണുന്നത് എന്നും തോന്നിയിട്ടുണ്ട്. 


 ((ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവര്‍ക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങള്‍ നമ്മള്‍ നടത്തിയേ പറ്റുകയുള്ളു. ഇപ്പോള്‍ അവര്‍ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്.))



മുസ്ലിംകളുടെ നിത്യജീവിത്തിന്റെ ഭാഗമായ ഒരു പദത്തെ ഇത്രഭീകരമായിട്ടാണല്ലോ താങ്കൾ മനസ്സിലാക്കിയിട്ടുള്ളത് എന്നറിയുമ്പോൾ വല്ലാത്ത ഭീതി തോന്നുന്നു. താങ്കൾ ജിഹാദിന് നൽകിയ നിർവചനം മുസ്ലിംകൾ നൽകുന്നതല്ല. ഇസ്ലാമിനെ ശത്രുതയോടെ വീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ബോധപൂർവ്വം നൽകുന്ന വിശദീകരണമാണ്. താങ്കളെപോലെ ഉന്നത സ്ഥാനത്തിരുന്ന ഇരിക്കാൻ ഇനിയും ആഗ്രഹിക്കുന്ന ഒരാൾക്ക് ഇത്ര വലിയ തെറ്റിദ്ധാരണ ഉണ്ടാവരുതായിരുന്നു. ഐ.എ.എസ്സിന്റെയും ഐപിഎസ്സിന്റെയും സിലബസിൽ മതവിശ്വാസങ്ങളെക്കുറിച്ച നല്ല ഒരു പഠനം കൂടി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ട് എന്നാണിത് മനസ്സിലാക്കുന്നത്. കുട്ടികളെ അറിയാത്തവർ അധ്യാപകരാകാൻ യോഗ്യരല്ല എന്ന് പറയുന്നത് പോലെ, വിവിധ മതങ്ങളുൾക്കൊള്ളുന്ന ജനങ്ങൾക്ക് സേവകരായി നിയമിക്കപ്പെടുന്നവർ ഒരു വിഭാഗത്തെക്കുറിച്ച് ഇത്ര തെറ്റായ ധാരണ വെച്ചുപുലർത്തിയാലോ. 


ജിഹാദ് എന്നാൽ ഒരു മുസ്ലിം തന്റെ ജീവിതത്തിൽ തന്റെ ഭക്ഷണവും വെള്ളവും പോലെ ദൈനം ദിനം നിർവഹിക്കേണ്ട കർമമാണ്. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നത് പോലും ഒരു ജിഹാദ് തന്നെയാണ് എന്ന് പഠിപ്പിക്കുന്നത് മുഹമ്മദ് നബിയാണ്. അധ്വാന പരിശ്രമം എന്നാണ് മലയാളത്തിൽ അതിന് പറയാവുന്ന അർഥം. ശത്രുക്കൾ സായുധമായി രംഗത്ത് വരുമ്പോൾ ഇസ്ലാമിക ഭരണകൂടം അതിനെ സായുധമായി ചെറുക്കുന്നതും ജിഹാദ് എന്ന ഗണത്തിലാണ് വരിക. തന്റെ ധനമോ ജീവനോ അപകടകരമാകുമ്പോൾ അതിനെതിരെ ചെറുത്ത് നിൽപ്പുനടത്തുന്നതും ജിഹാദാണ്. ഈ പോസ്റ്റ് ഞാനെഴുതുന്നതും ജിഹാദിന്റെഭാഗമായിട്ടാണ്. ജിഹാദിനെ ഒരു അമുസ്ലിമും ഒട്ടും പേടിക്കേണ്ടതില്ല. ബഹുമാന്യനായ സെൻകുമാർ പറഞ്ഞ ഒരു വ്യാഖ്യാനം മുസ്ലിം സമൂഹത്തിലെ ഒരു സംഘവും നൽകുന്നില്ല. ഉണ്ടെങ്കിൽ കാണിച്ചു തരൂ. 


ഒരു മുസ്ലിമിന് സ്വർഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്നതിന് അടിവരയിടുന്നു. എന്നാൽ ആ ജിഹാദ് താങ്കൾ പറഞ്ഞതല്ല എന്നാണ് ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം. ഒരു കാര്യം ഉണർത്തട്ടെ, പ്രവാചകന് പോലും ആളുകളെ മുസ്ലിമാക്കാനുള്ള ചുമതലയില്ല. ഇതര മുസ്ലിംകൾക്ക് ഒട്ടുമില്ല. പക്ഷെ ഇസ്ലാമിനെ സമാധാനപരമായി പ്രബോധനം ചെയ്യാൻ ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നു. അത് ബോധ്യമാകുന്നവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്കരിക്കാം. ഇത് ഇന്ത്യൻ ഭരണഘടനയും ഞങ്ങൾക്ക് അനുവദിക്കുന്ന മൌലികാവകാശമാണ്. മുസ്ലിമാകത്തവരെ കൊന്നുകളയുന്നത് തികഞ്ഞ ഇസ്ലാമിക വിരുദ്ധതയാണ്. മതത്തിൽ ബലാൽക്കാരമില്ല എന്ന ഖുർആനിക തത്വത്തിന് എതിരാണത്. മുസ്ലിംകൾ വ്യാപകമായി മതം മാറ്റുന്നതോ മാറാത്തവരെ വധിക്കുന്നതോ ആയ ഒരു സംഭവം കേരള ചരിത്രത്തിൽ നിന്ന് താങ്കൾക്ക് ഉദ്ധരിക്കാനാവുമോ. അതിന് നൂറുകണക്കിന് മുസ്ലിം സംഘടനകളിൽ ഏതെങ്കിലും ഒന്ന് നേതൃത്വം നൽകിയതായിട്ട്. ഇല്ലെങ്കിൽ താങ്കളുടെ തന്നെ വാക്കുകളിൽ സ്വർഗത്തിൽ പോകാനുള്ള പ്രവർത്തനം അവർ ചെയ്യുന്നില്ലന്നല്ലേ അതിനർഥം. നാല് ഒണക്ക പോലീസുകാരെ പേടിച്ചാണോ അവർ സ്വർഗത്തിൽ പോകാനുള്ള അവസരം വേണ്ടെന്ന് വെക്കുന്നത്. എങ്കിൽ പിന്നെ അവർ 42 ശതമാനമല്ല 70 ശതമാനം തന്നെയായാലും നിങ്ങൾ ഭയപ്പെടേണ്ടതില്ലല്ലോ. 



അതുകൊണ്ട് നിങ്ങൾ വിചാരിക്കുന്ന പ്രശ്നമൊന്നും ഇവിടെയില്ല. നിങ്ങളെ പോലുള്ള ചില പോലീസുകാരുടെ വികലധാരണകൾ മാത്രമാണ് പ്രശ്നം. അത് നിങ്ങൾ തന്നെ പരിഹരിക്കുക.

ജിഹാദിനെ എങ്ങനെയാണ് മുസ്ലികൾ പഠിപ്പിക്കുന്നത് എന്നറിയാൻ ഇവിടെ ക്ലിക്ക് നോക്കൂ. ഇങ്ങനെ പഠിപ്പിക്കരുത് എന്നാണോ താങ്കൾ പറയുന്നത്. 



((എനിക്ക് വാട്ട്‌സാപ്പില്‍ കിട്ടിയ ഒരു ദൃശ്യമുണ്ട്. ഇസ്രയേലിനെതിരേ ഐക്യരാഷ്ട്രസഭയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഇറാന്‍, സിറിയ, ഈജിപ്റ്റ്, ലബനോന്‍, പാക്കിസ്ഥാന്‍ എന്നിവരൊക്കെയുണ്ട്. ഇസ്രയേലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. ഇസ്രയേലിന്റെ മറുപടി എന്താണെന്നോ. 'ഇസ്രയേലില്‍ ഒന്നര ദശലക്ഷം മുസ്‌ലിംകളുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, സമുഹത്തിലെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാകുന്നു. പക്ഷേ, ലിബിയലില്‍ എത്ര ജൂതന്മാരുണ്ട്? മുമ്പ് ഇത്രയുണ്ടായിരുന്നു, ഇപ്പോഴെത്ര. സൗദിയില്‍, ഈജിപ്്റ്റില്‍.. നേരത്തേ എത്ര ജൂതന്മാരുണ്ടായിരുന്നു, ഇപ്പോഴെത്രയുണ്ട്.' ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജിഹാദ് അങ്ങനെയല്ലെന്നും എല്ലാവര്‍ക്കും തുല്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടതെന്നും മനസിലാക്കിക്കൊടുക്കണം. ))



ഫലസ്തീൻ എന്ന ഒരു രാജ്യത്ത് വളരെ അന്യായമായി സ്ഥാപിതമായതാണ് ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം. അവിടെ ഇനിയും കുറച്ച് മുസ്ലിംകൾ ബാക്കിയുണ്ട്. അവർ ഇസ്രായേൽ ഭരണകൂടം തീർത്ത വലിയ ഒരു തുറന്ന ജയിലിലാണ്. കുറേ മുസ്ലിംകൾ ഇസ്രായേലിലും ഉണ്ടാവാം. അതിന് കാരണം സയണിസം ബാധിക്കാത്ത ജൂത സഹോദരങ്ങളാണ്. ജൂത ജനസംഖ്യ വളരെ തുച്ചമാണ്. ലോകത്തിന്റെ പലഭാഗത്തായി ചിതറിക്കിടക്കുന്ന ജൂതൻമാർ ഏറ്റവും സമാധാനപൂർവ്വമായ ജീവിതം നയിച്ചിരുന്നത് ഉസ്മാനിയാ ഖിലാഫത്ത് നിലനിന്നിരുന്ന മുസ്ലിം രാജ്യങ്ങളിലായിരുന്നു. അവരുടെ ശല്യം ഒഴിവാക്കാനാണ് പാശ്ചാത്യസാമ്രാജ്യ ശക്തികൾ അവരെ ഫലസ്തീനിൽ കുടിയിരുത്തിയത്. പിന്നീട് ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്ന് ജൂതൻമാരെ അവിടെ കൊണ്ടുപോയി പാർപ്പിച്ചു. അങ്ങനെ മുസ്ലിം രാജ്യങ്ങളിലെന്നല്ല ഒരു വിധം രാജ്യങ്ങളിലൊക്കെ ജൂതർ ഇല്ല എന്ന് തന്നെ പറയാം. അതവർ തങ്ങളുടെ വാഗദ്ത്ത ഭൂമി തേടി പോയതിന്റെ ഫലമാണ്. എല്ലാതെ സംഘിമോഡൽ ഉന്മൂലനം നടത്തിയല്ല. അതിനാൽ ഒരു വാട്സപ്പ് വീഡിയോ മാത്രം കണ്ട് ഇത്ര വലിയ തെറ്റിദ്ധാരണ താങ്കൾ പുലർത്തരുത് എന്നാണാവശ്യമപ്പെടാനുള്ളത്. 



നിങ്ങൾ ഏറെ ഭയപ്പെടുന്നത് ഇസ്ലാമിക രാഷ്ട്രമാണല്ലോ. ആ ഭീതിയാണല്ലോ താങ്കളുടെ അഭിമുഖം നിറയെ എന്നാൽ ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയനുസരിച്ചും ഏതൊരു പൌരനും അവന്റെ മതമേതാകട്ടെ ധനം, ജീവിതം, അഭിമാനം എന്നീ അടിസ്ഥാനാവശ്യങ്ങളെ ഹനിക്കുന്ന ഒരു നിയമനിർമാണവും അനുവദിക്കുന്നതല്ല. പക്ഷെ സവർണഫാസിസം വളർന്ന് വരുന്ന ഈ നാട്ടിൽ അത്തരമൊരു നിയമം ഉണ്ടെങ്കിലും അത് പ്രയോഗതലത്തിൽ നടപ്പിൽ വരുത്താൻ ചുമതലപ്പെട്ടവർ അത് ചെയ്യുന്നില്ല എന്നത് ഒരു വസ്തുതയല്ലേ. 



((ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്‌ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കുകയുള്ളു. മദ്രസയിലോ പള്ളിയിലോ പോയി പൊലീസ് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ. അതുകൊണ്ട് മുസ്‌ലിം പുരോഹിതരും സമുദായത്തില്‍ സ്വാധീനമുള്ളവരും മനസിലാക്കിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഒരു ആത്യന്തിക പരിഹാരമുണ്ടാകില്ല. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം. ))



ഇവിടെ മുഴുവൻ ആളുകളും മനസ്സിലാക്കേണ്ട പ്രത്യേകിച്ച് ഭരണാധികാരികൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. എല്ലാവരും കൂടി ഒരു മതമാണ് ശരിയെന്ന് ഒരിക്കലും പ്രചരിപ്പിക്കുകയില്ല. എന്നാൽ ഓരോ മതക്കാരും മതമില്ലാത്തവരുമൊക്കെ അവരാണ് ശരി, മറ്റുള്ളവർ ശരിയായ പാതയിലല്ല എന്ന് ചിന്തിക്കുന്നവരാണ്. ആർക്കെങ്കിലും തങ്ങളുടെ ശരിയെക്കുറിച്ച് സംശയമുണ്ടെങ്കിൽ അത് വേറെ കാര്യമാണ്. അവർക്ക് ആ ശരിയെ മറ്റുള്ളവരെ അറിയിക്കാനുള്ള ചുമതലയുണ്ട്. താങ്കൾക്ക് ശരിയെന്ന കാര്യമാണല്ലോ താങ്കൾ അഭിമുഖത്തിൽ ജനങ്ങളുടെ മുന്നിൽ വെച്ചത്. താങ്കൾക്ക് അത് പറയാനും എനിക്ക് അതിന് മറുപടി പറയാനും തുല്യാവസരം ഉണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ അത് ജനാധിപത്യവിരുദ്ധവും തികഞ്ഞ ഫാസിസവുമാണ്. അതിനാൽ തങ്ങളുടെ മതം ശരിയെന്ന് തോന്നുന്നവർ സമാധാന പൂർവ്വം അത് പ്രബോധനം ചെയ്യട്ടെ. അതിൽ ബലപ്രയോഗവും പ്രകോപനമോ സാമ്പത്തിക പ്രലോഭനമോ ഉണ്ടെങ്കിൽ മാത്രം ഭരണകൂടം ഇടപെട്ടാൽ മതിയാകും. ഇല്ലെങ്കിൽ ജനങ്ങളുടെ വിശ്വാസാചാരം മാന്യമായി കൊണ്ടുനടക്കാൻ അവരെ അനുവദിക്കുക. 



പോലീസിന് പള്ളിയിൽ വരാം, ജില്ലാ കളക്ടർ വരെ വന്ന് പള്ളിയിൽ പ്രസംഗിച്ചിരുന്ന സ്ഥലമാണ് മുസ്ലിംകൾ ഭൂരിപക്ഷമായ മലപ്പുറം. എന്നിരിക്കെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രധാന വിഷയത്തിൽ അവരുമായി സംവദിക്കാൻ പള്ളി സൌകര്യപ്പെടുത്തുക എന്നത് അത്ര അസംഭവ്യമായ കാര്യമല്ല. പക്ഷെ വരുമ്പോൾ ഒരു സമാന്യവിവരം തങ്ങളുടെ ശ്രോതാക്കളെക്കുറിച്ച് ഉണ്ടാവുന്നത് നല്ലതാണ്. 



പശുവിന്റെ പേരിൽ ഇന്ത്യയിൽ ആളെകൊല്ലുന്നില്ലേ. ഉണ്ടെന്ന് തന്നെയാണല്ലോ പ്രധാനമന്ത്രിതന്നെ അംഗീകരിച്ചത്. ഇനി അക്കാര്യം പള്ളിയിൽ പറഞ്ഞാൽ എന്താണ് കുഴപ്പം. പള്ളിയിൽ മിക്കവാറും അവ പരാമർശിച്ചിരിക്കുക. ഇന്ത്യയുടെ ഭയാനകമായ അവസ്ഥ സൂചിപ്പിക്കാനും അതിനെതിരെ വിശ്വാസപരമായ ശക്തിനേടുന്നതിനുമായിരിക്കും. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാക്കി മുസ്ലിംകളെ കാക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പോകട്ടെ അതിന്റെ പേരിൽ ഒന്ന് കരയാനെങ്കിലും അവരെ അനുവദിച്ചുകൂടെ. പശുവിന്റെ പേരിൽ കൊല നടത്തുന്നത് എന്തുകൊണ്ടാണ് ഒരു പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമായി താങ്കൾക്ക് തോന്നാത്തത്. ലോകത്ത് സ്വയം പൊട്ടിത്തെറിക്കുന്ന ഭീകരരുണ്ടാകുന്നത്, ഒരുപാട്കാലം ഇവ്വിധം അനുവർത്തിക്കപ്പെട്ട ക്രൂരതയുടെ ഫലമാണ് എന്ന് പഠിച്ചാൽ ബോധ്യപ്പെടും. അതില്ലാതാക്കാൻ ഇന്ത്യയുടെ സമാധാനാന്തരീക്ഷം നിലനിർത്താൻ വേണ്ടത് ഭരണഘടനാപരമായി പൌരൻമാരുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ്. 


((എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.))


ഇത്തരം ചെറിയ കാര്യങ്ങൾ കൂടി ഇത്ര അബദ്ധം കലർത്തി താങ്കൾ ചോദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 



ഒരു അർഥത്തിൽ ഇന്ത്യയിൽ നടക്കുന്നത് ഹിന്ദുമുസ്ലിം കലാപമല്ല. മഹാഭൂരിപക്ഷവും സംഘ് പരിവാർ ആസൂത്രിതമായി നടത്തപ്പെടുന്ന വർഗീയ ഉന്മൂലന ശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്ന അക്രമ പ്രവർത്തനങ്ങളാണ്. വർഗീയ കലാപം എന്ന് പോലും അതിനെ പറയാനാവില്ല. നല്ല ഹിന്ദുക്കൾ ഇതിൽ മുസ്ലിം പക്ഷത്താണ്. അതേ പോലെ നല്ല ഹിന്ദുക്കൾ കൃസ്ത്യൻ പക്ഷത്തുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ ഉദ്ദേശിക്കപ്പെടുന്നത് പോലും മുസ്ലിം ഉൻമൂലനം നടക്കാത്തത്. ഇതേ സംഘർഷം ഒറിസ പോലുള്ള സ്ഥലങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെയും സംഭവിച്ചിട്ടുണ്ട്. തൽകാലം ഫാസിസം ഒരു ശത്രുവിനെ മാത്രം ടാർജറ്റ് ചെയ്തതും അതിനൊരു കാരണമാകാം. ഒരു കാര്യം സൂചിപ്പിക്കട്ടെ. ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിലോ, ജില്ലയിലോ മുസ്ലിം സമൂഹം അധികമായിപ്പോയതുകൊണ്ട് ഒരു കുഴപ്പവും വരാനില്ല. ചിലപ്പോൾ അവരെ ഒന്നാകെ അപഹസിച്ചും അടിച്ചമർത്തിയും പൌരസ്വതന്ത്ര്യം നൽകാതെയും ഭരിക്കാൻ സ്വാഭാവികമായി കുറച്ച് പ്രയാസം വന്നെങ്കിലായി. ഇതാണ് നമ്മുടെ അനുഭവം. അതിനാൽ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് ഒരു ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആശങ്കപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. താങ്കളെ പോലുള്ളവർ പറഞ്ഞു ഭയപ്പെടുത്താതിരുന്നാൽ മാത്രംമതി.



((ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ട്. അവര്‍ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും പകര്‍ത്തുകയാണ്. ഓം നമശിവായ പോലെ ഓം ക്രിസ്തുവായ നമ വരെയുണ്ട്. അതു ശരിയല്ല. ഓരോ മതത്തിനും സ്വന്തം വ്യക്തിത്വമുണ്ടാകണം. പക്ഷേ, എന്തുകൊണ്ടാണ് അത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ്. രണ്ടും ഒന്നുതന്നെയാണ് എന്നു തോന്നിപ്പിക്കാനാണ്. അതാണ് ഞാന്‍ നേരത്തേ പറഞ്ഞത്, കുറേ സത്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്നോട്ടു പോകണം. എല്ലാ രോഗങ്ങളും മറച്ചുവച്ചിട്ട് മുകളില്‍ തൈലം പുരട്ടിയിട്ടു കാര്യമില്ല.))



ക്രിസ്ത്യാനികൾ ലൌ ജിഹാദ് നടത്തുന്നില്ല. അതിനാൽ അവർ മതപരിവർത്തനം നടത്തിയിട്ടുപോലും സംഘർഷം ഉണ്ടാകുന്നില്ല. ഇതാണല്ലോ താങ്കൾ പങ്കുവെക്കാനുദ്ദേശിക്കുന്നത്. കോടതി പോലും തള്ളിക്കളഞ്ഞ ലൌ ജിഹാദ് എന്തുകൊണ്ടാണ് താങ്കളുടെ മനസ്സിൽ നിന്ന് പോകാത്തത് എന്നതിന് ഉത്തരം കിട്ടണം. ഒരു കാര്യം സത്യം ആധുനിക യുഗത്തിൽ പ്രേമത്തിന്റെ പേരിൽ ഒരു പാട് ഒളിച്ചോട്ടം നടക്കുന്നുണ്ട്. യുവതി യുവാക്കൾ വായിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ട് അവർക്കിഷ്ടപ്പെട്ട ഒരു മതം തെരഞ്ഞെടുക്കുന്നുണ്ട്. ലോകത്തിലെങ്ങും കാണപ്പെടുന്ന പോലെ ഇസ്ലാമിലേക്ക് അതൽപം കൂടുതലുണ്ടാകാം. അതിന് കാരണം വേറെ തെരയേണ്ടതില്ല. ഇസ്ലാമിന്റെ വിശ്വസ-ആചാര ലാളിത്യവും യുക്തിഭദ്രതയും അതിനെ സ്വീകരിക്കാൻ ലോകത്തെ എന്നും പ്രേരിപ്പിച്ചിട്ടുണ്ട്. ഇനിയും പ്രേരിപ്പിക്കും. ഒരർഥത്തിൽ ലൌജിഹാദിനെ താങ്കൾ സത്യവൽക്കരിക്കുകയും കേരളത്തിൽ നടക്കുന്ന സംഘർഷങ്ങൾക്ക് ന്യായം ചമക്കുകയും ചെയ്യുന്നതായിട്ടാണ് ഈ വാക്കുകളിലൂടെ താങ്കൾ വിനിമയം ചെയ്യുന്നത്. 



((ഇടതുതീവ്രവാദത്തെ വളരെ എളുപ്പം നിയന്ത്രിക്കാം. അവരെ നേരിടാന്‍ പോകുമ്പോള്‍ ഇങ്ങോട്ട് വെടിവച്ചാല്‍ വെടിവയ്‌പൊക്കെ ഉണ്ടാകും. പക്ഷേ, അവര്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് ഒരു സോഷ്യല്‍ ഓഡിറ്റോടുകൂടി പദ്ധതികള്‍ നടപ്പാക്കണം. അവര്‍ക്ക് വീടും ഭക്ഷണവും വിദ്യാഭ്യാസവും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാം ലഭ്യമാക്കണം. അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ടീം വേണം. അവരുടെ ജീവിതം കഷ്ടത്തിലാണ്. അത് മെച്ചപ്പെടുത്തിയാല്‍ അവര്‍ ആരുടെയും പിന്നാലെ പോകില്ല. പിന്നെ, കുറച്ചാളുകള്‍ യാഥാര്‍ഥ്യബോധമില്ലാതെ അവരുടെ കൂടെപ്പോകുന്നുണ്ട്, മറ്റു പേരുകളില്‍ പരസ്യപ്രവര്‍ത്തനം നടത്തുന്ന അവരുടെതന്നെ മുന്നണി സംഘടനകളുമുണ്ട്. അവയെ നിയന്ത്രിക്കണം. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ ചെയ്യേണ്ടത് എന്തെന്ന് ഞാന്‍ തന്നെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്തു. റ്റി ബ്രാഞ്ചില്‍ നിന്നാണ് അതൊക്കെ വരുന്നത്. എല്ലാം ഞാന്‍ തിരിച്ചുകൊടുത്ത് വേറെ തയ്യാറാക്കി. തച്ചങ്കരിക്കൊന്നും ഇതിന്റെ എ ബി സി ഡി അറിയില്ല. മുഖ്യമന്ത്രിക്ക് വിജയകുമാര്‍ സാറുമായി (ഏറ്റുമുട്ടല്‍ വിദഗ്ധനായി അറിയപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍) ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തുകൊടുത്തതായും സെന്‍കുമാര്‍ പറഞ്ഞു.))



ഇങ്ങോട്ട് വെടിവെക്കുമ്പോൾ അങ്ങോട്ട് വെടിവെച്ചോളൂ.. മാത്രമല്ല ഇങ്ങോട്ട് വെടിവെക്കും എന്ന് തോന്നുമ്പോഴും അങ്ങനെ ചെയ്തോളൂ. ആരും കുറ്റം പറയില്ല. എന്നാൽ അത്തരം സംഭവമുണ്ടാകുമ്പോൾ അതിനെ സുതാര്യമായി അവതരിപ്പിക്കാനും നിഗൂഡതകളില്ലാതാക്കാനും കഴിയണം. സോഷ്യൽ ഓഡിറ്റിംഗ് ഒക്കെ വേണം. അത് നടക്കട്ടെ. അവർക്ക് അവകാശപ്പെട്ടത് വകവെച്ചുകൊടുക്കട്ടെ എന്നാൽ ആരും അവരുടെ തീവ്രവാദികളുടെ കൂടെ പോകില്ല. സത്യത്തിൽ ഇതുതന്നെയാണ് മുസ്ലിംകളിലെ തീവ്രവാദികളെ ശരിക്കും ഭയപ്പെടുന്നുണ്ടെങ്കിൽ അവരെ നിയന്ത്രിക്കാനും ഭരണകൂടത്തിന് ചെയ്യാനാവുന്നത്. ഒരൊറ്റ നികുതി പോലെ ഒരൊറ്റ നീതി നടപ്പാക്കുക. തങ്ങൾ ആരാലും വേട്ടയാടപ്പെടുന്നില്ലെന്ന് അവർക്ക് ഉറപ്പിക്കാൻ കഴിയുക. നീതി പാലകരിലും നീതിപീഢങ്ങളിലും അവരുടെ വിശ്വാസം തകർക്കുമാറുള്ള പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക. അതാണ് തീവ്രവാദം വളർത്തുന്ന യഥാർഥ രോഗം അതിന് പുറമെ തൈലം തേച്ച് ശമനം തേടാതിരിക്കുക. 



താങ്കളീ പറഞ്ഞ കാര്യങ്ങൾ തങ്കച്ചരിക്ക് അറിയില്ല എന്നത് വളരെ ആശ്വാസം നൽകുന്ന ഒരു വാക്കാണ്. ഇടതുപക്ഷ തീവ്രവാദം ഒഴിവാക്കാൻ താങ്കൾ നിർദ്ദേശിച്ച പ്രവർത്തനം തന്നെയാണ് ഏത് തീവ്രവാദവും തടയാൻ സ്വീകരിക്കാവുന്ന ശൈലി. കാരണം തീവ്രവാദം എന്നത് ഒരൊറ്റമതമാണ്. പരസ്പരം ഇതര തീവ്രവാദക്കാരെ ചൂണ്ടിയാണ് അവ സ്വയം വളരുന്നത്. അതിനുള്ള സാഹചര്യം ഇല്ലാതാക്കാൻ ഭരണാധികാരികൾക്കേ കഴിയൂ. മുസ്ലിംകളുടെ പക്ഷത്ത് നിന്ന് കേരളത്തിൽ തീവ്രവാദാരോപണത്തിന്റെ പേരിൽ പോലും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഖ്യ എടുത്താൽ അത് ഇന്ന് കേരളത്തിലുള്ള മുസ്ലിം സമുദായത്തിന്റെ എത്ര ശതമാനം വരും എന്ന് കൂടി കണക്ക് പുറത്ത് വിട്ടാൽ നന്നായിരിക്കും. അത് ഒരിക്കലും 0.0001 ശതമാനത്തിൽ അധികം വരില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 



ഇങ്ങനെയൊക്കെ തന്നെയാണോ മുസ്ലിംകൾ എന്ന് ചിന്തിക്കുന്നത് എന്നറിയാൻ അവരുടെ നേതാക്കളുമായി താങ്കൾ അൽപം സമയം ചെലവഴിക്കുക. താങ്കൾ പറഞ്ഞ തരത്തിൽ അവരിൽനിന്ന് തീവ്രവാദത്തിനെതിരെയുള്ള പിന്തുണ ഉറപ്പാക്കാനും അത് സഹായിക്കും. 



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review