യുക്തിവാദികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗിൽ ഇത്തരമൊരു ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുന്നതിന് കാരണം യുക്തിവാദികൾ ഈ വിഷയത്തിൽ ഉന്നയിച്ച ഒരു ആരോപണമാണ്. ആരോപണം താഴെ വായിക്കുക. അതിന് ശേഷം അതുമായി ബന്ധപ്പെട്ട ശരിയായ വസ്തുതയും വായിക്കുക. എന്നിട്ട് നിങ്ങൾ തന്നെ വിധിപറയുക. യുക്തിയും നീതിയും അനുസരിച്ച് ഈ ആരോപണത്തിൽ എത്രമാത്രം കഴമ്പുണ്ടെന്ന് നിങ്ങൾക്ക് തന്നെ ബോധ്യപ്പെടും.
Sak Saker ആണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത് മറ്റു യുക്തിവാദികൾ അതിന് പിന്തുണയും അറിയിച്ചിട്ടുണ്ട്. യുക്തി ഉപയോഗിച്ചാൽ തന്നെ ഈ വാദം തെറ്റാണ് എന്ന് മനസ്സിലാകും. ഈ ആരോപണത്തിലൂടെ രണ്ട് ഉദ്ദേശ്യമാണ് പ്രധാനമായും ഉള്ളത്. മുസ്ലിംകളും മറ്റേത് വിഭാഗത്തെ പോലെ തന്നെയാണ് ഭൂരിപക്ഷവും സ്വാധീനവുമൊക്കെയുണ്ടായാൽ ഇത്തരം നീതികേടുകൾ പ്രവര്‍ത്തിക്കുന്നവരാണ് എന്ന് വരുത്തി തീര്‍ക്കുക. മറ്റൊരു ഉദ്ദേശ്യം അതിനേക്കാളും പ്രതിലോമപരമാണ്. മുസ്ലിംകളുടെ ഒട്ടേറെ ആരാധനാലയങ്ങൾ പലയിടത്തായി ഇതര മതവിഭാഗങ്ങൾ കയ്യേറിയിട്ടുണ്ട്. അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് പോലുള്ളവ. അതിനെതിരെ ഇനി മുസ്ലിംകളാരും അവകാശം ഉന്നയിക്കരുത് അഥവാ ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ ചെയ്തു. ഇനി മറ്റു വല്ല പള്ളികൾക്ക് മുകളിൽ അവകാശമുന്നയിച്ചാലും അതിനെതിരെ നിങ്ങൾ ശബ്ദിക്കരുത്. കാരണം ഈ ചര്‍ച്ച് ഉര്‍ദുഗാൻ പള്ളിയാക്കുമ്പോൾ നിങ്ങൾ അതിനെ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല അനുകൂലിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ ന്യായമെന്ന് തോന്നുന്നതാണ് ഈ വാദം പ്രത്യേകിച്ച് ഹഗിയ സോഫിയ എന്ന അതിമനോഹരമായ ദേവാലയത്തിന്റെ ചരിത്രം വേണ്ടത്ര അന്വേഷിക്കാത്തവരെ സംബന്ധിച്ച്. അതുകൊണ്ട് ചില മുസ്ലിം സഹോദരങ്ങളും മറ്റുള്ളവരെ പോലെ ഉര്‍ദുഗാൻ ചെയ്യുന്നത് മഹാപരാധമാണ് എന്ന വാദം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തിൽ അതേക്കുറിച്ചുള്ള ഒരു അന്വേഷണമാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. വാട്സാപ്പിൽനിന്ന് ലഭിച്ച വസ്തുതാപരമെന്ന് തോന്നിയ ഒരു പോസ്റ്റ് ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യാഥാര്‍ഥ്യമല്ലെന്ന് തോന്നുന്ന വാദങ്ങൾ ചോദ്യം ചെയ്യാവുന്നതാണ്. അവ തെറ്റാണെന്ന് തെളിയിക്കപ്പെടുന്ന പക്ഷം തിരുത്താനും തയ്യാറാണ്.
Sak Saker പറയുന്നു...
[ 'ഇതാണ് തുർക്കിയിലെ ഹാഗിയ സോഫിയ എന്ന ഒരുകാലത്തു ക്രൈസ്തവ ദേവാലയമായിരുന്ന എന്നാൽ പിന്നീട് മുസ്ലിംഭരണാധികാരികളാൽ മുസ്ലിം പള്ളി ആകുകയും എന്നാൽ പിന്നീട് മ്യൂസിയം ആയി തീരുകയും ചെയ്ത ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ലോകത്തെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുരാതനക്രിസ്തീയചർച്....
എന്നാൽ ഇന്ന് ഒരു കോടതിവിധിയുടെ മറപിടിച്ചു എർദോഗാൻ എന്ന തുർക്കിയുടെ ഇന്നത്തെ മുസ്ലിം തീവ്രവാദി ആയ ഭരണാധികാരി ആ ചർച്ചിനെ മുസ്ലിംപള്ളി ആക്കാൻ പോകുകയാണ് ഇതിനെ അനുകൂലിക്കുന്ന കോയമാർ ഒരു കാര്യം ഓർക്കുക വർഷങ്ങളായി ഇസ്രാഈലിന്റെ നിയന്ത്രണത്തിലിരിക്കുന്ന അൽഅക്സ എന്ന ബൈത്തുൽമുക്കദ്ദിസ് ഇപ്പോഴും മുസ്ലിം പള്ളി മാത്രമാണ് നാളെ ഒരുപക്ഷെ ഇത്തരം മുസ്ലിംതീവ്രവാദികളായ ഭരണാധികാരികളുടെ ഇത്തരം ചെറ്റത്തരങ്ങൾ അൽഅക്സയെയും മറ്റൊരു ജൂതസിനഗോഗാക്കി മാറ്റാൻ ഇസ്രാഈലിനെയും പ്രേരിപ്പിച്ചേക്കാം....
ബാബരി പള്ളിക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരോട് ഒരു വാക്ക്... ഈ തീരുമാനം തുർക്കി എടുത്തിട്ടും ലോകത്തെയോ അല്ലങ്കിൽ തുർകിയിലെയോ ഒറ്റ ക്രൈസ്തവൻ പോലും തങ്ങളുടെ ദേവാലയത്തെ മുസ്ലിം പള്ളിയാക്കുന്നതിൽ പ്രതിഷേധിച്ചു തെരുവിൽ ഇറങ്ങുകയോ ഒരു തുള്ളി ചോര വീഴിക്കുകയോ ചെയ്തില്ല അതാണ് സഹിഷ്ണുത എന്ന് പറയുന്നത് നിങ്ങൾ നൂറ്റാണ്ടുകളോളം പ്രാർത്ഥന പോലുമില്ലാതെ കാട് പിടിച്ചു കിടന്ന ബാബരിപ്പള്ളിക്ക് വേണ്ടി എത്രയോ നിരപരാധികളുടെ ചോര ഒഴുക്കി കോടികളുടെ സമ്പത് നശിപ്പിച്ചു രാജ്യത്തെ സമാധാനം എത്രയോ വർഷങ്ങളോളം ഇല്ലാതാക്കി...
താജ്മഹൽ, കാശി, മധുര മുസ്ലിം ദേവാലയങ്ങൾ തുടങ്ങിയവയിലൊക്കെ സങ്കികൾക്കു അവകാശമുന്നയിക്കാൻ എർദോഗാൻന്റെ ഈ നടപടി ഒരു കാരണം ആയി മാറാനും ലോകത്ത് മുസ്ലിംങ്ങൾക്ക് തീവ്രവാദികൾ, മതസഹിഷ്ണുത ഇല്ലാത്തവർ, എന്നിങ്ങനെയുള്ള ലേബലുകൾ ഒന്നുകൂടി ഊട്ടിയുറപ്പിക്കാനും ഇത് കാരണം ആയേക്കാം.... (ഫ്രീതിങ്കേസ് എന്ന യുക്തിവാദി ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ നിന്ന്)]
ഭരണവും സ്വാധീനവും കൈവരുമ്പോൾ തങ്ങളുടെ കീഴിൽ വരുന്ന മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പൊളിച്ചുകളയുകയോ സ്വന്തമാക്കുകയോ ചെയ്യുന്നത് പുരാതന ലോക ചരിത്രത്തിൽ നടന്നുവരുന്ന ആരും പ്രത്യേകിച്ച് ആക്ഷേപം ഉന്നയിക്കാത്ത കാര്യമാണ്. ആ നിലക്ക് ആയിരക്കണക്കിന് മുസ്ലിം പള്ളികൾ കൃസ്ത്യൻ ചര്‍ച്ചുകളായി മാറിയിട്ടുണ്ട്. എന്നാൽ ആ കാലഘട്ടത്തിൽ പോലും ഇതരമതസ്ഥരുടെ ആരാധനായങ്ങൾ പിടിച്ചെടുക്കുന്നതോ പൊളിച്ചുകളയുന്നതോ ഇസ്ലാമിക വിശ്വാസ സംഹിതക്ക് നിരക്കാത്തതിനാൽ അതിന് മുസ്ലിം സമൂഹത്തിന്റെ അംഗീകാരം ലഭിക്കാറില്ല. മുസ്ലിം സമൂഹത്തിന്റെ ആദരവും അനുസരണവും പ്രതീക്ഷിക്കുന്ന ഭരണാധികാരികൾ അത്തരം കാര്യത്തിന് വിശ്വാസമില്ലെങ്കിൽ പോലും മുതിരാറുമില്ല എന്നതാണ് ചരിത്രം. പക്ഷെ ഈ കാര്യത്തിൽ എന്തുകൊണ്ട് മുസ്ലിംകളുടെ പിന്തുണ ഹഗിയ സോഫിയ പള്ളിയായി മാറ്റുന്നതിന് ലഭിക്കുന്നു. ഇതാണ് ഉത്തരം നൽകപ്പെടേണ്ട വിഷയം.
മറ്റുമതങ്ങളുടെ ആരാധനാലയങ്ങൾ പള്ളിയിക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല. എന്ന കാര്യത്തിൽ സംശയമില്ല. തുർക്കികൾ തീരെ ചെയ്യുമായിരുന്നില്ല. അതിപുരാതനമായ നൂറുകണക്കിന് ക്രിസ്ത്യൻ ദേവാലയങ്ങൾ തുർക്കിയിൽ ഇന്നുമുണ്ട്. ക്രിസ്തുമതത്തിന് മുമ്പുള്ള ഗ്രീക്ക്/പേഗൻ കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങൾ വരെ അതിന്റെ തനതായ പ്രൗഡിയിൽ കാണാം. ജേതാവായിട്ടും തനിക്കെതിരെ വിശുദ്ധ യുദ്ധത്തിന് പ്രേരിപ്പിച്ച പാത്രിയാർക്കിസ് ബാവക്ക് ആദരവ് നൽകിയതും സമ്പൂർണ്ണ മതസ്വാതന്ത്യം അനുവദിച്ചതും, അന്ന് യൂറോപ്യർ അപശകുനമായി കരുതി ആട്ടിയിറക്കിയ ജൂതന്മാരെ വരെ സ്വീകരിച്ച് മാന്യമായ ജീവിതസാഹചര്യങ്ങൾ നൽകി സംരക്ഷിച്ച സുൽത്താൻ മെഹ്മെദ് മതഭ്രാന്ത് കാണിക്കാൻ ഒട്ടും സാധ്യതയില്ല. ഒരു ഇരുപത്തൊന്ന് വയസുകാരന്റെ രക്തത്തിളപ്പുമല്ല.
ഹഗിയ സോഫിയയുടെ സംക്ഷിപ്ത ചരിത്രം
[കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ് ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440 ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തിൽ 405 ഒക്ടോബർ 10നാണ് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.
532 ഫെബ്രുവരി 23 നാണ് ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. ഡിസംബർ 27ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ മെഹ്മെത് രണ്ടാമൻ, കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുർക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. മക്കക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും, ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു. ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ കമാൽ അത്താത്തുർക്കിന്റെ ഭരണകാലത്ത് മ്യൂസിയമാക്കി മാറ്റപ്പെട്ടു. (വിക്കിപീഡിയ)]
സുൽത്താൻ മെഹ്മെദ് പള്ളിയായി പരിവർത്തിപ്പിച്ച ഏക ക്രിസ്ത്യൻ ദേവാലയമായിരുന്നു ഹഗിയ സോഫിയ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം . അതിന് പക്ഷേ മതപരമായ കാരണങ്ങൾക്കപ്പുറം രാഷ്ട്രീയപരമായ കാരണങ്ങളാണുണ്ടായിരുന്നത്. ഹഗിയ സോഫിയ കേവലമൊരു പള്ളിയായിരുന്നില്ല, റോമാ സാമ്രാജ്യത്തിൻ്റെ ചിഹ്നം തന്നെയായിരുന്നു. റോമൻ ചക്രവർത്തിമാര് തങ്ങളുടെ മതപരവും രാഷ്ട്രീയവുമായ രാജശാസനകൾ പുറപ്പെടുവിച്ചിരുന്നത് ഹഗിയ സോഫിയയുടെ അങ്കണത്തിൽ നിന്നാണ്, എല്ലാ അധികാരത്തിൻ്റെയും കേന്ദ്രം. ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനമെന്ന നിലയിൽ യേശുവിൻ്റെ തിരുനോട്ടം ലഭിക്കുന്ന ദേവാലയമാണ് ഹഗിയ സോഫിയ എന്നൊരു വിശ്വാസം യൂറോപ്പിലാകമാനം അതിനൊരു വിശുദ്ധപരിവേഷം ഉണ്ടാക്കിയിരുന്നു. അതിന്റെ സേവകരായ തങ്ങളെ ആർക്കും പരാജയപ്പെടുത്താനാവില്ലെന്നൊരു ധാരണ കോൺസ്റ്റാൻറിനോപ്പിളിലെ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നു.
തുർക്കിയുടെ വളർച്ചയും യൂറോപ്പിനുമേൽ ആധിപത്യവും നേടണമെങ്കിൽ മുസ്ലീങ്ങളുടെ ആത്മവിശ്വാസം ഉയർത്തണമെന്നറിയാമായിരുന്ന സുൽത്താൻ മെഹ്മെദ് ഹഗിയ സോഫിയയെ തന്റെ സ്വകാര്യ സ്വത്തായി വാങ്ങി. (ജസ്റ്റീനിയന്റെ കാലം മുതൽ ദേവാലയം റോമൻ ചക്രവർത്തിമാരുടെ രാജകീയ സ്വത്തായിരുന്നു). യൂറോപ്യൻ രാജാക്കന്മാരുടെ മേൽ വിജയം സ്ഥാപിക്കാനും ഇസ്ലാമിന്റെ ആധിപത്യം ഉയർത്തി നിർത്താനും മെഹ്മദിന് അത് അനിവാര്യമായിരുന്നു. മുസ്ലീങ്ങൾക്കുമേൽ എത്രയോ കുരിശുയുദ്ധങ്ങൾ പ്രഖ്യാപിക്കപ്പെട്ട അതിന്റെ അങ്കണത്തിൽ നിന്ന് ബാങ്ക് വിളികൾ ഉയരുന്നത് ഒരുതരം ഐഡിയോളജിക്കൽ വിജയമാണ്. വിജയം പ്രാപിച്ചതോടെ ബലമായി തന്നെ തന്റെ അധിനതയിൽ വരുത്താമായിരുന്ന ഹഗിയ സോഫിയ വിലകൊടുത്തുവാങ്ങി മസ്ജിദായി പരിവര്‍ത്തിപ്പിച്ചത് ഇസ്ലാമിന്റെ നീതിബോധം കൊണ്ടു മാത്രമാണ്. അവിടം കൊണ്ട് അവസാനിപ്പിച്ചില്ല.
കോൺസ്റ്റാന്റിനോപ്പിൾ ഇസ്താംബൂളായി. തുർക്കീ സുൽത്താനേറ്റിന്റെ തലസ്ഥാനമായിയപ്പോൾ. ക്രിസ്ത്യാനികൾക്ക് ഇസ്താംബൂളിൽ ഗോൾഡൻ ഹോണിലെ ഫെനയിറിൽ ഗംഭീര ദേവാലയം നിർമ്മിക്കാൻ അനുമതി കൊടുത്തു. ഇന്നും ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനം അതാണ്, പാത്രിയാർക്കിസ് ബാവയുടെ ഇടവക. ഹഗിയ സോഫിയ പള്ളിയായി, ഒട്ടോമൻ തുർക്കിയുടെ രാജകീയ മസ്ജിദായിമാറി. സുൽത്താൻ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കുന്നത് ഹഗിയ സോഫിയയിലായിരുന്നു. ചുരുക്കത്തിൽ കൃസ്ത്യൻ ദേവലം പിടിച്ചെടുത്ത് പള്ളിയാക്കിയതല്ല. വിലകൊടുത്തുവാങ്ങി സ്വന്തമാക്കിയതാണ്.
ഖിലാഫത്ത് കൈവന്നതോടെ തുർക്കിയുടെ തലസ്ഥാനം ഇസ്ലാമിന്റെയും കേന്ദ്രമായി. അതിന്റെ ഏറ്റവും പ്രൗഡിയുള്ള പള്ളി ഇസ്ലാമിന്റെയും ചിഹ്നങ്ങളിലൊന്നായി. മുസ്ലിങ്ങൾ അഞ്ച് നൂറ്റാണ്ടോളം അതിൽ നമസ്കരിച്ചു, ഇരുപതാം നൂറ്റാണ്ട് വരെ. തുർക്കിയുടെ രാഷ്ട്രീയ ചരിത്രം മാറിമറിഞ്ഞ കാലത്ത് ഇസ്താംബൂളിലും പ്രതിഫലനങ്ങളുണ്ടായി. സുൽത്താനേറ്റ് റിപബ്ലിക്കിന് വഴിമാറി, ഖിലാഫത്ത് നിരോധിക്കപ്പെട്ടു. തലസ്ഥാനം ഇസ്താംബൂളിൽ നിന്ന് അങ്കാറയിലേക്ക് മാറ്റി. ഭീകരമാം വിധം സെക്കുലർ വത്ക്കരിക്കപ്പെട്ട തുർക്കിയിൽ, എത്രത്തോളമെന്നാൽ, ഇസ്ലാമിനുവേണ്ടി പടപൊരുതിയ സുൽത്താൻമാർ നമസ്കരിച്ച പള്ളിയിൽ അറബിഭാഷയിൽ ബാങ്കുവിളിക്കാൻ അനുമതി നൽകിയതിന്റെ പേരിൽ പ്രധാനമന്ത്രി അദ്നാൻ മെൻദരിസിനെ തൂക്കിലേറ്റുകവരെ ചെയ്തു.1929 മുതൽ ഹഗിയ സോഫിയയിൽ നമസ്കാരം നിരോധിക്കുകയും, 1935 ഒരു പ്രസിഡൻഷ്യൽ ഡിക്രിയിൽ കമൽ പാഷാ അത്താതുർക്ക് അതിനെ ഒരു മ്യൂസിയമാക്കുകയും ചെയ്തു. മതേതരത്വം എന്ന് ഇന്ന് കൊണ്ടാടപ്പെടുന്ന ഈ വകകാര്യങ്ങൾ അതുവരെ ഇസ്ലാമിക ലോകം പുലര്‍ത്തിപ്പോന്ന അഭിപ്രായ സ്വതന്ത്ര്യത്തിനോ ആരോധനാ സ്വാതന്ത്ര്യത്തിനോ നിരക്കുന്നതായിരുന്നില്ല. ഓട്ടോമൻ അഥവാ ഉസ്മാനിയ ഖിലാഫത്ത് പിന്തുടര്‍ന്ന് വന്നപ്പോഴും അതിന് മുമ്പും കൃസ്ത്യാനികൾ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുപോന്നിരുന്നു. എന്നാൽ പിന്നീട് മതേതരത്വത്തിന്റെ പേരുപറഞ്ഞു ഇസ്ലാമികമായി ജീവിക്കാനുള്ള ജനതയുടെ എല്ലാ അവകാശവും തടയപ്പെട്ട കൂട്ടത്തിലാണ് പ്രസ്തുത പള്ളിയിലെ മുസ്ലിംകളുടെ ആരാധനയും തടഞ്ഞത്. അറബിയിൽ ബാങ്ക് വിളിക്കുന്നതും സ്ത്രീകൾ തലമറക്കുന്നതും അടക്കം നിരോധിക്കപ്പെട്ടിരുന്നു. 1929 മുതൽ ഹഗിയ സോഫിയയിൽ നമസ്കാരം നിരോധിച്ച് 1935 ഒരു പ്രസിഡൻഷ്യൽ ഡിക്രിയിൽ കമൽ പാഷാ അത്താതുർക്ക് അതിനെ ഒരു മ്യൂസിയമാക്കുകയുമായിരുന്നു. പ്രതിഷേധങ്ങളുണ്ടായെങ്കിലും തുർക്കികൾക്ക് അക്കാലത്ത് നേരിടേണ്ടി വന്ന മറ്റ് പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ ഹഗിയ സോഫിയയുടേത് അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. പിന്നീടങ്ങോട്ട് പലയാവർത്തി പള്ളി മടക്കിത്തരണമെന്ന ആവശ്യങ്ങളുണ്ടായി. സമീപകാലത്ത് തുർക്കികൾക്കിടയിൽ ഇസ്ലാമികത ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെ പള്ളി തിരികെ വേണമെന്ന മുറവിളി ഉയർന്നു. ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോ അവരുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2019 ൽ പ്രസിഡൻ്റ് ഉർദുഗാൻ അനുകൂല സൂചനകൾ നൽകി. ഒടുവിൽ കഴിഞ്ഞ ദിവസങ്ങളിൽ കോടതി അനുമതി നൽകിയതോടെ സ്റ്റേറ്റ് കൗൺസിൽ പള്ളിതുറക്കാൻ തീരുമാനിക്കുകയും പ്രസിഡൻ്റ് പിന്തുണയ്ക്കുകയും ചെയ്തു. 85 വർഷത്തിന് ശേഷം ബാങ്കുവിളിച്ച് ഔദ്യോഗികമായി പള്ളി തുറന്നു. ഉറുദുഗാന്റെ ഭരണകൂടം മുസ്ലിംകൾക്ക് തടയപ്പെട്ട പല അവകാശങ്ങളും തിരിച്ചുനൽക്കുന്നതിന്റെ തുടര്‍ചയായിട്ടാണ് ഹഗിയ സോഫിയയും മുസ്ലിംകളുടെ നമസ്കാരത്തിനായി തുറന്നുകൊടുക്കുന്നത്. ഇതൊരു തെറ്റുതിരുത്തലായി മുസ്ലിം ലോകം സ്വീകരിക്കുന്നത് ഇക്കാരണം കൊണ്ടാണ്. അത് കൃസ്ത്യാനികളുടെ ആരാധനാലയമായിരുന്നെങ്കിൽ ഒരിക്കലും മുസ്ലിംലോകം അതിനെ അനുകൂലിക്കുമായിരുന്നില്ല. ഇപ്പോഴത് കൃസ്ത്യാനികൾക്ക് പോലും പ്രത്യേകിച്ച് അവകാശവാദമില്ലാത്ത മ്യൂസിയമാണ്. അത് മ്യൂസിയമാക്കുമ്പോൾ ചര്‍ച്ചായിരുന്നില്ല മുസ്ലിം പള്ളിയായിരുന്നു. അത് മ്യൂസിയമാക്കിയത് തന്റെ സ്വേഛാധിപത്യത്തിലൂടെ അന്യായമായിട്ടായിരുന്നു. ഇന്ന് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കുപ്പെട്ട ഉര്‍ദുഗാൻ അത് പള്ളിയായി തിരിച്ചുനൽകുമ്പോൾ കൃസ്ത്യാനികൾക്ക് പ്രത്യേകിച്ച് പരിഭവമില്ലാത്തതും അതുകൊണ്ട് തന്നെ. വിഢികളായ യുക്തിവാദികൾ ഇതിനെ കൃസ്ത്യാനികളുടെ സഹിഷ്ണുത എന്ന് വിളിക്കുന്നു. അവകാശപ്പെട്ട ഒന്ന് ചോദിക്കാതിരിക്കുന്നതാണോ സഹിഷ്ണുത. വിവരക്കേടിനും ബുദ്ധിശൂന്യതക്കും ഒരതിരുവേണം എന്ന് മാത്രമാണ് യുക്തിവാദികളോട് പറയാനുള്ളത്.
എന്റെ തന്നെ ധാരാളം മുസ്ലിം സുഹൃത്തുക്കൾ ഇതിന്റെ പേരിൽ വളരെ ക്ഷമാപണ മനസ്സോടെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് കണ്ടു. കൃസ്തീയ ആരാധനാലയം പിടിച്ചെടുത്താണ് ഉര്‍ദുഗാൻ പള്ളിയാക്കുന്നത് എന്ന വ്യാജ പ്രചാരണത്തിൽ വീണതുകൊണ്ടാണ് നിങ്ങളങ്ങനെ പറയുന്നത്. യാഥാര്‍ഥ്യം അങ്ങനെയായിരുന്നെങ്കിൽ നിങ്ങളെക്കാൾ ഉര്‍ദുഗാന്റെ തീരുമാനത്തെ എതിര്‍ക്കാൻ ഇപ്പോൾ അതിനെ അനുകൂലിക്കുന്ന മുസ്ലിംകൾ രംഗത്ത് വരുമായിരുന്നുവെന്ന കാര്യം മാത്രം നിങ്ങളെ സ്നേഹബുദ്ധ്യാ ഓര്‍പ്പിക്കുന്നു.
ബാബരിമസ്ജിദും ഹഗിയ സോഫിയയും
ചുരുക്കത്തിൽ പറയട്ടെ ഇവ തമ്മിൽ ഒരു താരതമ്യവുമില്ല. ഇന്ത്യയിലെ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷുകാര്‍ രചിച്ച ചരിത്രത്തിലൊരിടത്തെ യാതൊരു തെളിവുമില്ലാത്ത പരാമര്‍ശം മുതലെടുത്ത് 400 വര്‍ഷമായി മുസ്ലിംകൾ ആരാധിച്ചുവരുന്ന മസ്ജിദിൽ സ്വയം ഭൂവെന്ന വാദമുന്നയിക്കാൻ മിഹ്റാബിൽ ബിംബം കൊണ്ടുവന്ന് സ്ഥാപിക്കുകയും പിന്നീട് അവകാശവാദം ഉന്നയിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അക്രമപരമായി തകര്‍ക്കപ്പെട്ട മുസ്ലിം പള്ളിയാണ് ബാബരി മസ്ജിദ്. പതിറ്റാണ്ട് നീണ്ട വാദത്തിനും ചരിത്ര-പുരാവസ്തുഗവേഷണത്തിന് ശേഷവും അത് നേരത്തെ ക്ഷേത്രം തകര്‍ത്ത് പള്ളിനിര്‍മിച്ചതാണ് എന്ന് സ്ഥാപിക്കാനായിട്ടില്ല. പള്ളിതകര്‍ത്തത് അക്രമപരമായിട്ടാണ് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ അത് കോടതി ന്യായമല്ലാത്ത രൂപത്തിൽ അക്രമപരമായി പൊളിച്ചവര്‍ക്ക് വിട്ടുകൊടുത്തുന്നുവെന്നതാണ് ബാബരി മസ്ജിദ് പ്രശ്നത്തിന്റെ ചുരുക്കം. ഇതിൽ പോലും വളരെ നിയമപരമായി നീങ്ങുകയാണ് മുസ്ലിംകൾ ചെയ്തുവരുന്നത്. ഇതും ഹഗിയ സോഫിയ പള്ളിയും തമ്മിൽ ഇപ്പോൾ എന്ത് ബന്ധമാണ് ഉള്ളത്. വിവരക്കേടുകൊണ്ട് മറച്ചു രണ്ടും സമീകരിക്കുമ്പോൾ തോന്നുന്ന പുകയല്ലാതെ. ഇവരുടെ വാദം കണ്ടാൽ തോന്നുന്ന മറ്റൊരു കാര്യം ഇന്ത്യ മുസ്ലിംകളിൽനിന്ന് പിടിച്ചെടുത്ത് ഹിന്ദുക്കൾ ഭരണം കയ്യേറി എന്നതാണ്. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യമതേതര രാജ്യമാണ് എന്നത് ആര് മറന്നാലും യുക്തിവാദികൾ മറക്കാൻ പാടില്ലായിരുന്നു.
അതുകൊണ്ട് അൽപമെങ്കിലും യുക്തിബോധവും നീതിബോധവുമുള്ള ഒരു മനുഷ്യനും ഈ പ്രശ്നത്തിൽ മുസ്ലിംകളെ കുറ്റം പറയുമെന്ന് തോന്നുന്നില്ല.