2016, ഫെബ്രുവരി 7, ഞായറാഴ്‌ച

മദീനയിലെ ജിഹാദി പ്രവർത്തനം

ഒരു യുക്തിവാദിയുടെ ആരോപണം

മുഹമ്മദിന്റെ മക്കയിലേയും മദീനയിലേയും ജീവിതം രണ്ടായി ഭാഗിച്ചാൽ മക്കയിലെ 13 കൊല്ലത്തെ മതപ്രബോധനത്തിൽ 150 ൽ പരം പേരാണ് അദ്ദേഹത്തെ അംഗീകരിച്ചത്. മദീനയിലെത്തി ജിഹാദീ പ്രവർത്തനമാണ് അദ്ദേഹത്തെ പച്ചതൊടീച്ചത്. മുഹമ്മദ് മരിക്കുമ്പോൾ മക്കയിലേയും മദീനയിലേയും എല്ലാവരും മുസ്ലിം ആവേണ്ടി വന്നു. യുദ്ധങ്ങൾ മുഹമ്മദിനെ വിജയിപ്പിക്കുകയായിരുന്നു. ജിഹാദിപ്രവർത്തനങ്ങളില്ലാതെ മക്കയിലെ പോലെ ഇസ്ലാമിനെ പ്രചരിപ്പിച്ചിരുന്നെങ്കിൽ‍ ഏതാനും പേരു മാത്രമേ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുമായിരുന്നുള്ളൂ. മക്കയിൽ നിന്ന് മുഹമ്മദ് പ്രതിരോധത്തിലായിരുന്നപ്പോൾ പറഞ്ഞിരുന്ന ഖുറാനിൽ എഴുതിയ സൂക്തങ്ങളും മദീനയിലെത്തി ജിഹാദീപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പറഞ്ഞു തുടങ്ങിയ മദനിയ്യായ ഖുറാന്‍ വചനങ്ങളും ശ്രദ്ധിച്ചാൽ ഈ വിത്യാസം കാണാം.


ആരോപണത്തിന് മറുപടി 
മുഹമ്മദ് നബിയെ സംബന്ധിച്ച് കുറേ മുമ്പ് തന്നെ യുക്തിവാദികൾ ഉന്നയിച്ചുവരുന്ന ഒരു ആരോപണമാണ് അൽപം കൂടി ശാസ്ത്രീയമായി ഗ്രാഫിന്റെയൊക്കെ സഹായത്തോടെ ഇയ്യിടെ ഒരു യുക്തിവാദി ഫെയ്സ് ബുക്ക് ഗ്രൂപിൽ ഉന്നയിച്ചിരിക്കുന്നത്.  അൽപം വസ്തുതകളും കുറേ ധാരണകളും കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഈ ആരോപണം ഇസ്ലാമിനെ സംബന്ധിച്ച് കൂടുതൽ പഠിക്കാൻ അവസരം ലഭിക്കാത്തവരെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായി തോന്നാം. അതിനാൽ ഇതിലെ വസ്തുതകളും ധാരണ(പിശകു)കളും വേർത്തിരിക്കേണ്ടതുണ്ട്. 


മേൽ ആരോപണത്തിലെ ഏറെക്കുറെ സത്യസന്ധമായ കാര്യം ഇതുമാത്രമാണ്.  പ്രവാചകൻ മുഹമ്മദ് നബിയുടെ മക്കാപ്രബോധന കാലയളവിൽ ഇസ്ലാം സ്വീകരിച്ചവർ ഇവിടെ സൂചിപ്പിക്കപ്പെട്ട പോലെ 150  വരുമെന്നതാണ്. അതേ സമയം മദീനാകാലഘട്ടത്തിലെകൂടി ഇസ്ലാം സ്വീകരിച്ചവർ ഒരു ലക്ഷത്തിലധികം വരും. 

ഈ വസ്തുതകളോട് അദ്ദേഹം ഒരുപാട് തെറ്റായ ധാരണകൾ കൂട്ടിചേർത്തിരിക്കുന്നു.

1.  ജിഹാദി പ്രവർത്തനങ്ങളില്ലാതെയാണ് മക്കയിൽ പ്രബോധനം ചെയ്തത് എന്ന ധ്വനി ഇസ്ലാമിക സാങ്കേതികപദങ്ങളെ സംബന്ധിച്ച യുക്തിവാദിയുടെ തികഞ്ഞത ധാരണപിശകാണ്. ജിഹാദ് എന്നത് സത്യസന്ദേശ പ്രബോധനമാർഗ്ഗത്തിലെ മുഴുവൻ അധ്വാന പരിശ്രമങ്ങളുമാണ്. ഇസ്ലാമിക രാഷ്ട്രഘടനയെ ശക്തി ഉപയോഗിച്ച് തകർക്കാൻ വരുന്നവരെ സായുധമായി നേരിടുന്നതും ജിഹാദിന്റെ ഭാഗം തന്നെ. ഇതിനെ സായുധജിഹാദ് എന്നോ യുദ്ധം (ഖിതാല്) എന്നൊക്കെ പറയാവുന്നതാണ്. 


2. മുഹമ്മദ് മരിക്കുമ്പോൾ മക്കയിലെയും മദീനയിലെയും എല്ലാവരും മുസ്ലിംകളാകേണ്ടിവന്നു. ഇത് മറ്റൊരു ധാരണപിശകാണ്. ആരെയും മുസ്ലിംകളാകാൻ പ്രവാചകനോ അനുചരൻമാരോ നിർബന്ധിച്ചിരുന്നില്ല. മാത്രമല്ല മദീനയിലെത്തിയ ശേഷവും ഇസ്ലാമിനെ അംഗീകരിക്കാത്ത ജൂത മതസ്ഥർക്ക് അവരുടെ ആരാധനകളും കർമങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. മക്കയിലോ മദീനയിലോ നബിയോ അനുചരൻമാരോ ആരെയെങ്കിലും ഭയപ്പെടുത്തിയോ യുദ്ധം ചെയ്തോ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിച്ചതായി പോലും കാണാൻ കഴിയില്ലെ എന്നിരിക്കെ ഇത് ധാരണ പിശക് മാത്രമല്ല ബോധപൂർവമുള്ള തെറ്റിദ്ധരിപ്പിക്കലാണ്. 

3. ജിഹാദിപ്രവർത്തനങ്ങളില്ലാതെ മക്കയിലെ പോലെ ഇസ്ലാമിനെ പ്രചരിപ്പിച്ചിരുന്നെങ്കിൽ‍ ഏതാനും പേരു മാത്രമേ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുമായിരുന്നുള്ളൂ. ഇതും ഒരു തെറ്റിദ്ധാരണയാണ്. മക്കയിലും മദീനയിലുമൊക്കെ പ്രബോധനപ്രവർത്തനം നടത്തിയത് ഒരേ തരത്തിൽ തന്നെയാണ്. എന്നാൽ മദീനയിൽ അൽപം കൂടി അനുകൂലമായ ഒരു സാഹചര്യം സംജാതമായി. അത് ഇസ്ലാമിന്റെ രാഷ്ട്രീയമായ സത്ഫലങ്ങൾ കൂടി ജനങ്ങൾക്ക് അനുഭവഭേദ്യമായി എന്നതാണ്. അഥവാ മദീനയിൽ പ്രവാചകൻ എത്തിചേരുന്നതിന് മുമ്പ് തന്നെ മുസ്അബ് ബ്നു ഉമൈറിനെ പോലുള്ള സഹാബി വര്യൻമാരുടെ നേതൃത്വത്തിൽ ഇസ്ലാം പ്രചരിക്കുകയും മദീനയുടെ അധികാരം സ്ഥാപിക്കാനാവശ്യമായ മേൽകൈ നേടുകയും ചെയ്തിരുന്നു. ഒരു ഭരണനേതാവിന്റെ കുറവ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. നബിയുടെ ഭരണപാടവത്തിന് കീഴിൽ മദീന മുഹമ്മദ് നബിക്ക് കീഴിലായി. അതുകൊണ്ടുമാത്രം അവിടെയുള്ള ജൂതഗോത്രത്തെ ബലം പ്രായോഗിച്ച് തന്റെ അധികാരത്തിന് കീഴിൽകൊണ്ടുവരാനല്ല പ്രവാചകൻ ശ്രമിച്ചത്. മറിച്ച് അവരുമായി രാഷ്ട്രീയ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. എന്നാൽ ജൂതഗോത്രങ്ങൾ ഓരോന്നായി കരാർ ലംഘിച്ചപ്പോൾ സ്വഭാവികമായും അവർ മദീനയിൽനിന്ന് പുറത്താക്കപ്പെട്ടുവെന്നതാണ് ശരി. മദീനയിലെ ഔസ്, ഖസ്റജ് അറബ് ഗോത്രങ്ങളായിരുന്നു നബിയുടെ ശക്തി. അതിലുപരിയായി മക്കയിൽ നിന്ന് വന്ന് ചേർന്ന അനുചരൻമാരും. ജൂതൻമാരിൽനിന്ന് ഒരു പ്രവാചകന്റെ ആഗമനം മനസ്സിലാക്കിയ ഔസ്, ഖസ്റജ് ഗോത്രങ്ങൾ പ്രവാചകനിൽ കൂട്ടമായി വിശ്വസിച്ചതാണ് മദീനയിലെ ശക്തിയുടെ നിധാനം. അതോടൊപ്പം തന്നെ മക്കയിലും ഇസ്ലാം ശക്തിയാർജിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് നബിയുടെ അവസാനകാലത്ത് നടന്ന വിടവാങ്ങൽ ഹജ്ജിന് ഒരു ലക്ഷത്തിൽ പരം ആളുകൾ കൂടെയുണ്ടായത്. 

4. മക്കയിൽ നിന്ന് മുഹമ്മദ് പ്രതിരോധത്തിലായിരുന്നപ്പോൾ പറഞ്ഞിരുന്ന ഖുറാനിൽ എഴുതിയ സൂക്തങ്ങളും മദീനയിലെത്തി ജിഹാദീപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പറഞ്ഞു തുടങ്ങിയ മദനിയ്യായ ഖുറാന്‍ വചനങ്ങളും ശ്രദ്ധിച്ചാൽ ഈ വിത്യാസം കാണാം.  എന്ത് വ്യത്യാസമാണ് ആരോപകൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കിലും ഒരു ആരോപണം ഇതിൽ വ്യഗ്യമായി ഉദ്ദേശിച്ചിരിക്കുന്നു.  മക്കയിൽ നബി പ്രതിരോധത്തിലായിരുന്നു. മദീനയിൽ അദ്ദേഹം ആക്രമണകാരിയും മറ്റുള്ളവർ പ്രതിരോധത്തിലുമായി. എന്നാൽ സത്യം അതല്ല. മക്കയിൽ ശാരീരികമായ പ്രതിരോധം വേണ്ടെന്ന് വെച്ചിരുന്നെങ്കിലും പ്രബോധനപരമായി ഏതെങ്കിലും ഒരു ഘട്ടത്തിൽ പ്രതിരോധത്തിലായതായി കാണാനാവില്ല. മിക്കപ്പോഴും പ്രബോധിതരാണ് പ്രതിരോധത്തിലായത് എന്നതത്രെ കാര്യം. മദീനയിൽ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതികൂടിയുണ്ടായി അത്തരം വ്യവസ്ഥിതികളെ പ്രതിരോധിക്കാൻ സായുധമായ പോരാട്ടം അനിവാര്യമായി വരും. ലോകത്ത് ഒരു രാജ്യവും പട്ടാളങ്ങളില്ലാതെയില്ല. ആ പട്ടാളത്തിൽ ജൂതന്മാരും ഇസ്ലാം സ്വീകരിക്കാത്തവരുമൊക്കെ ഉണ്ടാകണം എന്നായിരുന്നു വ്യവസ്ഥ. ഇസ്ലാമിനെ പ്രതിരോധിക്കുക എന്നതിനെക്കാൾ മദീനയെ പ്രതിരോധിക്കലായിരുന്നു അതിന്റെ പ്രധാന ദൌത്യം. എന്നാൽ ജൂതൻമാരുടെ പിന്മാറ്റവും ചതിയും കാരണം അത് പൂർണമായി നടപ്പിലാകാതെ പോയി എന്നതാണ് വസ്തുത. ബനൂ ഖൈനുക്കാഉം ബനൂ നളീറും സന്ധിലംഘിച്ചപ്പോൾ പോലും ബാക്കിയുള്ള ബനൂഖുറൈളയെ നബി തിരുമേനി വിശ്വാസത്തിലെടുത്തിരുന്നു. എന്നാൽ അഹ്സാബ് യുദ്ധത്തിന്റെ അവസാനത്തിൽ അവരും കാലുമാറിയപ്പോഴാണ്. മദീനയിൽ നിന്ന് ജൂതന്മാർക്ക് പോകേണ്ടവന്നത്. നബി തിരുമേനി ഒരു ഘട്ടത്തിലും ആക്രമണകാരിയായിട്ടില്ല. മറിച്ച് മദീനയിൽ വെച്ച് സായുധമായി പ്രതിരോധിക്കേണ്ടിവന്നിട്ടുണ്ട്. റോമും പേർഷ്യയും കോളനികളെ പോലെ അടിമകളാക്കിയ അറബ് ദേശങ്ങളെ തദ്ദേശീയരുടെ സഹായത്തോടെ മോചിപ്പിച്ചിട്ടുണ്ട്.

5. ഇസ്ലാമിനെക്കുറിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണ യുക്തിവാദി ആരോപകനും പങ്കുവെക്കുന്നു. അതിൽ നിന്നാണ് ഈ ആരോപണം തന്നെയുണ്ടാകുന്നത്. ഇസ്ലാം ഒരു ജീവിത വ്യവസ്ഥയാണ്. ആരാധനകളും ജീവിത മര്യാദകളും ധാർമികസദാചാര നിയമങ്ങളും ഉള്ളതുപോലെ തന്നെ ക്രിമിനൽ ശിക്ഷാനിയമങ്ങളും അവ നടപ്പാക്കുന്നതിനായി രാഷ്ട്രീയ വ്യവസ്ഥയും ഒക്കെ അത് ഉൾകൊള്ളുന്നു. ഈ കാഴ്ചപ്പാട് ഇല്ലായെങ്കിൽ ഇസ്ലാം യുദ്ധം ചെയ്തുതൊക്കെ അത് അംഗീകരിക്കാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് ചേർക്കാനോ അവിശ്വാസികൾക്കെതിരിലോ ആയിരിക്കും എന്ന ധാരണയുണ്ടാകും. അത് ഏറെക്കുറെ ശരിയുമാണ്. ഇതുസംബന്ധമായ ചർചയിൽ അബൂസുഫ് യാൻ മുസ്ലിമാകുവാൻ നിർബന്ധിക്കപ്പെടുകയാണുണ്ടായത് എന്ന് ആരോപകരിലൊരാൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുതയാകട്ടെ അബൂസുഫ് യാൻ വധാർഹനാകുന്നത് ഒരു യുദ്ധകുറ്റവാളി എന്ന നിലക്കാണ്. അത്തരം കുറ്റവാളികളുടെ ശിക്ഷ ഇസ്ലാമിനെ പിൻപറ്റാൻ സന്നദ്ധമായാൽ ലഘൂകരിക്കും. ഇത് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഒരു അധികസൌകര്യമായേ കാണേണ്ടതുള്ളൂ. ഒരു പക്ഷെ ഇതര രാഷ്ട്രീയ വ്യവസ്ഥയിൽ അവർക്ക് കൊലയിൽ കുറഞ്ഞ ഒരു ശിക്ഷയും നൽകാനില്ല. അതിനപ്പുറം ഈ സംഭവത്തെ കാണാൻ കഴിയില്ല. കാരണം മറിച്ചൊരു വ്യഖ്യാനം ഖുർആന് തന്നെ എതിരാണ്. മതത്തിൽ ബലാൽകാരമില്ല എന്നത് അതിന്റെ അടിസ്ഥാന തത്വമാണ്. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review