2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

10 ചോദ്യങ്ങൾക്ക് യുക്തിവാദിയുടെ മറുപടി.

യുക്തിവാദികളോട് 10 ചോദ്യങ്ങൾ എന്ന പോസ്റ്റിന് അവസാനം ചില യുക്തിവാദികൾ പ്രതികരിച്ചുകണ്ടതിൽ സന്തോഷം. ബ്ലോഗിൽ ഇടപെട്ടില്ലെങ്കിലും യുക്തിവാദികളുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അക്കമിട്ടു തന്നെ മറുപടി നൽകിയിരിക്കുന്നു. 

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ഒരോ വ്യക്തിയും സ്വയം ഉത്തരം തേടേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട ചില ചോദ്യങ്ങൾക്ക് യുക്തിവാദികൾക്ക് നൽകാൻ കഴിയുന്ന പരമാവധി മറുപടിയാണ് യുക്തിവാദി സുഹൃത്ത് നൽകിയതെന്ന്  കരുതുന്നു. മിക്ക മറുപടിക്കും എട്ടോ പത്തോ പേർ ലൈക്ക് നൽകിയിട്ടുമുണ്ട്.  5 വർഷത്തിലേറെ നീണ്ട നിരന്തരബന്ധത്തിൽ അതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല, അവർ വിശ്വാസികളായ സുഹൃത്തുക്കളോട് ചോദിക്കുന്നതുപോലെ കേവലം പരിഹാസം ഉദ്ദേശിച്ചല്ല ആ ചോദ്യങ്ങൾ നൽകിയിട്ടുള്ളത്.  അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയെന്തോ അതാണ് അവന്റെ ജീവിതം ചിട്ടപ്പെടുത്തപ്പെടുന്നത് എന്ന കാര്യത്തിൽ സംശയമില്ല. വിശ്വാസിയും അങ്ങനെ തന്നെ. 

ഏതൊരാൾക്കും ഒരു പ്രപഞ്ചവീക്ഷണവും ജീവിത വീക്ഷണവും ഉണ്ടായിരിക്കും. അത് ഒന്നുകിൽ അവൻ സ്വയം രൂപം നൽകുന്നതോ അവൻ അവലംബിക്കുന്ന ദർശനം രൂപം നൽകിയതോ ആയിരിക്കും. യുക്തിവാദി എന്ന് ഈ ബ്ലോഗിൽ വിശേഷപ്പിക്കുന്നത് യുക്തി ഉപയോഗിച്ച് കാര്യങ്ങളെ ഗ്രഹിക്കുന്നവരെയല്ല. മറിച്ച് ഏതെങ്കിലും ഒരു മതത്തിൽ പ്രത്യേകിച്ച് വിശ്വസിക്കാതെ സ്വന്തമായി ഒരു ദൈവസങ്കൽപവും ( അത് ചിലപ്പോൾ ദൈവം ഇല്ല എന്നായിരിക്കാം) തന്റെ സൌകര്യത്തിനും യുക്തിക്കും അനുസരിച്ച വിധം ഒരു ജീവിതവീക്ഷണവും കൊണ്ടു നടക്കുന്നവരെ ഉദ്ദേശിച്ചാണ്. അത്തരമൊരു യുക്തിവാദിയുടെ പ്രപഞ്ചവീക്ഷണവും ജീവിതവീക്ഷണവും ഈ ബ്ലോഗ് വായനക്കാരെ അറിയിക്കുക എന്നതായിരുന്നു ആ ചോദ്യങ്ങളുടെ പ്രധാന ലക്ഷ്യം.   

ചോദ്യവും അതിനുള്ള യുക്തിവാദിയുടെ മറുപടിയും നമുക്ക് നോക്കാം.. 

ചോദ്യം 1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.
(ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?.)


യുക്തിവാദിയുടെ മറുപടി 1: 
പ്രപഞ്ചം സ്വയം ഉണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. അത് എന്നും ഇവിടെത്തന്നെ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയെന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം,യുക്തിവാദിയുടെ മറുപടി 2പ്രപഞ്ചം എന്നാല്‍ എന്താണു എന്ന ചോദ്യത്തിനു തന്നെ പൂര്‍ണമായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞിട്ടില്ല ലതീഫ് ! അതിന്റെ വ്യാപ്തിയും അതിരുകളും ഒന്നും നമുക്ക് അറിയില്ല. അല്പം മാത്രമേ ഇന്നും അറിയു. അതിനാല്‍ തന്നെ എങ്ങനെ ഉണ്ടായി? എപ്പോള്‍ ഉണ്ടായി? എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടോ? പ്രപഞ്ചം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടോ?അതോ ഇപ്പോഴും ഉണ്ടാകല്‍ തുടരുന്നുണ്ടോ? ഇതിനൊന്നും കിറു കൃത്യമായ ഉത്തരം മനുഷ്യനു കണ്ടെത്താനായിട്ടില്ല്ല. . അതിനാല്‍ ഈ ചോദ്യത്തിനു അറിയില്ല എന്ന ഉത്തരമേ യുക്തിവാദിക്കുള്ളു. അറിയാവുന്ന കാര്യങ്ങള്‍ വെച്ച് ചില ഊഹങ്ങള്‍ മാത്രമേ ശാസ്ത്രത്തിനു പോലും ഉള്ളു. എന്നാല്‍ ഈ പറഞ്ഞതിനര്‍ത്ഥം ആരോ പണ്ട് പറഞ്ഞൂ പോയ മുത്തശ്ശിക്കഥകള്‍ സത്യമാണു എന്നല്ല. അന്യേഷണത്തിലൂടെ നിരീക്ഷണ പരീകഷണങ്ങളിലൂടെ ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങ്ളെ മാത്രമേ അറിവായി സ്വീകരിക്കാന്‍ യുക്തിവാദിക്കു കഴിയൂ !

ചോദ്യം 2.  ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?.
(ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?.) 

യുക്തിവാദിയുടെ മറുപടി 1: ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകാൻ ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല. സാമൂഹിക ജീവി എന്ന നിലയിൽ പല നിയമങ്ങളും പിന്തുടരാൻ മനുഷ്യന് ബാധ്യതയുണ്ട്. അത്തരം നിയമങ്ങൾ ആവശ്യാനുസരണം മനുഷ്യൻ തന്നെ നിർമ്മിക്കുന്നു.

യുക്തിവാദിയുടെ മറുപടി 2:  ജീവികളുടെ അടിസ്ഥാന ഘടന നിരീക്ഷിച്ചു കൊണ്ട് ശാസ്ത്രം അനുമാനിക്കുന്നത് അജൈവ പദാത്ഥങ്ങള്‍ കൂടുതല്‍ സങ്കീര്ണ ഘടന പ്രാപിച്ചപ്പോ‍ാള്‍ ഉണ്ടായ സവിശേഷ ഗുണങ്ങളാണു ജീവന്‍ എന്നാണു. അവ വീണ്ടും സങ്കീര്‍ണത കൈവരി്ച്ച് പരിണമിച്ചപ്പോള്‍ ജീവികള്‍ ഉണ്ടായി . മനുഷ്യനും ! മനുഷ്യനും ഇതര ജീവികളും തമ്മില്‍ മാത്രമല്ല വ്യത്യാസം. എണ്ണത്തിലും പിണ്ഡത്തിലൂം കൂടുതല്‍ ഉള്ള ജീവികള്‍ സൂക്ഷമജീവികളായ ഏക കോശക്കാരാണു. അവയും ബഹു കോശ ജീവികളും തമ്മില്‍ വലിയ അന്തരം ഉണ്ട്. അമീബയും പൂച്ചയും തമ്മിലുള്ള വ്യത്യാസം ഉദാഹരണം. അത്രയൊന്നും വ്യത്യാസമില്ല മനുഷ്യനും കുരങ്ങനും തമ്മില്‍.. ധാര്‍മ്മികത എന്നത് കൂട്ടമായി ജീവിക്കാന്‍ അനിവാര്യമായതു കൊണ്ട് മാത്രം ഉണ്ടായതാണു. അതു മനുഷ്യന്റെ ആവശ്യമാണു. ദൈവങ്ങളുടെ അല്ല ! അത് ഉണ്ടാക്കിയതും വികസിപ്പിച്ചതും മനുഷ്യന്‍ തന്നെ ! ദൈവങ്ങള്‍ അല്ല !!.

ചോദ്യം 3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?.
(അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ?.)

യുക്തിവാദിയുടെ മറുപടി : സുഖമായി ജീവിച്ച് മരിക്കുക എന്നതാണ് ലളിതമായിപ്പറഞ്ഞാൽ മനുഷ്യന്റെ ജീവിത ദൌത്യം. പ്രപഞ്ചത്തോടാകമാനം മനുഷ്യൻ കടപ്പെട്ടിരിക്കുന്നു. കാരണം, അവന്റെ ജീവിതം സാധ്യമാക്കുന്നതിൽ പ്രപഞ്ചത്തിലെ ഓരോ ഘടകത്തിനും അതിന്റേതായ പങ്കുണ്ട്.ചോദ്യം 4.  മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

യുക്തിവാദിയുടെ മറുപടി :  അറിവില്ലായ്മ.

ചോദ്യം 5.  മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?.
(നിങ്ങൾ അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. )

യുക്തിവാദിയുടെ മറുപടി: ധാർമ്മിക മൂല്യങ്ങൾക്ക് രൂപം നൽകിയത് മനുഷ്യൻ തന്നെയാണ്. എന്നാൽ, അതിന് അടിസ്ഥാനമാകുന്നത് സ്നേഹം, ദയ തുടങ്ങിയ നൈസർഗ്ഗിക വികാരങ്ങളാണ്.

ചോദ്യം 6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?.
(കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?.) 

യുക്തിവാദിയുടെ മറുപടി: ഈ ലോകത്ത് നീതി ലഭിക്കാത്തവരുടെ അവസ്ഥയും അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തവരുടെ അവസ്ഥയും പ്രതിഷേധാർഹമാണ്. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ കഷ്ടമെന്നേ പറയേണ്ടൂ. ഇത്തരം അനീതികൾ ആവർത്തിക്കാതിരിക്കാനായി പരിശ്രമിക്കുക മാത്രമാണ് പോംവഴി.

ചോദ്യം 7.  മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  നിങ്ങളുടെ ആരോപണം. അങ്ങനെ തന്നെ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ ഇതിനേക്കാൾ നല്ലൊരു തത്വസംഹിതയാണോ നിങ്ങൾ പിന്തുടരുന്നത്?. 

യുക്തിവാദിയുടെ മറുപടി:   യുക്തിബോധമാണ് മാനവകുലത്തിന്റെ നിലനിൽ‌പ്പിനുതന്നെ ആധാരമായ തത്വസംഹിത. അതിനെയാണ് ഞങ്ങൾ പിന്തുടരുന്നത്.

ചോദ്യം 8.  മതമുക്തമായ ജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?.
(മതവിശ്വാസികളെക്കാൾ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. മാനസികമായി എന്ത് സൌഖ്യമാണ് അതുകൊണ്ട് മതവിശ്വാസികളെക്കാൾ നിങ്ങൾ അനുഭവിച്ചത്?.)

യുക്തിവാദിയുടെ മറുപടി: സ്വാതന്ത്യം - അതാണ് മതമുക്തമായ ജീവിതം കൊണ്ട് ഭൌതികമായും മാനസികമായും സാമൂഹികമായും ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള നേട്ടം. മതത്തെയോ ദൈവത്തെയോ പിന്തുടരുന്നില്ല എന്നുള്ളതുകൊണ്ട് തീവ്രവാദികളുടെ ഭാഗത്തുനിന്നുള്ള ചില ഭീഷണികൾക്കപ്പുറം മറ്റു കുഴപ്പങ്ങളൊന്നും ഞങ്ങൾക്ക് ഉണ്ടാകുന്നുമില്ല.

ചോദ്യം 9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.
(യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ല എന്നതല്ലേ കാര്യം?.)
യുക്തിവാദിയുടെ മറുപടി: മതവിശ്വാസിയുടെ യുക്തി, മതവിശ്വാസമില്ലാത്തവരുടെ യുക്തി എന്നിങ്ങനെ യുക്തികൾ പല ഇനമില്ല. ഒരു ഗണിത സമവാക്യം പോലെ യുക്തി സാർവ്വ ജനീനമാണ്, സാർവ്വ കാലികമാണ്, സാർവ്വ ലൌകികമാണ്. പ്രപഞ്ചസൃഷ്ടാവിനെയാണ് ദൈവം എന്നു വിളിക്കുന്നതെങ്കിൽ ദൈവവീക്ഷണം ഒരിക്കലും യുക്തിഭദ്രമാവില്ല. കാരണം, സൃഷ്ടിയും വിനാശവും ആരാലും സാധിക്കാത്തതാണ്.
ചോദ്യം 10. 
മനുഷ്യരുടെയും മൃഗങ്ങളുടെയും മരണശേഷം ഒരേ പോലുള്ള പരിണാമമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് ?.
(നിങ്ങളുടെ മരണശേഷം എന്ത് സംഭവിക്കും?. ഇത് നിങ്ങളുടെ കേവല വിശ്വാസമോ, അതല്ല വ്യക്തമായ തെളിവിന്റെ പിൻബലമതിനുണ്ടോ?.)
 

യുക്തിവാദിയുടെ മറുപടി: മനുഷ്യരായാലും മൃഗങ്ങളായാലും മരിച്ചാൽ സാധാരണഗതിയിൽ ശരീരം ജീർണ്ണിച്ച് വിഘടിക്കും. ഇത് തെളിയിക്കാൻ ഒരു ശവശരീരത്തിന് എന്തു സംഭവിക്കുന്നു എന്ന് നേരിട്ട് നിരീക്ഷിച്ചാൽ മാത്രം മതിയാകും.

ഈ ചോദ്യങ്ങൾക്ക് ഒരു ഇസ്ലാം മതവിശ്വാസിക്ക് നൽകാവുന്ന മറുപടി ഈ പോസ്റ്റിൽ വായിക്കാം..

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review