2019, ജൂലൈ 31, ബുധനാഴ്‌ച

ദൈവത്തിന്റെ നിലവാരം യുക്തിവാദികളുടെ വീക്ഷണത്തില്‍

യുക്തിവാദികള്‍ എന്നുതന്നെ പറഞ്ഞാല്‍ മതി ജബ്രയെന്ന് പ്രത്യേകം പറയേണ്ടതില്ല കാരണം യുക്തിവാദികള്‍ എന്നുപറഞ്ഞാല്‍ തന്നെ ഇപ്പോള്‍ ഒരു വിഭാഗമേ ഉള്ളൂ. കാരശേരി പറഞ്ഞതുപോലെ തങ്ങള്‍ക്ക് മാത്രമേ ബുദ്ധിയുള്ളൂവെന്ന തെറ്റിദ്ധരിക്കുന്ന വിഭാഗം, ഒരു പ്രസിദ്ധവ്ലോഗര്‍  പറഞ്ഞപോലെ മതങ്ങളെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗം. സകലമതങ്ങളും നശിച്ചുപോയാലെ നാട്ടില്‍ സമാധാനം പുലരൂ എന്നുകരുതി. 24 മണിക്കൂര്‍ മതത്തെയും ദൈവത്തെയും കുറിച്ചാലോചിച്ച് സമയം ചെലവഴിക്കുന്ന വിഭാഗം. ദൈവത്തിന്റെ കാര്യത്തില്‍ അവരുടെ പുതിയ നിലപാട് എന്താണ്?. അടുത്തിടെ കണ്ട അവരുടെ പോസ്റ്റുകളില്‍നിന്നും വീഡിയോകളില്‍നിന്നും കൃത്യമായ ഒരു ഉത്തരം ലഭിക്കുന്നില്ല. പ്രധാനമായും 3 വീക്ഷണങ്ങളാണ് മാറിമാറി അവതരിപ്പിക്കുന്നത്.

1.
ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ ഒരു ദൈവം ഉണ്ടാകുന്നതിന് യുക്തിവാദികള്‍ എതിരല്ല. ദൈവവിശ്വാസം നന്മചെയ്യാന്‍ പ്രേരകമാകുന്നെങ്കില്‍ അത്തരം വിശ്വാസത്തോട് യോജിപ്പാണ്.

2.
ദൈവം ഉണ്ട്. പക്ഷെ അത് ഇപ്പോള്‍ ഒരു മതവിഭാഗവും പറയുന്ന ദൈവമല്ല. ദൈവമാകാനുള്ള യോഗ്യത അവയ്കൊന്നുമില്ല.

3.
ദൈവമില്ല. ഉണ്ട് എന്നുള്ള വിശ്വാസം പരമാബദ്ധമാണ്. കാരണം ഇതുവരെ ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടിട്ടില്ല. ഇല്ലാത്ത ഒന്ന് തെളിയിക്കാന്‍ സാധ്യമല്ലെന്നതിനാല്‍ തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയും വെച്ച് പുലര്‍ത്തുന്നില്ല.

ദൈവമില്ലെന്നും അതൊരു ബാലിശമായ സങ്കല്‍പമാണെന്നും സ്ഥാപിക്കാന്‍ 'ഡിങ്കദൈവം' എന്ന ഒരു ദൈവത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നതായി കാണിക്കുകയും ചെയ്യുന്നു.

യുക്തിവാദികള്‍ കൊണ്ടുനടക്കുന്ന പല വ്യക്തികളും തങ്ങളുടെ നിരന്തരമായ മതപരിഹാസത്തിനൊപ്പിമില്ലെന്ന അറിവും തങ്ങള്‍ ദൈവനിഷേധികളല്ലെന്ന തുറന്നുപറച്ചിലും യുക്തിവാദികളെ വല്ലാതെ ഇളിഭ്യരാക്കിയിട്ടുണ്ട് എന്ന് യുക്തിവാദികളുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനാവും. ആ ജാള്യതമാറ്റാന്‍ വേണ്ടി ഇയ്യിടെയുണ്ടാക്കിയ ഒരു തിയറിയാണ് ഇതിലെ ഒന്നും രണ്ടും. ശരിക്കും അവര്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്നത് ദൈവമില്ലെന്ന മൂന്നാമത്തെ വിശ്വാസം തന്നെ.

പക്ഷെ ദൈവമില്ലെന്ന വിശ്വാസത്തിന് ഒരു ദൗര്‍ബല്യമുണ്ട്. ഈ പ്രപഞ്ചത്തിന്റ വൈപുല്യവും ഓരോ സൃഷ്ടിപ്പിലെയും വിശദീകരിക്കാനാവാത്ത ആസൂത്രണവും മനസ്സിലാക്കുമ്പോള്‍ മനുഷ്യബുദ്ധിതന്നെ അതിന്റെ പിന്നിലൊരു ശക്തിയുണ്ടാവും എന്ന ഒരു ചിന്തക്കടിമപ്പെടുന്നു. ദൈവമില്ലെന്ന് പറയുമ്പോഴും അതവനെ വിടാതെ പിന്തുടരുന്നു. അങ്ങനെയാണ് ദൈവനിഷേധികളെന്ന നാട്യത്തില്‍ നടന്ന പലരും വാര്‍ദ്ധക്യത്തില്‍ തികഞ്ഞ ദൈവവിശ്വാസികളാവുകയോ മിനിമം ദൈവമില്ലെന്ന പല്ലവി പാടുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത്. അതിന്റെ തന്നെ ഒരു പ്രതിഫലനമാണ് മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് ദൈമാകാനുള്ള യോഗ്യതയില്ലെന്നുള്ള വാദം. ചില ദൈവസങ്കല്‍പ്പങ്ങളില്‍ അത് ശരിയാണ് എന്ന് അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ. ദൈവത്തിന് അയോഗ്യതയായി പറയുന്ന 90 ശതമാനം കാര്യങ്ങളും വിശുദ്ധഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് അവരുടേതായ ഒരു ഭാഷ്യം ചമച്ച് അത് അയോഗ്യതയായി അവതരിപ്പിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ എന്തൊക്കെയായിരിക്കണം ദൈവത്തിന്റെ യോഗ്യത എന്നവര്‍ ഒരിടത്തും പറയുകയില്ല. അവരുടെ വാദങ്ങള്‍ ഉദ്ധരിച്ച് മറുപടി പറയുന്നതിനുമുമ്പ് പ്രധാനമായും അവരുടെ അയോഗ്യത, ദൈവം മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കുന്നതും ദൈവം ഉടനടി പ്രത്യക്ഷപ്പെട്ട് തീരുമാനങ്ങള്‍ക്ക് വിധികല്‍പിക്കാത്തതുമാണ് എന്ന് മനസ്സിലാക്കാനാവും. ബാക്കിയുള്ളവയൊക്കെ എണ്ണം തികക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. അതിന് ശേഷം പറയും ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഒരു ഗോത്രദൈവമാണ് അല്ലാഹു എന്ന്. ഖുര്‍ആനില്‍ ഒരു ദൈവത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍ അന്നത്തെ ആളുകളില്‍ ചിലര്‍ വിശ്വസിച്ചു. ചിലര്‍ അവിശ്വസിച്ചു. അന്ന് വിശ്വസിക്കാത്തവരുടെ ദൈവസങ്കല്‍പ്പം ഇപ്പോഴത്തെ യുക്തിവാദി വീക്ഷണവുമായി വളരെയേറെ യോജിപ്പുകാണുന്നു. ഖുര്‍ആന്‍ അത് ഇങ്ങനെ വിശദീകരിക്കുന്നു.

'
നിങ്ങളുടെ അടുക്കല്‍ വന്നുകഴിഞ്ഞ സ്പഷ്ടമായ മാര്‍ഗദര്‍ശനങ്ങള്‍ ഗ്രഹിച്ചശേഷം നിങ്ങള്‍ വഴുതിപ്പോവുകയാണെങ്കില്‍, നന്നായി അറിഞ്ഞുകൊള്ളുക, അല്ലാഹു സര്‍വത്തെയും അതിജയിക്കുന്നവനും യുക്തിമാനുമത്രെ. (ഈ ഉപദേശനിര്‍ദേശങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞിട്ടും ജനം നേര്‍വഴി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ) ഇനി അല്ലാഹു തന്നെ മേഘക്കുടയും ചൂടി മലക്കുകളുടെ അകമ്പടിയോടെ കണ്‍മുമ്പില്‍ ഇറങ്ങിവരുകയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ ഇവര്‍ പ്രതീക്ഷിക്കുന്നത്? ഒടുവില്‍ സകല സംഗതികളും സമര്‍പ്പിക്കപ്പെടുന്നത് അല്ലാഹുവിന്റെതന്നെ സമക്ഷത്തിലാണല്ലോ.'

(
വിശുദ്ധ ഖുര്‍ആന്‍ അധ്യായം : 2, സൂക്തം : 209,210)

ഈ സൂക്തം ശ്രദ്ധയോടെ ഒന്ന് വായിച്ചുനോക്കുക, ആരാണ് ദൈവസങ്കല്‍പത്തില്‍ 6ാം നൂറ്റാണ്ടിലെ അറബികളുടെ വീക്ഷണം പുലര്‍ത്തുന്നത് ഖുര്‍ആനോ അതല്ല അതിന്റെ നിഷേധികളോ.

ആദ്യം ഖുര്‍ആനിലെ ദൈവത്തെ ഒന്ന് ചുരുങ്ങിയ രൂപത്തില്‍ പരിചയപ്പെടുത്താം. ഈ പറയുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും സൂക്തങ്ങള്‍ തെളിവായി ഉദ്ധരിക്കാനാവും. പക്ഷെ സുഗമമായ വായനക്ക് അത് തടസ്സമാകുമെന്നതിനാലും ഈ പോസ്റ്റ് വല്ലാതെ ദീര്‍ഘിച്ചുപോകും എന്നതിനാലും ഒഴിവാക്കുന്നു.

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് യുക്തിമാനും സര്‍വശക്തനും സര്‍വ്വജ്ഞനുമായ ഒരു അസ്തിത്വമാകുന്നു. അറബിയില്‍ അതിനെ അല്ലാഹു എന്ന് വിളിക്കുന്നു. ആ അസ്തിത്വം ഏകാനാകുന്നു. ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചവന്‍ അവനെ ഭൂമിയിലെ ഏറ്റവും ആദരണീയനായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലെ സകല വസ്തുക്കളും മനുഷ്യന്റെ സേവനത്തിനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് ശരീരവും ജീവനും നല്‍കിയ ദൈവം അവനുവേണ്ട ജീവിതരീതിയും ആദ്യം മുതലേ മനുഷ്യന് പറഞ്ഞുകൊടുക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. അതിനെയാണ് പ്രവാചകത്വം എന്ന് പറയുന്നത്. അങ്ങനെ മനുഷ്യനോട് സ്രഷ്ടാവായ ദൈവം നീതികാണിച്ചിരിക്കുന്നു. അതോടൊപ്പം തന്റെ സാര്‍മാര്‍ഗിക നിയമത്തിന് അവനെ സൃഷ്ടിപ്പില്‍തന്നെ വിധേയമാക്കിയിട്ടില്ല. അവ തെരഞ്ഞെടുക്കാനും തള്ളിക്കളയാനുമുള്ള ഇഛാശക്തിയോടെയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയിലെ സൗകര്യങ്ങള്‍ അവന് ഉപയോഗപ്പെടുത്തി ദൈവം നിശ്ചയിക്കപ്പെട്ട കാലത്തോളം ഇവിടെ കഴിയാം. കഴിയുന്ന കാലമത്രയും ദൈവികമായ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക. എങ്കില്‍ അവന് ഭൂമിയില്‍ ഭയപ്പെടേണ്ടിവരികയില്ല. പിന്നീട് ദുഃഖിക്കാന്‍ ഇടയാകുന്നതുമല്ല. മരണശേഷം മനുഷ്യന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുബോധിപ്പിക്കേണ്ടതായിവരും അവന്റെ ജീവിതം എന്തിന് ചെലവഴിച്ചുവെന്ന് ചോദിക്കപ്പെടും. അതില്‍ വിജയിച്ചാല്‍ പരലോകത്ത് വെച്ച് ശാശ്വതസ്വര്‍ഗ്ഗം ലഭിക്കും അഥവാ വിചാരണയില്‍ പരാജയപ്പെട്ടാല്‍ ശാശ്വതമായ നരകശിക്ഷയും അനുഭവിക്കേണ്ടിവരും.

ഇതാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവവീക്ഷണവും ജീവിതവീക്ഷണവും. ഇതില്‍ ചിലകാര്യങ്ങള്‍ നമുക്ക് വന്നുകഴിഞ്ഞതും ചിലത് വരാനിരിക്കുന്നതുമാണ്. വന്നുകഴിഞ്ഞത് പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളും. അത് പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് സംഭവിച്ചതായി കാണാം. മനുഷ്യരില്‍ ചിലരത് അംഗീകരിക്കുന്നില്ലെന്നത് അത് ഇല്ല എന്നതിന് തെളിവല്ല. ചിലരതു നിഷേധിക്കുന്നത് ദൈവം നിഷേധിക്കാവുന്ന വിധത്തില്‍ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടാണ്. ഈ കാര്യത്തില്‍ ദൈവിക തീരുമാനം അങ്ങനെയാണ്. മനുഷ്യന് സ്വതന്ത്രമായ തീരുമാനാധികാരം നല്‍കുകയും അവന്‍ മനസ്സാ സ്വീകരിക്കുന്നുവെങ്കില്‍ അവന് ഇരുലോകത്തും നന്മയും തിരസ്കരിക്കുകയാണെങ്കില്‍ ഇഹലോകത്ത് ഇടുങ്ങിയ ജീവിതവും പരലോകത്ത് ശിക്ഷയും ലഭിക്കും. മനുഷ്യനെ അവന്റെ പ്രവര്‍ത്തനത്തിന്റെ ഫലം അനുഭവിക്കാന്‍ ദൈവം വിട്ടിരിക്കുന്നു.

വരാനിരിക്കുന്നത് പരലോകജീവിതമാണ്. ഇഹലോക ജീവിതം തന്നെയാണ് പരലോക ജീവിതത്തിന് തെളിവായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്. ഇഹലോക ജീവിതം നാം അനുഭവിക്കുന്നു. ഇനി ഇതിനെ ഒന്നുകൂടി മറ്റൊരു വിധത്തില്‍ പുനസൃഷ്ടിക്കുക ഒട്ടും പ്രയാസമുള്ളതല്ല. കൂടുതല്‍ എളുപ്പമാകുന്നുവെന്നതാണ് ഖുര്‍ആന്‍ മനുഷ്യന് മനസ്സിലാക്കാന്‍ വേണ്ടി പരിചയപ്പെടുത്തുന്നത്. (ദൈവത്തിന് രണ്ടും എളുപ്പമുള്ളതാകുന്നുവെന്നതാണ് സത്യം)

വിശുദ്ധഖുര്‍ആന്‍, അധ്യായം അര്‍റൂം (30) 25 മുതല്‍ 29 വരെ സൂക്തങ്ങള്‍ വായിക്കുക.

(25-27)
വാനലോകങ്ങളും ഭൂമിയും അവന്റെ ആജ്ഞാനുസാരം നിലകൊള്ളുന്നുവെന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.36 പിന്നീടവന്‍ നിങ്ങളെ ഭൂമിയില്‍നിന്നു വിളിച്ചാല്‍, ആ ഒറ്റ വിളിക്കുതന്നെ നിങ്ങള്‍ ധൃതിയില്‍ പുറപ്പെട്ടുവരുന്നതാകുന്നു. ആകാശഭൂമികളിലുള്ളതെന്തും അവന്റെ അടിമകളത്രെ. എല്ലാം അവന്റെത്തന്നെ ആജ്ഞാനുവര്‍ത്തികളുമാകുന്നു. അവനാകുന്നു ആദിയില്‍ സൃഷ്ടിക്കുന്നത്. പിന്നീട് അവന്‍തന്നെ അത് പുനഃസൃഷ്ടിക്കുന്നു. ഇത് അവന്ന് അതീവ ലളിതമാകുന്നു. വാനലോകങ്ങളിലും ഭൂമിയിലും അവന്റെ ഗുണം സര്‍വോന്നതമത്രെ. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.
(28-29) 39
നിങ്ങള്‍ക്കവന്‍ നിങ്ങളില്‍ത്തന്നെ ഒരു ഉദാഹരണം കാണിച്ചുതരുന്നു. നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൗഭാഗ്യത്തിലും തുല്യ പങ്കാളിത്തമുള്ളവരും, സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ, നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം തുറന്നുവിശദീകരിച്ചുകൊടുക്കുന്നു. പക്ഷേ, ഈ അക്രമികള്‍ ജ്ഞാനവും ബോധവുമില്ലാതെ സ്വേച്ഛകളുടെ പിമ്പേ ഗമിക്കുകയാകുന്നു. അല്ലാഹു വഴിതെറ്റിച്ചവനെ ഇനി ആര്‍ക്കാണ് വഴി കാണിക്കാനാവുക? ഇങ്ങനെയുള്ളവര്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല

 

ഇവിടെ നാം കാണുന്നത് അല്ലാഹു മനുഷ്യര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ അവനോട് സംവദിക്കുന്നതാണ്. അവന് മനസ്സിലാകുന്ന ഉദാഹരണങ്ങള്‍ അവന്‍ നല്‍കുന്നു. ഇതൊക്കെ യുക്തിവാദി ഭാഷയില്‍ ദൈവത്തിന്റെ അയോഗ്യതയാണ്. അവരെന്താണ് ഉദ്ദേശിക്കുന്നത്. ദൈവം കടുകട്ടിയുള്ള തത്വം മാത്രമേ പറയാവൂ എന്നാണോ. എങ്കില്‍ അത് മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ കൂടുതല്‍ പര്യാപ്തമാവുമോ?. അതല്ല മനുഷ്യന് തന്നെ സ്വയം കണ്ടെത്താന്‍ കഴിയുന്ന പ്രപഞ്ചത്തെയും അതിലെ സൃഷ്ടികളെയും സംബന്ധിച്ച ശാസ്ത്രം മുന്‍കൂട്ടി മനുഷ്യനോട് പറയണമെന്നോ എങ്കില്‍ ഈ സന്‍മാര്‍ഗദര്‍ശനത്തിന് അത് എങ്ങനെയാണ് കൂടുതല്‍ സഹായകമാവുക. ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും പരിമിതമായ അറിവുണ്ടായിരുന്ന ആളുകളോട് ഭൂമിയെ നാം പടച്ചത് ഗോളരൂപത്തിലാണെന്നും, ഭൂമി സൂര്യനെചുറ്റുകയാണെന്നും നാം അടുത്ത കാലത്ത് മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് വല്ല ഉപകാരവും ഉണ്ടാകുമായിരുന്നോ? അതല്ല അതൊന്നും തെളിയിക്കാന്‍ പോലും സാധ്യമല്ലാത്ത കാലത്ത് അത് കൂടുതല്‍ നിഷേധത്തിന് കാരണമാവുകയാണോ ചെയ്യുക.

അപ്പോള്‍ പിന്നെ നിങ്ങള്‍ അവകാശവാദമുന്നയിക്കുന്നതോ എന്ന് ചോദിക്കും. അവകാശവാദം ഇത്രമാത്രമാണ്. ഖുര്‍ആന്‍ മനുഷ്യന് കണ്ടുപിടിക്കാന്‍ കഴിയുന്ന ശാസ്ത്രം പറഞ്ഞുതരാന്‍ അവതരിപ്പിക്കപ്പെട്ടതല്ല. അത് മനുഷ്യന് കണ്ടെത്താം. കണ്ടെത്താതിരിക്കാം. രണ്ടായാലും ഏതൊരു മനുഷ്യനും ആവശ്യമായ സാന്‍മാര്‍ഗികനിയമനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആന്റെ മുഖ്യപ്രമേയം. അത് മനുഷ്യനെ ബോധ്യപ്പെടുത്താന്‍ അതിന് പിന്നിലെ സ്രഷ്ടാവിനെ ബോധ്യപ്പെടുത്താന്‍, ദൈവം ചില പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക് സമയാസമയങ്ങളില്‍ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഇന്നുവരെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് യോജിച്ചുവരുന്നുവെന്ന് മാത്രമാണ് ഖുര്‍ആനിന്റെ അനുയായികള്‍ അവകാശപ്പെടുന്നത്. അത്രമാത്രമേ അവകാശപ്പെടേണ്ടതായിട്ടുള്ളൂ.

ഖുര്‍ആന്‍ ദൈവവുമായി ബന്ധപ്പെട്ടുപറയുന്ന ഒരു കാര്യവും മനുഷ്യയുക്തിയുമായി ഇടയുന്നതല്ല. അദൃശ്യനായ ദൈവവും, ദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നുമുള്ള വസ്തുത ഒരു പരീക്ഷണനിരീക്ഷണങ്ങളിലൂടെയും സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ സാധ്യമല്ല. അത്തരം കാര്യങ്ങളാണ് പ്രവാചകന്‍മാരിലൂടെ ദൈവം മനുഷ്യനെ അറിയിച്ചിട്ടുള്ളത്. മനുഷ്യന് സന്മാര്‍ഗദര്‍ശനത്തിന് ഈ സംവിധാനം ഫലപ്രദമായിരുന്നുവെന്നതാണ് ചരിത്രത്തില്‍നിന്ന് നമുക്ക് ലഭിക്കുന്നത്. ചിലരതിനെ പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട് എന്നത് സത്യം. അത് അങ്ങനെതന്നെയാവും സംഭവിക്കുക എന്നതും ഖുര്‍ആനില്‍ തന്നെ കാണാം എന്നിരിക്കെ അതില്‍ അത്ഭുതത്തിന് ഒരു അവകാശവുമില്ല.

ദൈവത്തിന്റെ അയോഗ്യതപറഞ്ഞുവേദഗ്രന്ഥങ്ങളെ നിഷേധിക്കുന്നത് വലിയ ബുദ്ധിയായി നിഷേധികള്‍ക്ക് തോന്നുമെങ്കിലും നൂഹ് നബിയുടെ ജനതമുതല്‍ അവതരിപ്പിച്ച അതേ അയോഗ്യത തന്നെയാണ് ഈ ആധുനിക കാലത്തും നിഷേധികളുടെ ന്യായം എന്നത് മാത്രമാണ് എനിക്ക് അത്ഭുതമായി തോന്നുന്നത്.

ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍, യുക്തിവാദികള്‍ കാണുന്ന, ദൈവത്തിന്റെ അയോഗ്യതകള്‍ വായിക്കുന്നത് രസകരമായിരിക്കും.  അത് അടുത്ത പോസ്റ്റില്‍ വായിക്കാം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review