യുക്തിവാദമെന്നാല്‍ ഇസ്ലാം വിമര്‍ശനം എന്ന നിലയിലേക്ക് മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. മുമ്പ് കാലത്ത് അവരുടെ തന്നെ വാദമനുസരിച്ച് ഏല്ലാ മതങ്ങളെയും വിമര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് ഇസ്ലാം വിമര്‍ശനമായി മാറിയിരിക്കുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ബ്ലോഗ് ക്രിയേറ്റ് ചെയ്യാനുണ്ടായ കാരണം തന്നെ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ചര്‍ചകളുടെ അതിപ്രസരമായിരുന്നു. ഇസ്ലാമിനെ വിമര്‍ശിക്കുന്നത് യുക്തിവാദികളാണ് ആരംഭിച്ചത് അതിനുള്ള ധൈര്യം അവര്‍ക്ക് മാത്രമാണ് ഉള്ളത് എന്ന നിലക്കുള്ള തള്ള് ഇപ്പോള്‍ പതിവായി അവര്‍ ഉയര്‍ത്താറുണ്ട്. നിരന്തരമായ യുക്തിവാദി വിമര്‍ശനം കൊണ്ട് ഇപ്പോള്‍ മുസ്ലിംകള്‍ക്ക് വിമര്‍ശനം സഹിക്കാനുള്ള സഹിഷ്ണുത വന്നുവെത്രെ. ഇതൊരു മഹത്തായ നേട്ടമായി അവര്‍ പലപ്പോഴും എടുത്ത് പറയുന്നുണ്ട്. സത്യത്തില്‍ ഇസ്ലാമിലെ അവസാന ദൈവദൂതന്‍ ആഗതനായി പ്രബോധനമാരംഭിച്ചതുമുതല്‍ അതിനോടുള്ള ശത്രുതയും എതിര്‍പ്പും വിമര്‍ശനവും ആരംഭിച്ചിട്ടുണ്ട്. ഖുര്‍ആനിലെ വലിയ ഒരളവോളം സൂക്തങ്ങള്‍ അത്തരം പരാമര്‍ശങ്ങളുള്ളതാണ്. അതിനുമപ്പുറം സായുധമായ പോരാട്ടങ്ങളും അതിനെതിരെ ഏറ്റവും ശക്തിയുണ്ടായിരുന്നത് അന്നായിരുന്നു. ലോകചരിത്രത്തില്‍ പിന്നീട് ഇന്നെവരെ അത്തരം ബഹുമുഖമായ ആക്രമണം ഇസ്ലാമിനെതിരെ നടന്നിരുന്നോ എന്നത് സംശയമാണ്. പ്രവാചകനെ അവര്‍ക്ക് അന്ന് വിളിക്കാവുന്ന ഏറ്റവും കടുത്ത പ്രയോഗങ്ങളാല്‍ തന്നെ അവര്‍ അഭിസംബോധന ചെയ്തിരുന്നു. ഭ്രാന്തന്‍, മാരണക്കാരന്‍, കവി, കള്ളപ്രവാചകന്‍, കട്ടെഴുത്തുകാരന്‍ ഇതൊക്കെ ഖുര്‍ആന്‍ സൂചിപ്പിച്ച അവരുടെ ചില പ്രയോഗങ്ങളാണ്. ഈ എതിര്‍പ്പുകളില്‍ വല്ലകാര്യവും ഉണ്ടായിരുന്നെങ്കില്‍ പ്രവാചകാധ്യാപനങ്ങള്‍ ലോകത്ത് ഇന്ന് കാണുന്ന വിധം പ്രചരിക്കകയോ ഒന്നര സഹസ്രാബ്ദമായി നിലനില്‍ക്കുകയോ ചെയ്യുമായിരുന്നില്ല. അന്നും അതിന് ശേഷവും നിലനിന്ന് സകല എതിര്‍പ്പുകളെയും അതിജീവിച്ച് അത് മുന്നോട്ട് പോകുന്നതിന് യുക്തിപരമായ ഒരൊറ്റ ന്യായമേ ഞാന്‍ കാണുന്നുള്ളു. സത്യം എതിര്‍ക്കുന്നവരുടെ പക്ഷത്തല്ല എന്നതുമാത്രം.
ഓരോ കാലത്തും ആക്ഷേപങ്ങള്‍ സമാനസ്വാഭാവമുള്ളതാണെങ്കിലും ഒരേ തരത്തിലായിരുന്നില്ല. അക്കാലത്ത് ആക്ഷേപിക്കാന്‍ ഏറ്റവും ശക്തമായ പ്രയോഗമാണ് പ്രതിയോഗികള്‍ തേടാറുള്ളത്. നബിയുടെ കാലത്ത് ഭ്രാന്ത്, മാരണക്കാരന്‍ എന്നതൊക്കെ ആളുകളെ ഇതില്‍നിന്നകറ്റാന്‍ ആക്ഷേപമായി ഉപയോഗിച്ചുരുന്നുവെങ്കില്‍ പിന്നീടത്, ബാര്‍ബേറിയന്‍മാര്‍ എന്നായി മുസ്ലിംകളെക്കുറിക്കുന്ന പദപ്രയോഗം (ചരിത്രപരമായി അന്വേഷിക്കുമ്പോള്‍ വളരെ രസകരമായ ചില കാരണങ്ങള്‍ അതിന് പിന്നിലുണ്ട്), പീന്നീട് മതമൗലികവാദികള്‍ എന്നും അതിനു ശേഷം തീവ്രവാദികള്‍ എന്നും അതിന് ഗൗരവം പോയപ്പോള്‍ ഭീകരവാദികള്‍ എന്നും ഉപയോഗിച്ചു. അതിന് ശേഷം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഐ.എസ്സിലേക്ക് ചേര്‍ത്തുകൊണ്ടാണ്. ഇസ്ലാമിനെ സംബന്ധിച്ച് വളരെ മിതമായ ഒരു പോസ്റ്റിട്ടാല്‍ തന്നെ കമന്റില്‍ വന്ന് ചോദിക്കുക. താങ്കളെപ്പോഴാണ് ചന്തിക്ക് വെടികൊള്ളാന്‍ (ചന്തിക്കുള്ള തെക്കന്‍ ഭാഷയാണ് ഫെയ്കുകള്‍ സാധാരണ ഉപയോഗിക്കുക അത് ഇവിടെ പറയുന്നില്ല. വടക്ക് ഭാഗത്ത് അതിന് അര്‍ഥം വേറെയാണ്) സിറിയയിലേക്ക് പോകുന്നത് എന്നായിരിക്കും.
മതനിഷേധികള്‍ പ്രചരിപ്പിക്കുന്ന ഒരു സന്ദേശം |
ഇസ്ലാമിനെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും ഏതോ മഹത്തായ മനുഷ്യനന്മക്കുള്ള പ്രവര്‍ത്തനം എന്നാണ് യുക്തിവാദ ലൈന്‍. നിരന്തരമായി അത് കേള്‍ക്കേണ്ടിവന്നപ്പോഴാണ്. മനുഷ്യന്റെ ഇഹപര നന്മ മാത്രം ലക്ഷ്യം വെക്കുന്ന ഇസ്ലാം എന്ന ജീവിത ദര്‍ശനത്തിന്റെ ഒരു വ്യക്തിയിലുണ്ടാക്കുന്ന സദ്ഫലങ്ങളെക്കുറിച്ച് അവരുടെ തന്നെ ഗ്രൂപ്പില്‍ ഒരു കുറിപ്പ് ഇടേണ്ടിവന്നത്. ആ പോസ്റ്റ് അതുകൊണ്ട് തന്നെ ഇവിടെ നല്‍കുകയാണ്. അതിലെ പത്തുപോയിന്റുകള്‍ ഓരോന്നായി വിശദീകരിക്കണമെന്നുണ്ട്.
ഇസ്ലാമിക വിശ്വാസം എനിക്ക് നല്കിയതെന്തൊക്കെ എന്ന് ഇവിടെ പറയാം. ഇത് എന്റെ മാത്രം അവസ്ഥയല്ല. ഇതില് ലൈക്ക് ചെയ്യുന്നവരുടെ കൂടിയാണ്. അതുമല്ല ഇസ്ലാം ഒരു വ്യക്തിക്ക് നല്ക്കുന്ന അനുഗ്രഹങ്ങളില് ചിലത് മാത്രമണ്.
1. ഈ ജീവിതത്തെക്കുറിച്ച വ്യക്തമായ ഒരു കാഴ്ചപ്പാടും ദിശാബോധവും അതെനിക്ക് നല്കി.
2. ഞാനും മറ്റുമനുഷ്യരും തമ്മിലുള്ള ബന്ധമെന്താണെന്നും, ഞാനും ഈ പ്രകൃതിയും അതിലെ കോടാനുകോടി ജീവജാലങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നും ഞാനും തന്റെ സൃഷ്ടാവും തമ്മിലുള്ള ബന്ധമെന്താണെന്നും മനസ്സിലാക്കി.
3. ഞാന്‍ എവിടെ നിന്ന് വന്നുവെന്നും, എന്താണ് എനിക്ക് നിര്വഹിക്കാനുള്ള ദൗത്യമെന്നും, ഞാന്‍ ഇനി എങ്ങോട്ട് പോകുന്നുവെന്നും മനസ്സിലാക്കി.
4. മനുഷ്യന്മാരുണ്ടാക്കിയ സകല ചങ്ങലകളില്‍നിന്നും അടിമത്തത്തില്നിന്നും മോചിതനായി.
5. ജീവിതത്തില് നിറഞ്ഞ സന്തോഷം അനുഭവിക്കാനായി. എന്തുകൊണ്ടെന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്നും അതിനെ സുന്ദരമായി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ദൈവികമായി നല്‍കപ്പെട്ട ഗ്രന്ഥത്തിലുണ്ടെന്നതും അങ്ങനെ മറികടക്കുമ്പോള്‍ ഉണ്ടാവുന്ന സൗഖ്യവും സമാധാനവും. (മുസ്ലിംകളില്‍ പൊതുവെ ആത്മഹത്യ കുറവാണ് എന്നതിന്റെ കാരണവും ഇതുതന്നെ.) പ്രതിസന്ധികളില്‍ പ്രയാസം തോന്നാറുണ്ടെങ്കിലും നിരാശപ്പെടുകയോ തകരുകയോ ചെയ്യാറില്ല.
6. ജീവിതത്തില്‍ നിര്ഭയത്വം ലഭിച്ചു. ദൈവം എനിക്ക് ഇഛിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ലെന്നും. എന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നും. ഞാന്‍ മുഴുസമയവും എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു സ്രഷ്ടാവിന്റെ കണ്‍മുന്നിലാണെന്ന അടിയുറച്ച വിശ്വാസവും നല്‍കുന്ന ഒരു അനുഭൂതിയും നിര്‍ഭയത്വവുമുണ്ട്. അത് അനുഭവിച്ച് തന്നെ അറിയണം. അത് നിങ്ങളെ പറഞ്ഞുമനസ്സിലാക്കി തരാനും അനുഭവിപ്പിക്കാനും ഞാനശക്തനാണ്. ഇസ്ലാമിനെ മനസ്സിലാക്കി ആചരിച്ച ഒരാളും പിന്നീട് അത് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാത്തത് ഈ അനുഭവം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
7. എല്ലാറ്റിലുമുപരി, നന്മതിന്മകള്ക്ക് വ്യക്തമായ ഒരു നിര്വചനം ലഭിച്ചു. അതിലൂടെ സാധ്യമായ നന്മകള് ചെയ്തു ജീവിക്കാനാവുന്നതുമൂലം ജീവിതത്തില് ഒരു മനുഷ്യന് ലഭിക്കാനിടയുള്ള സകല സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കാനാകുന്നു. (അവസാനിക്കുന്നില്ല)
8. എന്റെ ജീവിതത്തിന് മുഴുവനും വഴിക്കാട്ടിയായി മനുഷ്യരുടെ കൈകടത്തലുകളില്‍നിന്ന് മുക്തമായ ഒരു ദൈവിക ഗ്രന്ഥം എനിക്ക് ലഭിച്ചു. അതാണ് വിശുദ്ധഖുര്‍ആന്‍.
9. ജീവിതത്തിന് മാതൃകയായി ഒരു ലോകനേതാവിനെ തന്നെ എനിക്ക് ലഭിച്ചു. ജീവിതത്തിന് മാതൃകയാക്കാവുന്ന ഒരു വ്യക്തി വേണം. ഇല്ലെങ്കില്‍ അങ്ങനെ ഒരാളെ മനുഷ്യന്‍ ഉണ്ടാക്കും. എന്നാല്‍ ഇവിടെ എനിക്ക് അങ്ങനെ ഒരു വ്യക്തിയെ തേടിപ്പിടിക്കേണ്ടി വന്നില്ല. ദൈവദൂതനായ മുഹമ്മദ് നബി (അദ്ദേഹത്തില്‍ ദൈവത്തിന്റെ സമാധനവും ശാന്തിയും വര്‍ഷിക്കുമാറാകട്ടെ) എന്റെ ജീവിതത്തിന് എനിക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ ഒരു നിഴലുപോലുമാകാന്‍ എനിക്ക് സാധിച്ചിട്ടില്ലെങ്കിലും.
10. ഒരു മനുഷ്യന് ജീവതത്തില് ലഭിക്കാവുന്ന ഒരു സുഖാസ്വാദനവും ഇസ്ലാം മൂലം എനിക്ക് തടയപ്പെട്ടതായി കാണാനാവുന്നില്ല. കാരണം എന്റെ നാഥന്‍ എന്നോട് നിരോധിച്ചതല്ലാം മ്ലേഛതകളാണ്. പ്രത്യക്ഷത്തില്‍ അവയില്‍ ചിലത് ആസ്വാദനമായി യുക്തിയില്ലാത്തവര്‍ക്ക് തോന്നുമെങ്കിലും
ഇതില്‍നിന്നൊക്കെ തടയാനായി 40 വര്ഷമല്ല 400 വര്‍ഷം യുക്തിവാദികളെന്ന് പറയുന്നവര്‍ അധ്വാനിച്ചാലും ഒരു കാര്യവുമില്ലന്നറിയുന്നതിനാല് അവരോട് അല്പം സഹതാപം മാത്രം.
----------------
ഇതിന് മറുപടിയെന്ന നിലയില്‍ E A Jabbar എന്ന യുക്തിവാദി ഇങ്ങനെ പറഞ്ഞു.
സ്വതന്ത്രചിന്ത എനിക്ക് നല്കിയതെന്തൊക്കെ എന്ന് ഇവിടെ പറയാം. ഇത് എന്റെ മാത്രം അവസ്ഥയല്ല. ഇതില് ലൈക്ക് ചെയ്യുന്നവരുടെ കൂടിയാണ്. അതുമല്ല യുക്തിവാദം ഒരു വ്യക്തിക്ക് നല്ക്കുന്ന അനുഗ്രഹങ്ങളില് ചിലത് മാത്രമണ്.
1. ഈ ജീവിതത്തെക്കുറിച്ച വ്യക്തമായ ഒരു കാഴ്ചപ്പാടും ദിശാബോധവും അതെനിക്ക് നല്കി.
2.
ഞാനും മറ്റുമനുഷ്യരും തമ്മിലുള്ള ബന്ധമെന്താണെന്നും, ഞാനും ഈ പ്രകൃതിയും
അതിലെ കോടാനുകോടി ജീവജാലങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നും
മനസ്സിലാക്കി.
3. ഞാന്‍ എവിടെ നിന്ന് വന്നുവെന്നും, എന്താണ് എനിക്ക് നിര്വഹിക്കാനുള്ള ദൗത്യമെന്നും, ഞാന്‍ ഇനി എങ്ങോട്ട് പോകുന്നുവെന്നും മനസ്സിലാക്കി.
4. മനുഷ്യന്മാരുണ്ടാക്കിയ സകല കെട്ടുകഥകളിൽനിന്നും അന്ധവിശ്വാസ ചങ്ങലകളില്നിന്നും അടിമത്തത്തില്നിന്നും മോചിതനായി.
5. ജീവിതത്തില് നിറഞ്ഞ സന്തോഷം അനുഭവിക്കാനായി. എന്തുകൊണ്ടെന്നാല്
ജീവിതത്തെ അതിൻ്റെ ശരിയായ അർത്ഥത്തിലും യാഥാർത്ഥ്യബോധത്തോടെയും
നോക്കിക്കാണാനായി. ജീവിതത്തെ അതിഗൗരവത്തിൽ കാണാതെ നിസ്സാരമായി കാണുന്നതിനാൽ
അമിതമായ ഉൽക്കണ്ഠയോ ഭയമോ ഇല്ലാതെ ഏതു പ്രതിസന്ധികളെയും നിസ്സാരമായി
മറികടക്കാനായി.
6. ജീവിതത്തില് നിര്ഭയത്വം
ലഭിച്ചു. ദൈവം എല്ലാം മുൻ കൂട്ടി നിശ്ചയിച്ചു വെച്ചിട്ടുണ്ട്
എന്നതുപോലുള്ള വിഡ്ഢിത്തങ്ങളിൽ വിശ്വാസമില്ലാത്തതിനാൽ എല്ലാ കാര്യങ്ങളും
ശാസ്ത്രീയമായും ശ്രദ്ധയോടെയും നിർവ്വഹിക്കാനും അതുവഴി പല അപകടസാധ്യതകളെയും
ഇല്ലാതാക്കി സുരക്ഷിതമായി ജീവിക്കാനായി. . എന്റെ ജീവിതം ഇവിടം കൊണ്ട്
അവസാനിക്കുമെന്നതിനാൽ ഇവിടെ ലഭിച്ച അസുലഭാവസരം പരമാവധി സന്തോഷമായും
സമാധാനമായും സഹജീവികളോടൊപ്പം അവരുടെ കൂടി സന്തോഷം ഉറപ്പാക്കിക്കൊണ്ട്
ആസ്വദിക്കാനായി.
7. എല്ലാറ്റിലുമുപരി, നന്മതിന്മകള്ക്ക് വ്യക്തമായ ഒരു നിര്വചനം
ലഭിച്ചു. പ്രാകൃത ഗോത്രമനുഷ്യൻ്റെ മാനദണ്ഡങ്ങൾ മാറ്റി ആധുനിക
പരിഷ്കൃതമനുഷ്യൻ്റെ മാനദൺഡങ്ങൾക്കനുസരിച്ചു നന്മതിനമാ സങ്കല്പങ്ങളെ മാറ്റി
പ്രതിഷ്ഠിക്കാനായി എന്നതാണു ഏറ്റവും പ്രധാന നേട്ടം. അതിലൂടെ സാധ്യമായ
നന്മകള് ചെയ്തു ജീവിക്കാനാവുന്നതുമൂലം ജീവിതത്തില് ഒരു മനുഷ്യന് ലഭിക്കാനിടയുള്ള സകല സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കാനാകുന്നു. (അവസാനിക്കുന്നില്ല)
8.
എന്റെ ജീവിതത്തിന് മുഴുവനും വഴിക്കാട്ടിയായി മനുഷ്യരുടെ അറിവും ചിന്തയും
സർഗ്ഗാത്മകസൃഷ്ടികളും സർവ്വോപരി എനിക്കു കിട്ടിയ യുക്തിചിന്താശേഷിയും
ഉപയോഗിക്കാനായി. ആധുനിക മാനവിക മൂല്യങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും
സാധ്യമായി. പ്രാകൃത മതമണ്ടത്തരങ്ങളെ ചവറ്റു കുട്ടയിൽ നിക്ഷേപിച്ചു
ശുദ്ധവായു ശ്വസിക്കാനുമായി.
9. ജീവിതത്തിന്
മാതൃകയായി ഒരു വ്യക്തിയെ കൾട് നേതാവായി മനസ്സിൽ പ്രതിഷ്ടിക്കുന്നതിനു പകരം
വ്യക്തികളെയല്ല നമുക്കു ബോധ്യമായ ശരികളെയാണു നാം മാതൃകയാക്കേണ്ടത് എന്ന
പാഠം പഠിച്ചു.
10. ഒരു മനുഷ്യന് ജീവതത്തില് ലഭിക്കാവുന്ന ഒരു സുഖാസ്വാദനവും യുക്തിചിന്ത മൂലം എനിക്ക് തടയപ്പെട്ടതായി കാണാനാവുന്നില്ല.
ഇതില്നിന്നൊക്കെ തടയാനായി 40 വര്ഷമല്ല 400 വര്ഷം അന്ധവിശ്വാസികൾ അധ്വാനിച്ചാലും ഒരു കാര്യവുമില്ലന്നറിയുന്നതിനാല് അവരോട് അല്പം സഹതാപം മാത്രം.
-------------------
ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം ചെറിയ മാറ്റത്തിരുലുകളുണ്ടെങ്കിലും ഒരു വ്യക്തി ഈ ജീവിതത്തില്‍ അനുഗ്രഹമായി കാണുന്നത് ഇതൊക്കെ തന്നെയാണ്. യുക്തിവാദിയാണെങ്കിലും മറ്റേതൊരു മതവിശ്വാസിയാണെങ്കിലും. ഇങ്ങനെ വിശദമായി അതേക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഓരോ വ്യക്തിയും ഉള്ളിന്റെ ഉള്ളിലെങ്കിലും ഇതൊക്കെ ആഗ്രഹിക്കുന്നു. ചിലതെല്ലാം അവന്‍ അതിലൂടെ നേടുന്നു. അതെ നേട്ടമാണ് അവനെ /അവളെ ആ വിശ്വാസത്തിലുറപ്പിച്ച് നിര്‍ത്തുന്നത്. യുക്തിവാദം എന്നാല്‍ അത് കാര്യങ്ങളെ യുക്തിപരമായി കാണുന്ന ഒരു ജീവിതരീതിയാണ് എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും ഇപ്പോള്‍ അതിലൂടെ നടക്കുന്നത് അന്ധമായി ദൈവമില്ലെന്ന വിശ്വാസത്തില്‍ സ്വേഛയനുസരിച്ച് ജീവിക്കുന്ന ഒരു ജീവിതരീതിയാണ്. സ്വന്തം യുക്തിയനുസരിച്ച് ഒരാള്‍ നിലവിലുള്ള ഒരു ജീവിതദര്‍ശനത്തെ തെരഞ്ഞെടുത്താല്‍ അത് യുക്തിയായി അംഗീകരിക്കപ്പെടില്ല എന്നതുതന്നെയാണ്. ഇപ്പോഴത്തെ യുക്തിവാദം ഒരു വിശ്വാസമാണ് എന്ന് പറയാനുള്ള കാരണം.
ഒരാളുടെ യുക്തിപ്രവര്‍ത്തിക്കുന്നത് അയാള്‍ക്ക് ലഭ്യമായ അറിവിന്റെകൂടി പിന്‍ബലത്തിലാണ്. അതുകൊണ്ട് തന്നെ രണ്ട് യുക്തിവാദികളുടെ വിചാരങ്ങളും പ്രവര്‍ത്തനങ്ങളും ഭിന്നമായിരിക്കും. മതത്തെക്കാള്‍ യുക്തിവാദികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകാനുള്ള കാരണവും അതുതന്നെ. എന്നാല്‍ ദൈവമില്ലന്ന വിശ്വാസമാണ് അവരെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത്. എന്നാല്‍ ഈ ഗംഭീരമായ പ്രപഞ്ചസംവിധാനം തനിയെ രൂപംകൊണ്ടതാണെന്നത് യുക്തിവിരുദ്ധമായി ഒരു വിശ്വാസിക്ക് അനുഭവപ്പെടുന്നു. പിന്നീട് അതെങ്ങനെ ഉണ്ടായി എന്നതിന് ദൈവം എന്ന് മതവിശ്വാസി ഉത്തരം കൊടുക്കുമ്പോള്‍ തന്നെ പോലും വിശ്വാസിപ്പിക്കാനാവാത്ത പരിണാമസിദ്ധാന്തത്തിലും മറ്റും വിശ്വസിച്ച് യുക്തിവാദി സായൂജ്യമടയുന്നു.
ജീവിതത്തില്‍ നേടേണ്ട അനുഗ്രഹങ്ങളെക്കുറിച്ച് ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവനും ഇല്ലെന്ന് വിശ്വസിക്കുന്നവനും ഒരേ കാഴ്ചപ്പാട് ആണ് എന്ന് തെളിഞ്ഞതിനാല്‍ യുക്തിവാദം എങ്ങനെയാണ് അതിലെ ഓരോ പോയിന്റിനും സഹായകമാകുന്നത് എന്നും ഇസ്ലാമിക വിശ്വാസം എങ്ങനയാണവ നേടിത്തരുന്നത് എന്ന ചര്‍ചക്കും വളരെ പ്രസക്തിയുണ്ട്. ആരോഗ്യകരമായ ഈ ചര്‍ചയാകട്ടെ ഇനി യുക്തിവാദിക്കും ഇസ്ലാമിനും ഇടയില്‍ നടക്കേണ്ടത്.
ഇതിലെ ഓരോ പോയിന്റും അടുത്ത പോസ്റ്റുകളില്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നു. അതിന് ദൈവം ഉതവി നല്‍കുമാറകട്ടെ..
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ